Sunday, December 27, 2020

ആർക്കുമല്ലാതെ ആരുമോർക്കാതെ.

 



ആർക്കുമല്ലാതെ ആരുമോർക്കാതെ.
.................................................
ഏകാന്തയിലേക്ക് ചിലപ്പോഴൊക്കെ
അദൃശ്യമായ ചില വിരലുകൾ കടന്നുവരും.
മറവിയിലേക്ക് ഒളിച്ചു വച്ച
പലതും തൊട്ടുണർത്തും.
ചിലപ്പോൾ വേദനയാൽ...
മറ്റു ചിലപ്പോൾ നിരാശയാൽ.
അതല്ലേൽ ആഹ്ലാദത്താൽ 
മനസ്സു പ്രതികരിക്കും.
എന്തിനെന്നറിയാതെ കരയുന്ന 
കണ്ണുകൾ തുടച്ചു കൊണ്ട് 
ചിരിയോടെ മനസ്സിൽ പറയും
ഒന്നുമില്ല ... ഒന്നുമില്ല.
പൊട്ടിച്ചിരിക്കുന്ന ചുണ്ടുകളെ,
ഒട്ടൊരു ജാള്യത്തോടെ ചുറ്റും നോക്കി
ഒളിപ്പിക്കും 
വട്ടെന്നു സ്വയം പറയും.
ഒന്നുകൂടി തിരിഞ്ഞു നടന്നാലോ 
എന്ന മണ്ടൻ ചിന്തയുടെ തലയിൽ
കൊട്ടിക്കൊണ്ടു പിറുപിറുക്കും 
പാടില്ല .... ഇനിയുമെന്തിനാ.?
എന്നാലും കണ്ണുകൾ പൂട്ടി
ഉറക്കത്തെ കാത്തു കിടക്കുമ്പോൾ
നെഞ്ചകം വല്ലാതെ തേങ്ങും.
തൊണ്ടയെരിയിച്ചു കൊണ്ടു
ഒരിറക്കു *മദ്യം കടന്നു പോയ്ക്കഴിയുമ്പോൾ
പിന്നൊരു ചിന്തയ്ക്കും ഇടമുണ്ടാകാറില്ല.
ഉറക്കം വന്നതു പോലുമറിയുക
പുലരിയിൽ മണിമുഴങ്ങുമ്പോഴാണ്.
ജീവിതത്തെ ഏകാന്തതയിൽ തളച്ചിടാൻ 
എന്തൊക്കെ മാർഗ്ഗങ്ങളാണ്...!
....... ബി.ജി.എൻ വർക്കല
* നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

Saturday, December 26, 2020

ഓർമ്മ മഴയിലൂടെ

ഓർമ്മമഴയിലൂടെ 
..............................
  അരികിലിത്തിരി നേരം നമ്മൾ
  ഇരുന്നതോർമ്മയിൽ വന്നുപോയ്.
  കുസൃതിയാമെന്റെ കൺകളാൽ
  നിന്നെ കുളിരുകോരിച്ച സന്ധ്യയും!

  സുറുമയിട്ടൊരാ മിഴികളാലെന്നെ
  ചൂണ്ടക്കൊളുത്തിട്ട് നോക്കിയും
  ഉതിർന്നു വീണൊരാ തട്ടത്താൽ നിന്റെ
  തുളുമ്പും മാറിടം പുതച്ചതും .

  വിറയാർന്ന നിൻ കൈവിരലുകൾ
  കവർന്നെടുത്തതിവേഗത്തിൽ
  കാറ്റുപോലും കാണുംമുന്നതിൽ
  മുത്തമിട്ടതുമോർത്തു പോയ്.

  രാവു വരുന്നെന്നു ചൊല്ലി നീയന്നു
  കരയും പോലെന്നെ നോക്കവേ
  ഞാനില്ലേയെൻ മുത്തിനെന്നതി
  മധുരമോടെ ഞാൻ മൊഴിഞ്ഞതും

  വേറെയില്ലൊരു മുഖവുമെന്നുടെ
  ചങ്കിതിലെന്നു ചൊല്ലി നീ
  തിരിഞ്ഞു നോക്കി നടന്നകന്ന
  വഴിയിൽ ഞാൻ നോക്കിനിന്നതും

  ഓർത്തിരിക്കുമ്പോൾ എന്നകതാരിൽ
  വിരിയുന്നൂ നറുപുഞ്ചിരി.
  കാലമിത്ര കടന്നു പോയിട്ടും
  മാഞ്ഞു പോകാത്തൊരോർമ്മ നീ.
...... ബി.ജി.എൻ വർക്കല ......

Tuesday, December 22, 2020

ദൈവത്തിന്റെ കണ്ണ് ..............................എൻ പി മുഹമ്മദ്

 ദൈവത്തിന്റെ കണ്ണ് (നോവൽ)

എൻ പി മുഹമ്മദ് 

ഡി സി ബുക്ക്സ് (2014)

വില : ₹ 160.00 



ചില വായനകൾ മനസ്സിനെ വല്ലാതെ സങ്കടത്തിലാഴ്ത്തും . ദിവസങ്ങളോളം അതിന്റെ വിഷമം മനസ്സിൽ നിന്നും മാറാതെ കിടക്കും . ഉറക്കത്തിൽ പോലും ഒരു സങ്കടമായി ചൂഴ്ന്ന് നിൽക്കുന്ന അത്തരം വായനകൾ എഴുത്തിന്റെ മാസ്മരികത കൊണ്ടും വിഷയത്തിന്റെ തിരഞ്ഞെടുപ്പ് കൊണ്ടും അതിലെ യാഥാർഥ്യങ്ങൾ കൊണ്ടും  മനസ്സിനെ പിടിച്ചു കുലുക്കും. എഴുത്തിന്റെ ലോകത്തു എൻ പി മുഹമ്മദിനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഒട്ടുമില്ല. സാഹിത്യലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചവയാണ് . എണ്ണപ്പാടം ,. എം ടി യുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവയാണ് എൻ പിയുടേതായി വായിച്ചവ. ഒടുവിൽ അതോ ഇടയിലോ ഇപ്പോൾ ദൈവത്തിന്റെ കണ്ണും വായിക്കുകയുണ്ടായി . പൂർണ്ണമായും കോഴിക്കോടിന്റെ , മലബാറിന്റെ ഭാഷയും സംസ്കാരവും നിറഞ്ഞ എഴുത്തുകൾ ആണ് എൻ പിയുടേത് . ഒരു വായനക്കാരൻ എന്ന നിലയിലും ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിലും എൻ പി യുടെ നോവലുകളെ ഞാൻ സമീപിക്കുന്നത് എപ്പോഴും വള്ളുവനാടൻ സംസ്കാരത്തിൻ്റെ പോയ കാലത്തിന്റെ ശേഷിപ്പുകൾ മനസ്സിലാക്കാൻ വേണ്ടിയാണ് . ഭാഷയിലും , ആചാരങ്ങളിലും സാമുദായിക സംഭവങ്ങളിലും ഒക്കെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും അവയെക്കുറിച്ചു കൂടുതൽ അറിയാനും പഠിക്കാനും കഴിയുന്ന ഒരു വായനാനുഭവം എപ്പോഴും എൻ പി എനിക്ക് സമ്മാനിച്ചിട്ടുണ്ട് . എം ടി യുടെ എഴുത്തുകളിൽ കൂടി ഒരു കാലഘട്ടത്തിന്റെ നായർ സമൂഹത്തിന്റെ ജീവിതപരിസരവും രീതികളും മനസ്സിലാക്കാൻ കഴിയുന്നത് പോലെതന്നെയാണത് . 

ദൈവത്തിന്റെ കണ്ണ് എന്ന നോവലിൽ എൻ പി അവതരിപ്പിക്കുന്ന വിഷയം എക്കാലവും ഓർമ്മിക്കപ്പെടുന്നതും ഒരു കാലഘട്ടത്തിന്റെ ശാപവും (ഇന്നും അതൊരു ശാപം തന്നെ ) ആയ ചില സാമൂഹിക വിഷയങ്ങൾ ആണ് . പൂർണ്ണമായും പരിതസ്ഥികളോട് ചേർന്ന് നിൽക്കുന്ന ഈ നോവലിന്റെ ആഖ്യായനം വായനക്കാരനെ ആകർഷിക്കുക അതിന്റെ വിഷയപരമായ വ്യത്യസ്തതയാൽ മാത്രമാകില്ല . കാരണം ഒരു കുട്ടിയുടെ , അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഒഴുക്കിൽ നിലനിർത്തി ഒട്ടും കാപട്യമില്ലാതെ , വലിയവരുടെ ഭാഷ ഇല്ലാതെ അവതരിപ്പിക്കുന്നത് വായനയുടെ സുഗന്ധമായി അനുഭവപ്പെട്ടു . അതുപോലെ കുഞ്ഞുങ്ങളുടെ ലോകം എത്ര നിഷ്കളങ്കവും സുതാര്യവും ആണെന്നത് ഈ വായനയിൽ അനുഭവപ്പെടുകയല്ല തിരിച്ചറിയുക കൂടിയാണ് . 

അന്ധവിശ്വാസത്തിൽ മുങ്ങിപ്പോയ ഒരു ജനതയുടെ കറുത്ത കാലമാണ് ഈ നോവൽ പങ്കു വയ്ക്കുന്നത് . ഏകദൈവവിശ്വാസം എന്നത് പോലും പലപ്പോഴും പ്രാദേശിക ജനതയുടെ കൂട്ടിക്കലർപ്പുകളിൽ വീഴുമ്പോൾ അർത്ഥ രഹിതമാകുന്നത് കാണാൻ കഴിയും . മന്ത്രവാദവും , അന്ധ വിശ്വാസവും , അറിവില്ലായ്മയും ചേർന്ന് ജീവിതത്തെ വേദനയുടെ കള്ളിമുൾ ചെടിപ്പടർപ്പുകൾക്കിടയിൽ കുടുക്കിയിട്ട കുറച്ചു മനുഷ്യർ. അവരുടെ സന്തോഷങ്ങളുടെയും ദുഃഖങ്ങളുടെയും സമ്മിശ്ര വികാരങ്ങളെ എൻ പി തന്റെ സ്വതസിദ്ധമായ സിദ്ധി വൈഭവത്താൽ മികവുറ്റതാക്കി മാറ്റുന്നു . അതുകൊണ്ടു തന്നെ ആ കുഞ്ഞിന്റെ കൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരനും ഒരു കുഞ്ഞായി മാറുകയും അവന്റെ കാഴ്ചകൾ  തന്റെയും കാഴ്ചകളായി തിരിച്ചറിയുകയും ചെയ്യുന്നു . പഴയകാല വീടുകളുടെ പറമ്പുകൾ പലപ്പോഴും വിശ്വാസങ്ങളുടെ ചിലന്തി വലയിൽ കുരുങ്ങി കാവും പാമ്പും കുളവും ഒക്കെയായി കുഞ്ഞുങ്ങളുടെ  കുട്ടിക്കാലത്തെ ഭയാശങ്കകളുടെ ഒരു ആലയമായി നിലനിർത്തുന്നുണ്ട് . അത് അവരുടെ ഭാവിയെ വലിയ തോതിൽ ബാധിക്കുന്നു. ഇത്തരം ഒരു ചുറ്റുപാടിൽ വളരുന്ന ഒരു കുട്ടിയുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും ദുഃഖങ്ങളും വേദനപുരണ്ട ഒരു അവസാനവും നൽകുന്ന ഈ വായനയെ  മികച്ച ഒരു വായന എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളൂ. രതിയിൽ പോലും ഒരു കുഞ്ഞിന്റെ കാഴ്ചപ്പാടിലൂടെ വെറുപ്പുളവാക്കിക്കാതെ , അതിഭാവുകത്വം നിറയ്ക്കാതെ തികഞ്ഞ പക്വതയോടെ അവതരിപ്പിക്കുന്ന രംഗങ്ങൾ വായനയിൽ വളരെ സന്തോഷം നൽകിയ ഒരു അനുഭൂതിയാണ് . 

എഴുതാൻ പഠിക്കുന്നവരും എഴുതി തഴക്കം വന്നെന്നു കരുതുന്നവരും ഒക്കെ വായിച്ചിരിക്കേണ്ട ആവശ്യം നോവലുകളിൽ ഒന്നായി ഇതിനെ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നു . ആശംസകളോടെ ബി.ജി.എൻ വർക്കല 

Friday, December 11, 2020

വിട തരൂ

വിട തരൂ
...............

ധൂളികൾ പോലെ
കണ്ണുകളിൽ അസ്വസ്ഥത പടർത്തി
ശ്വാസതടസ്സമുയർത്തി
ജീവിതത്തിനു മുന്നിലായിങ്ങനെ...

സ്നേഹമാണെന്ന് വാക്കിലും
കാമമാണെന്നു വരികളിലും
പ്രണയമാണെന്ന് നോട്ടത്തിലും
ഒരുക്കുന്നുണ്ട്‌ ജീവിതമിങ്ങനെ ....

കാറ്റ്  കടമെടുക്കാൻ ഭയക്കുന്ന
കനലുകളേ ....
നിങ്ങളെന്നെ ഉപേക്ഷിക്കൂ.
ഒരു കൊടുംതണുപ്പിൽ
വീണലിഞ്ഞൊടുങ്ങുവാൻ
മോഹമാകുന്നിന്നു .
..... ബി.ജി.എൻ വർക്കല

ഒറ്റയാണെന്ന ബോധം

ഒറ്റയാണെന്ന ബോധം

.....................................

ഓർമ്മകൾക്ക് ചാരുതയേകാൻവേദനകൾക്ക് തൈലം പുരട്ടാൻകാമനകളെ കൂടു തുറന്നു വിടാൻഒറ്റയ്ക്കാകുന്നതാണെപ്പഴും സുഖം.!

ആരോ കൂടെയുണ്ടെന്ന തോന്നൽആർക്കൊക്കെയോ വേണ്ടി ജീവിതംഎവിടെയൊക്കെയോ എത്തിച്ചേരൽമലർപ്പൊടിക്കാരന്റെ കിനാവുകളാണവ.

എന്റെയെന്നോർത്തഹങ്കരിച്ചൊരു നാൾ കൺമുന്നിലന്യമാകും, വേദന തിന്നും.കൈമാറി പഴകിയ സ്വപ്നക്കൂട്ടിൽ മറ്റൊരുക്രൗഞ്ചങ്ങളിലൊന്നായ് എന്നെ കാണും.

പുകച്ചുരുളുകളിൽ ഭ്രാന്തൻ വലയങ്ങൾസ്വർണ്ണലായനികളിൽ കുരുങ്ങും ഭ്രമചിന്തകൾ,ഒറ്റയിടവഴികളിൽ മുള്ളു തറഞ്ഞ കാലടികൾസ്വയം മരിക്കാനായിരം വഴികൾ തേടൽ;

എന്തിനാകും ജനസാഗരത്തിൽ നാമിങ്ങനെമൂന്നു നേരത്തിൻ ഗുളിക പോലിറങ്ങുവത്.ഒറ്റയാകൽ സുഖമുള്ള നോവെങ്കിൽ എന്തിനായ്കൂട്ടുകൂടി സമയം കളയുന്നു വൃഥാജീവിതം.

...... ബിജു.ജി.നാഥ് വർക്കല

Thursday, December 3, 2020

കാത്തിരിപ്പ് മാത്രമാകുന്നു ജീവിതം

സമയവും കാലവും ദുരമൂത്ത് പായുന്ന സന്ധ്യകളുടെ ലോകമാണ് കൺമുന്നിൽ പതിയുന്നത്.

ആരോ വലിച്ചെറിഞ്ഞ പഴന്തുണിക്കഷണം പോലെ ഓർമ്മകളുടെ ഉമ്മറക്കോലായിൽ ഊർദ്ദൻവലിക്കുന്നുണ്ട് നിന്റെ ഓർമ്മകൾ !   പടിയടച്ചു പിണ്ഡം വയ്ക്കുന്ന നിന്റെ നോട്ടശരങ്ങളാൽ മുറിവേറ്റ എന്റെ മനസ്സിൽ ഇന്നും നഖമുനയാഴ്ത്തിക്കിടക്കുന്ന വവ്വാലുകളാണ് നീ തന്ന സ്നേഹവും വിശ്വാസവും പ്രണയവും . നിശബ്ദം ഒരു മൺ തരിയെന്റെ കൺകോണിൽ തെറുപ്പിച്ചു ആകാശത്തിന്റെ അപാരതയിൽ നീ പറക്കുന്നതു നീറും കണ്ണുകളാൽ നോക്കി നിന്ന കാലത്തെ ഞാനെന്റെ ജീവിതത്തിന്റെ സായാഹ്നമായി വിശേഷിപ്പിക്കാം. 
ചിതറിയ വാക്കുകളാൽ നീയെന്നെ മഴ നനയിക്കുകയാണ്. നിന്റെ മിഴികളിൽ വീണ്ടും ഉടൽ കത്തുകയും. ഓർമ്മകൾക്കു മേലെ  പറക്കുന്ന കൃഷ്ണപരുന്താണ് വേദന. നീണ്ട കാൽ നഖങ്ങളും കൊക്കും കൊണ്ടത് കീറി മുറിച്ചു. കൊത്തിപ്പറിക്കുന്നു. എന്നിട്ടും..... എങ്കിലും .......ഞാൻ മരിക്കുന്നതേയില്ല ..... 27/06/16

ഉദകപ്പോള....................... പദ്മരാജൻ

ഉദകപ്പോള (നോവൽ)

പത്മരാജൻ  

ഡി സി ബുക്ക്സ് 

വില  : 75 രൂപ 



ചില ചലച്ചിത്രങ്ങൾ മനസ്സിനെ വല്ലാതെ സ്പർശിക്കുന്നവയാണ് . അവ കണ്ടു കഴിഞ്ഞും കാലങ്ങളോളം ഉള്ളിൽ ഒരു നൊമ്പരം പോലെ കിടക്കും. പത്മരാജന്റെ  തൂവാനത്തുമ്പികൾ എന്ന ചിത്രം ഇത്തരത്തിലുള്ള ഒരു ചിത്രമാണ് . അതിലെ കഥാപാത്രങ്ങളായ ക്ലാരയും ജയകൃഷ്ണനും മലയാളികളിൽ പ്രണയത്തിന്റെ ഉഷ്ണപർവ്വതമാണ് . മലയാളത്തിലെ പല നല്ല നോവലുകളും സിനിമകൾ ആക്കിയിട്ടുണ്ട് . എൺപതുകളുടെ പകുതിവരെയും മലയാള സിനിമയുടെ പ്രധാന കഥകൾ ഒക്കെയും പ്രശസ്തരായ മലയാള എഴുത്തുകാരുടെ നോവലുകളും ചെറുകഥകളും ആസ്പദമാക്കിയുള്ളവ ആയിരുന്നു എന്ന് കാണാം . ഇതിന്റെ ചുവടു പിടിച്ചു പിൽക്കാലത്തു മലയാള മനോരമ, മംഗളം എന്നീ വാരികകളിൽ പരമ്പരയായി വന്ന നോവലുകളെ ഒത്തിണക്കി സിനിമ ഉണ്ടാക്കി പരാജയപ്പെട്ടതും മലയാളിക്ക് പരിചിതമാണ് . സീരിയൽ തരംഗം വന്നതോടെ ഈ മലയാള നോവലുകൾക്ക് സീരിയൽ മുഖം ലഭിക്കുകയും വലിച്ചു നീട്ടി അതിനെ വെറുപ്പിന്റെ അങ്ങേത്തലം വരെ കൊണ്ട് പോകുകയും ചെയ്തുവരികയും ചെയ്യുന്നതും ഇന്നത്തെ വിശേഷങ്ങൾ ആണല്ലോ . 

ഉദകപ്പോള എന്ന നോവൽ പത്മരാജന്റെ ആഖ്യായന മിഴിവിന്റെ നല്ലൊരു ഉദാഹരണമായി കാണാം . ഫസ്റ്റ് പേഴ്സൺ രീതിയിൽ കഥയെ അവതരിപ്പിക്കുന്ന ശൈലിയിലാണ് ഈ നോവൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് . ഒരു നഗരത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെ അവതരിപ്പിക്കുന്നു ഈ നോവലിൽ . ഒരിക്കൽ എൻ. എസ് മാധവൻ അഭിപ്രായപ്പെട്ടിട്ടുണ്ട് . മഹാനഗരങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടവയാണ് എക്കാലത്തും നല്ല കൃതികൾ എന്ന് . ഇവിടെ ഒരു നഗരത്തെ പത്മരാജൻ അവതരിപ്പിക്കുമ്പോൾ അത് ശരിയായി വരുന്നത് കാണാൻ കഴിയുന്നുണ്ട് . നഗരം എന്നാൽ പരിഷ്കാരങ്ങളുടെ പാറുദീസ മാത്രമാണ് എന്ന ചിന്തയെ പാടെ അവഗണിച്ചുകൊണ്ട് നഗരത്തിന്റെ ഇരുണ്ട ഭൂപടം വരയ്ക്കുകയാണ് ഇവിടെ നോവലിസ്റ്റ് . 

കൂട്ടിക്കൊടുപ്പുകാരും ഗുണ്ടകളും ലൈംഗിക തൊഴിലാളികളും അടങ്ങിയ ഒരു നഗരം . അവരിലൂടെ നഗരത്തിന്റെ വളർച്ചയും തളർച്ചയും ജീവിതവും പരിചയപ്പെടുത്തുന്നു . നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന പണക്കാരനായ വൃദ്ധനും തൊഴിൽ രഹിതരായ യൗവ്വനവും കഴുകുകൾ നിറഞ്ഞ വൃക്ഷവും പെരുച്ചാഴികൾ നിറഞ്ഞ വീടും ജീവിതത്തിന്റ ദുർബ്ബലതയും ദുസ്സഹതയും ക്രൗര്യവും വ്യക്തമായി വരച്ചിടുന്നു . നാട്ടിൻ പുറത്തു നിന്നും നഗരത്തിലേക്ക് മറ്റൊരു മുഖവുമായി എത്തുന്ന ജയകൃഷ്‌ണനും , ജീവിക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് ശരീര വില്പനയ്ക്കിറങ്ങി അതിലൂടെ സംതൃപ്തിയും ജീവിത അനുഭവങ്ങളും അനുഭവിക്കുന്ന ക്ലാരയും ജീവിതത്തിന്റെ ചക്രത്തിൽ സഞ്ചരിക്കാൻ വേണ്ടി ഒരു തൊഴിൽ മാത്രം ആവശ്യമാകുന്നു ഭാവിയും വർത്തമാനവും മറന്നു പോകുകയും ഇന്നിൽ മാത്രം ജീവിക്കുകയും ചെയ്യുന്ന നായകനും ഈ നോവലിന്റെ മികച്ച ആകർഷക ഘടകങ്ങൾ ആണ് . അന്തിയായാൽ

നാടൻ ചാരായവും മോന്തി ശരീരത്തിന്  വിലപേശി ലോഡ്ജ് മുറികളിൽ കാമം ഒഴുക്കി അകലുന്ന  മനുഷ്യർ അടങ്ങിയ ഇരുട്ടിന്റെ ആ നഗരം വെട്ടിപ്പിടിക്കലും പകയും കുതികാൽ വെട്ടും നിറഞ്ഞ സംഘർഷങ്ങളിലൂടെ വളർന്നു വൻകിട ഹോട്ടലുകളും , വാഹനങ്ങളും , കാബറെയും ശീതീകരണ മുറികളുടെ ചാരുതയും നിറയുന്ന രാവുകൾ ആകുന്നതു വളരെ നന്നായി തന്നെ നോവൽ വിവരിക്കുന്നുണ്ട് . പതിയെ പതിയെ ആ ഒരു രൂപമാറ്റത്തെ കാണിച്ചു തരുന്ന നോവലിസ്റ്റ് ഒരു ധൃതിയും അതിൽ എടുക്കുന്നില്ല എങ്കിലും വായനയിൽ അതൊരു ഭംഗിയുള്ള കാഴ്ചയായി , പതിയെ പതിയെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വസ്തുതയാണ് പതിയുന്നു . 

വളരെ നല്ലൊരു വായനാനുഭവം നൽകിയ ചെറിയ നോവൽ ആണ് ഉദകപ്പോള . മനുഷ്യന്റെ മനസ്സിലെ തീവ്രഭാവങ്ങളെയും വന്യതയെയും നിസ്സഹായതയുടെ നീർപ്പോളകളെയും ഈനോവൽ മനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട് . തുടക്കത്തിൽ പറഞ്ഞ തൂവാനത്തുമ്പികൾ എന്ന ചിത്രം ഇതിലെ ജയകൃഷ്ണനും ക്ലാരയും കേന്ദ്രകഥാപാത്രമായ യി മാറി വരികയും ഇതിലെ നായകൻ ജയകൃഷ്ണനിൽ ലയിക്കുകയും ചെയ്യുന്ന ഒന്നായാണ് അനുഭവപ്പെടുന്നത്. നോവലിൻ്റെ സൗന്ദര്യത്തെ സിനിമയുടെ സൗന്ദര്യം ഒട്ടും അലോസരപ്പെടുത്താതെ രണ്ടും രണ്ടായി ഒരു പോലെ തിളങ്ങി നില്ക്കുന്നത് നല്ലൊരു ദൃശ്യ, വായനാനുഭവം ആണ്. ആശംസകളോടെ ബി.ജി.എൻ വർക്കല 


Monday, November 30, 2020

ഖുറാൻ ഒരു വിമർശന പഠനം---------------------------------------- ഇടമറുക്

 ഖുറാൻ ഒരു വിമർശന പഠനം (ലേഖനം)

ഇടമറുക് 

ഇന്ത്യൻ എതീസ്റ്റ് പബ്ലിക്കേഷൻ 

വില: ഫ്രീ എഡിഷൻ




മതങ്ങൾ മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കാൻ തുടങ്ങിയത് അവനു പട്ടിണിയും വിഷമതകളും ഒഴിഞ്ഞു തുടങ്ങിയപ്പോൾ ആണ് . പരിഷ്കൃത സമൂഹങ്ങൾ ആയി വികസിച്ചു വന്ന മനുഷ്യസമൂഹത്തിൽ വെറുതെ ഇരിക്കുമ്പോൾ തോന്നുന്ന വിവിധ വിചാരങ്ങളുടെ ആകെത്തുകയാണ് മതം . മനുഷ്യൻ ഇന്നോളം വികസിപ്പിച്ചെടുത്ത എല്ലാ അറിവുകൾക്കും വിശ്വാസങ്ങൾക്കും മേലെ ആഴത്തിൽ അടച്ചിറക്കിയ ഒരു വലിയ തുരുമ്പാണി ആണ് മതം . ലോകത്തിന്നേവരെ ഒട്ടനവധി മതങ്ങൾ വന്നു പോയിക്കഴിഞ്ഞിരുന്നു . എങ്കിലും പ്രമുഖ മതങ്ങൾ ആയി ഇന്നറിയപ്പെടുന്നത് ക്രിസ്തു മതവും ഇസ്‌ലാം മതവും ആണ് . ലോകത്തെ എല്ലാ സംഘർഷങ്ങൾക്കും മൂലകാരണം ഈ രണ്ടു മതങ്ങൾ തമ്മിൽ ഒന്നാമതെത്താനും ഒന്നാം സ്ഥാനം നിലനിർത്താനും വേണ്ടിയുള്ള മത്‌സരം മൂലമാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ് . മതങ്ങളിൽ അവസാനത്തേത് എന്ന് ഇസ്‌ലാം മതം സ്വയം പറയുമ്പോഴും രണ്ടു വര്ഷം മുൻപ് മാത്രം തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്തു കൂടിയ മനുഷ്യരെ നോക്കെ നമ്മൾ ഒരു മതമാണ് എന്നും നമ്മുടെ മതത്തിന്റെ പേര് ശ്രീനാരായണീയം എന്നും നമ്മൾ അറിയപ്പെടുക ശ്രീനാരായാണീയർ എന്ന് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത് കൂടി കൂട്ടി  ഒട്ടനവധി മതം ഇന്ത്യയും ലോകവും മുഴുവനായി പടർന്നു കിടക്കുന്നുണ്ട് . പുതിയവ വന്നുകൊണ്ടിരിക്കുന്നുമുണ്ട് . തിരുത്തലുകൾ ഇല്ലാത്ത ഗ്രന്ഥം എന്ന വിശേഷണം പോലും തെറ്റായി സ്ഥാപിക്കപ്പെടുന്ന മത ഗ്രന്ഥങ്ങൾ മനുഷ്യരുടെ സാമൂഹ്യ സാംസ്കാരിക വികാസങ്ങളുടെ കാലത്ത് തന്നെ വളർച്ചയെ തടഞ്ഞും ലിംഗനീതിയും സാമൂഹ്യനീതിയും പ്രതിരോധിച്ചും കണ്ണുകെട്ടിയും സമൂഹത്തെ ഇന്നും പുറകോട്ടു നയിക്കുന്നത് വിദ്യാഭ്യാസം  കൊണ്ട് വികാസപരിണാമം സംഭവിക്കുന്ന പുതിയ കാലഘട്ടം മനസിലാക്കിത്തുടങ്ങിയിട്ടുണ്ട് . ഇന്ത്യയുടെ ബഹുസ്വരതയുടെ മുകളിൽ കരിനിഴലാകുന്നത് മനുസ്‌മൃതിയും സനാതന സംസ്കൃതി ഗ്രന്ഥങ്ങളും മാത്രമല്ല അവയ്ക്കൊപ്പം സഞ്ചരിക്കുന്ന ഒരേ നാണയത്തിന്റെ മറുഭാഗങ്ങൾ ആയ മറ്റു പ്രമുഖ മതങ്ങളുടെ ഗ്രന്ഥങ്ങളും ഉണ്ട് . പഴനിയമത്തിന്റെ പുതിയ തലമുറയുടെ ചിന്തയെ മഥിക്കുന്ന സംഗതികളെ തിരുത്തി പുതിയ നിയമമാക്കി അവതരിപ്പിക്കാനും കാലോചിതമായ ചിന്താമാറ്റങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് അവയെ നടപ്പിൽ വരുത്താനും ശ്രമിക്കുന്ന ക്രിസ്തുമതം ആണ് കൂട്ടത്തിൽ അല്പമെങ്കിലും ശാസ്ത്രീയമായ പുരോഗതിയെ ഇന്ന് (പണ്ടല്ല) സഹായിക്കുന്നത് എന്ന് യൂറോപ്പ് പറഞ്ഞു തരുന്നു . ഒരു കഴഞ്ചു പോലും മാറ്റില്ല എന്ന ചിന്താഗതിയെ പതിയെ കൈവയ്ക്കാൻ ഇസ്‌ലാമിക രാജ്യങ്ങളും ശ്രമിച്ചു തുടങ്ങുന്നത് മാറ്റത്തിന്റെ  കാഴ്ചപ്പാടാണ് . എങ്കിലും മതം എന്ത് പറയുന്നുവോ അതിൽ നിന്നും ഒരിക്കലും പിറകോട്ടു പോകാൻ തയ്യാറല്ല എന്ന് കരുതുന്ന കേന്ദ്രങ്ങൾ ആണ്  പലപ്പോഴും മതത്തിന്റെ പേരിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്നത് . സമീപകാലത്തു ഫ്രാൻസിൽ സംഭവിക്കുന്നത് മതം ഒരു ആത്മപരിശോധനയ്ക്ക് ഉപയോഗിച്ചാൽ നന്നായിരിക്കും എന്നുകൂടി തോന്നിപ്പോകുന്നുണ്ട് . 

മതത്തെ വിമര്ശിക്കുന്നവർക്കുള്ള മറുപടി മരണം ആണ് എന്നത് ഇസ്‌ലാം മതത്തെ എന്ന് എടുത്തു പറയേണ്ടി വരുന്നുണ്ട് എല്ലാക്കാലത്തും . ഖുറാൻ വിമര്ശിക്കപ്പെടുമ്പോഴും , മുഹമ്മദ് നബി വിമര്ശിക്കപ്പെടുമ്പോഴും , ഇസ്‌ലാം മതം വിമര്ശിക്കപ്പെടുമ്പോഴും , നബിയെ വരയ്ക്കപ്പെടുമ്പോഴും മാത്രം മതവികാരം വൃണപ്പെടുന്ന ഒരു സമൂഹമായി ഇസ്‌ലാം മതം മാറപ്പെടുന്നു . ഇത് മാത്രവുമല്ല ഇസ്‌ലാം മതത്തെ വിമർശിക്കുകയോ  തെറ്റുകൾ ചൂണ്ടിക്കാണിക്കുകയോ ചെയ്യുന്നവർക്ക് ഇസ്‌ലാമോ ഫോബിയ എന്നൊരു ചാപ്പ കൂടി സുലഭമായി ലഭിക്കുന്നു . മറ്റേത് മതത്തെ വിമർശിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രതികരിക്കുന്ന ഇസ്ലാം മതം , വിമർശനത്തെ എന്തുകൊണ്ടാണ് ഭയപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല . ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാർ എന്ന് പറയുമ്പോഴും പഠിച്ചു വിമർശിക്കൂ എന്ന് പറയുമ്പോഴും അത് വസ്തു നിഷ്ഠമായി തയ്യാറാകുന്നവരെ ആക്രമിക്കാൻ അനുയായികളുടെ ഒരു സേന തന്നെ ഉണ്ടാകുന്നു . അതുവരെ സ്നേഹിതരായിരിക്കുന്നവർ പോലും അതോടെ മാനസികമായി ശത്രുവാകുന്നു . ഒളിഞ്ഞും തെളിഞ്ഞും മതഭ്രാന്തന്മാർക്ക് ഒറ്റുകൊടുക്കാൻ അവർ നിർബന്ധിതരാകുന്നു . അതിനാൽ തന്നെ ഇസ്‌ലാം മതത്തെ വിമർശിക്കുക എന്നത് ആരും (ജീവന് ഭയം ഉള്ളവർ ആരും ) ചെയ്യാൻ ധൈര്യപ്പെടുന്നില്ല . 

ഈ ഒരു ചുറ്റുപാടിൽ നിന്നുകൊണ്ടാണ് ഇടമറുകിന്റെ ഖുർആൻ ഒരു വിമർശനപഠനം എന്ന പുസ്തകത്തെ സമീപിക്കുന്നത് . കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഖുറാനും ഇസ്‌ലാമിക ചിന്തകളെയും നഖശിഖാന്തം എതിർക്കുന്ന രണ്ടുമൂന്നുപേരെ ഇന്ന് പരിചിതമാണ്. അധ്യാപകരായ ഇ എ ജബ്ബാർ , അയൂബ് മൗലവി , ജാമിദ ടീച്ചർ . ഇവർക്കൊപ്പം അത്ര കഠിനം അല്ലെങ്കിലും ചില ചെറു ബാല്യങ്ങളും ഉണ്ട് എന്ന് കാണാം . മുഹമ്മദ് നബിയെക്കുറിച്ചു വളരെ ഗൗരവതരമായി ഒരു പുസ്തകം തയ്യാറാക്കിയ ഇറാനിയൻ എഴുത്തുകാരൻ അലി സിനായും , ഇസ്‌ലാം വിമർശനം മൂലം രാജ്യം വിട്ടു നിൽക്കുന്ന സൽമാൻ റുഷ്ദി , തസ്ലീമ നസ്രീൻ,അയാൻ ഹിർസി അലി  എന്നിവരെയും വായനക്കാർക്ക് പരിചിതമാകണം . 

ഇടമറുക് ഈ പുസ്തകത്തിൽ ഖുറാൻ എന്ന മത ഗ്രന്ഥത്തെയും അതിൽ പറഞ്ഞിട്ടുള്ള അശാസ്ത്രീയവും അമാനവികവുമായ തെറ്റുകളെ എടുത്തു പറഞ്ഞു വിമർശിക്കുന്നു . ലിംഗ സമത്വം , ശിക്ഷാവിധികൾ എന്നിവയെയും മറ്റും ചൂണ്ടിക്കാണിച്ചു അതിലെ അപരിഷ്കൃത കാലോചിതമായി വരാത്ത മാറ്റങ്ങളും ചൂണ്ടിക്കാട്ടുന്നു . ഒരു മത ഗ്രന്ഥം എന്ന ഭക്തിപുരസ്കാരമായ ചിന്ത മാറ്റി വച്ചുകൊണ്ടു ഒരു സാഹിത്യ കൃതി എന്ന രീത്യിൽ ഈ ഗ്രന്ഥത്തെ സമീപിക്കുന്ന ആർക്കും മനസിലാകുന്ന വിഷയങ്ങൾ തന്നെയാണ് ഇടമറുക് ഇതിൽ പ്രതിപാദിക്കുന്നത് . ഒരു പക്ഷെ ഇന്നത്തെ യുക്തിവാദികൾ സോഷ്യൽ മീഡിയയിലും മറ്റും നിരന്തരം നടത്തുന്ന ചർച്ചകളും മറ്റും ഇതേ വിഷയങ്ങൾ തന്നെയാണ് എങ്കിലും മതം ഇന്നും അവയിലേക്ക് ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടോ എന്ന് സംശയമാണ് . വരുംകാലതലമുറ മതത്തെ ആഴത്തിൽ പഠിച്ചു ചോദ്യങ്ങൾ ചോദിക്കുന്ന ഒരു തലമുറയാകട്ടെ . മത പഠനം എന്നത് പതിനെട്ടു വയസ്സ് വരെ പാടില്ലാത്ത ഒരു സംഗതിയായി  നിയമ നിർമ്മാണം വരുത്തുന്നത് ഒരു പക്ഷെ മതവിശ്വാസവും അതിന്റെ തുടർച്ചയായി ഉണ്ടാകുന്ന സാമൂഹ്യ സാംസ്കാരിക അപചയങ്ങൾക്കു തടയിടാനും മനുഷ്യരായി ജീവിക്കാനും സഹായിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കി എടുത്തേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസ് നിലവിൽ വരുത്താൻ തുടങ്ങുന്ന ഒരു  നിയമം ഉണ്ട് അത് അവർ പക്ഷെ നടപ്പിൽ വരുത്താൻ തുടങ്ങുന്ന ഇസ്‌ലാമികമതസ്ഥരിൽ ആണ് . ആ നിയമം എല്ലാ മതങ്ങൾക്കും ഒരുപോലെ നടപ്പിൽ വരുത്തുവാൻ ശ്രമിച്ചാൽ ഒരു പക്ഷെ പുതിയ ലോകം നല്ലൊരു നന്മയുടെ മാനുഷികതയുടെ ലോകം ആയിരിക്കും സംഭാവന ചെയ്യുക എന്ന് പ്രതീക്ഷിക്കുന്നു . ഒരു നല്ല വായന ആശിക്കുന്നവർ , തെറ്റുകൾ തിരിച്ചറിയാൻ ശ്രമിക്കുന്നവർ തീർച്ചയായും വായിക്കേണ്ട പുസ്തകങ്ങളിൽ ഒന്ന് തന്നെയാണ് ഇത് . ഇതോടൊപ്പം പക്ഷെ മറ്റു മതങ്ങളെയും പഠിക്കുകയും അവയിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയും , മനസ്സിലാക്കുകയും കൂടി വേണം എന്ന് ആഗ്രഹിക്കുന്നു . കാരണം ഒരു മതം മാത്രമല്ല  സർവ്വ മതവും മനുഷ്യരെ നന്മ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയവ അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം . അതിനു ഭക്തി മാറ്റി വച്ച് തുറന്ന വായനകൾ ഉണ്ടാകണം . ആശംസകളോടെ ബി.ജി.എൻ വർക്കല 

Thursday, November 26, 2020

ആയുസ്സിന്റെ പുസ്തകം ................................... സി വി ബാലകൃഷ്ണന്‍

 

ആയുസ്സിന്റെ പുസ്തകം.(നോവല്‍)

സി.വി.ബാലകൃഷ്ണന്‍

ഡി സി ബുക്സ്

വില: 225 രൂപ

 

 

 

മനുഷ്യജീവിതത്തിന്റെ മാനസിക വ്യാപാരങ്ങളെ മനോഹരമായി അടയാളപ്പെടുത്തുന്ന രചനകള്‍ ആണ് ഒട്ടുമിക്ക നല്ല നോവലുകളും. ആത്മസംഘര്‍ഷങ്ങളും ജീവിത പ്രാരാബ്ദങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന അത്തരം രചനകളെ ജീവിതഗന്ധിയായ ചിത്രങ്ങളായി വിലയിരുത്തപ്പെടുന്നു. വായനക്കാരുടെ ചിന്തയില്‍ ഇത് ശരിയെന്ന ഒരു ബോധം ഉണ്ടാക്കാന്‍ കഴിയുന്ന ജീവിതസമരങ്ങളുടെ നേരെഴുത്തുകള്‍ കൊണ്ടാണ് എഴുത്തുകാര്‍ വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുന്നത് .ഒറ്റപ്പെടലുകള്‍ സമ്മാനിക്കുന്ന വേദനയും മാനസിക ആഘാതങ്ങളും പ്രതിഫലിപ്പിക്കുന്ന ഒട്ടനവധി എഴുത്തുകള്‍ മലയാളത്തിലടക്കം വന്നുപോയിട്ടുണ്ട്. അവയൊക്കെയും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അനുവാചകരെ ആകര്‍ഷിക്കുകയും ഓര്‍മ്മയില്‍ സൂക്ഷിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ളവയാണ് . വൈകാരികതയില്‍ അധിഷ്ഠിതമായ രചനകള്‍ ഒക്കെയും കൂടുതല്‍ വായനക്കാരെ നേടിയിട്ടുള്ളതാണല്ലോ . മാനുഷിക വികാരങ്ങളെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുന്ന എഴുത്തുകാര്‍ ഒക്കെയും അതിനാല്‍ തന്നെ വിജയിച്ച് നില്‍കുകയും ചെയ്യുന്നുണ്ട് .

സി.വി.ബാലകൃഷ്ണന്റെ, "ആയുസ്സിന്റെ പുസ്തകം" പ്രമേയം കൊണ്ട് വലിയ നല്ലൊരു തലത്തില്‍ നില്‍ക്കുന്നുണ്ട്. ആശയപരമായും ഭാഷാപരമായും നിറഞ്ഞു നില്‍ക്കുന്ന വൈവിധ്യവും അതിന്റെ സ്വീകാര്യതയും ഈ നോവലിനെ വ്യത്യസ്ഥമാക്കുന്ന ഒന്നാണ് . കഥാപാത്രങ്ങളുടെ നൊമ്പരം മനസ്സില്‍ ഒരു കൊളുത്തിപ്പിടിക്കല്‍ ആകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥ വായന നല്കുന്നുണ്ട് . തോമയും യോഹന്നാനും സാറായും മാത്യൂവും ആനിയും ജോഷിയും റാഹേലും ഒക്കെ മനസ്സിനെ ഒരുപാട് സ്പർശിക്കുന്ന വിധത്തിൽ പറഞ്ഞു പോകുന്ന,വായിച്ചു പോകാവുന്ന കഥാപാത്രങ്ങൾ ആണ് . ഭാര്യ മരിച്ചിട്ടും അവിവാഹിതനായി കഴിയുന്ന തോമായുടെ സ്വഭാവം മുരടനാണെങ്കിലും അയാൾ മനുഷ്യത്വമുള്ളവൻ ആണ്. അതിനാലാണ് സ്വന്തം തന്ത ഒരു കൊച്ചുകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അയാളെ മർദ്ദിക്കുന്നതും. കുറ്റബോധം കൊണ്ട് പിതാവ് ആത്മഹത്യ ചെയ്യേണ്ടി വരുന്നുവെങ്കിലും തോമായിൽ അത് വലിയ ഭാവം ഉണ്ടാക്കുന്നില്ല. പക്ഷെ തോമ കുട്ടികളുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്വം ഒന്നും കാണിക്കാത്ത ഒരാൾ ആയതിനാൽ ആകണം ആനിയും യോഹന്നാനും ജീവിതത്തിലെ ഒറ്റപ്പെടലും അസുരക്ഷിതത്തവും വലിയ തോതിൽ അനുഭവിക്കേണ്ടി വന്നത് . അച്ഛൻ പട്ടം കെട്ടി വന്ന മാത്യൂവും ഒന്നിച്ചു  ആനി പുതിയൊരു ജീവിതം തേടി പട്ടണത്തിലേക്ക് പോകുമ്പോൾ യോഹന്നാൻ വീണ്ടും കൂടുതൽ ഒറ്റപ്പെടലിലേക്ക് പതിക്കുന്നു . സഹപാഠിയായ ജോഷിയോടു അവനു തോന്നുന്ന പ്രണയത്തിനു പക്ഷെ അൽപായുസ്സു ആയിരുന്നു . കത്തനാർ പഠനത്തിന് ജോഷി പോയതോടെ ആ അദ്ധ്യായം അടയുന്നു . അങ്ങനെയാണ് റാഹേലിൽ നിന്നും അവൻ സാന്ത്വനം പ്രതീക്ഷിക്കുന്നത്. അവളും മഠത്തിലേക്ക് പോകുന്നതോടെ അവന്റെ ജീവിതം തരിശു നിലം പോലെയാകുന്നു . വിധവയായ സാറയിൽ അയാൾ പുതിയൊരു തണലും ജീവിതവും തേടുമ്പോൾ തോമ വീണ്ടും ഇടയിലേക്ക് എത്തുന്നു .

എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഊർന്നുപോകുന്ന മോഹങ്ങൾ പോലെയാണ് യോഹന്നാന്റെ ജീവിതം . ഒടുവിലെ ഏകാന്തതയുടെ കഠിനമായ വ്യഥയിൽ അയാൾ തന്റെ വീടിന്റെ ഉൾമുറിയിലേക്ക് വലിയുന്നു . അവിടെ സൂചനപോലെ വല്യപ്പന്റെ ചെരുപ്പ് കാണിക്കുന്നത് ഒരുപക്ഷെ ആത്മഹത്യയുടെ മുനമ്പിലേക്ക് യോഹന്നാനെ എറിയുന്നത് പറഞ്ഞു വച്ചതാകാം .

എങ്ങനെ വായിച്ചാലും മാനുഷികമായ വികാരങ്ങളുടെ ആഴത്തിലുള്ള രേഖപ്പെടുത്തൽ ആണ് ആയുസ്സിന്റെ പുസ്തകം പങ്കുവയ്ക്കുന്നത് എന്ന് കാണാം. പ്രണയത്തിന്റെ വിവിധ ഭാവങ്ങളെ ഇതിൽ കാണാൻ കഴിയുന്നുണ്ട് . ആത്മീയതയുടെ ഉള്ളിൽ നിന്നും പ്രണയത്തിൻ്റെ ഉഷ്ണത്തിൽ പുറത്തു ചാടുന്ന വൈദികത, പ്രായത്തിൻ്റെ വലിപ്പച്ചെറുപ്പമില്ലാത്ത പ്രണയാകാശം , സ്വവർഗ്ഗ ലൈംഗികതയുടെ പ്രണയഭാഷ്യം തുടങ്ങിയ വിവിധങ്ങളായ പ്രണയമാനങ്ങൾ ഇതിൽ കാണാൻ കഴിയുന്നുണ്ട് . അതുപോലെ സദാചാര ചിന്തകളും പാപബോധവും മതവും വിവേകവും ഭരിക്കുന്ന മനസ്സുകളുടെ ചിന്തകളും പ്രവർത്തികളും വളരെ നന്നായി തന്നെ പറഞ്ഞു പോകുന്നുണ്ട് നോവലിൽ . ആത്മവേദനയുടെ ആഴങ്ങൾ കാണിക്കുന്ന, നോവിന്റെ പുസ്തകമായി ഇതിന്റെ വായനയെ അടയാളപ്പെടുത്താൻ കഴിയും.

മലയാളത്തിലെ നല്ല പുസ്തകങ്ങളുടെ കൂട്ടത്തിൽ അടയാളപ്പെടുത്താവുന്ന ഈ പുസ്തകം വായനയിൽ നല്ലൊരു അനുഭവം തന്നെയാകും ആശംസകളോടെ ബി.ജി.എൻ വർക്കല

 


Tuesday, November 24, 2020

നിനക്കായി എനിക്കായ്

നിനക്കായ് എനിക്കായ്..
...........................................
ഒരു കവിതകൂടി കുറിച്ച് വയ്ക്കുന്നു ഞാന്‍
മൃതിയെന്റെ പാദത്തിലുമ്മ വയ്ക്കുമ്പോഴും.
ഒരു വരികൂടി ഞാന്‍ എഴുതി വയ്ക്കുന്നു
എന്‍ ഹൃദയം മിടിക്കാന്‍ മടിക്കുമ്പോഴും.

ഒരു വാക്ക് ചൊല്ലാതെ നീയകന്നപ്പൊഴും
ഒരു മഴ പെയ്യാതെ ഋതു മാഞ്ഞപ്പൊഴും
എഴുതാതെ ഞാന്‍ കാത്തു നിന്നതല്ലേയീ
വഴിവക്കില്‍ കവിത തന്‍ വരവുകാത്ത് .

പിടയുന്ന കുഞ്ഞിന്റെ കണ്ണുനീര്‍ കാണാതെ,
വേവുന്നോരമ്മ തന്‍ തേങ്ങല്‍ കേട്ടീടാതെ.
വരുമെന്നു കരുതുമൊരു വസന്തത്തെ നോക്കി
കാത്തിരിപ്പൂ ഞാനെൻ മായാപ്രപഞ്ചത്തില്‍.

വിശപ്പിന്റെ വേനലില്‍ വരളുന്ന ജീവിത -
ക്കാഴ്ചകള്‍ കണ്ണുകളിലീറന്‍ പടര്‍ത്തവേ!
എഴുതിയിട്ടില്ല ഞാനൊരു വരി പോലുമേ
മറച്ചൂ പിടിച്ചെൻ്റെ മാനസം ക്രൂരമായ്‌.

തെരുവുകൾ യുദ്ധത്തിൻ കാഹളധ്വനികളാൽ
നിറഞ്ഞുപിടഞ്ഞൂർദ്ധശ്വാസം വലിക്കുന്നു.
കരളുകൾ പിടയുന്നു വിഹ്വലമിഴികളിൽ 
നിറയുന്നു ഭാവിതൻ ഇരുളാർന്ന ശൂന്യത.

വേറിട്ടു പോകുന്നു ഞാനുമെൻ പ്രണയത്തിൻ
വേദന പങ്കിട്ട നീയുമീ തെരുവിലായ്.
കവിത മുറിച്ചു ഞാൻ പട്ടട തീർക്കുന്നു
സ്വയമതിൽ വീണെൻ്റെ സതിയാചരിക്കുവാൻ.
......... ബി.ജി.എൻ വർക്കല

Thursday, November 19, 2020

ആല്‍ഫ ................................... ടി ഡി രാമകൃഷ്ണന്‍

 

ആല്‍ഫ (നോവല്‍ )

ടി ഡി രാമകൃഷ്ണന്‍

ഡി സി ബുക്സ്

വില : ₹ 130.00

 

 

മനുഷ്യന്റെ ഭാവനയ്ക്ക് അതിരുകള്‍ ഇല്ല എന്നൊരൊറ്റ കാരണം മാത്രം മതി സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കാരണമെന്തെന്ന അന്വേഷണത്തിനുള്ള മറുപടി. ഈ ഭാവനകള്‍ പലപ്പോഴും സാധാരണക്കാരന്റെ ചിന്തകളില്‍ നിന്നുവെന്ന് വരില്ല . സ്വപ്നം കാണുക എന്നത് ഒരു പക്ഷേ മനുഷ്യനു മാത്രം സ്വായത്തമായ കഴിവാകണം .! പ്രപഞ്ചത്തിലെ എന്തിനെയും വാസ്തവികതയ്ക്ക് അകത്തു നിന്നും പുറത്തുചാടിയും സങ്കല്പങ്ങള്‍ നെയ്യാന്‍ മനുഷ്യനോളം മറ്റേതൊരു ജീവിക്കാണ് കഴിയുക. “അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം . അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടൂ .” എന്ന കവിവാക്യം വളരെ ശരിയാണ് . അതിനാല്‍ തന്നെ മനുഷ്യനു ദൃഷ്ടി ഗോചരമായ പ്രപഞ്ചത്തിനപ്പുറം ഒരു ലോകത്തെ അവന്‍ സങ്കല്‍പ്പിച്ചു എഴുതുകയും വരയ്ക്കുകയും ചെയ്യുന്നു . ഒട്ടനവധി ഫിക്ഷന്‍ കഥകളും നോവലുകളും സിനിമകളും സീരിയലുകളും വന്നുപോയിരിക്കുന്നു . ഇനിയും വരാനിരിക്കുന്നു . മലയാളത്തില്‍ ഫിക്ഷന്‍ നോവലുകള്‍ പലപ്പോഴും വിഷയത്തിന്റെ വലിപ്പവും ആഴവും മനസ്സിലാക്കാതെ , അവയെക്കുറിച്ച് ഒരു പഠനവും നടത്താതെ ചെയ്യുന്ന വെറും രചനകള്‍ ആണ് . അതുകൊണ്ടു തന്നെ വായനക്കാരെ സ്പര്‍ശിക്കാന്‍ പോലുമാകാതെ അവ കടന്നു പോകുന്നതും. മലയാളിയുടെ ഭാവനകള്‍ കേരളത്തിലെ പരമ്പരാഗത മുത്തശ്ശിക്കഥകളില്‍ ചുറ്റിത്തിരിയുന്ന യക്ഷി ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങള്‍ ആണ് . ഇതിനപവാദം ആയി ചില എഴുത്തുകാരെങ്കിലും പുതിയ സങ്കേതങ്ങള്‍ തിരയുന്നത് കാണാം .

