Sunday, April 24, 2022

ഖബർ ........... കെ.ആർ.മീര

ഖബർ(നോവൽ)
കെ.ആർ.മീര
ഡി.സി.ബുക്സ്.
വില: ₹ 120.00


     സാഹിത്യരചനകളുടെ ഒട്ടുമിക്ക കഥകളിലും കേൾക്കാറുള്ള ഒന്നാണ് ദിവസങ്ങൾ, മാസങ്ങൾ , വർഷങ്ങൾ എടുത്ത രചനാ വേദനകളും അവയുടെ പിന്നാമ്പുറക്കഥകളും. ചില രചനകൾ പോലും നോവൽ രചനയുടെ കാലത്തെക്കുറിച്ചാകാറുണ്ട്. നോവലെഴുത്തിനെക്കുറിച്ചുള്ള നോവലുകൾ! കെ.ആർ.മീരയുടെ ആരാച്ചാർ എന്ന നോവലിൻ്റെ വായനക്ക് ശേഷം മീരയെ വായിക്കുന്നത് മീരാസാധു എന്ന നോവലാണ്. ശേഷം വളരെ നാളത്തെ ഇടവേളക്ക് ശേഷം ലഭിച്ച വായനയാണ് ഏറെ വായിക്കപ്പെട്ട ഖബർ എന്ന നോവൽ.

     ഭാവന എന്ന ജില്ലാ ജഡ്ജിൻ്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളെയാണ് ഈ നോവൽ പരിചയപ്പെടുത്തുന്നത്. പ്രണയവിവാഹിതയാണെങ്കിലും ദാമ്പത്യത്തിലെ അരസികതകളും ക്രമക്കേടുകളും മൂലം വിവാഹമോചനം നേരിടേണ്ടി വന്ന യുവതി. ജനനവൈകല്യം മൂലം ഭർത്താവിനാൽ  ഉപേക്ഷിക്കപ്പെട്ട ഒരു മകൻ മാത്രം കൂട്ടായിട്ടുള്ള ഒരുവൾ. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ തൻ്റെ കുടുംബ ചരിത്രത്തിൻ്റെ വേരുകളുള്ള ഒരു കേസിൽ വിധി പറയേണ്ടി വരുന്ന അവസരത്തിൽ അവൾക്ക് തന്നെത്തന്നെ നഷ്ടപ്പെടുകയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നതെന്നു കരുതുന്ന മതമാറ്റത്തിൻ്റെ കഥ കൂടിയാണ് ഇത്.  യോഗീശ്വരനെന്ന പൂർവ്വികൻ മതം മാറി മുസ്ലീം ആയതും തുടർന്നയാളെ തറവാട്ടിലുള്ളവർ കൊന്നു കുഴിച്ചുമൂടിയതും അയാളുടെ രണ്ടു മക്കൾ രണ്ടു മതങ്ങളിൽ വളർന്നതുമായ ഒരു പശ്ചാത്തലം ഭാവനയ്ക്കും കേസിലെ പരാതിക്കാരനും ഇടയിൽ ഉണ്ട്. ആദ്യനോട്ടത്തിലെ അനുരാഗം എന്നു പറയുന്നതു പോലെ അവൾ അയാളിൽ അനുരക്തനാവുന്നതും ആണ് തുടക്കം. കഥകളുടെ വേരുകൾ കുഴിച്ചു പോകുമ്പോഴേക്കും അവർക്കിടയിൽ പ്രണയം തീവ്രമാകുകയും അത് ശാരീരികമായ അടുപ്പത്തിലേക്ക് കടക്കുന്നു. ഭാവനയുടെ ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോൾ അമ്മ നല്കിയ ഉപദേശം ആണ് അവളുടെ കർത്തവ്യ ജീവിതത്തിലെ വഴികാട്ടി. നീതി തേടി വരുമ്പോൾ അവരിൽ അലസവസ്ത്രം ധരിച്ചവർ നീതി കിട്ടേണ്ടവരും  മാന്യവേഷധാരികൾ കുറ്റവാളികളുമാണ് എന്നതാണാ നീതി ശാസ്ത്രം. കഥയുടെ അവസാനത്തിൽ ഭാവന തിരിച്ചറിയപ്പെടുന്ന, തെറ്റിദ്ധരിക്കപ്പെട്ട യോഗീശ്വരനമ്മാവൻ കഥകളിൽ നിന്നും പുറമേക്ക് വരുമ്പോഴേക്കും അവളുടെ പ്രണയം മരണപ്പെട്ടു കഴിഞ്ഞിരുന്നു അതേ പോലെ അവൾ ഇരട്ടക്കുട്ടികളെ ഗർഭത്തിൽ ആവാഹിച്ചും . 

   ആദ്യ പ്രണയത്തിൻ്റെ ആദ്യ ചുംബനത്തിനപ്പുറം അവൾ അടിമയാക്കപ്പെടുകയും രണ്ടാമത്തെ പ്രണയത്തിൻ്റെ ആദ്യ ചുംബനത്തോടെ അവൾക്ക് ബഹുമാന്യത ലഭിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. അതിനാൽത്തന്നെ അവളാ പ്രണയത്തിൽ നഷ്ടബോധത്തിലും സന്തുഷ്ടയാകുന്നു. സ്ത്രീയുടെ അസ്ഥിത്വത്തിൻ്റെ ആഴത്തിലടങ്ങിയ ആത്മബോധവും സ്വതന്ത്രതാ ബോധവും ഭാവനയുടെ അമ്മയിലൂടെ വളരെ ശക്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ കഥയിൽ . തന്നെ സ്നേഹിക്കുന്ന നായയുമായി ഇറങ്ങിപ്പോയ ആ അമ്മയിലാണ് കഥയുടെ കരുത്ത് കാണാൻ കഴിയുന്നത്. 

നല്ല വായന തന്ന ഒരു സാധാരണ നോവൽ. പ്രതീകവത്കരണത്തിൻ്റെ സൗന്ദര്യത്തിലൂടെ അവതരിപ്പിച്ചതിൽക്കൂടി നോവൽ വായനയുടെ സൗരഭ്യം നല്കി. ആശംസകളോടെ ബിജു ജി. നാഥ്

Thursday, April 21, 2022

അവര്‍ കാട് കാണുമ്പോള്‍

അവർ കാടു കാണുമ്പോൾ
............................
അവര്‍ കാടുകയറുകയായിരുന്നു.
കൈകളില്‍ ഒന്നുമില്ലാതെ,
പ്രതീക്ഷകള്‍ ഒന്നുമില്ലാതെ,
ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ....
അവര്‍ കാടുകയറുകയായിരുന്നു .

അവള്‍ പറഞ്ഞത് മാത്രമായിരുന്നു കാരണം.
കാടിന്റെ നഗ്നത കാണണം.
കാട്ടാറിന്റെ തീരം കാണണം.
കാട്ടുതേനിന്റെ ഗന്ധം നുകരണം.
അതെ, അവളായിരുന്നു മാര്‍ഗ്ഗം.

കാടു കയറിത്തുടങ്ങുമ്പോള്‍ ആവേശമായിരുന്നു.
പുല്‍ച്ചെടികളെ വകഞ്ഞു മാറ്റി,
കൂര്‍ത്ത കല്ലുകള്‍ ചവിട്ടിമെതിച്ചു
കാടു കയറുകയായിരുന്നു .

നിറയെ പച്ചപ്പ്‌...
പേരറിയാ ഫലവൃക്ഷങ്ങള്‍,
കണ്ടിട്ടില്ലാത്ത പൂക്കള്‍,
കേട്ടിട്ടില്ലാത്ത കിളിക്കൊഞ്ചലുകള്‍.
കാട് ആവേശമായി.

ചൂടാറാത്ത ആനപ്പിണ്ടങ്ങള്‍,
പതിഞ്ഞു കിടക്കും കാലടയാളങ്ങള്‍,
പേരറിയാ മൃഗഗന്ധങ്ങള്‍...
കാട് ഭയമായിത്തുടങ്ങി.

വിശപ്പിന്റെ വിളി കേള്‍ക്കുമ്പോള്‍,
കാട്ടാറിന്റെ തീരത്ത്‌
കരിമ്പാറക്കെട്ടില്‍ കയറിയിരിക്കുകയായിരുന്നല്ലോ.
കണ്ണാടി തോല്‍ക്കുന്ന വെള്ളം
കൈക്കുമ്പിള്‍ നിറയെ എടുത്ത് മുഖത്തൊഴിച്ചും,
പരല്‍മീനുകളെ വിരല്‍കൊത്താന്‍ വിട്ടും
കാട്ടാറിനെ കണ്ടു.
പൊന്തക്കാടില്‍ നിന്നോടി വന്ന
മുള്ളന്‍ പന്നിയെയും
കാട്ടുമുയലിനെയും
കണ്ണു തെറ്റാതെ കണ്ടു സന്തോഷിച്ചും,
ഓടിയകന്ന പേരറിയാ പാമ്പിനെ
പേടിയോടെ നോക്കിയും
കാടു കയറുകതന്നെ വീണ്ടും.

അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങള്‍
കണ്ണുകളില്‍ ശോണ രാശി പടർത്തുമ്പോള്‍,
കാവല്‍ മാടം തേടുകയായിരുന്നു കണ്ണുകള്‍.
തളര്‍ന്നു തുടങ്ങിയിട്ടില്ലാത്ത നമുക്കായ്
ആരോ കെട്ടിയുണ്ടാക്കിയ കാവല്‍ മാടം!
കാട്ടില്‍ ഇരുളെന്നാല്‍
കാത് തുളക്കുന്ന സംഗീതമാണെന്നവള്‍ പറഞ്ഞു.
ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ കാണാന്‍
പുറം നോക്കി ഇരിക്കുമ്പോള്‍
വിശപ്പിനു കാട്ടുകിഴങ്ങുകള്‍ തുണ വന്നു.

കാടിന്റെ രാത്രി !
എന്റെ വയറില്‍ തല വച്ച്
ആകാശം നോക്കി കിടന്നാല്‍
താരകങ്ങളെ എണ്ണാന്‍ രസമുണ്ടെന്നവള്‍.
രാത്രി വളരുന്നതും തളരുന്നതും
എത്ര വേഗം കടന്നു പോയെന്നു വെളിച്ചം പറഞ്ഞു.
ഉറക്കം വരാത്ത മിഴികളെ
നക്ഷത്രങ്ങള്‍ കൊതിയോടെ നോക്കി കണ്ണടച്ചു.
ഇനി കാടിറക്കം ആണ്.

അവള്‍ക്കിപ്പോള്‍ കാട് സന്തോഷമാണ്.
ഓര്‍മ്മയുടെ പൂക്കാലമാണ്.
യാത്രപറഞ്ഞു രണ്ടു വഴികളിലേക്ക് നടക്കുമ്പോള്‍,
ഇരുവരുടെയും മനസ്സില്‍ കാട് വളരുകയായിരുന്നു!
പൂത്തുലഞ്ഞ കാടിന്റെ സംഗീതം നിറയുകയായിരുന്നു...
@ബിജു ജി.നാഥ്

Wednesday, April 20, 2022

നീ മയങ്ങുമ്പോൾ

നീ മയങ്ങുമ്പോൾ
...................................
ഒരു വെൺമേഘശകലമായ് നിന്നുടെ
മുടിയിഴ തഴുകിയരികിൽ ശയിക്കണം.

ഒരു നിറനിലാ കമ്പളമായ് നിൻ്റെ
തനുവിനെ പൊതിഞ്ഞു പിടിക്കണം.

താരാജാലങ്ങൾ തൻ തിളക്കങ്ങൾ നിൻ,
മിഴികളിൽ മെല്ലെ കൊളുത്തി വയ്ക്കണം.

കോകില കൂജന മാധുര്യം നിന്നുടെ
നാവിൽ പുരട്ടി വയ്ക്കേണം.

അത്രമേൽ ചോന്നൊരു ചെമ്പനീർപ്പൂനിറം
അധരങ്ങൾ തന്നിൽ പതിയ്ക്കണം. പിന്നെ,

നീയുണരുന്നതിന്നൊരു നിമിഷം മുന്നേ
അലിഞ്ഞു പോകണം മന്ദമാരുതനിൽ.

ഒരു നൊടിയിടകൊണ്ടു നിൻ ശ്വാസമായ് 
അലിഞ്ഞു ചേരണം  നിന്നുള്ളിലെന്നുമേ.
@ബിജു ജി.നാഥ്


Tuesday, April 19, 2022

അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു.!


അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു.!

വരികളില്‍ നിറയുന്നൊരഗ്നിയിൽ നിന്നോ
വാക്കുകളിലൊളിയും പ്രണയത്തില്‍ നിന്നോ
മിഴികളില്‍ തിളങ്ങുന്ന കൗതുകത്താലോ....
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു.

കവിൾത്തുടിപ്പിയലും കാഴ്ചയില്‍ നിന്നോ
അധരങ്ങള്‍ തന്‍ മൃദുശോഭ കണ്ടതിനാലോ
നീളമോലും കേശത്തിൻ കാഴ്‌ചയിലാവോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു .

ഉടഞ്ഞൊരാ മാറിന്‍ സമൃദ്ധിയിലാണോ
ചേലൊത്ത നീൾ വിരൽ ഭംഗിയിലാണോ
മഴവില്ലൊളിക്കും പൂംചുഴിയാലാണോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു .

അണിവയര്‍ കണ്ടു കൊതിച്ചതിനാലോ
അടയാളമിയന്നൊരാ അടിവയർ തന്നിലെ
രമണീയപുഷ്പസൗരഭ്യമോര്‍ത്തതിനാലോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു .  

മയിലഴകൊത്തൊരാ കാലുകള്‍ കണ്ടിട്ടോ
മണികിലുങ്ങാത്തൊരാ പാദസരത്താലോ
ഭൂവയറിയാത്തോരാ സഞ്ചാരമാകുമോ
അറിയില്ല നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു.
@ബിജു ജി നാഥ്

മങ്ങിയ നിലാവെളിച്ചം ..........................ഉപേന്ദ്രകിശോര്‍ ദാസ്

മങ്ങിയ നിലാവെളിച്ചം (നോവല്‍ )
ഉപേന്ദ്രകിശോര്‍ ദാസ് 
വിവര്‍ത്തനം വി ഡി കൃഷ്ണന്‍ നമ്പ്യാര്‍
നാഷണല്‍ ബുക്ക് ട്രസ്റ്റ് 
വില : ₹ 27.00 

              ഇന്ത്യന്‍ സാഹിത്യത്തില്‍ ഒട്ടനവധി നല്ല വര്‍ക്കുകളുണ്ട് എങ്കിലും അവയെല്ലാം മലയാളിക്ക് വായിക്കുവാന്‍ ഉള്ള ഭാഗ്യം ലഭ്യമായിട്ടില്ല. ചുരുക്കം ചിലരുടെ പ്രയത്നഫലമായി വളരെ കുറച്ചു മാത്രമാണു ലഭ്യം. ഭാരതീയ സാഹിത്യത്തില്‍ പ്രധാനമായി അറിയപ്പെടുന്നത് മലയാളം, തമിഴ്, ഒറിയ, ബംഗള, ഹിന്ദി ഭാഷകളിലെ എഴുത്തുകള്‍ ആണ് . അവ തന്നെ വളരെ കുറവാണെങ്കിലും. ഭാഷയുടെ പ്രത്യേകതകള്‍ കൊണ്ടും അവ അറിവുള്ളവരുടെ , പ്രത്യേകിച്ചും അവയെ വിവര്‍ത്തനം ചെയ്യാന്‍ തക്ക കഴിവുള്ളവരുടെ എണ്ണം കുറവായതിനാലും അത് വളരെ കുറഞ്ഞു തന്നെ നില്ക്കുന്നു . ആധുനിക സാഹിത്യരംഗത്ത് പ്രത്യേകിച്ചും മലയാള സാഹിത്യകാരന്മാരില്‍ ഇന്നങ്ങനെ ഒരു ത്വരയോ ശ്രമമോ ഇല്ലാതെപോകുന്നുണ്ട് . സ്വന്തം രചനകളെ കൂടുതല്‍ പേരില്‍ എത്തിക്കുക , കഴിയുന്നിടത്തോളം സ്വന്തം കൃതികള്‍ വരിക , വരുന്നവയ്ക്ക് എത്ര എഡിഷന്‍ ഉണ്ടാക്കാന്‍ കഴിയുമോ അത്രയും എഡിഷന്‍ ഉണ്ടാക്കുക അവയ്ക്കൊക്കെ പ്രകാശനം സംഘടിപ്പിക്കുക എന്നിങ്ങനെ ഉള്ള വ്യായാമങ്ങളില്‍ ആണല്ലോ അവരില്‍ പലരും. ഇതിനിടയ്ക്ക് മലയാളത്തിലെ പോലും ഒരു കൃതി മറ്റൊരാളിന്റെ വായിക്കാന്‍ അവര്‍ക്ക് സമയം ഉണ്ടാകാറില്ല. അടുത്ത കൂട്ടുകാരോ , പ്രശസ്തരായ എഴുത്തുകാരോ ഉണ്ടെങ്കില്‍ അവരുടെ പ്രീതിക്ക് വേണ്ടി അവരുടെ പുസ്തകം എടുത്തു ഒരു ഓടിച്ചു വായന നടത്തിയോ നെറ്റില്‍ നിന്നും കിട്ടുന്ന ആസ്വാദനങ്ങള്‍ നോക്കി ഒരു കുറിപ്പും ഒരു പുസ്തക പുറംചട്ട കാണുന്ന വിധത്തില്‍ വായിക്കുന്ന ഒരു സെല്‍ഫിയുമൊക്കെയായി തങ്ങളുടെ ധൈഷണികത പ്രകടിപ്പിക്കുകയാണ് പലരുമെന്ന് കാണുന്നുണ്ട് . എന്തിനേറെപ്പറയുന്നു സ്വന്തം പുസ്തകത്തിലെ എന്തെങ്കിലും ഒരു സംശയം എഴുത്തുകാരനോടു ചോദിച്ചാല്‍ അത് ഞാന്‍ എഴുതിയത് തന്നെയോ എന്നതിശയം കൂറുന്ന വിധത്തില്‍ നവ സാഹിത്യം വികസിച്ചിരിക്കുകയാണല്ലോ. പഴയകാല മലയാള സാഹിത്യം വളരെ പ്രധാനമായും വായനയുടെ വസന്തത്തെ പ്രോജ്വലിപ്പിച്ച കാലമായിരുന്നു . പ്രധാനപ്പെട്ട പല പ്രസാധകരും അന്നൊക്കെ അന്യഭാഷാ രചനകളെ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുവാന്‍ വളരെ വലിയ താത്പര്യം കാട്ടിയിരുന്നു എന്നു കാണാം . അതുകൊണ്ടു തന്നെ തുറന്ന വായനയും ചര്‍ച്ചയും സാഹിത്യഇടപെടലുകളുടെ ഊഷ്മളമായ ഒരു അന്തരീക്ഷവും ഇവിടെ നിലനിന്നിരുന്നു . 

