നിനക്കായ് എനിക്കായ്..
...........................................
ഒരു കവിതകൂടി കുറിച്ച് വയ്ക്കുന്നു ഞാന്‍
മൃതിയെന്റെ പാദത്തിലുമ്മ വയ്ക്കുമ്പോഴും.
ഒരു വരികൂടി ഞാന്‍ എഴുതി വയ്ക്കുന്നു
എന്‍ ഹൃദയം മിടിക്കാന്‍ മടിക്കുമ്പോഴും.
ഒരു വാക്ക് ചൊല്ലാതെ നീയകന്നപ്പൊഴും
ഒരു മഴ പെയ്യാതെ ഋതു മാഞ്ഞപ്പൊഴും
എഴുതാതെ ഞാന്‍ കാത്തു നിന്നതല്ലേയീ
വഴിവക്കില്‍ കവിത തന്‍ വരവുകാത്ത് .
പിടയുന്ന കുഞ്ഞിന്റെ കണ്ണുനീര്‍ കാണാതെ,
വേവുന്നോരമ്മ തന്‍ തേങ്ങല്‍ കേട്ടീടാതെ.
വരുമെന്നു കരുതുമൊരു വസന്തത്തെ നോക്കി
കാത്തിരിപ്പൂ ഞാനെൻ മായാപ്രപഞ്ചത്തില്‍.
വിശപ്പിന്റെ വേനലില്‍ വരളുന്ന ജീവിത -
ക്കാഴ്ചകള്‍ കണ്ണുകളിലീറന്‍ പടര്‍ത്തവേ!
എഴുതിയിട്ടില്ല ഞാനൊരു വരി പോലുമേ
മറച്ചൂ പിടിച്ചെൻ്റെ മാനസം ക്രൂരമായ്.
തെരുവുകൾ യുദ്ധത്തിൻ കാഹളധ്വനികളാൽ
നിറഞ്ഞുപിടഞ്ഞൂർദ്ധശ്വാസം വലിക്കുന്നു.
കരളുകൾ പിടയുന്നു വിഹ്വലമിഴികളിൽ
നിറയുന്നു ഭാവിതൻ ഇരുളാർന്ന ശൂന്യത.
വേറിട്ടു പോകുന്നു ഞാനുമെൻ പ്രണയത്തിൻ
വേദന പങ്കിട്ട നീയുമീ തെരുവിലായ്.
കവിത മുറിച്ചു ഞാൻ പട്ടട തീർക്കുന്നു
സ്വയമതിൽ വീണെൻ്റെ സതിയാചരിക്കുവാൻ.
......... ബി.ജി.എൻ വർക്കല
No comments:
Post a Comment