ടി ഡി രാമകൃഷ്ണന്റെ നോവലുകള്‍ ഒരു പ്രത്യേക മാനസിക തലത്തിലും ചിന്താധാരയിലും നിന്നുകൊണ്ടുള്ള എഴുത്തുകള്‍ ആയി അനുഭവപ്പെട്ടിട്ടുണ്ട് . ഫ്രാസിസ് ഇട്ടിക്കോരയും മാമാ ആഫ്രിക്കയും വായിച്ചിട്ടുള്ള ഒരു അനുഭവതലം മനസിലുണ്ടായിരുന്നു .ആല്‍ഫ എന്ന നോവലിലേക്ക് കടക്കുമ്പോള്‍ പുതുമയുള്ള ഒരു പ്രമേയം പ്രതീക്ഷിക്കുക സ്വാഭാവികമായ ഒരു വായനക്കാരന്റെ അത്യാഗ്രഹം ആണ് . പരിണാമത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളില്‍ക്കൂടി കടന്നു വന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ ഇന്നത്തെ ജീവിതത്തില്‍ നിന്നും പിന്നോട്ടു നടക്കാനും ആദിമ ജനതയുടെ ജീവിതം എന്തെന്ന് ജീവിച്ച് മനസ്സിലാക്കുവാനും, അത് വഴി സമൂഹത്തിനു മുന്നില്‍ , ബുദ്ധിപരമായി വികസിച്ച ഒരു ജനത പഴയ ജീവിതത്തിലേക്ക് കടന്നുപോകുകയും പുതിയ പതിപ്പുകള്‍ ആ ചുറ്റുപാടുകളില്‍ ഉത്പാദിപ്പിക്കുകയും ചെയ്താല്‍ ബൌദ്ധികമായ ഉന്നതി കാഴ്ചവയ്ക്കുന്ന ഒരു പുതിയ തലമുറയാകും അതെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന , ശ്രമിച്ച് പരാജയപ്പെടുന്ന ഒരു പ്രൊഫസ്സറും പന്ത്രണ്ടു പേരും ആല്‍ഫ എന്ന്‍ നോവലില്‍ കാണാം . വിദ്യാഭ്യാസം , അറിവ് , കല , സാഹിത്യം എന്നിങ്ങനെ വിവിധ നിലകളില്‍ പ്രാഗത്ഭ്യം ഉള്ള പതിമൂന്നുപേര്‍ ഇരുപത്തി അഞ്ചു കൊല്ലത്തേക്ക് ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് ജീവിക്കാന്‍ യാത്ര ചെയ്യുന്നു . ദ്വീപിലേക്ക് പ്രവേശിക്കുമ്പോള്‍ ആദിമ ജനതയെപ്പോലെ ഉടുതുണിയില്ലാതെ , ഭാഷയും ഇതുവരെ തുടര്‍ന്നു വന്ന അറിവും ചിന്തകളും ഒക്കെയും ഉപേക്ഷിച്ചു പുതു ജീവിതം തുടങ്ങണം എന്നതാണു ആ പരീക്ഷണത്തിന്റെ നിബന്ധനകള്‍. ഇരുപത്തഞ്ചുകൊല്ലം പൂര്‍ത്തിയാകുമ്പോള്‍ അവരെ തേടി ഒരാള്‍ അവിടെ വരും.

ജീവിതത്തെ പുനര്‍ നിര്‍ണ്ണയിക്കുന്നതിലും പുനര്‍ നിമ്മിക്കുന്നതിലും ആ ജനത ജയിച്ചുവോ എന്ന അന്വേഷണം ആണ് ഇരുപത്തഞ്ചു കൊല്ലത്തിന് ശേഷം അവരെ തേടി വരുന്നവര്‍ തിരയുന്നത് .

നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഉള്ളില്‍ ഉണ്ടായ ചിന്തകള്‍ മാത്രം പങ്ക് വയ്ക്കുന്നത് ആണ് നല്ലതെന്നു കരുതുന്നു . വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് എഴുതുക എന്നൊരു വിശേഷണം ടി ഡി രാമകൃഷ്ണന്റെ നോവലുകളെ കുറിച്ച് കേട്ടിട്ടുണ്ട് . എന്തുകൊണ്ടോ ദുര്‍ബലമായ ഈ നോവലിലെ ആശയത്തിന്റെ ആവിഷ്കാരം കാണുമ്പോൾ മനുഷ്യന്‍ എന്നാല്‍ ഇത്ര മോശം ജീവി വര്‍ഗ്ഗം ആണോ എന്നു തോന്നിപ്പോകുക സ്വാഭാവികം .ആദിമ കാലത്തെ ജനത ജീവിച്ചിരുന്നത് മറ്റ് ജീവിവര്‍ഗ്ഗങ്ങളെ പോലെ ഭക്ഷണം വേട്ടയാടി കഴിക്കുക , കൂട്ടമായി കഴിയുക , ഇണചേരുക എന്നിവയ്ക്കപ്പുറം മസ്തിഷ്ക വികാസ കാലത്ത് മറ്റൊരു പണിയും ഇല്ലായിരുന്നു എന്നു ആന്ത്രപ്പോളജിസ്റ്റുകളുടെ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട് . മാംസ ഭക്ഷണം ആണ് ബുദ്ധി വികാസത്തിന് കാരണം ആയത് എന്നും പറയുന്നുണ്ട് . മൃഗസമാന ജീവിതം എന്നതിന് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ലാതിരുന്ന ആദിമ മനുഷ്യന്‍ മറ്റ് ജീവികളെപ്പോലെ തന്നെ ലൈംഗിക വിശപ്പിന് വേണ്ടി ഇണ ചേര്‍ന്നിരുന്നുവെങ്കിലും അതിനു കൂട്ട ആക്രമണത്തിന്റെയോ , എപ്പോഴും ഭോഗേച്ഛയുള്ള മാനസിക അവസ്ഥയിലോ ആയിരുന്നില്ല എന്നാണ് അനുമാനം . പക്ഷേ പരിഷ്കാരികള്‍ ആയിരുന്ന ഒരു കൂട്ടം, തങ്ങളുടെ ജീവിതം ആദിമ ജനതയിലേക്ക് പറിച്ചു നടുമ്പോൾ, വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടു കഴിയുമ്പോള്‍ ലൈംഗിക ആക്രമണങ്ങളിലേക്കാണ് പോകുന്നത് എന്നൊരു ധാരണ എഴുത്തുകാരനില്‍ നിറഞ്ഞു നില്ക്കുന്നു എന്നു കരുതുന്നു . തികച്ചും പാളിപ്പോയ മറ്റ് വസ്തുതകള്‍ ,എല്ലാം ഉപേക്ഷിച്ചു , പഴയ ചിന്തകള്‍ , ആശയങ്ങള്‍ , ഒക്കെയും കളഞ്ഞു ശൂന്യതയില്‍ നിന്നും പുതിയ പഠനം തുടങ്ങിയവരില്‍ രതിയില്‍ ഉണ്ടാകുന്ന അസംതൃപ്തികളും  ലൈംഗിക പീഡനങ്ങളും അവര്‍ക്ക് തന്നെ പിറന്ന കുട്ടികളുമായുള്ള ലൈംഗികതയും ഒക്കെ സദാചാര ബോധം, മാനസിക വിഷമതകള്‍ എന്നീ ഘടകങ്ങള്‍ മൂലം ആത്മഹത്യ കൊലപാതകം തുടങ്ങിയ അവസ്ഥകളിലേക്ക് പോകുന്നത് കാണാം .

തികച്ചും അപക്വമായി കൈകാര്യം ചെയ്ത ഒരു വിഷയം ആയതിനാല്‍ പരാജയപ്പെട്ടു പോയി എന്നു വിശ്വസിക്കുന്ന ഒരു നോവല്‍ ആണിത് . തികച്ചും ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തി എഴുതിയിരുന്നെങ്കില്‍ ഈ ചെറു നോവലിന് വലിയ ഒരു ധര്‍മ്മവും വ്യാപ്തിയും സംഭവിച്ചേനെ. വിഷയങ്ങളെ ഭാവനയും യുക്തിയും സാങ്കേതികത്വവും ചേര്‍ത്ത അവതരണ രീതി കുറച്ചുകൂടി മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ എന്നുടനീളം തോന്നിച്ച ഒരു വായനയാണിത് . ഇന്ദിരഗാന്ധിയുടെ ഭരണവും അടിയന്തിരാവസ്ഥയും ഇന്ത്യയുടെ അക്കാലത്തെ രാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന ഈ നോവലില്‍ അന്തര്‍ധാര പോലെ സനാതന ധര്‍മ്മവും ആര്‍ഷ ഭാരത സംസ്കാരവും പൂട്ടിന് പീര പോലെ ചേര്‍ത്ത് പറയുന്നുണ്ട് . പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ നമുക്ക് എന്ത് സംഭവിക്കും എന്നൊരു ചിന്ത ചെന്നെത്തിയത് അവികലവും അയുക്തികവുമായ സംഭവ വികാസങ്ങളിലേക്ക് ആണ് എന്നത് നിരാശ ഉണര്‍ത്തി .

ഭാഷയുടെ മനോഹരമായ ഉപയോഗവും ആശയപരമായ വൈവിധ്യവും ടി ഡി രാമകൃഷ്ണന്റെ നോവലുകളെ വ്യത്യസ്ഥമാക്കുമ്പോഴും , ലൈംഗികതയും മറ്റ് ജന്തുജന്യ വൈകൃതങ്ങളും ഉള്ള കഥാപാത്രങ്ങളും സംഭവങ്ങളും ഭാവനകളും ഈ എഴുത്തുകാരന്റെ രചനകളെ സാരമായി ബാധിക്കുന്നതായി തോന്നുന്ന വായനകള്‍ ആണ് വായനയില്‍ ഇതുവരെ ലഭിച്ചതു. കൂടുതല്‍ വസ്തുനിഷ്ഠമായ എഴുത്തുകള്‍ മികച്ച പഠനത്തോടെ പൂര്‍ണ്ണതയോടെ ലഭിക്കട്ടെ ഈ എഴുത്തുകാരനില്‍ നിന്നും എന്നൊരു ശുഭപ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

 

 

 

 


Wednesday, November 18, 2020

നഗ്ന പാപം

നഗ്ന പാപം 

....................


കാണുവാനേറെ കൊതിച്ചിരുന്നിട്ടുണ്ട്

കാമിനീ നിന്നുടെ നഗ്നമാം മേനിയെ.

കണ്ടു കഴിഞ്ഞ് മറന്നു കളയുവാൻ

എന്നു പറഞ്ഞു നീ പിണങ്ങി നടന്നതും

കാണാൻ മുഖമത് മാത്രം മതിയെന്ന്

സ്നേഹമോടെപ്പൊഴും ചൊല്ലിയിരുന്നതും

കാണണമെങ്കിൽ നീ നേരിൽ വരുന്നേരം

കണ്ടു കൊതി തീർന്നു പോയീടുകെന്നും

ചൊല്ലിയിരുന്നു നീ ഓർത്തു പോകുന്നു.

ഇന്നീ വാട്സപ്പിൻ സ്ക്രീനിൽ നിറയുന്ന

വൈറലുകൾ ആകും വീഡീയോകൾ 

നിന്റെ ഭയത്തിന്റെ പിന്നാമ്പുറങ്ങളിൽ

നീരാളിയായി പതുങ്ങിയിരിപ്പതും,

ഒന്നു കാണിച്ചൊന്നുന്മാദം കൊള്ളിച്ച്

പിന്നത് ഭാവിക്ക് ദോഷം വരുത്താതെ

നേരിൽ മൂന്നാംകണ്ണ് ഇല്ലാതെയെന്തും

ആവാം നിനക്കെന്ന് പ്രായോഗികമാകുന്നു.

ഇന്നീ തലമുറയറിയാതെ കാട്ടുന്ന

മണ്ടത്തരങ്ങളാണീ വീഡിയോ ഷൂട്ടുകൾ

എന്ന മണ്ടൻ ചിന്ത എന്തിന് പേറുന്നു

ചിന്തിക്കു നിങ്ങളാ കാരണമൊന്നങ്ങ്.

നഗ്നതയെന്നാലെന്തോ അത്ഭുതമെന്നും

കണ്ടാലുടൻ ലിംഗമുദ്ദരിക്കുമെന്നും

ചിന്തയുള്ള കുറേ മാനുഷവർഗ്ഗത്തിൻ

മാനസിക രോഗം എങ്ങനെ മാറുവാൻ.

കണ്ടുവെൻ നഗ്നത മറ്റൊരാൾ എന്നതിൽ

കുണ്ഠിതമാകുന്ന മാനസം മാറണം.

ഇല്ല പ്രത്യേകിച്ചെൻ ദേഹത്തീ ലോകത്ത്

മറ്റു മാനുഷർക്കില്ലാത്ത വണ്ണമേ.

ഇല്ല ഞാൻ അന്യഗ്രഹത്തിൽ വസിക്കും

അത്ഭുത ജീവിയല്ല രൂപത്തിലും.

ഉള്ളിലീ ചിന്തയുണ്ടെങ്കിൽ നിശ്ചിതം

ഇല്ല ലജ്ജയും മരണത്തിൻ ചിന്തയും.

ഉള്ളു ചൊല്ലുന്നതെന്തും ചെയ്യുക.

കണ്ടു മാത്രം കൊടുക്കുക എന്തുമേ.

വഞ്ചകനായ പുരുഷന് നല്കുന്ന

ചിന്തയുള്ളിൽ നിന്നകറ്റുക, നന്നായീടും.

..... ബി.ജി.എൻ വർക്കല

Tuesday, November 17, 2020

വീണപൂവ്-........... കുമാരനാശാൻ



വീണപൂവ്
കുമാരനാശാന്‍
സായാഹ്ന ഫൗണ്ടേഷന്‍
 
 
 
കവിതകള്‍ക്ക് ഇന്നിന്റെ നിറവും മണവും കിട്ടുന്നതിന് മുമ്പ് കവിതകളുടെ വസന്തകാലം എന്നൊന്നുണ്ടായിരുന്നു . പുരാണേതിഹാസങ്ങളുടെയും മിത്തുകളുടെയും ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വ്യക്തിയേയോ സംഭവത്തെയോ ഒക്കെ ഉപയോഗിച്ച് ഒരു ചെറുകഥയുടെയോ കഥയുടെയോ തലത്തില്‍ നില്‍ക്കുന്ന കവിതാഖ്യാനം അന്നതൊരു സര്‍ഗ്ഗാത്മകത ആയിരുന്നു . കവിത്രയങ്ങള്‍ മൂന്നു കാലഘട്ടങ്ങള്‍ ആയി അടയാളപ്പെടുത്തപ്പെട്ട പഴയകാല എഴുത്തുകളുടെ പ്രധാന സവിശേഷത അതിനെ ചിട്ടപ്പെടുത്തിയിരുന്നത് കണക്കുകളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചായിരുന്നു എന്നതാണു . അതിനാല്‍ തന്നെ അതിനെ ഈണത്തില്‍ ചൊല്ലാനും ഹൃദിസ്ഥമാക്കാനും പഴയ തലമുറയ്ക്കും ഇന്നിനും എളുപ്പമായിരുന്നു . സാരോപദേശം , സത്ഗുണ സംബന്ധം തുടങ്ങി ആ കാലഘട്ടത്തിന്റെ സംസ്കാരത്തിനും ചിന്തയ്ക്കും അനുയോജ്യമായ ചിന്തകളും സന്ദേശങ്ങളും മാര്‍ഗ്ഗരൂപങ്ങളും ആയിരുന്നു ആ കവിതകളുടെ സത്ത. ക്രമേണ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി . അവ പ്രകൃതിയിലേക്കും വ്യക്തി ജീവിതങ്ങളിലേക്കും ഇതിഹാസങ്ങളിലും മിത്തുകളിലും നിന്നിറങ്ങി നടക്കാന്‍ തുടങ്ങി . അപ്പോഴും കവിതയുടെ ഈണവും താളവും എഴുത്ത് പ്രധാന സംഗതിയായി കരുതി പരിപാലിച്ചു പോന്നു . ഈ അവസ്ഥയില്‍ നിന്നും കവിതയെ പുറത്തേക്ക് നടത്തിക്കാന്‍ ആദ്യശ്രമങ്ങള്‍ നടന്നത് ഒരുപക്ഷേ ആംഗലേയ കവിതകളുടെ മൊഴിമാറ്റത്തില്‍ കൂടിയാണ് എന്നു കരുതുന്നു . നിയതമായ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിര്‍ത്തി പരിഭാഷപ്പെടുത്താന്‍ കഴിയാത്ത ഒന്നായിരുന്നു പലപ്പോഴും അവ . ഇതില്‍ നിന്നാണ് ആധുനിക കവിത എന്ന ആശയം ഉടലെടുക്കുന്നത് എന്നൂഹിക്കുന്നു .
ഭാഷ ഉപജീവനത്തിന് മാത്രം പഠിച്ചവരും , ഭാഷ എഴുതാന്‍ അറിയുന്നവരും കവിതയുടെ ലോകത്തേക്ക് വരുന്നത് ഈ ഒരു ധൈര്യത്തിന്റെ പിന്നാലെയാണ് . അറിയാത്ത വൃത്തവും അലങ്കാരവും ഉപയോഗിച്ച് കവിത എഴുതുക എന്നത് ആയാസകരമായ ഒരു സംഗതിയാണെന്ന് തിരിച്ചറിഞ്ഞ അവരാകണം ആദ്യമായി കവിതയ്ക്ക് നിയതമായ ഒരു നിയമമോ ചട്ടക്കൂടോ ഇല്ല എന്നു വാദിച്ചു തുടങ്ങിയത് . അത്യന്താധുനിക കവിതകളിലേക്ക് എത്തിയപ്പോള്‍ കവിതയാണോ കഥയാണോ ലേഖനമാണോ എന്നറിയാന്‍ വയ്യാത്ത ഒരു അവസ്ഥ കവിതയുടെ പ്രസക്തി കുറയ്ക്കാന്‍ സഹായിച്ചു എന്നതാണു ശരി . കാസറ്റ് കവികളുടെ ഉദയത്തോടെയാണ് ആധുനിക കവിത തുടക്കമിട്ടതെന്ന വാദം ശരിക്കും പറഞ്ഞാല്‍ തെറ്റാണ് . കാരണം എങ്ങനെ വീണാലും പൂച്ച നാലു കാലില്‍ എന്നത് പോലെ സംഗീതമിട്ട് ഈണമിട്ട് പാടുന്നത് പാട്ടാണ് എന്നത് അറിയാതെ കവിതയെന്ന് പറഞ്ഞു പ്രസിദ്ധപ്പെടുത്തിയവര്‍ ആണ് ശരി എന്നും കരുതുന്നവര്‍ ഉണ്ടല്ലോ . കവിത വൃത്തവും താളവും അലങ്കാരവും ഉള്ളതാകണം എന്നൊരുവാദം എന്തായാലും ഉയര്‍ത്തുന്നില്ല . കവിത ചൊല്ലുന്നതിനുള്ളതും കഥ വായിക്കാനുള്ളതും ആണെന്നൊരു ബോധം എഴുതുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാകും . കഥയെഴുതിയും കവിതാത്മകമായി വായിക്കാമല്ലോ എന്നുകൂടെ ഖണ്ഡിക്കാം .
ഹാ പുഷ്പമേ! എന്ന വരികള്‍ അറിയാത്ത , ചൊല്ലാത്ത  മലയാളികള്‍ ഇന്നും വളരെ കുറവാകും . ഒരു പൂവിനേക്കുറിച്ച് കവിത എഴുതുക ആ കവിത വായനക്കാര്‍ ഹൃദയത്തിലേക്ക് ഏറ്റെടുക്കുക . അതൊരു അനുഭവമാണ് . കുമാരനാശാന്‍ എഴുതിയ വീണപൂവ് അനേകം വായനക്കാരുടെ അനേകം പഠനങ്ങളും ആസ്വാദനങ്ങളും നിരൂപണങ്ങളും ഏറ്റുവാങ്ങിയ ഒന്നാണ് . വളരെ മനോഹരമായി, ഒരു യുവതരുണിയുടെ ജീവിതവും ആത്മഹത്യയോ മരണമോ എന്തു തന്നെയായാലും അതിന്റെ പര്യവസാനം വരെ പറഞ്ഞു നിര്‍ത്തുന്ന ഈ കവിതയില്‍ ആത്മീയതയും തത്വദീക്ഷകളും ലോകവീക്ഷണങ്ങളും ഒപ്പം ആത്മരോദനങ്ങളും നിറഞ്ഞിരിക്കുന്നു . പ്രണയവും രതിയും തുടർന്നുള്ള സാമൂഹിക ചിന്തയും പാപബോധവും ഒക്കെ ചേർന്ന് ഒരു യുവതിയുടെ ജീവിതം അവസാനിക്കപ്പെടുന്നതിനെ ബിംബവത്കരണത്തിലൂടെ പൂവും വണ്ടും ഒക്കെയായി അവതരിപ്പിക്കുന്ന ശൈലി മനോജ്ഞം തന്നെയാണ്. ക്ഷണപ്രഭാചഞ്ചലമായ ലോകത്തിന്റെ നീതിയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും ഒക്കെ വാചാലമാകുന്ന കവിത പ്രമേയവും അവതരണവും ശൈലിയും കൂടിച്ചേർന്ന് മികച്ച ഒരു വായനയാണ് .ആസ്വാദനത്തിന്റെ പരമസത്തയെ ആവാഹിച്ചു പിടിക്കുന്ന വരികളുടെ വിതരണം കൊണ്ട് കവിതയുടെ ഊര്‍ജ്ജം ഒട്ടും മങ്ങാതെ കാഴ്ചവെയ്ക്കുന്നു ഈകവിത . വായനകൊണ്ടു ഇവിടെ ഓന്നും സംഭവിക്കില്ല എന്നു കരുതുന്ന ആധുനിക എഴുത്തുകാര്‍ക്ക് ഒരുപക്ഷേ പഴയ കവിതകളും കഥകളും എന്നത് വെറുതെ വായിക്കാനോ, പഴയകാല ഭാഷയുടെ ഉദാഹരണം എന്നു പറഞ്ഞു മാറ്റി നിർത്താനോ ഉള്ള ഒരു സംഗതി മാത്രമാണ്. മറിച്ച്  എഴുത്തിനെ നവീകരിക്കാനും ശ്രദ്ധിക്കപ്പെടുന്ന ഒരു കവിതയോ കഥയോ എഴുതാനും പഴയ എഴുത്തുകൾ വായിക്കുന്നത് വേറിട്ട ചിന്തകളുണ്ടാകാനും സഹായിക്കും എന്നു കരുതുന്നു .ആശംസകളോടെ ബി ജി എൻ വര്‍ക്കല
 


Monday, November 16, 2020

ബാല്യകാലസഖികള്‍ ................................. പമ്മന്‍

 

ബാല്യകാലസഖികള്‍ (ഓർമ്മ )

പമ്മന്‍

പൂർണ്ണ പബ്ളിക്കേഷൻസ്


 

 

ഓര്‍മ്മകളുടെ കടലില്‍ മുങ്ങിപ്പൊങ്ങിക്കിടക്കുന്നൊരു കേവുവള്ളമാണ് മനുഷ്യന്‍ . അവന്റെ ചിന്തകളില്‍ എപ്പോഴും പിന്നില്‍ ഉപേക്ഷിക്കപ്പെട്ട , കടന്നു പോയ വഴികളിലെ നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ ആണ് . ഒറ്റക്കിരിക്കുമ്പോള്‍ , യാത്ര ചെയ്യുമ്പോള്‍ ഒക്കെയും അവന് ഓര്‍മ്മിക്കാന്‍ പുതിയതൊന്നും ഉണ്ടാകാറില്ല. സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യരെ മറന്നുകൊണ്ടല്ല ഇത് പറയുന്നതെങ്കിലും പൊതുവേ അതൊരു യാഥാര്‍ഥ്യമാണ്. പ്രസാധകര്‍ പുസ്തകം ഇറക്കുന്നതില്‍ ചില കച്ചവട തന്ത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കും. ആത്യന്തികമായി അവര്‍ക്ക് വേണ്ടത് പുസ്തകം വിറ്റുപോവുക എന്നതാണല്ലോ . അതിനെന്തു മാര്‍ഗ്ഗവും അവര്‍ ഉപയോഗിക്കുക തന്നെ ചെയ്യും . അറിയപ്പെടുന്ന ഒരു എഴുത്തുകാരന്‍ മരിച്ചു പോകുകയാണെങ്കില്‍ പ്രസാധകര്‍ മത്സരിക്കുക ആ എഴുത്തുകാരന്റെ കഥകളോ കവിതകളോ നോവലോ എന്തു തന്നെയായാലും ആ സംഭാവനയുടെ പുതിയ പതിപ്പുകള്‍ ഇറക്കുകയോ അവര്‍ക്കിഷ്ടപ്പെട്ട കഥകള്‍ എന്നോ കവിതകള്‍ എന്നോ പേരില്‍ പുതിയ പുസ്തകങ്ങള്‍ ഇറക്കുകയോ ഒക്കെ ചെയ്യുക പതിവാണ് . മറ്റൊരു രീതിയാണ് എഴുത്തുകാരുടെ  എഴുത്തിന്റെ രീതി അനുസരിച്ചു അവരുടെ കഥകളെയും കുറിപ്പുകളെയും ഇറക്കുക എന്നത് . അതിനുപയോഗിക്കുന്ന തലക്കെട്ടുകളും മുഖചിത്രങ്ങളും വായനക്കാരെ പുസ്തകം വാങ്ങിപ്പിക്കുന്നവ തന്നെയാകും  എന്നതില്‍ സംശയം ഒന്നും വേണ്ട.

