ഒരിടത്തൊരിടത്ത് ഒരു വലിയ കാടുണ്ടായിരുന്നു കാടെന്നു വച്ചാല്‍ വല്യ കാട് . അതില്‍ നിറയെ മൃഗങ്ങള്‍ . ആണ്‍ മൃഗങ്ങള്‍ പെണ്‍മൃഗങ്ങള്‍ , കുട്ടി മൃഗങ്ങള്‍ വയാസ്സായ മൃഗങ്ങള്‍ അങ്ങനെ എല്ലാം ഉണ്ടായിരുന്നു അതില്‍
ആ കാട്ടില്‍ ഒരു ഗുഹയില്‍ ഒരു സിംഹം ഒറ്റയ്ക്ക് താമസിച്ചിരുന്നു . ആരോടും കൂട്ടില്ലാതെ , ആരോടും സ്നേഹമില്ലാതെ ഒരു ക്രൂരന്‍ ആയ സിംഹം
രാവിലെ മുതല്‍ രാത്രി വരെ തന്റെ ഗുഹയില്‍ വെറുതെ കിടക്കുന്ന സിംഹം രാത്രി ആകുമ്പോള്‍ ആണ് ഇരതേടി ഇറങ്ങുക പതിവ് . ഇര പിടിക്കുമ്പോള്‍ ഇരയെ ഏറ്റവും കൂടുതല്‍ ഓടിച്ചു ക്ഷീണിപ്പിച്ചു പിടിക്കുക , അവയെ കൊല്ലാതെ കൊല്ലുക ഇതൊക്കെ ആണ് ആ സിംഹത്തിന്റെ വികൃതികള്‍
കാട്ടിലെ മറ്റു മൃഗങ്ങള്‍ക്കൊന്നും പക്ഷെ ഈ സിംഹത്തെ അറിയില്ല കാരണം ഇത് രാത്രിയില്‍ അല്ലേ ഇറങ്ങൂ . അത് പോലെ തന്നെ മറ്റു മൃഗങ്ങളും ആയി ഒരു തരത്തില്‍ ഉള്ള ബന്ധവും വച്ചിരുന്നുമില്ല ഈ സിംഹം
അങ്ങനെ ഇരിക്കെ ഈ ക്രൂരനായ സിംഹം ഒരു രാത്രി ഇര തേടി ഇറങ്ങി.
ഇരുട്ട് , കാട് നിശബ്ദം , ചീവീടുകളുടെ ശബ്ദം മാത്രം . എവിടെയോ ഇരുന്നു കൂമന്‍ മൂളുന്ന ശബ്ദം ഇടയ്ക്ക് കേള്‍ക്കാം പിന്നെ ഇടയ്ക്കിടയ്ക്ക് ചില കിളികളുടെ ചിലയ്ക്കല്‍ കേള്‍ക്കാം . ഒറ്റയാന്റെ അലര്‍ച്ച കേള്‍ക്കാം ദൂരെ
വിശന്നു തളര്‍ന്ന സിംഹം ഇല പോലുമനങ്ങാതെ അങ്ങനെ നടക്കുകയാണ് കണ്ണുകള്‍ കൂര്‍പ്പിച്ചു കാത് വട്ടം പിടിച്ചു ശ്വാസം നിയന്ത്രിച്ചു പതിയെ പമ്മി പമ്മി കാട്ടിലൂടെ.............
പെട്ടെന്ന്‍ ആണ് കാട്ടു പൊന്തയില്‍ നിന്നും ഒരു ശബ്ദം കേട്ടത്
സിംഹം ജാഗരൂകനായി ... അങ്ങോട്ട് തന്നെ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി
ഇരുട്ടിലെ പൊന്തക്കാട്ടിലെ ചലനം എന്താകും? പാമ്പ് ആണോ , മൃഗം ആണോ , എന്താകും ശത്രു ആകുമോ ഒന്നുമറിയില്ല സിംഹം അവിടെ നിന്ന് ഒരു നിമിഷം
കുറച്ചു നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍ സിംഹം അത് കണ്ടു. ആ മുള്‍പ്പടര്‍പ്പില്‍ , മുള്ളില്‍ കുരുങ്ങി ഒരു മുയല്‍ക്കുഞ്ഞു . വെള്ള പഞ്ഞിക്കെട്ടു പോലെ ഒരു കൊച്ചു സുന്ദരി മുയല്‍ . മുള്ളുകള്‍ കൊണ്ട് രക്തം പുരണ്ട ശരീരം . ഉറക്കെ കിതയ്ക്കുന്ന ശബ്ദം . പേടിച്ചു കണ്ണുകള്‍ പുറത്തേക്ക തള്ളി ഇരിക്കുന്നു .ശബ്ദം പോലും പുറത്തു കേള്‍ക്കാന്‍ കഴിയുന്നേയില്ല . ഒന്നൊച്ച ഇട്ടാല്‍ അത് മരിച്ചു പോവും അത്ര പേടിച്ചു പോയിരിക്കുന്നു അത് .
