"പ്രതിബോധവും പ്രതിബദ്ധതയും കൊണ്ട് പ്രതികരണം കണ്ണീരില്‍ കഴുകിക്കളയുന്നവള്‍ ആണോ സ്ത്രീ"....ഷെമി .
നടവഴിയിലെ നേരുകള്‍ ....... ഷെമി .
പ്രസാധനം ഡി സി ബുക്സ്
വില 495 രൂപ
ഓരോ വായനയും ഓരോ അനുഭവം ആകുന്നതു ആ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിലെ ജീവിതത്തിന്റെ പച്ചയായ നോവും പശിമയും വായനക്കാരനെ തൊടുമ്പോഴാണ്. വായനയില്‍ പുതിയൊരു അനുഭവം തരുന്ന പുസ്തകം ആണ് "നടവഴിയിലെ നേരുകള്‍" . ഷെമി എന്ന എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാംശപരമായ ഒരു കഥ ആണ് ഈ പുസ്തകം.
നാം ജീവിക്കുന്ന പരിസരത്തെക്കുറിച്ചു നാം ഒട്ടും തന്നെ ബോധവാന്‍ അല്ല എന്ന അറിവ് എത്ര കണ്ടു ഖേദകരവും , ജുഗുത്പ്സാപരവും ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പുസ്തകം വായനക്കാരന്റെ മനസ്സില്‍ ഉളവാക്കുന്ന പ്രഥമവികാരം എന്നതില്‍ സംശയമില്ല .
എന്താണ് നടവഴികളിലെ നേരുകള്‍ നമ്മോടു പറയുന്നത് എന്ന് നോക്കാം .
ഇതിലെ നായികയായ പെണ്‍കുട്ടിയുടെ ബാല്യം മുതല്‍ ആണ് ഇതിലെ കഥ ആരംഭിക്കുന്നത് . നായിക ഉള്‍പ്പടെ പതിനാലുമക്കള്‍ ഉള്ള ഒരു ഉപ്പയും ഉമ്മയും അവരുടെ ജീവിത പരിസരവും ആയി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ടു നടത്തുന്നത് . ഭക്ഷണം ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകണം എന്ന വാശിയോ അതോ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ , മതം നല്‍കുന്ന നിഷ്കര്‍ഷയോ ആകാം ആ കുടുംബവും അത് പോലെ പഴയകാലത്തെ ഏകദേശം എല്ലാ കുടുംബങ്ങളും ഇങ്ങനെ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയന്ത്രത്തെ കേരളസമൂഹത്തിന് കാണിച്ചു കൊടുത്തിരുന്നത് . ഇത്തരം ഒരു കുടുംബത്തിലെ ഇളയവരില്‍ ഒരാളായി നായിക വളരുന്ന സാഹചര്യം വളരെ വ്യക്തമായി തന്നെ വരച്ചിടുന്നു വരികളില്‍ . കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത ആ വലിയ കുടുംബത്തില്‍ സാധാരണ പരിസരങ്ങളില്‍ കണ്ടു വരുന്ന തരത്തില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ കഴിയുന്ന ഒരു വസ്തുത പട്ടിണി കിടന്നും മക്കള്‍ക്ക് ആണിനും പെണ്ണിനും വിദ്യാഭ്യാസം നല്‍കാന്‍ ആ രക്ഷിതാക്കള്‍ കാണിച്ച മനസ്സാണ് . മൂത്തവന്‍ പഠിച്ചു സര്‍ക്കാര്‍ ജോലി നേടി എങ്കിലും അതിനു താഴെ ഉള്ള ആണ്മക്കളില്‍ ഒരുത്തന്‍ കള്ള് കുടിയനും ഒരുത്തന്‍ കഞ്ചാവ് അടിക്കുന്നവനും മറ്റൊരുത്തന്‍ അപസ്മാരരോഗിയും രണ്ടുപേര്‍ കള്ളത്തരങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയി ജീവിച്ചു കടന്നുപോകുന്നത് കാണാം . ടി ബി പിടിച്ച പിതാവിന്റെ തുച്ചമായ വരുമാനം ഒന്ന് കൊണ്ട് മാത്രം ആണ് ആ കുടുംബം വളര്‍ന്നു വന്നത് . ജീവിതസമരത്തില്‍ വിജയിച്ചു നില്‍ക്കാന്‍ പല പല ബിസിനസ്സ് നടത്തി തോല്‍വി അടയുന്ന ആ മനുഷ്യന്‍ ഒടുവില്‍ ടി ബി മൂര്‍ച്ചിച്ചു മരണത്തെ പുല്‍കുന്നു . ഉമ്മയും പെണ്മക്കളും വീട് വീടാന്തരം കയറി ഇറങ്ങിയും അടുക്കള പണി ചെയ്തും ആണ്‍ മക്കള്‍ക്ക് തിന്നാന്‍ ഉണ്ടാക്കികൊടുക്കേണ്ടി വരുന്നതും അവരുടെ ചവിട്ടും തൊഴിയും കൊണ്ട് കണ്ണീര്‍ അടക്കേണ്ടി വരുന്നതും വളരെ വേദനാജനകവും ഗ്രാമീണ ജീവിതങ്ങളില്‍ നാം പലവട്ടം കണ്ടു പരിചയിച്ച ചില സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ആണ് . അടച്ചുറപ്പോ , വേണ്ട മുറികളോ ഇല്ലാത്ത വീടുകള്‍ക്കുള്ളില്‍ ബോധമില്ലാത്ത സഹോദരന്മാരുടെ ലൈംഗികദാഹത്തില്‍ ഇരകള്‍ ആകുന്ന ഇളയ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ആരും പുറത്തുപറയാതെ ഒളിച്ചു വയ്ക്കുന്ന ചില സത്യങ്ങള്‍ ആണ് എന്നത് തര്‍ക്കമറ്റ വസ്തുത ആണെന്ന് ഈ കഥയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് .
പട്ടിണിയും അസുരക്ഷിതത്വവും ആണ് കൈമുതല്‍ എങ്കിലും ഒരിക്കല്‍പ്പോലും ആ ഉമ്മയോ പെണ്മക്കളോ സമൂഹം തെറ്റാണെന്നു വിവക്ഷിക്കുന്ന ഒരു പാതയിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുന്നു .
ഇത്തരം ഒരു കുടുംബത്തില്‍, ആവശ്യത്തിനുള്ള വസ്ത്രം പോലും മാറിയുടുക്കാന്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി ജീവിക്കുന്നു . അവള്‍ പഠിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നു . ദിവസങ്ങളോളം കുളിക്കാതെ , വേണ്ട വിധത്തില്‍ ഭക്ഷണം കഴിക്കാതെ , അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ഇല്ലാതെ , തെരുവോരത്തും , ആളില്ലാത്ത വീടുകളിലും , റയില്‍വേ പരിസരത്തെ കുട്ടിക്കാട്ടിലും ഒക്കെ വൃദ്ധനും രോഗിയുമായ പിതാവും ഒന്നിച്ചു ഒറ്റയ്ക്ക് ജീവിക്കേണ്ടി വരിക എന്നത് വളരെ ദയനീയമായ ഒരു വസ്തുതയാണ് . നമുക്ക് ചുറ്റും ഉള്ള സഹോദരങ്ങള്‍ ആഹാരം കഴിച്ചു , വസ്ത്രം ധരിച്ചു , വിദ്യാഭ്യാസം ചെയ്തു ആണോ ജീവിക്കുന്നത് എന്ന് തിരക്കാന്‍ നമുക്ക് കഴിയാതെ പോകുന്ന കാഴ്ച എത്ര ഖേദകരം ആണ് . മതവും , സമൂഹവും മനുഷ്യനെ നിയന്ത്രിക്കുന്നത് അവന്‍ ശരിയായ വസ്ത്രം ധരിച്ചോ , സദാചാരത്തില്‍ എന്തേലും ഭ്രംശം സംഭവിച്ചോ , തുടങ്ങിയ വസ്തുതകള്‍ അല്ലാതെ ഒരിക്കല്‍പ്പോലും തന്റെ സമുദായത്തിലെ , തന്റെ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നവരാണോ എന്ന് തിരക്കാന്‍ ബുദ്ധിമുട്ടാറില്ല. കഷ്ടപ്പാടുകളിലും പരിമിതമായ സമയത്തുള്ള സ്കൂള്‍ പഠനത്തിലും അവള്‍ എപ്പോഴും ഒന്നാമാതാകാന്‍ ശ്രമിച്ചിരുന്നു എന്നത് അവളിലെ ഇച്ഛ ശക്തിയും പരിശ്രമവും വെളിവാക്കുന്നു . ഉപ്പയും ഉമ്മയും മരിച്ചതോടെ അനാഥര്‍ ആകുന്ന ആ പെണ്‍കുട്ടികളെ , (അതിലൊരാള്‍ ബുദ്ധിവികാസം ഇല്ലാത്ത കുട്ടി ആണ് ഒപ്പം രക്തസ്രാവം ഉള്ള അസുഖവും കൂട്ടിനു ) സഹോദരന്മാര്‍ എല്ലാരും തന്നെ കയ്യൊഴിയുന്നതും , അതെ സഹോദരന്മാര്‍ തന്നെ അന്യവീട്ടുകളില്‍ ആ അനിയത്തിമാര്‍ വേദനയോടെ അടുക്കള ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മാനസികവിഷമവും ഇല്ലാതെ പിടിച്ചു വാങ്ങി മദ്യപാനവും മറ്റുമായി ജീവിക്കുകയും ചെയ്യുന്നത് അനാഥജീവിതങ്ങളുടെ ദയനീയത എത്ര ഭയാനകം ആണ് എന്ന് മനസ്സിലാക്കിത്തരുന്നു . അവരുടെ അനാഥത്വം ചൂക്ഷണം ചെയ്യുന്ന ബന്ധുജനങ്ങള്‍ അവരെക്കൊണ്ട് അടിമകളെ പോലെ പണിചെയ്യിപ്പിക്കുകയും എന്നാല്‍ തുച്ചമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ഗതികേട് സഹിക്കാതായപ്പോള്‍ ആണ് ആ പെണ്‍കുട്ടികള്‍ അനാഥാലയത്തിലേക്ക് അന്തേവാസികള്‍ ആയി കടന്നു ചെല്ലുന്നത് . ഇവിടെ അവരിലൂടെ സമൂഹത്തിലെ മറ്റൊരു കാപട്യം കൂടി വായനക്കാരന്‍ സാക്ഷിയാകുന്നത് കാണാന്‍ കഴിയും . പുറമേ മനോഹരമായി അലങ്കരിച്ച അനാഥാലയത്തിന്റെ അകം എന്നത് വന്‍ നഗരങ്ങളിലെ ഗലികളെ പോലും നാണിപ്പിക്കുന്നത് ആണെന്ന കാഴ്ച ആരിലും രോക്ഷം ഉണര്‍ത്തുക തന്നെ ചെയ്യും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗം . വലിയ കുട്ടികളാല്‍ ലൈംഗിക ആക്രമണം നേരിടുന്ന ചെറിയ കുട്ടികള്‍ ആണ് അവിടെ ദുരിതമെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് കാണുന്ന കാഴ്ച മലവും ആര്‍ത്തവത്തുണികളും കഫവും രക്തവും ചെളിയും നിറഞ്ഞ അന്തരീക്ഷം , ശൌചാലയങ്ങള്‍. ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അത്തരം അന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ . ആര്‍ത്തവ കാലത്ത് പോലും അവര്‍ക്കൊന്നു ശുചിയാക്കാനോ കുളിക്കാനോ വെള്ളം ലഭ്യമല്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് . ഇടയ്ക്ക് കഥയിലേ നായിക മാസമുറ സമയത്ത് വെള്ളം ലഭിക്കാതെ തന്റെ തുണി നനഞ്ഞു തുടയിലൂടെ രക്തം ഒലിപ്പിച്ചു ഗതികെട്ട് പറമ്പിലെ പുല്ലുകള്‍ക്കിടയില്‍ വെറും മണ്ണില്‍ അമര്‍ന്നിരുന്നു തന്റെ ജനനേന്ദ്രിയം മണ്ണില്‍ ശുചിയാക്കുന്ന ഒരു അവസരം വിവരിക്കുന്നുണ്ട് . മനുഷ്യത്തം നഷ്ടപ്പെട്ടില്ലാത്ത ആര്‍ക്കും ഹൃദയം പിടയ്ക്കാതെ ഇത്തരം ഒരു രംഗത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല . ഇത്തരം അവസ്ഥകളിലും പഠിക്കാന്‍ വേണ്ടി മാത്രം അവള്‍ സഹിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ വളരെ പരിതാപകരമായ സാമൂഹ്യചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . കോളേജില്‍ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അവളുടെ വീട്ടില്‍ ഉച്ച സമയത്ത് പോയി രണ്ടു ദിവസം ആയി പിടിച്ചു നിര്‍ത്തിയ മലശോധന നടത്തുന്നതും അവിടെ നിന്ന് കുളിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ പെണ്‍കുട്ടി എത്ര കഠിനമായ പരീക്ഷണങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു . പുഴുനിറഞ്ഞ ചോറും കറികളും കഴിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ , ശുചിത്വം ഇല്ലാത്ത കക്കൂസുകളില്‍ പോകാന്‍ മടിച്ചു ഭക്ഷണം വിശപ്പ് സഹിച്ചും കുറച്ചു കഴിച്ചും രണ്ടു ദിവസം ഒക്കെ പിടിച്ചു വച്ച് മലവിസര്‍ജ്ജനം നടത്തുകയും ചെയ്യേണ്ടി വരുന്നത് നമ്മുടെ , നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കിടയിലെ സഹജീവികള്‍ ആണെന്ന ഓര്‍മ്മ ലജ്ജയാല്‍ അല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല .
അനാഥാലയത്തില്‍ നിന്നും പണം ഉണ്ടാക്കി പഠിക്കുവാന്‍ വേണ്ടി ചാടിപ്പോയി ജോലി ചെയ്തു ജീവിക്കുന്ന നായികയും സഹോദരിയും അവിടെയും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്ന് കാണാം . അവര്‍ക്ക് വേണ്ട വിധത്തില്‍ വേതനമോ സൌകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ അവിടെ നിന്നും അവര്‍ വീണ്ടും തിരികെ അനാഥാലയത്തില്‍ തന്നെ എത്തുന്നുണ്ട് പലവട്ടം . ഒടുവില്‍ അവര്‍ ഇളയ സഹോദരനും ആയി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു എങ്കിലും അതിന്റെ പങ്കു പറ്റാന്‍ ആങ്ങളമാരുടെ വരവും അവരെ ഒരു പരാതിയോ എതിര്‍പ്പോ ഇല്ലാതെ തങ്ങളുടെ ഭക്ഷണം കൊടുത്തു ഊട്ടി , പട്ടിണി കിടക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഹാരിയാണ് . ചേച്ചിമാരെ കല്യാണം കഴിച്ചു അയക്കുകയും സര്‍ക്കാര്‍ ഉദ്യോഗം ആരോഗ്യ രംഗത്ത് നേടി എടുക്കുകയും ചെയ്യുന്ന നായിക , സമൂഹത്തിലെ അനീതികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹജീവികളോട് ദയ കാണിക്കുകയും ചെയ്യുന്നത് അവളിലെ നന്മയും പ്രകാശവും ആയി കാണാന്‍ കഴിയും . സഹോദരിമാര്‍ക്ക് കുടുംബം ആയിക്കഴിയുമ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിവാഹം താത്കാലികമായ ഒരു ഉടമ്പടി പോലെ നടത്തേണ്ടി വരുന്നതും അതില്‍ നിന്നും വിടുതല്‍ നേടുന്നതും പച്ചക്കണ്ണ്‍ ഉള്ള അവളുടെ നായകനെ വിവാഹം ചെയ്യുകയും അതുവഴി സഹോദരികള്‍ പോലും തള്ളിക്കളയുകയും തികച്ചും ഈ ലോകത്ത് അവനും അവളും അല്ലാതെ ആരുമില്ലതാകുകയും ചെയ്യുന്നു .ജോലി നഷ്ടമാകുകയും ഗര്‍ഭിണി ആയിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു അവന്റെ നാട്ടിലേക്ക് , എത്തുന്നതും അവളെ വിവാഹം കഴിച്ചതുമൂലം അനാഥനായ അവനും അവളും ഒഴിഞ്ഞ പെട്രോള്‍ പമ്പിലും , വഴി സത്രങ്ങളിലും , വെളിമ്പ്രദേശങ്ങളിലും അന്തിയുറങ്ങുന്നതും യഥാര്‍ത്ഥമായ ഒരു ലോകത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന സത്യങ്ങള്‍ ആണ് . ഒടുവില്‍ അവന്‍ ദുബായില്‍ ഒരു ജോലി ലഭിച്ചു അങ്ങോട്ട് പോകുകയും അവള്‍ വീണ്ടും ഒറ്റപ്പെടുകയും സഹോദരിമാരുടെ വീട്ടില്‍ വേലക്കാരിയായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു കുറച്ചു കാലം .ഒടുവില്‍ അവന്‍ അവളെ ദുബായിലേക്ക് ക്ഷണിക്കുന്നു . കഥയുടെ അവസാനം വീണ്ടും അവളുടെ ജീവിതത്തെ അനിശ്ചിതത്തില്‍ നിര്‍ത്തിക്കൊണ്ട് ദുബായി എയര്‍പ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അവനെ കാണാതെ കാത്തുനില്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു .
ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് സംശയം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുകില്ല വായനയില്‍ . കാരണം ഇതിലെ നായികയുടെ കൂടെ ഒരിക്കല്‍ വായനയില്‍ എത്തപ്പെട്ടാല്‍ പിന്നെ വായനക്കാരന്‍ കാണുന്നത് മറ്റൊരു ലോകം ആണ് . തന്റെ സമൂഹത്തില്‍ തന്‍ കാണാതെ പോയതോ , അവഗണിച്ചതോ ആയ മറ്റൊരു ലോകം . അവിടെ ജീവിതത്തെ നിറമില്ലാതെ നോക്കിക്കാണുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട് . ഒരുപക്ഷെ ആ ജീവിതങ്ങളെ നാം കണ്ടിട്ടില്ല എന്ന് വരാം . എന്നാല്‍ ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന ഒരാള്‍ പോലും പിന്നീടൊരിക്കലും തന്റെ സമൂഹത്തിലെ അനാഥ ജന്മങ്ങളെ കാണാത്ത മട്ടില്‍ പോകുകില്ലെന്നും , ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും തന്നെ കരുതാം . അത്രകണ്ട് പരിതാപകരവും വസ്തുനിഷ്ഠവും ആയി ആണ് ഷെമി ഈ കഥയെ ,അല്ലെങ്കില്‍ തന്റെ ജീവിതത്തെ , തന്‍ നടന്ന വഴികളെ , താന്‍ അനുഭവിച്ച ദുരിതങ്ങളെ നമുക്ക് മുന്നില്‍ വരച്ചിടുന്നത് .
സമൂഹത്തിന്റെ മുന്നില്‍ പണക്കാരനും പാവങ്ങളും എന്നൊരു അന്തരം നിലനില്‍ക്കുന്നു എന്ന സത്യം ശരിയാണ് എങ്കിലും പാവങ്ങള്‍ എന്നാല്‍ എത്ര ഭീകരമായ ഒരു അവസ്ഥയാണ് അവരില്‍ പോലും ഏറ്റവും പാവങ്ങള്‍ ആയവര്‍ അനുഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം മനുഷ്യസ്നേഹികള്‍ ആയ ഏവരും വായിച്ചിരിക്കേണ്ടതാണ്
...................ബിജു ജി നാഥ് വര്‍ക്കല