ആരോഹണം (നോവല്‍ )
വി കെ എന്‍
ഡി സി ബുക്സ്
വില : 250 രൂപ
“മതേതരത്വം ഇറക്കുമതി ചെയ്യാന്‍ വിദേശനാണയം ഇല്ലാത്ത ഈ രാജ്യത്തിന്റെ വേരുകള്‍ ഭൂതത്തില്‍ ത്തന്നെയാണ് . പശുവിലും പശുപതിയിലുമാണ്” (പയ്യന്‍ , ആരോഹണം )
ഓരോ വ്യവസ്ഥിതിയും കാലാകാലങ്ങളില്‍ വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും . അങ്ങനെയെങ്കില്‍ മാത്രമേ അതിനു മാറ്റവും സാമൂഹ്യ പരിവര്‍ത്തനവും അര്‍ത്ഥവത്താവുകയുള്ളൂ. മതമായാലും സമൂഹചര്യകള്‍ ആയാലും വിശ്വാസങ്ങളോ രാഷ്ട്രീയബോധമോ എന്തു തന്നെയായാലും അതിനു കാലങ്ങളുടെ അപചയത്തെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ , പരിഷ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിലനില്‍ക്കുകയില്ല. എഴുത്തുകാരുടെ ധർമ്മം വായനക്കാരെ ഉണ്ടാക്കുക , പ്രശസ്തി ഉണ്ടാക്കുക , പുരസ്കാരങ്ങള്‍ കരസ്ഥമാക്കുക എന്നിങ്ങനെയുള്ള കേവലമായ ചില ധര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തി വികലമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് / സാഹിത്യ ലോകമാണ് നിലവിലുള്ളത് . കാതലായ എഴുത്തുകള്‍ പരിമിതമായിക്കൊണ്ടിരിക്കുകയോ , വായിക്കപ്പെടാതെപോകുകയോ ചെയ്യുന്ന ഒരു കാലം . മാധ്യമങ്ങളോ , സംഘടനകളോ , മതമോ ഒക്കെ കൈകടത്തുന്ന ഒരിടമായി ഇന്നും സാംസ്കാരിക രംഗം നിലനില്‍ക്കുന്നു . ഒരു പക്ഷേ പണ്ടെങ്ങുമില്ലാത്ത വണ്ണം അത് മലീമസമായിരിക്കുന്നു . വ്യവസ്ഥിതികളോട് കലഹിക്കാത്ത എഴുത്തുകാരന്റെ ലോകം ആണിന്നുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു . കവിതകളില്‍ ഇപ്പൊഴും തീപ്പൊരി ചിതറിക്കുന്ന നക്ഷത്രങ്ങളെ കണ്ടെത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ കഥകളിലോ നോവലുകളിലോ ഇത്തരം നിശിതമായ അധികാര , മത കേന്ദ്രങ്ങളുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ സംഭവിക്കുന്നില്ല . അങ്ങനെ വാഴ്ത്തപ്പെടുന്നവ പലതും കാപട്യം എന്നു ചരിത്രം പിന്നീട് തെളിയിക്കുന്നുമുണ്ട് .
