Tuesday, April 7, 2015

പുലരി

ആദ്യരാവു കഴിഞ്ഞിറങ്ങുന്നൊരു
നവോഢ തന്നാനനം പോലങ്ങു
ചക്രവാളത്തില്‍ മിഴിയുയര്‍ത്തുന്നു
നമ്രമുഖിയാം പുലരി മെല്ലെയായ് .

ചിറകു വിടര്‍ത്തി അലസം നിദ്രതന്‍
അരികുകള്‍ കുടഞ്ഞൊരു കുഞ്ഞിക്കിളി
തിരയുകയായി ചുറ്റിലും ഇണയുടെ കള-
കൂജനം കേട്ടൊന്നു പുളകിതയാകുവാന്‍.

പൂമുറ്റത്ത് കൊഴിഞ്ഞു കിടക്കുന്നോരീ
മയില്‍പ്പീലി ഓര്‍മ്മ തെറ്റുകള്‍ പോലെ
മനസ്സ് പായുന്നു പഴയകാലത്തിന്‍ പാഠ-
പുസ്തകങ്ങളെത്ര പേറ്റുനോവറിഞ്ഞിരുന്നു.

കുളിര് പുതപ്പിച്ചു കടന്നു പോകും ചെറു
കാറ്റ് നല്‍കുന്നൊരു സ്നേഹചുംബനം
അറിയാതെ പൂത്തു വിടരുന്നു മനം
പ്രിയയവള്‍ തന്‍ ഓര്‍മ്മപ്പൂവനങ്ങളില്‍ .
----------------------------ബിജു ജി നാഥ്

2 comments: