Saturday, June 30, 2018

സ്ത്രൈണ കാമസൂത്രം ......... കെ.ആർ.ഇന്ദിര

സ്ത്രൈണ കാമസൂത്രം ( ലൈംഗിക ശാസ്ത്രം)
കെ.ആർ.ഇന്ദിര
ഡി.സി.ബുക്സ്
വില: 160 രൂപ



          സാമൂഹിക ബോധത്തിന്റെ പ്രധാന കടമ എന്നത് സമൂഹത്തില്‍ എന്തെങ്കിലും ചെയ്യുക എന്നുള്ളത് തന്നെയാണ് . അത് സമൂഹ നന്മയെ ലക്‌ഷ്യം വയ്ക്കുന്നതും , വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ ഉതകുന്നതും ആകുമ്പോള്‍ അതിനു പ്രസക്തി വര്‍ദ്ധിക്കും . പലപ്പോഴും ഇത്തരം വിപ്ലവങ്ങള്‍ സംഭവിക്കുക നിശബ്ദമായിട്ടായിരിക്കും . അതു പതിയെ പടര്‍ന്നു മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് സഞ്ചരിച്ചു ഒരു പുതിയ അവബോധവും ദിശാബോധവും സംഭവിക്കുകയും സമൂഹ ജീവിതത്തില്‍ അതിന്റെ അനുരണനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ സമൂഹത്തെ മാറ്റി മറിക്കാന്‍ ചിന്തകളെ വ്യതിചലിപ്പിക്കാന്‍ കഴിയുന്ന രചനകള്‍ നമുക്ക് വളരെ കുറവാണ് . ഒരു വായനയും നമ്മെ മാറ്റാന്‍ പര്യാപ്തമല്ല എന്ന അവസ്ഥയില്‍ ആണ് നമ്മുടെ സമൂഹം. വീണു കിടക്കുന്ന അഴുക്കുചാലുകളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഒരു മനസ്സ് നമുക്ക് നഷ്ടമായിരിക്കുന്നു . വീണിടം വിഷ്ണുലോകം എന്ന ചിന്തയിലൂടെ അതിനോട് സമരസപ്പെടാന്‍ ആണ് നമുക്കേറെ ഇഷ്ടം.
അഭ്യസ്തവിദ്യരെന്നു സമൂഹത്തെ വിലയിരുത്തപ്പെടുന്നത് അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണ് എന്ന് സൂചിപ്പിക്കുന്ന പ്രതികരണങ്ങള്‍ , പ്രവര്‍ത്തനങ്ങള്‍ ആണ് ഇന്ന് ലോകത്തിനു മുന്നില്‍ മലയാള സമൂഹം കാഴ്ച വെയ്ക്കുന്നത് . മാമൂലുകളുടെ ചട്ടക്കൂട്ടിനുള്ളില്‍ കിടന്നു ശ്വാസം മുട്ടുമ്പോഴും അതില്‍ നിന്നൊന്നു കരകയറാന്‍ അവര്‍ക്ക് കഴിയുന്നതുമില്ല .
പൊതുവേ കേരള സമൂഹത്തിന്റെ കുടുംബ ചിന്ത എന്ത് എന്ന് നമുക്ക് വ്യക്തമായി അറിയാവുന്നതും അതില്‍ നിന്നും മാറി ചിന്തിക്കാന്‍ നമുക്ക് എന്തോ മനസ്സുകൊണ്ട് പോലും കഴിയാതെ പോകുന്നതും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ അവരവരുടെ കുടുംബത്തിലേക്കും വ്യക്തി ജീവിതത്തിലേക്കും നോക്കിയാല്‍ മതിയാകും.
      
          ഇത്തരം സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ഓരോ എഴുത്തുകാരും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തി കാണിക്കുന്നത് . പലപ്പോഴും അതില്‍ സംഭവിക്കുന്ന വസ്തുത , ഈ സാമൂഹ്യ പ്രതിബദ്ധത എന്നത് തങ്ങളുടെ സദാചാര മാമൂലുകളുടെ കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ ഉള്ള ആഹ്വാനങ്ങള്‍ ആണ് എന്നതാണ് . അതിനു വിപരീതമായി വിപ്ലവം ചിന്തിക്കുന്ന , എഴുതുന്നവര്‍ എല്ലാം തന്നെ ഒറ്റപ്പെട്ടുപോകുന്നു . അവരുടെ എഴുത്തിനെ പലപ്പോഴും രഹസ്യമായി പിന്താങ്ങുകയും പരസ്യമായി സമൂഹത്തിന്റെ ഒഴുക്കില്‍ വീണു അലയുകയും ചെയ്യുന്നവര്‍ ആണ് ഭൂരിപക്ഷവും .
 
          ശ്രീമതി കെ ആര്‍ ഇന്ദിര എഴുതിയ "സ്ത്രൈണകാമസൂത്രം" വളരെ പ്രതീക്ഷയോടെ വായിച്ച ഒരു പുസ്തകം ആണ്. കാരണം അതിന്റെ ആമുഖത്തിലും പരസ്യങ്ങളിലും കേട്ട വാചകം സ്ത്രീകളുടെ ഇടയില്‍ കാമസൂത്രത്തിനുള്ള പ്രചാരമില്ലയ്മയും പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അവള്‍ക്ക് വേണ്ടി ഒരു കാമസൂത്രം എഴുതപ്പെട്ടിട്ടില്ലാ എന്ന പോരായ്മയും മാറ്റുന്നത് ആണ് ഈ രചന എന്നുമായിരുന്നു . അതുകൊണ്ട് തന്നെ ലൈംഗികശാസ്ത്രം എന്ന വിഭാഗത്തില്‍ വന്ന ഈ പുസ്തകം വളരെയേറെ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കി . പത്തു രണ്ടായിരം വർഷം മുന്‍പ് എഴുതപ്പെട്ട ഒരു ഗ്രന്ഥം ആണ് കാമസൂത്രം . ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളെക്കുറിച്ച് ഇന്നും അഭ്യൂഹങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. എങ്കിലും വാത്സ്യായന മുനിയാണ് ഇതിന്റെ കര്‍ത്താവ്‌ എന്ന വിശ്വാസം ആണ് നാളിന്നോളം പ്രചാരത്തില്‍ ഉള്ളത് . മറ്റെല്ലാ കലകളെയും പോലെ ലൈംഗികതയും ഒരു കലയായും ശാസ്ത്രമായും കാണുകയും പരിചരിക്കുകയും ചെയ്ത ഒരു ജനതയായിരുന്നു സൈന്ധവര്‍ എന്നതിന് ഉദാഹരണം ആണ് ആ കലാവിഭാഗത്തെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശിക ഗ്രന്ഥത്തിലൂടെ അവതരിപ്പിക്കുവാന്‍ അന്ന് ശ്രമിച്ചു എന്നത് . മഹാഭാരതവും രാമായണവും ഗീതയും ഒക്കെപ്പോലെ തന്നെ ഭാരതീയര്‍ കാമസൂത്രയും വായിച്ചിരുന്നു . പക്ഷെ ഇതിന്റെ സ്ഥാനംഎപ്പോഴും ഗുപ്തമായിരുന്നു എന്നൊരു സംഗതി ലൈംഗികത ഒളിച്ചു ചെയ്യേണ്ട ഒരു വസ്തുതയാണ് എന്ന ചിന്തയില്‍ എത്തിയ ഒരു കാലത്തില്‍ നാം എത്തിയതിന്റെ തെളിവായി കാണാം . അറബ് സാഹിത്യത്തില്‍ ഫോര്‍ബിഡന്‍ ലവ് എന്നൊരു ഗ്രന്ഥം ഉണ്ട് എങ്കിലും കലാഭംഗി കൊണ്ടും വ്യാഖ്യാന വിശാലതകൊണ്ടും ഉപയോഗത്തില്‍ പ്രചുരപ്രചാരം ലഭിക്കുന്നത് ഇന്നും കാമസൂത്രയ്ക്ക് തന്നെയാണ് . ഇന്ന് ലോകത്ത് ഒട്ടുമിക്ക  ഭാഷയിലും ഇത് ലഭിക്കുന്നുണ്ട് എന്നത് ഇതിന്റെ കലാഭംഗിയുടെ മികവു തന്നെയാണ് .

        ഇവിടെ ഇന്ദിര ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത ഇത്തരുണത്തില്‍ പ്രസക്തമാണു . കാമസൂത്ര മുഴുവനും വായിക്കുക ആണെങ്കില്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒരു വസ്തുത അതില്‍ പുരുഷന് സ്ത്രീയെ എങ്ങനെയെല്ലാം ലൈംഗികമായി ഉപയോഗിക്കാം എന്നും എന്തൊക്കെ ചെയ്യാം എങ്ങനെ ഒക്കെ ചെയ്യാം എപ്പോഴൊക്കെ ചെയ്യാം ആരോടൊക്കെ ചെയ്യാം എന്നുള്ളത് മാത്രമാണ് . സ്ത്രീക്ക് അതില്‍ ഒരു ഉപകരണഭാഗം മാത്രമായി മാറി നില്‍ക്കേണ്ട ഗതികേട് ആണ് ഉള്ളത് . അതിനുപുറമേ അവള്‍ക്ക് ഒരു നൂറു നിര്‍ദ്ദേശങ്ങള്‍ അവനെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് മാത്രമാണ് . മത ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ സ്ത്രീക്ക് നല്‍കുന്ന പരിവേഷം കീഴടങ്ങി ജീവിക്കുന്ന പുരുഷന്റെ ഉപകരണം മാത്രമാണ് അവള്‍ എന്ന സന്ദേശം ആണ് . മാനവികതയുടേതായി ഒരു മതവും സ്ത്രീക്ക് മേന്മയോ അന്തസ്സോ നല്‍കുന്നില്ല . പുറമേ കാണിക്കുന്ന ചില സുഖിപ്പിക്കലുകള്‍ മാത്രം എടുത്തുകാണിച്ചുകൊണ്ട്‌ മതമേധാവികള്‍ , മത വിശ്വാസികളായ അല്പജ്ഞാനികള്‍ തുടങ്ങിയവര്‍ സ്ത്രീയുടെ മഹത്വം പറയുന്നുണ്ട് എങ്കിലും ഉള്ളി തൊലിക്കും പോലെ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ഒന്നുമില്ല എന്നത് സുവ്യക്തമാണ് .

       ഇവിടെ ഈ ഗ്രന്ഥം എന്താണ് പങ്കു വയ്ക്കുന്നത് എന്ന് പരിശോധിക്കുകയാണെങ്കില്‍ ഇതിന്റെ മുക്കാല്‍ ഭാഗവും കാമസൂത്രയെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു വളരെ വ്യക്തമായി എന്നതാണ് വായനയില്‍ കാണുന്നത് . കാമസൂത്ര വായിക്കാത്ത ഒരാള്‍ക്ക് ഈ പുസ്തകം വായിച്ചാല്‍ അത് മതിയാകും . അത് കഴിഞ്ഞാല്‍ ഉള്ളത് ഒരു സര്‍വ്വേ ആണ് . അഞ്ഞൂറു സ്ത്രീകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല വിഭാഗത്തില്‍ ഉള്ള അഞ്ഞൂറ് പേരില്‍ നല്‍കിയ ചോദ്യാവലിയാണ് ഈ പുസ്തകത്തിന്റെ ആധാരം എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട് . ഇന്ത്യയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു പഠിച്ചും പ്രയോഗിച്ചും കണ്ടും മനസ്സിലാക്കിയും ആണ് കാമസൂത്രം എഴുതിയത് എന്നതിന് പകരമായി അതിന്റെ സ്ത്രീ പക്ഷം എഴുതുവാന്‍ തുനിയുമ്പോള്‍ കേരളം എന്ന ഒരു ചെറിയ ഭൂവിഭാഗത്തിലെ കേവലം അഞ്ഞൂറ് പേരില്‍ സര്‍വ്വേ ചോദ്യങ്ങള്‍ എത്തുകയും അതില്‍ നിന്നും നൂറ്റിരുപത് പേര്‍ മറുപടി നല്‍കുകയും അതില്‍ മുപ്പതെണ്ണം ശൂന്യമായി തിരികെ ലഭിച്ചതും ആണ് . തത്വത്തില്‍ തൊണ്ണൂറോളം പേരുടെ അഭിപ്രായം ആണ് ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നത്‌ . അവരില്‍ തന്നെ ഉത്തരങ്ങളില്‍ പലതും ചേരായ്മകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് . ആ സര്‍വ്വേ ഫലം കഴിഞ്ഞാണ് ശരിക്കും ഗ്രന്ഥത്തിന്റെ കാതലായ ഭാഗം എന്ന് വായനക്കാരെ മനസ്സിലാക്കിക്കുന്ന സ്ത്രൈണ കാമസൂത്രം വരുന്നത് . നിര്‍ഭാഗ്യവശാല്‍ അത് എങ്ങുമെത്താതെ പോയി എന്ന് പറയുന്നത് സങ്കടകരമാണ് . ആ ഭാഗത്ത്‌ വായിക്കാന്‍ കഴിയുന്നത്‌ ആദ്യഭാഗത്ത് പറഞ്ഞ കാമസൂത്രത്തിനു നേരെയുള്ള സ്ത്രീപക്ഷത്തിന്റെ പ്രതിരോധത്തിന്റെയും വിമര്‍ശനങ്ങളുടെയും ചില പോം വഴികളുടെയും ആശ്വാസനിശ്വാസങ്ങളുടെയും ആകെത്തുകയായ ഒരു ലേഖനം മാത്രമാണ് .

        ഒരു ഗ്രന്ഥത്തിന്റെ ബദൽ നിര്‍മ്മിക്കാന്‍ തുടങ്ങുമ്പോള്‍ ആവശ്യമായ ഗൃഹപാഠം സ്ത്രീയെന്ന പരിമിതിയും വിഷയത്തിന്റെ കാഠിന്യവും ഓര്‍ത്താകം വളരെ ശുഷ്കമായിരുന്നു എന്നതിനാലാകണം സംഗതി കൈകളില്‍ നിന്നും വിട്ടുപോയത് . ഒരു പക്ഷേ, ഒരു കൂട്ടായ സംരംഭമായി ഒരു പറ്റം സമാന ചിന്താഗതിക്കാരെ അണിനിരത്തി വിഷയത്തെ നന്നായി സമീപിക്കുകയും പുരുഷനില്‍ നിന്നൊരു സ്ത്രീക്ക് എങ്ങനെ അവള്‍ ആഗ്രഹിക്കുന്ന സുഖങ്ങള്‍ നേടാം എന്നും അവനെ എങ്ങനെ എവിടെ എപ്പോള്‍ ഉപയോഗിക്കാം എന്നൊക്കെയുള്ള ഒരു നിര്‍മ്മിതി നന്നായിരുന്നേനെ . എന്നാല്‍ അത് ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ എങ്ങനെ അവതരിപ്പിക്കും എന്നതിന് ഒരുപാട് പഠനങ്ങള്‍ ആവശ്യമാണ് . അവയൊന്നുമില്ലാതെ ശ്രീ ഇന്ദിര വായനക്കാരെ പ്രത്യേകിച്ച് ഇതിന്റെ ഉപഭോക്താക്കളായ സ്ത്രീകളെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ .
ഇതൊരു ലൈംഗിക ശാസ്ത്രം ആയി കാണാന്‍ കഴിയുക ഇപ്പോഴും കാമസൂത്രയെ സാധാരണക്കാരന്റെ ഭാഷയില്‍ അവതരിപ്പിച്ചു എന്ന നിലയില്‍ മാത്രമാണ് . സര്‍വ്വേയും സ്ത്രൈണ കാമസൂത്രവും ഒരു പരാജയപ്പെട്ട സംരംഭം ആണ് . അതിനെ ചരിത്രത്തില്‍ ഇനിയും ആരെങ്കിലും പാളിച്ചകള്‍ തിരിച്ചറിഞ്ഞു പുനര്‍നിര്‍മ്മിക്കുകയാണെങ്കില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങള്‍ ഉള്ള ഒരു സമൂഹം ഉണ്ടായി വരുമെങ്കില്‍ , ലൈംഗികതയുടെ അരാജകത്വം നഷ്ടമാകുകയും വളരെ ഭംഗിയുള്ള ഒരു കലയായി അത് പുനര്‍ജ്ജനിക്കുകയും എല്ലാ മനുഷ്യരും സംതൃപ്തരായി സന്തോഷമായി കഴിയുന്ന ഒരു സമൂഹം ഉണ്ടായി വരികയും ചെയ്യും എന്ന് പ്രത്യാശിക്കുന്നു . അതിനു കാരകമാകാന്‍ ശ്രീ ഇന്ദിരയുടെ ശ്രമങ്ങള്‍ക്ക് കഴിയും എങ്കില്‍ ഇതൊരു നാഴികക്കല്ലു ആണ് . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Wednesday, June 27, 2018

