Saturday, February 28, 2015

ചുംബനം


അധരത്തിന്‍ ഗ്രീഷ്മതാപത്താല്‍
തപിക്കുന്നെന്‍ കവിള്‍ത്തടമെങ്കിലും
പ്രിയതമാമൊരിഷ്ടത്തിന്‍ ഹിമകണം
എന്‍ ഹൃദയത്തില്‍ പടരുന്നുവോ ?

പ്രിയമാണ് പ്രണയത്തിന്‍ മധു പകരും
ചുംബനമുദ്രകളെന്നുമേ മനസ്സില്‍
ശലഭങ്ങള്‍ പുഷ്പത്തിന്‍ കാതില്‍
മന്ത്രിക്കും സംഗീതം പോല്‍ ഹൃദ്യം .

അകലങ്ങളില്‍ നിന്നും, നിറയും
കണ്ണുകള്‍ കാണാതെ പരസ്പരം
പറയാതെ അറിയാതെ വിങ്ങും
ഹൃദയങ്ങള്‍ കൈമാറും സ്നേഹമാണത് .

ഒരു വെറും വാക്കിനാല്‍ നിറയ്ക്കും
ശബ്ദമല്ലത് ന്യൂനം.
ഇരു ഹൃദയങ്ങള്‍ അന്യോന്യം
കൈമാറും സന്ദേശമാണത്.
രതിയുടെ പരാഗം പടരാതെ
വിശുദ്ധിതന്‍ വെണ്മ പൂശും മുദ്രകള്‍.!

കടമ പോല്‍, കടപ്പാട് പോല്‍
ചില നേരങ്ങളില്‍ നേരമ്പോക്ക് പോല്‍
നിറയും പുച്ഛം പോല്‍ പകരുമെങ്കിലും
ദാതാവിന്‍ ഹൃദയം സ്വീകരിക്കുക
വേനലില്‍ മഴ പോല്‍
വേഴാമ്പലിന്‍  മനം പോല്‍ !
----------------------ബിജു ജി നാഥ് വര്‍ക്കല 

Thursday, February 26, 2015

ഇല്ല മടങ്ങാന്‍ കഴിയുകില്ല


മൗനം കൊണ്ട് ഉടച്ചു കളയാന്‍ മാത്രം
ദിനരാത്രങ്ങള്‍ പണിയും ശില്പങ്ങളെ,
നിങ്ങള്‍ തന്‍ തനുവില്‍ പതിയുമോരോ
അധരമുദ്രകളും എന്റെ പ്രണയമാണ് ..!

ഇരുട്ട് കൊണ്ട് അടച്ചു വയ്ക്കുമോരോ
മനസ്സിന്നുള്ളറകളിലും കടന്നു ഞാന്‍
എനിക്ക് വേണ്ടി തുടിക്കുന്നൊരാത്മാവിന്‍
പിറവിയെ തിരഞ്ഞുകൊണ്ടിരിക്കുമെന്നും.

സമുദ്രങ്ങളെത്ര മായ്ക്കാന്‍ ശ്രമിച്ചാലും
അഗ്നിയെത്ര തന്നെ തുടച്ചു നീക്കിയാലും
ആകാശമേ നിന്റെ കീഴില്‍ ഞാനെന്നും
മരണമില്ലാതെ നെഞ്ചു വിരിച്ചു നിന്നീടും .

ഞാന്‍ വായിച്ചു തുടങ്ങിയോരീ പുസ്തക
മെന്നില്‍ പടര്‍ന്ന്‍ കയറും വരെയും
അക്ഷരങ്ങള്‍ക്കിടയില്‍ നിന്നുമെന്നെ
വാരി നെഞ്ചോട്‌ ചേര്‍ക്കും വരെയും
ആകാശമേ നിന്റെ കീഴില്‍ ഞാനെന്നും
മരണമില്ലാതെ നെഞ്ചു വിരിച്ചു നിന്നീടും.
-----------------------------ബിജു ജി നാഥ്

Tuesday, February 24, 2015

നമുക്കിടയില്‍ ഒരു ലോകമുണ്ട്.

നമുക്കിടയില്‍ ഒരു ലോകമുണ്ട്
എനിക്കും നിനക്കും
നമ്മളായി കഴിയാനൊരു ലോകം
എന്റെതും നിന്റെതെന്നും വീതിക്കുന്നൊരിടം .

നിലാവും നിഴലും പോലെ
നമുക്കിടയില്‍ പൂരകങ്ങളാകുന്ന
ചിലയിടങ്ങളൊഴിച്ചു നിര്‍ത്തുമ്പോള്‍
നമ്മള്‍ നഗ്നരാണ് എന്നോര്‍മ്മ വരുന്നു .

എങ്കിലും നമ്മള്‍ ചൂളുന്നില്ല
നിന്റെ നഗ്നതയുടെ ഉഷ്ണത്താഴ് വരകള്‍
എന്നെ ഒരിക്കലും അലോസരപ്പെടുത്തുന്നില്ല
എന്നിലെ നഗ്നത നീ കാണുന്നുപോലുമില്ല .

എവിടെയാണ് പകല്‍
നമ്മില്‍ നിന്നും നമ്മെ വലിച്ചെടുത്തത് ?
ശരീരങ്ങള്‍ നമ്മെ ഇടയില്‍ കുത്തി നോവിക്കുകയും
ഇരുളിന്റെ മാളങ്ങള്‍ തേടി
അലയാന്‍ തുടങ്ങുകയും ചെയ്തത്
ഏതു തെരുവിന്റെ നടുവില്‍ നിന്നാകും ?

ഉടഞ്ഞുപോയതും
ചീന്തിയെറിഞ്ഞതുമായ
ഉടലുടയാടകള്‍ തേടി
നാം നമ്മുടെ ലോകത്തില്‍ നിന്നകലുന്നു .

നമുക്കീ വന്യമായ കാലം മറക്കണം .
തിരികെ പോകണമാ താഴ് വരയില്‍ .
നിലാവിനും നിഴലിനും
നമ്മെ പകുത്തു കൊടുക്കുന്ന
നമുക്കിടയിലെ ആ ലോകത്തിലേക്ക്‌ .
--------------------ബിജു ജി നാഥ്

Sunday, February 22, 2015

സിംഹവും മുയല്‍ക്കുഞ്ഞും


ഒരിടത്തൊരിടത്ത്  ഒരു വലിയ കാടുണ്ടായിരുന്നു കാടെന്നു വച്ചാല്‍ വല്യ കാട് . അതില്‍ നിറയെ മൃഗങ്ങള്‍ . ആണ്‍ മൃഗങ്ങള്‍ പെണ്‍മൃഗങ്ങള്‍ , കുട്ടി മൃഗങ്ങള്‍ വയാസ്സായ മൃഗങ്ങള്‍ അങ്ങനെ എല്ലാം ഉണ്ടായിരുന്നു അതില്‍
ആ കാട്ടില്‍  ഒരു ഗുഹയില്‍ ഒരു സിംഹം ഒറ്റയ്ക്ക് താമസിച്ചിരുന്നു . ആരോടും കൂട്ടില്ലാതെ , ആരോടും സ്നേഹമില്ലാതെ ഒരു ക്രൂരന്‍ ആയ സിംഹം

രാവിലെ മുതല്‍ രാത്രി വരെ തന്റെ ഗുഹയില്‍ വെറുതെ കിടക്കുന്ന സിംഹം രാത്രി ആകുമ്പോള്‍ ആണ് ഇരതേടി ഇറങ്ങുക പതിവ് . ഇര പിടിക്കുമ്പോള്‍ ഇരയെ ഏറ്റവും കൂടുതല്‍ ഓടിച്ചു ക്ഷീണിപ്പിച്ചു പിടിക്കുക , അവയെ കൊല്ലാതെ കൊല്ലുക ഇതൊക്കെ ആണ് ആ സിംഹത്തിന്റെ വികൃതികള്‍
കാട്ടിലെ മറ്റു മൃഗങ്ങള്‍ക്കൊന്നും പക്ഷെ ഈ സിംഹത്തെ അറിയില്ല കാരണം ഇത് രാത്രിയില്‍ അല്ലേ ഇറങ്ങൂ . അത് പോലെ തന്നെ മറ്റു മൃഗങ്ങളും ആയി ഒരു തരത്തില്‍ ഉള്ള ബന്ധവും വച്ചിരുന്നുമില്ല ഈ സിംഹം
അങ്ങനെ ഇരിക്കെ ഈ ക്രൂരനായ സിംഹം ഒരു രാത്രി ഇര തേടി ഇറങ്ങി.

