പൌര്‍ണ്ണമിയും നീയും
അമാവാസിയുടെ അന്ത്യം കുറിക്കും വിധം
ചന്ദ്രിക മാനത്ത് വരുംപോലെ നീയും .
മെല്ലെ തെളിഞ്ഞു നൂലുപോല്‍ വളഞ്ഞ്
പിന്നെ പെരുകി പൂര്‍ണ്ണമായ് തീരുന്നു .
നിന്റെ പുഞ്ചിരിക്ക് കാത്തിരിക്കുന്ന ഭൂമി
പുഷ്പിണിയായന്ന് ഉല്ലാസവതിയാകും
പറയാതെ , അടയാളം പോലുമേകാതെ
മറയും നീ പൊടുന്നനെയെങ്കിലും വീണ്ടും.
കാത്തിരിപ്പിന്റെ കറുത്ത മുഖത്തോടെ
മാനം നോക്കി മരവിച്ചു കിടക്കും ധര
ഓരോ വേദനയുടെയും അവസാനത്തില്‍
സന്തോഷം കാത്തിരിക്കുമെന്നറിവുമായ് !
ഒറ്റക്കിരിക്കുമ്പോള്‍ കൂടെ വന്നു പലപ്പോഴും
നെഞ്ചില്‍ പെയ്തലച്ചു വീണു രാവുകളില്‍
വിങ്ങും മനസ്സിന്‍ വിതുമ്പലുകള്‍ക്ക് മേലെ
കംബളം പോലെ പൊതിഞ്ഞു പിടിക്കുന്നു.
എത്ര കനല്‍ വീണു ചുവന്നാലും ഹൃത്തിനെ
തൊട്ട് തഴുകി കടന്നു പോം മാരുതനില്‍
പൊതിഞ്ഞു നീ കൊടുത്തുവിടും തണുവില്‍
സങ്കടമെല്ലാം ഉരുകിവീണിടുന്നു പൊടുന്നനെ .
നമ്മള്‍ ആരുമല്ലെന്ന് പരസ്പരം പറഞ്ഞും
ഇഷ്ടത്തിന്റെ രൂപമാറ്റങ്ങള്‍ നിഷേധിച്ചും
സാറ്റ് കളിക്കുന്നുവെങ്കിലും പിന്നേയും നാം
അരൂപികളുടെ ആകാശത്തു കണ്ടുമുട്ടുന്നു.
@ബിജു ജി നാഥ്
No comments:
Post a Comment