യാത്രകള്‍ എന്നും സുഖമുള്ള ഒരു വസ്തുതയാണ് . ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എന്തെങ്കിലും ഒക്കെ തരുന്നത് കൊണ്ട് യാത്രകള്‍ എനിക്കെന്നും ഇഷ്ടം ആണ് .
അസുഖകരമായതോ സുഖകരമായതോ ആയ എന്തും യാത്രകളില്‍ നമ്മെ കാത്തിരിക്കാറുണ്ട് . ഹ്രസ്വ കാലത്തേക്ക് മാത്രംപൂത്തു വിടര്‍ന്ന എന്റെ ഒരു പ്രണയം അല്ലെങ്കില്‍ ഭ്രമം അതിനെ കുറിച്ച് ഞാന്‍ ഓര്‍ക്കട്ടെ , പങ്കു വയ്ക്കട്ടെ . സ്ഥിരമായ പ്രണയ കഥകളില്‍ നിന്നും ഒന്നും തന്നെ വേറിട്ട് ഇല്ല എങ്കിലും അനുഭവം ഒരു അനുഭവം തന്നെ ആണല്ലോ .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരിക്കല്‍ എന്റെ ഒരു ചേച്ചിക്ക് മദ്രാസില്‍ ഒരു ഇന്റര്‍വ്യൂവിനു പോകണമായിരുന്നു അപ്പോളോ ഹോസ്പിറ്റലില്‍ . യാത്രയ്ക്ക് തുണയായി കൂട്ടിയത് മൂത്തേച്ചനും(അച്ഛന്റെ ജ്യേഷ്ടന്‍ ) ചേച്ചിയും എന്നെ ആയിരുന്നു . എനിക്കാണേല്‍ സന്തോഷം ഒരു ദൂരയാത്ര തരപ്പെട്ടല്ലോ .
ഞങ്ങള്‍ മദ്രാസ് മെയിലില്‍ യാത്ര പുറപ്പെട്ടു . ആഘോഷപൂര്‍വ്വം യാത്രയൊക്കെ ചെയ്തു ഞങ്ങള്‍ പുലര്‍ച്ചെ തന്നെ മദ്രാസില്‍ എത്തി . യാത്ര വളരെ സന്തോഷപ്രദം ആയിരുന്നു . വയലുകളും കുളങ്ങളും പുഴകളും പച്ചപ്പും മലകളുടെ കോടമഞ്ഞും തണുപ്പും എല്ലാം കൂടി വളരെ മനോഹരം . പുലര്‍ച്ചെ മദ്രാസില്‍ കയറുമ്പോള്‍ പക്ഷെ പാളങ്ങളില്‍ ഇരു വശത്തും തല മൂടി ഇരിക്കുന്ന കോളനിക്കാരെ കണ്ടില്ലെന്നു നടിക്കാതെ , മൂക്ക് പൊത്തി പിടിക്കാതെ രക്ഷയില്ലായിരുന്നു എന്നത് മാത്രം യാത്രയുടെ അവസാനം നശിപ്പിച്ചു എന്ന് പറയാം .
ഹോട്ടലില്‍ മുറി എടുത്തു അപ്പോഴേക്കും എന്റെ ചേട്ടനും അവിടെ എത്തി ആന്ധ്രയില്‍ നിന്നും . അങ്ങനെ അപ്പോളോയില്‍ ഒക്കെ പോയി ഇന്റര്‍വ്യൂ കഴിഞ്ഞു ഉച്ച കഴിഞ്ഞു തിരിച്ചും യാത്ര . എങ്ങും പോകാനും കറങ്ങാനും കഴിയാത്ത വിഷമം ഉള്ളില്‍ വച്ച് തിരികെ ട്രെയിനില്‍ കയറി . ജെനറല്‍ ബോഗി ആയിരുന്നു പക്ഷെ അധികം ആളുകള്‍ ഇല്ലായിരുന്നു യാത്രയില്‍ .