     ഒഡിയ ഭാഷയിലെ ചുരുക്കം പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ് ഉപേന്ദ്രകിശോര്‍ ദാസ്. അദ്ദേഹത്തിന്റെ ഒരു ചെറുനോവല്‍ ആണ് മങ്ങിയ നിലാവെളിച്ചം. ഈ പുസ്തകം വി ഡി കൃഷ്ണന്‍ നമ്പ്യാര്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുകയുണ്ടായിട്ടുണ്ട് . 1928 ലെഴുതിയ ഈ നോവലിന്റെ ഉള്ളടക്കത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അന്നത്തെ ഒറീസ്സയുടെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലം കൂടി വെളിപ്പെടുകയാണ് ഇതില്‍ . പന്ത്രണ്ടു വയസ്സായ ഒരു പെണ്കുട്ടി. അവള്‍ ഒരു ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചവള്‍ ആണ് . അവളുടെ വിവാഹവും തുടര്‍ന്നുള്ള ജീവിതത്തിന്റെയും പ്രശ്നങ്ങളെ ആണ് ഈ നോവലില്‍ വിവരിക്കുന്നത് . വിവാഹം എന്തെന്നറിയാത്ത പ്രായത്തില്‍ അച്ഛനോളം പ്രായമുള്ള വിഭാര്യനായ ഒരു മനുഷ്യന്റെ ഭാര്യയാകുക .. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തിന് ശേഷം പതിവ് ചടങ്ങുകള്‍ പോലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാകുന്ന അവളെ കാത്തിരിക്കുന്നത് ഭര്‍ത്താവിന്റെ പ്രേയസിയായ വേലക്കാരിയുടെ സ്വാര്‍ഥതയായിരുന്നു . വിവാഹബന്ധം എന്തെന്നറിയാത്ത ആ കുട്ടിക്ക് ആദ്യരാത്രിയെന്നത് തികച്ചും അപരിചിതമായിരുന്നതിനാൽത്തന്നെ അയാളുടെ ലൈംഗികമോഹങ്ങള്‍ക്ക് ഒരിയ്ക്കലും പൂര്‍ണ്ണത കിട്ടിയില്ല . ഒടുവിൽ, തിരക്കേറിയ ഒരു ക്ഷേത്രവളപ്പില്‍ കൌശലപൂര്‍വ്വം അവളെ ഉപേക്ഷിച്ചു അയാളും കാമുകിയും തിരിച്ചുപോകുന്നു . തന്റെ ഗ്രാമത്തിലെ , അയല്‍ക്കാരനായ യുവാവ് ആ സമയം അവളെ തിരഞ്ഞു അവിടെ എത്തിയതിനാല്‍ അവള്‍ക്ക് മറ്റപകടങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല . അയാള്‍ അവളുടെ കൂട്ടുകാരിയുടെ ചേട്ടനും അവളെ അഗാധമായ്  സ്നേഹിക്കുന്ന ആളുമാണ് . അവിടെ നിന്നും അവളെ തിരികെ ഭർതൃഗൃഹത്തിൽ എത്തിക്കുന്നുവെങ്കിലും ഭര്‍ത്താവ് അവളെ അധിക്ഷേപിച്ച് തിരിച്ചയക്കുന്നു . അവിടെ നിന്നും അവളെ ആ യുവാവ് കട്ടക്കിലേക്ക് കൊണ്ട് പോകുന്നു . അവളുടെ അച്ഛനുമമ്മയും കോളറ മൂലം മരിച്ചു പോയിരുന്നു അതിനാല്‍ തന്നെ അയാൾക്കൊപ്പം അവള്‍ തിരികെ നാട്ടിലേക്കു ചെന്നിട്ടും അയാളുടെ കൂടെ താമസിക്കേണ്ടി വരുന്നു . പക്ഷേ ഗ്രാമമാകെ അവളെ ഊരുവിലക്ക് നടത്തി ഒറ്റപ്പെടുത്തുമ്പോൾ, അവൾക്കൊപ്പം അയാളും സമൂഹത്തില്‍ നിന്നും ജാതിയില്‍ നിന്നും ഭ്രഷ്ടനാവും എന്നു കണ്ട ആ പെണ്കുട്ടി ഒറ്റയ്ക്ക്  മരണത്തിലേക്ക് നടന്നു പോകുന്നതാണ് കഥ. ശൈശവ വിവാഹം , സമൂഹത്തിന്റെ സദാചാര കണ്ണുകള്‍ , ആര്‍ത്തിയും കാമവും, നിഷ്കാമ പ്രണയവും, ബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം തന്നെ കോളറ , വസൂരി തുടങ്ങിയ മഹാ മാരികളുടെ വിവരണങ്ങളും കാലഘട്ടത്തിന്റെ ഓര്‍മ്മയും സംഭവങ്ങളുടെ സാക്ഷ്യവും ആകുന്നുണ്ട് . മികച്ച ഒരു നോവലായി ഇന്ന് ഇതിനെ കാണാന്‍ കഴിയില്ല എങ്കിലും ആ കാലഘട്ടത്തില്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരു നോവലാണിത് . വിവര്‍ത്തകന്‍ തന്റേതായ കുറച്ചു കലാപരമായ ഇടപെടലുകള്‍ , കാഴ്ചപ്പാടുകള്‍ എന്നിവ ഇതില്‍ കടത്തിവിട്ടിട്ടുണ്ട് എന്നത് തോന്നിപ്പിക്കുന്നത് ഒരുപക്ഷേ വിവര്‍ത്തകന്റെ ശ്രമത്തിലെ ഒരു പോരായ്മയായി ഥോന്നിയേക്കാം. പക്ഷേ നോവലിന്റെ ഘടനയ്ക്കൊ ഇതിവൃത്തത്തിനോ അത് ഒരു പ്രശ്നമല്ല . മലയാളീകരണം നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാം എന്നു സൂചിപ്പിച്ചു എന്നേയുള്ളൂ. ലളിതമായ ഭാഷ , വിവര്‍ത്തനം എന്നു തോന്നാത്ത വണ്ണം അതിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞു . സസ്നേഹം ബിജു ജി.നാഥ്

Sunday, April 17, 2022

ഒടുവിൽ

ഒടുവിൽ.....
.................
ഒടുവിൽ,
നീയെന്നെ മറവിയുടെ ഓലക്കീറുകൾക്കിടയിലോ
അടുക്കളക്കരിപുരണ്ട മൺചട്ടികൾക്കിടയിലോ
വിറകുപുരയിലെ ഇരുളിൽ
അഴുക്കുപുരണ്ട തുണികൾക്കിടയിലാേ
മറന്നു വച്ചേക്കും.!!
ആദ്യകാലങ്ങളിൽ ചിലപ്പോൾ
ഹൃദയം പറയുമായിരിക്കാം.
ഓർമ്മകളെ കീറക്കടലാസുകൾക്കൊപ്പം
എരിയിച്ചു കളയുന്ന കാലങ്ങളിൽ,
എത്രയും വിലപ്പെട്ടതായിരുന്നെന്ന
വെളിപ്പെടുത്തലുകളെ മറക്കുവാൻ.

ഒരിക്കലും,
മറക്കാനാവാത്തതായും
പൊറുക്കപ്പെടാനാവാത്തതായും
കരയാതിരിക്കാനാവാത്തതായും
ജീവിതത്തിൽ ചിലതുണ്ടാകും.
ചിതലരിച്ചാലും
തീയെരിഞ്ഞാലും
നനഞ്ഞു കുതിർന്നില്ലാതായാലും
കുടിച്ചു വറ്റിച്ചാലും തീരാത്തത്.

വെറുതെ.
കരയരുതെന്നു കരുതിയാലും
ഉറക്കെയുറക്കെ ചിരിക്കരുതെന്നോർത്താലും
ഓർക്കരുതിനിയെന്നു ചിന്തിച്ചാലും
മാപ്പു നല്കാൻ തോന്നിയാലും
മനസ്സ് നിറഞ്ഞ് കവിയാതെ പോകും.

എങ്കിലും
ഇനിയും ജീവിക്കണമെന്നും
ഒരിക്കലും മറക്കരുതെന്നും
എന്നെന്നും പ്രണയിക്കണമെന്നും
വേർപാടു വേദനയെന്നും
മനസ്സു മാത്രം കൊതിക്കുന്നതെന്താകും.
@ബിജു ജി.നാഥ്

Wednesday, April 13, 2022

അനന്യം

അനന്യം
.....................
ജീവസ്സുറ്റ ചിത്രങ്ങളിൽ നിന്ന്
ഊർന്നു വീഴുന്നുണ്ട്
ജീവനില്ലാ വാക്കുകൾ ചുറ്റിലും.
ആഴിതൻ പരപ്പുള്ള
മനസ്സുകളിൽ
നിന്നുതിരുന്നു
കടുകുമണി പോൽ ചിന്തകൾ.
ഉന്നതമാം സ്വപ്‌നങ്ങൾ
നിറഞ്ഞ
കണ്ണുകളിൽ നിന്നുമുതിരുന്നുണ്ട്
വെറുപ്പിന്റെ കിരണങ്ങൾ.
നമുക്കന്യതകളാൽ മാത്രം
ദിനസര്യകൾ ചിതറി വീഴുന്നു.  
ഇടയിൽ നാമിങ്ങനെ .....
@ബിജു ജി നാഥ് 

Monday, April 11, 2022

ആദ്യം അതൊരു പുഴയായിരുന്നു.

 ആദ്യം അതൊരു പുഴയായിരുന്നു.

.............................................

എല്ലാം ഉള്ളിലൊതുക്കി

കഴുകി വെടിപ്പാക്കി

കടലിലേക്കൊരു യാത്ര.

ഒന്നും ഓർത്തു വയ്ക്കാതെ

തിരികെ യാത്ര ചെയ്യാതെ

കടലിലേക്കൊരു യാത്ര.


പിന്നെ, അതൊരു കാടായി മാറി.

രഹസ്യങ്ങളുടെ കലവറ !

അതിഗൂഢമായ മനസ്സിൽ,

നിറഞ്ഞ പച്ചിലക്കാട്ടിൽ

ഒളിഞ്ഞിരിക്കുന്നതെന്തൊക്കെ?

ജീവന്റെ ആദി താളം മുതൽ

ക്രൗര്യതയുടെ മൗനം വരെ.

ഒരേ താളമില്ലാത്ത

വിവിധ ജന്മങ്ങൾ.


നോട്ടത്തിലേക്ക് ഒരാകാശം വന്നു.

നീലയുടെ ശാന്തതയിൽ

മേഘ വെണ്മയുടെ നിർമ്മലതയിൽ

ആത്മീയതയുടെ തണുത്ത കാറ്റ്.

കാമത്തിന്റെയല്ലാതെ

പ്രണയത്തിന്റെയല്ലാതെ

സുതാര്യമായ മൗലികത

ജീവിതത്തിന്റെ താളം.


നിറങ്ങളില്ലാത്തൊരുവന്റെ ജീവിതത്തിൽ

കനവുകൾ നെയ്തു തളർന്നവൾ,

ചിറകുകൾ തളർന്നവൾ

പകർന്നിട്ട കാഴ്ചകൾ.

വേറിട്ട ചിന്തകളോടെ

വേദനയൊളിപ്പിച്ച മനമോടെ

കാഴ്‌ചകളെയവൻ കണ്ടു തുടങ്ങുന്നു.

പുഴയവന് ജീവിതവും

കാട് മനസ്സും

ആകാശം ആശ്വാസവുമാകുന്നു.


അവസ്വാന ശ്വാസത്തിന് മുമ്പ്

അവനെഴുതാൻ തുടങ്ങുന്നു

എല്ലാം മറന്നൊന്നുറങ്ങുവാൻ

നീയെന്റെ ജീവനെടുക്കുക.

ഒഴുകുന്ന ചോരയിൽ തൊട്ട്

നീയെന്റെ ചരമക്കുറിപ്പ് കുറിക്കുക.

കാലം പറഞ്ഞിടട്ടെ.

നമുക്കിടയിൽ

ഒഴുകിയകന്ന പുഴയിലും

പടർന്നു കയറിയ കാട്ടിലും

തെളിഞ്ഞ നീലാകാശത്തിലും

ഒരിക്കലും ഒന്നിക്കാനാവാതെ പോയ

രണ്ടു പേരുടെ നിശ്വാസമുണ്ടായിരുന്നുവെന്ന്....

@ബിജു ജി നാഥ്

.

പെണ്‍കുട്ടികളുടെ വീട്............... സോണിയ റഫീക്

പെണ്‍കുട്ടികളുടെ വീട് (നോവല്‍ )
സോണിയ റഫീക് 
ഡി സി ബുക്സ് 
വില :₹ 310.00


       മാജിക്കല്‍ റിയലിസം എന്നൊരു സങ്കേതം മലയാളിക്ക് പരിചയപ്പെടുത്തിയത് സേതുമാധവന്റെ പാണ്ഡവപുരവും എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റ് ചിലരും എന്നീ എഴുത്തുകള്‍ ആണ് . അവ നല്കിയ വായനാസുഖം പക്ഷേ തുടര്‍ന്നു വന്ന ഒരെഴുത്തുകാരനും നല്കാന്‍ കഴിഞ്ഞിട്ടില്ല അതോ എനിക്കു വായിക്കാന്‍ കിട്ടിയിട്ടില്ല എന്നോ അറിയില്ല . ടി ഡി രാമകൃഷ്ണന്റെ നോവലുകളും ബന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങളും ആ ഒരു പാറ്റേണില്‍ വായിക്കാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ അതിനു അത്രയും സൗന്ദര്യമോ രസച്ചരടോ നല്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി മനസ്സിലാക്കുന്നു . നമുക്ക് നല്ല എഴുത്തുകാര്‍ ഉണ്ട് . പക്ഷേ എഴുത്തുകള്‍ നല്ലത് വളരെ കുറവാണ് . ചിലരാകട്ടെ എഴുതാറില്ല , ചിലര്‍ പ്രശസ്തരാകാറുമില്ല. പ്രശസ്തിയാണല്ലോ വായനയുടെ മാനദണ്ഡമായി കൊണ്ടാടപ്പെടുന്നത് . സോണിയ റഫീക്, യു എ ഇ യില്‍ ജീവിക്കുന്ന മലയാളഭാഷയില്‍ എഴുതുന്ന എഴുത്തുകാരിയാണ് . ഹെര്‍ബെറിയം എന്ന നോവല്‍ ആണ് ഈ എഴുത്തുകാരിയുടേതായി ഞാന്‍ വായിച്ചിട്ടുള്ള ഏക നോവല്‍. പക്ഷേ ഇതൊരെണ്ണം മാത്രമല്ല അവര്‍ എഴുതിയിട്ടുള്ളത്. എന്റെ സുഹൃത്തല്ലാത്തതിനാലും ഫോളോ ചെയ്യാത്തതിനാലും മറ്റു പുസ്തകങ്ങള്‍ കണ്ടിട്ടില്ല , വായിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ പക്ഷേ സോണിയയുടെ ഒരു നോവല്‍ കയ്യില്‍ തടഞ്ഞു . പെണ്‍കുട്ടികളുടെ വീട്. വളരെ കൗതുകകരമായി തോന്നിയ ഒരു തലക്കെട്ട്!  വായിക്കണം എന്നു തോന്നിയതിനാല്‍ കൂടെ കൂട്ടി പുസ്തകം. ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ക്കുന്ന സ്വഭാവവും സമയവും ഒട്ടും ഇല്ലാത്തതിനാലും ഒരേ സമയം പല പരിപാടികളില്‍ വ്യാപൃതനാവുന്ന ഒരാളായതിനാലും സമയമെടുത്താണതു വായിച്ചു തീര്‍ത്തത്. പൂര്‍ണ്ണമായും ദുബായിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവല്‍ എന്നതാണു ഇതില്‍ ആദ്യം കണ്ട പ്രത്യേകത . ദുബായിയുടെ പശ്ചാത്തലത്തില്‍ കുറേ പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട് ഒരുപാട് ഇറങ്ങാറുമുണ്ട്. പക്ഷേ അവയൊക്കെയും മലയാളികളായ എഴുത്തുകാരുടെ മധ്യവര്‍ഗ്ഗ ജീവിത കാഴ്ചകള്‍ ആണ് . ചിലര്‍ നീലക്കോളര്‍ ജീവിതങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട് . തോമസ് ചെറിയാന്റെ നോവല്‍ അത്തരത്തിലൊന്നാണ്. മറ്റ് ചിലരാകട്ടെ താഴ്ന്ന വര്‍ഗ്ഗക്കാരുടെ ദയനീയതയെ മധ്യവര്‍ഗ്ഗ കാഴ്ചകളില്‍ നിന്നുകൊണ്ടു പോളീഷ് ചെയ്ത് വായനക്കാരുടെ സഹതാപത്തെ ചൂക്ഷണം ചെയ്യാന്‍ ശ്രമിക്കുന്നവയാണ് . ഇവയൊന്നുമല്ലെങ്കില്‍ പിന്നുള്ളത് ദുബായ് ജീവിതത്തിലെ അനുഭവങ്ങള്‍ , വ്യക്തികള്‍ തുടങ്ങിയവയുടെ ദൃശ്യവത്കരണവും വാഴ്ത്തിപ്പാടലുകളും ഒക്കെയായി മാറും. ഇക്കാരണം കൊണ്ട് തന്നെയാണ് സോണിയയുടെ ഈ നോവല്‍ ദുബായിയുടെ ജീവിതമായി എടുത്തുപറയാൻ കാരണം . അതിനു പ്രത്യേകിച്ച് ഒരു കാരണം കൂടിയുണ്ട്. കുടിയേറ്റത്തൊഴിലാളികള്‍, പ്രവാസികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും അത്തരം ലേബലില്‍ ഒരു സാഹിത്യ മേഖല ഉണ്ടാക്കിയെടുക്കാന്‍ അക്ഷീണ പരിശ്രമവും നടത്തുന്ന കാഴ്ചകള്‍ക്ക് മുന്നിലിരുന്നാണ് ഈ നോവലിനെ വിലയിരുത്തേണ്ടത്. ഈ നോവല്‍ പറയുന്നതു മൂന്നു എമിറാത്തി പെണ്‍കുട്ടികളുടെ ജീവിതമാണ് . അതിലേറെ പ്രത്യേകത ഈ കഥ നടക്കുന്നതു വർത്തമാന,ഭൂതകാലങ്ങളിലാണ് . അവിടെ ഇന്നത്തെ വര്‍ണാഭമായ ദുബായ് നഗരമല്ല ഉള്ളത് . കടലില്‍ മുങ്ങി മുത്തുകള്‍ ശേഖരിക്കുന്ന ദരിദ്രരായ എമിറാത്തികള്‍ . ഇന്ത്യന്‍ രൂപ വിനിമയത്തിലിരുന്ന ദുബായ്. കറുത്ത ദ്രാവകമായ എണ്ണ കണ്ടെടുക്കാന്‍ തുടങ്ങുന്ന കാലത്തെ ദുബായ്. ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ കാലത്തെ ദുബായ്. അതേ ആ കാലത്തിന്റെ കഥകൂടിയാണ് ഈ നോവലില്‍ പറയുന്നതു . അന്നത്തെ എമിറാത്തി ജനതയുടെ ജീവിതത്തെയാണ് പറയുന്നതു . അന്നത്തെ ജീവിതം , സാമൂഹിക സാഹചര്യം , സംസ്കാരം , കാഴ്ചപ്പാടുകള്‍ ഇവയൊക്കെയാണ് നോവലിന്റെ ലോകം . ഇന്നത്തെ ലോകത്തിരുന്നന്നത്തെ ലോകത്തെ കാണുന്ന നാസിയ എന്ന പെൺകുട്ടി. അവൾ ഒരു മ്യൂസിയം കാണുന്നതും അതിലൂടെ അവിടെ ജീവിച്ചിരുന്ന മൂന്നു എമിറാത്തി പെണ്‍കുട്ടികളുടെ ജീവിതം എങ്ങനെ , എന്തായിരുന്നു എന്നു പറയുന്നതുമായ ഈ നോവലില്‍ നാസിയ എന്ന പെണ്കുട്ടിയുടെ ഓര്‍മ്മകളില്‍ , ഭാവനകളില്‍ ഒക്കെയായി വിടരുന്ന അവരുടെ ജീവിതത്തെ സോളമന്‍ എന്ന കാമുകന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ഇതിവൃത്തം. ഇവിടെയാണ് കാലത്തിനു പിറകിലേക്കും മുന്നിലേക്കും സഞ്ചരിക്കുന്ന എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റ് ചിലരും അതുപോലെ പാണ്ഡവപുരവും ഓര്‍മ്മയിലേക്ക് കടന്നു വരുന്നത് . അതിനാല്‍ തന്നെ സോണിയ എന്ന എഴുത്തുകാരിയുടെ ഈ നോവലിനെ ഒരു മാജിക്കല്‍ റിയലിസം എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നത്. വായനയില്‍ നാസിയ, ആ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളുടെ പുനര്‍ജന്മം എന്നോ അതല്ലായെങ്കില്‍ അവര്‍ക്കൊപ്പം നടന്ന ഒരാളെന്നോ ഉള്ളോരു ശക്തമായ ചിന്ത ഉണ്ടാക്കിയെടുക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞു . അതായിരുന്നു നോവലിന്റെ ഭംഗിയും . മറ്റൊരു സവിശേഷമായ സംഗതി ഭാഷയും ചിന്തയും തദ്ദേശീയതയുടെ നേര്‍ പടമായി പ്രയോഗിക്കാന്‍ കഴിഞ്ഞതും ആ പെണ്‍കുട്ടികളില്‍ ഇളയവളുടെ കഥ പറച്ചില്‍ ശൈലിയുടെ അറബിക്കഥാ രീതിയും ഇതിനെ ഒരു തര്‍ജ്ജമ ആയി തോന്നിപ്പിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതായി അനുഭവപ്പെടുത്താന്‍ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു . ഓരോ എഴുത്തുകാരനും , താന്‍ ജീവിക്കുന്ന ഭൂമികയെ അടയാളപ്പെടുത്താനും , അതിന്റെ സൂക്ഷ്മ,സ്ഥൂലങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ശ്രമിക്കേണ്ടതുണ്ട് . എന്തെഴുതണം , എങ്ങനെ എഴുതണം തുടങ്ങി, എന്തെന്കിലും എഴുതിയാല്‍ സംഭവിച്ചേക്കും എന്നു കരുതുന്ന ഭയം വരെ കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്നതാണ് ശരിക്കും പറഞ്ഞാല്‍ അടയാളപ്പെടുത്തലുകള്‍ ആകേണ്ട രചനകള്‍ ഉണ്ടാകാതെ പോകുന്നതിനു കാരണം. ഈ സാഹചര്യത്തില്‍ , വിഷയത്തെ സമീപിക്കാനും കൈകാര്യം ചെയ്യാനും സോണിയ എന്ന എഴുത്തുകാരിക്ക് കഴിഞ്ഞത് അത് വിഷയത്തിലെ നേരും സമീപനവും മാനുഷികവും സാംസ്കാരികവുമായ ഒന്നായതിനാല്‍ത്തന്നെയാണ് .

 പോരായ്മകള്‍ ഒന്നുമില്ല എന്നു പറഞ്ഞു ഒഴിവാക്കാന്‍ കഴിയില്ല എങ്കിലും ഈ നോവലിനെ . കുറച്ചേറെ വിശദമായ , ആഴത്തിലുള്ള പഠനവും , കുറച്ചുകൂടി വിശാലമായ ഭാവനയും എഴുത്തുകാരിക്ക് വേണ്ടതുണ്ടായിരുന്നില്ലേ എന്നു തോന്നിപ്പിച്ചു . കൈയ്യില്‍ നിന്നും വിട്ടുപോയേക്കാവുന്ന ഇടങ്ങള്‍ പലപ്പോഴും കൂട്ടിപ്പിടിച്ചു യോജിപ്പിക്കാന്‍ ശ്രമിച്ചിരുന്നു . ഒരു പക്ഷേ ഇവിടെ സ്ത്രീയെന്ന പരിമിതി എഴുത്തുകാരിയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ എന്നറിയില്ല എങ്കിലും ആവറേജ് എന്നതിനപ്പുറം നോവലിനെ വഴി നടത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായി തോന്നി . ഹെര്‍ബെറിയത്തില്‍ നിന്നും ഒട്ടു ദൂരം സഞ്ചരിച്ചിരിക്കുന്നു എഴുത്തുകാരി എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു . അധികം ആരും വായിച്ചോ , എഴുതിയോ കണ്ടില്ല എന്നതില്‍ നിന്നും സാഹിത്യ സഭകളിലെ സ്ഥിരം കുറ്റികളുടെ വായനയിലോ , പരിഗണയിലോ ഇടം കൊടുക്കാതെ മനപൂര്‍വ്വം അവഗണിച്ചതായി തോന്നി. അതല്ലെങ്കില്‍ , ഈ പുസ്തകത്തിനെ കുറിച്ചൊരു ചര്‍ച്ചയോ മറ്റോ കാണാന്‍ / കേള്‍ക്കാന്‍ കഴിഞ്ഞേനെ. സാധാരണ അത്തരം സംഭവങ്ങള്‍ അനസ്യൂതം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂമികയാണെന്നതിനാല്‍ സ്വാഭാവികമായും തോന്നിയതാണ് അങ്ങനെ ഒരു സംശയം. ഡി സി യുടെ ബാനറില്‍ ഇറങ്ങിയിട്ടും എന്തുകൊണ്ടാകും സോണിയ അധികം അറിയപ്പെടാതെയും ചർച്ച ചെയ്യപ്പെടാതെയും പോകുന്നത് എന്നൊരു ചോദ്യം മുന്നോട്ട് വയ്ക്കുന്നു . ഒരു പക്ഷേ എനിക്കത് കാണാന്‍ കഴിയാതെ പോയതാകുമോ . കൂടുതല്‍ ഉയരത്തില്‍ എത്താനും , അറിയപ്പെടാനും കഴിയട്ടെ ഈ എഴുത്തുകാരിക്ക് എന്ന ആശംസകളോടെ ബിജു ജി. നാഥ്

Saturday, April 9, 2022

കള്ളക്കാറ്റേ ചൊല്ലരുതാരോടും നീയിത്

കള്ളക്കാറ്റേ ചൊല്ലരുതാരോടും നീയിത് . 
------------------------------------------- ആല്‍മരത്തിന്നിലകള്‍ പോലവര്‍;
തമ്മിലുരയുന്നു തല്ലുന്നു പിരിയുന്നു. 
പിന്നേയും,ചെറുകാറ്റിന്റെ കൈകളാല്‍
ഉമ്മ വയ്ക്കുന്നു സാന്ത്വനം ചൊല്ലുന്നു .
കണ്ടുനില്‍ക്കാന്‍ കുതൂഹലം ഉണ്ടെന്നാല്‍
ഉണ്ട് വേദന അവരുടെ ഉള്ളിലും.
 പിന്നെയെന്തിനായെന്നും പരസ്പരം
തമ്മില്‍ കലഹിക്കുന്നൊരീ കിളികള്‍.
ഉള്ളിലുള്ള മോഹങ്ങള്‍ ഗൂഡമായ് 
തമ്മില്‍ പറയാന്‍ മടിക്കുന്നതാകുമോ? 
ചൊല്ലിയറിയുന്നതിന്‍ സുഖമല്ലൊരിക്കലും
തമ്മിലറിഞ്ഞും പറയാതിരിക്കുന്നതില്‍ .
എന്തിനാണെന്ന് പറയാതെ അറിയാതെ
പിന്നെയുമവര്‍ വഴക്കാളിയാകുന്നു. 
പിന്നെ വേദന തിന്നവര്‍ രാവതില്‍
നിദ്രയില്ലാതെ കണ്ണീര്‍ പൊഴിക്കുന്നു .
എന്തിനാകാം ചോരനീ പവനന്‍
എത്തിനോക്കി ചിരിക്കുന്നിതിങ്ങനെ?
കണ്ടു കണ്ണടച്ചീടുകയല്ലേ വേണ്ടൂ
ചൊല്ലിന്നടക്കാമോ ലോകാരോടിങ്ങനെ! @ബിജു ജി.നാഥ്

Thursday, April 7, 2022

ഒരു രഹസ്യം

ഒരു രഹസ്യം
.....................
പകലു മായും നേരമാകുന്നു
സൂര്യനും നടന്നൂ തളർന്നേ
ചുവന്നു പോയ മുഖത്തെ ദീനം
കണ്ടു പ്രകൃതി മൗനം പൂകി നില്ക്കുന്നു.
ഇളവെയിൽ നാളം ചൂടിയാ പാട-
വരമ്പിലൂടെ നടക്കുന്നിരുവർ.
വിളഞ്ഞു സ്വർണ്ണം പൂശിയ നെല്ലിൻ
തലോടലേറ്റവർ അലസം ചലിപ്പൂ.
ഗ്രാമഭംഗിയവൾ കാട്ടുന്നു ചുറ്റും
വിടർന്നു കിടപ്പും പാടവും വാനവും,
ഹരിതയാടയണിഞ്ഞൊരാ കുന്നിൻ
പാദം ചുറ്റിയൊഴുകും തെളിനീരും.
ഒരു വെള്ളിക്കൊലുസെന്ന പോലെയാ
തോടൊഴുകിയകലുന്നു മൗനമായ്.
കരയിലിത്തിരി നേരമാ സലിലത്തെ
അരുമയോടവർ നോക്കിയിരിക്കുന്നു.
കഥകളേറെ ചൊല്ലുന്നവർ പരസ്പരം.
പാദങ്ങൾ തഴുകിയൊഴുകുന്നു പ്രാണദവും,
ഉമ്മ വയ്ക്കുന്നു പരൽമീനുമക്ഷണം!
ഒരു കുളിരാൽ നീർതെറുപ്പിച്ചവൾ
കിലുകിലാരവം പൊട്ടിച്ചിരിക്കുന്നു.
കുനുകുനെ ജലം നിറഞ്ഞുളെളാരാ കണ-
ങ്കാലിലെ മറുകിൽ മിഴിനട്ടിരുന്നയാൾ
വെറുതെ ഓർക്കുന്നു വിറപൂണ്ടൊരധര -
ദാഹമെങ്ങനെ തടയുന്നതെന്നങ്ങ്.
പകലുമായുന്ന ചിന്തയാലവളപ്പോൾ
വളയമിട്ടൊരാ കാൽവിരൽ മറച്ചല്ലോ
ധടുതിയിൽ കൈ പിടിച്ചവനുടെ, പിന്നെയോ
നടന്നു പോകുന്നു വീട്ടിലേക്കിരുവരും.
ഒരു തമാശപോൽ കണ്ടിവയൊക്കെയും
ചിരി മറച്ചൊരാ പവനനുമന്നേരം
പതിയെ മണ്ടുന്നവരുടെ പിന്നാലെ
ഇലയനക്കം പോലുമില്ലാതെ കുതൂഹലം!
@ബിജു ജി.നാഥ്

നിന്നോടല്ലാതെ

Wednesday, April 6, 2022

ചില മനുഷ്യർ ചിലകാലങ്ങളിൽ

ചില മനുഷ്യർ ചിലകാലങ്ങളിൽ
.............................................................
നഷ്ടവസന്തങ്ങൾക്കുമപ്പുറം ചിന്തതൻ
തപ്തനിശ്വാസക്കുളിരിൽ പിടയുന്നു
ഹൃത്തടമെങ്കിലും ഭാവിക്കുകില്ല ഞാൻ
ഒട്ടുമേ എൻ്റെ അന്തരാത്മാവിനെ, ലോകമേ!

വന്നുചേർന്നു പലകാലങ്ങളിൽ, പിന്നെ
പോയ് മറഞ്ഞവർ വിട പറഞ്ഞീടാതെ.
നിന്നുവെന്നാൽ ചിലർ ഹാ! ചൊല്ലിയേവം
കേവലം സാന്ത്വന വാക്കിൻ്റെ മർദ്ദനം.

