നരച്ചു തുടങ്ങിയ
ഏതോ പകലിൽ നിന്നും
വലിച്ചൂറ്റിയെടുത്ത കനവുകൾ
കൊണ്ടു നെയ്ത പുടവ ചുറ്റി
ചന്ദ്രികയുടെ മുല്ലപ്പൂ സുഗന്ധത്തിൽ
രാവിനെ നോക്കിയൊരുവൾ.
ഇരുട്ടിനു കൂട്ടായ്
വെറും നിലത്തൊരു പഴന്തുണിക്കെട്ടായി .
മുറിച്ചിട്ടാൽ മുറികൂടും
നാഗത്താനൊന്നു ഫണം വിടർത്തി
മുലക്കണ്ണിൽ കൊത്തിപ്പറിച്ചു
പടിവാതിലിറങ്ങിയിട്ടും
വിഷം നീലിപ്പിച്ച മുലത്തടങ്ങൾ
അമർത്തിത്തുടച്ചു
നിലത്തെ പായയിൽ
ശുക്ലമുണങ്ങിയ തുടകളകത്തി
കിടപ്പുണ്ടവൾ മറ്റൊരിരുട്ടായി.
അടഞ്ഞ മിഴികളിൽ
നീറ്റലടക്കിയ ചുണ്ടിണയിൽ
പുകയുന്ന മുലഞ്ഞെട്ടുകളിൽ
അടിവയറ്റിന്റെ മൃദുലകമ്പനങ്ങളിൽ
രതിമൂർച്ഛ പടർത്താൻ
മേഘത്തുണ്ടിൽ പറന്നിറങ്ങുന്ന
ഗന്ധർവ്വനെ സ്വപ്നം കണ്ട്
ചിതറിയ കനൽത്തുണ്ടുകളിൽ
അവളപ്പോഴും.....
...... ബിജു.ജി.നാഥ് വർക്കല