വിട പറഞ്ഞകന്നിരുന്നില്ല നാം
പിണങ്ങിയുമെങ്ങും പോയതില്ല
വഴിയറിയില്ലെന്നും പറയുകില്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല .
മിഴികളില്‍ ശോകം വിരിഞ്ഞതില്ല
ചൊടികളില്‍ തേങ്ങലൊളിച്ചതില്ല
കവിളുകള്‍ വാടിക്കരിഞ്ഞതില്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല .
മഴമുകില്‍ മാനത്തു വന്നതില്ല
ഗ്രീഷ്മമോ കത്തിപ്പടര്‍ന്നതില്ല
ശശിബിംബമില്ലാത്ത രാവുമല്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല
തിരമാല കരയെ വിഴുങ്ങിയില്ല
കാടെരിച്ചൊരു തീ പടര്‍ന്നുമില്ല
ഭൂമിതന്‍ മാറു പിളര്‍ന്നുമില്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല .
---------------------------ബിജു ജി നാഥ്
നല്ല വരികള്‍
ReplyDeleteആശംസകള്‍