ഇരുട്ട് , കാട് നിശബ്ദം , ചീവീടുകളുടെ ശബ്ദം മാത്രം . എവിടെയോ ഇരുന്നു കൂമന്‍ മൂളുന്ന ശബ്ദം ഇടയ്ക്ക് കേള്‍ക്കാം പിന്നെ ഇടയ്ക്കിടയ്ക്ക് ചില കിളികളുടെ ചിലയ്ക്കല്‍ കേള്‍ക്കാം . ഒറ്റയാന്റെ അലര്‍ച്ച കേള്‍ക്കാം ദൂരെ
വിശന്നു തളര്‍ന്ന സിംഹം ഇല പോലുമനങ്ങാതെ അങ്ങനെ നടക്കുകയാണ് കണ്ണുകള്‍ കൂര്‍പ്പിച്ചു കാത് വട്ടം പിടിച്ചു ശ്വാസം നിയന്ത്രിച്ചു പതിയെ പമ്മി പമ്മി കാട്ടിലൂടെ.............
പെട്ടെന്ന്‍ ആണ് കാട്ടു പൊന്തയില്‍ നിന്നും ഒരു ശബ്ദം കേട്ടത്
സിംഹം ജാഗരൂകനായി ... അങ്ങോട്ട്‌ തന്നെ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി
ഇരുട്ടിലെ പൊന്തക്കാട്ടിലെ ചലനം എന്താകും? പാമ്പ് ആണോ , മൃഗം ആണോ , എന്താകും ശത്രു ആകുമോ ഒന്നുമറിയില്ല സിംഹം അവിടെ നിന്ന് ഒരു നിമിഷം
കുറച്ചു നേരം സൂക്ഷിച്ചു നോക്കിയപ്പോള്‍ സിംഹം അത് കണ്ടു. ആ മുള്‍പ്പടര്‍പ്പില്‍ , മുള്ളില്‍ കുരുങ്ങി ഒരു മുയല്‍ക്കുഞ്ഞു . വെള്ള പഞ്ഞിക്കെട്ടു പോലെ ഒരു കൊച്ചു സുന്ദരി മുയല്‍ . മുള്ളുകള്‍ കൊണ്ട് രക്തം പുരണ്ട ശരീരം . ഉറക്കെ കിതയ്ക്കുന്ന ശബ്ദം . പേടിച്ചു കണ്ണുകള്‍ പുറത്തേക്ക തള്ളി ഇരിക്കുന്നു .ശബ്ദം പോലും പുറത്തു കേള്‍ക്കാന്‍ കഴിയുന്നേയില്ല . ഒന്നൊച്ച ഇട്ടാല്‍ അത് മരിച്ചു പോവും അത്ര പേടിച്ചു പോയിരിക്കുന്നു അത് .
ഒന്നാമത് ഇരുട്ട്, പിന്നെ നിസ്സഹായത..... ഒന്നോടി രക്ഷപ്പെടാന്‍ പോലും .....മാത്രവുമല്ല ക്രൂരനായ സിംഹത്തിനു  ഒരു ഇരയേ അല്ല താന്‍ . ഒരു വിഴുങ്ങല്‍ കൊണ്ട് എല്ലാം കഴിയും . മുയല്‍ക്കുഞ്ഞു വിറയ്ക്കാന്‍ തുടങ്ങി .
സിംഹം പതിയെ അവിടെ തന്നെ നിന്ന് ചുറ്റും നോക്കി . കാടാകെ നിശബ്ദമായി . വരാന്‍ പോകുന്ന ഭീകര നിമിഷത്തെ ഓര്‍ത്ത്‌ കാട് നടുങ്ങി നിന്ന് . ചീവീടുകള്‍ ശബ്ദം നിര്‍ത്തി . കൂമന്‍ തുറിച്ചു നോക്കി ഇരുന്നു എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍!
സിംഹം തന്റെ നാവു ഒന്ന് നന്നയി നീട്ടി ചുണ്ട് നക്കി ....എന്നിട്ട് പതിയെ കൗതുകത്തോടെ അതിന്റെ അരികില്‍ ഇരുന്നു .
ഇവിടെ ഓടി പിടിക്കാതെ ഒരു ഇര വിശന്നു വലഞ്ഞ എന്റെ മുന്നിലേക്കു വന്നു വീണിരിക്കുന്നു . സന്തോഷിക്കാനിതിലും വലിയ എന്ത് വേണം
സിംഹം മുയലിന്റെ കണ്ണുകളില്‍ തന്നെ നോക്കി അടുത്തിരുന്നു . സിംഹത്തിന്റെ നോട്ടം മുയലിന്റെ ഉള്ളില്‍ ഭയത്തിന്റെ വേരുറപ്പിച്ചു അത് ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ തുടങ്ങി .
മുയല്‍ സിംഹത്തിന്റെ കണ്ണുകളില്‍ തന്നെ തറച്ചു നോക്കി . മരണം അടുത്തു വന്നു കഴിഞ്ഞു ഇനി ജീവിക്കാന്‍ ഒരു വഴിയും ഇല്ല. അങ്ങനെ എങ്കില്‍ മരിക്കുക ഭീരുവായി വേണ്ട എന്ന് മുയല്‍ക്കുഞ്ഞിനു തോന്നി.
അത് സിംഹത്തിന്റെ കണ്ണില്‍ വെല്ലുവിളി ഉയര്‍ത്തി നോക്കി കൊണ്ടേ ഇരുന്നു
ഒരുപാട് നേരം പരസ്പരം അവര്‍ നോക്കി ഇരുന്നു. പതിയെ മുയല്‍ക്കുഞ്ഞില്‍ ഒരു ധൈര്യവും വിശ്വാസവും വന്നു നിറയാന്‍ തുടങ്ങി . അതിന്റെ ഉള്ളിലെ ഭയം അലിഞ്ഞു പോകാന്‍ തുടങ്ങി.
സിംഹം അധീരനാകാന്‍ തുടങ്ങി . ഒട്ടൊരു ജാള്യതയോടെ സിംഹം അത് മനസ്സിലാക്കി . ഈ കുഞ്ഞു മുയലിന്റെ മുന്നില്‍ താന്‍ വെറും ഒരു കീടം ആകുന്നോ എന്ന് സിംഹത്തിനു സംശയമായി
തന്റെ ധൈര്യം തിരികെ കൊണ്ട് വരാന്‍ വേണ്ടി എന്നോണം സിംഹം മുയലിനെ നോക്കി നാക്ക് നീട്ടി ചുണ്ട് ഒന്നു കൂടി നക്കി ഒരു ചിരി ചിരിച്ചു .
മുയല്‍ ഉടനെ തന്നെ സിംഹത്തിന്റെ കണ്ണില്‍ നിന്നും നോട്ടം തെറ്റിക്കാതെ ഒരു പുഞ്ചിരി തിരിച്ചു കൊടുത്തു .
ങേ സിംഹം നടുങ്ങിപ്പോയി . മരണത്തിന്റെ മുഖത്തിരുന്നു നിനക്ക് ചിരിക്കാന്‍ കഴിയുന്നോ എന്നൊരു ധ്വനി ഉണ്ടായിരുന്നു സിംത്തിന്റെ നോട്ടത്തില്‍.
സിംഹം ചോദിച്ചു .
"നിന്നെ ഞാന്‍ തിന്നാന്‍ പോവുകയാണ് . നിനക്ക് ഭയം തോന്നുന്നില്ലേ? "
മുയല്‍ പറഞ്ഞു .
"എനിക്ക് ഭയം തോന്നിയാല്‍ നീ എന്നെ തിന്നാതിരിക്കുമോ ?"
"ഇല്ല നിനക്ക് ഭയം തോന്നിയില്ലേലും നിന്നെ ഞാന്‍ തിന്നും കാരണം എനിക്ക് വിശക്കുന്നു നീയാണ് എന്റെ ഇന്നത്തെ ഇര."
"എന്നെ തിന്നത് കൊണ്ട് നിന്റെ വിശപ്പ്‌ മാറുമോ ?"
"ഇല്ല നീ എനിക്ക് തല്ക്കാല വിശപ്പ്‌ മാറാന്‍ ഉള്ള ഒരു ഇട ഭക്ഷണം മാത്രം ."
"എങ്കില്‍ ആയിക്കൊള്ളൂ . അശരണയാണ് ഞാന്‍ എങ്കിലും നിന്നെ പോലൊരു ക്രൂരന്റെ ഇരയാകേണ്ടി വന്നതില്‍ ദുഖമുണ്ട് പക്ഷെ എനിക്ക് ഓടാന്‍ കഴിയില്ല പ്രതികരിക്കാന്‍ കഴിയില്ല ഇനി നിനക്ക് കീഴടങ്ങാതെ മറ്റൊരു വഴിയുമില്ല എന്റെ മുന്നില്‍ അതിനാല്‍ നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളുക പക്ഷെ ഞാന്‍ ഇനി ഭയക്കില്ല വേദന കൊണ്ട് പോലും ഒരു ചെറിയ സ്വരം പോലും ഞാന്‍ ഉണ്ടാക്കില്ല...."
മുയലിന്റെ വാക്കുകളില്‍ അസാധാരണമായ ഒരു ശാന്തത നിറഞ്ഞു നിന്നിരുന്നു .
സിംഹം ആദ്യമായാണ്‌ ഇങ്ങനെ ഒരു പ്രതിസന്ധിയില്‍ ചെന്ന് പെടുന്നത് . ആകെ വിഷമത്തിലായി സിംഹം. ശരിയാണ് ഈ മുയല്‍ എതിര്‍ത്താലും ഇല്ലേലും ഞാന്‍ ഇതിനെ തിന്നും പക്ഷെ ഇതിന്റെ ധൈര്യം അതിനെ എനിക്ക് കീഴടക്കാനോ ,ഇല്ലാതാക്കാനോ കഴിയില്ല . ഞാന്‍ ഭീരുവാകുന്നു
സിംഹം മുയലിന്റെ കണ്ണുകളില്‍ വീണ്ടും നോക്കി . അവിടെ ഭയം ലവലേശം ഇല്ല മാത്രവുമല്ല അതില്‍ സിംഹം ആദ്യമായി സ്നേഹം കണ്ടു . തനിക്കു അജ്ഞാതമായ ഒരു വികാരം . സിംഹത്തിന്റെ കുഞ്ചി രോമങ്ങള്‍ എഴുന്നു വന്നു തനിക്കെന്തോ മാറ്റം സംഭവിക്കും പോലെ തോന്നി അതിനു.
സിംഹം പതിയെ തന്റെ കൈ ഉയര്‍ത്തി . ആസന്നമായ മരണത്തിനു മുന്നില്‍ അചഞ്ചലയായി മുയല്‍ നിന്ന് .
മരണത്തിന്റെ തണുത്ത കാറ്റ് തനിക്കു ചുറ്റും വീശുന്ന പോലെ അതിനു തോന്നി . അവസാനമെന്നോണം അത് സിംഹത്തിന്റെ മുഖത്തേക്ക് ഒന്ന് നോക്കി
പിന്നെ പതിയെ കണ്ണുകള്‍ അടച്ചു മണ്ണിലേക്ക് അമര്‍ന്നു . ഇനിയില്ല ജീവിതം ഇനിയില്ല സുന്ദരമായ ഈ കാഴ്ചകള്‍ ,ഇനിയെനിക്കൊന്നും സ്വന്തമായില്ല . മുയലിന്റെ ഉള്ളില്‍ വേദന നിറഞ്ഞു എങ്കിലും അത് ഭയം പുറത്തു കാണിക്കാതെ കണ്ണുകള്‍ അടച്ചു ശാന്തമായി അമര്‍ന്നു കിടന്നു.
സിംഹം തന്റെ കൈ കൊണ്ട് പതിയെ ആ മുള്ളുകള്‍ ഇളക്കി മാറ്റി . പിന്നെ പതിയെ ആ മുയല്ക്കുഞ്ഞിനെ നോവിക്കാതെ കടിച്ചു എടുത്തു പുറത്തേക്ക് കൊണ്ട് വന്നു തുറസ്സായ ഒരു സ്ഥലത്ത് വച്ച് .
പിന്നെ അതിന്റെ അടുത്ത് സിംഹം കിടന്നു കൊണ്ട് അതിന്റെ മുഖത്തിന്‌ അടുത്ത് ആയി മുഖം വച്ച് .
സമയം കടന്നു പോയി . തന്റെ മരണം ഇനിയും വൈകുന്നത് കണ്ടു അസഹ്യത പൂണ്ട മുയല്‍ ചോദ്യരൂപേണ കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ കാണുന്നത് തന്നെ നോക്കി തന്റെ അരികത്തു മുഖം വച്ച് അടുത്ത് കിടക്കുന്ന സിംഹത്തെ ആണ് .
"ഇനിയും എന്തിനു ഈ താമസം . എന്റെ ജീവനെ എടുത്തു കൊണ്ട് എനിക്ക് ശാന്തി തരൂ . മുള്‍മുനയില്‍ ഉള്ള ഈ ജീവിതം എനിക്ക് മരണത്തെക്കാള്‍ അസഹനീയം ആണ്..."
മുയലിന്റെ വാക്കുകള്‍ കേട്ട സിംഹം ഒരു പുഞ്ചിരിയോടെ മുയലിന്റെ തലയില്‍ തലോടി പിന്നെ പറഞ്ഞു .
"ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി സ്നേഹത്തോട് കൂടി ഒരു ജീവിയെ തൊടുന്നു . നീ എനിക്ക് പ്രിയപ്പെട്ടത് . നിന്നെ ഞാന്‍ ഒരിക്കലും കൊല്ലില്ല . നീ എന്റെ കൂടെ വരിക നിനക്ക് ഞാന്‍ കാവലാകാം . ഇനിയൊരു മുള്‍പ്പടര്‍പ്പിലും വീഴാതെ ഒരു മൃഗ നഖങ്ങളിലും പെടാതെ നീ സുരക്ഷിതയായിരിക്കും വരൂ ."
അവിശ്വസനീയമായ എന്തോ കേട്ട പോലെ മുയല്‍ സിംഹത്തെ തന്നെ നോക്കി നിന്ന് . സിംഹം മുയലിനെ എടുത്തു തന്റെ പുറത്തു വച്ച് തിരികെ തന്റെ ഗുഹയിലേക്ക് നടന്നു . അകലെ കിളികള്‍ മധുരമായി പാടി തുടങ്ങി വീണ്ടും.....
-------------------------------------------ബിജു ജി നാഥ്
(ഒരു കുഞ്ഞാവയ്ക്ക് വേണ്ടി പറഞ്ഞ കഥ ... എല്ലാ കുഞ്ഞാവകള്‍ക്കും വേണ്ടി ........)

Friday, February 20, 2015

പ്രത്യാശ


നിരാശ തന്‍ മൂടുപടം വലിച്ചിട്ടു
യാമിനീ നീയകലുന്നുവെങ്കിലും
ഇരുളില്‍ നീയുപേക്ഷിച്ചൊരീ
താരകങ്ങളെന്നില്‍ പടരുന്നഗ്നിയായ് .
-------------------------ബി ജി എന്‍ വര്‍ക്കല

വിരുന്നുകാരില്ലാത്ത വീട്


കരിയില മൂടിക്കിടക്കുന്നോരീ
പഴയമുറ്റം കണ്ടു കരയാന്‍ മറന്നൊരു
കാറ്റിനെ നിങ്ങള്‍ കണ്ടിരിക്കാം
ജീവിത യാത്രയിലെപ്പോഴോ.

ചിലന്തി വലകള്‍ കൂട് കൂട്ടും
വാതില്‍ പാളികള്‍ നീക്കി നോക്കില്‍
നിങ്ങളെ കടന്നു പറന്നു പോകും
കടവാതിലുകള്‍ ഭയപ്പെടുത്തിയേക്കാം .

പൊടിയടിഞ്ഞൊരു സ്വീകരണമുറിയില്‍
ചിതറി വീണ ചില്ല് പാത്രങ്ങളില്‍
പാദമമരാതെ സൂക്ഷിച്ചില്ലേല്‍
ചോരപൊടിയും ന്യൂനമെന്നോര്‍ക്കുക .

അടുക്കളമുറിയുടെ ഇരുളില്‍ നിന്നും
പാറ്റ പഴുതാര പല്ലികള്‍ നിങ്ങളെ
കണ്ണെടുക്കാതെ നോക്കുകില്‍ ഓര്‍ക്കുക
അവയ്ക്ക് വിശക്കുന്നുണ്ടാകാം .

കിടപ്പു മുറിയിലെ ഇരുണ്ട വെളിച്ചത്തില്‍
പുതച്ചു മൂടിയുറങ്ങുന്നോരെന്നെ
വിളിച്ചുണര്‍ത്തും മുന്‍പ് നോക്കുക
ചുവരിലെ തെളിച്ചമില്ലാത്ത കണ്ണാടിയില്‍ എന്നെ .

തിളച്ച വെള്ളത്തില്‍ കൈ തൊടും പോല്‍
നടുങ്ങി മാറുമ്പോള്‍ ഓര്‍ക്കുക
നീയല്ലത് , വെറും സ്വപ്നത്തില്‍
കാണാന്‍ മറന്നൊരു ചിത്രം മാത്രമത് .
--------------------ബിജു ജി നാഥ്






Wednesday, February 18, 2015

ഒരു യാത്ര

പിറന്ന മണ്ണില്‍ നിന്നും മടങ്ങണം
ജീവന്റെ തിരി കെടുത്തിയകലണം
ഒടുവിലൊരു തിരിച്ചു വരവെന്ന
ചിന്തകള്‍ ഉയിരിടാതിരിക്കണം .

അണഞ്ഞു പോകും തിരിതന്‍ പുകയാല്‍
നിറയും കണ്ണുകള്‍ മറയ്ക്കണം
വൃഥാ ചിരിക്കണം പിന്തുടരം
മിഴികളെ നോക്കി വീശണം കരങ്ങള്‍ .

എടുക്കുവാനൊരു ഭാരവും
ചുമലിന്റെ ഇരുവശങ്ങളിലുമില്ലാതെ
വിടര്‍ത്തി വച്ച കരങ്ങള്‍ വീശി
തലയുയര്‍ത്തി അകലണം .

അഴിച്ചിടണം വേഷങ്ങള്‍
വസ്ത്രങ്ങള്‍ , ഗര്‍വ്വുകള്‍
കടങ്ങള്‍ തന്‍ ഭാണ്ഡങ്ങള്‍
നെഞ്ചിലെ സ്നേഹമെന്ന ഭാരവും .

പറയരുതൊരിക്കലുമൊരു മൊഴി
ഞാനിനി തിരികെ വരുമെന്നു.
പറയരുതൊരിക്കലും കാണാം
നമുക്കിനിയൊരിക്കലെന്നു .

അഴിച്ചു വച്ച പാദുകങ്ങള്‍
നിലവിളികള്‍ തന്‍ പാശങ്ങള്‍
ചുംബനത്തിന്റെ ചൂടുകള്‍
മാറിലൂറുന്ന അമൃതം
ഒന്നും തിരികെ നടത്തുവാന്‍ കഴിയാത്ത
യാത്ര പോകണമിനിയെനിക്കൊന്നു

പിന്‍വിളികള്‍ കേള്‍ക്കാത്ത
തടഞ്ഞു നിര്‍ത്തുവാന്‍ കഴിയാത്ത
പ്രണയത്തിന്റെ നോവില്ലാത്ത
ഇരുട്ടിലേക്ക് യാത്ര പോകണമെനിക്കിനി.
-------------------------------ബിജു ജി നാഥ്


Tuesday, February 17, 2015

നിന്നെയോര്‍ക്കുമ്പോള്‍


നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മും
ഇരുണ്ട നിലാവിന്റെ ഓര്‍മ്മകളില്‍
ഒരു ഏകാന്ത നക്ഷത്രം പോല്‍
നിന്റെ മിഴികളെന്നെ വേട്ടയാടുന്നുവല്ലോ

വിടരും താമരയിതളുകള്‍ പോല്‍
പൊഴിയും മഞ്ഞു കണങ്ങള്‍ പോല്‍
വാനിലെ മഴവില്‍ ചിത്രം പോല്‍
നിന്‍ ഓര്‍മ്മകള്‍ നിറയുന്നെന്നില്‍

രാവുകള്‍ പകലുകള്‍ മായുന്നു
മമ മാനസം പുകയും കനലാകുന്നു
ഓരോ ദിനവും നല്‍കും ചിന്തകള്‍
നെടുവീര്‍പ്പിന്‍ ചിത കത്തുന്നത് പോല്‍
--------------------------ബിജു ജി നാഥ്

Sunday, February 15, 2015

കാത്തിരിപ്പ്


മൂടിപ്പൊതച്ചിനിയൊന്നുറങ്ങണം
ജീവന്റെ , മൂകതയില്‍ അലിഞ്ഞു .
വേദനയില്ലാത്ത കാലത്തിനപ്പുറം
വീണുറങ്ങണം സ്വപ്നങ്ങളില്ലാതെ.

കാഴ്ചകളുടെ സൗകുമാര്യം വിട്ടു,
കുതൂഹലത്തിനെ കെട്ടുപൊട്ടിച്ചു,
ഒരിക്കലും വിടരാതെ പോകുന്ന
പ്രണയത്തിന്റെ പൂവ് തേടണം .

നെഞ്ച് പൊട്ടുന്ന നിലവിളികള്‍,
കണ്ണ് നിറയ്ക്കുന്ന ഓര്‍മ്മകള്‍,
വിട്ടു പോകാത്ത പുഞ്ചിരികള്‍,
എല്ലാം വഴിയിലുപേക്ഷിക്കണം

ഇനിയും വൈകുന്ന രാത്രിവണ്ടിത-
ന്നൊറ്റക്കണ്‍ വെളിച്ചം തിരഞ്ഞു, 
ഏകാന്തതയുടെ കൂടില്‍ ഞാനും
ഇന്നീ നിശയില്‍ തനിച്ചിരിക്കുന്നു .
------------------ബിജു ജി നാഥ്

Friday, February 13, 2015

മിഴികള്‍

ഓരോ മഴമേഘവും
മാനം നിറയുമ്പോള്‍
മിഴികള്‍ തിരയുന്നു
കോടക്കാറ്റിന്‍ വരവിനെ .

ഓരോ വേനലും
വരണ്ടു പുളയുമ്പോള്‍
മിഴികള്‍ ഉയരുന്നു
ഒരു മേഘത്തണലിനായി.

കുത്തിയൊലിച്ചൊരു
മണ്ണ് പുളയുമ്പോള്‍
മിഴികള്‍ കേഴുന്നു
ദയയുടെ കണികയ്ക്കായ് .

തണുത്തുറഞ്ഞൊരു
മണ്ണ് മരവിക്കുമ്പോള്‍
മിഴികള്‍ മയങ്ങുന്നു
നിതാന്ത സുക്ഷുപ്തിയില്‍ !
--------------ബിജു ജി നാഥ്

Thursday, February 12, 2015

പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല


വിട പറഞ്ഞകന്നിരുന്നില്ല നാം
പിണങ്ങിയുമെങ്ങും പോയതില്ല
വഴിയറിയില്ലെന്നും പറയുകില്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല .

മിഴികളില്‍ ശോകം വിരിഞ്ഞതില്ല
ചൊടികളില്‍ തേങ്ങലൊളിച്ചതില്ല
കവിളുകള്‍ വാടിക്കരിഞ്ഞതില്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല .

മഴമുകില്‍ മാനത്തു വന്നതില്ല
ഗ്രീഷ്മമോ കത്തിപ്പടര്‍ന്നതില്ല 
ശശിബിംബമില്ലാത്ത രാവുമല്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല

തിരമാല കരയെ വിഴുങ്ങിയില്ല
കാടെരിച്ചൊരു തീ പടര്‍ന്നുമില്ല
ഭൂമിതന്‍ മാറു പിളര്‍ന്നുമില്ല
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല .
---------------------------ബിജു ജി നാഥ്

Wednesday, February 11, 2015

മരം പറഞ്ഞത്

ഇലകൊഴിഞ്ഞ മരച്ചില്ലയില്‍
കൂട് കൂട്ടാന്‍ കൊതിക്കുമവനോട്
ഒരു പുഴയിലെയൊരേ ജലത്തില്‍
ഇരുവട്ടം മുങ്ങിവരാന്‍ മരം പറയുന്നു
------------------------ബി ജി എന്‍

Tuesday, February 10, 2015

മായം സര്‍വ്വം


ഒരാലിലത്താലിയില്‍
പൊതിഞ്ഞു സൂക്ഷിക്കുന്നുണ്ട്
പൊയ്പ്പോയ കാലത്തിന്‍
ജീര്‍ണ്ണസ്വപ്നങ്ങളെ നെഞ്ചിനുള്ളില്‍ .

