Sunday, September 15, 2013

പൊന്നോണം


പച്ചമണ്ണുണങ്ങാതെ
വിണ്ടുകീറുന്നഭൂമിയുടെ
അടിത്തട്ടില്‍ 
തണുപ്പില്‍ ഉറഞ്ഞു കട്ടിയാകുമ്പോഴും 
 വിതുംബുന്നൊരു മനസ്സ് 
നീതിയുടെ കണ്ണ് തുറക്കാന്‍ .

വേദനകോലായില്‍ 
തെക്കോട്ട്‌ നോക്കി കരയുന്ന 
അമ്മതന്‍ മാറിടം വിങ്ങിപ്പൊട്ടുന്നു 
ഒരിറ്റു മുലപ്പാല്‍ തൂവിക്കൊണ്ട് .
വിശപ്പിന്റെ വിളി
കൊളുത്തിവലിക്കുന്ന 
കാടിന്റെ നിലവിളിക്കൊപ്പം .

തെരുവോരത്ത് 
ക്യാമറക്കണ്ണുകളില്‍
പിടഞ്ഞു തീരുന്നുണ്ട് 
ജീവന്‍വിട്ടുപോകാന്‍മടിക്കും  
ആത്മാക്കള്‍ !

കാഴ്ചകളുടെ ശീവേലികളില്‍
നുരയുന്ന ചക്ഷകങ്ങളും 
തൂശനിലയും 
തുമ്പി തുള്ളലുമായി 
താരകങ്ങള്‍ക്കൊത്തു
അധികാരം
ആഘോഷിക്കുന്നുണ്ട് 
സമൃദ്ധിയുടെ പൊന്നോണം !

ആശംസകളുടെ ആരവങ്ങള്‍ 
പട്ടുടുപ്പിന്റെ പളപളപ്പു 
ഡംഭിന്‍റെ ആഘോഷച്ചമയങ്ങള്‍ 
ഇവയ്ക്കിടയില്‍ എങ്ങോ 
ദൈന്യതയുടെ മിഴിചെപ്പുകളുമായി 
ഒരു നേരത്തെ അന്നത്തിനു 
കൈനീട്ടുന്നു 
നാളെയുടെ വാഗ്ദാനങ്ങള്‍ 
അവര്‍ക്ക് നേരെ ചൊരിയാം 
ഓണാശംസകള്‍ !
-------------ബി ജി എന്‍ വര്‍ക്കല ------------





1 comment:

  1. അവര്‍ക്കില്ലാ പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
    വയറിന്റെ നാദം കേട്ടേ മയങ്ങുന്ന വാമനന്മാര്‍
    അവര്‍ക്കോണക്കോടിയായ് നീ വാ
    ഉത്രാടപ്പൂനിലാവേ!

    ReplyDelete