പമ്മന്‍ എന്ന നോവലിസ്റ്റിനെ മലയാളം അറിയുന്നതു രതിയുടെ ഇന്ദ്രജാലം തീര്‍ക്കുന്ന എഴുത്തുകാരന്‍ എന്നാണ് . ഒളിച്ചു വച്ചല്ലാതെ വായിക്കാന്‍ ഇന്നും മലയാളിക്ക് കഴിയാത്തതും എന്നാല്‍ വായിക്കാതെ ഉള്ള ആരും തന്നെ ഉണ്ടാകില്ല എന്നതുമായ പ്രത്യേകതകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുള്ള ഒരു ഖ്യാതിയാണ് . അപ്പു , പാപമോക്ഷം, ചട്ടക്കാരി , ഒരുമ്പെട്ടവള്‍ , ഭ്രാന്ത് തുടങ്ങിയ  പമ്മൻ്റെ നോവലുകള്‍ അല്ലാതെ മറ്റെന്തെങ്കിലും ആ എഴുത്തുകാരന്‍ എഴുതിയിട്ടുണ്ടോ എന്നത് ഒരു പക്ഷേ അധികം ആര്‍ക്കും അറിയുന്ന കാര്യമാകില്ല . നോവലുകളിലെ രതിയുടെ അതിപ്രസരം മൂലം , അതിനു കിട്ടിയ ഖ്യാതി മൂലം  രതി പമ്മന്‍റെ കഥകളില്‍ എന്നൊരു എഡിറ്റഡ് പുസ്തകം പോലും ഇറങ്ങിയതായി ഓര്‍ക്കുന്നുണ്ട് . പമ്മന്‍ രതി  നോവലുകള്‍ മാത്രമല്ല സെക്സ് പറയാത്ത  കഥകളും എഴുതിയിട്ടുണ്ട് .പമ്മന്‍ കഥകള്‍ എന്നാണ് ആ പുസ്തകത്തിന് പേര് . പമ്മന്‍ കഥകള്‍ എന്ന പേര് കേട്ടാല്‍ മാത്രം അതിനു മാര്‍ക്കറ്റ് കിട്ടുകയുള്ളൂ എന്നും പ്രസാധകര്‍ കരുതിയിട്ടുണ്ടാകാം .എന്തായാലും കഥകളില്‍ പമ്മന് നന്നായി ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. ഇത്തരം മാര്‍ക്കറ്റിങ്ങുകളുടെ ഭാഗം ആയിട്ടാകാം എന്റെ ബാല്യകാലസഖികള്‍ എന്നൊരു പുസ്തകം പമ്മന്‍റെ പേരില്‍ പുറത്തിറങ്ങിയത് എന്നു കരുതുന്നു .പമ്മന്‍റെ ബാല്യകാല സഖികള്‍ അല്ലെ അപ്പോള്‍ അതിനുള്ളിൽ രതിയല്ലാതെ മറ്റൊന്നും ഉണ്ടാകില്ലല്ലോ എന്നൊരു മുൻധാരണ വായനക്കാര്‍ക്ക് പമ്മന്; - നല്‍കിയിരിക്കുകയുമാണല്ലോ .

എന്റെ ബാല്യകാല സഖികള്‍ എന്ന ഓര്‍മ്മക്കുറിപ്പില്‍, പമ്മന്‍ തന്റെ കൗമാരത്തില്‍ തമിഴ്നാട്ടിലേക്ക് പഠനം , തൊഴില്‍ എന്നിവയ്ക്കായി കുറച്ചു കാലം പോയി താമസിച്ച അനുഭവങ്ങള്‍ ആണ് .പറയുന്നതു . അവിടേയ്ക്ക് പോയതും അവിടെ പരിചയപ്പെട്ട സഹമുറിയന്‍മാരേക്കുറിച്ചും അവരുടെ പ്രത്യേകതകളെക്കുറിച്ചും പിന്നെ പമ്മന്‍റെ ചില ഏകപക്ഷീയമെന്നു കരുതാവുന്ന കൗമാരപ്രണയങ്ങളും ഇതില്‍ പറയുന്നു . കുട്ടിക്കാലത്തെ, നാട്ടുകാരിയായ കൂട്ടുകാരിയുടെ ഓര്‍മ്മയും തമിഴ്നാട്ടില്‍ വച്ചുണ്ടായ രണ്ടു പ്രണയങ്ങളും അവരോടുള്ള വികാരവിചാരങ്ങളും ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും കുടുംബ വിശേഷങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ ഓര്‍മ്മിക്കുന്ന ഒരു ഭാഗീകമായ ആത്മകഥ അല്ലെങ്കില്‍ ആത്മകഥയുടെ ഒരു ഭാഗം ആയി ഈ പുസ്തകത്തെ കാണാം . രതിയുടെ വായനയ്ക്കായോ അത്തരം അനുഭവങ്ങളും പരിചയങ്ങളും പരിചയപ്പെടാന്‍ വേണ്ടിയോ ഈ പുസ്തകം വാങ്ങുന്നവര്‍ പാടെ നിരാശരായിപ്പോകും എന്നത് സത്യമാണ് .

ഓര്‍മ്മകള്‍ എഴുതുമ്പോഴായാലും നോവലുകള്‍ എഴുതുമ്പോഴായാലും കഥകള്‍ എഴുതുമ്പോഴായാലും പമ്മന് ഒരു ശൈലി ഉണ്ട് . ജാത്യാഭിമാനവും അല്പം ഗര്‍വ്വവും നിറഞ്ഞ ഒരു സാധാരണ മനുഷ്യനാണ് പമ്മന്‍ തന്റെ വരികളില്‍ . ഒപ്പം പമ്മന്‍ വരച്ചിടുന്ന കാലം മലയാളിക്ക് ഇന്നജ്ഞാതമായതോ അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നതോ ആയ ഒരു കാലവും കാഴ്ചയും ആണ് . വരികള്‍ക്കിടയിലെ പമ്മന്‍റെ എഴുത്തുകാരന്‍ എന്ന ഗര്‍വ്വ് വായിക്കപ്പെടുമ്പോൾ ഇന്നത്തെ എഴുത്തുകാരില്‍ ആ ഗര്‍വ്വുള്ള സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരനെ ഓർമ്മ വരുന്നുണ്ട് . പമ്മന്‍ പക്ഷേ സുഭാഷ് ചന്ദ്രന്റെ മുന്നില്‍ അക്കാര്യത്തില്‍ ശിശുവാണ് എന്നു പറയേണ്ടി വരുമെന്ന് മാത്രം . എഴുത്തുകള്‍ വായനക്കാരില്‍ നല്കേണ്ട ആനന്ദം ഏത് വിധത്തില്‍ ആയിരിക്കണം എന്നത് തീരുമാനിക്കപ്പെടേണ്ടത് വായനക്കാരനോ എഴുത്തുകാരനോ എന്നു ചിന്തിക്കേണ്ട കാലം ഓരോ എഴുത്തുകാരനും ഉണ്ടാകേണ്ടിയിരിക്കുന്നു .

ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

 


Wednesday, October 21, 2020

മീരാസാധു..............കെ ആര്‍ മീര

മീരാസാധു (നോവെല്ല)
കെ ആര്‍ മീര
ഡി സി ബുക്സ്
വില : 125





ലോകം വളരെ വലുതാണെങ്കിലും മനുഷ്യര്‍ വളരെ ചെറുതാണ് . അതിനാല്‍ തന്നെ അവരുടെ ചിന്തകള്‍ക്കും ആ വലിപ്പവ്യത്യാസം ഉണ്ടാകുക സ്വാഭാവികം ആണ് . പ്രണയം എന്നൊരു മനോഹര വികാരം  ഇല്ലായിരുന്നുവെങ്കില്‍ ജീവിതം എത്ര വിരസവും വിരൂപവുമായേനെ എന്നു തോന്നുന്നു . മനുഷ്യര്‍ പൊതുവേ ഒരു കാലത്ത് പോളിയാറികള്‍ ആയിരുന്നു . പരസ്പരം അറിയുന്ന,പരിചയമുള്ള ഇണകളും ഉപയിണകളും ഉള്ള ഒരു ജീവിവര്‍ഗ്ഗം . പതിയെ അവരിലേക്ക് പുതിയ പുതിയ ചിന്തകളും ഭാവനകളും ഉണ്ടായി വരുകയും ഒറ്റപ്പെട്ട ലോകങ്ങളിലേക്ക് അവര്‍ തങ്ങളുടെ ലോകത്തെ ചുരുക്കുകയും ചെയ്തതോടെ  മനുഷ്യര്‍ മോണോഗാമികള്‍ ആയി മാറി . ഒരൊറ്റ ഇണ എന്ന കാഴ്ചപ്പാടും ആചാരവും അതോടെ അവര്‍ നടപ്പില്‍ വരുത്തി . പക്ഷേ ഇത്തരം ചിന്താഗതികള്‍ മനുഷ്യരില്‍ രണ്ടു തരം വര്‍ഗ്ഗങ്ങളെ കൂടി പ്രകടമായി സൃഷ്ടിച്ചു . ആണ്‍ വര്‍ഗ്ഗവും പെണ്‍ വർഗ്ഗവും . ആണ്‍ വര്‍ഗ്ഗത്തിന് അപ്പോഴും ഇണകള്‍ കൂടുതല്‍ ആകാമെന്നും പെണ്‍ വര്‍ഗ്ഗം ഒരൊറ്റ ഇണയില്‍ നിലനില്‍ക്കണം എന്നുമുള്ള ഒരു അലിഖിത നിയമം ഉരുത്തിരിഞ്ഞു വന്നു . ഈ അവസ്ഥയില്‍ ആണ് പോളിഗാമികള്‍ ഉടലെടുക്കുന്നത് .പുരുഷന്റെ ബഹുയിണകള്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകളിലും കണ്ടു വന്നിരുന്നു  എന്നത് പഴയ ചരിത്രങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു . ഇങ്ങ് കേരളത്തിലും തിരുവിതാംകൂര്‍ രാജ്യത്തെ പെണ്ണുങ്ങള്‍ ഇഷ്ടമുള്ള പുരുഷനെ ഇഷ്ടമുള്ള കാലം വരെ മാത്രം ഇണയായി സ്വീകരിച്ചിരുന്ന ഒരു സദാചാരം നിലവില്‍ ഉണ്ടായിരുന്നു എന്നു കാണാം . ഇണകളുടെ തിരഞ്ഞെടുപ്പില്‍ പൊതുവേ സ്ത്രീകള്‍ ഒരാളില്‍ മാത്രം തന്റെ പ്രണയം സൂക്ഷിക്കാന്‍ ആഗ്രഹിക്കുകയും പുരുഷന്‍ ഒരാളില്‍ മാത്രം ഒതുങ്ങാത്ത ഒരു പ്രവണതയും മനുഷ്യ ജീവികളില്‍ കണ്ടു വരുന്ന പ്രത്യേകതയാണ് .

കെ ആര്‍ മീരയുടെ "മീരാസാധു " എന്ന നോവെല്ല പ്രതിനിധാനം ചെയ്യുന്ന കഥ പ്രണയത്തില്‍ പരാജയപ്പെട്ടുപോയ ഒരുവളുടെ ജീവിതത്തിന്റെ ദുരന്തമുഖമാണ് . തുളസീദലം പോലെ പരിശുദ്ധവും സാധുവുമായ ഒരു സ്ത്രീയെ പ്രണയനാടകത്തില്‍ കുടുക്കി അവളുടെ ജീവിതം നശിപ്പിച്ച ഒരു പുരുഷന്‍ ഒടുവില്‍ അവളെ തേടി എത്തുകയും ക്ഷമാപണം ചെയ്യുകയും ചെയ്യുമ്പോള്‍ അയാളെ നിരാശനാക്കിക്കൊണ്ടു പതിവ് ശുഭപര്യവസാനി നാടകങ്ങള്‍ക്ക് അവസരമൊരുക്കാതെ  തന്റെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന തുളസിയുടെ കഥയാണ് മീരാസാധു. പ്രണയത്തിന്റെ ഭാഷയെന്ത് എന്നൊരു അന്വേഷണം കൂടിയാണ് ഈ വായനയിലൂടെ മീര പങ്കു വയ്ക്കുന്നത് എന്നു തോന്നുന്നു . തുളസിയുടെ ജീവിതത്തെ എല്ലാ താളങ്ങളും നഷ്ടമായ ഒരു പാഴ്സംഗീതോപകരണമാക്കിയത് അയാളാണ് . തന്റെ ജീവിതത്തെ ഒരിയ്ക്കലും ഇഷ്ടപ്പെടാത്ത ഒരു തലത്തിലൂടെ വഴി നടത്തിച്ചതും ഇല്ലാതാക്കിയതും അയാള്‍ ഒരാൾ മാത്രമാണു . എങ്കിലും തുളസിയില്‍ ഇച്ഛാശക്തിയുള്ള ഒരു പെണ്ണിന്റെ മുഖം മീര നല്കുന്നുണ്ട് .

മഥുരയിലെ രാധമാരുടെ ജീവിതം പോലെ ദുരിതപൂര്‍ണ്ണമായ മറ്റെന്തുണ്ട് ? വിധവകള്‍ ആയ സ്ത്രീകളെ ക്ഷേത്രപരിചരണവും ഭിക്ഷാടനവും ചെയ്യിച്ചു ജീവിക്കാന്‍ വിടുന്ന ക്രൂരതയുടെ മുഖം അനാവൃതമാക്കുക കൂടിയാണ് ഇവിടെ . അശരണര്‍ ആയ സ്ത്രീകള്‍ കൃഷ്ണനെ ആരാധിച്ചു കഷ്ടതകളിലൂടെ ജീവിതം അവസാനിക്കും വരെ കഴിഞ്ഞു കൂടുന്ന ഇടം .

തുളസി അവിടെ എത്തുന്നത് ജീവന്റെ ഭാഗമായി കരുതിയിരുന്ന ഭര്‍ത്താവിന്റെ പ്രണയം ഒരിയ്ക്കലും തന്നില്‍ മാത്രമായിരുന്നില്ല എന്നതും അതൊരിക്കലും തനിക്കവകാശപ്പെട്ടതല്ല എന്ന തിരിച്ചറിവിലും ആണ് . എണ്ണമറ്റ സ്ത്രീകളുടെ പ്രണയത്തിന്റെ ഭാഗമായ അയാള്‍ അവളോടുള്ള പ്രണയനാടകം വിജയകരമായി അവതരിപ്പിച്ചാണ് അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് . ശേഷം അവളോടുള്ള അടുപ്പവും വിശ്വാസവും കൊണ്ട് അവള്‍ അയാളെ അന്ധയായി വിശ്വസിക്കുകയാണ് . പക്ഷേ അവള്‍ മടുത്തു തുടങ്ങുന്നതും അവളുടെ സ്ഥാനത്ത് പലരും വീണ്ടും വന്നു ചേരുന്നതും അവള്‍ അറിയാന്‍ വൈകുന്നു . തന്റെ  മുന്നിലേക്ക് അവരില്‍ ചിലര്‍ എത്തുമ്പോഴാണ് അവള്‍ യാഥാര്‍ത്യലോകത്തേക്ക് നോക്കുന്നത് . ഉയർന്ന വിദ്യാഭ്യാസവും അറിവും ഉള്ള ഒരുവൾ ആയിരുന്നിട്ടും ചതിയുടെ മുഖം മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് തുളസിയുടെ പരാജയം . ഒടുവില്‍ അയാളോടുള്ള പകയില്‍ നിന്നുമാണ് കുട്ടികള്‍ക്ക് വിഷം കൊടുക്കുന്നതും അവള്‍ ഡെല്‍ഹിയിലേക്ക്  പുറപ്പെട്ട് പോകുന്നതും . മറ്റ് വിധവകള്‍ ആയ സ്ത്രീകള്‍ക്കൊപ്പം അവളും ആ ക്ഷേത്ര നഗരിയില്‍ ഒരു ഇടം തരപ്പെടുത്തുന്നു . കൃഷ്ണന്റെ അപദാനങ്ങളും പ്രണയവും പാടിയും മനസ്സാൽ ആസ്വദിച്ചും അവള്‍ തന്റെ ജീവിതത്തെ പരുക്കന്‍ പ്രതലങ്ങളില്‍ മേയാന്‍ വിടുന്നു .

അപ്രതീക്ഷിതമായി അയാള്‍ അവളെത്തേടി അവിടെയും എത്തുന്നു . ഇത്രകാലവും അയാൾക്ക് നേരെ അവള്‍ ഊതിക്കത്തിച്ചു വച്ച പക അവൾക്ക് പ്രയോഗിക്കാന്‍ നേരമായി എന്നത് അവള്‍ മനസ്സിലാക്കുന്നു . രോഗാതുരനായി ആശുപത്രിയില്‍ കിടന്ന അയാളെ കാണാന്‍ പോലും അവള്‍ കൂട്ടാക്കാത്തത് അതിനാലാണ് . അയാളുടെ കൂടെ പോകുന്നതിലും നല്ലത് മരണം ആണെന്ന അവളുടെ കാഴ്ചപ്പാട് സ്വയം പീഡിതമായ ഒരവസ്ഥയിലൂടെ അവള്‍ പ്രാവര്‍ത്തികമാക്കുമ്പോൾ മീരാസാധു സാധാ കുലസ്ത്രീകളുടെ തലത്തില്‍ നിന്നും ഉയര്‍ന്നു അസ്തിത്വമുള്ള ഒരു പെണ്ണായി തലയുയര്‍ത്തി നില്ക്കുന്നു .

തികച്ചും സ്ത്രീപക്ഷത്ത് നിന്നുകൊണ്ടു എഴുതപ്പെട്ട ഈ നോവെല്ല സ്ത്രീയുടെ ജീവിതത്തിലെ തികച്ചും വ്യഥ്യസ്തമായ ഒരു പശ്ചാത്തലവും ജീവിതവും കൂടി മലയാളിക്ക് നല്കുന്നുണ്ട് . തിരിച്ചറിവുകളുടെ ലോകം അനിവാര്യമായതാണ് എന്ന സന്ദേശം മീര വ്യക്തമായും പറയുന്നു . വിദ്യാഭ്യാസമോ കുടുംബ മഹിമയോ ഒന്നുമല്ല ഒരു സ്ത്രീക്ക് വേണ്ടത്  പകരം സ്വന്തം തീരുമാനങ്ങളില്‍ , അവയെടുക്കാനുള്ള കഴിവില്‍ ഒക്കെ വിശ്വാസവും ഉറച്ചു നില്ക്കാന്‍ ഉള്ള മനസ്സും ഉണ്ടാവേണ്ടത് ആവശ്യമെന്ന് മീര ഇതില്‍ പറഞ്ഞു വയ്ക്കുന്നു . ചെറുതെങ്കിലും ബൃഹത്തായ ഒരു ജീവിതത്തിന്റെ ചിത്രം വരച്ചു വയ്ക്കുന്ന മീരാസാധു നല്ലൊരു വായനാനുഭവം തന്നു . ഭാഷയും പ്രമേയവും അവതരണവും നന്നായിരുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Thursday, October 8, 2020

അപേക്ഷ

അപേക്ഷ

ജീവിതത്തെ ഞാൻ പലതായി പിരിക്കുന്നു.
എവിടെയും ഞാൻ കാണുന്നില്ല ശുഭാപ്തി ചിന്തകൾ
ജീവിതത്തെ ഞാൻ മറക്കുന്നു ഭ്രാന്തമായ്
എവിടെയും ഞാൻ കണ്ടതില്ലാശ്വാസം.
ഇഷ്ടങ്ങൾ, ഓർമ്മകൾ
വേദനതൻ സൂചി ക്കുത്തുകൾ
ഇതാ ഞാൻ പിടയുന്നു ഏകാന്തം
യാത്ര പറയാൻ കൊതിച്ച്
കാത്തു നില്ക്കുന്ന സന്ധ്യകളേ
ഇല്ല മറുവാക്കുകൾ ഒന്നുമേയിന്ന്
ഇല്ല കാത്തിരിപ്പും പ്രതീക്ഷയും 
യാത്ര പറയാൻ കാത്തു നില്ക്കും സന്ധ്യേ
കൊണ്ടു പോകുമോ എന്നെയും കൂടെ നീ.

ബി.ജി.എൻ വർക്കല

Thursday, September 24, 2020

കണിമലരായി നീ വിരിഞ്ഞെങ്കിൽ !

കണിമലരായി നീ വിരിഞ്ഞെങ്കിൽ !
.............................................................
ഒരു കണിയായി നീയുണ്ടെങ്കിൽ സഖീ-
യെൻ ദിനമെത്ര ഊഷ്മളമായിരുന്നേനെ.
ഒരു ചിരിയായെന്നെ നീ പുണരുകിൽ
എത്ര വേദനയും പൂവായ് മാറിയേനെ.

നീ , ഒരു നിരാകാര ബ്രഹ്മമായ്
നിർവ്വികാരത്തിൻ ജല ബിന്ദുപോൽ
മരുവുന്നുണ്ടെൻ ശിരോമണ്ഡലങ്ങളിൽ
ഒരു തെച്ചിക്കാടിൻ ചോപ്പുമായ്.

ഓർമ്മകൾ തൻ വാതായനം തുറന്നു ഞാൻ
നിൻ മധുരമാം പുഞ്ചിരി കവരവേ
നീയൊരു കുളിർ നിലാവായെൻ
മൗന വാത്മീകം തകർത്തു വെന്നോ...!

ഈറൻ മുടി മാറിലേയ്ക്കിട്ടു നീ
മോഹിപ്പിക്കുന്ന കനവു പോൽ നിൽക്കവേ
ഒഴുകിയിയിറങ്ങും ജലബിന്ദു നിൻ
മുലഞെട്ടിൽ തങ്ങി നില്ക്കുന്നുവോ നൊടിയിട.

നിൻ ഹൃദയതാളം ശ്രവിച്ചു ഞാൻ പ്രിയേ
അകലുവാനാകാതെ പകച്ചു നില്ക്കവേ
ഒരു ചെറു പുഞ്ചിരി തന്നു നീ
അകലുന്നുവോ മിഴികൾ നനയുന്നുവോ.!

ഇനിയീ തമസ്സിൽ ഞാനും നിൻ
സ്മരണതൻ ശീത നിലാവും മാത്രം.
ഇണചേരുവാൻ വിതുമ്പി നില്ക്കുമ്പോൾ
വരുവതുണ്ടു ചന്ദ്രിക മന്ദമായ്.

ഇനി യാത്ര പറയാൻ മറന്നു ഞാൻ
ഒരു ശിലാ പാളിയായി മാറവേ
അകലുകയാണ് നീ മൽ സഖീ
ഒരു ചെറു വാക്കു പോലും പറഞ്ഞിടാതിങ്ങനെ...
ബി.ജി.എൻ വർക്കല

Monday, September 21, 2020

മറവി

മറവി.
............
ചിലപ്പോൾ മറവി അനുഗ്രഹമാണത്രേ!
നോക്കൂ ഞാനെന്താ മറന്നതെന്ന്.
അച്ഛൻ്റെ വേർപാട് ദിനം
എൻ്റെ വിവാഹ ദിനം
ഭാര്യയുടെ ജന്മദിനം
മക്കളുടെ പിറന്നാളുകൾ
തിരുവോണത്തിന് അമ്മയെ വിളിക്കൽ
എല്ലാ മറവികൾക്കും മേലെ
എന്താണ് തിരശ്ശീലയാക്കേണ്ടത്.?
എന്താണ് ഓർമ്മയുള്ളത്...
സ്വന്തം നമ്പരല്ലാതെ
അമ്മ
ഭാര്യ 
സഹോദരർ
ഉറ്റ സ്നേഹിതർ
ആരുടെ നമ്പറാണ് ഓർമ്മയുള്ളത് ?
ഗൂഗിൾ അക്കൗണ്ട് ഇല്ലെങ്കിൽ
മൊബൈൽ നഷ്ടപ്പെട്ടാൽ ???
മറവിക്ക് ഒരു ദിനമുണ്ട്.
ആഘോഷമായി കൊണ്ടാടാം
അപ്പഴും മറവി മറവി തന്നെയല്ലേ?
എഫ് ബി 
മൊബൈൽ
ഇവയില്ലെങ്കിൽ 
എന്തോർമ്മിക്കാനാണ്?
അപ്പോഴും നാം പറയുന്നു
എനിക്കെല്ലാം ഓർമ്മയുണ്ട്..
ഒരിക്കൽ അവൾ പറഞ്ഞു.
ഈ സോഷ്യൽ മീഡിയ നിന്നാൽ
എല്ലാ ബന്ധങ്ങളും തീർന്നു
എനിക്ക് ഭയമാകുന്നു.
എൻ്റെ ജീമെയിൽ മറന്നു പോയാൽ
എൻ്റെ മൊബൈൽ കളഞ്ഞു പോയാൽ
പിന്നെ ആരുണ്ടാകും എൻ്റെ ഓർമ്മയിൽ?
ആരെ 
എങ്ങനെ
ഞാൻ വിളിക്കും....?
.... ബി.ജി.എൻ വർക്കല..

പ്രവാസം

Friday, September 18, 2020

ലോക ക്ലാസ്സിക് കഥകള്‍ ....................... പരിഭാഷ: ബാബു ജോസ്

 

ലോക ക്ലാസ്സിക് കഥകള്‍

പരിഭാഷ: ബാബു ജോസ്

എല്‍.ബി.ജെ പബ്ലീഷിങ്

വില : 90.00 രൂപ(ആമസോണ്‍)

 

 

മലയാള കഥാസാഹിത്യത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത് വിദേശ കഥകളെ മൊഴിമാറ്റം ചെയ്തു അവതരിപ്പിക്കപ്പെട്ടുകൊണ്ടാണ് എന്നു കാണാം. ഒട്ടനവധി മൊഴിമാറ്റങ്ങള്‍ ഇങ്ങനെ ആംഗലേയ ഭാഷയില്‍ നിന്നും റഷ്യന്‍ ഭാഷയില്‍ നിന്നും അറബി ഭാഷയില്‍ നിന്നും ഫ്രഞ്ച് ഭാഷയില്‍ നിന്നുമൊക്കെ മലയാളിക്ക് ലഭിച്ചിരുന്നു . കുട്ടികള്‍ക്ക് വേണ്ടി മൊഴിമാറ്റം ചെയ്യപ്പെട്ട റഷ്യന്‍ നാടോടിക്കഥകള്‍ വളരെ പ്രസിദ്ധമായിരുന്നുവല്ലോ. മലയാളത്തിലെ പ്രശസ്തരായ ഒട്ടുമിക്ക എഴുത്തുകാരും അവരുടെ വായനാലോകം വികസിച്ചത് ലോകസാഹിത്യം വായിച്ചുതന്നെയെന്ന്  പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് . ആംഗലേയ ഭാഷ നന്നായി അറിയുമായിരുന്ന വിദ്യാസമ്പന്നരായ ആ തലമുറ അവര്‍ വായിച്ചവയില്‍ നിന്നും മികച്ചത് എന്നവര്‍ക്ക് മനസ്സിലായവ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു . ചിലരെങ്കിലും മൊഴിമാറ്റം ചെയ്യുന്നതിന്  പകരം ആ കഥകളെ തങ്ങളുടെ സര്‍ഗ്ഗശേഷി ഉപയോഗിച്ച് സ്വന്തം രചനകള്‍ ആക്കുകയും ചെയ്തിട്ടുണ്ട് .

   ബാബു ജോസ് എന്ന എഴുത്തുകാരന്‍ എല്‍ ബി ജെ പബ്ലീഷിങ്ങിന്റെ കീഴില്‍ പുറത്തിറക്കിയ ലോക ക്ലാസ്സിക് കഥകള്‍ എന്ന പുസ്തകത്തില്‍ മൂന്നു കഥാകാരന്‍മാരുടെ ഓരോ കഥകള്‍ ആണ് പരിചയപ്പെടുത്തുന്നത് . ഏണസ്റ്റ് ഹെമിംഗ് വേ , ആന്‍റണ്‍ ചെക്കോവ് , മോപ്പസാംഗ് എന്നിവരാണത് . ചെറുകഥകളുടെ ലോകത്ത് മുടിചൂടാമന്നന്മാര്‍ ആയി കണക്കാക്കുന്ന ഇവരുടെ മൂന്നുപേരുടെയും കഥകള്‍ കഥാസ്വാദകര്‍ ഒരിയ്ക്കലും വിട്ടുപോകുകയില്ല എന്നുതന്നെയാണ് വിശ്വാസം. വിവിധ വീക്ഷണ കോണുകളിൽ നിന്നു കൊണ്ട് മനുഷ്യ ജീവിതത്തിന്റെ വിവിധങ്ങളായ ചിന്താധാരയെ മാനസികമായും സാമൂഹികമായും നോക്കിക്കാണുന്ന കഥകള്‍ ആണ് ഇവരുടേത് എന്നു കാണാം . കഥകള്‍ സഞ്ചരിക്കുന്ന വഴികളുടെ അഭൗമമായ സൗന്ദര്യം വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്ന രചനാശൈലിക്കുടമകള്‍ ആയ ഈ എഴുത്തുകാരുടെ കഥകളില്‍ നിന്നും ശ്രീ ബാബു ജോസ് തിരഞ്ഞെടുത്തത് ഓരോ കഥകള്‍ മാത്രമാണു .

   ഹെമിംഗ് വെയുടെ ഹില്‍സ് ലൈക് വൈറ്റ് എലിഫന്‍റ്സ് എന്ന കഥയാണ് ആദ്യത്തേത്. വെറും രണ്ടു കഥാപാത്രങ്ങള്‍, ഒരു റയിൽവേ സ്റ്റേഷനില്‍ ഒരു യാത്രയ്ക്ക് ആയി എത്തിച്ചേരുന്നതും അവരുടെ യാത്രയുടെ ഉദ്ദേശം എന്തെന്നത് വളരെ ലഘുവും എന്നാല്‍ ഗുപ്തവും ആയ സംഭാഷണങ്ങൾ കൊണ്ട് വെളിപ്പെടുത്തുന്നതും ആയ ഒരു കഥയാണത് . ഈ കഥയുടെ പ്രത്യേകത എന്താണ് എന്നു ചോദിച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ കത്തോലിക്ക സഭയുടെ കഠിനമായ മതബോധവും മതനിയമവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ , ഒരു ഗര്‍ഭഛിദ്രം നടക്കുവാന്‍ പോകുന്നതിന്റെ ഭയവും ആശങ്കകളും മാനസികവ്യാപാരങ്ങളും പ്രകടിപ്പിക്കാന്‍ എഴുത്തുകാരന്‍ വളരെ കൈയ്യടക്കവും സമൂഹ്യമര്യാദയും പുലര്‍ത്തുന്ന കാഴ്ച മനോഹരമാണ് എന്നുള്ളതാണ്. . സൂചനകളും , ദ്വയാര്‍ത്ഥങ്ങളും നിറഞ്ഞ സംഭാഷണപ്രക്രിയയിലൂടെ ആ കഥ വായനയെ രസാവഹമാക്കുന്നു . ചെക്കോവിന്റെ ദി ലേഡി വിത്ത് ദ പെറ്റ് ഡോഗ് എക്കാലത്തെയും മികച്ച ചെറുകഥകളില്‍ ഒന്നെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മനുഷ്യമനസ്സുകളുടെ ചിന്തകളെയും പ്രവര്‍ത്തിയെയും വിശദമായി പരിചയപ്പെടുത്തുന്ന ഒരു കഥയാണ് ഇത് . പ്രണയം , രതി, ദാമ്പത്യം എന്നിവയുടെ രസതന്ത്രത്തില്‍ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ ചിന്താപരിസരങ്ങളിലൂടെ ഒരു മനോഹരമായ പ്രണയവും രണ്ടു മനുഷ്യരുടെ കുടുംബജീവിതത്തിന്റെ  വൈഷമതകളും പ്രതിപാദിക്കുന്നു ഈ കഥ . പൊതു ജീവിതവും  സ്വകാര്യ ജീവിതവും എങ്ങനെയാണ് മനുഷ്യരുടെ ചിന്തകളിലും പ്രവര്‍ത്തിയിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് എന്നു ഈ കഥ വ്യക്തമായി അവതരിപ്പിക്കുന്നു .  കൂട്ടത്തില്‍ ഏറ്റവും മനോഹരവും വ്യത്യസ്ഥവും ആയി തോന്നിയ കഥയാണ് മോപ്പസാംഗ് എഴുതിയ  'ദ പ്പീസ് ഓഫ് സ്ട്രിംഗ് ' എന്ന കഥ . മനുഷ്യമനസ്സിന്റെ ഏറ്റവും ലോലമായ തന്ത്രികളെ , വളരെ വിശദമായി തൊടുന്ന മോപ്പസാംഗ് എന്ന എഴുത്തുകാരന്‍ മാനസിക രോഗം വന്നു അകാലത്തിൽ മരിച്ചുപോയി എന്നത് സാഹിത്യത്തിന് വലിയ ഒരു നഷ്ടം തന്നെയാണ് എന്ന് പറയാതെ വയ്യ . ഒരു ചെറിയ ചരട് വഴിയില്‍ നിന്നും വീണുകിട്ടുന്ന ഒരു മനുഷ്യന്‍ ഒരു കള്ളനായി , തന്റെ നിരപരാധിത്വം തെളിയിക്കാനാവാതെ ഒരു ഹാസ്യകഥാപാത്രമായി മരിക്കേണ്ടി വരുന്നത് എത്ര സങ്കടകരമായ ഒരു അവസ്ഥയാണ് . നമുക്കിടയില്‍ ഇന്നും , ചെയ്യാത്ത തെറ്റിന്റെ പഴിയും പേരി ജീവിതകാലം മുഴുവന്‍ ചിലവഴിക്കേണ്ടി വരുന്ന എത്രയോ മനുഷ്യരുണ്ട് എന്നതാണു ഈ കഥയുടെ പ്രസക്തി . വളരെ മനോഹരവും ലളിതവുമായി ഈ കഥയെ അവതരിപ്പിച്ചിട്ടുണ്ട് . ഇതിലെ ഓരോ നിമിഷങ്ങളും വായനയുടെ ആകാംഷയെയും വികാരങ്ങളെയും ബാധിക്കുന്ന തരത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നു കാണാം . സാഹചര്യങ്ങളും , പകയും ഒക്കെ എങ്ങനെയാണ് ഒരു മനുഷ്യന്റെ വിധി നിര്‍ണ്ണയിക്കുന്നത് എന്നീ കഥ പറഞ്ഞു തരുന്നുണ്ട് .

   പൊതുവേ തര്‍ജ്ജമകള്‍ക്ക് സംഭവിക്കുന്ന ദുര്യോഗം കഥയുമായി ഒരിയ്ക്കലും താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്ത കസര്‍ത്ത്  ആകുന്നു എന്നതാണ്. മൂലകഥയില്‍ നിന്നും തര്‍ജ്ജമ അകന്നു പോകുകയോ പനുപദ തര്‍ജ്ജമ മൂലം വായന വൈകൃതമാകുകയോ ചെയ്യുന്ന ഒരുപാട് തര്‍ജ്ജമകള്‍ നമുക്ക് കാണാന്‍ കഴിയും . പക്ഷേ ഭാഗ്യവശാല്‍ ബാബു ജോസ് എന്ന എഴുത്തുകാരന്‍ ഇവിടെ വളരെ മനോഹരമായി ഈ കഥകളെ മൊഴിമാറ്റം നടത്തിയിരിക്കുന്നു എന്നു കാണാം.  വായനയില്‍ ഒരു വിരസതയും അനുഭവപ്പെട്ടില്ല എന്നത് മാത്രമല്ല , കഥയെ ആസ്വദിച്ചു വായിക്കുവാന്‍ കഴിയുകയും ചെയ്തു എന്നത് മൊഴിമാറ്റത്തിന്റെ സൗന്ദര്യം ആണ് . ഇത്തരം മൊഴിമാറ്റ സംരംഭങ്ങള്‍ വായനയുടെ വസന്തം വിരിയിക്കുക തന്നെ ചെയ്യും .കൂടുതല്‍  മൊഴിമാറ്റങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നു .ആശംസകള്‍ നേര്‍ന്നുകൊണ്ടു ബി.ജി.എന്‍ വര്‍ക്കല  

  

 

Thursday, September 3, 2020

ഓൺലൈൻ വിരഹ സുവിശേഷങ്ങൾ

ഓൺലൈൻ വിരഹ സുവിശേഷങ്ങൾ.
.........................
അനന്തരം അതിരാവിലെ എഴുന്നേറ്റ് 
അവൾ ഡി പി മാറ്റിയോന്നും
സ്റ്റാറ്റസ് മാറിയോന്നും 
ഓൺലൈൻ ഉണ്ടോന്നും നോക്കാം.
ദിവസത്തിൽ 
ഓരോ ഫ്രീ ടൈമിലും ഇതാവർത്തിക്കുക.
വിരഹകാലത്തിൻ്റെ അവസാനം
 വരേയ്ക്കും. 
സുഖമാണോന്നും 
എന്താ വിശേഷമെന്നും എഴുതിയിട്ട്
മായ്ച്ചു കളയുക. 
എന്തേലും പോസ്റ്റിട്ടോന്ന് തിരയുക.
കണ്ടാൽ 
അതിലാരൊക്കെ 
എന്തൊക്കെ പറഞ്ഞുവെന്നും
എന്തൊക്കെ മറുപടികൾ കൊടുക്കുന്നുവെന്നും
നോക്കിയിരിക്കുക. 
ആർക്കേലും നേരെ
മധുരമോടെന്തെങ്കിലും പറഞ്ഞാലോ 
ആരെങ്കിലും മധുരമായി 
എന്തേലും പറഞ്ഞാലോ 
അവയേ നോക്കി
ഹൃദയവേദനയോടെ ഇരിക്കുക.
എവിടെയെങ്കിലും 
അവളുടെ ശബ്ദം കേട്ടാൽ 
അത് കേട്ടു കേട്ടു നടക്കുക. 
അവൾ ആരെ ഇഷ്ടപ്പെടുന്നോ
അവരെയൊക്കെ ഈർഷ്യയോടെ നോക്കുക. 
അവൾ ഇല്ലാത്ത ദിനങ്ങളിൽ
അവൾ മുൻപു മിണ്ടിയിരുന്ന കാലങ്ങളിൽ 
തന്നിരുന്ന ശബ്ദരേഖകൾ കേട്ട്
ഉള്ളിൽ കരയുക. 
രാത്രി കാലം വരുമ്പോൾ
അവളെ ഓർത്ത് രണ്ടു പെഗ്ഗ് കൂടുതൽ കഴിക്കുക.
അവളെ ഓർത്ത് ഉറങ്ങാതെ കിടക്കുക.
ഉറക്കം വരാതിരിക്കുമ്പോൾ വീണ്ടുമവളുടെ 
മുഖം നോക്കിക്കിടക്കുക.
... ബി.ജി.എൻ വർക്കല


Wednesday, September 2, 2020

കാണാതായ വാക്കുകൾ ..........അസീം താന്നിമൂട്

കാണാതായ വാക്കുകൾ (കവിതകൾ)
അസീം താന്നിമൂട്
ഡി.സി.ബുക്സ്(2019)
വില: ₹ 140.00


കവിതകൾക്ക് മാർക്കറ്റ് നഷ്ടപ്പെടുന്ന ഒരു കാലമാണിത്. ഇൻസ്റ്റൻൻ്റ് ഓൺലൈൻ കവിതകൾക്ക് പോലും നിലനില്പ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം സംഭവിച്ച ഒരു ശാഖയായി കവിതാ വിഭാഗം നിരന്തര പരീക്ഷണങ്ങളുടെ ഫലപ്രാപ്തി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പുസ്തകമായി കവിതാ സമാഹാരങ്ങൾ ഇറങ്ങിയാൽ അവ ശ്രദ്ധിക്കാൻ എത്ര പേരുണ്ടാകും.? വായനയുടെ സ്വാദ് നഷ്ടപ്പെടുത്തുന്ന തലത്തിലേക്ക് കവിത ഇറക്കി നില്ക്കുകയാണിന്ന്. അക്ഷരം കൂട്ടി വായിക്കാനോ, അർത്ഥം അറിയാനോ തയ്യാറാകുക കൂടിയില്ല ഇന്നത്തെ ഓൺലൈൻ കവികൾ. ഒരിക്കൽ നൂറുദിന കവിതായജ്ഞം നടത്തിയ ഒരു സോഷ്യൽ മീഡിയ കവിയോടു ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിക്കുമ്പോൾ , അതും ഒരു വാക്ക് എടുത്ത് അതിൻ്റെ അർത്ഥവും ആ കവിതയിലെ സ്ഥാനവും തിരക്കുമ്പോൾ നല്കിയ മറുപടി ശബ്ദതാരാവലിയിൽ നിന്നും കുറച്ചു വ്യത്യസ്ഥതയുള്ള വാക്കുകൾ ശേഖരിക്കും. അധികം പരിചരിച്ചു കാണാത്ത ആ വാക്കുകൾ ഉപയോഗിച്ചു കവിതയുണ്ടാക്കുന്നതാണ് എന്നായിരുന്നു. ചില കവികൾ കവിതയ്ക്കു പ്രയോഗിക്കാൻ വേണ്ടി പുതുമയുടെ ആവശ്യത്തിലേക്ക് വാക്കുകളുടെ നാനാർത്ഥം തിരഞ്ഞു നടക്കുന്നത് കാണാൻ കഴിയാറുണ്ട്. ഒരു തരത്തിൽ ഇവരൊക്കെ ഭാഷയ്ക്ക് സഹായകമാകുന്ന എഴുത്തുകാരുമാണ്. കാരണം സ്വയം പുതിയ വാക്കുകൾ പഠിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതു മൂലം വായനക്കാർ (അങ്ങനെ ചിലരെങ്കിലുമുണ്ട് )ക്ക് ഭാഷയോടു കൂടുതൽ താത്പര്യവും പഠനവും സാധ്യമാകുന്നുണ്ടല്ലോ. 

വൃത്തവുമലങ്കാരവും ഇന്ന് കവിതകൾക്ക് ആവശ്യമില്ലാത്ത കാലമാണ്. ഈണമെന്നതും ഒരത്യാവശ്യ ഘടകമല്ല. ചൊല്ക്കവിതകൾക്ക് പുതിയ രൂപവും ഭാവവും വന്നു കഴിഞ്ഞു. വീഡിയോകളിലൂടെ ഉടുത്തും ഉടുക്കാതെയും നിന്നും നടന്നും കിടന്നും നൃത്തം ചവിട്ടിയും കവിതകൾ പറഞ്ഞു തീർക്കുന്ന ആധുനിക കവികളിൽ നിന്നും ഈണത്തെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും പഠിക്കേണ്ടതുണ്ട് പുതിയ തലമുറ. അതല്ലാത്ത പക്ഷം അവർ പഴഞ്ചനും ആസ്വാദകരല്ലാത്തവരും ഒക്കെ ആയിത്തീരുകയും ചെയ്യും. കവിതാ മത്സരങ്ങൾക്ക് മാർക്കിടുന്നവരുടെ കാര്യവും കഷ്ടം തന്നെ. അവർ അധ്യാപകരാണെങ്കിൽ പറയുകയും വേണ്ട.

"അസീം താന്നിമൂടി"ൻ്റെ "കാണാതായ വാക്കുകൾ " എന്ന കവിതാ സമാഹാരത്തിൽ ചെറുതും വലുതുമായ 72 കവിതകൾ ഉണ്ട്. ദേശമംഗലം രാമകൃഷ്ണനും, കെ.പി.ശങ്കരനും എഴുതിയ ദീർഘമായ കുറിപ്പുകൾ തുടക്കമിടുന്നു പുസ്തകം. ദേശാഭിമാനിയിൽ വന്ന ഒരു കവിതയുടെ വായന നടത്തിയ പ്രൊഫ: എം.കൃഷ്ണൻ നായരിൽ തുടങ്ങുന്ന ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ്. ഈ സമാഹാരത്തിൻ്റെ പ്രധാന പ്രത്യേകതയെന്നത് നല്ലൊരു എഡിറ്റിംഗ് വർക്ക് നടന്ന പുസ്തകം എന്നതു തന്നെ. വായനയുടെ രസത്തെ ഒട്ടും ബാധിക്കാത്ത വിധത്തിൽ അതു വർത്തിച്ചിരിക്കുന്നു.

ഒരു കവി എന്നാൽ എന്തിലും കവിത കാണുന്നവനാകണം എന്ന സാമാന്യബോധത്തിനു ഉള്ളിൽ നിന്നു കൊണ്ടാണ് ശ്രീ അസീം കവിതകൾ കുറിച്ചിരിക്കുന്നത് എന്ന് കാണാം. വിഷയവൈവിധ്യത്തിലൂടെ വായനക്കാരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ ഒരു സമാഹാരം എന്നു പറയാം. ഉപ്പുപ്പായുടെ ചാരുകസേരയും നെടുമങ്ങാട് വിശേഷവും തിരുവനന്തപുരത്ത് നിന്നുള്ള ബസും ഒക്കെ അങ്ങനെ കവിതയായ പ്രത്യേകതകൾ ആണ്. സ്ഥിരം കവിതാ രചനക്കാരുടെ നൊസ്റ്റാൾജിക്ക് വിഷയമായ പ്രണയം വിരഹം സെൻ്റിമെൻ്റൽ മെലോ ഡ്രാമകൾ ഒന്നും തന്നെ ഈ കവിതകളെ സ്പർശിച്ചു കാണാനാകില്ല. വ്യക്തമായ രാഷ്ട്രീയവും, സാമൂഹികവുമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാൾ തന്നെയാണ് കവി.

എല്ലാ കവിതകളും നല്ലവയാണെന്ന അഭിപ്രായമില്ല. ഇഴകീറി നോക്കിയാൽ അർത്ഥരഹിത്യമുള്ള ചില കവിതകൾ വായനയെ ബാധിച്ചേക്കും. അതുപോലെ സാമൂഹ്യ പ്രതിബദ്ധത എന്നത് മതബോധവും സദാചാര ബോധവും നിറഞ്ഞ ഒരു കണ്ണാടിയിലൂടെയുള്ള കാഴ്ചയാണ് എന്നു കരുതുന്ന കവിയുടെ ചില കവിതകളും അസ്വാരസ്യം നിറച്ചേക്കാം എന്നിരിക്കിലും പൊതുവായ വായനയിൽ നല്ല നിലവാരവും അക്ഷരശുദ്ധിയും നിറഞ്ഞ ഒന്നായി ഈ സമാഹാരത്തെ വിലയിരുത്താനാകും.

ഭാഷയുടെ വളർച്ച വായനയിലൂടെയാണ്. കവിതയുടെ വളർച്ച നിരന്തര വായനയും ഭാവനയും ലോകവീക്ഷണത്തിലൂടെയും ആണ് സംഭവിക്കുക. നവീകരണം സ്വയവും സമൂഹത്തിനും സംഭവിക്കണം. അത്തരം തലങ്ങളിലേക്ക് കവികൾ എത്തിച്ചേരട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ആശംസകൾ നേരുന്നു. ബി.ജി.എൻ വർക്കല.

Thursday, August 27, 2020

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു........................എം മുകുന്ദന്‍

 

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു (നോവല്‍)

എം മുകുന്ദന്‍

ഡി സി ബുക്സ്

വില: ₹ 100.00

 

 

            ജീവിതത്തെ അടയാളപ്പെടുത്തുക എന്നത് ഭാരിച്ച സംഗതിയാണ് . കഥയായാലും കവിതയായാലും നോവലായാലും അതിന്റെ സത്യസന്തതയോടെ പറഞ്ഞു പിടിപ്പിക്കുക എന്നത് ക്ലേശകരമായ സംഗതിയാണ്  പലപ്പോഴും എഴുത്തുകാര്‍ പരാജയപ്പെട്ടുപോകുന്നത് അതിനാലാണ് . നമ്മള്‍ പല തരത്തിലുള്ള പ്രണയം കണ്ടു, കേട്ടു,വായിച്ചു പരിചയമുള്ളവര്‍ ആണ് . ഈ പ്രണയങ്ങളുടെ ഒക്കെ കാല്‍പനികതയും മാധുര്യവും വേദനയും അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ ആണ് . ഇന്നത്തെ കാലഘട്ടത്തിന്, പഴയ കാലഘട്ടത്തിന്റെ യുവത്വം അനുഭവിച്ച അനുഭവങ്ങളുടെയും സാഹചര്യങ്ങളുടെയും വിവരണങ്ങള്‍ പോലും അതിശയകരമായിരിക്കും . അതിനാല്‍ തന്നെ അത്തരം ജീവിതങ്ങള്‍ അവര്‍ക്ക് ഒരുപക്ഷേ കാല്‍പനികമായി അനുഭവപ്പെട്ടേക്കാം .


            ‘എം മുകുന്ദന്‍’ എന്ന എഴുത്തുകാരന്റെ നോവലുകള്‍ മിക്കതും ജീവിതഗന്ധിയായ ആവിഷ്കാരങ്ങള്‍ ആണ്. നനഞ്ഞ,പനിപിടിച്ച ജീവിതങ്ങള്‍ എന്നുമതിനെ വിശേഷിപ്പിക്കാം . എഴുത്തിലെ ഭാഷയുടെ മനോഹാരിത കൊണ്ട് വേറിട്ട ഒരു സ്ഥാനം എപ്പോഴും മുകുന്ദന്‍ സൂക്ഷിക്കുന്നുണ്ട് . “ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു” എന്ന നോവലിന്റെ വായന നല്‍കുന്നത് ഒരു വ്യത്യസ്തമായ അനുഭവം ആണ് . ജീവിതത്തില്‍ എങ്ങുമെത്താതെ പോയ മനുഷ്യരുടെ നെടുവീര്‍പ്പുകള്‍ ആണ് ഈ നോവലിന്റെ ഇതിവൃത്തം . ധൈഷണികമായ ഒരു അവസ്ഥയില്‍ നിന്നും ആത്മീയതയുടെ ഭ്രാന്തമായ നിസ്സഹായതയിലേക്ക് എടുത്തെറിയപ്പെടുന്ന രമേഷ് എന്ന യുവാവിന്റെ ജീവിതത്തെ ആണ് ഈ നോവലില്‍ പ്രതിപാദിക്കുന്നത് .  ബാല്യത്തില്‍ തന്നെ അരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ വളര്‍ന്ന് വന്ന, ചുറ്റുപാടുകളോട് ഒരു വിധത്തിലും സമരസപ്പെടാന്‍ കഴിയാതെ പോയ ഒരു ചെറുപ്പക്കാരന്‍ ആണ് രമേഷ് . അധ്യാപിക കൂടിയായ അമ്മയുടെ ഉയർന്ന ചിന്താഗതി മൂലം  സ്വാതന്ത്ര്യപരമായ  മകന്റെ ജീവിതത്തെ  ഒരിക്കല്‍പ്പോലും ഉപദേശിച്ചോ ശാസിച്ചോ മാമൂലുകളില്‍ തളച്ചിടാന്‍ ഒരുക്കമല്ലായിരുന്നു ആ അമ്മ . അതുകൊണ്ടു തന്നെ അഭേദ്യമായ ഒരു ആത്മബന്ധം ആ അമ്മയ്ക്കും മകനും ഇടയില്‍ ഉണ്ടായിരുന്നു . സ്വാതന്ത്ര്യം, സമത്വം എന്നിവയില്‍ രമേഷിന്റെ കാഴ്ചപ്പാടുകള്‍ എപ്പോഴും ഏകപക്ഷീയമായിരുന്നു എന്നു കാണാം. തന്റെ ജീവിതം , തനിക്ക് ഇഷ്ടമുള്ള രീതിയില്‍ ആസ്വദിച്ച് കടന്നുപോകണം എന്നതിനപ്പുറം ചുറ്റുപാടുകളോട് ഒരു പ്രതിപത്തിയോ കടപ്പാടോ ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു അയാള്‍ . സുജയോടുള്ള തന്റെ പ്രണയത്തില്‍ പോലും ആ അകല്‍ച്ചയും പരുക്കന്‍ പ്രതലവും അയാള്‍ സൂക്ഷിച്ചിരുന്നു  എന്നു കാണാം .


            ആധുനിക കാലഘട്ടത്തിലെ സ്വതന്ത്ര ചിന്താഗതിക്കാരുടെ പഴയ പതിപ്പായിരുന്നു ഹിപ്പി സംസ്കാരം . കഞ്ചാവും ചാരായവും ലഹരി പദാര്‍ത്ഥങ്ങളും ലൈംഗികതയും മുഖമുദ്രയാക്കി, വീണിടം വിഷ്ണുലോകം എന്നൊരു കാഴ്ചപ്പാടിലെ ജീവിതമായിരുന്നു  ഒരു കാലത്തെ യുവത്വം ആസ്വദിച്ചതും അനുഭവിച്ചതും .താടിയും  മുടിയും  നീട്ടി വളര്‍ത്തി , പരുപരുത്തതും മുഷിഞ്ഞതുമായ വസ്ത്രങ്ങളുമായി , ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരുതരം നാടോടി ജീവിതം .! തൊഴിലില്ലായ്മയോ  അതിനു ശ്രമിക്കായ്മയോ മൂലം ഇവരില്‍ ദാരിദ്ര്യം ഒരു വലിയ വിഷയമായി നിലനിന്നിരുന്നു. പലരും ഒടുവില്‍ ആത്മഹത്യയിലോ ആത്മീയതയിലോ മാനസിക തകര്‍ച്ചയിലോ വീണു ജീവിതം അവസാനിപ്പിക്കുകയായിരുന്നു ഫലം . ഇത്തരം ഒരു കാലഘട്ടത്തിന്റെ പരിച്ഛേദമാണ് രമേഷെന്ന മുകുന്ദന്‍ കഥാപാത്രവും.

            ഡല്‍ഹിയുടെയും കല്‍ക്കട്ടയുടെയും ബോംബയുടെയും പശ്ചാത്തലത്തില്‍ കഥകളെഴുതുന്ന ഒരു കാലഘട്ടം മലയാള സാഹിത്യത്തിന് പരിചിതമായിരുന്നു എന്നു കാണാം . മുകുന്ദന്റെ ഈ നോവലിന്റെ പശ്ചാത്തലവും ഡല്‍ഹിയും ഹരിദ്വാറും അടങ്ങിയതാണ് . ഡല്‍ഹിയിലെ ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന രമേഷ് എന്ന്‍ ചെറുപ്പക്കാരന്‍ തനിക്ക് ലഭിച്ച മൂന്നു ദിവസത്തെ അവധിക്കാലം എവിടെ ചിലവഴിക്കണം എന്നു ചിന്തിച്ച് തുടങ്ങുന്നിടത്താണു നോവല്‍ ആരംഭിക്കുന്നത് . ഒരുപാട് തിരയലുകള്‍ക്ക് ശേഷം അയാള്‍ ഹരിദ്വാര്‍ സ്വീകരിക്കുന്നു . അയാള്‍ക്കൊപ്പം പ്രണയിനി സുജയും ഉണ്ട് . രണ്ടുപേരും ഹരിദ്വാറില്‍ എത്തുന്നു . ചരസ്സും ഭാംഗും  അടിച്ച് ലഹരിയുടെ അബോധതലത്തില്‍, അവളെ ഒറ്റയ്ക്കാക്കി അയാള്‍ ഹരിദ്വാറിന്റെ ഹൃദയത്തിലൂടെ രാത്രിസഞ്ചാരത്തിന്റെ പറുദീസ തീര്‍ക്കുന്നു . ഇരുളില്‍ കണ്ടെത്തുന്ന ഭീതിതനായ സന്യാസിയും വെളുത്ത പശുവും അയാളുടെ ഉള്ളിലെ ഉറങ്ങിക്കിടക്കുന്ന ആത്മീയതയുടെ പുനരാവിഷ്കാരങ്ങള്‍ ആണ്. സുജയുമായി മലകയറുമ്പോഴവര്‍ കാണുന്ന ചുവന്ന വൃക്ഷവും പിന്നീടാ വൃക്ഷത്തില്‍ അയാള്‍ ചരട് കെട്ടുമ്പോള്‍ ആഗ്രഹിക്കുന്നതും അയാള്‍ പരിചരിച്ചു വന്ന  അയാളുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് ചിന്തകളുടെയും ആശയങ്ങളുടെയും മരണമാണ്. ശിരസ്സില്‍ പൂക്കുന്ന ലഹരിയുമായി ഒരു രാത്രി മുഴുവന്‍ തിരികെയുള്ള യാത്രയും സുജയുടെ സാമീപ്യം പോലും മറന്നയാള്‍ പിതൃതര്‍പ്പണ ഘട്ടില്‍ ചിലവഴിക്കുമ്പോള്‍ അയാള്‍ അറിയാതെ തന്നെ തന്റെ വഴിയും ലക്ഷ്യവുമെന്തെന്ന് തിരിച്ചറിയുകയാണ്. അതിനാല്‍ തന്നെ തിരികെ ഡെല്‍ഹിയില്‍ എത്തിയിട്ടും തന്റെ തലച്ചോറില്‍ മുഴങ്ങുന്ന മണിനാദം അയാളെ തിരികെ ഹരിദ്വാറില്‍ ഒരു അവധൂതന്റെ വേഷത്തില്‍ കൊണ്ടെത്തിക്കുന്നത് . പൂര്‍വ്വകാലത്തെ മറന്നുകൊണ്ടു തന്റെ പ്രിയങ്ങളെയും ബന്ധങ്ങളെയും ഉപേക്ഷിച്ചുകൊണ്ടു അയാള്‍ സ്വയം വാനപ്രസ്ഥം സ്വീകരിക്കുന്നു .


            കമ്യൂണിസം , പുരോഗമന ചിന്ത , യുക്തിവാദം  തുടങ്ങിയവയുടെ അവസാനം ആത്മീയതയാണ് എന്നൊരു തെറ്റായ ധാരണ പൊതുസമൂഹം കാഴ്ചവയ്ക്കുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആത്മീയതയില്‍ എത്തുകയെന്നാല്‍ ജീവിതത്തെ കുത്തഴിഞ്ഞ രീതിയില്‍ അനുഭവിച്ചു പോകുന്നവര്‍ക്കും ജീവിതത്തോട് വിരക്തി വന്നവര്‍ക്കും ഭോഗാസക്തിയുള്ളവർക്കും ഒളിയിടമായി വ്യാഖ്യാനിക്കാന്‍ വഴിവയ്ക്കുന്ന ഒരു ചിന്തയാണത് .  നക്സല്‍ പ്രക്സ്ഥാനത്തില്‍ നിന്നും ചിലര്‍ ആത്മീയതയിലേക്ക് വന്നതും ലൈംഗികാസക്തിയുടെ  ഒരു ഘട്ടത്തില്‍ ആത്മീയതയുടെ പുതപ്പില്‍ ഒളിക്കുന്നതും  യുക്തിവാദി എന്നു അടയാളപ്പെടുത്തി ഒടുവില്‍ ആത്മീയവാദിയാകുന്നതുമായ  ഒറ്റപ്പെട്ട ചിത്രങ്ങളെ വാസ്തവികതയുടെ പുറംചട്ട അണിയിക്കുകയാണ് ഇത്തരം ചിന്തകള്‍ സഹായിക്കുന്നത് എന്നതിനാല്‍ പൊതുബോധത്തിണു         ഇത്തരം വായനകള്‍ വളരെ സന്തോഷം നല്‍കുന്നതും സ്വീകാര്യത നല്‍കുന്നതുമാണ് . യാത്രകളുടെ പര്യസമാപ്തി എന്നത് ആത്മീയതയും ദൈവ സങ്കല്‍പ്പവും ആണെന്ന കാഴ്ചപ്പാട് ഉത്കൃഷ്ടമായ ഒരു വിഷയമായി കാണുന്ന പൊതു സമൂഹത്തിനു ഇഷ്ടം നല്‍കുന്ന ചേരുവകള്‍ അരച്ച് ചേർത്ത ഈ നോവല്‍, രചനാശൈലി കൊണ്ടും ഭാഷകൊണ്ടും മികച്ച ഒന്നായിരുന്നു.


            ജീവിത ലക്ഷ്യങ്ങള്‍ നഷ്ടപ്പെട്ട യുവത്വങ്ങളുടെ അപചയത്തെക്കുറിച്ച് മനസ്സിലാക്കാനും അപഗ്രഥിക്കാനും ഈ പുസ്തകത്തിന്റെ വായന സഹായിക്കുക തന്നെ ചെയ്യും . ബന്ധങ്ങളെ എങ്ങനെ നമുക്ക് നഷ്ടമാകാതെ ചേര്‍ത്തുപിടിക്കാന്‍ കഴിയും എന്നു മനസ്സിലാക്കാന്‍ കഴിയും . ഒരു തലമുറയെ എങ്ങനെ നന്‍മയുടെ പാതയില്‍ ശരിയുടെ പാതയില്‍ നടത്താന്‍ ശ്രമിക്കണം എന്നും അതങ്ങനെ കഴിയാതെ വന്നാല്‍ എന്തു സംഭവിക്കും എന്നും മനസ്സിലാക്കാന്‍ ഉതകും . മയക്കുമരുന്നുകളോ പെണ്‍ശരീരങ്ങളോ തേടിയലയല്‍ കൊണ്ടും ആത്മീയത കൊണ്ടും ഒരിക്കലും ഒരു ഉത്തരവാദിത്വബോധം ഉള്ള തലമുറ ഉണ്ടാകുന്നില്ല . അത്രയേറെ പ്രിയമുള്ള ബഹുമാനമുള്ള അമ്മയുടെ മുഖത്തേക്ക് സിഗരറ്റ് പുകയൂതി വിട്ടും , അപരിചിതമായ ഒരിടത്ത് ഇരുളില്‍ ലഹരിയുടെ ഉന്‍മത്തതയില്‍ ഒരു സുരക്ഷയുമില്ലാത്തിടത്തിൽ ഒരു പെങ്കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയും ആ ഇടത്തില്‍ ഭോഗിക്കുകയും ചെയ്യുന്നതും ഒരിക്കലും മാനുഷികമായ ഉത്തരവാദിത്ത ബോധമുള്ള ഒരു തലമുറയുടെ വിവേകമോ ചിന്താധാരയോ അല്ല എന്നതിനാല്‍ ഒരാള്‍ എങ്ങനെ ആകരുത് എന്നൊരു പാഠമാണ് ഈ നോവല്‍ വായന നല്‍കുന്നത് .ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല  

Friday, August 21, 2020

അറബിപ്പൊന്ന് ..... എം.ടി. & എൻ. പി



അറബിപ്പൊന്ന്(നോവല്‍)
എം ടി , എന്‍ പി
ഡി സി ബുക്സ്
വില : 175 റൂപ്പി
 
 
സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ പോലെ രസാവഹമാണ് ഒന്നിച്ചുള്ള പ്രവര്‍ത്തനവും . ഓരോ പ്രദേശങ്ങളില്‍ അധിവസിക്കുന്ന എഴുത്തുകാര്‍ തമ്മില്‍ ഒരു സ്വരുമയും സാഹിത്യ പ്രവര്‍ത്തന കൂട്ടായ്മകളും ഉണ്ടാകാറുണ്ട് . ചിലപ്പോള്‍ ഇവ ദേശം വിട്ടു ദേശീയമോ അന്തര്‍ദേശീയമോ ഒക്കെയായി മാറുകയും ചെയ്യുന്നതും കാണാന്‍ കഴിയും . പൊതുവില്‍ ഈ ഒരുമ പുറമെ കാണാമെങ്കിലും ചിലപ്പോഴൊക്കെ അതികഠിനമായ മത്സരങ്ങള്‍ ഇവര്‍ തമ്മില്‍ സംഭവിക്കാറുമുണ്ട് . ഇവ വായനക്കാരെ സംബന്ധിച്ചു സന്തോഷകരമായ സംഗതിയാണ് കാരണം അത് മൂലം ഒരുപാട് പുതിയ വായനകള്‍ക്കും അനുഭവങ്ങള്‍ക്കുമവസരം ഒരുങ്ങുന്നുണ്ട് . സാഹിത്യത്തിലെ മത്സരം ആരോഗ്യകരമായിരിക്കുക എന്നതാണു മുഖ്യം അത് മൂലം നല്ല വായനാനുഭവങ്ങള്‍ വായനക്കാരെ തേടിവരും. ഒന്നിച്ചുള്ള സാഹിത്യ രചന എന്നത് ഒരു സന്തോഷവും കൗതുകകരവുമായ അനുഭവമാണ് . ഒരേ പോലെ ചിന്തിക്കുകയും എഴുതുകയും ചെയ്യാന്‍ കഴിയുക എന്നതാണല്ലോ അതിന്റെ ഏറ്റവും വലിയ ഗുണം എന്നു പറയുന്നതു . സാഹിത്യത്തില്‍ അത്തരം സംരംഭങ്ങള്‍ മുന്പ് ഉണ്ടായിട്ടുണ്ടോ എന്നതറിയില്ല . ഭാഷാ വിദ്യാര്‍ഥി അല്ലാത്തതിനാല്‍ അത്തരം വായനകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല അറിവുമില്ല . എന്നാല്‍ വളരെ കൗതുകത്തോടെ ആണ് പ്രമുഖരായ മലയാള എഴുത്തുകാര്‍ ആയ ശ്രീ എം ടി വാസുദേവന്‍ നായരും എന്‍ പി മുഹമ്മദും ചേര്‍ന്ന് ഒരു നോവല്‍ എഴുതി എന്നറിവ് കിട്ടുന്നതും  അത് തേടിപ്പിടിച്ചു വായിക്കുന്നതും . തികച്ചും മനോഹരമായ ഒരു വായനയായിരുന്നു അതു എന്നു പറയുന്നതില്‍ സന്തോഷമാണ്. പല ഘടകങ്ങള്‍ ആണ് ഈ നോവല്‍  ഇഷ്ടപ്പെടാന്‍ കാരണമായി ഉള്ളത് . ഒന്നു: രണ്ട് പേര്‍ ചേര്‍ന്നു ഒരുപോലെ ചിന്തിച്ച് എഴുതി എന്നതും ഈ നോവലിലെ വായനയില്‍ എങ്ങും തന്നെ രണ്ടുപേരെയും വെവ്വേറെ കാണാന്‍ കഴിയുന്നില്ല എന്നതും വലിയ സംഗതിയാണ്. മുഖവുരയില്‍ എം ടി  വവ്യക്തമാക്കുന്നുമുണ്ട് ഈ നോവലിന്റെ എഴുത്തുവഴികളും മറ്റും. ഒന്നിച്ചെഴുതാന്‍ വേണ്ടി ഒരു വിഷയത്തെ ഒന്നിച്ചിരുന്നു ചർച്ച ചെയ്തും ഒരു വലിയ പ്രൊജക്റ്റ് വര്‍ക്ക് പോലെ ചെയ്തെടുത്ത നാള്‍വഴികള്‍ .  ഈ പുസ്തകം പ്രതിനിദാനം ചെയ്യുന്ന വിഷയം ഇക്കാലത്തും വളരെ പ്രാധാന്യത്തോടെ വാര്‍ത്താമാധ്യമങ്ങള്‍ ചർച്ച ചെയ്യുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് തന്നെയാണ് . കോഴിക്കോടും പരിസരങ്ങളും ഒരു കാലത്ത് അറബിപ്പൊന്ന് എങ്ങനെയാണ് കള്ളക്കടത്ത് നടത്തിയിരുന്നതെന്നും, ആ കാല ഘട്ടത്തിലെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുകളും ജീവിതവും എങ്ങനെയായിരുന്നു എന്നും പഴയകാല മുസ്ലീം സമുദായത്തിലെ പല ആചാരങ്ങളും ചിന്തകളും ഒക്കെ മനസ്സിലാക്കാന്‍ ഉള്ള ഒരു വഴികൂടിയുമായിരുന്നു ഈ നോവല്‍ വായന. അറബികളും മലയാളികളും അടങ്ങിയ ഒരു സമുദായമായിരുന്ന ഒരു പ്രദേശം .അവരുടെ വാണിജ്യ, സാംസ്കാരിക , വ്യവഹാര മേഖലകളെ നന്നായി അടയാളപ്പെടുത്തുന്നുണ്ട് ഈ നോവൽ. ഒരു നോവല്‍ വായനയില്‍ ആദ്യമായാണ് ഓരോ രംഗങ്ങളും ഒരു ചലച്ചിത്രത്തില്‍ എന്ന പോലെ മനസ്സില്‍ കാണാന്‍ കഴിയുന്ന രീതി  അനുഭവപ്പെട്ടത് .
എന്താണ് ഈ നോവല്‍ പറയുന്ന കഥ എന്നു ഒന്നു വിലയിരുത്താന്‍ നോക്കുന്നത് ഒരു വലിയ സാഹസമൊന്നുമല്ല . എക്കാലവും മനുഷ്യനെ ക്രൂരനും അത്യാഗ്രഹിയും കുറ്റവാളിയും ആക്കുവാന്‍ സ്വര്‍ണ്ണമെന്ന മഞ്ഞ ലോഹത്തിന് കഴിഞ്ഞിട്ടുണ്ട്. വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും  പിറകിലെ കഥകള്‍ക്ക്  പലപ്പോഴും പൊന്നിന്‍റെ നിറം ഉണ്ടാകുന്നതാണ് മനുഷ്യ ജീവിതം . കോയ എന്ന്‍ ചെറുപ്പക്കാരന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങള്‍ ആണ് ഈ നോവൽ വിലയിരുത്തുന്നത്. ഒന്ന് സമൃദ്ധിയിൽ നിന്നും ദാരിദ്യത്തിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും വലിച്ചെറിയപ്പെടുന്ന ഘട്ടം മറ്റൊന്ന് സമൃദ്ധിയിലേക്ക് ഒരു പാത തുറക്കുന്ന ഘട്ടം. രണ്ടിലും അയാൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകളുടെ വിശദമായ വായനയാണീ നോവൽ.  പ്രണയവും രതിയും കാൽപ്പനികതകളും ഇടം തേടാതെ പോകുന്ന മനുഷ്യജീവിതങ്ങൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിവർത്തിക്കാൻ വേണ്ടി കിതച്ചും പതച്ചും ഓടുന്ന കാളവണ്ടിയാണ് എന്ന് ഈ യുവാവിലൂടെ നാം കാണുകയാണ്. സമൂഹത്തിൽ മനുഷ്യൻ്റെ നില നില്പ് പ്രധാനമായും നിലനില്ക്കുന്നത് വിശ്വാസത്തിൻ്റെ മുകളിലാണ്. വിശ്വാസം പല തരത്തിൽ ആർജ്ജിക്കപ്പെടാം. നല്ല പെരുമാറ്റം , ആത്മാർത്ഥവും സത്യസന്ധവുമായ ജീവിതം തുടങ്ങിയവ ഇതിന് ആവശ്യകമാകുന്നു. ഹജ്ജ് ചെയ്തതു കൊണ്ട് മാത്രം ദൈവഭയം ഉള്ളവനും വിശ്വസ്തനുമാകണമെന്നില്ല ഒരു വിശ്വാസി. അത് പോലെ അമിതമായ ആത്മാർത്ഥത കാട്ടുന്നവന് ആ ഒരു പരിഗണന തിരികെ കിട്ടണമെന്നുമില്ല. പണം അത് തീരുമാനിക്കും മനുഷ്യനെങ്ങനെ ജീവിക്കണം എന്ന്. ചിലർക്കത് കണ്ടാൽ കണ്ണു മഞ്ഞളിക്കും. ചിലർക്കത് കരിയുടെ വില പോലും ഉണ്ടാകില്ല. ഇത് വ്യക്തമായി പറഞ്ഞു തരുന്നു ഈ നോവലിൽ. നിഷ്കളങ്കരും ജീവിക്കാൻ മറന്നു പോയവരുമായ ഒരു കൂട്ടം മനുഷ്യർക്കൊപ്പം പൊയ്മുഖമണിഞ്ഞ മറ്റൊരു കൂട്ടർ ചേരുമ്പോൾ ആദ്യ പക്ഷം ചവിട്ടുപടികൾ മാത്രമാകുന്നു മറുപക്ഷത്തിന് . 
തികച്ചും പ്രാദേശികഭാഷയുടെ തെളിഞ്ഞ വായനയാണീ നോവൽ തരുന്നത്. മനുഷ്യ വികാരങ്ങളെ അതുപോലെ പകർത്തുന്ന മനോഹരമായ ഭാഷയും. 
വായനയിൽ ഒരു നല്ല അനുഭവം നല്കിയ ഒന്നായിരുന്നു ഈ നോവൽ. ആശംസകളോടെ ബി.ജി.എൻ വർക്കല

അപസർപ്പക പരബ്രഹ്മമൂർത്തി ...... സുസ്മേഷ് ചന്ദ്രോത്ത്

അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ)
സുസ്മേഷ് ചന്ദ്രോത്ത്.
ഡി.സി ബുക്സ് (2019)
വില: ₹ 120.00 


കഥകളുടെ ലോകം എന്നത് വ്യത്യസ്ഥമായ ഒരു ഭൂവിഭാഗം ആണ്. ചടുലവും വേഗതയാർന്നതുമായ കഥകൾ പോലെ ദുരൂഹവും ദുർഗ്രാഹ്യവുമായ കഥകളും ഒരു തരത്തിൽ രസാവഹവും വായനാനന്ദവും നല്കുന്നവയാണ്. കഥകൾക്ക് ബൗദ്ധികവും സാധാരണത്വവും നല്കുന്നത് വായനക്കാരുടെ മാനസികമായ അതിനോടുള്ള സമീപനത്തിലൂടെയാണ്. വെറും പൈങ്കിളി എന്ന് വിവക്ഷിക്കുന്ന തലത്തിൽ വാരികകൾക്കും ചില കഥാസമാഹാരങ്ങൾക്കും ലേബലിടുന്ന കഥകൾക്ക് കഥയില്ലായ്മ ഉണ്ടാകുന്നുവോ എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വായനക്കാർ എല്ലാവരും ഒരേ പോലെ എല്ലാകഥകളിലും അഭിരമിക്കണം എന്ന ദുർവ്വാശി ഒരിക്കലും പാടില്ല എന്നാണ് കരുതുന്നത്. ഇംഗ്ലീഷ് ചെറുകഥകൾക്ക് മലയാള വ്യാഖ്യാനം കിട്ടിത്തുടങ്ങുന്നിടത്താണ് കഥകളിൽ പരീക്ഷണം തുടങ്ങുന്നത് എന്നു കരുതുന്നു. കാരണം മലയാള കഥകൾ മിക്കതും അന്തപ്പുരങ്ങളിലേക്ക് വേണ്ടി ഉളളവയായിരുന്നു എന്ന തലത്തിൽ നിന്നും മനുഷ്യ വികാരങ്ങൾ വെറും കിടപ്പറ വിഷയങ്ങൾ അല്ല എന്ന കാഴ്ചപ്പാടിലേക്ക് മാറാൻ കഥാ സാഹിത്യ ലോകം എടുത്ത കാലതാമസം ആണ് കഥയുടെ വികാസവളർച്ചയുടേത് എന്നു കാണാം. വാസനാ വികൃതി എന്ന ആദ്യ ലക്ഷണ യുക്ത കഥയ്ക്ക് ശേഷം എത്ര കാലം കാത്തിരുന്നു മലയാളിക്ക് നല്ല കഥകൾ വായിക്കാൻ എന്നു നോക്കുക. കഥകളിൽ കാരൂരിനെ മാറ്റി നിർത്തി വളർച്ചയെ പറയാനാകില്ല. അത് കാലം മാറുമ്പോൾ മാറി വരുകയും ചെയ്യുന്നു. ബഷീറിയൻ കഥകളുടെ തലമല്ല എംടിയുടെ കഥകൾക്കുള്ളത്. മാധവിക്കുട്ടിയുടെ കഥകൾക്കുള്ള തലമല്ല ചന്ദ്രമതിയുടെ കഥകൾക്കുള്ളത്. രാജലക്ഷ്മി കഥകൾക്കും ഇന്ദുമേനോൻ കഥകൾക്കും ഉള്ള വ്യതിയാനങ്ങളും സ്പഷ്ടമാണ്. മലയാറ്റൂർ കഥകൾ പോലെ ആനന്ദിൻ്റെ കഥകൾക്കോ എൻ എസ് മാധവിൻ്റെ കഥകൾ പോലെ സുഭാഷ് ചന്ദ്രൻ്റെ കഥകളോ വായിക്കുക എളുപ്പമല്ല കാരണം ശക്തവും വ്യത്യസ്ഥവുമായ വായനാനുഭവങ്ങളാണ് ഇവ നല്കുന്നത്. ഈ വ്യത്യാസങ്ങൾ ഇന്ദുഗോപനിലും ഇയ്യാവള പട്ടണത്തിലും സുസ്മേഷ് ചന്ദ്രനിലും വിനോയി തോമസിലും കാണാൻ ഇന്നു കഴിയുന്നുണ്ട്. ഓരോരുത്തരും ഓരോ പ്രത്യേക ലോകം സൃഷ്ടിക്കുകയാണ് തങ്ങളുടെ കഥകളിലൂടെ . ആധുനിക സമൂഹത്തിൻ്റെ വ്യത്യസ്ഥത ഈ കഥാകാരന്മാരുടെ കഥകളിലും കാണുന്നുണ്ട്. 
"സുസ്മേഷ് ചന്ദ്രോത്തി"ൻ്റെ "അപസർപ്പക പരബ്രഹ്മമൂർത്തി" എന്ന കഥാസമാഹാരത്തിലെ ഏഴ് അപസർപ്പക കഥകളും ഏഴ് തലങ്ങളിൽ ഉള്ള കാഴ്ചകൾ ആണ് നല്കുന്നത്. രതിയും രാഷ്ട്രീയവും സാമൂഹിക ചിന്തകളും സദാചാര കാഴ്ചകളും നിറഞ്ഞ ഏഴു വ്യത്യസ്ഥ കഥകളാണിവ. ആദ്യത്തെ കഥ സദാചാരത്തിൽ ഉറഞ്ഞ രാഷ്ട്രീയ ചിത്രമാണ് പകരുന്നത്. തൻ്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും തമ്മിൽ കൂട്ടിമുട്ടാതെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും അവരെ മൂന്നാം കണ്ണു കൊണ്ടു ഒപ്പിയെടുക്കുന്ന അദൃശ്യതയെയും ചൂണ്ടിക്കാട്ടുന്ന കഥ സുതാര്യമായ ജീവിതത്തെയും സദാചാരക്കണ്ണുകളെയും എങ്ങനെ ഒരാൾ സ്വജീവിതത്തിൽ പരിചയപ്പെടേണ്ടി വരുന്നു എന്നു വെളിപ്പെടുത്തുന്നു. രണ്ടാമത്തെ കഥയിൽ കഥാകാരൻ തൻ്റെ വികലമായ സ്ത്രീ, പുരുഷലോക ചിന്തകൾ പങ്കുവയ്ക്കുന്നത് ഒട്ടൊരു അമർഷത്തോടെ വായനക്കാർ സ്വീകരിക്കേണ്ടി വരുന്നു. പൊതുവിൽ ഉള്ള ഒരു വസ്തുതയായി സ്വന്തം കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്ന ഒരു ടിപ്പിക്കൽ മലയാളിയാണ് ആ കഥയിലുള്ളത് എന്ന് കാണാം. മൂന്നാം കഥയിൽ വളരെ കൗതുകകരമായ ഒരു ലെസ്ബിയൻ, പോക്സോ വിഷയവുമായി കടന്നു വരുന്നു കഥാകാരൻ. 70 വയസ്സിന് മേൽ പ്രായമുള്ള ഒരു വിധവ, തൻ്റെ മനോ വളർച്ചയില്ലാത്ത മകളുമായി നടത്തുന്ന ലെസ്ബിയൻ പ്രണയം കൊച്ചു മകളിലേക്ക് പടരുമ്പോൾ അത് ഒരു സാമൂഹിക വിഷയത്തിലേക്ക്, ആരും അധികം ചർച്ച ചെയ്യാത്ത , ചെയ്യാൻ താത്പര്യപ്പെടാത്ത വിരളമായ ഒരു യാഥാർത്യത്തിലേക്ക് കണ്ണുതുറക്കലാകുന്നു. തുടർന്നു വരുന്ന കഥയാകട്ടെ ആധുനിക ജീവിതത്തിലെ യുവതയുടെ സ്വതന്ത്ര ജീവിതത്തിലേക്കാണ് വാതിൽ തുറക്കുന്നത്. ലിംഗഭേദമില്ലാതെ ലൈംഗികതയില്ലാതെ ഒരുമിച്ചു കൂടുന്ന യുവതയുടെ തുറന്ന ജീവിതയാത്രയെ, സമകാലീന രാഷ്ട്രീയത്തിൻ്റെ പുളിപ്പുകൾക്കിടയിലൂടെ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യമായാണ് ആ കഥ നിലപാട് തേടുന്നത്. ഇതിനെത്തുടർന്നു വരുന്ന മൂന്നു കഥകൾക്കും വേണ്ട സാഹചര്യവും കാലാവസ്ഥയും പൊടുന്നനെ കൽക്കട്ടയിലേക്ക് മാറുന്നത് കാണാം. വിദ്യാലയങ്ങളുടെ കാലാവസ്ഥയിലേക്കു ചുവടു മാറിയ കഥ പക്ഷേ കേരളത്തിൻ്റെ പരിതസ്ഥിതി തന്നെയാണ് ചർച്ച ചെയ്യുന്നത് എന്ന് കാണാം. മനുഷികതയുടെ മനോവ്യാപാരങ്ങളുടെ ഒരു സംക്ഷിപ്ത രൂപമായി സ്വകാര്യ അന്വേഷണ കമ്പനിയുടെ ഒരു ഫയൽ ഓപ്പൺ ചെയ്തു അവസാനിപ്പിക്കുന്നതും അസാധാരണമായ ഒരു കൊലപാതകത്തിൻ്റെ നിഗൂഢമായ വഴികളിലൂടെ ഉള്ള സഞ്ചാര മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നതുമായ രണ്ടു കഥകൾ കൂടിച്ചേരുമ്പോൾ ഈ പുസ്തകം പൂർണ്ണമാകുന്നു.