ഒരു നുള്ള് കുങ്കുമത്തില്‍
മറച്ചു വയ്ക്കുന്നുണ്ട്‌
തിരസ്കാരപ്പൊരുളിന്റെ
കാണാക്കയങ്ങള്‍ തന്നാഴങ്ങള്‍ .

കാലം മുന്നില്‍ പേര്
കൊത്തിയൊരു മുദ്രമോതിരം.
മൂടിയ കണ്ണീര്‍പ്പാടകളില്‍
ഇരുട്ടിന്റെ ഗന്ധം നിഴലിക്കുന്നു .

രാപ്പുള്ളുകള്‍ ഭയപ്പെടുത്തില്ല
പ്രാപ്പിടിയന്‍ നോവിക്കുകയില്ല
പിന്നിയിടാത്ത മുടിച്ചുരുളുകളില്‍
മുല്ലമൊട്ടിന്റെ സൗരഭ്യം നിറയില്ല .

ശീതക്കാറ്റില്‍ കടപുഴകും
നിര്‍ജ്ജീവ വെളിച്ചം പോലെ
ഉഷ്ണവാതങ്ങളില്‍ ഉരുകും
കണ്ണുനീരിന്‍ പുഴകള്‍ മരിയ്ക്കുന്നു . 

ശമനതാളങ്ങള്‍ നല്‍കും
നിശബ്ദ രാഗങ്ങള്‍ രാവ് ചൊല്ലിയാര്‍ക്കുന്നു.
കിനാവുകളില്‍ വീഴും
മഞ്ഞിന്റെ പുകപടലം പോല്‍....
-----------------ബിജു ജി നാഥ് വര്‍ക്കല 

Saturday, February 7, 2015

പ്രണയനിമിഷങ്ങള്‍

ഒരു ചെറു മഴയായി
കുളിരോലും നിറവായ്‌
പ്രിയതേ നിന്നുള്ളത്തില്‍
മയില്‍പ്പീലികള്‍ വിടരുമ്പോള്‍
അരികില്‍ നിന്‍ പ്രിയനോട്
കിന്നാരം ചൊല്ലുന്ന
മണി തത്തെ, നീയെന്‍ മനം നിറയ്ക്കുന്നു .

ഈറന്‍ മുടിയിഴകള്‍ നീ
വീശിപ്പരത്തുമ്പോള്‍
മാറിലലച്ചവ  വീണു തണുക്കുമ്പോള്‍
ചുടുചുംബന മധുരം
പടരുന്നോ കവിളിണയില്‍ .
സിന്ദൂര വര്‍ണ്ണത്താല്‍ കവിള്‍ തുടുത്തീടുന്നോ !

ഇതളടര്‍ന്നൊരു ദളം
മണ്ണില്‍ പതിയ്ക്കും പോല്‍
പ്രിയനവന്‍ തന്നുടെ മാറില്‍ നീയലിയുമ്പോള്‍
ഹൃദയതാളം മറന്നാ
ജാലകവാതില്‍ക്കല്‍
ഒരു മന്ദമാരുതന്‍ വഴിമാറി പോകുന്നോ.

നാണത്താല്‍ മുഖം താഴ്ത്തും
മെഴുകിന്‍ വെളിച്ചത്തില്‍
മൗനം കുടിച്ചു
തളര്‍ന്നൊരിരുള്‍ മെല്ലെ
നാഗങ്ങള്‍ തന്‍ ശീല്ക്കാരരവത്താല്‍
ശ്വാസമടക്കി പതുങ്ങി പരുങ്ങുന്നു .

യാമങ്ങള്‍ ചിലങ്കകള്‍
മെല്ലെയഴിക്കുന്നു
രാക്കിളി മൃദുവായ് പാടിത്തുടങ്ങുന്നു
പൗര്‍ണ്ണമി തന്നുടെ
തൂവെളിച്ചത്തില്‍ മഞ്ഞു തുള്ളികള്‍ തിളങ്ങുന്നു .

ഇരുളിന്‍ കയത്തില്‍
രണ്ടാത്മാക്കള്‍ നിദ്രതന്‍
ചുഴിയില്‍ താഴ്ന്നങ്ങു പോകവേ
മാരുതന്‍ മെല്ലെ ചോരനെ
പോലെയാ സ്വേദബിന്ദുക്കള്‍ മുത്തിയകലുന്നു .
--------------------------ബിജു ജി നാഥ്

Thursday, February 5, 2015

നിന്നോട് പറയാന്‍ കൊതിച്ചത്


സ്വപ്നമായിരുന്നു നീയെങ്കിലും,
ഇന്നെന്റെ ജീവിതത്തിന്‍
സ്വര്‍ഗ്ഗവും നരകവും നീ മാത്രമാകുമ്പോള്‍.
ചിത്രിണീ നീ എന്നെ പുല്‍കുമോ
മറ്റൊരു സ്വപ്നമായി ജീവന്റെ തീമഴയില്‍ .

ഈ നീല വിഹായസ്സില്‍ നാമിരുവര്‍
മേഘങ്ങളേ വസ്ത്രമാക്കീടുകില്‍,
വരിക  പ്രിയതമാം പുഞ്ചിരിയാല്‍
വിളങ്ങും സൗന്ദര്യമേയെന്‍
കാമനകളില്‍ പരിലസിക്കുവാനാവോളം .

