മൃതിയില്‍ വിരല്‍ മുക്കിയീ-
പടുജന്മത്തിന്‍ മുള
ഒരു പരിതാപമില്ലാതെടുക്കവേ
ഒരു വരം തരികെനിക്കമ്മേ ...!
ഹൃദയകമലത്തിലുരിയ താപമില്ലാതെ
മുകുളദളങ്ങളില്‍ നഖവിരല്പാട് വീഴ്ത്തും
കഠിനഹൃദയത്തിന്‍ മാനുഷകോലമാ-
മരുമനാമമേ മാതൃത്വമേ .
തരികെനിക്കൊരു പുതുജീവന്‍
തിരിച്ചകലമില്ലാതെ
നിന്നടുത്തെത്തുവാന്‍ .
രുധിരഭാവത്തിന്‍ ശ്ലേഷ്മതയില്ലാത്ത
കരുണയുള്ളോരമ്മയാം
നിന്നിലൂടെ .
തരികെനിക്കൊരു പുതുജീവന്‍
ഈ ഹരിതഭൂവിലെനിക്കമ്മേ.
അവിടെനിക്കായ് നീ ഒരുക്കീടുക
കപടതയില്ലാത്ത
സ്നേഹത്തിന്‍ മ്രിദുശയ്യ.
അവിടെനിക്കായ് കരുതുക
അമ്രിതവര്‍ഷമായ്
നിന്‍ മുലച്ചുണ്ടുകള്‍ .
കാമം നുരയ്ക്കും കടുവയല്ലെന്നെ
കംഗാരുവിനെപോല്‍ നെഞ്ചിലേറ്റും
കാരുണ്യവാനായോരച്ചനുണ്ടാകണമവിടെ.
വിശപ്പിന്നമ്ലമാം തീ കൊരുമ്പോഴും
വിഴുപ്പലക്കുന്ന ബാല്യമുണ്ടാകാതെ
കുരുനരികള്‍ തന്‍ ഭയമില്ലാതെ
ഇരുളില്‍ നഖമുനയാഴ്ത്തുന്ന
കൂമന്‍ കണ്ണുകളില്ലാത്ത
മിഴികളില്‍ ഫണം വിടര്‍ത്തി
മൊഴികളില്‍ വിഷം തളിക്കുന്ന
ക്രൂരഫണികളില്ലാത്ത
പൌര്‍ണ്ണമിനിലാവുള്ളോരു
പൂങ്കാവനം തരികെനിക്കമ്മേ .
ജീവവായുവില്‍ വിഷമണമില്ലാത്ത
വിലപേശിവാങ്ങും തെളിനീര്വേണ്ടാത്ത
ഹരിതകഞ്ചുകമണിഞ്ഞൊരു
ധരിത്രിതന്നുടെ മാറില്‍ ശയിക്കുവാന്‍
രാസമാലിന്യ തീന്മേശയില്ലാത്ത
ഔഷധകൂടിന്‍ ഗിനിപന്നിയാകാത്ത
ആഗോളതാപത്തിന്‍
നെരിപ്പോട് ചൂടാത്ത
പുതിയ പുലരി പിറക്കുന്ന വേളയില്‍
നീയെനിക്കെകുക
ഒരു പുതുജന്മം .
ഇത് ഞാന്‍ നിന്നില്‍ നിന്നും
ഇരന്നു വാങ്ങും വരം .
എന്നെ നീ മെല്ലെ ഉറക്കുക
കൈവിരല്‍ തുമ്പില്‍ പിടിക്കുമെന്‍
കുഞ്ഞിളം കയ്യ് നീ അടര്‍ത്താതിരിക്കുക .
നിന്റെ ഉറപ്പിന്റെ ചൂടിലൂടെ
ഞാന്‍ കടക്കട്ടെയീ ജനിതകസാഗരം .
മിഴികളടയും വരെ നീയെന്‍
മിഴികളില്‍ നിന്നകലാതെ
ഒരു ചെറുസ്മേരത്തിന്‍
നറുനിലാപുഴയായ്
എന്നിലലിയുക.
എന്നെ നീയുറക്കുക .
---------ബി ജി എന്‍ ----