ഇന്ദുഗോപൻ്റെ അവതാരികയും കൂടിച്ചേർന്ന ഈ കഥാസമാഹാരം വ്യത്യസ്ഥമായ കാഴ്ചകളുടെ ഒരു സമന്വയമാണ്. എടുത്തു പറയേണ്ട പോരായ്മ കഥകളിലുറങ്ങുന്ന സദാചാര ചിന്തകളുടെ വിട്ടുമാറാത്ത പനിയാണ്. ആധുനികതയുടെ വെളിച്ചം കണ്ണുകളിൽ പ്രകാശിക്കുമ്പോഴും വിട്ടു പോകാൻ മടിക്കുന്ന സദാചാരത്തിൻ്റെ വഴുവഴുക്കലുകൾ ചവിട്ടി നടക്കേണ്ടി വരുന്നുണ്ട് കഥകളിൽ ഗൂഢമായും ചിലപ്പോൾ പ്രത്യക്ഷത്തിലും.  നല്ല ശൈലിയും ഭാഷാചാതുരിയും പ്രത്യേകതകളും പരീക്ഷണങ്ങളും ഉള്ള ചിന്തയും ഒരു നല്ല വളർച്ചയുടെ ലക്ഷണമാണ്. നാളെ മലയാളം അംഗീകരിക്കുന്ന എഴുത്തുകാരുടെ പേരുകളിൽ ഒന്നാകാൻ യോഗ്യതയുള്ള എഴുത്തുകൾ ഇനിയും തന്നിലുണ്ട് എന്ന് പറയാതെ പറയുന്ന ഈ എഴുത്തുകാരൻ ഭാവിയുടെ വാഗ്ദാനം തന്നെയാണ്.
ആശംസകളോടെ ബി.ജി.എൻ വർക്കല

Saturday, August 8, 2020

മുള്ളരഞ്ഞാണം............................ വിനോയ് തോമസ്

മുള്ളരഞ്ഞാണം (കഥകള്‍)

വിനോയ് തോമസ്

ഡി സി ബുക്സ് (2019)

വില : 130.00

 

വായനയുടെ ബോധാബോധ തലങ്ങളില്‍ പലപ്പോഴും മുള്ളുകള്‍ പോലെ കൊണ്ട് കയറുന്ന എഴുത്തുകള്‍ ലഭിക്കാറുണ്ട് അപൂര്‍വ്വം എഴുത്തുകാരില്‍ നിന്നും . അത് കുറച്ചുനാള്‍ ഉള്ളില്‍ ഒരു മധുരനൊമ്പരമായി കൊണ്ട് നടക്കാന്‍ കഴിയും . എം ടി യുടെ രണ്ടാമൂഴത്തിന് അത് കഴിഞ്ഞിട്ടുണ്ട് . അതുപോലെ ഉറൂബിന്റെ  ഉമ്മാച്ചുവിനും ബഷീറിന്റെ പ്രേമലേഖനത്തിനും ഒക്കെ ഇത്തരം നോവു നല്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് ഓര്‍ത്തുപോകുകയാണ്. ഇവ ആദ്യം തള്ളിക്കയറി വന്നതുകൊണ്ടു പറഞ്ഞു എന്നേയുള്ളൂ അതിനുമപ്പുറം പലരുണ്ട്. ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞു കാടുകയറുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പഴയകാല എഴുത്തുകാരുടെ നോവലുകളും കഥകളും നല്കിയ ജീവിതഗന്ധിയായ അനുഭവങ്ങള്‍ കാലങ്ങള്‍ക്ക് ശേഷവും ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത് ആ എഴുത്തുകളിലെ സത്യസന്ധതയും ജീവിതത്തോടുള്ള നിരീക്ഷണത്തിലെ , ആഖ്യായനത്തിലെ ലളിതവും ഋജുവുമായ സമീപനത്താലുമൊക്കെയാണ് എന്നു കരുതുന്നു . അവരുടെ ഭാഷയുടെ മനോഹാരിത ഇന്ന് ലഭ്യമല്ല . ഇന്നത്തെ ഭാഷ ആധുനികതയുടേതാണ് . ആ ഭാഷയാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതും . പഴയകാല നടന്മാരായ സത്യനും ജയനും നസീറും ഒക്കെ ഇന്നത്തെ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത് അതുപോലെയാണ് പഴയകാല നോവലുകളേയും കഥകളേയും ഇന്നത്തെ വായനക്കാര്‍ സമീപിക്കുന്നത്. മാറ്റങ്ങള്‍ നല്ലതാണ് പക്ഷേ ആ മാറ്റങ്ങള്‍ ഭാഷയില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്ന എന്തെങ്കിലും സംഭാവന നല്‍കുന്നവയാണെങ്കില്‍ അതിനു ഒരു മനോഹാരിതയും സ്വീകാര്യതയും ഉണ്ടാകും .സ്വയം അറിയാം താന്‍ ഒരു കവിയോ കഥാകാരനോ ആകില്ല എന്നും ആകാന്‍ കഴിയില്ല എന്നും അറിഞ്ഞും  കാര്യമായ് ഒന്നും എഴുതാതെ, ഇത്രയും ആരാധകര്‍ക്കൊപ്പം അവരുടെ പ്രകീര്‍ത്തനങ്ങളും പാരിതോഷികങ്ങളും ലഭിക്കാതെ ജീവിക്കാന്‍ കഴിയാതെ പോകുന്ന എഴുത്തുകാരാണ് ഭൂരിഭാഗവും  സോഷ്യല്‍ മീഡിയ കയ്യടക്കിവാഴുന്നതു . അതിനു വേണ്ടി അവര്‍ നിര്‍മ്മിക്കുന്ന ആരാധക ഗുണ്ടാ സംഘങ്ങള്‍ സജീവമായി അവരുടെ ഏതൊരു എഴുത്തിലും കൂടെയുണ്ടാകും . അവരുടെ വാക്കുകളില്‍,ആസ്വാദനങ്ങളിൽ,  അഭിപ്രായങ്ങളില്‍ ,ഭാഷയില്‍ ആ എഴുത്തുകാരന് ശേഷം പ്രളയം ആണ് .അതിന് വിപരീതമായി  ആര് എന്തു പറഞ്ഞാലും അവര്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും . അത്തരം സമ്മേളനങ്ങള്‍ നടത്തിപ്പുകാര്‍ തന്നെ അവരുടെ  തത്പരകക്ഷികളെ ഊരും പേരുമില്ലാതെ അതിനായി അണിനിരത്തി പുറമെ നിന്നു നിഷ്പക്ഷ  നിലപാടിന്റെ കപട നേതൃത്വം നയിക്കുന്നത് ഇന്നിന്‍റെ സോഷ്യല്‍ മീഡിയ കാഴ്ചകള്‍ ആണ് .  

പറഞ്ഞു വന്നപ്പോള്‍ കാടുകയറി വിഷയത്തില്‍ നിന്നും പുറത്തു പോയി എന്നൊരു സംശയം. ഇന്ന് വായിച്ചത്  “വിനോയ് തോമസി”ന്റെ “മുള്ളരഞ്ഞാണം” എന്ന്‍ കഥാസമാഹാരമാണ് . എന്‍.കെ. ശശിധരന്റെ അവതാരികയോട് കൂടി ഏഴു കഥകള്‍ അടങ്ങിയതാണ് ഈ പുസ്തകം . ഇതിലെ കഥകള്‍ എല്ലാം തന്നെ പല ആനുകാലികങ്ങളിലും വന്നവയാണ് . എങ്കിലും ഈ സമാഹരണം വളരെ മികച്ചതായിരുന്നു എന്നതിന് സംശയമില്ല . പുതിയകാല എഴുത്തുകാരില്‍, വേറിട്ട് നില്‍ക്കുന്ന കുറച്ചു എഴുത്തുകാര്‍ ഉണ്ട്. അവരെ വായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അല്ല ആനുകാലികങ്ങളിലും പുസ്തകങ്ങളിലും പരതണം എന്നുണ്ട് .ഒരു കണക്കിന് അത് നല്ലതാണ് .സോഷ്യല്‍ ആഡിറ്റിംഗ് അവര്‍ക്ക്  ബാധകമാകില്ലല്ലോ. ഒന്നാമത്തെ കഥ “ആനന്ദബ്രാൻ്റന്‍” ആണ് . സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടും ചിന്താഗതികളോടും വളരെ മനോഹരമായി കലഹിക്കുന്ന ഒരു കഥയാണത്. മാത്രവുമല്ല ആ കഥയുടെ പരിസരവും അതിന് അനുയോജ്യമായ ഭൂമികയുടെ തിരഞ്ഞെടുപ്പും ഭാഷയും വളരെ മനോഹരമായി അനുഭവപ്പെട്ടു . കണ്ണൂര്‍ ഭാഷയുടെ സൗന്ദര്യവും സാധ്യതയും ഈ കഥ നന്നായി ഉപയോഗിക്കുന്നതായി കാണം .ആശയങ്ങളുടെ അപചയവും കപടതയും രൂപമാറ്റങ്ങളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇത്. തുടര്‍ന്നു വരുന്ന കഥയാണ് “ചൂടന്‍ ഇങ്കന്‍റെ ശവമടക്ക്”. ആക്ഷേപഹാസ്യം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന  കഥകള്‍ ഇന്ന് വരെ കുറവാണ്..രാഷ്ട്രീയവും മതവും സമൂഹവും  പരിചരിച്ചു പോകുന്ന കീഴ് വഴക്കങ്ങളും ചിന്താഗതികളും അവതരിപ്പിക്കുമ്പോള്‍ ശരിക്കും ഇന്നത്തെ സമൂഹത്തെ  എഴുത്തുകാരന്‍ ഭയക്കേണ്ട സാഹചര്യമാണുള്ളത് എന്നതു നന്നായി മനസ്സിലാക്കിയ  എഴുത്തുകാര്‍ക്ക് അതിനെ എങ്ങനെ മറികടക്കണം എന്നുമറിയാം എന്നീ എഴുത്തുകാരന്‍ തന്റെ കഥകളിലൂടെ പ്രകടിപ്പിക്കുന്നുണ്ട് . “കൂട്ടുക്കുറുക്കത്തീ കൂർ....കൂര്‍”  എന്ന കഥയും പ്രമേയ ഭംഗി കൊണ്ട് മനോഹരമായിരുന്നു എന്നു കാണാം.. മണ്ണിനോടും പ്രകൃതിയോടും അടുത്തിടപഴകിയ ഒരു തലമുറയുടെ സ്പന്ദനങ്ങള്‍ ആണ് ഇന്ന് അവശേഷിക്കുന്നത് എന്നൊരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് .മണ്ണും മനുഷ്യനും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അതിനാല്‍ തന്നെ കഥകളുടെ ഊര്‍ജ്ജ തന്മാത്രകള്‍ ആകുന്നു എന്നു എഴുത്തുകാരന്‍ തെളിയിക്കുന്നു . തുടര്‍ന്നുവന്ന “മുള്ളരഞ്ഞാണം” എന്ന കഥയാണ് ശരിക്കും ഈ കഥാസമാഹാരത്തിലെ  ഹൈലൈറ്റ് എന്നു കരുതാം. സഭയുടെയും വിശ്വാസങ്ങളുടെയും ഗ്രാമീണതയുടെ നിഷ്കളങ്കതയുടെയും തുറന്ന പുസ്തകമാണ് ഈ കഥ . നാടന്‍ പ്രമേയം ആയി തോന്നുമെങ്കിലും ആഴത്തില്‍  ഒളിഞ്ഞിരിക്കുന്ന ശൈശവത്തിന്റെ വിഹ്വലതകളും സ്വാതന്ത്രത്തിന്റെ അടച്ചു പൂട്ടലുകളും ഈ കഥയുടെ ആത്മാവാകുകയാണ് . പൗരോഹിത്യവും അതിന്റെ ജീര്‍ണ്ണതകളും പറഞ്ഞു പോകുന്നതിനൊപ്പം തന്നെ ഒരു പെൺകുട്ടിയുടെ ശൈശവത്തിനെ, അതിന്റെ നിഷ്കളങ്കതയെ എങ്ങനെ മുതിര്‍ന്നവര്‍ കൂച്ച് വിലങ്ങിട്ടു നയിക്കുന്നു എന്ന കാഴ്ചയും പങ്കുവയ്ക്കുന്ന ഈ കഥ വളരെ പ്രസക്തമായ ഒന്നായി തോന്നി .ഉറൂബിൻ്റെ രാച്ചിയമ്മയെ പൊടുന്നനെ ഓർമ്മ വന്നു ഈ കഥ വായിക്കുമ്പോൾ.  “നായ്ക്കുരണ”മെന്ന കഥ തികച്ചും വായനയില്‍ ഭീതിയുടെ ആവരണം നല്‍കുന്നത് വീട്ടകങ്ങളില്‍ പിഞ്ചു ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക പീഡനങ്ങളുടെ ഭീത മുഖത്തിന്റെ ആവരണം കണ്ടിട്ടാണ് . മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടു എങ്ങനെ ഒരു വിശ്വാസിക്ക് തന്റെ ജീവിതത്തെ വെറും അഴുക്ക് ചാലിലൂടെ നടത്താന്‍ കഴിയും എന്നു ഈ  കഥ വായിപ്പിക്കുന്നു. “തുഞ്ചന്‍ ഡയറ്റ്” എന്ന കഥ വായനക്കാരെ കൊണ്ടുപോകുന്നത് മറ്റൊരു ഭീതിപ്പെടുത്തുന്ന വസ്തുതയിലേക്കാണു . അത് നമ്മുടെ വിദ്യാഭ്യാസരീതിയില്‍ ഉടലെടുക്കുന്ന ശ്രദ്ധേയമായ ഒരു  നിരീക്ഷണത്തിലേക്കാണ് . പാഠ്യപദ്ധതിയുടെ സുതാര്യതയിലും തിരഞ്ഞെടുപ്പിലും കടന്നുകയറുന്ന വരേണ്യതയുടെ . കൃത്യമായ ഫാഷിസ അജണ്ടകളുടെ ഒരു തുറന്നുകാട്ടല്‍ ആണ് ഈ കഥ . വെറും വായനക്കപ്പുറം ഒരു പാട് ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും, ഈ കഥ വഴിമരുന്നിടുന്നുണ്ട് . “കളിഗെമിനാറിലെ കുറ്റവാളികള്‍” എന്ന കഥ വായനക്കാരെ എത്തിക്കുക നിയമവും സാധാരണ പൗരനും തമ്മിലുള്ള ബന്ധത്തിലേക്കാണ് . നിയമം പാലിക്കേണ്ടവര്‍ ശരിക്കും ആരാണ് എന്നൊരു ചിന്ത ഉണര്‍ത്തുന്ന ഈ കഥയില്‍ വേലി തന്നെ വിളവു തിന്നുന്നതും കാണാന്‍ കഴിയും .

വെറും വായന മാത്രം അര്‍ഹിക്കുന്ന ഒരു എഴുത്തുകാരന്‍ ആയി കഥാകൃത്തിനെ വിലയിയരുത്താന്‍ കഴിയുകയില്ല . രതിയുടെയും മതത്തിന്റെയും കുറ്റകൃത്യങ്ങളുടെയും രാഷ്ട്രീയത്തിന്റെയും നൂലിഴകള്‍  കൊണ്ട് സമൂഹത്തിലെ കെടുകാര്യസ്ഥതകളെ വിമര്‍ശിക്കുകയും അവയിലൂടെ വായനക്കാരെ ശ്രദ്ധയോടെ നടത്തുകയും ചെയ്യുന്ന ശൈലിയാണ് വിനോയ് തോമസ് കൈക്കൊണ്ടിരിക്കുന്നത് എന്നു കാണാം . ഭാഷയില്‍ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങള്‍ ആധുനിക എഴുത്തുകാര്‍ എന്നു കരുതി അഭിരമിക്കുന്ന ഇന്നത്തെ എഴുത്തുകാര്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാകും എന്നൊരു അഭിപ്രായം ഉണ്ട് . ഭാഷ സംവദിക്കേണ്ടത് വസ്തുതകളെ വച്ചുകൊണ്ടാകണം . അതിനുള്ളില്‍ നിന്നുകൊണ്ടു പരീക്ഷണങ്ങള്‍ ആകാം . സ്വീകാര്യത ഒന്നു വേറേതന്നെയാകും . ശ്രദ്ധിക്കപ്പെടാന്‍ ഉള്ള തത്രപ്പാടില്‍ അത് മറക്കുകയോ അതിനുള്ള കഴിവ് ഇല്ലാതിരിക്കുകയോ ചെയ്യുന്നതാണ് ഇന്നത്തെ എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളി. ഈ തിരിച്ചറിവ് മനസ്സിലാക്കി മുന്നേറാന്‍ അവര്‍ വിനോയ് തോമസുമാരെക്കൂടി വായിക്കേണ്ടതുണ്ട് . നല്ല വായനകള്‍ ആരോഗ്യകരമായ പുതു വായനകള്‍ നല്കുമെന്ന് കരുതുന്നത് അതിനാല്‍ മാത്രമാണ് . അനുകരണങ്ങള്‍ അല്ല വേണ്ടത് . പുതിയ എഴുത്തുകാര്‍ ആണ് ഉണ്ടാകേണ്ടത് . അവരെ ഓര്‍ക്കുന്ന പുതുമകള്‍ ആണ് ഉണ്ടാകേണ്ടത്. അവയിലേക്ക് കൂടുതല്‍ വിശാലമായ വായനയും സഹിഷ്ണുത ഉള്ള സമീപനങ്ങളും ഉള്ള എഴുത്തുകാര്‍ വളര്‍ന്ന് വരേണ്ടിയിരിക്കുന്നു . എനിക്കു ശേഷം പ്രളയം എന്നത് എഴുത്തുകാരന് തോന്നല്‍ ആകരുതു. അതുള്ളിടത്തോളം സാഹിത്യത്തില്‍ ഒന്നും പുതുതായി സംഭവിക്കില്ല. 

ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല

Sunday, August 2, 2020

വേദനാലോലം

വര്‍ഷകാല മേഘങ്ങള്‍
വിരുന്നുവരും
സുന്ദരമാമീയാനനം തന്നിലായ്
ഒട്ടിട തെളിഞ്ഞിട്ടു മാഞ്ഞേ
പോയിതോ

മഴവില്ലിന്‍ കൗതുകക്കാഴ്ച
പോലൊരു സ്മേരം !
അതിലോലം നീണ്ടുകൂര്‍ത്തോരീ
കരാംഗുലി
കള്‍ക്കിടയിലൂടൂര്‍ന്നുപോകാതെ
മോഹനം കാത്തു സൂക്ഷിച്ചതെത്ര
മോഹങ്ങള്‍
രാത്രി തന്‍ വിജനത തിന്നു തീര്‍ത്തതെത്ര തേങ്ങലുകളൊളിപ്പിച്ച ശയ്യയും
നിദ്ര വിട്ടകലുമ്പോള്‍ കണ്ടു തീര്‍ത്ത
ജാലകക്കാഴ്ചകള്‍ തന്‍ നിലാവെളിച്ചവും
ഒട്ടുമേ പറയാതെ പോകുന്നുവോനീ
പ്രിയ തോഴി , മറന്നു പോകുന്നുവോ
എന്നെയും
ഓര്‍മ്മകളില്‍ നഖമുനയാഴ്ത്തി എത്രയോ !

വേഴ്ചകള്‍ നിന്നെ കടന്നു പോയി
തണുത്തു വിറച്ചോരാ സ്നാനഗൃഹം തന്നില്‍
ചൂളിയിരുന്നില്ലെത്ര നാഴികകള്‍ !
ചേര്‍ത്ത് പിടിക്കുവാന്‍
പറ്റിപ്പടരുവാന്‍
സ്വപ്നത്തിന്‍ തേരിതില്‍ വന്നിരുന്നില്ല .
ഗന്ധര്‍വ യാമങ്ങള്‍ കടന്നു
പാലപൂക്കും
സുന്ദര പൗര്‍ണ്ണമി രാവുകളൊന്നുമെങ്കിലും
നിര്‍ന്നിമേഷം കാത്തിരിപ്പൂ നീ മൃതി
തന്നാലയം പുല്കിടും മുന്നേ
ചേര്‍ത്തു പിടിക്കും വിരിമാറൊന്നില്‍
മുഖം പൂഴ്ത്തിയൊന്നു കരയുവാന്‍
.... ബി.ജി. എൻ വർക്കല 



Wednesday, July 29, 2020

ഞാൻ മരിച്ചു കഴിയുമ്പോൾ....

ഞാൻ മരിച്ചു കഴിയുമ്പോൾ....
..............................................

ഞാൻ മരിച്ചു കഴിയുമ്പോൾ
അനുശോചനങ്ങളുടെയും
കപട വാക്കുകളിൽ പടച്ചു വിടുന്ന
മൃദുല ഭാഷ്യങ്ങളുടെയും
വഴുവഴുക്കലുകൾ ഉണ്ടാകരുതിവിടെ..
പുകയ്ക്കുന്നവർ പുകച്ചും
കുടിക്കുന്നവർ കുടിച്ചും
പ്രണയിക്കുന്നവർ പ്രണയിച്ചുമാകണം
യാത്രയാക്കാനെന്നെ.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ മുലകൾ
അന്നൊരു ദിവസത്തേക്ക് ഒരു മിനിറ്റ്
എനിക്കു വേണ്ടി തുറന്നിടണം
മൗനപ്രാർത്ഥന പോലെ.
സ്വയംഭോഗത്തിൻ്റെയോ
രതിയുടെയോ ഉന്മാദാവസ്ഥയിൽ
എൻ്റെ പേര് വിളിക്കണം 
ബ്യൂഗിൾ നാദം പോലെ
അന്ത്യയാത്രാമൊഴി പോലെ...
ശേഷം ,
അൺഫ്രണ്ട് ചെയ്ത് കടന്നു പോകുക.
എല്ലാ ദിനങ്ങളിലേതുമെന്ന പോലെ...
കണ്ണീരും പതം പറച്ചിലുകളും ഇല്ലാതെ
യാത്രയാക്കുകയെന്നെ.
ഓർക്കാനും ഓർമ്മപ്പെടുത്താനും
ഒന്നുമവശേഷിപ്പിക്കാത്തൊരുവന്
നിങ്ങൾ നല്കേണ്ട യാത്രാമൊഴിയാകട്ടെ അത്....
...... ബി.ജി.എൻ വർക്കല

Tuesday, July 28, 2020

നീയറിയുമോ സന്ധ്യേ !

നീയറിയുമോ സന്ധ്യേ !
......................................
നീ കേള്‍ക്കുന്നുവോ സന്ധ്യേ !
നിനക്കായ് മാത്രമെന്‍ തുടിക്കും 
ഹൃദയത്താൽ  ഞാന്‍ ഉതിർക്കും
പ്രണയത്തിൻ മര്‍മ്മരങ്ങള്‍ .

വിരല്‍ പിടിച്ചു നാം നടക്കും 
ഇടവഴികളില്‍ കരിയിലമൂടും 
ചരല്‍ക്കല്ലിന്‍ നോവാര്‍ന്ന
സുഖം നാമൊന്നിച്ചു നുകരുമെന്നു .

അസ്തമയത്തിന്റെ ചുവപ്പില്‍,
നുരകള്‍ പാദം നനയ്ക്കുമ്പോള്‍ 
ഒരു സൂര്യനെമാത്രം മിഴിയില്‍ 
നിറയ്ക്കാന്‍ നാം മത്സരിക്കുമെന്ന് .

ആകാശം മുട്ടും കുന്നിന്‍പുറങ്ങളില്‍ 
കാറ്റിന്റെ ആലിംഗനത്തിലമര്‍ന്നു 
വസ്ത്രാഞ്ചലങ്ങളാല്‍ കൈകോര്‍ത്തു 
വിദൂരങ്ങളില്‍ നോക്കി നില്‍ക്കുമെന്ന് 

മഴയുടെ നൂലുകള്‍ ഇക്കിളിയിടുന്ന 
മേനിയുടെ തണുപ്പിനെയൊരുമിച്ചു 
ചൂടിന്റെ ആലസ്യം പകരുമൊരു കാപ്പി -
യുമായി മുഖംനോക്കിയിരിക്കുമെന്ന്.

മകരക്കുളിരിന്‍ സൂചിമുനകളില്‍ 
ഉടലുകളെയൊരു പുതപ്പിന്‍ കീഴില്‍ 
കുസൃതികളുടെ സുഗന്ധതൈലം 
പുരട്ടിയുറങ്ങാന്‍ കൊതിക്കുമെന്നു.

അറിയുന്നുവോ നീ സ്വപ്നമേയിനി
അകലങ്ങളിൽ നാം രാപാർക്കുകയും
മിഴികൾ നനയുമ്പോഴും പരസ്പരം
അറിയില്ലയെന്നു പറയുമെന്നും സന്ധ്യേ.
..... ബി.ജി.എൻ വർക്കല

Saturday, July 25, 2020

കളവുപോയൊരു പ്രണയം

കളവുപോയൊരു പ്രണയം
..............................................
എൻ്റേതെന്ന് ഞാനോർത്തു.
എൻ്റെ മാത്രമാകും എന്നു ഞാൻ വിശ്വസിച്ചു
ഹൃദയത്തിൽ ഒരു കുടന്ന പൂക്കൾ വഹിച്ച്
നിനക്കരികിലേക്ക് ഞാനടിവച്ചടുത്തു.

ഒരിക്കൽ പ്രണയനോവിനാൽ പിടഞ്ഞും
പ്രതീക്ഷകളുടെ ഇലകൾ കൊഴിഞ്ഞതറിഞ്ഞും
സ്വപ്നങ്ങൾ വൃഥാ കാഴ്ചകൾ എന്നു കണ്ടും,
ചുരമിറങ്ങുകയായിരുന്നു നീയപ്പോൾ.

പവിഴപ്പുറ്റുകൾ അസ്തമിച്ചു കഴിഞ്ഞ
നീലക്കടൽക്കരയിലൂടെ നടക്കുമ്പോൾ
ഉടയാത്ത ഒരു വെൺശംഖ് കണ്ണുകൾ കണ്ടെത്തുന്നു
ഓ! അതെൻ്റെ സ്വപ്നമായിരുന്നു.

കുന്തിരിക്കം പുകയുന്ന ഗന്ധം ശ്വസിച്ച്
അൾത്താരയുടെ ഏകാന്തതയിലേക്ക് നോക്കി മുട്ടുകുത്തി നിൽക്കുമ്പോൾ
ഉടഞ്ഞ ശംഖിൻ്റെയുള്ളിലെ ഒച്ച
നിൻ്റെ ഉടലിൽ വിറപൂണ്ട് കിടപ്പുണ്ടായിരുന്നുവോ?

റബ്ബർക്കാടുകൾക്ക് നടുവിൽ
ഒറ്റക്കൊരു വേനൽ വരയ്ക്കുമ്പോൾ
പൊട്ടിയടർന്ന് വീഴുന്നു ചുറ്റിലും
തച്ചുതകർത്ത സ്വപ്നങ്ങൾ, മോഹങ്ങൾ....

കൂകിയലച്ചു പാഞ്ഞു പോയ 
വയസ്സൻ പാസഞ്ചർ ട്രെയിൻ
ഗർഭം ധരിച്ച രണ്ടു കുട്ടികൾ ഉള്ളിൽ കാറ്റിൻ്റെ താളത്തിൽ ലയിച്ച്
ഉമ്മ വച്ചു കളിക്കുന്ന മഴക്കാലം!

വഴി തെറ്റി, വരിതെറ്റി നിഴൽ പറ്റിയെങ്ങോ
മഴവില്ല് തേടി നടക്കുന്ന രണ്ടു പേർ
നില തെറ്റി വീണു പുളയുന്നിതാലിംഗന
പുതപ്പിൽ, നഗ്നമായി രാത്രി മുഴുവനും.

എവിടെ? എവിടെയാണിടി വെട്ടിയത്
മിന്നലുകൾ കണ്ണുകളെ പുളയിച്ചത്
നനഞ്ഞ ഉടലുകളിൽ നിന്നും എപ്പോഴാണ്
തണുപ്പിൻ്റെ വേരറ്റു പോയത്?

ഓർമ്മകളുടെ ചാവു നിലത്ത് വീണ്
കണിക്കൊന്നപ്പൂക്കൾ ചിതറുമ്പോൾ
മഴയുടെ സംഗീതം നിലച്ചിരിക്കുന്നു.
മരണത്തിൻ്റെ ഗന്ധം മാത്രം 
ശ്വസന ഗ്രന്ഥികളെ ഉന്മത്തമാക്കി
ചുറ്റും നൃത്തം വയ്ക്കുന്നു.
ചുവപ്പും മഞ്ഞയും വെളുപ്പും നിറങ്ങളിൽ
നിഴലുകൾ മാത്രം കൂട്ടിനുണ്ടാകുന്നു.
ഇരുട്ട് വരുവോളം കൂട്ടിനായ്
നീയാം വെളിച്ചമുണ്ടെന്ന തോന്നലും...
.... ബി.ജി.എൻ വർക്കല

അസൂയ

അസൂയ
======
ഇത്രയേറെ ഗോപസ്ത്രീകള്‍ തന്‍
മുലകള്‍ കുടിച്ചു വളര്‍ന്നോരാ
അമ്പാടിയിലെ കള്ള കണ്ണനോട്
അത്രമേല്‍ പകയെനിക്കെന്തേ?
.... ബി.ജി.എൻ വർക്കല

Thursday, July 23, 2020

പ്രണയം മരണം

പ്രണയം മരണം
============
നിന്റെ അകല്‍ച്ചയില്‍
എന്നിലക്ഷരങ്ങള്‍ മുറുകുന്നു.
നീ അരികിലുള്ളപ്പോള്‍
ഞാന്‍ പ്രണയാക്ഷരങ്ങളില്‍
ജീവിതം തേടുന്നു .
അല്ലയോ മരണമേ !
നീയെന്നെ എന്തിനിങ്ങനെ
സ്നേഹിച്ചീടുന്നു?
ബി.ജി.എൻ വർക്കല

Wednesday, July 22, 2020

പ്രണയകാലം

കവിതേ ,
അരുണന്‍ പോയ് മറഞ്ഞിരിക്കുന്നു .
കടല്‍ ശാന്തമായി കഴിഞ്ഞു
നിലാവ് വരുന്നു മെല്ലെ മെല്ലെ
ഈ മനോഹരമായരാവില്‍ ...
നമുക്കിനി പ്രണയം പങ്കുവയ്ക്കാം .
വൃത്തവും , അലങ്കാരങ്ങളും
താളമേളങ്ങളും അഴിച്ചു വച്ച്
നീ വരികെന്റെ ചാരത്ത്.
നിന്റെ മിഴികളില്‍ നിന്നും
ഞാന്‍ നക്ഷത്രത്തെ എഴുതി എടുക്കാം .
നിന്റെ അധരങ്ങളില്‍ നിന്നും
ചെറിപ്പഴങ്ങളെ നുള്ളിയെടുക്കാം .
നിന്റെ മുലഞെട്ടുകളില്‍ നിന്നും
മഞ്ഞിന്റെ ധവളിമ ചുരത്തിക്കാം.
നിന്റെ നാഭിച്ചുഴിയില്‍ നിറയെ
കാട്ടുതേനിന്‍ മധുരം നിറയ്ക്കാം.
നിന്റെ അരക്കെട്ടിന്‍ നിഗൂഡതയില്‍
ഊര്‍വ്വരതയുടെ സംഗീതം തിരയാം.
നിന്റെ പാദങ്ങളില്‍ നിന്നും
വറുതിയുടെ ഉണക്കനിലങ്ങള്‍ വേര്‍തിരിക്കാം.
രാവ് മായും മുന്നേ നമുക്ക് പിരിയണം. 
ഇനിയത്തെ രാവുകള്‍ നമുക്കന്യമാണ്
നമ്മളിലേക്ക് ഇനിയൊരിക്കലും
തിരികെ വരാതെ പോകും നമ്മള്‍ !
..... ബി.ജി.എൻ വർക്കല

Thursday, July 16, 2020

എൻ്റെ ആണുങ്ങൾ ....... നളിനി ജമീല




 എന്റെ ആണുങ്ങള്‍(ഓര്‍മ്മ)
നളിനി ജമീല
ഡി സി ബുക്സ്
വില: ₹ 125.00





ഓര്‍മ്മകള്‍ക്ക് മനോഹാരിത നല്‍കുന്നത് ഓര്‍മ്മകള്‍ നറുമണം നല്‍കുന്ന അനുഭവം നല്കുമ്പോള്‍ മാത്രമാണോ ?. ഓര്‍മ്മകള്‍ ചരിത്രകാലത്തിന്റ ശേഷിപ്പുകള്‍ ആണ് . വര്‍ത്തമാനകാലത്തിന്റെ മുഖം ആണ്  ഭാവിയുടെ മാര്‍ഗ്ഗ രേഖയാണ് . അതേ, ഓര്‍മ്മകള്‍ക്ക് ഒരുപാട് മുഖങ്ങള്‍ ഉണ്ട് . അതിന്റെ അടയാളപ്പെടുത്തലുകള്‍ക്ക് അനുസരിച്ചു അത് മാറി മറിയുന്നു. ഒരിടത്ത് മാധവിക്കുട്ടി എന്‍റെ കഥയും എന്റെ ലോകവും എഴുതുന്നു  ഒരിടത്ത് മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതുന്നു . ഒരിടത്ത് അബ്ദുള്‍ കലാം അഗ്നിപരീക്ഷകള്‍ എഴുതുന്നു ഒരിടത്ത് ഹണി ഭാസ്കരന്‍ എന്റെ പുരുഷന്‍ എഡിറ്റ് ചെയ്യുന്നു . ഒരിടത്ത് സിസ്റ്റര്‍ ജസ്മി ആമേന്‍ എഴുതുന്നു ഒരിടത്ത് എച്മുക്കുട്ടി ഇതെന്റെ രക്തം ഇതെന്റെ മാംസം എഴുതുന്നു . ഒരിടത്ത് നളിനി ജമീല എന്റെ ആണുങ്ങള്‍ എഴുതുന്നു ഒരിടത്ത് ഗെയില്‍ ട്രേഡ് വെല്‍ വിശുദ്ധ നരകം എഴുതുന്നു . ഈ ലിസ്റ്റുകള്‍ പരിപൂര്‍ണ്ണമായും  അപൂര്‍ണ്ണമാണ് എന്നു എനിക്കും വായനക്കാരായ നിങ്ങൾക്കും ഒരുപോലെ അറിയാവുന്നതാണല്ലോ . എങ്കിലും പൊടുന്നനെ ഓര്‍മ്മയിലേക്ക് വന്ന ചില വായനാനുഭവങ്ങളെ മുന്നില്‍ കൊണ്ട് വന്നു എന്നുമാത്രം . എന്തുകൊണ്ടാണ് ഈ ചിന്തകൾ !!! ഓർമ്മകൾ എന്തിനു വേണ്ടി' എന്ന ചിന്തക്ക് ഒരു പ്രതിബന്ധമെന്നോണം എന്തിനീ ചിന്തകൾ.? 
ശരിയാണ് നാം ഓരോ ഓർമ്മക്കുറിപ്പുകളെയും സമീപിക്കുക എന്തൊക്കെയോ പ്രതീക്ഷകൾ നിറച്ചാകും. നാം സംതൃപ്തരാകുന്നു എങ്കിൽ എഴുത്ത് മനോഹരം അതല്ലായെങ്കിൽ എഴുത്ത് മോശം.
ശ്രീമതി നളിനി ജമീലയെ ഞാനറിയുന്നത് ഞാൻ ലൈംഗിക തൊഴിലാളി എന്ന ആത്മകഥയിലൂടെയാണ്. പിന്നീടാണ് ടി.വി അഭിമുഖങ്ങളും മറ്റു വാർത്തകളും എന്നെ തേടി വരുന്നത്. കൗമാരത്തിലെ കുതൂഹലങ്ങളിൽ നളിനി ജമീലമാരെ ഒരു പാട് പരിചയപ്പെട്ടിട്ടുണ്ട്. അത് ഒരു ക്ലയൻ്റ് എന്ന നിലയിലല്ല മറിച്ച് ഒരു മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ എന്ന നിലയിലാണ്. ഒരിക്കലും തന്നെ ആ പ്രായത്തിൽ ( 17 - 21 പ്രായത്തിൽ) ഞാനാ പരീക്ഷണങ്ങളിൽ ഇറങ്ങിയിട്ടില്ല എങ്കിലും വളരെ അടുത്ത് പരിചയമുണ്ടായിരുന്നു. അവർക്കൊക്കെ ഇഷ്ടമുണ്ടാക്കുന്ന ഒരടുപ്പം സൂക്ഷിച്ചിരുന്നു. പിൽക്കാല ജീവിതത്തിൽ പ്രവാസ ഭൂമികയിൽ ഒരു പാട് സ്ത്രീകളെ പരിചയപ്പെട്ടു. പല മുഖങ്ങൾ ഉള്ള നളിനിമാർ അവരിൽ ഉണ്ടായിരുന്നു. ഒരിക്കലും അതവർക്ക് ഞാൻ മനസ്സിലാക്കി എന്ന ബോധം നല്കാതെ അവരെ കേട്ടു . മനസ്സിലാക്കി. ഇതൊന്നും ജീവിതത്തിലെ, എഴുത്തിലെ വിഷയങ്ങൾ ആയി പ്രയോഗിച്ചിട്ടില്ല  . എങ്കിലും എപ്പോഴും ചിന്തിച്ചിരുന്ന ഒരു വിഷയം ലൈംഗിക തൊഴിൽ ഒരു തെറ്റായ കാഴ്ചപ്പാട് ആണോ എന്ന കുഴക്കിയ വസ്തുതയായിരുന്നു. വൻകിട ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ നിലനിന്ന ഒരു സിസ്റ്റമായിരുന്നു വാരാന്ത്യത്തിലെ അല്ലെങ്കിൽ മാസാന്ത്യത്തിലെ വിരുന്നു പാർട്ടികൾ. ഫാമിലിയായി എത്തുകയും ആഘോഷത്തിൻ്റെ ഉച്ഛസ്ഥായിയിൽ മേശമേൽ ചിതറിച്ചിടുന്ന വാഹനക്കീകളെ നിമിഷാർദ്ധത്തിൻ്റെ ഇടവേളയിൽ നഷ്ടമാകുന്ന വെളിച്ചത്തിൽ കരസ്ഥമാക്കുകയും കരഗതമായ കീയുടെ ഉടമയുടെ പങ്കാളിയെ ആ രാത്രിയുടെ മറുപാതിയിലേക്ക് മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഹൈക്ലാസ് വ്യഭിചാരവും കൈകളിൽ തൂവാല കെട്ടി നിരത്തു വക്കിൽ നിന്നിരുന്ന ആൺവേശ്യകളേയും കണ്ടിട്ടുള്ളപ്പോഴുമീ ലൈംഗിക സദാചാരത്തിൻ്റെ ശരിതെറ്റുകളെക്കുറിച്ച് ഏറെ ചിന്തിച്ചിട്ടുണ്ട്. 
ലൈംഗികത്തൊഴിൽ മറ്റേതു തൊഴിൽ പോലെയും ഉള്ള സ്വാഭാവികവും സാധാരണയുമായ ഒരു തൊഴിൽ ആണെന്ന കാഴ്ചപ്പാടു ഉള്ളിൽ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകവേ ലൈംഗികത്തൊഴിലാളികളെ ആക്ഷേപിക്കുവാനോ അവരെ അവജ്ഞയോടെ നോക്കുവാനോ ശ്രമിക്കാറില്ല തന്നെ. അതിനാലാകണം മുൻവിധികളില്ലാതെ നളിനി ജമീലയെ വായിക്കാൻ കഴിഞ്ഞത്. ആ വായനയുടെ ഭംഗിയും സത്യസന്ധതയും ആണ് "എൻ്റെ ആണുങ്ങൾ " എന്ന പുസ്തകത്തെ വായിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് പറയാതെ വയ്യ. ഇതിന് മുമ്പ് ഇതേ തീം ഉള്ള ഒരു വായന എന്നത് യു എ ഇ യിലെ എഴുത്തുകാരിയായ ഹണി ഭാസ്ക്കരുടെ എഡിറ്റിംഗിൽ പുറത്തിറങ്ങിയ എൻ്റെ പുരുഷൻ എന്ന പുസ്തകമാണ്. അതിൽ ഒട്ടനവധി സ്ത്രീകൾ ( സമൂഹത്തിലെ പല തട്ടുകാർ എന്നു പറയാനാവില്ല എങ്കിലും സാഹിത്യവുമായി അടുത്ത ബന്ധമുള്ളവർ) തങ്ങളുടെ പുരുഷൻ എന്ന കാഴ്ചപ്പാടു പ്രകടിപ്പിക്കുന്നതിനെ സമാഹരിച്ച ഒരു പുസ്തകമായിരുന്നു അത്. ഇവിടെ, നളിനി ജമീല പക്ഷേ അതിൽ നിന്നും വ്യത്യസ്ഥമാണ്. കാരണം അവർ സ്വന്തം മനസ്സു തുറക്കുന്നത് പേരിനും പ്രശസ്തിക്കും മറ്റതുപോലുള്ള ഏതേലും ആവശ്യങ്ങൾക്കുമായിട്ടല്ല. ഗബ്രിയേൽ മർക്കസ് തൻ്റെ മൈ മെലൻകോളിയസ് വോർസ് എന്ന പുസ്തകത്തിൽ പറയുന്ന ലൈംഗിക ജൈത്രയായിൽ 500 ന് ശേഷം എണ്ണിയിട്ടില്ല എന്ന വെളിപ്പെടുത്തലിൻ്റെ പെൺവെർഷൻ ആണ് മൂവായിരത്തിലധികം പുരുഷൻമാരെ സ്വീകരിച്ച തൻ്റെ ലൈംഗിക തൊഴിൽ ജീവിതത്തിൽ നിന്നും കുറച്ചു പേരെ അതും വിരലിലെണ്ണാവുന്ന കുറച്ചു പേരെ ഓർമ്മിക്കുന്നത് ഈ പുസ്തകത്തിലൂടെ. 
ആദ്യ പുരുഷൻ, ആദ്യ ചുംബനം എന്നൊക്കെയുള്ള ക്ലീഷേ ചിന്തകളെ നളിനി ഈ പുസ്തകത്തിൽ ആവർത്തിക്കുന്നില്ല പക്ഷേ നാം , വായനക്കാർ പ്രതീക്ഷിക്കുക ഈ തിരഞ്ഞെടുക്കപ്പെട്ട പുരുഷൻമാർക്ക് സാധാരണ പുരുഷ സങ്കല്പങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥതകൾ ആകും. എന്നാൽ , ഒട്ടും തന്നെ അതിശയോക്തികൾ ഇല്ലാതെ, താൻ കണ്ടുമുട്ടിയ പുരുഷന്മാരിലെ ചിലർ തന്നെ എങ്ങനെ സ്വാധീനിച്ചു എന്നു പറയുന്നത് മാത്രമാണ് ഈ പുസ്തകം. പ്രത്യേകിച്ച് എന്തെങ്കിലും പുതുമ അവകാശപ്പെടാനോ മനസ്സിലാക്കാനോ ഇല്ലാത്ത ഈ പുസ്തകത്തിൽ പറയുന്ന വിഷയങ്ങൾ തൻ്റെ ആത്മകഥയിൽ വിവരിച്ച വസ്തുതകളുടെ വിശാലാർത്ഥത്തിലുള്ള വിശദീകരണം മാത്രമാണ്. സാധാരണ കഥകൾ, സിനിമകൾ, വിശദീകരണങ്ങൾ തുടങ്ങിയവയിലൂടെ അനാവൃതമാകുന്ന ലൈംഗികത്തൊഴിലാളികളുടെ ജീവിത പശ്ചാത്തലങ്ങൾക്കപ്പുറം, ആ ആത്മകഥ വായിച്ചപ്പോൾ തോന്നിയതിനപ്പുറം ഒരു വികാരവും ഈ പുസ്തകത്തിന് നല്കാനായില്ല. പണ്ടു കാലത്ത് കേരള ശബ്ദത്തിൽ വന്നതും പിൽക്കാലത്ത് പുസ്തകമായതുമായ ഇന്ദ്രജിത്ത് എന്ന തൂലികാനാമത്തിൻ്റെ ' എത്രയെത്ര മദാലസ രാത്രികൾ എന്ന ലേഖന പരമ്പരയുടെ ഓർമ്മകൾ ആണ് ലൈംഗികത്തൊഴിലാളികൾ എന്ന വാക്യം പോലും ഓർമ്മയിൽ നല്കുന്നത്. എന്നാൽ അതിന് നേർ വിപരീതമായി അതേ ചുറ്റുപാടിൽ നിന്നു കൊണ്ട് അനുഭവത്തിൻ്റെ വെളിച്ചത്തിൽ നളിനി പറയുമ്പോൾ പുരുഷൻ്റെ പല മുഖങ്ങൾ വായനക്കാർക്ക് ലഭിക്കും എന്നു കരുതുന്നത് മൗഢ്യമാണ്. എങ്കിലും വ്യത്യസ്ഥവും യഥാർത്ഥ ജീവിത ചിത്രങ്ങളും രേഖപ്പെടുത്തുന്ന ഒരു പുസ്തകമെന്ന നിലയ്ക്ക് ഈ പുസ്തകം വായിക്കപ്പെടുമെന്നു കരുതുന്നു. ആശംസകളോടെ ബി.ജി.എൻ വർക്കല.


Wednesday, July 15, 2020

പ്രണയത്തെ അറിയാന്‍

വെളിച്ചം എത്തിനോക്കാത്ത
ഇരുണ്ട വന്‍കരകളില്‍
തമസ്സിന്റെ രജത രേഖകള്‍ വരച്ചുകൊണ്ടു
പ്രണയം വഴിമുട്ടി നില്‍ക്കുന്നുവോ?

കടന്നുപോകുംവഴിത്താരകളില്‍
മുള്ളുകള്‍ കല്ലുകള്‍ ഹിംസ്ര മൃഗങ്ങള്‍ തന്‍ 
വ്യക്തമാം ചുവന്ന കലര്‍ന്ന കണ്ണുകള്‍ കണ്ടു
പ്രണയത്തെ മറന്നിടായ്ക....

നിങ്ങളില്‍ പടര്‍ന്നോരു സ്വപ്നമാകാം
മൃദുഹാസത്തിന്നകമ്പടിയായ്
എന്നിലേക്ക്‌ പടരും നിന്‍ വദനമാകാം.
എന്തിലോ തടഞ്ഞു ഞാന്‍ 
എന്തിലോ മുഴുകി ഞാന്‍ 
നിന്റെ ഹിമതാപങ്ങളെ
ഹിമശൈലങ്ങളെ
തഴുകിയുണര്‍ത്തുവാന്‍
കൊതിക്കുന്നു.

നീയൊരിക്കലുംഒരു താരാട്ടായെന്നെ
തഴുകിയിരുന്നില്ലെങ്കിലും
മാതൃത്വത്തിൻ വാത്സല്യം
ഒട്ടുമേ നുകരുവാന്‍ 
അനുവദിച്ചില്ലെങ്കിലും
പ്രണയമില്ലാത്ത ഇരുണ്ട
വന്‍കരകളില്‍ വച്ച്, ഞാന്‍
നിന്‍ മടിയില്‍ മയങ്ങിയിരുന്നു
ഒരു കാലം .

കവര്‍ന്നെടുത്ത നിന്‍ 
മുലക്കാമ്പുകളില്‍ പ്രണയം 
തിരഞ്ഞു ഞാന്‍ അലയവേ
ദാഹാര്‍ത്തനാമെൻ ചുണ്ടുകളില്‍
നിന്‍ മുലഞെട്ട് ഞെരിഞ്ഞമരവേ
ശൈശവത്തിന്റെയോ 
കുതൂഹലത്തിന്റെയോ 
വിസ്മയത്തിന്റെയോ 
കാഴ്ചകള്‍ നിന്റെ മിഴികളില്‍
മറയുന്നതറിയുന്നു ഞാന്‍.

പടരാന്‍ വെമ്പി നിന്‍ 
നിമ്നോന്നതങ്ങളില്‍ നിന്നും
നിശയുടെ ഇരുണ്ട താഴ്വരങ്ങളിലേക്ക് 
ഞാന്‍ പടരവേ
ഒരു ഞരക്കം പോലുമില്ലാതെ
എതിപ്പുകള്‍ ഇല്ലാതെ
ഒരു ചെറു വിരലനക്കാതെ
നീ എന്നെ നോക്കുന്നു.

ഒരു വേള മിഴി ഞാനുയര്‍ത്തി 
നിന്‍ മുഖത്തേക്ക്
പ്രണയത്തിന്റെ കണ്ണെറിയുമ്പോള്‍
ഞാന്‍ നടുങ്ങുന്നു .
നിന്നിലെ മിഴികളില്‍ 
ഉറയുന്ന ശൈത്യം
എന്റെ രസനയെ പൊള്ളിക്കുന്നു.
ഞാനൊരു തളര്‍ന്ന പോരാളിയായി
പരാജയമറിഞ്ഞൊരു യോദ്ധാവായി
പിന്‍വാങ്ങുന്നു.

നമ്മള്‍ പ്രണയത്തിന്‍റെ
താഴ്വരകളിലേക്ക്
മനസ്സുകൊണ്ട് ഊളിയിട്ടിറങ്ങുന്നു.
എപ്പോഴോ കിതപ്പാറ്റി  എന്‍ 
മടിയിലേക്ക്‌ നീ 
മയങ്ങി വീഴുമ്പോള്‍
ഞാനറിയുന്നു 
പ്രണയം കേളിയല്ല
പ്രണയം കോപമല്ല
ശരീരങ്ങളുടെ തുലനമല്ല
ദാഹമകറ്റാനുള്ളോരുപാധിയല്ല
കീറി മുറിച്ച വിശ്വാസങ്ങളോ
പെയ്തു തോരുന്ന മഴയോ അല്ല
പ്രണയം മനസ്സുകളില്‍ നിന്നുയര്‍ത്തു
മനസ്സുകളിലേക്ക് 
പടരുന്ന സംഗീതം.

വിശ്വാസത്തിന്റെ നൂലിഴയില്‍
നമ്മള്‍ കെട്ടിപ്പടുക്കും
ചെറുവീടുകളാകുന്നു
പ്രണയം...
ഒരു കൊച്ചു കാറ്റേറ്റ് 
പൊളിഞ്ഞു വീഴാം
മണല്ക്കൂടാരങ്ങളെങ്കിലും 
നാം ഇരു കരങ്ങള്‍ കൊണ്ടു 
അവയെ കാത്തിടുന്നു
അണയാത്ത ദീപം പോലെ.
അണയാനനുവദിക്കാത്ത
ദീപം പോലെ നാമതിനെ
കൈകളില്‍ ഭദ്രമാക്കുന്നു.
നമ്മുടെ പ്രണയം പോലെ
നമ്മുടെ വിശ്വാസം പോലെ
അത് നമ്മില്‍ വെളിച്ചം പകരുന്നു
പ്രപഞ്ചത്തിന്റെ താളമുള്‍ക്കൊള്ളാന്‍
കണ്ണുകളുയര്‍ത്തി ആരെയും നേരിടാന്‍
ഒരു പരാജയത്തിന്റെയോ
കുറ്റബോധത്തിന്റെയോ  
നേരിയ തണുപ്പുപോലും
ബാക്കിയില്ലാതാകുവാന്‍
നമ്മള്‍ ശരീരത്തെ സ്വന്തം
തൃഷ്ണകള്‍ക്കു മേയാന്‍ വിടാതിരിക്കാം
ശരീരം മറക്കാം 
മനസ്സുകള്‍ മാത്രം ഓര്‍മ്മിക്കാം

പ്രണയത്തില്‍ ശരീരം
ഒരു ഭാരമേ അല്ലെന്നറിയുക
ശരീരം മൃഗതൃഷ്ണ കൊണ്ടുള്ള 
വെറും കളിവഞ്ചി മാത്രം
കളിക്കോപ്പ് മാത്രം
വലിച്ചെറിയുക ശരീരമെന്ന 
ചിന്ത നിങ്ങളില്‍ നിന്നും.

പ്രണയം നിങ്ങളില്‍ പൂവിട്ടു 
കായിടുന്നതും
പ്രണയം ഒരു വസന്തമായി നിങ്ങളില്‍ 
സുഗന്ധം ചൊരിയുന്നതും കാണാം.
പ്രണയം മനോഹരമാമൊരു 
പൂന്തോട്ടമായി നിങ്ങളെ
പൊതിയുന്നതറിയാം ..........ബി ജി എന്‍ വർക്കല