വിശ്വമാകയും വെറുമൊരു ചിപ്പിയില്‍
നിന്‍ കാല്‍ക്കല്‍ വച്ച് ഞാന്‍ നില്‍ക്കുമ്പോള്‍,
വിശ്രുതേ നിന്‍ മണി വിരലുകളാല്‍
എന്റെ നിറുകയില്‍ ചിത്രം വരച്ചീടുക.

സൗഗന്ധികം നിന്റെ മുടിയില്‍ ചൂടി
സുഗന്ധീ നിന്നെ രാജ്ഞിയാക്കീടാം.
എകിടുക നീയെന്നധരദാഹത്തിനു -
മുന്തിരിക്കുലകള്‍ തന്‍ പിയൂഷവും,
മാനസസരോവരപൊയ്കയില്‍ നീരാടും
പൗര്‍ണ്ണമീ രാവുകളുമെനിക്കായ് കനവുകളില്‍..
-----------------------ബിജു ജി നാഥ്

വിപ്ലവം ജയിക്കട്ടെ

ചുറ്റും തീക്കനല്‍ പൊള്ളിക്കും
ശൈത്യത്തിന്റെ താഴ് വരകളിലാണ്
നിന്റെ നിലാവ് പെയ്തൊഴിയുന്നത് .
കല്ലുമഴകള്‍ പെയ്യുന്ന
യെരുശലേം തെരുവീഥികളിലോ
ബയണറ്റു തുളയുന്ന
തിരുനെല്ലികളിലോ വീണുപൊടിയുന്നുണ്ടാകും
നരച്ചുപോയ കണ്ണുകളില്‍ നിന്നും
രക്തം കലര്‍ന്ന കണ്ണുനീരുകള്‍.
പനിച്ചു തുള്ളുന്ന വിപ്ലവത്തീയില്‍
മുലപ്പാല്‍ തളിച്ച് നീ കരയുന്നു
ചങ്ക് പിളര്‍ന്നു ചോര ചീറ്റുന്ന
കരിങ്കല്ലിന്‍  മനസ്സുകളെ നോക്കി
വിപ്ലവം ജയിക്കട്ടെ .....
-------------ബിജു ജി നാഥ്

Monday, February 2, 2015

ഞാന്‍ അരൂപി.

ഞാന്‍
നിനക്ക് കൂട് കൂട്ടാന്‍
ശാഖിയായവന്‍.
നിന്റെ ചിറകുകള്‍ക്ക്
വീശിപ്പറക്കുവാന്‍
ആകാശമായവന്‍ .
എന്റെ ചില്ലകളില്‍
ഇലഞ്ഞരമ്പുകളില്‍
പ്യൂപ്പകളായ്
ശലഭങ്ങളായ്
തലമുറയെ വളര്‍ത്തുവാന്‍
നിനക്ക് ജന്മം കടം തന്നവന്‍ .
ഉരുകുന്ന ഗ്രീഷ്മവും
ഉറയുന്ന ശൈത്യവും കൊണ്ട്
കണ്ണീരും പുഞ്ചിരിയും
മറയ്ക്കാന്‍ പഠിച്ചവന്‍ .
നിന്റെ കാമനകളില്‍
നിന്നിലെ ചാപല്യങ്ങളില്‍
ഊടും പാവും നെയ്യും
നിന്റെ സ്വപ്നങ്ങളില്‍
ഞാന്‍ ആകാശവും
കടലുമായവന്‍
ചിതയില്‍ നീറിപ്പിടയുംബോഴും
നിനക്കൊരു വിലാസമായി
ഞാനുണ്ട് കൂടെ
എന്നെയറിയാതെ
ഞാനറിയാതെ
ഞാനുണ്ട് .....
---------ബിജു ജി നാഥ്

Sunday, February 1, 2015

നഷ്ടങ്ങള്‍

നനഞ്ഞ പ്രഭാതങ്ങള്‍
തുഷാരബിന്ദുക്കളില്‍ നിറയും മഴവില്ല്,
സ്വര്‍ണ്ണ വെളിച്ചം ,
നനുത്ത തണുപ്പിന്‍ കാറ്റ് ...
എനിക്ക് നഷ്ടങ്ങളേറെയല്ലോ .

പവിഴമല്ലികള്‍ പൂവിട്ടു നില്‍ക്കും
സന്ധ്യകള്‍,
കുയിലുകള്‍ പാടും
കുളക്കടവുകള്‍ ,
വെളുത്ത കൊറ്റികള്‍ തുമ്പപ്പൂവാകും
പച്ചപ്പാടങ്ങള്‍ ,
മിഴികളില്‍ തഴുകുമ്പോള്‍
ഓര്‍ക്കുക നീയെന്നെ.

നിലാവ്
നിന്നെ പുണരുമ്പോള്‍
അരിമുല്ലകള്‍
കണ്‍ തുറക്കുമ്പോള്‍
പാരിജാതം പുഞ്ചിരിക്കുമ്പോള്‍
അരികില്‍
നീയെന്നെ അണയ്ക്കുക

എനിക്ക് നഷ്ടമായ
നിറങ്ങള്‍
മണങ്ങള്‍
രുചികള്‍
എനിക്കായ് കരുതിവയ്ക്കുക നീ .

ഋതുക്കള്‍ നമുക്കായ് തീര്‍ക്കും
പര്‍ണ്ണശാലയില്‍
നമുക്കൊന്ന് ചേരണം.
നിന്‍ മടിത്തട്ടില്‍
വെറുമൊരു കുഞ്ഞായി ഞാനുണ്ടാകും
നിന്‍ മാറിലെ
അമൃതം നുകര്‍ന്ന്
അന്നെനിക്കുറങ്ങണം .....
-------------ബിജു ജി നാഥ്