Monday, October 29, 2012

കാവല്‍ ദൈവം

അതിവിദൂരം ഓര്‍മ്മകള്‍ തന്‍ ശീവേലി
അതിരുകള്‍ക്കപ്പുറം ജീവന്റെ ബലി
ഇരുണ്ട പുതപ്പിന്‍ കീഴില്‍ മയങ്ങുമ്പോഴും
മനസ്സില്‍ നിറയുന്നത് ശൂന്യത മാത്രം

പുലര്‍ച്ചയില്‍ നിന്നും പുലര്‍ച്ചവരേക്കും
എന്റെ രാജ്യം ഹൃദയത്തിലേറുന്നവന്‍
വിങ്ങുന്ന നോവായ്‌ ഓര്‍മ്മച്ചെപ്പില്‍
എന്റെ വീടെന്ന് വിലപിക്കുന്നവന്‍

കോരിച്ചൊരിയുന്ന മഴയിലും ,ചെളിയിലും
എല്ലുകള്‍ കോച്ചുന്ന മഞ്ഞിന്‍കൂടിലും
ഉരുകിത്തിളക്കുന്ന വേനലിന്‍ വരുതിയിലും
നോക്ക് കുത്തിയായി ജീവിതം തളക്കുവോന്‍

ഉള്ളിലെ വ്യെഥയിലും പുഞ്ചിരിക്കാന്‍ പഠിച്ചു
കരളു നുറുങ്ങിലും കരയാതിരിക്കുന്നവന്‍
ഒരു വെടിയുണ്ടയില്‍ , ഷെല്ലില്‍ ചിതറുവാന്‍
പേരെഴുതി ഹാരമായ്‌ മാറില്‍ ചുമക്കുവോന്‍ .

 ഒരു ജവാനെന്ന പേരിന്റെ ഉള്ളിലായ്
ഒരു നാടിന്റെ വീര്യം ചുമക്കുവോന്‍
ഒരു നാള്‍ മൂവര്‍ണ്ണപതാക പുതപ്പിച്ചു
ബ്യൂഗിളിന്‍ നാദത്തില്‍ യാത്ര ചെയ്യേണ്ടവന്‍ .

നീ  എന്റെ ദൈവം , നീ എന്റെ രക്ഷ
നീ എന്റെ നാടിന്റെ കോട്ടമതിലാകുന്നു
കല്ലിന്‍കാപട്യ ഭണ്ഡാരത്തെ കടലിലെറിഞ്ഞു
നീയാം സമുദ്രത്തെ നെഞ്ഞിലെറ്റട്ടെ ഞാന്‍ .
----------------ബി ജി എന്‍ വര്‍ക്കല ----
(എന്റെ നാടിനെ സേവിക്കുന്ന , സംരക്ഷിക്കുന്ന, ജീവത്യാഗം ചെയ്ത എല്ലാ ജവാന്മാര്‍ക്കും മുന്നില്‍ എന്റെ അഞ്ജലി )


No comments:

Post a Comment