വി കെ എന്‍ കഥാപാത്രമായ പയ്യന്‍ മലയാള സാഹിത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഓര്‍മ്മയാണ് . പിന്നീടാര്‍ക്കും സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഒരു കഥാപാത്രമായി പയ്യന്‍ മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാൻ കാരണം വി കെ എന്‍ എന്ന എഴുത്തുകാരന്റെ കഴിവ് ഒന്നുമാത്രമാണ് . കുട്ടിക്കാലം മുതല്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന, ചിരിയുടെ മുഖമാണ് മുഖമില്ലാത്ത പയ്യന്‍ . 1969 ല്‍ വി കെ എന്‍ എഴുതിയ നോവല്‍ ആണ് ആരോഹണം . കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ നോവല്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ രാഷ്ട്രീയമാണ് . ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഇറങ്ങിയിട്ടുള്ള ഒരുപാട് പ്രശസ്ത നോവലുകള്‍ മലയാളത്തിന് സ്വന്തമായുണ്ട് . എന്നാല്‍ വി കെ എന്‍ , തൃശ്ശൂര്‍ നിന്നും ട്രയിന്‍ കയറി ദില്ലിയിലെത്തിയ പയ്യനെ അവതരിപ്പിക്കുമ്പോള്‍ ദില്ലി ഒരു വിസ്മയമാകുന്നുണ്ട് . സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഉണങ്ങാത്ത മുറിവുകളും ചതവുകളും രാഷ്ട്രീയവും വിശദമായി പ്രതിപാദിക്കുന്ന ഒരു വിദൂരകാഴ്ചയില്‍ നിന്നുകൊണ്ടാണ് ആരോഹണം എന്ന നോവലിന്റെ സഞ്ചാരം വായിച്ചു പോകാന്‍ കഴിയുക . കാലങ്ങള്‍ക്കിപ്പുറം പശു രാഷ്ട്രീയം കിതച്ചും കുതിച്ചും പായുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പിറവിയുടെ കാലത്തെ ആണ് വി കെ എന്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നത് . ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയവും ഇടകലര്‍ന്നു കിടന്ന അഹിംസാപാര്‍ട്ടിയുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുതിരക്കച്ചവടങ്ങളും കുതികാല്‍ വെട്ടും ഒരു വശത്ത് മുന്നേറുമ്പോള്‍ , അവയ്ക്കിടയിലേക്ക് പശു രാഷ്ട്രീയം കടന്നു വരുന്നതും ഇന്ദ്രപ്രസ്ഥത്തെ പിടിച്ച് കുലുക്കുകയും ചെയ്യുന്നതാണ് ഈ നോവലിന്റെ പശ്ചാത്തലം. രാഷ്ട്രീയത്തില്‍ മാധ്യമങ്ങളുടെ ഇടപെടലുകളും അവരുടെ പിടിപാടുകളും തെളിമയോടെ ഈ നോവലില്‍ പ്രതിപാദിക്കുന്നുണ്ട് .
പ്രശസ്തരായ പല ജേർണലിസ്റ്റുകളും ഇന്ത്യന്‍ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രംഗങ്ങള്‍ നമുക്ക് ചരിത്രം കാണിച്ചു തന്നിട്ടുന്നുണ്ടു . ഇവിടെ പയ്യനെന്ന ജേർണലിസ്റ്റ് , അയാളുടെ സ്നേഹിതനായ മറ്റൊരു പത്രത്തിലെ ജേർണലിസ്റ്റ് രാമൻ എന്നിവരുടെ രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ , കിംഗ് മേക്കര്‍ പ്രവര്‍ത്തികള്‍ എന്നിവയും അധികാര രാഷ്ട്രീയവും സാമൂഹ്യ സേവനവും അവയിലെ ഉള്ളുകള്ളികളും വെളിപ്പെടുത്തുന്ന അവസരങ്ങളും ഒക്കെ വളരെ വ്യക്തതയോടെ പറഞ്ഞു പോകുന്നു . കോളനികള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെ ഇതിലും നന്നായി എങ്ങനെ പറഞ്ഞു പോകും എന്നാലോചിച്ചു പോയി പയ്യന്റെ ഈ അഭിപ്രായം കേള്‍ക്കുമ്പോള്‍ .
“ഗ്രാമപ്രദേശങ്ങളില്‍ നിന്നും വന്ന കൂലിവേലക്കാരുടെ സൃഷ്ടിയാണ് ചെറ്റപ്പുരകള്‍. ഭൂരഹിതരും , അദ്ധ്വാനിക്കുന്നവരുമായ ഇവര്‍ മുഖ്യമായും കെട്ടിടം പണിക്കാണ് നഗരത്തില്‍ എത്തുന്നത് . സ്വാതന്ത്ര്യത്തിന് ശേഷം നഗരത്തിലെ കെട്ടിട നിര്‍മ്മാണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നോര്‍ക്കുക. പണി കഴിഞ്ഞാലും ഇവര്‍ തിരിച്ചു പോകുന്നില്ല . തിരിച്ചു പോകാന്‍ ഇവര്‍ക്ക് ഒരിടമില്ല. അതുകൊണ്ടു അവര്‍ ചെറ്റപ്പുരകള്‍ വച്ച് പണിയും പാര്‍ത്ത് അവര്‍ പെരുകി വാഴുകയാണ് . നഗരത്തിന്റെ ജീവിതത്തില്‍ ഇവരെ ഇണക്കിയെടുക്കുക എന്നതാണു പോംവഴി . അതോടൊപ്പം കൂടുതല്‍ ഗ്രാമീണര്‍ ഇനിയും നഗരത്തിലേക്ക് വരുന്നത് തടയുകയും വേണം. ഇത് രണ്ടും ചെയ്തില്ലെങ്കില്‍ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഗ്രാമപ്രദേശത്തു നിന്നും തൊഴില്‍ തേടി വരുന്ന ജനത ഇവിടെ പ്രളയമായി വര്‍ദ്ധിച്ച് ഈ നഗരത്തെയാകെ ചെറ്റപ്പുരകളുടെ ഒരു ഒരു വലിയ കടലാക്കും . പിന്നെ പിടിച്ചാല്‍ കിട്ടില്ല. “
ഇതേ വിഷയത്തെ നഗരങ്ങളുടെ ചേരികള്‍ ഉണ്ടാകുന്ന ഈ സ്ഥിതി വിശേഷത്തെ അതിന്റെ ഭവിഷ്യത്തുകളെ മുംബൈ അടക്കമുള്ള മഹാനഗരികള്‍ കണ്ടു കഴിഞ്ഞതാണ് . ഈ വിഷയം ഒരു ചെറിയ മാറ്റതോടെ കേരളത്തില്‍ നോക്കിയാല്‍ മനസ്സിലാകുന്ന ഒന്നാണ് . ഇതര സംസ്ഥാന തൊഴിലാളികളുടെ കോളനിവത്കരണം വര്‍ദ്ധിച്ചു വരുന്ന കേരളത്തിന് , കേരളത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കി മുൻകരുതലുകൾ എടുക്കാവുന്ന ഒരു കാര്യം കൂടിയാണിത് . പയ്യന്‍ ഇവിടെ പ്രതിപാദിക്കുന്നത് ഡല്‍ഹിയില്‍ വളര്‍ന്ന് കിടക്കുന്ന അസംഖ്യം ചേരികളും അവയെ പോറ്റുകയും അവയുടെ മറവില്‍ സാമൂഹ്യസേവനം എന്ന ലേബലില്‍ സ്വകാര്യ നേട്ടങ്ങള്‍ കൊയ്യുന്ന സുനന്ദ , അനസൂയ എന്നീ രണ്ടു സ്ത്രീകളുടെ പ്രവര്‍ത്തങ്ങളെ വിലയിരുത്തുന്നതിലാണ് .
രതിയും പ്രണയവും രാഷ്ട്രീയവും മാധ്യമങ്ങളും ഇടകലര്‍ന്ന ഒരു വലിയ ഉപജാപക വൃന്ദത്തിന്റെ ഭൂതകാലപരിതസ്ഥിതിയിലെ ദിനചര്യകളുടെ ആകെത്തുകയാണ് ആരോഹണം എന്ന നോവല്‍ ഇന്നില്‍ വായിക്കുമ്പോള്‍ എന്നിരിക്കിലും അതില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ അതിലും വികസിത രൂപം പൂണ്ടു മലീമസതയുടെ ഉന്നതങ്ങളില്‍ ആണ് ഇന്നെന്ന ബോധം വായനക്കാര്‍ക്ക് ഉണ്ടാകുക തന്നെ ചെയ്യും . നല്ലൊരു വായന നല്കിയ നോവല്‍ എന്നൊരു സന്തോഷത്തോടെ സസ്നേഹം ബിജു ജി നാഥ്