Monday, April 27, 2015

സെലീനയുടെ ഡയറി

ഏഴരയുടെ ബീന
പാലത്തിനു ചോട്ടില്‍ എത്തുമ്പോള്‍
സെലീനയുടെ മരണത്തോടെ
ദിവസം ആരംഭിക്കുന്നു .

തിടുക്കത്തില്‍
കുമാരേട്ടന്റെ ഡബിള്‍ ബെല്ലില്‍
കുരുങ്ങി
ഒഴിഞ്ഞൊരു സീറ്റിലേക്ക്
അലച്ചു വീഴുന്നു.

അലസന്‍ കാറ്റിന്റെ
വികൃതിയില്‍ നിന്ന്
മുടിയെ വലിച്ചെടുത്തു
കവലയിലേക്കൊരു തവളച്ചാട്ടം ചാടുന്നു .

ധൃതി പിടിച്ചു തുറക്കുന്ന
ഷട്ടറിന്നുള്ളിലേക്ക്
പറന്നു കയറുന്ന പാദങ്ങള്‍ .
അടുക്കിയതും
അടുക്കാത്തതുമായ
പോയവൈകുന്നേരത്തെ
അടുക്കി പാതിയാകുമ്പോള്‍
സന്ദര്‍ശകര്‍ വന്നു തുടങ്ങുന്നു .

തിരക്കിനിടയില്‍
പിടിച്ചു നിര്‍ത്തിയ മൂത്രവുമായി
ആളൊഴിഞ്ഞ നേരത്തോടുന്നകത്തേക്ക്
തിരികെ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു
തിരക്കിനിടയിലേക്കൂളിയിടുന്നു
പിന്നെയും.

നാലുമണിയുടെ ചായയും കടിയും
കുടിച്ചും കടിച്ചും, ഈച്ച വീണു
തണുത്തും
നേരം തല്ലിയലച്ചു പോകുന്നു.

അവസാനയാത്രയുടെ
ആലസ്യത്തില്‍
വിയര്‍പ്പും മദ്യവും മണക്കുന്ന
തിരക്കില്‍ ശ്വാസം പിടിച്ചൊരു
ട്രപ്പീസ് കളിയിലൂടെ
ഏഴരയുടെ ബീന
പാലത്തിനു ചോട്ടില്‍ എത്തുമ്പോള്‍
ചൂട്ടുകറ്റയുമായമ്മ
ദിവസത്തിന്റെ അവസാനം കുറിക്കുന്നു.
സെലീന വീണ്ടും ജനിക്കുന്നു .
------------ബിജു ജി നാഥ്

2 comments:

  1. തിരക്കുപിടിച്ചൊരു സെലീന

    ReplyDelete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete