Thursday, October 4, 2012

അവധൂതരുടെ ലോകം


കാറ്റിന്റെ സഞ്ചാരപാതയില്‍ ശോഭ പരത്തും

കാവിയും ,പീതാംബരവും ,വേണ്മയേറും
ധവളിമയും ഹരിതകവും ചതച്ചു മിനുക്കി
അവധൂതന്മാരുടെ കുളമ്പടിയൊച്ചകള്‍  .

നോവിന്റെ കരിനീല കണ്ണുകളില്‍
കരുണയുടെ കൃപാ രസം പകര്‍ത്തിയും
പൂവുടലില്‍ പരാഗരേണുക്കള്‍ പടര്ത്തിയും
യോഗദണ്ടിനാല്‍  വ്യെതയകറ്റുന്നവര്‍ .

കനിവിന്റെ കണ്ണുനീര്‍ ചുണ്ടുകളാലെടുത്തും
മാറിലെ തണുവില്‍ ആശ്ലെഷത്താല്‍
മുഖമമര്‍ത്തിച്ചും വിങ്ങലടക്കിച്ച്  ജീവിത
പാതതന്‍ ശാന്തിയരുളുന്നവര്‍ ചിലര്‍

കാലത്തിന്നിടനാഴിയില്‍ നിന്നും പെറുക്കി -
കൂട്ടും തിരുശേഷിപ്പുകളില്‍ രോഗവിമുക്തിയും
അരൂപികളെ ഊതിയകറ്റി ജീവനകലയില്‍
പൂര്‍ണ്ണത നല്‍കുന്ന ഊര്‍ദ്ധപുണ്ണ്യജന്മങ്ങളും .

കാല്‍വിരലില്‍ ,കണ്‍കളില്‍, മുടിയിഴകളില്‍
വിശ്വാസ നിലവിളികളില്‍,ആകാശകാഴ്ചകളില്‍
പീഡനമോചന സപര്യകളില്‍ വീണു പുളയുന്ന
കുന്തിരിക്കപുക പോലെ  മോക്ഷദായാക്കളും .

പഴയ ഗണിതലേഖനങ്ങളിലെ പഴകിയ
നരച്ച വാറോലകള്‍ അക്കമിട്ടു നിരത്തി
ഒരു കളം വരച്ചതിന്നുള്ളില്‍ സുഷുപ്തിയേകിച്ചു
ഉച്ചസൂര്യനെ മറയ്ക്കുന്ന നായാടികോലങ്ങള്‍ .

നമുക്കിനിയീ പുതുലോകത്തില്‍ , പുതിയാകാശത്തില്‍
യുഗങ്ങള്‍ തന്‍ പഴയകുതിരയെ പൂട്ടിച്ച
രഥയാത്ര നടത്തും പങ്കുകച്ചവടക്കാരാല്‍
പതിതയാകുന്ന ഭൂമിയെ നോക്കി പകച്ചു നില്‍ക്കാം

പിന്നെ പിത്തരസം നിറയും ആമാശയത്തില്‍
നിറഞ്ഞ  പുളിച്ച ദഹനരസത്താല്‍ രതിമൂര്‍ച്ച നേടും
കാകനേത്രങ്ങളെ  കണ്ടു കണ്‍നിറച്ചുകൊണ്ട്
മോക്ഷപ്രാപ്തി നേടി സായൂജ്യമടയാമിനിയെന്നും .
---------------------------------ബി ജി  എന്‍




No comments:

Post a Comment