ഒന്നാമത് ഇരുട്ട്, പിന്നെ നിസ്സഹായത..... ഒന്നോടി രക്ഷപ്പെടാന്‍ പോലും .....മാത്രവുമല്ല ക്രൂരനായ സിംഹത്തിനു ഒരു ഇരയേ അല്ല താന്‍ . ഒരു വിഴുങ്ങല്‍ കൊണ്ട് എല്ലാം കഴിയും . മുയല്‍ക്കുഞ്ഞു വിറയ്ക്കാന്‍ തുടങ്ങി .
സിംഹം പതിയെ അവിടെ തന്നെ നിന്ന് ചുറ്റും നോക്കി . കാടാകെ നിശബ്ദമായി . വരാന്‍ പോകുന്ന ഭീകര നിമിഷത്തെ ഓര്‍ത്ത് കാട് നടുങ്ങി നിന്ന് . ചീവീടുകള്‍ ശബ്ദം നിര്‍ത്തി . കൂമന്‍ തുറിച്ചു നോക്കി ഇരുന്നു എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍!
സിംഹം തന്റെ നാവു ഒന്ന് നന്നയി നീട്ടി ചുണ്ട് നക്കി ....എന്നിട്ട് പതിയെ കൗതുകത്തോടെ അതിന്റെ അരികില്‍ ഇരുന്നു .
ഇവിടെ ഓടി പിടിക്കാതെ ഒരു ഇര വിശന്നു വലഞ്ഞ എന്റെ മുന്നിലേക്കു വന്നു വീണിരിക്കുന്നു . സന്തോഷിക്കാനിതിലും വലിയ എന്ത് വേണം
സിംഹം മുയലിന്റെ കണ്ണുകളില്‍ തന്നെ നോക്കി അടുത്തിരുന്നു . സിംഹത്തിന്റെ നോട്ടം മുയലിന്റെ ഉള്ളില്‍ ഭയത്തിന്റെ വേരുറപ്പിച്ചു അത് ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി .
മുയല്‍ സിംഹത്തിന്റെ കണ്ണുകളില്‍ തന്നെ തറച്ചു നോക്കി . മരണം അടുത്തു വന്നു കഴിഞ്ഞു ഇനി ജീവിക്കാന്‍ ഒരു വഴിയും ഇല്ല. അങ്ങനെ എങ്കില്‍ മരിക്കുക ഭീരുവായി വേണ്ട എന്ന് മുയല്‍ക്കുഞ്ഞിനു തോന്നി.
അത് സിംഹത്തിന്റെ കണ്ണില്‍ വെല്ലുവിളി ഉയര്‍ത്തി നോക്കി കൊണ്ടേ ഇരുന്നു
ഒരുപാട് നേരം പരസ്പരം അവര്‍ നോക്കി ഇരുന്നു. പതിയെ മുയല്‍ക്കുഞ്ഞില്‍ ഒരു ധൈര്യവും വിശ്വാസവും വന്നു നിറയാന്‍ തുടങ്ങി . അതിന്റെ ഉള്ളിലെ ഭയം അലിഞ്ഞു പോകാന്‍ തുടങ്ങി.
സിംഹം അധീരനാകാന്‍ തുടങ്ങി . ഒട്ടൊരു ജാള്യതയോടെ സിംഹം അത് മനസ്സിലാക്കി . ഈ കുഞ്ഞു മുയലിന്റെ മുന്നില്‍ താന്‍ വെറും ഒരു കീടം ആകുന്നോ എന്ന് സിംഹത്തിനു സംശയമായി
തന്റെ ധൈര്യം തിരികെ കൊണ്ട് വരാന്‍ വേണ്ടി എന്നോണം സിംഹം മുയലിനെ നോക്കി നാക്ക് നീട്ടി ചുണ്ട് ഒന്നു കൂടി നക്കി ഒരു ചിരി ചിരിച്ചു .
മുയല്‍ ഉടനെ തന്നെ സിംഹത്തിന്റെ കണ്ണില്‍ നിന്നും നോട്ടം തെറ്റിക്കാതെ ഒരു പുഞ്ചിരി തിരിച്ചു കൊടുത്തു .
ങേ സിംഹം നടുങ്ങിപ്പോയി . മരണത്തിന്റെ മുഖത്തിരുന്നു നിനക്ക് ചിരിക്കാന്‍ കഴിയുന്നോ എന്നൊരു ധ്വനി ഉണ്ടായിരുന്നു സിംത്തിന്റെ നോട്ടത്തില്‍.
സിംഹം ചോദിച്ചു .
"നിന്നെ ഞാന്‍ തിന്നാന്‍ പോവുകയാണ് . നിനക്ക് ഭയം തോന്നുന്നില്ലേ? "
മുയല്‍ പറഞ്ഞു .
"എനിക്ക് ഭയം തോന്നിയാല്‍ നീ എന്നെ തിന്നാതിരിക്കുമോ ?"
"ഇല്ല നിനക്ക് ഭയം തോന്നിയില്ലേലും നിന്നെ ഞാന്‍ തിന്നും കാരണം എനിക്ക് വിശക്കുന്നു നീയാണ് എന്റെ ഇന്നത്തെ ഇര."
"എന്നെ തിന്നത് കൊണ്ട് നിന്റെ വിശപ്പ് മാറുമോ ?"
"ഇല്ല നീ എനിക്ക് തല്ക്കാല വിശപ്പ് മാറാന്‍ ഉള്ള ഒരു ഇട ഭക്ഷണം മാത്രം ."
"എങ്കില്‍ ആയിക്കൊള്ളൂ . അശരണയാണ് ഞാന്‍ എങ്കിലും നിന്നെ പോലൊരു ക്രൂരന്റെ ഇരയാകേണ്ടി വന്നതില്‍ ദുഖമുണ്ട് പക്ഷെ എനിക്ക് ഓടാന്‍ കഴിയില്ല പ്രതികരിക്കാന്‍ കഴിയില്ല ഇനി നിനക്ക് കീഴടങ്ങാതെ മറ്റൊരു വഴിയുമില്ല എന്റെ മുന്നില്‍ അതിനാല്‍ നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളുക പക്ഷെ ഞാന്‍ ഇനി ഭയക്കില്ല വേദന കൊണ്ട് പോലും ഒരു ചെറിയ സ്വരം പോലും ഞാന്‍ ഉണ്ടാക്കില്ല...."
മുയലിന്റെ വാക്കുകളില്‍ അസാധാരണമായ ഒരു ശാന്തത നിറഞ്ഞു നിന്നിരുന്നു .
സിംഹം ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ ചെന്ന് പെടുന്നത് . ആകെ വിഷമത്തിലായി സിംഹം. ശരിയാണ് ഈ മുയല്‍ എതിര്‍ത്താലും ഇല്ലേലും ഞാന്‍ ഇതിനെ തിന്നും പക്ഷെ ഇതിന്റെ ധൈര്യം അതിനെ എനിക്ക് കീഴടക്കാനോ ,ഇല്ലാതാക്കാനോ കഴിയില്ല . ഞാന്‍ ഭീരുവാകുന്നു
സിംഹം മുയലിന്റെ കണ്ണുകളില്‍ വീണ്ടും നോക്കി . അവിടെ ഭയം ലവലേശം ഇല്ല മാത്രവുമല്ല അതില്‍ സിംഹം ആദ്യമായി സ്നേഹം കണ്ടു . തനിക്കു അജ്ഞാതമായ ഒരു വികാരം . സിംഹത്തിന്റെ കുഞ്ചി രോമങ്ങള്‍ എഴുന്നു വന്നു തനിക്കെന്തോ മാറ്റം സംഭവിക്കും പോലെ തോന്നി അതിനു.
സിംഹം പതിയെ തന്റെ കൈ ഉയര്‍ത്തി . ആസന്നമായ മരണത്തിനു മുന്നില്‍ അചഞ്ചലയായി മുയല്‍ നിന്ന് .
മരണത്തിന്റെ തണുത്ത കാറ്റ് തനിക്കു ചുറ്റും വീശുന്ന പോലെ അതിനു തോന്നി . അവസാനമെന്നോണം അത് സിംഹത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി
പിന്നെ പതിയെ കണ്ണുകള്‍ അടച്ചു മണ്ണിലേക്ക് അമര്‍ന്നു . ഇനിയില്ല ജീവിതം ഇനിയില്ല സുന്ദരമായ ഈ കാഴ്ചകള്‍ ,ഇനിയെനിക്കൊന്നും സ്വന്തമായില്ല . മുയലിന്റെ ഉള്ളില്‍ വേദന നിറഞ്ഞു എങ്കിലും അത് ഭയം പുറത്തു കാണിക്കാതെ കണ്ണുകള്‍ അടച്ചു ശാന്തമായി അമര്‍ന്നു കിടന്നു.
സിംഹം തന്റെ കൈ കൊണ്ട് പതിയെ ആ മുള്ളുകള്‍ ഇളക്കി മാറ്റി . പിന്നെ പതിയെ ആ മുയല്ക്കുഞ്ഞിനെ നോവിക്കാതെ കടിച്ചു എടുത്തു പുറത്തേക്ക് കൊണ്ട് വന്നു തുറസ്സായ ഒരു സ്ഥലത്ത് വച്ച് .
പിന്നെ അതിന്റെ അടുത്ത് സിംഹം കിടന്നു കൊണ്ട് അതിന്റെ മുഖത്തിന് അടുത്ത് ആയി മുഖം വച്ച് .
സമയം കടന്നു പോയി . തന്റെ മരണം ഇനിയും വൈകുന്നത് കണ്ടു അസഹ്യത പൂണ്ട മുയല്‍ ചോദ്യരൂപേണ കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ കാണുന്നത് തന്നെ നോക്കി തന്റെ അരികത്തു മുഖം വച്ച് അടുത്ത് കിടക്കുന്ന സിംഹത്തെ ആണ് .
"ഇനിയും എന്തിനു ഈ താമസം . എന്റെ ജീവനെ എടുത്തു കൊണ്ട് എനിക്ക് ശാന്തി തരൂ . മുള്‍മുനയില്‍ ഉള്ള ഈ ജീവിതം എനിക്ക് മരണത്തെക്കാള്‍ അസഹനീയം ആണ്..."
മുയലിന്റെ വാക്കുകള്‍ കേട്ട സിംഹം ഒരു പുഞ്ചിരിയോടെ മുയലിന്റെ തലയില്‍ തലോടി പിന്നെ പറഞ്ഞു .
"ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി സ്നേഹത്തോട് കൂടി ഒരു ജീവിയെ തൊടുന്നു . നീ എനിക്ക് പ്രിയപ്പെട്ടത് . നിന്നെ ഞാന്‍ ഒരിക്കലും കൊല്ലില്ല . നീ എന്റെ കൂടെ വരിക നിനക്ക് ഞാന്‍ കാവലാകാം . ഇനിയൊരു മുള്‍പ്പടര്‍പ്പിലും വീഴാതെ ഒരു മൃഗ നഖങ്ങളിലും പെടാതെ നീ സുരക്ഷിതയായിരിക്കും വരൂ ."
അവിശ്വസനീയമായ എന്തോ കേട്ട പോലെ മുയല്‍ സിംഹത്തെ തന്നെ നോക്കി നിന്ന് . സിംഹം മുയലിനെ എടുത്തു തന്റെ പുറത്തു വച്ച് തിരികെ തന്റെ ഗുഹയിലേക്ക് നടന്നു . അകലെ കിളികള്‍ മധുരമായി പാടി തുടങ്ങി വീണ്ടും.....
-------------------------------------------ബിജു ജി നാഥ്
(ഒരു കുഞ്ഞാവയ്ക്ക് വേണ്ടി പറഞ്ഞ കഥ ... എല്ലാ കുഞ്ഞാവകള്‍ക്കും വേണ്ടി ........)
നല്ല കഥ
ReplyDeleteകുഞ്ഞു കഥ
ReplyDeleteഹാ! നന്മയുള്ള ഒരു കുട്ടിക്കഥ. :)
ReplyDelete