Monday, September 30, 2013

എന്നിൽ കവിത ജനിക്കുമ്പോൾ


എകാന്തതയുടെ  വാത്മീകങ്ങളെന്‍ ചിന്തയെ
ഞെരിക്കും വരള്‍ച്ചയുടെ  ശിശിരകാലങ്ങളില്‍  
ഒരു പകലിൻ തിരിതാഴുമ്പോൾ നമ്രമുഖിയായെന്‍ 
വിരൽത്തുമ്പിലൂടെ അക്ഷരമുരുകിയൊഴുകി.

നിലാവും വെയിലും പകലിരവുകളും  കടലും
ജീവിതവും പ്രണയവും എന്റെ വിരലുകളിൽ
തളംകെട്ടി നിന്ന കടലായി , കെട്ടഴിഞ്ഞ
കാർകൂന്തലായി  ഒഴുകിപടർന്നു  ചുറ്റിലും .

ചിതൽതിന്ന വിപ്ലവവും , പുഴുവരിക്കും രതിയും
സ്നേഹപരാഗങ്ങളും സൌഹൃദപുഷ്പങ്ങളും ,
മദംപൂണ്ട മതവുമെന്റെ വിരൽത്തുമ്പിലൂടെ
നീലാകാശത്തിലെ മഴമുകിലായി പടരവേ !

വായനതൻ പാരാവാരങ്ങളിൽ ഞാനൊരു 
പാമരനാം അക്ഷരസ്നേഹിയാകവേ, ചുറ്റിലും
കണ്‍തുറക്കുന്ന നക്ഷത്ര വിളക്കുകളിൽ
സാന്ത്വനത്തിന്റെ സൗഹൃദകടലായീ ലോകം .!

ഒരു കവിതയായി ജനിക്കാൻ കൊതിപ്പൂ ഞാൻ
അക്ഷരലോകത്തിൻ നഭോമണ്ഡലത്തിൽ .
ഒരു പൈതലായ് പിച്ചവച്ചീടണം , വരികൾ
തൻ ശരപഞ്ചരങ്ങൾക്കിടയിലൂടെന്നുമെനിക്ക് .
---------------------ബി ജി എൻ വർക്കല ------

പിറന്നാളാശംസകൾ


കാലത്തിന്റെ കൈവഴികൾ
നേരിന്റെ ചുവർചിത്രങ്ങൾ
ഇലഞ്ഞിപൂവിന്റെ സുഗന്ധം പരത്തുന്ന
നിർമ്മലതയിൽ
പ്രിയ സ്നേഹിതേ ,
നിന്റെ നിറചിരി പടർന്നു കിടക്കുന്നു .

യാത്രയുടെ നീലക്കൊടുവേലികൾ
ഓർമ്മയിലെ അവ്യയ്ക്തമാമക്ഷരങ്ങൾ
എവിടെയോ നമ്മൾ കണ്ടുമുട്ടി .

ഒരിക്കൽ നമ്മൾ കണ്ടിരുന്നു
പരസ്പരമറിയാതെ  പോയിരുന്നിരിക്കാം
ഇന്നെന്റെ വരികൾക്കും ,
നിന്റെ ചിന്തകൾക്കും
ഒരേ ദൂരമളക്കുന്നയീ താഴ്വരയിൽ
നിന്റെ പിറന്നാളിനേകാൻ
ഹൃദയം കൊണ്ടെഴുതുന്നോരീ വരികൾ മാത്രം .

നമ്മൾ രണ്ടു ബിന്ദുക്കളിൽ നിന്നും
ഒരേ ദൂരത്തിൽ സഞ്ചരിപ്പോർ
എന്റെ വഴികളിലെ മുള്ളുകൾ
നിന്റെ പാദങ്ങളെ നോവിക്കാതിരിക്കട്ടെ
ആശംസകൾ
------------ബി ജി എൻ . വർക്കല
(എന്റെ പ്രിയ സ്നേഹിതക്ക്‌ പിറന്നാൾ ആശംസകളോടെ )

Sunday, September 29, 2013

ധർമ്മ സങ്കടം


ചേട്ടൻ
രാവിലെ ദേഷ്യത്തിലാണ്
ഉറക്കം വിളിച്ചുണർത്തിയ മോൾക്കൊരു
നുള്ള് കൊടുത്തു കൊണ്ടാണ്
ദിവസം തുടങ്ങുന്നത് .

മേശപ്പുറത്തിരിക്കുന്ന
തണുത്ത ചായയെ നോക്കി
ചേട്ടൻ ബാത്രൂമിലേക്ക് .
മൂളിപ്പാട്ട് മറന്ന കാലത്തിന്റെ മുരൾച്ചയോടെ .

ഉടുപ്പ് , സോക്സ്‌
ചീപ്പ് , വാച്ച്
മറുപടികൾ അടുക്കളയിലെ
പത്രങ്ങളിൽ തട്ടി ചിതറിവരുന്നുണ്ട് .

ഇടയിലായി പള്ളിക്കൂടത്തിന്റെ
ധടുതിയുടെ നിലവിളികൾ
പ്രാക്കുകൾ
വാഹനത്തിന്റെ ഹോണ്‍
പ്രജ്ഞയെ ചിതലരിച്ചെങ്കിൽ ....!

ധൃതിയിൽ വലിച്ചു കയറ്റിയ
വസ്ത്രങ്ങളുമായി
ഊണുമേശയിലെ യുദ്ധം പാതി ജയിച്ചു
തിരക്കിട്ടോടുമ്പോൾ
ചേട്ടന്റെ മനസ്സ് വിലപിച്ചു
അവളെന്റെ ബട്ടണ്‍ പോലും .....!

ഇടവേളയോന്നു
തണുപ്പിക്കാൻ
ഒരു ഫോണ്‍കാളിൽ കാത്തിരുപ്പ് .
ഓടിവന്നെടുക്കുന്ന ശബ്ദത്തിൽ
അലക്കുകല്ലിൽ നനഞ്ഞ ധ്രിതി
അണച്ചു വീഴുന്നു .

വൈകുന്നേരത്തിന്റെ ആലസ്യത്തിൽ
വാതിൽക്കലൊരു പുഞ്ചിരി
കാക്കുന്നുണ്ട് ചേട്ടൻ .
പിള്ളേരുടെ പുസ്തകത്തിൽനിന്നും
ഒരന്യഗ്രഹജീവി
വാതില്തുറന്നു കടന്നുപോയ്

എല്ലാം കഴിഞ്ഞൊടുവിൽ
നിദ്രാദേവിയെ ചീത്ത വിളിച്ചു
ഘടികാരം തളരുമ്പോൾ ,
പഴംതുണി കെട്ടുപോലവൾ
അരികിലൊരു കയ്യാൽ ചുറ്റിയണച്ചു
ഉറക്കം തേടുമ്പോൾ
ചേട്ടന്റെ നിശ്വാസവായുവിൻ
നിമ്ന്ന്നോതികളിൽ
ഒരു തളർന്ന സ്വരം വന്നു വീഴും .
എനിക്കൊന്നുറങ്ങണം !.

ചേട്ടൻ ഇരുട്ടിനെ ശപിച്ചു തിരിഞ്ഞു കിടക്കും
ചുവരിലെ ഘടികാരം പോലെ
അവരുടെ ശ്വാസം മുറിയിൽ
ഇരുളിനെ പരിഹസിച്ചുകൊണ്ടേയിരിക്കുന്നുണ്ടാകും .
------------ബി ജി എൻ വർക്കല ------------

Thursday, September 26, 2013

ആദികാലം


പ്രിയേ
നമുക്ക് മലമുകളിലേക്ക് പോകാം
ആയാസങ്ങളുടെ ഭാണ്ഡം മറന്നു
പ്രതീക്ഷകളുടെ ചിറകിലേറി
സന്തോഷങ്ങളുടെ കുതിരപ്പുറത്തു .

അവിടെ നാം രണ്ടുപേർ മാത്രം
ആദിയിൽ മതം പറഞ്ഞ രണ്ടുപേരെ പോലെ
നമുക്ക് ആകാശത്തേക്ക് നോക്കി നില്ക്കാം
വസ്ത്രങ്ങളുടെ ബന്ധനമില്ലാതെ .

പുലരിയുടെ സുവർണ്ണ രശ്മിയെ നോക്കി
നമുക്ക് പിറവിയെ കുറിച്ച് സംസാരിക്കാം .
പുൽനാമ്പുകളിൽ പ്രതീക്ഷയുടെ
മഴവിൽ കണ്ണുകളെങ്ങനെ പിറക്കുന്നുവെന്നും.

ഉച്ചസൂര്യൻ നിറുകയിൽ തിളയ്ക്കുമ്പോൾ
ജലമെന്ന പ്രതിഭാസവും ,
ദാഹമെന്ന പ്രഹേളികയും കുറിച്ച്
ദാർശനികരെ പോലെ സംസാരിക്കാം .

സായന്തനം കണ്ണീരണിഞ്ഞു കവിളുകൾ നനയ്ക്കുമ്പോൾ
ചുവന്ന സൂര്യനെ നോക്കി നമ്മുക്ക്
മരണത്തെയും പ്രണയത്തിന്റെ സമാപ്തിയെ
ജീവിതം എങ്ങനെ കാണുന്നു എന്നും പറയാം .

ഇരുൾ നമ്മെ ചൂഴ്ന്നു തുടങ്ങുമ്പോൾ
വസ്ത്രങ്ങൾ തിരികെ ധരിച്ചു കൊണ്ട്
പരസ്പരം അഭിനന്ദനങ്ങൾ കൊണ്ട് മൂടാം .
ആലിംഗനം കൊണ്ട് അകലങ്ങൾ മറക്കാം .

പ്രണയവും രതിയും ജീവിതവും 
നമുക്ക് മറന്നേ പോവാം
ശരീരമില്ലാത്ത ആത്മാവുകളായി
സ്വർഗ്ഗ നരകങ്ങളുടെ ഭ്രമകല്പനകളിൽ
രാത്രിസൂര്യൻ ഉദിക്കാൻ മടിക്കുന്നതിനെ കുറിച്ച്
പരസ്പരം കാതുകളിൽ മന്ത്രിച്ചു ചിരിക്കാം .
---------------ബി ജി എൻ വർക്കല ------

Monday, September 23, 2013

ജീവിതപാഠം

"സ്നേഹിക്കുവാനെന്നെ പഠിപ്പിച്ച ജീവിതം
ചൊല്ലിത്തന്നില്ല ,
സ്നേഹം വേദന നല്‍കുമെന്ന് .
മോഹിക്കുവാനെന്നെ പഠിപ്പിച്ച മനസ്സ്
പറഞ്ഞിരുന്നില്ലൊരിക്കലും
മോഹങ്ങൾ മരീചികയാണെന്ന് .

ജനനത്തിനും മരണത്തിനുമിടയിൽ
നൂല്‍പ്പാലം കെട്ടി ട്രപ്പീസ് കളിക്കുമ്പോൾ
പാഠങ്ങൾ ഓർത്തുവയ്ക്കാൻ
മറന്നുപോയവരെത്രയോ പേർ !"
-----------------ബി ജി എന്‍ വര്‍ക്കല

Saturday, September 21, 2013

താര



റയിൽവേ സ്റ്റേഷനിലെ ഇരുളിൽ തണുത്ത ബഞ്ചിൽ ഒറ്റയ്ക്ക് ചാരിയിരിക്കവേ എന്റെ മനസ്സ് വല്ലാതെ പുകയുകയായിരുന്നു . കഴിഞ്ഞുപോയ നിമിഷങ്ങളുടെ മധുരവും നൊമ്പരവും പേറി ഇരിക്കവേ ഞാൻ പഴയകാലത്തിലേക്ക്‌ തിരിഞ്ഞു നോക്കി . ഈ കൊച്ചു ഗ്രാമത്തിലെ ചെറിയ ഈ സ്റ്റേഷനിൽ ഈ മടക്കയാത്രക്ക്‌ ഞനൊരുങ്ങവെ ഇവിടേയ്ക്ക് എന്നെ നയിച്ച സംഭവങ്ങളിൽ ഞാൻ ഒറ്റയ്കായിരുന്നില്ല . എന്നോടൊപ്പം താരയുണ്ടായിരുന്നു .
ആരാണ് താര എന്നൊരു ചോദ്യം നിങ്ങളിൽ ഉണ്ടായിക്കാണും എന്നും മനസ്സിലായി .
താര . കേരളത്തിന്റെ മലയോരഗ്രാമങ്ങളിൽ ഒന്നിൽ ലോകം കാണാതെ വളർന്ന ഒരു പെണ്ണ് . വിവാഹിതയും രണ്ടു മുതിർന്ന കുട്ടികളുടെ അമ്മയും ആയ താര എങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് ഞാൻ പറയാം .
സൌഹൃദത്തിന്റെ മുഖപുസ്തകത്താളുകളിൽ സ്ഥിരമായി കണ്ടുവന്ന ഒരു മുഖമായിരുന്നു താര . ആശുപത്രിയുടെ മുഷിപ്പിക്കുന്ന ഇടവേളകളിൽ ഗ്രമത്തിന്റെ ഭംഗി തന്റെ മൊബൈൽ ക്യാമറക്കണ്ണ്‍ കളിലൂടെ പകർത്തി പോസ്റ്റുകൾ ചെയ്തിരുന്ന താരയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ ചിത്രങ്ങളുടെ ചാരുതയും , ഗ്രാമീണതയുടെ വിശുദ്ധിയും ആണ് . 'തൊട്ടാവാടിയുടെ ചിത്രം' എടുത്തു പോസ്റ്റ്‌ ചെയ്യൂ എന്ന എന്റെ ആവശ്യം സാധിച്ചതിലൂടെയാണ് താര എന്റെ ജീവിതത്തിലേക്കും പ്രവേശിച്ചത്‌ .
നമ്മൾ പരസ്പരം വളരെ വേഗം അടുക്കുകയായിരുന്നു . മനസ്സുകൾ തുറന്നു നമ്മൾ . എന്റെ വിഷാദങ്ങളും ഏകാന്തതയും അകറ്റികൊണ്ട് അവൾ ഇപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു . അവളെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിരുന്നു . സ്വകാര്യ നിമിഷങ്ങളെ കുറിച്ച് പോലും നമ്മൾ പരസ്പരം സംസാരിക്കുമായിരുന്നു . ഒരിക്കലും പരസ്പരം നമ്മൾ കാണില്ല എന്നായിരുന്നു നമുക്കിടയിലെ ആദ്യ കരാർ . എന്നിൽ നിന്നും ഒന്നും അവൾ ആഗ്രഹിച്ചിരുന്നില്ല .
അവളുടെ വാക്കുകളിലൂടെ , ചിത്രങ്ങളിലൂടെ അവളുടെ ഗ്രാമവും , വയലേലകളും , കുന്നുകളും കാവും , കുളവും കൊച്ചു തോടും എല്ലാം ഞാൻ കണ്ടു പരിചയിച്ചു . ചിലപ്പോൾ നമ്മൾ കൊച്ചു കുട്ടികളാകുമായിരുന്നു. അവൾക്കു പിന്നാലെ ഓടുന്ന , അടി കൂടുന്ന , കെട്ടിമറിയുന്ന കൊച്ചു കുട്ടികൾ . ചിലപ്പോൾ അവളെനിക്കു അമ്മ ആകുമായിരുന്നു . മടിയിൽ കിടത്തി വാത്സല്യത്തോടെ എനിക്കവൾ മുലയൂട്ടുമായിരുന്നു . അവളുടെ വയറിൽ ഇക്കിൾ ഇട്ടും പുക്കിൾച്ചുഴിയിൽ  മുത്തമിട്ടും ഞാൻ അവളെ ശല്യം ചെയ്യുമായിരുന്നു .
ഒരു പരുക്കനെ പോലെ വിവാഹ ദിനം മുതൽ ഇന്നോളം അവളെ ആഹരിച്ചിരുന്ന ഭർത്താവിനെ അവൾക്ക്   സ്നേഹിക്കാൻ കഴിയുന്നില്ല എന്നവൾ എന്നോട് വ്യെസനത്തോടെ എത്രയോ വട്ടം പറഞ്ഞു . സ്നേഹപൂർവ്വം ഒരു ചുംബനം പോലും അവൾക്കു കിട്ടിയിരുന്നില്ല . ഉറങ്ങാൻ വരുമ്പോൾ , അയാൾ ഉറങ്ങാൻ വേണ്ടി അവൾ മനപ്പൂർവ്വം വൈകാറുണ്ടായിരുന്നു എന്നും . പക്ഷെ എന്നാൽ പോലും ഉറക്കത്തിനിടയിലെ ഒരു സ്പർശനം പോലും ചിലപ്പോൾ  അയാളിൽ ഉറങ്ങുന്ന  വികാരത്തെ ഉണർത്തുകയും പാതി വേർപെടുന്ന വസ്ത്രങ്ങൾക്കിടയിലൂടെ ധ്രിതിപിടിച്ചു ശത്രുവിനോടെന്നപോലെ അമർത്തിയും കശക്കിയും പുറത്തേറി ഒരു അശ്വമേധം . പിന്നെ തിരിഞ്ഞു കിടന്നു തലവഴി പുതപ്പു മൂടി  സുഖമായി ഉറക്കം .
യാന്ത്രികമായ ഈ ചലനങ്ങൾക്ക് ശേഷം കണ്ണുകൾ നിറഞ്ഞു ശരീരമാകെ നീറി പുകഞ്ഞു ഇരുളിലേക്ക് നോക്കി ഒരു ഉത്തമ ഭാര്യയുടെ വിഡ്ഢിവേഷത്തിൽ അവൾ മയക്കം വരാതെ കിടക്കാറു ണ്ടായിരുന്നു .
ചില പ്രഭാതങ്ങളിൽ അവളുടെ സന്ദേശം എന്നെ തേടി എത്തുമ്പോൾ അതിൽ വിഷാദത്തിന്റെ വേദന പടർന്നു കിടക്കുന്നുണ്ടാകും . 'എനിക്ക് നീറ്റൽ സഹിക്കുന്നില്ല' എന്ന സന്ദേശം എന്റെ മനസ്സില്  ഒരു മുള്ള് കൊണ്ടത്‌ പോലെ കുരുങ്ങി കിടന്നു പലപ്പോഴും .
അയാള് മദ്യപിച്ചു വരുന്ന ദിവസങ്ങളിൽ  സ്വീകരണമുറിയിലെ സോഫയിൽ കിടന്നവൾ പാതിരായ്ക്കെനിക്ക് മെസ്സേജ് തരും ഇന്ന് ഞാൻ രക്ഷപ്പെട്ടു എന്ന് . അന്നവൾ ഉറങ്ങുക അവിടെ ആകും .
എന്റെ അവധിക്കാലം ആയി എന്ന് കേട്ടപ്പോൾ മുതൽ അവൾ ദിവസങ്ങൾ  എണ്ണാൻ തുടങ്ങി. ഇനി നിന്നെ എന്റെ അടുത്ത് കിട്ടുമല്ലോ . എനിക്ക് നിന്നോട് ഇപ്പോഴും സംസാരിക്കാമല്ലോ എന്നൊക്കെ ഉള്ള അവളുടെ സന്തോഷം നിറഞ്ഞ വാക്കുകൾ  കേൾക്കുമ്പോൾ എന്റെ അവധി എന്നെക്കാളും അവളെയാണ് സന്തോഷിപ്പിക്കുന്നത് എന്നോർത്ത് ഞാൻ പുളകം കൊണ്ടു  .
നാട്ടിൽ എത്തിയ ഉടനെ എന്റെ ഫോണിൽ നിന്നും ഞാൻ ആദ്യം വിളിച്ചത് അവളെ ആയിരുന്നു . ഒടുവിൽ  ദിവസങ്ങളുടെ നൂല്പ്പട്ടം ആകാശത്തു അലഞ്ഞു തിരിയുന്ന ഒരുനാളിൽ ഞാൻ അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ കാണണം .
എന്റെ വാക്കുകൾ അവളിൽ സന്തോഷമുണർത്തി . ഒരു പക്ഷെ അവൾ ആശിച്ചിരുന്നിരിക്കാം എന്നിൽ നിന്നൊരു ചോദ്യം അങ്ങനെ .
മനസ്സില് നിറയെ ആശ്ചര്യവും ഉദ്യേഗവുമായി ഞാൻ അവളുടെ ഗ്രാമത്തിൽ എത്തി . നീണ്ട ട്രെയിൻ യാത്രയുടെ മടുപ്പുകൾ ഗ്രാമത്തിന്റെ സുഗന്ധവാഹിയായ മാരുതൻ കവർന്നെടുത്തു .
അവളെ ആദ്യമായി കാണുന്ന ത്രില്ലിൽ ആയിരുന്നു ഞാൻ . ബസ്സുകൾ മാറികേറി ഒടുവിൽ ഞാനെത്തുമ്പോൾ റോഡരികിൽ വിടർന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി അവൾ ഉണ്ടായിരുന്നു . സംസാരത്തെക്കാൾ അവൾ എന്നെ നോക്കാൻ ആണ് കൂടുതൽ സമയം എടുത്തത് . അവളുടെ വാക്കുകൾ ലോകം കീഴടക്കിയ ഒരു ചക്രവർത്തിയുടെതിലും അപ്പുറം സന്തോഷപ്രദം ആയിരുന്നു .
അവളുടെ വീട്ടിൽ എത്തുമ്പോൾ ആരുമില്ലായിരുന്നു . എല്ലാരും ഒരു വിശേഷത്തിനു പോയിരിക്കുന്നു വൈകിട്ടെ ഇനി വരൂ.
ആ വലിയ വീട്ടിൽ  ഞാനും അവളും മാത്രം . വിശാലമായ പറമ്പ് ആളനക്കമില്ലാത്ത ഒരു തുരുത്ത് പോലെ . അതിനു നടുവിൽ  ഈ ഒരു വീട് മാത്രം . അടുത്ത വീട് വളരെ അകലെയായിരുന്നു . വീടിനുള്ളിൽ കയറിയതും അവൾ കതകടച്ചു . തിരിഞ്ഞ അവളെ പൊടുന്നനെ ആണ് ഞാൻ വാരിപ്പുണർന്നത് . അതുവരെ മനസ്സിൽ  ഇല്ലായിരുന്ന ഒരു ചിന്ത ആയിരുന്നു അത് . അടക്കി വച്ച സങ്കടങ്ങൾ ചൊരിയും പോലെ എന്റെ തോളിൽ മുഖമാമർത്തി  അവൾ വിങ്ങി വിങ്ങി കരയുകയായിരുന്നു അപ്പോൾ . ദീർഘനേരം നമ്മൾ അങ്ങനെ ആലിംഗനത്തിൽ മുഴുകി നിന്ന് . പിന്നെ പതിയെ അവൾ വേർപെട്ടു എന്നിട്ട് എന്റെ മുഖത്ത് നോക്കാൻ നാണം പോലെ .
' വരൂ ചായ കുടിക്കാം' എന്നുള്ള ക്ഷണത്തോടെ അവൾ എന്നെ ഊണ് മുറിയിലെക്കു ക്ഷണിച്ചു.
ചായയും കാപ്പിയും തന്നു അവൾ എന്റെ അരികിൽ  ഇരുന്നു . അവളുടെ മിഴികളിൽ നോക്കിയപ്പോൾ നക്ഷത്രങ്ങൾ  പോലെ അവ ചിമ്മുന്നുണ്ടായിരുന്നു . ആ മിഴികളിലെ സ്നേഹവും സന്തോഷവും കവർ ന്നെടുക്കാൻ എനിക്ക് കൊതിയായിപോയി . ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്നെ വീടിനകവും പരിസരവും നടന്നു കാണിച്ചു തന്നു . ഒടുവിൽ  നമ്മൾ അവളുടെ ബെഡ് റൂമിൽ  എത്തി . അവളുടെ കിടക്കയിൽ ഞാൻ ഇരുന്നപ്പോൾ അവൾ നാണത്താൽ എന്റെ മുന്നിൽ  നിന്നതെ ഉള്ളൂ . ഞാൻ അവളെ പിടിച്ചു അടുത്തിരുത്തി . അവളുടെ വിരലുകൾ  കയ്യിലെടുത്തു  ഞാൻ തടവിക്കൊണ്ടിരുന്നു . ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു . ഒടുവിൽ  ഞാൻ അവളോട്‌ ചോദിച്ചു 'താരെ ഞാൻ നിന്റെ മടിയിൽ  കിടന്നോട്ടെ' എന്ന് . അവൾ നാണത്തോടെ സമ്മതിച്ചു . അവളുടെ മടിയിൽ  കിടന്നു മിഴികളിൽ നോക്കി ഞാൻ ചിരിച്ചു . എന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകൾ ഓടി നടന്നു . പതിയെ നമ്മിലേക്ക്‌ മറ്റൊരു വികാരം ഉയരുന്നത് ഭയത്തോടെ നമ്മൾ തിരിച്ചറിഞ്ഞു . പക്ഷെ അതിനെ തടയാൻ രണ്ടുപേരും അശക്തരായിരുന്നു . നിമിഷങ്ങൾക്ക് തീപിടിച്ചപ്പോൾ എന്റെ വിരലുകൾ  അവളുടെ ഉടയാടകളുടെ കുടുക്കുകൾ അഴിക്കുകയായിരുന്നു . അവളുടെ അധരങ്ങളിൽ ഞാൻ അമർത്തി ചുംബിച്ചപ്പോൾ അവളിൽ  നിന്നും ഒരു ദീർഘനിശ്വാസം ഉയരുന്നു . എന്റെ അധരങ്ങൾ ഒരു സഞ്ചാരിയെ പോലെ അവളുടെ ശരീരത്തിലൂടെ എന്തോ തേടി നടന്നു . ഒടുവിൽ  ഞാൻ അവളുടെ മുകളിലേക്ക് അമരുമ്പോൾ അവൾ എന്നെ ഇറുകെ പുണർന്നു . എന്റെ പുറത്തു അമർന്ന അവളുടെ നഖങ്ങൾ അവളുടെ സ്നേഹമെന്നോടു  പറയുന്നുണ്ടായിരുന്നു . വികാരമൂർച്ചയിൽ എന്റെകാതിലേക്ക് ശീൽക്കാരം അവളുടെ വിളിയൊച്ച നിറഞ്ഞു . "കണ്ണാ....." .
ഗുരുവായൂരിൽ എല്ലാമാസവും പോയി കണ്ടു പരിഭവം പറഞ്ഞിരുന്ന അവളുടെ കണ്ണനായിരുന്നു ഞാൻ അപ്പോൾ . വിയർപ്പിൽ കുളിച്ചു രണ്ടുപേരും അകലാനാകാതെ ഒട്ടിചെർന്നു പിന്നെയും കുറെ നേരം അങ്ങനെ തന്നെ കിടന്നു .
അവളുടെ കയ്യും പിടിച്ചു അവൾ പരിചയപ്പെടുത്തിയ ഇടവഴികളും ,പാടങ്ങളും കുന്നും, തോടും കുളവും കാവും എല്ലാം നടന്നു കാണുമ്പോൾ നമ്മൾ കുഞ്ഞുങ്ങൾ  ആകുകയായിരുന്നു . മഞ്ചാടിക്കുരു കാണിക്കുമ്പോൾ അവളിൽ  അഞ്ചു വയസ്സുകാരിയുടെ സന്തോഷം ഞാൻ കണ്ടു.
ഉച്ചവരെ കറങ്ങി നടന്നു തൊടിയിലാകെ . പിന്നെ അവൾ എന്നെ അറികത്തിരുത്തി ഊട്ടി . പിന്നെയുമൊരിക്കൽക്കൂടി അവളുടെ കിടക്കയിൽ മറ്റൊരു പ്രണയഗാനം . വൈകുന്നേരം വരെ അടുത്തിരുന്നും കിടന്നും നമ്മൾ ഒരുപാട് പറഞ്ഞു . ഒടുവിൽ  വൈകുന്നേരം തിരികെ എന്നെ  യാത്ര അയക്കുമ്പോൾ താരയുടെ മിഴികൾ  നിറഞ്ഞിരുന്നു . തേജസ്സു മങ്ങിയ ആ മിഴികളെ നേരിടാൻ ആകാതെ ഞാൻ ആദ്യം വന്ന വാഹനത്തിൽ തന്നെ കയറി .
ഇപ്പോൾ തിരികെ നഗരത്തിലേക്ക് ഉള്ള യാത്രയ്ക്കായി ഈ റയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുമ്പോൾ അവൾ എന്നെ വിളിച്ചു .
"കണ്ണാ ,നീയാണെന്റെ പുരുഷൻ  . ഞാൻ ആദ്യമായറിഞ്ഞവൻ . എന്നെ ആദ്യമായി സ്നേഹിച്ചവൻ . നിന്റെ ചുംബനം പോലൊന്നെനിക്കെന്റെ ഭർത്താവ് തന്നിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ എത്ര സ്നേഹിച്ചിരുന്നെനെ..!" .
അവളുടെ വാക്കുകൾ  നിലയ്ക്കുന്നേയില്ല . ഒടുവിൽ  ഫോണ്‍ കട്ട് ആകുമ്പോഴും  അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു .
എന്റെ മിഴികൾ  നിറയുന്നു . ആ സ്നേഹമോർത്തു എന്റെ ഹൃദയം നോവുന്നു . തിരികെ അവൾ ക്കരികിലേക്ക് ചെല്ലുവാനും , അവളെ പിടിച്ചു ഇറക്കി കൂടെ കൊണ്ട് വരാനും എന്റെ മനസ്സ് പിടയ്ക്കുന്നു . പക്ഷെ അവൾ മരിക്കുംവരെ ആ  മനുഷ്യന്റെ  ഭാര്യ ആയിരിക്കും എന്ന് മനസ്സിൽ കരുതിയാണ് വിവാഹത്തിലേക്ക് വന്നത് അതിനാൽ  അവൾ വരില്ല എന്ന് മുൻപ് തന്നെ പറഞ്ഞിരുന്നത് ഞാൻ പെട്ടെന്നോർത്തു പോയി .
നിസ്സംഗതയോടെ ഈ തണുപ്പിൽ  ഏകാനായിരികുമ്പോൾ ഞാൻ മനസ്സ് കല്ലാക്കാൻ ശ്രമിച്ചു .
ഒറ്റയാന്റെ മനസ്സുമായി തിരികെ പോകുമ്പോൾ പക്ഷെ അവളെന്റെ ഹൃദയത്തിൽ ഇറുകെ പിടിച്ചിരുന്നു . പിരിയാൻ കഴിയാതെ .
----------------------ബി ജി എൻ വർക്കല ---------------------

സഖീ നിനക്കായ്


ഒരു ചുംബനംകൊണ്ട് തോരാത്ത കണ്ണീർ-
തുള്ളികളാ കവിളുകളെ നോവിക്കുമെങ്കിൽ ,
പകരമിതെന്തു നല്കുവാൻ പ്രിയേയെൻ -
വ്രണിത ഹൃദയം നുറുങ്ങുവതറിയൂക  നീ.

ഒരു ചെറുകാറ്റിൻ രവമിന്നു നിന്നുടെ -
നിദ്രയെ അലോസരമാക്കുന്നുവെങ്കിൽ,
ജാലകവിരിയിലെ നേരത്ത വിഷാദമായ്
ഞാനരികിലുണ്ടെന്നോർക്കുക നീ പ്രിയേ .

ഒരു കുഞ്ഞുമന്ദഹാസം വിരിയുമീ
അധരങ്ങൾ പൂത്തുവിടർന്നുവെങ്കിൽ !
അതുമതിയോമലേ അമരുവാനീ
മൃതിയുടെ കയ്യിലാമോദമാവോളം .
----------- ബി ജി എൻ വർക്കല -----

Tuesday, September 17, 2013

നഗരത്തിന്റെ തിരുവോണം


ഇത് നഗരത്തിന്റെ ഓണം
പ്ലാസ്റ്റിക്ക് പൂവുകളില്‍
അത്തച്ചമയം തീര്‍ക്കുന്ന
പായ്ക്കറ്റ് സദ്യയുടെ
പൊന്നോണം .

ചതുരക്കട്ടകള്‍ക്കുള്ളില്‍
വിയര്‍ത്തും വിതുമ്പിയും
ആകാശക്കീറിന്റെ
തുണ്ടില്‍ വല്ലപ്പോഴും കാണുന്ന
പൊന്നമ്പിളിയെ നോക്കി
സ്വപ്നം കാണുന്നവന്റെ
ഗതകാല സ്മരണയാണ്
നഗരത്തിലെ ഓണം .

മണല്‍വിരിപ്പുകളോ
കെട്ടിട സമുച്ചയങ്ങളോ
കണ്ടും പരിചയിച്ചും
വേഗതയുടെ ചിറകില്‍
സമയത്തെ തോല്പിക്കുന്നവരുടെ
ഇന്‍സ്റ്റന്റ് ഓണം .

വാരാന്ത്യങ്ങളുടെ
കൂട്ടായ്മയില്‍
പൊങ്ങച്ചങ്ങളുടെ സഞ്ചി തൂക്കി
അളവെടുത്തും കണ്ണെറിഞ്ഞും
നഷ്ടപ്പെട്ട ഓര്‍മ്മകളെ
ചക്കിലിട്ടാട്ടുന്ന
മദ്യത്തിന്റെയും
പൊതുസദ്യയുടെയും
ഓണം .

നഗരമാലിന്യങ്ങളുടെ
ദുര്‍മേദസ്സുകളടിഞ്ഞുകൂടിയ
തിരുവാതിരകളുടെയും
വടംവലികളുടെയും
മാവേലി കോമാളിത്തത്തില്‍
മംഗ്ലീഷ് കുട്ടികളുടെ
കൌതുകങ്ങളുടെ ഓണം .

മലയാളിയെ
മലയാളമറിയാതെ
മലയാളിയാക്കുന്ന
മലയാളത്തിന്റെ ഓണം .!
---------ബി ജി എന്‍ വര്‍ക്കല -- ---

Sunday, September 15, 2013

പൊന്നോണം


പച്ചമണ്ണുണങ്ങാതെ
വിണ്ടുകീറുന്നഭൂമിയുടെ
അടിത്തട്ടില്‍ 
തണുപ്പില്‍ ഉറഞ്ഞു കട്ടിയാകുമ്പോഴും 
 വിതുംബുന്നൊരു മനസ്സ് 
നീതിയുടെ കണ്ണ് തുറക്കാന്‍ .

വേദനകോലായില്‍ 
തെക്കോട്ട്‌ നോക്കി കരയുന്ന 
അമ്മതന്‍ മാറിടം വിങ്ങിപ്പൊട്ടുന്നു 
ഒരിറ്റു മുലപ്പാല്‍ തൂവിക്കൊണ്ട് .
വിശപ്പിന്റെ വിളി
കൊളുത്തിവലിക്കുന്ന 
കാടിന്റെ നിലവിളിക്കൊപ്പം .

തെരുവോരത്ത് 
ക്യാമറക്കണ്ണുകളില്‍
പിടഞ്ഞു തീരുന്നുണ്ട് 
ജീവന്‍വിട്ടുപോകാന്‍മടിക്കും  
ആത്മാക്കള്‍ !

കാഴ്ചകളുടെ ശീവേലികളില്‍
നുരയുന്ന ചക്ഷകങ്ങളും 
തൂശനിലയും 
തുമ്പി തുള്ളലുമായി 
താരകങ്ങള്‍ക്കൊത്തു
അധികാരം
ആഘോഷിക്കുന്നുണ്ട് 
സമൃദ്ധിയുടെ പൊന്നോണം !

ആശംസകളുടെ ആരവങ്ങള്‍ 
പട്ടുടുപ്പിന്റെ പളപളപ്പു 
ഡംഭിന്‍റെ ആഘോഷച്ചമയങ്ങള്‍ 
ഇവയ്ക്കിടയില്‍ എങ്ങോ 
ദൈന്യതയുടെ മിഴിചെപ്പുകളുമായി 
ഒരു നേരത്തെ അന്നത്തിനു 
കൈനീട്ടുന്നു 
നാളെയുടെ വാഗ്ദാനങ്ങള്‍ 
അവര്‍ക്ക് നേരെ ചൊരിയാം 
ഓണാശംസകള്‍ !
-------------ബി ജി എന്‍ വര്‍ക്കല ------------





പ്രണയമിഴികൾ

വ്യഥയുടെ വിരഹരാവുകൾക്കപ്പുറം
രണ്ടു നക്ഷത്രപ്പൂവുകൾ ചിരിക്കുന്നു .
നാണത്തിൽ മുങ്ങിയെൻ മിഴികളിൽ
കൊരുക്കാതെ കൊരുക്കുന്നു നീ സഖീ .

മുല്ലപ്പൂവിരിയും സ്നിഗ്ധമന്ദഹാസങ്ങളിൽ
എള്ളിൻപൂപോലാ നാസികാഗ്രങ്ങളിൽ
സ്നേഹത്തിന്റെ കണ്ണാടികവിളുകളിൽ
നിന്റെ പ്രണയം ദർശിക്കുന്നു ഞാൻ .

പിൻകഴുത്തിൽ പതിയുമീ നിശ്വാസം
പിന്നിൽ പതുങ്ങി നില്ക്കുമീ -
കുറിഞ്ഞി പൂച്ചതൻ കുസ്രിതികൾ .
എന്റെ ശ്വാസവേഗങ്ങളിൽ നീ
സ്നേഹത്തിന്റെ പരാഗം കൊരുക്കുന്നു .

പ്രണയിക്കുകയാണ് നമ്മൾ യുഗത്തിന്റെ
പരിണാമഗുപ്തികളിലെങ്ങു നിന്നോ .
നീരൊഴുക്കിൽ നിന്നും മഹാനദീ പ്രവാഹമായി
കടലിനെ  തേടുന്നു നമ്മളൊന്നിച്ചിന്നു .
--------------ബി ജി എൻ വർക്കല ----

Wednesday, September 11, 2013

വെറും ചിന്തകൾ


മനസ്സിലേക്ക് മഞ്ഞു തുള്ളി പോലെ പൊഴിഞ്ഞു വീഴുന്ന സ്നേഹത്തിന്റെ പുഞ്ചിരി ആണ് ജീവിതം ഇനിയും നീട്ടികിട്ടാൻ ആഗ്രഹിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകം . സ്വപ്നങ്ങളുടെ മേഘപാളികളിൽ ജീവിക്കുന്ന മനസ്സിന് എന്നും അസംതൃപ്തി മാത്രം . കാണുവാൻ മോഹം , കണ്ടാൽ ഒന്ന് മിണ്ടുവാൻ ,മിണ്ടിയാൽ ഒരു ചുംബനം , പിന്നെ പിന്നെ ആഗ്രഹങ്ങൾ മുന്നോട്ടു നീങ്ങിക്കൊണ്ടേ ഇരിക്കുന്നു . ഒരിക്കലും സംത്രിപ്തം ആകാത്ത ആ മനസ്സിനെ ചങ്ങലക്കിടുവാൻ കഴിയുക എന്നാൽ ആഗ്രഹങ്ങളെ ബന്ധിച്ചു
എന്നർത്ഥം  .
വിരസതയുടെ രാപ്പകലുകളിൽ നമ്മൾ അന്യോന്യം നഷ്ടക്കണക്കുകൾ കൂട്ടി വയ്ക്കുമ്പോൾ , തുലാസിൽ ആ
ക്കാണ് കൂടുതൽ ഭാരം എന്നതിന് ആണ് നാം ശ്രദ്ധ കൊടുക്കുന്നത് . എത്ര കൊടുക്കുന്നു എന്നല്ല എത്ര വാങ്ങുന്നു എന്നതാണ് പ്രധാനമായും ഓരോരുത്തരും നോക്കുന്നത് . മനസ്സറിഞ്ഞു കൊടുക്കുന്നതും പിടിച്ചു വാങ്ങുന്നതും രണ്ടാണ് . പലപ്പോഴും ജീവിതത്തിൽ നമ്മൾ നക്ഷ്ടങ്ങൾ മാത്രം എണ്ണി നോക്കി സമയം ചിലവഴിക്കുന്നു . നമുക്ക് വേണ്ടത് സ്വന്തം സുഖം , ആഗ്രഹപൂർത്തീകരണം എന്നിവയ്ക്ക് മാത്രം ഉള്ള പ്രാധാന്യം ആകുന്നു .വഴിപാടു പോലെ ഒരു ജീവിതം ജീവിച്ചു തീർക്കുന്നവർ ഉണ്ട് . ലോകത്ത് മറ്റൊന്നിനോടും പ്രതിപത്തിയോ സ്നേഹമോ ഇല്ലാതെ , സ്വന്തം കൂടിനുള്ളിൽ കഴിയുന്ന ചിലർ . വഴങ്ങിക്കൊടുക്കുക എന്നതിനപ്പുറം ഒന്നും തന്നെ അവരിൽ ജനിക്കുന്നില്ല . ജനിച്ചു പോയി ഇനി മരിക്കുവോളം ഇങ്ങനെ അങ്ങ് പോകട്ടെ എന്ന് കരുതുന്ന ചിലർ . പരസ്പരം ഒരു വാക്കിലൂടെ , ഒരു നോട്ടത്തിലൂടെ ,ഒരു സ്പർശനത്തിലൂടെ അറിയാൻ ശ്രമിക്കാതെ പോകുന്നവർ . ഒരേ കിടക്കയിൽ ഇരു  ധ്രുവങ്ങളിൽ സഞ്ചരിക്കുമ്പോഴും ഒന്നിച്ചു രമിക്കുന്നവർ , പരസ്പരം കെട്ടിപ്പിടിച്ചുറങ്ങുമ്പോഴും, നീ എന്റെ പ്രിയപ്പെട്ടത് എന്ന് പറയുമ്പോഴും ആത്മാവിൽ വഞ്ചനയുടെ പുഞ്ചിരി ഒളിപ്പിക്കുന്നവർ . ജീവിതം എത്ര കുതൂഹലം ആണ് . പരിസരങ്ങളിലെ പാരസ്പര്യങ്ങളിലെ കടപടതകളെ അടുത്തറിയുമ്പോൾ ആണ് ജീവിതത്തിന്റെ പരിഹാസ്യത മനസ്സിലാക്കാൻ കഴിയുക ....
-------------------------------------------------ബി ജി എൻ വർക്കല



Monday, September 9, 2013

രാഗവേദന


വേദനയുടെ ഇരുളൾ മുഖങ്ങളിൽ ,
പുഞ്ചിരിയുടെ പൗർണ്ണമിരാവുകളിൽ ,
സ്നേഹത്തിന്റെ മ്രിദുസ്പർശങ്ങളിൽ ,
നിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നെങ്കിൽ !

ഒരു കുഞ്ഞു ചുംബനപൂവാലെൻ മനസ്സിൻ
അരയാലിലകളെ ശാന്തമാക്കൂ .
ഒരു മധുരമൊഴിതൻ മാസ്മരികതയാൽ
എന്നിരുളലയകറ്റുമോ പെണ്കിടാവേ .?

ഒരു തരുലതപോൽ എന്നെ വരിയുന്ന
കരതലമോന്നു ഞാൻ കനവു കാണെ .
അരുതരുത് നീയെൻ വേദനകാടിൻ
അഴിമുഖം അഗ്നിയാൽ എരിച്ചിടൊല്ലേ .

അരണി കടയുന്നതുണ്ട് ഞാനുള്ളിലെ
ശീതചിന്തകൾ ഉരുക്കികളയുവാൻ .
ആവതില്ല നിൻ സാന്നിദ്ധ്യമില്ലാതെ
ആഴിയിൽ വീണുരുകുവാൻ പോലുമേ .

കാണുവാനാകാത്ത സൗന്ദര്യമൂഴിയിൽ
വ്യെർത്ഥം നിഷ്ഫലം മരുജലം പോലെയും .
വിടരുവാൻ സൂനം കൊതിക്കുന്നതെന്നുമേ
ഭ്രമരം നുകരുവാൻ വരുമെന്നോരാശയാൽ .

മാംസപുഷ്പങ്ങളിൽ മധു നുകരുവാനൊരു
കേവലധ്യാനമല്ലിന്നെന്റെ ജീവിതം .
വീണടിയേണം തമസ്സിന്റെ മടിയിലെ
മുഗ്ദ്ധമാം സ്നേഹത്തിൻ സാന്ത്വനവിരൽ തേടി .

വാഴനാരല്ല ഞാൻ തേടൂ സഖീ നിൻ ചാരെ -
ഒരു കൂട് കൂട്ടി വസിക്കുവാൻ ആശിപ്പൂ .
തേടുവതൊരു പുതുജീവിതമല്ലയെൻ, പോയ -
കാലത്തിൻ മധുരമതൊന്നുമാത്രം  തരിക .

തരുവാനൊരു മനമില്ലെങ്കിലീ ജീവിത -
മരുഭൂമിയിൽ ഒന്നും കരഗതമല്ലറിവൂ.
അകതാരിൽ സ്നേഹമുണ്ടെങ്കിലെനിക്കേകും
മുടിനാരുപോലും ദിവ്യമെന്നൊമലേ.

കാലം നല്കിയോരീ ചമത്കാരമൊന്നുമെ
കാരണമാകുന്നില്ല എൻ രാഗബിന്ദുവിൽ .
നിഴൽ വീഴ്ത്തി അകലുവാൻ കഴിയില്ലറിയാ-
മെന്നാലും പറയാതകലുന്നതെങ്ങനെ ഞാൻ .
----------------------------ബി ജി എൻ വർക്കല

Saturday, September 7, 2013

കുഞ്ഞു കവിതകള്‍

അറിയാതെ പ്രണയത്തിൻ
നെരിപ്പോടിൽ വീണിതാ -
വാടുന്നതീ നവ കുസുമങ്ങൾ പാരിലായി .
വെളിച്ചം തേടി പറക്കും മഴപ്പാറ്റയെപോൽ
************************
പൊട്ടിക്കരയാനാകാതെ വിങ്ങുന്നുണ്ട്
മഴമേഘങ്ങൾ ആകാശച്ചരുവിൽ ...!
കുത്തിയൊലിക്കുവാൻ ആകാതെ
വിങ്ങുന്ന അഗ്നിപർവ്വതങ്ങൾ പോലെ .
 ***************************
തെരുവുകളിൽ ആർഭാടത്തിന്റെ
കർപ്പൂരം പുകയുമ്പോൾ
കുടിലുകളിൽ വ്യാധിയുടെ
മ്രിത്യുഗന്ധം നിറയുന്നു .......!
***********************
ചിലതൊക്കെ അങ്ങനെ ആണ് .
അപ്രതീക്ഷിതമായാകും ലഭിക്കുക .
ഒരു നിമിഷത്തേക്ക് മാത്രമാകും അത് കരസ്ഥവും
പക്ഷെ ഒരു ജന്മം മുഴുവന്‍ അതോര്‍മ്മയായി നില്‍ക്കും .
*****************
വിരസമാർന്ന പ്രണയങ്ങള്‍ക്കും ,
ചപലതകൾക്കും   ജീവിതം 
ഒരു പാഴ്ചെടി പോലെ ആണ് . 
*****************
ചുംബിച്ചു തീരാതെ മണ്ണിന്റെ മാറില്‍ 
ഞാന്‍ തിരയുന്നതെന്തിത് നീളെ .........! 
******************************
ഇരുളിന്നിടനാഴിയിലൊരു ഗദ്ഗദം ..!
ഇടറും കാലടികളിലൊരു ജീവിതം ..!
മുരടിച്ച മനസ്സിലൊരു കൈത്തിരി .
ഇനിയും വരികില്ലെന്നോ ഒരു പ്രഭാതം ..? 
-------------ബി ജി എന്‍ വര്‍ക്കല -----

പ്രണയം സുഗന്ധം പരത്തുമ്പോള്‍

നീലവിരിയിട്ട ജാലകപാളിയില്‍
മാരുതന്‍ വന്നു മുട്ടുന്ന രാവിലീ
ശാരിക പൈതലേ മിഴികള്‍ പൂട്ടുക
നിന്‍ ചാരത്ത് ഞാനുണ്ട് മഞ്ഞുമുണ്ട്

മാടിയൊതുക്കിയോരീ അളകങ്ങള്‍ കാറ്റിന്റെ
ചുണ്ടില്‍ പടര്‍ന്നു സുഗന്ധമാകവേ
നിന്നിലെ നിദ്രതന്‍ സംഗീതമാമിരുള്‍
കാറ്റിന്റെ ഈണത്തില്‍ വീണലിഞ്ഞു

ഒരു വാക്കിന്‍ മുനയില്‍ കുരുങ്ങി ഞാന്‍ 
ഒരുവേള മറുവാക്ക് കാണാതെ പോയിതെന്നാല്‍
മഴതോര്‍ന്നിരുളുമീ ഇറയത്തു ഞാനൊരു 
ശരറാന്തലായിനി എരിഞ്ഞു തീരാം .

എന്നില്‍ വിരിയുന്ന പ്രണയത്തിന്‍ പൂവില്‍ 
 നിന്നൊരു തുള്ളി സുഗന്ധം കടമെടുക്കാന്‍
വെയിലേറ്റു വാടുമീ മനതാരില്‍ നിന്നുടെ 
മൃദു മന്ദഹാസം നിലാവായി വിരിയുമെങ്കില്‍ .

ഹൃദയമേ മയങ്ങുകെന്‍ ചാരത്തു നീയിന്നീ 
ഇരുളിന്റെ വേഷം മറന്നുകൊണ്ട്
പുലരി നിന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ 
പുഞ്ചിരി നിറച്ചു നീ കണ്‍ തുറക്കൂ.

സുഗന്ധമായി നീ എന്നെ പുണരുമെങ്കില്‍
അര്‍ദ്ധനീലിമാമിഴികള്‍ ചേര്‍ത്തൊരു 
മുഗ്ധചുംബനം നല്‍കുന്നു രാവില്‍ . 
ഇനി നീ മയങ്ങൂ
ദാഹ ശരം നീളും അധരങ്ങളെ ഞാന്‍ 
നിന്നെ എങ്ങനെ കണ്ടില്ലെന്നു പറയും

ഞാന്‍ ഉരുകി വീഴും മഞ്ഞു തുള്ളിയാകുന്നു
ഒരു വേനലായി നിന്നില്‍ അലിഞ്ഞിരുന്നെങ്കിലെന്‍ 
പടുജന്മം മറ്റൊന്ന് കൊതിക്കയില്ലോമനെ
------------ബി ജി എന്‍ വര്‍ക്കല -----

വര്‍ണ്ണാന്ധതയുടെ നിറക്കാഴ്ചകള്‍

കനവു കണ്ട പകലുകളൊന്നുമേ
ഇരവുകള്‍ക്കപ്പുറം യാത്രയില്ലാതാകവേ
വെറുമൊരു ശൂന്യബിന്ദുവായി മാറുന്നീ -
ലോകവും അതിലെവിടെയോ ഞാനും .

അലയുവാന്‍ വിധിച്ചോരീ ജന്മമേ
പകിടയായ് തന്നോരീ ചുവടുകളുമായ്
കളങ്ങള്‍ മാറി വെട്ടിയും ചത്തുംനിന്‍
പതിതമാം യാത്ര എന്നവസാനിക്കും ?

ഉള്‍ക്കടലിലൊരു പായ്ക്കപ്പല്‍ , കാറ്റിന്‍ -
കരങ്ങളില്‍ , തുഴയേതുമില്ലാതെന്നപോല്‍
അമരത്തു നില്‍പ്പുണ്ടോരാള്‍ വിഹ്വലം
മിഴികളില്‍ ദൈന്യ കരിപുരണ്ടങ്ങനെ.

ഇലപൊഴിയും മഴക്കാറു കണ്ടതില്‍
ഹൃദയഭാരം തെല്ലൊന്നൊതുക്കവേ
പെരുമഴക്കാലമിടിമിന്നലിനുള്ളില്‍
കാഴ്ചകള്‍ക്ക് തിമിരമേറ്റുന്നുവോ ?

അറവുകാരന്‍ തന്‍ കത്തിയിന്നെവിടെയോ
സംസാരസാഗരത്തിലാഴ്ന്നു പോകവേ
തിരമാലകള്‍ തന്‍ കയ്യിലമര്‍ന്നൊരു  വെള്ളി -
ചിലമ്പ് ചിലക്കുന്നു മൌനത്തിന്‍ നാട്ടുവഴികളില്‍ .

അരങ്ങു തകര്‍ത്താടും നാടകങ്ങള്‍ തന്‍
വേദികളീ തെരുവോരമാകെ നിറയവേ
രാജ്യസ്നേഹത്തിന്‍ മുതലക്കണ്ണീരിനാല്‍
വര്‍ഗ്ഗസ്നേഹത്തിന്‍ പുറംചട്ട തുന്നുന്നു .

കരയുവാന്‍ ബാക്കിയില്ലാ കണ്ണീരും
കടയും ഹൃത്തിന്‍ ചോരയും വറ്റിയോ ?
വെറും പൂഴിമണ്ണിന്‍ വിലപോലുമില്ലാതെ 
പൂവുകള്‍ ഞെരിഞ്ഞമരുന്നു മണ്ണിതില്‍ .

കാലമേറെകടന്നുപോയിതെങ്കിലും
കാമവും കാമനയും മാറിയില്ലെന്നാല്‍
നൈമിഷികത്തിന്റെ തേരിലായിന്നുമീ
യാഗാശ്വകുളമ്പടിഉയരുന്നു തെരുവിതില്‍ .

പറയുവാനില്ല പതിരുള്ള കഥകളില്‍
പലവുരു ചൊല്ലി പഴകിയൊരോര്‍മ്മകള്‍  .
നെഞ്ചു കീറി പുറത്തെടുക്കുന്നു ഞാന്‍
ചെമ്പരത്തിയെന്നു ചോല്ലുമീ കാഴ്ചകള്‍ .
-------------ബി ജി എന്‍ ----------

Wednesday, September 4, 2013

കനല്‍ യാത്രകള്‍


വിരസതയുടെ പകലുകള്‍ പെറുക്കി വച്ച്
ഇരുട്ടിന്റെ കൂട് കൂട്ടുമ്പോള്‍
അലസതയുടെ പേറ്റുനോവില്‍ വീണൊരു
സ്വപ്നം പുഞ്ചിരിക്കുന്നുണ്ട്‌ .

മറക്കാന്‍ കഴിയാത്ത ഓര്‍മ്മപ്പൂവുകള്‍
വാരി കൂട്ടിയിരുളില്‍ -
കൊരുക്കുവാന്‍ വാഴനൂലിന്റെ
പഴുതു  തേടുന്ന മാനസം .

കരയുവാന്‍ കഴിയാതെ മിഴികള്‍ പിടയ്ക്കു -
മീ രാവിന്റെ ദുഃഖം ഞാന്‍ കടമെടുക്കട്ടെ .
ഒഴുകുവാന്‍ കവിളുകളില്ലാഞ്ഞശ്രു -
വൊഴുകുന്നു സമതലങ്ങളിലൂടെ .

പൊടിക്കാറ്റു വീശുന്ന മണല്‍ക്കാടുകളില്‍
നിന്റെ പദചലനം തേടി മൌനം -
മൂടിക്കെട്ടിയ രാത്രിവണ്ടിയില്‍
നക്ഷത്രങ്ങളെ സാക്ഷി നിര്‍ത്തി യാത്ര തുടരുന്നു .
-----------ബി ജി എന്‍ വര്‍ക്കല ---------

Monday, September 2, 2013

കാവ്യനർത്തകി


ഉറക്കം നഷ്ടമായ
ഏതോ ഒരു രാവിലാണ്
അവൾ എന്റെ പടിയിറങ്ങി പോയത് .
എന്നും എന്റെ മനസ്സിലെ
കിളിവാതിലുകളിൽ
കൊലുസിന്റെ മണിനാദം
മുഴക്കി വന്നിരുന്ന
എന്റെ പ്രിയ.

ഓർമ്മത്താളുകളിൽ
മഷിത്തണ്ട് കൊണ്ട്
ഞാൻ കോറിയിട്ട
അവളുടെ ചിരിയാണ്
പലപ്പോഴും
സിംഹാസനങ്ങളെ
കടപുഴക്കി എറിഞ്ഞിരുന്നത് .

സാമ്രാജ്യങ്ങളെ
കൈവെള്ളയിൽ വച്ച്
ഞാനമ്മാനമാടിയത്
അവളെന്റെ കൂടെ ഉണ്ടായിരുന്നതിനാൽ
മാത്രം ആയിരുന്നു


പരിഭവമായും
സ്നേഹമായും
രതിയുടെ പരാഗമായും
കയ്ക്കുന്ന ദൃതതാളങ്ങൾ ,
ഇടിയൊച്ചകൾ മുഴക്കും
ചുറ്റുപാടുകൾ ആയി
അവൾ എനിക്ക് ചുറ്റും
ഒരു നിഴൽ  പോലുണ്ടായിരുന്നു .

ഇന്ന്
കിളിയൊഴിഞ്ഞ
ഒറ്റമരച്ചില്ലയിൽ
ഏകനായി
ഒരു പാഴ്ക്കൂടായി
കാറ്റിന്റെ കൈകളിൽ
അവസാന
വിധി കാത്തു കിടക്കുമ്പോൾ
അകലെ മറ്റൊരു
എഴുത്തുകാരന്റെ
തൂലികയിൽ
അവൾ നൃത്തം ചെയ്തു തുടങ്ങുന്നു .
--------ബി ജി എൻ വർക്കല ----