Sunday, October 28, 2012

പാമ്പും കോണിയും

ഇര ഒരു വാഗ്ദാനം ആകുന്നു
ഓരോ ക്രിയയുടെയും ഉപഭോക്താവ് .
വേട്ടയാടാന്‍ ഇര ഇല്ലാതെ കാടിനെന്തു പ്രസക്തി
ചോര പൊടിയാന്‍ ദേഹമില്ലാതെ
വേട്ടയൊരു വിനോദവുമാകുന്നില്ല .

കാലച്ചക്ക്രത്തിന്റെ കറക്കത്തിനനുസരിച്ചു
മാറുന്നതൊന്നേയുള്ളൂ അത് ഇരകളാണ് .
വേട്ടക്കാരനും ആയുധങ്ങളും പിന്നെ
പകയുടെ കണക്കുകളും പഴയത് തന്നെ .

ചങ്ക് പിളര്‍ന്നു കണ്ണുകള്‍ തുറിച്ചു
ചീറ്റിയോഴുകുന്ന ചോരയില്‍ കാല്‍ നനച്ചു
വേട്ടക്കാരന്‍ വരുന്ന കല ,
കണ്ണുകളില്‍ നിറയും
ആമോദത്തിന്റെ ലഹരി , അതില്ലാതെ വേട്ടയില്ലല്ലോ .

അക്ഷരമെണ്ണിയും , അംഗങ്ങള്‍ പകുത്തും
പച്ചമുറിവില്‍ മണ്ണ് വിതറിയും
വിഷഫണം നിറച്ച ലോഹമുന ചോര നനയ്ക്കുമ്പോള്‍ ,
ഇരകള്‍ പുഴുവാകുന്നത് കാണാന്‍ കൌതുകമേറും.

ഇരകളില്ലാത്ത ലോകം
അതൊരു മരുഭൂമിയാണ്
അല്ല മരുഭൂമിക്ക് പറയാനും കഥകളോരുപാടുണ്ട്.
മണലില്‍ ഉടല്‍പൂഴ്ത്തിയുറങ്ങും വിഷപ്പാമ്പുകളായ്‌,
കണ്ണില്‍ ആശ നിറയ്ക്കും ജലാശയങ്ങളായ്
മുകളില്‍ കത്തി നില്‍ക്കും അഗ്നിയായ്‌
ഇരകളെ അവ വീഴ്ത്തുന്നുണ്ട് .

ഇന്ന് പ്രഭാതംവരെ കാത്തിരിക്കേണ്ടി വരുന്നില്ല
വേട്ടയുടെ സുഖം , ലഹരി
ഒരു ശീതളപാനീയത്തിന്‍ അനുസാരികയായ്‌
പരസ്യങ്ങല്‍ക്കിടയിലെ നയനസുഖമായ്‌
വിവിധമാനങ്ങളില്‍ നുണയാം
മതിവരുവോളം മാറി മാറി .

ഇരകള്‍ക്ക്‌ മുഖമില്ലാതാകുന്നു ,
വേട്ടക്കാരന്റെ ശബ്ദം ഇന്ന് മനോഹരമാണ്
ശ്രോതാവിന്റെ ത്രസിപ്പിക്കുന്ന കാഴ്ചയും
ശബ്ദവുമാകുന്നു ഓരോ വേട്ടയും .
ഇന്ന് ആരും നടുങ്ങാറില്ല
വേട്ട ഒരു ഉത്സവമാകുന്നു
വേട്ടക്കാരന്‍ നായകനും .

കാടിന്റെ വന്യത മാറിയിരിക്കുന്നു
ചെന്നായ്ക്കളും സിംഹങ്ങളും കുറുനരികളും
നഗരത്തെ അടക്കിവാഴുന്നു
മുയലുകള്‍ പൊന്തകള്‍ തേടിയുഴറുന്നു
പേടമാനുകള്‍ കാടുകള്‍ തേടുന്നു .

വേട്ടക്കാരന്റെ  താളവും ലയവും ചലനവും
ഇരയില്‍  നുരയുന്ന ഭയവും
ഇന്നൊരു കാഴ്ച്ചയല്ലാതാകുന്നു
രക്ഷപ്പെടുന്നവന്‍ വാര്‍ത്തയാകുന്നു
രക്ഷകന്‍ മിഥ്യയും, പരിഹാസവുമാകുന്നു .
രക്ഷയെന്നത് സമസ്യയാകുന്നു .
----------------ബി ജി എന്‍ വര്‍ക്കല -----

No comments:

Post a Comment