അഗ്നിച്ചിറകുകൾ .......എ പി ജെ അബ്ദുൾ കലാം


അഗ്നിച്ചിറകുകള്‍ (ആത്മകഥ)
എ പി ജെ അബ്ദുള്‍ കലാം
ഡി സി ബുക്സ്
വില: 80 രൂപ
 
"ഞാന്‍ എന്തുകൊണ്ട് ഈ അക്ഷരങ്ങള്‍ കുറിച്ച് വയ്ക്കുന്നു എന്ന ചോദ്യത്തിന് എന്റെ കൈയ്യിലുള്ള ലളിതമായ ഉത്തരം ഇത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എങ്കിലും വഴികാട്ടിയാകും എന്ന് കരുതിത്തന്നെയാണ്‌ . ദാരിദ്ര്യത്തിന്റെ, ഇല്ലായ്മയുടെ ഇടയില്‍ നിന്നും ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ". അതെ, ശരിക്കും ഇന്ത്യയുടെ മിസൈല്‍ മാന്‍ ആയ , രാഷ്ട്രപതി ആയ അന്തരിച്ച മഹനീയ വ്യക്തിത്വം തന്റെ ആത്മകഥ എഴുതുവാനായി പറഞ്ഞ കാരണം വളരെ ചിന്തോദ്ദീപകം തന്നെയാണ് . ആത്മകഥകള്‍ ഒരുപാട് ഉള്ള വായനാലോകത്ത് പലതും നല്‍കുന്നത് പലതായ അനുഭവങ്ങളും രസങ്ങളും ആണ് . പലപ്പോഴും അത് രാഷ്ട്രീയപരമായ , സാമൂഹികപരമായ ധര്‍മ്മം പാലിക്കാന്‍ ഉള്ള ശ്രമമോ അതില്‍ നിന്നും വേറിട്ട്‌ സ്വയംവത്കൃതമായ ഒരു ബിംബം നല്‍കാന്‍ ഉള്ള ശ്രമമോ ഒക്കെ ആകുന്നതു വായിച്ചു അറിഞ്ഞിട്ടുണ്ട് . ലോകത്തെ ആകര്‍ഷിച്ച ഒരുപാട് ആത്മകഥകള്‍ ഉണ്ട് നമുക്ക് വായനയില്‍ .
കലാം തന്റെ പുസ്തകത്തില്‍ പറയുന്നത് രാമേശ്വരത്തെ ഒരു ചെറിയ കുടിലില്‍നിന്നും സ്വപ്രയത്നം കൊണ്ടും ഇച്ഛാശക്തി കൊണ്ടും ലോകത്തിന്റെ കണ്ണില്‍ അസൂയ ഉളവാക്കുന്ന വിജയങ്ങള്‍ കൊയ്തുകൊണ്ട് ഇന്ത്യ എന്ന രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്ന ഒരു മനുഷ്യന്റെ കഥയാണ് . ഈ പുസ്തകത്തില്‍ നിറയെ വായിക്കാന്‍ ഉള്ളത് ഒരു രാജ്യത്തിന്‌ വേണ്ടി , അര്‍പ്പണബോധത്തോടെ , കറകളഞ്ഞ രാഷ്ട്രീയ ചിന്തകളോടെ ഒരു സംഘം മനുഷ്യരെ ഒന്നിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ശ്രേയസ്സിന് കാരണമായ റോക്കറ്റുകള്‍ , മിസൈലുകള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍ രൂപം കൊള്ളുന്ന സംവിധാനത്തെ നയിച്ച ഒരു എളിയ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ആണ് .
താന്‍ ജനിച്ചു വളര്‍ന്ന പ്രദേശത്തെയും , സാഹചര്യങ്ങളെയും സാമൂഹ്യ അന്തരീക്ഷങ്ങളെയും വളരെ മനോഹരവും സത്യസന്ധവുമായ ഭാഷയില്‍ കലാം പറയുന്നു . തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെ ഒന്നൊഴിയാതെ സ്നേഹത്തോടെ സ്മരിക്കുന്ന ഈ വായനയില്‍ എങ്ങും തന്നെ ഒരാളെയും കുറ്റപ്പെടുത്താനോ ആരെയും അപകീര്‍ത്തിപ്പെടുത്താനോ ഒരിക്കലും ശ്രമിക്കാതെ വിജയങ്ങളെയും പരാജയങ്ങളെയും കുറിച്ച് വാചാലനാകുന്ന ഒരു ദേശസ്നേഹി ആണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്. രാഷ്ട്രത്തിനു വേണ്ടി അഹോരാത്രം പണി ചെയ്യുന്ന മനുഷ്യര്‍ . സാങ്കേതികത എന്നു കേട്ടാല്‍ പൊതുവേ നമുക്ക് മനസ്സിലാകുന്ന പുകക്കുഴല്‍ കാണാന്‍ കഴിയുന്ന ഫാക്ടറികള്‍ മാത്രമല്ല രാജ്യരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പടക്കോപ്പ് നിര്‍മ്മിക്കുന്ന യന്ത്രശാലകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന് കലാം വ്യക്തമായി പറയുന്നു . കഴിവും ആത്മാർത്ഥതയും ഉള്ളവരെ തിരഞ്ഞെടുക്കാനും വിന്യസിക്കാനും അവരിലെ ആശയങ്ങളെ ഉള്‍ക്കൊള്ളാനും ഒരു മേധാവിക്ക് എങ്ങനെ കഴിയണം എന്ന് കലാം പഠിപ്പിച്ചു തരുന്നു . വിക്രം സാരാഭായി , സതീഷ്‌ ധവാന്‍ , തുടങ്ങി എല്ലാ പ്രതിഭകളുടെയും അര്‍പ്പണ ബോധവും ക്രാന്തദർശിത്വവും കലാം വളരെ നന്നായി അവതരിപ്പിക്കുന്നുണ്ട് . നെഹ്‌റു , ഇന്ദിരാ ഗാന്ധി , രാജീവ് ഗാന്ധി തുടങ്ങിയവര്‍ നല്‍കിയ പ്രോത്സാഹനവും പിന്തുണയും എടുത്തു പറയുന്ന കലാം മിസൈല്‍, റോക്കറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ ഇന്ത്യയും വിദേശവും തമ്മില്‍ കിടമത്സരം നടന്നു എന്നുകൂടി ചൂണ്ടിക്കാട്ടുന്നു .
തികച്ചും തദ്ദേശീയമായ നിര്‍മ്മിതികളിലൂടെ ഇന്ത്യക്ക് വിദേശനാണ്യവും പ്രശസ്തിയും നേടിത്തന്ന വഴികളെ കലാം വിവരിക്കുന്നു വ്യക്തമായി. പരിമിതമായ സൗകര്യങ്ങളും സാഹചര്യങ്ങളും ഉപയോഗിച്ച് വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം തല ഉയര്‍ത്തി നില്‍ക്കുന്ന തരത്തില്‍ രാജ്യത്തെ പ്രാപ്തനാക്കാന്‍ കലാമിനും കൂട്ടര്‍ക്കും കഴിയുക എന്നത് ചെറിയ കാര്യമല്ല .
കുട്ടിക്കാലത്തെയും, വീട്ടുകാരെയും വളരെയേറെ സ്നേഹിക്കുന്ന ഒരു ദൈവവിശ്വാസിയും മനുഷ്യസ്നേഹിയും ആയ കലാം ഓരോ ചുവടിലും അവരെ ഓര്‍ക്കുന്നുണ്ട് . കൂട്ടത്തില്‍ ആകാംഷയോടെ കാണാന്‍ കഴിഞ്ഞ ഒരു വസ്തുത ഒരു പാരഗ്രാഫ് ചാരക്കേസില്‍ വിവാദനായകനായ നമ്പി നാരായണനെ കുറിച്ചുള്ളതായിരുന്നു എന്നതാണ് . തികച്ചും നല്ലതും വളരെ അഭിമാനത്തോടെ സ്മരിക്കുകയും ചെയ്ത ഒരു മനുഷ്യനായിരുന്നു നാരായണന്‍ ഈ വരികളില്‍ . ശശികുമാറിനെ ഒരു വരിയില്‍ പേര് മാത്രം പറഞ്ഞു പോകുമ്പോള്‍ നാരായണനെ പേരെടുത്തു പറഞ്ഞു ഓര്‍ക്കുന്നുണ്ട് കലാം . നാരായണന്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞ ഒരു വിഷയം ഇതില്‍ കാണാന്‍ കഴിഞ്ഞില്ല . അത്രയേറെ പ്രധാനമായ മറ്റൊരു സംഭവം പറയുമ്പോഴും ഒരപകടത്തില്‍ നിന്നും രക്ഷിച്ച നാരായണനെ ഓര്‍ക്കുമ്പോള്‍ ആ സംഭവം ഓര്‍ക്കാതെ പോയത് എന്തുകൊണ്ട് എന്ന് ചിന്തിച്ചുപോയി .
തീര്‍ച്ചയായും സാധാരണ വായനക്കാര്‍ക്ക് ഇത് വിരസത നല്‍കുന്ന വായന ആകും എന്നതുറപ്പാണ് . എന്നാല്‍ കുട്ടികള്‍ക്കും , ചെറുപ്പക്കാര്‍ക്കും ജീവിത വിജയത്തിന് ഈ പുസ്തകം വായിക്കേണ്ടത് ആവശ്യം തന്നെ എന്ന് കരുതുന്നു . എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ തത്രപ്പെടുന്ന സ്കൂളുകള്‍ കലാമിനെ കൂടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും വായിപ്പിക്കുകയും ചെയ്യണം എന്നൊരു ആഗ്രഹം പങ്കു വച്ചുകൊണ്ട് സ്നേഹപൂര്‍വ്വം ബി.ജി.എന്‍ വര്‍ക്കല

അവൾ പൂങ്കുയിൽ ...

അവൾ പൂങ്കുയിൽ ...
.................................
അവൾ
നിലാവിനെ കണ്ണുകളിൽ ആവാഹിച്ചവൾ !
ഹൃദയത്തിന്റെ ഭാഷയിൽ
പ്രണയത്തെ അടയാളപ്പെടുത്തിയവൾ.
നേർത്ത തിരശ്ശീല ഞൊറികളിൽ
ദുഃഖങ്ങളെ കൊരുത്തിടുകയും
തേനീച്ചകൾക്കു തലച്ചോറിൽ
കൂടുകൂട്ടാൻ ഇടം നല്കുകയും ചെയ്തവൾ.
വരണ്ടുപോയ നെൽപ്പാടം
നെഞ്ചിലേറ്റുമ്പോഴും
പരൽമീൻ ഓടിക്കളിക്കും
കൈത്തോട് തിരികെ വരുന്നത്
സ്വപ്നം കണ്ടവൾ.
കടലിൽ നിന്നൊരു തിര
ഒരു നാൾ തന്നെ വന്നു വിളിക്കുമെന്നും
പവിഴമുറങ്ങുന്നൊരു ചിപ്പി
സമ്മാനമായ് തരുമെന്നും കരുതുവോൾ.
നോക്കൂ
നിങ്ങൾക്കാ മിഴികളിൽ
കണ്ണീരു കാണാനാവില്ല.
നിങ്ങൾക്കാ ചുണ്ടുകൾ
വിതുമ്പുന്നതും അറിയാനാവില്ല.
അവൾ ആർക്കും പിടി തരാതെ
ഉൾക്കാമ്പിൽ കരയുന്നവൾ.
ഒരു പിടി മഞ്ചാടി മണികൾ
ഒരല്പം വളപ്പൊട്ടുകൾ
ഒരപ്പൂപ്പൻ താടി...
മതിയവൾക്ക് .
തൊട്ടാവാടി തിരികെ വിടരുമ്പോലെ
അവളുടെ മിഴികളിൽ
വസന്തം വിരുന്നു വരുന്നത്  കാണാം.
നിങ്ങളവളെ സ്നേഹിക്കണ്ട.
നിങ്ങളവളെ ഒറ്റയ്ക്കു വിടുക.
അവൾ ....
അവൾക്കും സ്വപ്നം കാണാൻ
ഒരവസരം നല്കുക.
... ബി.ജി.എൻ വർക്കല

Saturday, June 23, 2018

കഥ മരങ്ങൾ !

ഇലകള്‍ക്ക് പറയാനൊരു കഥയുണ്ട് 
പൂക്കള്‍ക്ക് പറയാനുമൊരു കഥയുണ്ട് 
മുള്ളുകള്‍ പറയുന്നുണ്ട് പല കഥകള്‍ 
എനിക്ക് കേള്‍ക്കാനിതെത്ര കഥമരങ്ങള്‍ !

..... ബി.ജി.എൻ വർക്കല

Friday, June 22, 2018

ഒടുക്കം ........ പമ്മൻ

ഒടുക്കം (നോവൽ)
പമ്മൻ (ആർ. പരമേശ്വര മേനോൻ )
ഡി.സി.ബുക്സ്
വില.90 രൂപ.

ഒരു കാലത്തു വായനശാലകളിൽ ലഭ്യമല്ലാതിരുന്നതും ,ലഭ്യമാകുന്നവയിൽ പേജുകൾ നഷ്ടമായിരുന്നതും ഏറ്റവും കൂടുതൽ വായന ലഭിച്ചിരുന്നതുമായ ഒരു എഴുത്തുകാരനായിരുന്നു പമ്മൻ . കൊച്ചു പുസ്തകങ്ങൾ വാങ്ങി ഒളിച്ചു വച്ചു വായിച്ചിരുന്ന അതേ രഹസ്യാത്മകതയോടെ പമ്മന്റെ പുസ്തകങ്ങൾ വായിക്കപ്പെട്ടിരുന്നു. കോളിളക്കം സൃഷ്ടിച്ച 'ഭ്രാന്ത് ' എന്ന നോവൽ മാധവിക്കുട്ടിക്ക് നല്കിയ പ്രശസ്തിയും ഒട്ടും കുറവല്ല എന്നു തന്നെ പറയാം. ഒടുവിൽ വായനക്കാരുടെ ആവശ്യം മുൻനിർത്തി 'സെക്സ് പമ്മന്റെ നോവലുകളിൽ ' എന്നൊരു പുസ്തകം പോലുമിറങ്ങുകയുണ്ടായി.  മലയാളിയുടെ ലൈംഗികവികാരത്തിന്റെ കരിമരുന്നു പുരകൾക്ക് പമ്മന്റെ സമ്മാനമായിരുന്നു തീപ്പൊരികൾ പോലെയാ നോവലുകൾ. ഇന്ന് സോഷ്യൽ മീഡിയകളും ബ്ലോഗുകളും ഇൻറർനെറ്റിന്റെ സാധ്യതകളും പമ്മനെ വായിക്കുന്നതിൽ നിന്നും പിറകോട്ടു നടത്തിച്ചു എന്നു പൂർണ്ണമായും പറയാനാകില്ല. പമ്മനെ വായിക്കുന്നു എന്നു പറയുന്നതു പോലും മലയാളിക്കു അശ്ലീലമാണ്.
പമ്മൻ എഴുതിയവ അശ്ലീലമായി മാത്രം വായിച്ചതിന്റെ പോരായ്മയാണ് പമ്മനെ കുപ്രസിദ്ധനാക്കിയത്. പ്രതിഭയുള്ള ഒരു എഴുത്തുകാരൻ തന്നെയാണ് അദ്ദേഹം. സമകാലികർക്കിടയിൽ പക്ഷേ അദ്ദേഹത്തിന്റെ നെഗറ്റീവു ആയി കണക്കാക്കപ്പെട്ടത്  പൈങ്കിളി നോവലുകൾ കറക്കിപ്പറയാൻ ശ്രമിച്ചത് വെട്ടിത്തുറന്നു പറഞ്ഞു എന്നതു മാത്രമാണ്. പമ്മൻ എഴുതിയ മറ്റൊരു നോവലാണ് " ഒടുക്കം". പമ്മന്റെ സെക്സ് ടച്ച് പ്രതീക്ഷിച്ചു വരുന്ന വായനക്കാർക്ക്  നിരാശ നല്കുന്ന പുസ്തകമാണ് ഇത്. പമ്മന്റെ മറ്റെല്ലാ നോവലുകളുമെന്ന പോലെ ഇതും സ്ത്രീപക്ഷ രചനകളാണ്. സ്ത്രീയുടെ മനസ്സിന്റെ വിവിധ കോണുകളെ വ്യത്യസ്ഥമായ രീതികളിൽ നോക്കിക്കാണാൻ ശ്രമിക്കുന്ന പമ്മന്റെ രചനാ ചതുരത ഇതിലും കാണാം.

ഇന്ദു എന്ന ഇന്ദിരയുടെ ജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം. പഴയ നായർ തറവാടുകളുടെ ജീവിത പരിസരങ്ങളും ഉയർച്ചതാഴ്ചകളും ഒക്കെ ഇതിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും മരുമക്കത്തായ രീതികളിൽ നിന്നും വേർപെട്ടു ഇന്ദുവും കുടുംബവും മാറിത്താമസിക്കുന്നതും ഭിന്ന സ്വഭാവക്കാരായ അച്ഛനമ്മമാരിൽ നിന്നും ചുറ്റുപാടുമുള്ള സ്വന്ത ബന്ധങ്ങളിൽ നിന്നും ഇന്ദു തന്നെ പരുവപ്പെടുത്തിയെടുക്കുന്നത് തികച്ചും വ്യത്യസ്ഥയായ ഒരു സ്ത്രീയായാണ്.  മറ്റുള്ളവരുടെ സൗകര്യമോ ഇഷ്ടമോ നോക്കി ഒന്നും ചെയ്യാൻ ഇഷ്ടമല്ല എന്നുറക്കെ പ്രഖ്യാപിക്കുന്ന ഇന്ദു തന്റെ ജീവിതം വലിയൊരു പരാജയം ആണ് എന്ന് തിരിച്ചറിയുന്നതേയില്ല.
കുടുംബ ബന്ധങ്ങളുടെ ഭദ്രതയും സ്നേഹപാശങ്ങളും കൊടുക്കൽ വാങ്ങലുകളും പരിചയിച്ചിട്ടില്ലാത്ത ഇന്ദു നല്ല വിദ്യാഭ്യാസം നേടിയെങ്കിലും ജീവിതത്തിൻ പരാജയം തന്നെയായിരുന്നു. ലൈംഗികത എന്നത് ഇന്ദുവിന് അപരിചിതമായ ഒരു മേഖലയായിരുന്നു. അതിനാൽ തന്നെ ഭർത്താവുമൊത്തുള്ള ദീർഘകാല ദാമ്പത്യം എന്നത് രണ്ട് അപരിചിതരുടെ ഒന്നിച്ചുള്ള വാസം മാത്രമായിരുന്നു. എപ്പോഴോ ഒക്കെയായി വിരളമായി സംഭവിച്ചിട്ടുള്ള വേദനാപൂർവ്വമായ രതി അവൾക്കൊരിക്കലും ആസ്വാദ്യകരമായിരുന്നില്ല. ശിവദാസമേനോൻ എന്ന ഭർത്താവിനും അവളെ ഒന്നിനും നിർബന്ധിക്കുകയെന്നത് ഇഷ്ടമല്ലായിരുന്നു. അയാൾ നല്ലൊരു മനസ്സിന്നുടമയായിരുന്നു. തന്റെ ഓഫീസ് സ്റ്റാഫിനോടുണ്ടായ പ്രണയം പോലും എത്ര കാവ്യാത്മകമായാണ് അയാൾ കൈകാര്യം ചെയ്തത് എന്നു കാണാം.
ഇന്ദുവിന്റെ ജീവിതം ചില സ്തോഭജനകമായ അവസ്ഥകളിൽ ചെന്നുപെടുകയും തുടർന്നവൾ തന്നിലേക്കു നോക്കുകയും ചെയ്യുന്ന ഘട്ടത്തിലെത്തിച്ചു നോവൽ അവസാനിപ്പിക്കുന്നു
ചിലയിടങ്ങളിൽ പറയുന്ന കാര്യങ്ങൾ മറ്റൊരിടത്ത് പറയുമ്പോൾ മാറിപ്പോകുന്ന ഒരു സ്ഥിതി വിശേഷം നോവലിൽ ഉണ്ടാകുന്നുണ്ട്. പലപ്പോഴും കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ കടന്നു പോകുമ്പോൾ വിസ്താര ദൈർഘ്യം മൂലം വായനയിൽ വിരസത തോന്നിച്ചു എങ്കിലും പൊതുവിൽ നല്ലൊരു നോവൽ തന്നെയാണ് ഒടുക്കം എന്ന പമ്മന്റെ ഈ പുസ്തകം .ആശംസകളോടെ ബി.ജി.എൻ വർക്കല

Wednesday, June 20, 2018

വാക്സ്ഥലി ..............ബിന്ദു സന്തോഷ്‌


വാക്സ്ഥലി (കഥ/കവിത)
ബിന്ദു സന്തോഷ്
പാപ്പിറസ് ബുക്സ്
വില: 100 Rs

        അക്ഷരങ്ങൾക്കു നിറവും മണവും നല്കുന്നതു ബാഹ്യ നേത്രങ്ങളുടെ കേവല കാഴ്ചകളിലൂടെയല്ല മറിച്ചു ആന്തരികമായ കാഴ്ചാവസന്തത്തിന്റെ അന്തസത്തയിൽ നിന്നാണ്. അതു കൊണ്ടു തന്നെ ബിന്ദു സന്തോഷ്  കവിതകൾ എഴുതുമ്പോൾ അതിനു നേരിന്റെ ചൂരും ചൂടും ഉണ്ടാകുന്നു.  ആത്മാവിന്റെ ആവിഷ്ക്കാരമാണ് കവിതകൾ . കഥ പോലെ ലളിതമായി പറഞ്ഞു പോകാൻ അവയ്ക്കാകുകയുമില്ല.  കവിതകളിലെ നിലാവും സൂര്യ വെളിച്ചവും വായനക്കാരെ അതു കൊണ്ട് തന്നെ ഒരേ സമയം തണുപ്പും ചൂടും അനുഭവിപ്പിക്കാൻ പര്യാപ്തമാകുന്നു.