കുത്തിയിറക്കും കഠാരമുനയെ പിന്നെയും
താഴ്ത്തി നോക്കും കുതൂഹലം പോലല്ലോ
കേട്ടു നില്ക്കും സാന്ത്വന വാക്കുകൾ തൻ
ആഴമേറ്റും വേദന, മാനവഹൃദയങ്ങളിൽ.

ചൊന്നിടാം സൗഹൃദവാക്കിൻ്റെ പശിമയും,
ചിന്തയിൽ നിന്ന് പിരിയും പ്രണയവും.
പുഞ്ചിരിയാൽ തഴുകി നീങ്ങും കുളിർ-
ത്തെന്നലായ് ഹേമമൊട്ടുമേയില്ലാതങ്ങ്.

കുറിച്ചിടാം പലരീതിയിൽ ചിന്തകൾ,ലോക-
മതിനെ കണ്ടിടാം യുക്തമായ രീതിയിൽ.
വാർന്നൊഴുകുന്ന ഹൃത്തിൻ വിലാപമോ
വായിക്കുന്നവർക്ക് ഏകിടാം ആനന്ദവും!

എത്ര സുന്ദരം ലോകമേ നിന്നിൽ നിറയുമീ
ഹരിത കമ്പള കാഴ്ചകൾ വസന്തവും!
വന്നു പോകുന്ന ഗ്രീഷ്മത്തെയോർത്തല്ലേ
കണ്ണുനീർ പൊഴിപ്പൂ ശിശിരവും വർഷവും.

കുത്തിയൊഴുകും പുഴയെത്ര വേഗത്തിൽ
മാഞ്ഞു പോകുന്നു വരളുന്നുണങ്ങുന്നു.
കാത്തു കാത്താ കടലിരിക്കുന്നു പിന്നെ,
കാറ്റിൻ കൈയ്യിലായക്കുന്നു തെളിനീരും.

എത്ര പാരസ്പര്യം നല്കുമീ കാഴ്ചകൾ
കണ്ടു വളരുന്ന മാനുഷർക്കില്ലാ തെല്ലും
കണ്ടു നില്ക്കുവാനല്ലാതെ മറ്റൊരു
ഹൃത്തിനെയറിയാനോ പുൽകുവാനോ.
@ ബിജു ജി.നാഥ്

Monday, April 4, 2022

വേഴാമ്പലാണവൾ



വേഴാമ്പലാണവൾ
.................................

വരണ്ടുണങ്ങിയ നിഴലായിരുന്നു നീ.
മഴയുടെ തണുവിരല്‍തേടി,
നൂറ്റാണ്ടുകള്‍ തപം ചെയ്തവള്‍.
ഒരുകാലമൊരുകാലമൊരു മഴവിരല്‍
നിന്നഴകെഴും ശിലയെ തഴുകുവാന്‍,
വിണ്ടുകീറിയ സമതലങ്ങളെ ചേര്‍ത്ത്
ഉഴുതുമറിക്കാന്‍, പാകമാക്കുവാന്‍...
ഒരുമഴ കൊതിച്ചു നൂറ്റാണ്ടുകള്‍
തപസ്സിന്റെ നിദ്രയില്‍ മയങ്ങി നീ.

ഒരുനാള്‍, പ്രണയത്തിന്‍ നീലക്കടമ്പായ്
നീ വിടർന്നുനില്ക്കവേ, ഒരുവന്‍
മഴ കാത്തു തളർന്നോരുടലിൽ നിനക്ക്
കുടയാകുവാന്‍ കൊതിച്ചെത്തുന്നു..

വരണ്ടുണങ്ങിയ മാറിലെ നീറുവതേടി
അവനുടെ അധരങ്ങള്‍ ഉഴറവേ നീയും
അരുമയാലാകാംഷയാൽ കൊതിച്ചുവോ
മഴയാണത് നിന്നില്‍ പതിയുവാന്‍ വന്നെന്ന്.

ഒടുവില്‍ നീയറിയുന്നുവോ ആ അധരങ്ങള്‍
ആസക്തിയുടെ പൊള്ളുന്ന മാംസമെന്ന്?
നിന്നില്‍ ഉണരുന്നില്ലൊരു തരിപോലുമേ
മഴയുടെ നനവുമെന്ന നഗ്നസത്യത്തെ!

അകലുന്നു നീ മൂകമിന്നീ വ്യഥ മറയ്ക്കും
കറുത്ത കമ്പളവും മനസ്സിലണിഞ്ഞേവം?
മഴയില്ലാതൊടുങ്ങുവാന്‍ യാത്രയാകുന്നാ-
അധരങ്ങളടർത്തി നിന്‍ മുലയില്‍ നിന്നും.
@ബിജു ജി.നാഥ്

Saturday, April 2, 2022

ജ്യോതിഷ ബാലപാഠം............................ അംശി നാരായണ പിള്ള

ജ്യോതിഷ ബാലപാഠം(പഠനം)
 അംശി നാരായണ പിള്ള 
 റെഡ്യാര്‍ പ്രസ്സ് 
 വില : ആറ് അണ

 അറിവിന്റെ വികാസം തുറന്ന വായനയുടെയും തിരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനത്തിലാകണം. അതിനാല്‍ത്തന്നെ വായനയില്‍ ഇന്നതെന്നൊരു തിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. അത് അശാസ്ത്രീയ വിഷയങ്ങള്‍ ആയാലും ശാസ്ത്രീയ വിഷയമായാലും സമീപനം ഒന്നുപോലെയാണ്. കുറച്ചു കാലം മുന്പ് സംവാദങ്ങളില്‍ ഒക്കെ പങ്കെടുക്കുമ്പോള്‍ പ്രത്യേകിച്ചും മത വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ കേട്ടിട്ടുള്ള ഒരു വാക്കാണ് ഇതുപറയുമ്പോള്‍ ഓർമ്മ വരിക . പഠിച്ചിട്ടു വിമര്‍ശിക്കൂ. വായന തുടങ്ങിയ കാലഘട്ടം മുതല്‍ തിരഞ്ഞെടുപ്പില്‍ ഒരു ഫില്‍റ്ററിംഗ് നടത്തിയിട്ടില്ല . അത് മത പുസ്തകങ്ങള്‍ ആയാലും മ പ്രസിദ്ധീകരണങ്ങള്‍ ആയാലും കൊച്ചു പുസ്തകങ്ങള്‍ ആയാലും ശാസ്ത്ര പുസ്തകങ്ങള്‍ ആയാലും വായന എന്നതാണു പ്രധാനം . അതില്‍ നിന്നും കിട്ടുന്നതെന്തും അതുപോലെ സ്വീകരിക്കാതിരിക്കാന്‍, വിരുദ്ധമായ വായനകള്‍ സഹായിച്ചിട്ടുമുണ്ട് . പഴയകാലത്തിന്റെ അറിവും പുതിയ കാലത്തിന്റെ അറിവും ഒരുപോലെ അല്ലെന്ന് നമുക്കറിയാം . പുതിയ അറിവുകള്‍ പഴയകാല അറിവുകളെ പാടെ റദ്ദ് ചെയ്യുകയോ , പുതുക്കുകയോ ശരിവയ്ക്കുകയോ ചെയ്യാറുണ്ട് . ശാസ്ത്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളുടെ വായനയില്‍ നിന്നും പൊതുവേ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു സംഗതി പഴയ പല അറിവുകളെയും കാര്യ കാരണ സഹിതം മനസ്സിലാക്കാനും തിരുത്താനും ഒരു അവസരം സൃഷ്ടിക്കുന്നുണ്ട് എന്നുള്ളതാണ് . നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് . നമ്മള്‍ ഒരുകാലത്ത് സഞ്ചരിച്ചത് മനുഷ്യര്‍ ചുമക്കുന്ന വാഹനങ്ങളില്‍ ആയിരുന്നു . പിന്നെയത് മൃഗങ്ങള്‍ക്ക് കൈമാറി ഇന്നത് യന്ത്രങ്ങള്‍ക്ക് കൈമാറി . ഇവിടെ യാത്ര ചെയ്യാനുള്ള അവസ്ഥ അതുപോലെ നിലനില്‍ക്കുന്നു . അടിസ്ഥാനപരമായി യാത്ര ചെയ്യുക തന്നെ വേണം പക്ഷേ അതിനു പുരോഗമനപരമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു . അത് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങളും കമ്പോളവും സൃഷ്ടിക്കുക മാത്രമല്ല മാനുഷികമായ ഒരു തലത്തില്‍ കൂടി എത്തിച്ചേര്‍ന്നു . ഇന്നാരും മനുഷ്യനെക്കൊണ്ടോ മൃഗങ്ങളെക്കൊണ്ടോ ചുമക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. പ്രൊഫ സി രവി ചന്ദ്രന്‍ തന്റെ പകിട പതിമൂന്നു എന്ന പുസ്തകത്തിലൂടെ ജ്യോതിഷത്തെയും അതിന്റെ മുന്‍ അവസ്ഥകളെയും കാഴ്ചപ്പാടുകളെയും തിരുത്താന്‍ ഒരു ശ്രമം നടത്തുകയുണ്ടായി . ആ പുസ്തകം വായനയില്‍ ഇതുവരെ എടുത്തിട്ടില്ല . പരിഗണനയില്‍ ഇരിക്കുന്ന ഒരു പുസ്തകമാണത്. പഴയ പുസ്തകങ്ങള്‍ പലതും ഗുട്ടന്‍ബര്‍ഗ് പോലുള്ള വിദേശ സംരംഭങ്ങളിലൂടെ ഇന്ന് നമുക്ക് ലഭ്യമാണ് എന്നതിനാല്‍ വായനയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല . അത്തരം ചില പുസ്തകങ്ങളുടെ കൂട്ടത്തില്‍ ലഭിച്ച ചില പുസ്തകങ്ങള്‍ ആണ് ജ്യോതിഷ പഠനം ബാലപാഠം, സ്ത്രീ ജാതകം , ജ്യോതിഷ മാര്‍ഗദ്വീപിക , ലക്ഷണ രേഖാശാസ്ത്രം തുടങ്ങിയവ. ഇവയില്‍ ജ്യോതിഷ ബാലപാഠം വായിച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നതു . മറ്റുള്ളവ വായിക്കുന്നതിനനുസരിച്ച് അവയെക്കുറിച്ച് എഴുതാമെന്നു കരുതുന്നു . അംശി നാരായണപിള്ള എഴുതിയ ജ്യോതിഷ ബാലപാഠം , ജ്യോതിഷ പഠനം നടത്തുന്നവര്‍ക്കുള്ള ഒരു കൈപ്പുസ്തകം ആണ് . എന്താണ് ഗ്രഹങ്ങള്‍ , അവയുടെ നിലകള്‍ , അവ മനുഷ്യനില്‍ ചെലുത്തുന്ന ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത് . കവിതാ രൂപത്തില്‍ പരിചയപ്പെടുത്തുന്ന ഈ പുസ്തകം മനോഹരമായ കാവ്യമായി വായിക്കാന്‍ സന്തോഷം നല്കുന്നു എന്നതിനപ്പുറം മനുഷ്യരുടെ അറിവിന്റെ പരിമിതിയും കാലവും അത് അവനില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനവും മനസ്സിലാക്കാന്‍ സഹായകമാണ് . ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും രാശികളെയും ഒക്കെ പരിഗണിക്കുമ്പോള്‍ മനസ്സില്‍ എപ്പോഴും തോന്നുന്ന അതേ ചിന്ത തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് . കോടാനുകോടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും വാല്‍ നക്ഷത്രങ്ങളും അസംഖ്യം ദുരൂഹതകളും നിറഞ്ഞ പ്രപഞ്ചം !

 "അനന്തമജ്ഞാതമാവര്‍ണ്ണനീയം! ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം. അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ട് "

ശരിയാണ് ആ മനുഷ്യന് പ്രത്യേകിച്ചും ഇങ്ങ് കേരളത്തില്‍ അല്ല ഇന്ത്യയില്‍ ഉള്ളവര്‍ക്ക് മാത്രമായി വൈവാഹികക്കുരുക്കുമായി നില്‍ക്കുന്ന ഒരു ഗ്രഹം . ഇന്ന് ശാസ്ത്രം ജലം തേടി അവിടെയിറങ്ങിയിട്ടും ഒട്ടനവധി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിവാഹത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന തമാശകള്‍ ആര്‍ക്കും ബോധ്യമാകാത്ത ഒരു കാര്യമായി നില്‍ക്കുന്നതെന്താകാം. ആകാശ ഗോളങ്ങളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യന്‍ പണ്ടുമുതലെ ശ്രമിക്കുന്നു . അതിന്റെ പേര് ജ്യോതിശാസ്ത്രം എന്നുമാണ് . പക്ഷേ അതിന്റെ പേരിനെ ജ്യോതിഷം എന്നു മാറ്റുകയും ജ്യോതിഷം ഒരു ശാസ്ത്രമായി അവതരിപ്പിക്കുകയും ചെയ്യുന്ന കേവലതയെ നാളിന്നുവരെ ആരും ചോദ്യം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നത് എന്തുകൊണ്ടാകും . ഒരുകാലത്ത് ബ്രാഹ്മണർക്ക് മാത്രം വീട് വയ്ക്കാന്‍ അധികാരം ഉണ്ടായിരുന്നപ്പോള്‍ അവന്റെ വീടിന് സ്ഥാനം നോക്കാനും രൂപരേഖ നിര്‍മ്മിക്കാനും ഉപയോഗിച്ച ശാസ്ത്രമെന്ന കാപട്യം ആണ് വാസ്തു ശാസ്ത്രം . പക്ഷേ ഇന്നത് ആരുടേയും വിശ്വാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു . ജോലിക്കു , വിവാഹത്തിന് , കഷ്ടകാലത്തിന് , വീട് വയ്ക്കാന്‍ , ബിസിനസ് തുടങ്ങാന്‍ എന്തിനധികം നല്ല സന്താനങ്ങളെ ഉണ്ടാക്കാന്‍ , പഠനം തുടങ്ങാന്‍ ,പ്രസവിക്കാന്‍ , ഒക്കെയ്ക്കുമൊക്കെയ്ക്കും ജ്യോതിഷന്റെ അടുത്തേക്ക് പായുന്ന മനുഷ്യരാണ് മലയാളികള്‍ . ശ്രീലങ്ക എന്ന ദേശം അന്ധവിശ്വാസങ്ങളുടെ നാടുകൂടിയാണ് . അവിടെ ഏറ്റവും കൂടുതല്‍ ഉള്ളത് മലയാളി ജ്യോതിഷികള്‍ ആണ് എന്നു തദ്ദേശീയരായ സുഹൃത്തുക്കള്‍ പറഞ്ഞതോര്‍ക്കുന്നു . 

ഇവയൊന്നും വിശ്വസിക്കാത്ത ഞാൻ ചില സുഹൃത്തുക്കളോട് അവരെക്കുറിച്ചു പറയുമ്പോൾ അവരിൽ വിരിയുന്ന ആശ്ചര്യം മാത്രം മതിയാകും ഒരു ജ്യോതിഷ വേഷത്തിന് ഒരു വിശ്വാസിയെ സ്വാധീനിക്കാൻ കഴിയുന്ന തെങ്ങനെ എന്നു മനസ്സിലാക്കാൻ . കപട ശാസ്ത്രങ്ങള്‍ക്കെതിരെ സംസാരിക്കുന്നതുകൊണ്ടു മാത്രം സൗഹൃദങ്ങള്‍ നഷ്ടമാകുന്ന ഒരാള്‍ ആണ് ഞാന്‍ . മതങ്ങള്‍ക്കെതിരെ പറയുമ്പോള്‍ പിണങ്ങുന്ന മത സ്നേഹികള്‍ , സ്യൂഡോ സയന്‍സിനെതിരെ സംസാരിക്കുന്നതിനാല്‍ പിണങ്ങുന്ന ആയൂര്‍വേദ, യൂനാനി , ഹോമിയോ ,സിദ്ധ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഞാന്‍ ജ്യോതിഷത്തെക്കുറിച്ച് പറയുമ്പോള്‍ പിണങ്ങാന്‍ പോകുന്ന ജ്യോതിഷ സുഹൃത്തുക്കള്‍ എന്നിവരോടുള്ള ഇഷ്ടം ഉള്ളില്‍ വച്ചുകൊണ്ടു തന്നെ പറയട്ടെ . ആധുനിക ലോകത്ത് നമുക്ക് സഞ്ചരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഒരുപാടുണ്ടല്ലോ അപ്പോള്‍ എന്തിനാണ് നാം ഇപ്പൊഴും മൃഗങ്ങളും മനുഷ്യരും നമ്മെ ചുമക്കണം എന്നു ശഠിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് . ഇന്ന് നമുക്കറിയാം നമ്മള്‍ ജീവിക്കുന്ന ഇടം മാത്രമല്ല ലോകം . ഒരേ സമയം ലോകത്തിന്റെ നാനായിടങ്ങളില്‍ ജനിക്കുന്ന ആയിരക്കണക്ക് കുട്ടികളില്‍ , കേരളത്തിലോ ഇന്ത്യയിലോ ജനിക്കുന്ന കുട്ടികളുടെ മാത്രം ജീവിതത്തെ ഗ്രഹനില നിയന്ത്രിക്കുമ്പോള്‍ മറ്റ് കുട്ടികള്‍ ഒരു ദോഷവുമില്ലാതെ വിവാഹിതരായി അവര്‍ മുത്തശ്ശിമാരാകുമ്പോഴും ഇവിടെ വിവാഹ സ്വപ്നങ്ങള്‍ താലോലിച്ചിരിക്കേണ്ടി വരുന്ന സ്ത്രീകളെ സൃഷ്ടിക്കുന്ന നിങ്ങള്‍ സമൂഹത്തെ സഹായിക്കുകയല്ല ചെയ്യുന്നത് . കേരളത്തില്‍ മതം പലതാണല്ലോ . മുന്‍പൊക്കെ എല്ലാവർക്കും ഹിന്ദു ജ്യോതിഷമായിരുന്നു പഥ്യം. പൂര്‍വ്വമതക്കാരില്‍ നിന്നും കൂടെക്കൊണ്ട് പോയ വിശ്വാസം . പക്ഷേ ഇപ്പോള്‍ അതിനു പരിണാമം സംഭവിച്ചു ശാഖകള്‍ ഉണ്ടായി . എല്ലാ മതങ്ങൾക്കും ഇന്ന് അവരവരുടെ മതലേബല്‍ ഉള്ള ജ്യോതിഷം സ്വന്തമാണ് . വര്‍ദ്ധിച്ചു വരുന്ന ഇത്തരം അന്ധ വിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ ശാസ്ത്രീയ അഭിരുചിയുള്ള ഒരു തലമുറ വളര്‍ന്ന് വരേണ്ടിയിരിക്കുന്നു . അതിന് ഇത്തരം പുസ്തകങ്ങള്‍ തുറന്ന മനസ്സോടെ വായിക്കേണ്ടതുണ്ട് . കാരണം അപ്പോഴേ അബദ്ധങ്ങള്‍ തിരിച്ചറിയാൻ കഴിയൂ . അമിത വിശ്വാസം ഉള്ളവര്‍ക്ക് പക്ഷേ അത്തരം വായന കൂടുതല്‍ വിശ്വാസമാകും നല്കുക എന്നത് കറുത്ത സത്യവും . സസ്നേഹം ബിജു ജി നാഥ്

Friday, April 1, 2022

ജീവിതമെന്ന അത്ഭുതം ഡോക്ടര്‍ വി പി ഗംഗാധരൻ്റെ ഓര്‍മ്മകള്‍ ...................... കെ എസ് അനിയന്‍

 

ജീവിതമെന്ന അത്ഭുതം

ഡോക്ടര്‍ വി പി ഗംഗാധരൻ്റെ ഓര്‍മ്മകള്‍

കെ എസ് അനിയന്‍

ഡി സി ബുക്സ്

വില: ₹ 299.00

 

ലോകത്തില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ ഭയക്കുന്നതും വെറുക്കുന്നതുമായ ഒരസുഖമാണ് ക്യാന്‍സര്‍. പൂര്‍ണ്ണമായും രോഗമുക്തി ലഭിക്കില്ല എന്ന വിശ്വാസവും , ഫലപ്രാപ്തിയുള്ള മരുന്നുകള്‍ ഒന്നുംതന്നെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല എന്ന ചിന്തയും ചര്‍ച്ചകളും ആശങ്കകളും  കൊണ്ട് നടക്കുന്ന ഒരു രോഗം എന്നും പറയാം. മറ്റെല്ലാ രോഗങ്ങളില്‍ എന്നപോലെ അശാസ്ത്രീയമായ ചികിത്സകളുടെ ഒരു പരമ്പര തന്നെ അര്‍ബുദ ചികിത്സയിലും കേരളത്തിലടക്കം കാണാന്‍ കഴിയുന്നതും ഈ രോഗത്തിന്റെ നേര്‍ക്കുള്ള സമൂഹത്തിന്റെ ഭയവും ആശങ്കകളും വെളിവാക്കുന്നവയാണ് . പാരമ്പര്യ ചികിത്സക്കാരും ലൊട്ട്ലൊടുക്ക് ചികിത്സകരും ,ആയുര്‍വേദക്കാരും , ഹോമിയോക്കാരും എന്നു വേണ്ട അര്‍ബുദ ചികിത്സയില്‍ അവകാശവാദക്കാര്‍ അനവധിയാണ്. ഇവിടെയൊക്കെ തലവച്ചുകൊടുത്തു ഒടുക്കം, സൂചികൊണ്ട് എടുക്കാന്‍ കഴിയുമായിരുന്നത് തൂമ്പാ കൊണ്ട് പോലും എടുക്കാന്‍ പറ്റാത്ത വിധത്തില്‍ ആശുപത്രികളിലേക്ക് നെട്ടോട്ടമോടുകയും മരണപ്പെടുകയും ഡോക്ടറെ കുറ്റം പറയുകയും ചെയ്യുന്ന ജനതയാണ് ഭൂരിഭാഗവും എന്നത് ഒരു സമൂഹ സത്യമാണ് .  അശ്രദ്ധ കൊണ്ടും , അറിവില്ലായ്മ കൊണ്ടും , ലജ്ജ , ഭയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും രോഗത്തിന്റെ ആരംഭഘട്ടങ്ങളില്‍ ചികിത്സ തേടാതെ പോകുന്നതാണ് ഈ രോഗത്തിന് മരണമെന്ന അടിക്കുറിപ്പ് കൊടുക്കാന്‍ കാരണമായി തീരുന്നതെന്ന് മനസ്സിലാക്കുന്നിടത്തേ ഇതിനോടുള്ള ഭയം മാറുകയുള്ളൂ . മറ്റ് രോഗങ്ങളെ അപേക്ഷിച്ച് അര്‍ബുദത്തെ പാൻഡമിക്കായി കാണുന്ന ഒരു സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നതു . ഒരു തരത്തില്‍ അതൊരു ബിസിനസ്സുമാണ്. .

 

            ഡോക്ടര്‍ വി പി ഗംഗാധരന്‍ കേരളത്തിലും പുറത്തും അറിയപ്പെടുന്ന ഒരു അര്‍ബുദ രോഗ ചികിത്സാ വിദഗ്ദ്ധനാണ് . അദ്ദേഹത്തിൻ്റെ അടുത്ത് അഭയം പ്രാപിക്കുന്നവര്‍ ദൈവത്തെ അഭയം പ്രാപിക്കുന്നത് പോലെ ആണ് ഫീല്‍ ചെയ്യുന്നത് എന്നു പലരുടേയും അഭിപ്രായങ്ങള്‍ കണ്ടിട്ടുണ്ട് . ദൈവം ചെയ്യാത്തത് ഡോക്ടര്‍ ചെയ്യുന്നുണ്ട് എന്നത് വിരോധാഭാസം ആയി തോന്നിയേക്കാം എങ്കിലും ഭക്തരെ നിരാശരാക്കരുതല്ലോ . ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ഓര്‍മ്മകളെ കുറിച്ചു വച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍ . ജോലിയില്‍ കയറിയ കാലം മുതലുള്ള ഓര്‍മകളില്‍ , തന്റെ മനസ്സിനെ സ്വാധീനിച്ച ചില മനുഷ്യരുടെ ഓര്‍മകളെ ഓര്‍ത്തെടുക്കുകയും അത് കളക്ട് ചെയ്ത കെ എസ് അനിയന്‍ ഒരു പുസ്തകമാക്കുകയും ചെയ്തു . ഇരുപതിൽ പരം എഡിഷനുകള്‍ വിറ്റുപോയ ഈ പുസ്തകം ഒരു വിധത്തില്‍ പറഞ്ഞാല്‍ അർബുദം മാത്രമല്ല അതിനെക്കുറിച്ച് പറയുന്ന ഏതൊന്നും സമൂഹത്തില്‍ വലിയ കൌതുകവും അറിയാനുള്ള ത്വരയും ഉണര്‍ത്തുന്ന ഒന്നാണ് എന്നതിന്റെ ഉദാഹരണം കൂടിയാണ് . അതല്ലെങ്കില്‍ വെറുമൊരു ഓര്‍മ്മക്കുറിപ്പായി മാറുമായിരുന്ന ഒന്നാണ് ഇത്രയധികം എഡിഷനുകളിലൂടെ സഞ്ചരിക്കുന്നത് എന്നു കാണാം . ഒരാള്‍ പറഞ്ഞതായി ആമുഖക്കുറിപ്പില്‍ പറയുന്നുണ്ട് പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്ന ഈ പുസ്തകം ദിവസവും പാരായണം ചെയ്യുന്നു എന്നു . ഇത്രയൊക്കെ ആഘോഷിക്കപ്പെടുന്ന എന്താണ് ഈ പുസ്തകത്തില്‍ എന്നറിയാനുള്ള ഒരു ആകാംഷ ആമുഖം വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ ഉടലെടുത്തതാണ് . പക്ഷേ പൂര്‍ണ്ണമായും പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഇതിലെന്താണ് പറഞ്ഞിട്ടുള്ളത് എന്നു മനസ്സിലാക്കുമ്പോള്‍ , അവയൊക്കെയും വാഴ്ത്തിപ്പാട്ടുകളും അതിശയോക്തികളും ആയി തോന്നിപ്പോകുന്നു . എന്താകും അങ്ങനെ തോന്നാന്‍ കാരണം എന്നത് കൂടി പറയാം .

 

             ഈ പുസ്തകത്തില്‍ ആദ്യാവസാനം ഉള്ളത് ഡോക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ചില രോഗികളുടെ വിവരങ്ങള്‍ ആണ് . എന്തു വിവരങള്‍ എന്നു ചോദിച്ചാല്‍ അവര്‍ക്ക് രോഗം വന്നു , ഡോക്ടറെ കണ്ടു , ചികിത്സിച്ചു . ചിലര്‍ രക്ഷപ്പെട്ടു പൂര്‍ണ്ണമായി ആരോഗ്യത്തോടെ ജീവിക്കുന്നു ചിലര്‍ മരിച്ചു പോയി . അതിനപ്പുറം ഒന്നോ രണ്ടോ സ്ഥലത്തു ആശുപത്രി ജീവനക്കാരുടെ പ്രത്യേകിച്ചു ചില ഡോക്ടര്‍മാരുടെ സ്വഭാവ വൈചിത്ര്യങ്ങൾ പറയുന്നു . പക്ഷേ ഈ പുസ്തകം ആവശ്യപ്പെടുന്നത് ഇവയൊന്നുമല്ല എന്നു പറയാന്‍ തോന്നുകയാണ് . കാരണം ഈ പുസ്തകം വായിക്കാന്‍ എടുക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു . അത് മറ്റൊന്നുമല്ല ഇതൊരു കൈപ്പുസ്തകമായി സൂക്ഷിക്കാന്‍ പാകത്തിന് ഇതില്‍ ആവശ്യമുണ്ടായിരുന്നത് ഒരു പരിചയസമ്പന്നനായ ഡോക്ടര്‍ എന്ന നിലയ്ക്ക് , ക്യാസര്‍ എന്ന് രോഗത്തിനെ കുറിച്ചും അതിന്റെ വിവിധ വകഭേദങ്ങളും അവയുടെ സൂചനകളും രോഗം വരാവുന്ന, വന്നാല്‍ ഉള്ള മുൻകരുതലുകളും ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അടക്കം ഒരുപിടി കാര്യങ്ങള്‍ പറയാന്‍ കഴിയുമായിരുന്നു എന്നുള്ളപ്പോഴും ഇതില്‍, ഡോക്ടര്‍ ഒരു നല്ല മനുഷ്യ സ്നേഹിയും ലാളിത്യമുള്ളവനും സര്‍വ്വോപരി സ്നേഹവും കരുണയും സഹജീവി സ്നേഹവുമുള്ള ഒരു മനുഷ്യനാണ് എന്നു മാത്രം പറയാനാണ് മുഴുവന്‍ താളുകളും ഉപയോഗിച്ചിരിക്കുന്നത് എന്നു കാണുന്നു . സാമൂഹികമായ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉള്ള ഒരാള്‍ എന്ന നിലയ്ക്ക് ഡോക്ടറില്‍ നിന്നും പ്രതീക്ഷിക്കുന്നത് അത്തരം ഒരു പുസ്തകം കൂടിയാണ് . ഇതുപോലെ ലളിതമായി ക്യാന്‍സറിനേയും അതിനേ സംബന്ധിച്ചുള്ള പൊതുജനത്തിന്റെ സംശയങ്ങളും രോഗികള്‍ക്ക് വേണ്ട നിർദ്ദേശങ്ങളും ഒക്കെ അടങ്ങുന്ന അത്തരം ഒരു പുസ്തകം ലക്ഷോപലക്ഷം ജനങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ പാകത്തിന് ഇറക്കാന്‍ കെ എസ് അനിയനും ഡോക്ടര്‍ക്കും കഴിയട്ടെ എന്നു ആശിക്കുന്നു . വിപണികളില്‍ ഉള്ള പുസ്തകങ്ങള്‍ രണ്ടു തരത്തിലാണ് . ഒന്നു അശാസ്ത്രീയവും ഉപയോഗശൂന്യവുമാണെങ്കില്‍ മറ്റൊന്നു സാധാരണക്കാരന് മനസ്സിലാകാത്ത ശാസ്ത്രീയരീതിയില്‍ ഉള്ളതാണ് . ഇവയ്ക്കിടയില്‍ നിന്നും ഒരു അനുകൂലമായ വായനയെ സംഭാവന ചെയ്യാന്‍ ഈ കൂട്ടുകെട്ടിന് കഴിയട്ടെ. സസ്നേഹം ബിജു ജി.നാഥ്