എന്റെ തിരികെ ഉള്ള യാത്രയില്‍ ഒരു വശത്ത് ഞാനും ചേച്ചിയും മൂത്തേച്ഛനും ഇരുന്നപ്പോള്‍ എതിര്‍ വശത്ത് ഒരു യുവാവും രണ്ടു പെണ്‍കുട്ടികളും ആയിരുന്നു ഇരുന്നത്. അധികം തിരക്കുകള്‍ ഇല്ലായിരുന്നതിനാല്‍ എല്ലാരും വളരെ സന്തോഷത്തില്‍ ആയിരുന്നു . തുടക്കം മുതലേ ഞാന്‍ എനിക്ക് മുന്നില്‍ ഇരിക്കുന്നവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . യുവമിഥുനങ്ങളെ പോലെ ഇരുന്ന ആ യുവാവും അടുത്തിരുന്ന പെണ്‍കുട്ടിയും പരസ്പരം കൈകള്‍ കൈകളില്‍ വച്ച് സ്വപ്നത്തില്‍ ലയിച്ചെന്ന പോലെ പരസ്പരം തല ചേര്‍ത്ത് വച്ച് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നു . അടുത്തിരുന്ന പെണ്ണ് എനിക്ക് നേരെ എതിര്‍വശത്ത് ഇരുന്ന , ആ കുട്ടി ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരിക്കുന്നു . ആ കമിതാക്കള്‍ ഇടയ്ക്കിടെ പാട്ട് പാടിയും മറ്റും സമയം പോക്കുന്നുണ്ടായിരുന്നു .
രാത്രി ഇരുണ്ടു തുടങ്ങിയപ്പോള്‍ എല്ലാരും ഭക്ഷണം കഴിച്ചു മയങ്ങി ത്തുടങ്ങി . ചേച്ചി കിടന്നുറക്കം തുടങ്ങി മൂത്തേച്ഛനും ഉറക്കം പിടിച്ചു . യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല എന്നതിനാല്‍ ഞാന്‍ മാത്രം ഉറങ്ങാതെ ഇരിപ്പ് ആണ് മുന്നിലെ പ്രണയനാടകങ്ങള്‍ അവഗണിച്ച ഞാന്‍ ആ ഒറ്റക്കിരിക്കുന്ന പെണ്കുട്ടിയിലേക്ക് ശ്രദ്ധ പതിപ്പിച്ചു . എന്റെ നോട്ടം കണ്ടിട്ടാകാം അവള്‍ കണ്ണടച്ച് പിറകിലേക്ക് ചാരി ഇരുന്നു ഉറക്കം തുടങ്ങി .കാലിന്മേല്‍ കാലു കയറ്റി വച്ചിരുന്ന അവളുടെ ചെരുപ്പ് എന്റെ കാലില്‍ ഉരയുന്നുണ്ടായിരുന്നു. ഒരു തമാശക്ക് ഞാന്‍ ആ ചെരുപ്പ് തട്ടി ഇട്ടു. വെറുതെ എന്റെ പാന്റ് എന്തിനു കേടാക്കണം .
അവള്‍ ഒന്നുമറിയാത്ത പോലെ ഉറക്കം നടിച്ചിരുന്നു . അതെ അങ്ങനെ ആണ് എനിക്കും തോന്നിയത് . കുറെ കഴിഞ്ഞപ്പോള്‍ അപ്പുറത്തെ സീറ്റില്‍ നിന്നും രണ്ടു മൂന്നു പിള്ളേര്‍ ഇടനാഴിയിലൂടെ നടപ്പാരംഭിച്ചു . അവര്‍ പോകുന്ന പോക്കില്‍ ഈ പെണ്‍കുട്ടിയുടെ കയ്യിലും തോളിലും കയ്യുകള്‍ ഉരസി പോകുന്നത് ആദ്യം സ്വാഭാവികം ആയി തോന്നി എങ്കിലും അവര്‍ അതിനു വേണ്ടി മാത്രം ഊഴം വച്ച് നടപ്പ് തുടങ്ങിയപ്പോള്‍ അവരുടെ കയ്ക്ക് ലക്‌ഷ്യം ഉണ്ടെന്നു കണ്ടു. മാത്രവുമല്ല ആ കുട്ടി എന്നെ ദയനീയമായൊന്നു നോക്കുകയും ചെയ്തു . എന്നിലെ വീരശൂര പരാക്രമിക്ക് വെറുതെ അടി വാങ്ങി കെട്ടാന്‍ ഉള്ള ആരോഗ്യമില്ലാത്തോണ്ട് ഞാന്‍ ആ കുട്ടിയോട് കുറച്ചു നീങ്ങി ഇരിക്കാന്‍ പറഞ്ഞു . അതോടെ അവള്‍ക്ക് ശല്യം മാറി കിട്ടി എനിക്കൊരു പുഞ്ചിരിയും. ഹാവൂ എന്തൊരാശ്വാസം . യാത്ര പിന്നെയും നീണ്ട് പോകുന്നു . ഇരുട്ടില്‍ ട്രെയിനിന്റെ കടകട ശബ്ദവും ഇടയ്ക്കിടെ ഉള്ള ചൂളം വിളിയും മാത്രം ബാക്കി ആയി . കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കുട്ടിയുടെ അടുത്തേക്ക് അവള്‍ നീങ്ങി ഇരുന്ന ഇടത്തേക്ക് കാലുകള്‍ നീട്ടി വച്ച് പിറകിലേക്ക് ചാരി കിടന്നു വരുമ്പോള്‍ വാങ്ങിയ ഒരു മാഗസിന്‍ വായന തുടങ്ങി .
പ്രണയകുരുവികള്‍ ഈ സമയം ജനാലയിലേക്ക് ഒതുങ്ങി ഒരാളിന്റെ നെഞ്ചില്‍ മറ്റൊരാള്‍ ഉറക്കം ആയി കഴിഞ്ഞിരുന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കാലില്‍ ഒരു ഭാരം തോന്നി നോക്കുമ്പോള്‍ ഈ കുട്ടി എന്റെ കാലുകളിലേക്ക് തല വച്ച് വളഞ്ഞു കൂടി ഉറക്കം ആയതാണ് . അതോടെ എനിക്കാ കാലു വലിക്കാന്‍ കഴിയാതെ ആയി . ഫലം എന്റെ കാലു മരവിച്ചു എന്നത് തന്നെ . അവള്‍ സുഖമായി ഉറങ്ങി ഞാന്‍ ഇരുന്നു വായിച്ചും ചെറുതായി ഒന്ന് മയങ്ങിയും നേരം വെളുപ്പിച്ചു . വെളുപ്പിന് ടോയലറ്റില്‍ പോകാന്‍ പോയിട്ട് തിരികെ വരാന്‍ നേരം ചായക്കാരനെ കണ്ടു ഒരു ചായ കുടിച്ചു നില്‍ക്കുമ്പോള്‍ ഈ കുട്ടി അങ്ങോട്ട് വന്നു. അവള്‍ എന്നെ കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു . ടോയലറ്റില്‍ പോയി വരുമ്പോള്‍ അവള്‍ എന്റെ അടുത്ത് വന്നു നിന്ന് . അങ്ങനെ ഞാന്‍ ആളുടെ പേര് ചോദിച്ചു. പേര് പറഞ്ഞു മദ്രാസില്‍ ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു . തൊടുപുഴ ആണ് സ്ഥലം . അവധിക്കു വരികയാണ് കൂടെ ഉള്ളകൂട്ടുകാരി കല്യാണം കഴിക്കാന്‍ വരുന്ന വരവാണ് . അങ്ങനെ സംസാരമദ്ധ്യേ അവള്‍ അവളുടെ തൊഴില്‍ സ്ഥലത്തിന്റെ വിലാസം ഒരു കൊച്ചു പേപ്പറില്‍ എനിക്കെഴുതി തന്നു . ഞാന്‍ ചോദിച്ചിട്ടാണ് കേട്ടോ അല്ലാതെ ഇങ്ങോട്ട് കൊണ്ട് തന്നതല്ല .
പുലര്‍ച്ചയില്‍ എറണാകുളത് അവര്‍ ഇറങ്ങി . യാത്ര പറയുമ്പോള്‍ ഞങ്ങള്‍ രണ്ടു പേരും കുറെ നേരം നോക്കി നിന്ന് . അറിയില്ല എന്താണ് മനസ്സില്‍ എന്ന് പക്ഷെ ഒരു ഇഷ്ടം ഉള്ളില്‍ അറിയാതെ ഉറഞ്ഞു കൂടി എന്നതാണ് നേര് . നാട്ടില്‍ വന്ന ശേഷം ഞാന്‍ അവള്‍ക്കു കത്തയക്കാന്‍ തുടങ്ങി . അവള്‍ എനിക്കും തിരിച്ചു കത്തുകള്‍ അയക്കുമായിരുന്നു . ഒരു വര്‍ഷത്തോളം ഇത് തുടര്‍ന്ന് . അടുത്ത അവധിക്കു അവള്‍ നാട്ടില്‍ വരുന്നു നേരില്‍ കാണണം എന്ന് അവള്‍ പറഞ്ഞു . ഞാന്‍ അങ്ങനെ നമ്മള്‍ തീരുമാനിച്ച പ്രകാരം എറണാകുളത്തു രാവിലെ വന്നു . അവളുടെ മുഖം എനിക്കോര്‍മ്മ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല പക്ഷെ നമ്മള്‍ പരസ്പരം വസ്ത്രങ്ങള്‍ നിറം പറഞ്ഞു വച്ച് . വീട്ടില്‍ കള്ളവും പറഞ്ഞു ഒറ്റയ്ക്ക് ആദ്യമായി എറണാകുളത്തു പോവുകയാണ് . രാവിലെ തന്നെ സര്‍ക്കാര്‍ ബസ് സ്ടാന്റില്‍ അവളെയും കാത്തു നില്‍പ്പ് വല്ലാത്ത ഒരു അനുഭവം ആയിരുന്നു . വരുമോ , ആരാകും , കണ്ടാല്‍ അറിയുമോ എന്നൊക്കെ ഉള്ള ചിന്ത . ഒപ്പം ഇനി വന്നു കാണുമോ , അവള്‍ പറഞ്ഞ നിറം ഉള്ള വസ്ത്രം ഇട്ടവരെ എല്ലാം ഒന്നൊഴിയാതെ നോക്കി . ഇല്ല ഈ മുഖം അല്ല . അങ്ങനെ നിന്ന് നിന്നു കാലു കഴച്ചപ്പോള്‍ അതാ വരുന്നു ഒരു ബാഗ് തൂക്കി അവള്‍ അതെ അത് തന്നെ . ഞാന്‍ പറഞ്ഞ വസ്ത്രം , പിന്നെ ഓര്‍മ്മയിലെ ആ കുഞ്ഞു മുഖം . ഞാന്‍ സംശയിക്കാതെ നേരെ അടുത്ത് ചെന്ന് . അവള്‍ എന്നെ നോക്കി വിസ്മയപൂര്‍വ്വം ചിരിച്ചു . പിന്നെ എന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചു .
ഞാന്‍ പറഞ്ഞു വരൂ നമുക്ക് അങ്ങോട്ട് നില്‍ക്കാം . എന്തേലും കഴിച്ചതാണോ നീ ? ഓരോ ചായ കുടിക്കാം എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ സംശയിക്കുക ആയിരുന്നു ഇതൊക്കെ ഞാന്‍ തന്നെ ആണോ പറയുന്നത് എന്ന് .
ഹോട്ടലില്‍ കയറി രാവിലെ തന്നെ പറോട്ടയും പോത്തും ഒക്കെ വാങ്ങി കൊടുത്തു കഴിച്ചു പുറത്തിറങ്ങി നമ്മള്‍ . നമ്മള്‍ സംസാരിക്കുന്നത്തിലധികം പരസ്പരം നോക്കുകയായിരുന്നു എന്നതാണ് ശരി . അവള്‍ പറഞ്ഞു നമുക്ക് ബസ് സ്ടാന്റില്‍ നേരെ പോകണ്ട ഇങ്ങനെ കറങ്ങി പോകാം. എനിക്കാണേല്‍ ആ സ്ഥലം പരിചയം പോലുമില്ല പക്ഷെ ഞാന്‍ ധീരനായ കാമുകനല്ലേ അപ്പൊ വേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ . നടന്നു തന്നെ പോകണം എന്നുള്ള ഡിമാന്റ് അംഗീകരിച്ചു രണ്ടുപേരും വഴിയിലൂടെ അങ്ങനെ ചേര്‍ന്ന് നടന്നു . എന്റെ കയ്യില്‍ പിടിച്ചു എന്നോട് ചേര്‍ന്ന് അവള്‍ . എന്തൊക്കെയോ നമ്മള്‍ സംസാരിച്ചു . കുറെ ദൂരം നടന്നു ഒടുവില്‍ ബസ് സ്ടാന്റില്‍ തന്നെ എത്തി . ടിക്കറ്റ് എടുത്തു രണ്ടു തൊടുപുഴ . ഇതെവിടെ എന്നെനിക്കറിയില്ല എന്നാലും പോകാതെ വയ്യല്ലോ .
ഒരു സീറ്റില്‍ ഒന്നിച്ചൊരു യാത്ര . എന്റെ തോളില്‍ തല ചായ്ച്ചു അവള്‍ ഉറക്കമായി . ഞാന്‍ ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ചു കാമുകന്റെ ഗംഭീരഭാവത്തില്‍ അങ്ങനെ ഇരുന്നു . ഇടയ്ക്കിടെ ഉണരുമ്പോള്‍ അവള്‍ എന്നോട് സംസാരിക്കും . വീണ്ടും ചെറിയ മയക്കം . അങ്ങനെ മിണ്ടീം ഉറങ്ങിയും തൊടുപുഴ സ്ടാന്റില്‍ എത്തി . നമ്മള്‍ പുറത്തിറങ്ങി . ഏതാണ്ടൊരു സ്ഥലം ഞാന്‍ തികച്ചുമപരിചിതന്‍ . അപ്പോള്‍ എന്നെ യാത്രയാക്കാന്‍ വേണ്ടി അവള്‍ അവിടെ തന്നെ നിന്ന് . വീട്ടു വിലാസം തന്നു . പോകാന്‍ നേരം നൂറു രൂപ എന്റെ കയ്യില്‍ തരാന്‍ ശ്രമിച്ചു ഞാന്‍ അവളെ കുറെ വഴക്കും പറഞ്ഞു . ഒടുവില്‍ എനിക്ക് പോകാന്‍ ഒരു തിരുവനന്തപുരം ഫാസ്റ്റ് കിട്ടി . എന്നെ തിരികെ വണ്ടിയില്‍ കയറ്റി ഇരുത്തിയ ശേഷം അവള്‍ പോകുകയും ചെയ്തു.
തിരികെ യാത്ര വളരെ വിഷമം പിടിച്ഛതായിരുന്നു . ഒന്നാമത് ലഹരി പോലെ അവളുടെ ഗന്ധം മനസ്സിലും ശരീരത്തിലും . പിന്നെ യാത്രയുടെ ബുദ്ധിമുട്ടും . ബസ്സില്‍ ദീര്‍ഘ യാത്ര വല്ലാത്ത മടുപ്പ് ആണ് . പോരാത്തതിന് ചതയദിന ഘോഷയാത്ര ഇടയില്‍ വഴി അടച്ചും തുറന്നും പാതിരായ്ക്ക് വീട്ടില്‍ എത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ .
പ്രണയം കൂടുതല്‍ കടുത്തു . പരസ്പരം ഫോട്ടോ അയച്ചു കൊടുത്തു . കത്തുകള്‍ മാറി മാറി വന്നും പോയുമിരുന്നു .അന്നാണെങ്കില്‍ പ്രണയം ഒരു അഹങ്കാരം കൂടി ആയിരുന്നു കാരണം പ്രീഡിഗ്രിക്ക് കൂടെ പഠിച്ച ഒരു മൊഞ്ചത്തിയെ പ്രേമിച്ചു അവള വായിന്നുള്ള തെറി കേട്ട് നാണം കേട്ട് നടക്കുന്ന സമയം . (കൂടെ പഠിച്ച പിള്ളാരെ എന്നോട് അതാരെന്നു ചോദിക്കല്ലേ ആദ്യമേ പറഞ്ഞേക്കം ഞാന്‍ പറയൂല സത്യം ). ഒരു പ്രണയം ഇല്ലാതെ പറ്റില്ല തല ഉയര്‍ത്തി നില്ക്കാന്‍ എന്ന മനസ്സായിരുന്നു . എന്തായാലും അനുരാഗം അങ്ങ് കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം ഒരു കത്ത് വന്നു . എന്താ കാര്യം എന്നൊന്നും അറിയില്ല ഇത്ര മാത്രം . എന്റെ ഫോട്ടോ തിരിച്ചു തരണം പകരം ഞാന്‍ വാങ്ങിയ ഫോട്ടോ ഇതോടൊപ്പം അയക്കുന്നു . ഇതെന്തോന്നു ഇടപാട് ? എന്താ കാര്യം എന്നെങ്കിലും പറഞ്ഞു കൂടെ. അതുമില്ല വെറുതെ ഫോട്ടോ തിരികെ താ എന്ന് പറഞ്ഞാല്‍ കാര്യം ശരിയാകുമോ ? എട്ടാം ക്ലാസ്സില്‍ തുടങ്ങിയ പ്രണയ പരാജയങ്ങള്‍ ആണ് അങ്ങനെ വെറുതെ വിട്ടു കൊടുക്കാന്‍ പറ്റുമോ ?
കാരണം തിരക്കി അയച്ച രണ്ടു എഴുത്തുകള്‍ക്ക് മറുപടി വന്നില്ല. മൂന്നാമത്തെ എഴുത്തിനു മറുപടി കിട്ടി . എന്നെ മറക്കുക ഞാന്‍ മരിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗി ആണ് . എനിക്ക് ബ്ലഡ് ക്യാന്‍സര്‍ ആണ് . ഞാന്‍ ഇനി അധിക കാലം ജീവിച്ചിരിക്കില്ല . ഞാന്‍ ഉടനെ തന്നെ മറുപടി കൊടുത്തു . ഫാസിലിന്റെ സിനിമകള്‍ സ്ഥിരം കാണുന്ന കുഴപ്പം ആണ് നിനക്ക് ഒരു കാര്യം ചെയ്യ് നീ കഴിക്കുന്ന മരുന്നുകളുടെ പേര് പറ . ആക്കാലത്ത് ഞാന്‍ ഒരു മെഡിക്കല്‍ സ്റ്റോറില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു അതോണ്ട് മരുന്നു പേര് കിട്ടിയാല്‍ ഉറപ്പിക്കാമല്ലോ എന്നൊരു ബുദ്ധി എനിക്ക് തോന്നി അന്നേരം (ഹോ എന്നെ സമ്മതിക്കണം ).
അവള്‍ മറുപടി തന്നു വിശ്വാസം വരുന്നില്ലേല്‍ വേണ്ട . പക്ഷെ ഇനി എനിക്ക് കത്ത് അയക്കരുത് ശല്യം ചെയ്യരുത് ഞാന്‍ അധികകാലം ഈ ഭൂമിയില്‍ ഉണ്ടാകില്ല .
പിന്നെ ഞാന്‍ ആയിട്ട് ശല്യം ചെയ്യാന്‍ പോയില്ല . അവള്‍ക്ക് എന്തേലും പ്രശ്നം ഉണ്ടാകും അല്ലേല്‍ നല്ലൊരു ബന്ധം കിട്ടി കാണും എന്ന് ഞാന്‍ വിശ്വസിച്ചു അവളുടെ ഫോട്ടോ തിരികെ അയച്ചു കൊടുത്തു . പിന്നെ ഞാനൊരു കത്ത് പോലും അയച്ചില്ല .
ഇതിനിടയ്ക്ക് ഡിഗ്രിക്ക് നന്നായി ഉഴപ്പിയിരുന്നു എന്റെ ഈ പ്രണയങ്ങള്‍ എന്നെ ഇങ്ങനെ വട്ടു കളിപ്പിച്ചു തന്നെയാണ് കാരണം എന്നത് രഹസ്യം .
കാലം കടന്നു പോയി ഞാന്‍ കേരളത്തിന് പുറത്തേക്കു എന്റെ ജീവിതം പറിച്ചു നട്ട് . സ്ഥിരം ആയ ഒരു ജോലി എനിക്ക് കിട്ടി . ഇനി ഒന്ന് കൂടി നോക്കാം എന്ന് കരുതി കാരണം എന്തായാലും ആരും എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല . എല്ലാരും ഓരോ ഒഴിവുകള്‍ പറഞ്ഞു എന്നെ വിട്ടു പോയ്ക്കൊണ്ടേ ഇരുന്നു . എണ്ണം ഒന്നും പറയുന്നില്ല അതൊക്കെ ഒരു കഥ ആണ് .
അങ്ങനെ ഞാന്‍ അവളുടെ വീട്ടു വിലാസത്തില്‍ ഒരു കത്ത് അയച്ചു . മറുപടി ഒന്നും വരാതിരുന്നപ്പോള്‍ ആ വിലാസം തെറ്റാകും എന്ന് കരുതി . പക്ഷെ കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അവളുടെ ഒരു മറുപടി വന്നു . വിവാഹം കഴിഞ്ഞു കുട്ടികളും ആയി സുഖം ആയി ജീവിക്കുക ആണ് ഓര്‍ത്തതിന് നന്ദി പക്ഷെ കുടുംബം തകര്‍ക്കരുതെ എന്നൊരു കുറിപ്പ് . എന്തായാലും രക്താര്‍ബുദം അവളെ കൊണ്ട് പോയില്ല എന്നോരശ്വാസത്തോടെ ആ പ്രണയത്തിനു ശുഭം എഴുതി അടി വര ഇട്ടു. കരയാന്‍ ഒന്നും പോയില്ല കാരണം അതിലും വലിയ പ്രതീക്ഷകള്‍ മനസ്സില്‍ കണ്ട പ്രണയങ്ങള്‍ പൊട്ടി ത്തകര്‍ന്നു നടപ്പായിരുന്നല്ലോ ഞാന്‍ .
എന്താണ് എന്റെ കുറ്റം എന്നറിയില്ല. പക്ഷെ ഒന്നറിയാം ഞാന്‍ ഒരു നല്ല പ്രണയിതാവ് അല്ല .
-----------------------------------------ബി ജി എന്‍ --------------------------------------------------------------------