Tuesday, April 28, 2015

മരിച്ചു ജീവിക്കുന്നവര്‍


നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും
ദീര്‍ഘ നിശ്വാസ പരലുകള്‍ തെറിക്കും,
തമസ്സിന്റെ കരിമ്പടം മാറ്റി നോക്കുകില്‍
കാണാം നിനക്കെന്റെ എല്ലിച്ച ദേഹം !

മൂക്ക് ചുളിക്കാതെ കടന്നു വരാന്‍,
അറയ്ക്കാതെന്നെ ചുംബിച്ചിടാന്‍
കഴിയുമോ നിനക്കൊരിക്കലെങ്കിലും.
രൂക്ഷ ഗന്ധം നിറയും മുറിയിതില്‍
ഡെറ്റോളോ മൂത്രമോ മലഗന്ധമോ
വേര്‍തിരിച്ചറിയാത്ത ഗന്ധങ്ങളെത്രയോ !

ഒന്നനക്കാന്‍  കഴിയും തെല്ലെങ്കില്‍
മേശമേലിരിക്കും കത്തിയെന്‍
ചങ്കിലാഴ്ത്തി മോക്ഷം നേടാന്‍
ആഗ്രഹിച്ചെത്ര രാവും പകലും കടന്നു പോയ്‌ .

പൊട്ടിയടര്‍ന്നു തുടങ്ങിയോരെന്‍
പൃഷ്ടഭാഗത്തു വേദനകടലുകള്‍ തിരതല്ലേ
പുഞ്ചിരിക്കുവാന്‍ പറയല്ലേ, നിന്മുഖം
കാണുമ്പോള്‍ പിണങ്ങരുതതോര്‍ത്തു നീ .

ഭാരമായി തുടങ്ങിയ ജന്മമെന്‍-
സേവനത്തില്‍ മുഴുകുവോര്‍ക്കെങ്കിലും,
ഉള്ളില്‍ ഉണരും വെറുപ്പുമായ്‌ നിത്യവും
വന്നു പോകുന്നുണ്ട് സഹതാപ ചിരിയുമായ് .

കാതില്‍ വീണു പുളയും ചിലപ്പോഴെന്‍
സ്നേഹലോലരാം ബന്ധു ജനങ്ങള്‍ തന്‍
ആര്‍ത്തിരമ്പുന്ന ഗതികേടിന്‍ സ്വരങ്ങളും
പ്രാകിയാര്‍ക്കും വചസ്സുകള്‍ ചുറ്റിലും .

എങ്കിലും പേറുന്നു ഞാനെന്റെയീ ദേഹം
കേവലം ദയാഹര്‍ജ്ജി തേടും മര്‍ത്യ-
ജന്മങ്ങള്‍ക്കിടയില്‍ മരിക്കാതെ മരിച്ചിന്നും.
വന്നിടുക കാണുക പിന്നെ വ്യര്‍ത്ഥം കേഴുക
ദൈവത്തിന്‍ സ്നേഹവും വരദാനങ്ങളും നീളെ നീളെ .
-------------------------------------ബിജു ജി നാഥ്

2 comments: