Wednesday, October 3, 2012

ഇരുള്‍ മായുമ്പോള്‍

വര്‍ഷങ്ങളായുള്ള മോഹമായിരുന്നു
എന്റെ പ്രതിബിംബം കാണണം എന്നത്
ഒടുവില്‍ ഞാന്‍ സ്വന്തമാക്കി ഒരു ദര്‍പ്പണം
എന്റെ മുഖം ഞാന്‍ കണ്ടുവിന്നാദ്യമായ്

കറുത്ത പ്രതലത്തില്‍ ചുരുണ്ട മുടിനാരുകളില്‍
പ്രലോഭനത്തിന്റെ കൊളിനോസ്  ചിരിയില്‍
കൌശലത്തിന്റെ ഒളികണ്ണില്‍ ഒളിപ്പിച്ചതും
എന്റെ മുഖത്തു തന്നെ എന്നത് സത്യം ...!

പെങ്ങളെ കണ്ട കണ്ണുകളല്ല പറമ്പില്‍
പുല്ലറുക്കാന്‍ വന്ന ജാനകിയെ കണ്ടപ്പോള്‍
കുളിക്കടവിലെ അര്‍ദ്ധ നഗ്ന മേനി കണ്ടപ്പോള്‍
ചുവരിലെ സിനിമാ നടിയുടെ മാറില്‍ നോക്കിയപ്പോഴും .

അമ്മയെ കണ്ടപ്പോള്‍ വന്ന ചിരിയല്ല
കാമുകിയെ നോക്കിയപ്പോള്‍ തെളിഞ്ഞതും 
പലിശക്കാരന്റെ തെറി  കേട്ടപ്പോഴും 
മീങ്കാരി ത്രേസ്യയെ കണ്ടപ്പോഴും ചുണ്ട് വിരിയിച്ചത് .

വേണ്ട എനിക്കീ കാഴ്ചകളുടെ ഉത്സവം  വേണ്ട 
എനിക്കീ നേരിന്റെ മുഖം കാണണ്ട വീണ്ടും
എനിക്കിഷ്ടം മറഞ്ഞിരിക്കാനാണ്  ഇരുളില്‍
ഞാന്‍ കൂട്ടുന്ന എന്റെ അഞ്ജതയുടെ കൂട്ടില്‍ .
------------------------------ബി ജി എന്‍
 


1 comment: