Wednesday, August 24, 2022

അപ്ഫന്‍റെ മകള്‍ .................. മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്

അപ്ഫന്‍റെ മകള്‍ (നോവല്‍ )
മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് 
കേരള സാഹിത്യ അക്കാദമി




        മലയാള നോവല്‍ സാഹിത്യത്തിലെ ആദ്യകാല നോവലുകളില്‍ ഒന്നാണ് അപ്ഫന്‍റെ മകള്‍ . 1931 ലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത് . പഴയകാല മലയാള നോവല്‍ സാഹിത്യത്തില്‍ വളരെ പ്രശസ്തവും ഇന്ദുലേഖയ്ക്കു ശേഷം കൂടുതല്‍ വായിക്കപ്പെട്ടിട്ടുള്ളതുമായ ഒരു നോവല്‍ ആണ് അപ്ഫന്‍റെ മകള്‍ എന്നു കരുതുന്നു . ഇ എം എസ് നമ്പൂതിരിപ്പാട് അവതാരിക എഴുതിയ ഈ നോവല്‍, ആ കാലഘട്ടത്തിലെ നമ്പൂതിരി സമുദായത്തിന്റെ കഥ പറയുന്നതിനൊപ്പം അവര്‍ക്കിടയില്‍ മെല്ലെ ഉയര്‍ന്നു വന്നുതുടങ്ങിയ പുരോഗമന പ്രസ്ഥാനത്തിൻ്റെയും കഥ പറയുന്നു . വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബി യും ഒക്കെ ഉഴുതുമറിച്ച ഭൂമികയിലെ വായന തുടങ്ങുന്നത് ഇവിടെ നിന്നൊക്കെ ആകണം . മിശ്രവിവാഹം എന്ന കാഴ്ചപ്പാടിനെ സമീപിക്കും മുമ്പേ ആദ്യം വേണ്ടത് സ്വജാതിയിലെ വിവാഹപ്രാേത്സാഹനമാണെന്ന കാഴ്ചപ്പാടാണ് ഈ നോവല്‍ മുന്നോട്ട് വയ്ക്കുന്നത് .ഇ എം എസ് അവതാരികയില്‍ ഇത് എടുത്തു പറയുന്നുമുണ്ട്. ആദ്യം സ്വജാതിയിലെ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടട്ടെ അതിനു ശേഷം കാലങ്ങള്‍ക്കപ്പുറത്ത് ആരെങ്കില്‍ മിശ്രവിവാഹം ചെയ്തു തുടങ്ങുകയും നമ്പൂതിരി സമുദായം മറ്റ് സമുദായങ്ങളില്‍ നിന്നും വിവാഹം കഴിച്ചു തുടങ്ങുകയും ചെയ്യുമ്പോൾ അതിനെ സാമൂഹ്യ പരിഷ്കരണം എന്നന്നു വാഴ്ത്തപ്പെടട്ടെ എന്ന് ഇ എം എസ് എഴുതുന്നു . പൂങ്കുല , ആത്മാഹുതി , മറുപുറം എന്നീ നോവലുകള്‍ എഴുതിയ മുത്തിരിങ്ങോട്ടിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ നോവല്‍ ആണ് അപ്ഫന്‍റെ മകള്‍ . 


      വളരെ ചെറിയ ഒരു നോവല്‍ ആണിത് . ഇതില്‍ പ്രതിപാദിക്കുന്ന കഥ, മധു എന്ന ഓത്തു ചൊല്ലാത്ത നമ്പൂതിരി, അയാൾ കാര്യക്കാരനായി ഇരിക്കേണ്ട ഇല്ലത്ത് നിന്നും അതായത് കുട്ടിക്കാലം മുതലേ അവിടെ ജീവിച്ച ഒരാളായിട്ടും പുറത്തു പോയി പഠിച്ചു ഡോക്ടര്‍ ആയ കഥയാണ് . “ഒരുണ്ണി നമ്പൂതിരി, മാറില്‍ കിടക്കുന്ന ബ്രഹ്മ സൂത്രത്തെ പുല്ലോളം വകവെയ്കാത്തെ ഇംഗ്ലീഷ് പഠിക്കുക. എന്നിട്ടയാള്‍ മദിരാശിയില്‍ പോയി ഒരു നായരുടെ കൂടെ താമസിക്കുക . ബുദ്ധി അശുദ്ധമായി . ശരീരവും അശുദ്ധമായി . ഇപ്പോഴിതാ വല്ല പറയന്‍റെയോ പാണന്‍റെയോ ശവം കീറിയും മുറിച്ചും ഒരിയ്ക്കലും പുണ്യാഹശ്ശുദ്ധം പോവാതെ ജീവിക്കുന്നു . കലികാലമായാലും ശ്രുതിസ്മൃതിഹാസാദി ദിവ്യഗ്രന്ഥങ്ങളെ ഇങ്ങനെ അപമാനിക്കാമോ?” എന്നു ചിന്തിച്ചിരുന്ന സമുദായത്തിലേക്ക് അയാള്‍ സധൈര്യം ഡോക്ടറായി തിരികെ വരികയും ആ നാട്ടിലും അടുത്ത ദേശത്തും പ്രശസ്തനായ ഒരു ഡോക്ടര്‍ ആകുകയും ചെയ്യുമ്പോള്‍ ഇതേ ശ്രുതിസ്മൃതിഹാസാദിദിവ്യഗ്രന്ഥങ്ങളില്‍ നിന്നും ഒഴിവുകഴിവുകള്‍ കണ്ടെത്തി അയാളെ സ്വീകരിക്കുന്ന സമുദായം . നമ്പൂതിരിമാര്‍ പ്രായമായാലും ഒന്നും രണ്ടും മൂന്നും വിവാഹം കഴിച്ച് , വാർദ്ധക്യം മൂലം മരണപ്പെട്ട്പോകുകയും കുട്ടിക്കാലത്ത് തന്നെ വൈധവ്യം സംഭവിക്കുന്ന സ്ത്രീകള്‍ ഇല്ലങ്ങളില്‍ കുടിയിരിക്കുകയും ചെയ്യുന്നതില്‍ നിന്നും നമ്പൂതിരിയുവാക്കൾ എല്ലാവരും നമ്പൂതിരിസ്ത്രീകളെത്തന്നെ വിവാഹം കഴിക്കുകയും അത് വഴി മൂത്ത നമ്പൂതിരി ഒഴികെയുള്ളവര്‍ നായര്‍ ബാന്ധവം ചെയ്യുന്ന രീതികള്‍ ഇല്ലാതാക്കുകയും വേണം എന്ന ആശയമാണ് മധു മുന്നോട്ട് വയ്ക്കുന്നത് . അയാള്‍ താന്‍ വളര്‍ന്ന വീട്ടിലെ നമ്പൂതിരി പെൺകുട്ടിയായ, തന്റെ കളിക്കൂട്ടുകാരിയായ ഇട്ടിച്ചിരിയെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ മധുവിനെ സ്നേഹിക്കുന്ന അഫ്ഫന്‍ നമ്പൂതിരിയുടെ നായര്‍ സ്ത്രീയിൽ ജനിച്ച മകളായ സുലോചനയുടെ സ്നേഹം അയാള്‍ കണ്ടില്ലെന്നു നടിക്കുന്നു . ഈ പ്രണയകഥയുടെ പരിസമാപ്തിയെന്താകും ? ഇതാണ് അപ്ഫന്‍റെ മകളുടെ പ്രമേയത്തിലെ ശ്രദ്ധേയമായ രണ്ടാം ഘടകം . മൂന്നാം ഘടകമായി പറയാനുള്ളത് ആ കാലഘട്ടത്തില്‍ നമ്പൂതിരി സമുദായത്തില്‍ നിലനിന്ന ആചാരങ്ങളും രീതികളും ചെറുപ്പക്കാരുടെയും മറ്റും ജീവിത രീതികളും അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടിയാണിതെന്നതാണ്. 


      വളരെ മനോഹരമായ രീതിയില്‍ എഴുതിയ , രസാവഹമായി വായിച്ചു പോകാന്‍ കഴിയുന്ന ഒരു നോവല്‍ ആണിത് . ഉപമകളും വര്‍ണ്ണനകളും അതിമനോഹരമായി കൂട്ടിക്കുഴച്ച പഴയ മലയാള ഭാഷയുടെ സൗന്ദര്യവും രീതികളും നിറഞ്ഞ ഈ നോവലിന്റെ വായന, ഇന്നത്തെ നോവല്‍ രചനകളുടെ സാങ്കേതിക രീതികളുമായി ഒത്തുപോകുന്ന ഒന്നായി അനുഭവപ്പെടില്ല എങ്കിലും അതിന്റെ അവതരണ രീതിയും മറ്റും ഇന്ദുലേഖ പോലുള്ള അക്കാലത്തെ നോവലുകളുടെ ആഖ്യായന ശൈലിയുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒന്നാണ് . നല്ലൊരു വായനക്കൊപ്പം , എഴുത്തിന്റെ ശൈലീമാറ്റങ്ങളും ഘടനാപരമായ വ്യതിയാനങ്ങളും രണ്ടു കാലഘട്ടത്തില്‍ നിന്നുകൊണ്ടു വായിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു നോവല്‍ വായന നല്കിയ സന്തോഷം പങ്കു വയ്ക്കുന്നു . സസ്നേഹം ബിജു ജി നാഥ്

No comments:

Post a Comment