Tuesday, October 2, 2012

ഇതിഹാസം പറയാന്‍ മറന്നത്

നിലാവിന്റെ തിരി തെറുത്തു നിശാഗന്ധികള്‍ മിഴി തുറന്നു .
വിരല്‍ത്തുമ്പില്‍ തൊട്ടെടുത്ത ചോരയുടെ ഗന്ധം നുകര്‍ന്ന്
ഇരയുടെ മാറില്‍ കാര്‍ക്കിച്ചു തുപ്പി ഒരു ഇരുള്‍ പക്ഷി
ഇരുട്ടിന്റെ മറ തേടി  പോകുന്നു ഉയര്‍ത്തിപിടിച്ച ശിരസ്സുമായി.

യുദ്ധം ജയിച്ച പാണ്ഡവര്‍
ഹസ്തിനപുരിയില്‍ മൌനം മുറുക്കിയ
നിമിഷങ്ങള്‍ക്ക് സാക്ഷിയായ്
കുടിച്ചിറക്കും പുഞ്ചിരിയുടെ ഉടവാള്‍
അരയില്‍ പകുതി താഴ്ത്തി
മിഴികളില്‍ ശോകവുമായ് അന്ധതാതന്റെ
 ആശ്ലേഷണത്തിനായ് ഊഴം കാക്കുന്നു .

പരപുരുഷന്മാരില്‍ മാതാവ് പരീക്ഷിച്ച ജാര ബീജങ്ങള്‍ ,
യുദ്ധം ജയിച്ചത്‌ ധര്‍മ്മത്താല്‍ അവകാശപ്പെട്ട രാജ്യമത്രേ!
 ഒരു തന്തക്കു പിറക്കാത്ത അഞ്ചുപേരില്‍ ആരുടെ പൈതൃക -
സ്വത്തിന്റെ ധര്‍മ്മപരീക്ഷ ആയിരുന്നു കുരുക്ഷേത്രയില്‍ ?

ഉത്തരം കിട്ടാത്ത ചോദ്യവുമായ്
കൌശലത്തിന്റെ കാകന്‍ കണ്ണുമായ് രാധേയന്‍
ഗാന്ധാരി മിഴികളില്‍ അഗ്നി നിറച്ചു നിന്ന് കത്തുമ്പോള്‍
എന്ത് പറയാന്‍ കഴിയും യാദവകുലപതിക്ക് ?

ഭീമന് പറയാന്‍ പാഞ്ചാലിയ്ക്ക് നല്‍കിയ വാക്കുണ്ട് കയ്യില്‍ .
കുന്തിക്കെന്തു കാരണം ഉണ്ട് കൃഷ്ണന്‍ തന്‍ വാക്കുകളല്ലാതെ ?
എല്ലാത്തിനും തുടക്കത്തില്‍ വായനക്കാരനെ വാരിപ്പുണരുന്നു
വേദവ്യാസന്റെ ആമുഖക്കുറിപ്പിന്‍ മാസ്മരമൊഴികള്‍...!

"ഇതിലുള്ളത് എല്ലായിടത്തുമുണ്ട് ,
ഇതിലില്ലാത്തത്  എങ്ങുമില്ല ."
ശരിയാണ് വായനക്കാരന്‍ മൊഴിയുന്നു ഹാസത്താല്‍
ജാരസംസര്‍ഗ്ഗം , കുടിപ്പക ,അഗമ്യഗമനം ,
,ചതി , അധര്‍മ്മം ,നീതിശാസ്ത്രം ,അധിനിവേശം
അതെ ഇതില്‍ ഇല്ലാത്തത് മറ്റെങ്ങുമില്ല .

ഇത് ഭാരത പര്‍വ്വം , ഭാരതം നെഞ്ചിലെറ്റിയത്
പുണ്യ പുരാണത്തിന്റെ നിര്‍വ്വാണസാഹിതി . സ്വസ്തി .
--------------------------------------------ബി ജി എന്‍

No comments:

Post a Comment