          എഴുത്തിന്റെ മനോഹാരിത അതിന്റെ ഭാഷ മാത്രമല്ല അത് പ്രതിനിധാനം ചെയ്യുന്ന വസ്തുതകളുടെ ചിത്രീകരണം കൂടിയാണ് . അത് വായനക്കാരെ ആകര്‍ഷിക്കുക ആ കാഴ്ച കാണാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് അവനെ കൊണ്ട് പോകുന്ന വരികളുടെ അടുക്കിവയ്ക്കലനുസരിച്ചാകുന്നു. കവിതകള്‍ ഇത്തരം ചിത്രീകരണം വളരെ മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു പ്രതലം ആണ് . അതിനാല്‍ തന്നെ ബിന്ദു സന്തോഷ്‌ എന്ന കവിയുടെ കവിതകള്‍ വളരെ മനോഹരമായി ഈ ഒരു പ്രതലത്തെ മിനുസപ്പെടുത്തുകയും ചിത്രീകരിക്കുകയും ചെയ്യുന്നു . അതിനാല്‍ തന്നെ ചില കാഴ്ചകള്‍ കാനിബാളിസത്തെ ഓര്‍മ്മപ്പെടുത്തുകയും വായന ഭീതി നിരത്തുകയും ചെയ്യുന്നുമുണ്ട് . നാമൊക്കെ ഒരുപാട് പാചകക്കുറിപ്പുകള്‍ കണ്ടിട്ടുണ്ട് എങ്കിലും മനുഷ്യനെ പാചകം ചെയ്യുന്ന രീതി വായനയില്‍ വല്ലാതെ മാനസിക ഭീതി നല്‍കി എന്നത് പറയാതെ വയ്യ . ആയുധം എന്ന മറ്റൊരു കവിതയും ഇതേ പ്രതലം നല്കുന്നുണ്ടായിരുന്നു . കാഴ്ച്ചയുടെ ഭീതി എന്നത് വായനയുടെ അനുഭവം കൂടിയാണ് . അതിനാല്‍ തന്നെ ആ വായനകള്‍ മനസ്സില്‍ കവിതയുടെ ബീഭത്സമായ രംഗവത്കരണപ്രതീതിയെ ജനിപ്പിച്ചു .
        പ്രണയം , കാമം , സൗഹൃദം തുടങ്ങിയ നിശബ്ദമായ വികാരങ്ങളില്‍ കൂടി കടന്നു പോകുന്ന കവിതകള്‍ , മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാനപ്രകൃതങ്ങള്‍ ആണ് എന്നതിനാല്‍ അവയെ വളരെ അധികം ഔത്സുക്യമില്ലാതെ വായിച്ചു പോകാന്‍ കഴിയും തത്വചിന്തകള്‍ ഇടയില്‍ കലര്‍ത്തുന്നത് കൊണ്ട് തന്നെ അവയ്ക്ക് ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ നിലനില്പ് നല്‍കുകയും ചെയ്യുന്നുണ്ട് . കാണാത്ത കാഴ്ചകള്‍ ആണ് അല്ലെങ്കില്‍ കണ്ടു മറന്ന കാഴ്ചകള്‍ ആണ് കവിയില്‍ നിന്നും വായനക്കാരന് കിട്ടുന്നത് . കാരണം രോഗം മൂലം നഷ്ടപ്പെട്ട കാഴ്ചകള്‍ അത് കവിതകളില്‍ കൂടിയും കവി പങ്കു വയ്ക്കുന്നുണ്ട് . നഷ്‌ടമായ കാഴ്ചകളുടെ നൊമ്പരം ചില കവിതകളുടെ അടിസ്ഥാനഭാവം കൂടിയാണ് .
         കഥകള്‍ കവികള്‍ക്ക് വളരെ വിഷമം പിടിച്ച ഒരു സംഗതിയായി പലപ്പോഴും തോന്നിയിട്ടുണ്ട് . അതിനു ശരി വയ്ക്കുന്ന ഒരു കാഴ്ചയാണ് ബിന്ദു സന്തോഷും പങ്കു വയ്ക്കുന്നത്. പറമ്പിലെ കാടും പടലും അടിച്ചു വാരിചെന്നാല്‍ ഇടയില്‍ ചില വിലപ്പെട്ട സന്തോഷങ്ങള്‍ ലഭിക്കും പോലെയാണ് കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് . കുറെ കുഞ്ഞന്‍ കഥകള്‍ അവയ്ക്കിടയില്‍ കഥ എന്ന് അവകാശപ്പെടാവുന്ന വിരലിലെണ്ണാവുന്ന ചിലത് . മറ്റെല്ലാം ബാലിശമായ എഴുത്തുകള്‍ അല്ലെങ്കില്‍ ചിന്തകള്‍ . ഭ്രമഭ്രംശം സംഭവിച്ച വാക്കിന്റെ കുറെ കൂട്ടുകള്‍ മാത്രമായി വായിക്കുവാന്‍ കഴിഞ്ഞു .
         ഒറ്റ വായനയ്ക്ക് ഉതകുന്ന ഒരു പുസ്തകം എന്നതിനപ്പുറം ബിന്ദു സന്തോഷ്‌ കാതലായ ഒന്നും പങ്ക് വയ്ക്കുന്നില്ല . എടുത്തുപറയാവുന്ന ഒന്നോ രണ്ടോ കവിതകള്‍, മിനിക്കഥകള്‍  എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു അലസവായനയുടെ പേജുകള്‍ മറിക്കുന്ന ഫലം തന്നു വാക്സ്ഥലി. എഡിറ്റര്‍ എന്ന തസ്തിക ഇന്നും പ്രസാധനരംഗത്തു ശുഷ്കമായ ഒരു സംഗതി ആണെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്തു പുസ്തകം . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല