Wednesday, November 26, 2025

ചിത്രശലഭങ്ങള്‍

ചിത്രശലഭങ്ങള്‍ 

കൊക്കൂൺ പൊട്ടിച്ച് ശലഭങ്ങള്‍ പറക്കുന്ന താഴ്വര !
നിദ്ര തന്‍ ഏതോ യാമങ്ങളില്‍ 
കണ്ണുകള്‍ തുറക്കുമ്പോള്‍ കാണാമെനിക്കത് 
ചുറ്റും നൃത്തം വയ്ക്കുന്നത്.

നോക്കൂ, 
നിങ്ങള്‍ അവയെ കണ്ടിട്ടുണ്ടോ ?
ശലഭച്ചിറകുകളുടെ വര്‍ണ്ണങ്ങള്‍... 
പൂമ്പൊടി നുകരുന്ന കൗശലത. 
എത്ര മൃദുലമായണവ ദളങ്ങളില്‍ പാദമമര്‍ത്തുന്നത് !!
പൂവുപോലും കൊതിച്ചുപോകുന്ന സ്നിഗ്ദ്ധത.

തേന്‍ നുകരുമ്പോള്‍ പൂവറിയാതെ ചുരത്തുന്നു. 
അമ്മ കുഞ്ഞിനു പാലൂട്ടുന്നത് പോലെ.
ശലഭചിറകുകള്‍ വിറ കൊള്ളുമ്പോൾ '
പൂവ് പുഞ്ചിരിച്ചു തുടങ്ങുകയായി . 

പൂവും ശലഭവും തമ്മില്‍ എത്ര പെട്ടെന്നാണ് പ്രണയപ്പെടുന്നതെന്ന് നോക്കൂ!

ജീവിതത്തിന്റെ വസന്തങ്ങളില്‍ 
പൂക്കളും ശലഭങ്ങളും തമ്മിലൊരു ബന്ധമുണ്ട് . 
ക്ഷണനേരത്തേക്ക് മാത്രമായല്ലത്. 
വിറപൂണ്ട ശലഭച്ചിറകുകള്‍ വീശി,
ദളങ്ങളില്‍ പാദമമര്‍ത്തി,  
കൊതിതീരും വരെ മധു നുകര്‍ന്ന് 
ശലഭം യാത്രയാകുമ്പോള്‍ 
പൂക്കള്‍ കണ്ണുനീര്‍ പൊഴിക്കുന്നതെന്തിനാകും.?
@ബി.ജി.എന്‍ വര്‍ക്കല

Thursday, November 20, 2025

പുരുഷാരവം.........എഡിറ്റര്‍ : സി പി അനില്‍കുമാര്‍

*പുരുഷാരവം(കഥകള്‍)

എഡിറ്റര്‍ : സി പി അനില്‍കുമാര്‍

പ്രസാധനം : മാക്സ് ബുക്സ്

വില : 270 രൂപ*

 

പന്ത്രണ്ടു കഥകള്‍ അടങ്ങിയ ഒരു സമാഹാരമാണ്  പുരുഷാരവം . എഴുത്തുകാരനായ സി പി അനില്‍കുമാര്‍ സമാഹരിച്ച ഈ കഥകള്‍ മാക്സ് ബുക്സിലൂടെ വായനക്കാരിലെത്തുമ്പോള്‍ ഇതിനൊരു സവിശേഷത ഉള്ളതായി പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്  ഇപ്പോള്‍ ട്രെന്‍ഡ് ആയിട്ടുള്ള ലിംഗ വിഭജിത സാഹിത്യ ശാഖാവത്കരണത്തിനെ ഉപയോഗപ്പെടുത്തിയ ഒന്നായിട്ടാണ് . സ്ത്രീ കഥാകാരികളുടെ അല്ലെങ്കില്‍ കവയിത്രികളുടെ കവിതകള്‍ മാത്രം അടങ്ങിയ പുസ്തകം ഇറക്കുന്നവരും പ്രവാസ എഴുത്തുകാരുടെ മാത്രം കഥകളോ കവിതകളോ ഇറക്കുന്നവരും സോഷ്യല്‍ മീഡിയ പ്രത്യേകിച്ചു ഫേസ് ബുക്ക് കവികള്‍ അല്ലെങ്കില്‍ കഥാകാരുടെ പുസ്തകങ്ങള്‍ ഇറക്കുന്നവരും ഒക്കെ അരങ്ങ് കയ്യടക്കുന്ന കാലം. പുസ്തകം ഇറക്കുന്നതിന്റെ പേരില്‍ രചനകള്‍ വാങ്ങുന്നതിനൊപ്പം പണം കൂടി വാങ്ങുന്നവര്‍ മുതല്‍ ഇറക്കുന്ന പുസ്തകത്തിന്റെ പത്തു കോപ്പി എങ്കിലും വാങ്ങണം എന്നു നിയമം പറയുന്നവര്‍ വരെ ഉള്ള സാഹിത്യ ലോകം . എഴുത്തുകാരെ ഉദ്ധരിപ്പിക്കാന്‍ വേണ്ടി ആണെന്നോരു സാമൂഹ്യ സേവന വാഗ്ദാനം നടത്തി ഇറക്കുന്ന പുസ്തകത്തിന്റെ ചിലവുകള്‍ ഒക്കെ കൈ നനയാതെ കിട്ടുകയും ഒപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ഇതിനെ കണ്ടു സ്വന്തം പബ്ലീഷിങ് കമ്പനി പോലും തുടങ്ങുന്ന എഴുത്തുകാര്‍ കം പ്രസാധകര്‍ . മലയാള സാഹിത്യം ഇന്ന് വല്ലാതെ പൂത്തുലഞ്ഞു നില്‍ക്കുകയാണല്ലോ. പുതുമ ഒട്ടും തന്നെ ഇല്ലാത്ത ഒരു കാര്യമാണ് പുരുഷ എഴുത്തുകാരുടെ മാത്രം കഥകള്‍ അല്ലെങ്കില്‍ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു പുസ്തകം എന്നത് . കാരണം പുരുഷ കേന്ദ്രീകൃത സാഹിത്യ ലോകത്ത് വനിതകള്‍ക്കുള്ള സ്ഥാനം എന്തെന്നത് അധികം വിശദീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് എന്നത് ആയിരം കോഴിക്ക് അരക്കാട എന്ന ചൊല്ലിനെ സൂചിപ്പിക്കും പോലെ പത്തു പുരുഷന്‍മാര്‍ക്കിടയില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ പ്രതിഷ്ടിക്കപ്പെടുകയും പുരോഗമനം എന്നൊരു ആര്‍പ്പ് വിളി ഉയരുകയും ചെയ്യുന്ന കാഴ്ചകള്‍ ആണ് . അതല്ലാതെ ലിംഗ നീതി എന്നൊരു സംഗതി സമൂഹത്തിലെ ഒരു തുറയിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്ന് തോന്നുന്നില്ല. ചില വാര്‍ഷിക പതിപ്പുകളും വിശേഷാല്‍ പതിപ്പുകളും ഒക്കെ കണ്ടാല്‍ പെണ്ണുങ്ങള്‍ ഒന്നും എഴുതാന്നില്ല എന്നൊരു തോന്നല്‍ ഉണ്ടാകും. എന്തായാലും ഇത്തരം ബിസിനസ് സാധ്യതയിലെ ജയപരാജയങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകണം *മാക്സ് ബുക്സ്, സി പി അനില്‍കുമാറിലൂടെ പുരുഷാരവം* എന്ന ഈ പുസ്തകം ഇറക്കിയതെന്ന് കരുതുന്നു.

മികച്ച ഒരു എഴുത്തുകാരന്‍ എന്നത് പോലെ നല്ലൊരു വായനക്കാരനും എഡിറ്ററും ആണ് സി പി അനില്‍കുമാര്‍. അദ്ദേഹത്തിന്റെ , കഥകളുടെ തിരഞ്ഞെടുപ്പും എഡിറ്റിങ്ങും അതിനാല്‍ തന്നെ വളരെ നല്ല ഒരു വായനാനുഭവം സമ്മാനിച്ചു എന്നത് സന്തോഷകരം തന്നെ . *രൂപനിര്‍മ്മാണം* എന്ന *വി ദിലീപി*ന്റെ കഥയാണ് ആദ്യത്തേത് . മാനവ ചരിത്രത്തില്‍ ദൈവങ്ങളുടെ വരവും രൂപ പരിണാമങ്ങളും വളരെ കൌതുകകരമായ ഒരു സംഗതിയാണ്. ഒരുപക്ഷേ ലോകത്തെ ഇത്രയും നല്ലൊരു വ്യവസായം തുടങ്ങി വച്ച ആ പൂര്‍വ്വമനുഷ്യര്‍ മനുഷ്യകുലം ഉള്ള കാലം കഴിഞ്ഞും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും. ദൈവങ്ങള്‍ എങ്ങനെ ഉരുവായി എന്നതിന്റെ ഒരു നോക്കിക്കാണല്‍ ആണ് ഈ കഥ കൈകാര്യം ചെയ്യുന്ന വിഷയം. നിരീശ്വരന്‍ എന്ന നോവലിന്റെ ഓര്മ്മ ഇതിന്റെ വായനയില്‍ ഉണ്ടായി എന്നത് വിഷയത്തിന്റെ സാമ്യത കൊണ്ടാകാം. *രമണനും മദനനും* എന്ന *വി എച്ച് നിഷാദി*ന്റെ കഥയാണ് അടുത്തത് . എക്കാലത്തും കണ്ടു വരുന്ന ദുരഭിമാന കൊലയുടെ ഒരു ആവര്‍ത്തനം മാത്രമാണു ഇക്കഥ . ഇതില്‍ പുതുമയായി ഒന്നും ഇല്ലായിരുന്നു എന്നത് നിരാശ തന്നു . മകളുടെ കാമുകനെ അച്ഛന്‍ പോലീസ് വെടിവച്ച് കൊല്ലുന്നതൊക്കെ ഇന്നും നമ്മുടെ സിനിമകളും എഴുത്തുകാരും പുതിയ വിഷയമായി കരുതുന്നുണ്ടല്ലോ എന്നൊരു അതിശയവും ഉണ്ടായി. *ജേക്കബ് എബ്രഹാം* എഴുതിയ *ഹിപ്പി പ്രേതം* ആയിരുന്നു അടുത്ത കഥ . പഴയകാല എജുത്തുകാരുടെ പ്രേതം വിട്ടുപോകാത്ത ഒരാള്‍ ആകണം എജുത്തുകാരന്‍ എന്നു തോന്നിപ്പിച്ചു വായനയില്‍. സക്കറിയയുടെ ഒക്കെ ഭാഷാരീതികളെ കടം എടുത്ത പോലെ അനുഭവിച്ചു. നാടന്‍ ജീവിത പരിസരങ്ങളുടെ കാഴ്ചയായിരുന്നു കഥ കൈ കൈകാര്യം ചെയ്തത് . കഥാ നായകനില്‍ ആയാലും പ്രേതവും ആയുള്ള അന്യന്‍ കളിയെ വേണ്ട വിധം പ്രകടിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നൊരു പോരായ്മ ഒഴിച്ച് നിര്‍ത്തിയാല്‍ കഥ നല്ലതാണ് . വായനാസുഖം ഉണ്ട്. *സുദീപ് ടി ജോര്‍ജ്ജ്* എഴുതിയ *ആമ* എന്ന കതയായിരുന്നു അടുത്തത് . പതിവ് ഈ പാറ്റേണ്‍ കഥകളിലേക്ക് വഴുതി വീണുപോകും എന്നു പലപ്പോഴും സംശയിച്ചു പോയെങ്കിലും കൈയ്യടക്കത്തോടെ കൈകാര്യം ചെയ്ത നല്ല ഒരു കഥ തന്നെയായിരുന്നു ഇത്. മനുഷ്യരുടെ നിസ്സഹായതയും കുടിലതയും ഒക്കെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. *ബാര്‍ബേറിയന്‍* എന്ന, *അമല്‍* എഴുതിയ കതയായിരുന്നു അഞ്ചാമത്തേത് . ആധുനിക സോഷ്യല്‍ മീഡിയാ മാധ്യമങ്ങള്‍ ഉരുട്ടിത്തരുന്ന വാര്‍ത്തകളും വിശേഷങ്ങളും പറഞ്ഞും പങ്ക് വച്ചും ജീവിക്കുന്ന മനുഷ്യര്‍ യാഥാര്‍ത്യങ്ങളുടെ മുന്നില്‍ അകപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥകളെ അവതരിപ്പിക്കുന്ന ഒരു കഥയാണ് ഇതില്‍ ഉള്ളത് . കേരളം എന്ന ഇട്ടാവട്ടത്തിന് പുറത്തേക്ക് രാജ്യത്തിന് തന്നെ വെളിയിലേക്ക് വരുമ്പോള്‍ ആണ് ഇത്തരം മനുഷ്യരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുന്നതെന്ന് ഇക്കഥ സൂചിപ്പിക്കുന്നു. *വാട്ടീസാല്‍ബി* എന്ന *അജിജേഷ് പച്ചാറ്റി*ന്റെ കഥ വായനയില്‍ സന്തോഷം നല്കിയ ഒന്നായിയരുന്നു.കഥ വായിക്കുമ്പോള്‍ തന്നെ അതില്‍ നിന്നും വായനക്കാരന്‍ അകന്നു മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയും എന്നാല്‍ ഇതൊരു കതയാണല്ലോ എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് ഇത്. *അഗ്രേപശ്യാമി* എന്ന കഥയിലൂടെ *പ്രദീപ് കൂവേരി* ആശയങ്ങളുടെ പരസ്പര സംഘട്ടനങ്ങള്‍ക്കിടയിലും രക്തബന്ധങ്ങളും വ്യെക്‍തിബന്ധങ്ങളും തമ്മിലുള്ള ഇഴപൊട്ടാത്ത ചില കെട്ടുപാടുകള്‍ ഉണ്ടെന്നതും ഇവ അവരെ എങ്ങനെയൊക്കെ മാനസികമായും സാമൂഹികമായും ഉള്ള ചുറ്റുപാടുകളില്‍ അതിജീവനം സാധ്യമാക്കുമെന്നും ഒക്കെയുള്ള ഒരന്വേഷണം ആയി വായിക്കാന്‍ കഴിയും .

*ഒരു മീശയുടെ രണ്ടു കരകള്‍* എന്ന *പി എസ് റഫീഖിന്റെ* കഥ വായിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ സ്ഥിരം പട്ടാളക്കാരുടെ ഭാവങ്ങളില്‍ നിന്നൊക്കെ മാറി മറ്റൊരു കഥാപാത്രമാണ്. പട്ടാളക്കാരന്‍ ആണ് കഥയെ നയിക്കുന്നതെങ്കിലും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യേവഹാരങ്ങളിലൂടെയുള്ള ഒരു നിഴല്‍ യാത്രയാണ് ഇക്കഥ എന്നു പറയാം. അതിനാല്‍ത്തന്നെ സൂക്ഷ്മമായി ശ്രദ്ധിക്കാതിരുന്നതിനാല്‍ തുടക്കവും ഒടുക്കവും തമ്മില്‍ ഒരു സ്വരച്ചേര്‍ച്ചയില്ലായ്മ കഥയില്‍ സംഭവിക്കുന്നുണ്ട് . പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ചൊല്ലിന്റെ അനുസ്മരണം ആണ് *ചാരുമാനം* എന്ന കഥയുടെ സാരം. *പ്രിന്‍സ് അയ്മനം* എന്ന എഴുത്തുകാരന്‍,  ജാതീയതയുടെ ശാപം ഉള്ളില്‍ പേറുകയും പുറമെ അതില്ല എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളെ അവതരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടുപോയ ഒന്നു കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. ധനാര്‍ത്ഥി മൂലം മനുഷ്യര്‍ ക്രൂരരും വഞ്ചകരും ആകുന്ന സ്ഥിരം കഥകളുടെ (പഴയകാല കഥകളുടെ ) ഒരു നിഴല്‍ വീണു കിടക്കുന്നുണ്ട് ഇക്കഥയില്‍ . കുട്ടിക്കാലത്തിന്റെ ചില ഓര്‍മ്മകളും അനുഭവങ്ങളും വിടാതെ പിന്തുടരുന്ന മനുഷ്യരാണ് മിക്കവരും. അത്തരത്തില്‍ പെട്ട ഒരു കുട്ടിയുടെ ബാല്യവും യൌവ്വനവും അടയാളപ്പെടുത്തുന്ന കഥയാണ് *ജയറാം സാമി* എഴുതിയ *പേറ്റുസുഖം* എന്ന കഥ. എന്നാല്‍ ഇക്കഥയില്‍ ഉറൂബിന്റെ രാച്ചിയമ്മ മുതല്‍ പില്‍ക്കാലത്ത് ഒറ്റപ്പെട്ട ചില എഴുത്തുകാര്‍ തിരികെ പിടിക്കാന്‍ ശ്രമിച്ച പെണ്ണത്തത്തിന്റെ ചൂരും ചൂടും നിറയുന്നതും ത്രസിപ്പിക്കുന്നതും കാണാന്‍ കഴിയുന്നുണ്ട് . വായനക്കാരും നായകനൊപ്പം നീലവരകള്‍ തെളിയുന്ന ഉരുണ്ട ടൂടകള്‍ക്കിടയിലൂടെ കടന്നുപോകുന്ന പ്രതീതി ജനിപ്പിക്കാന്‍ സാമിയിലെ എജുത്തുകാരുയാണ് ക്‍ഴിഞ്ഞിരീക്കുന്നു.ഒരു വെറും മുത്തുച്ചിപ്പി കഥയായിപ്പോകുമായിരുന്ന വിഷയത്തെ മനോഹരമായി അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. *ഭൈരവി* എന്ന കഥയിലൂടെ *ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്* ഓര്‍മ്മിപ്പിക്കുന്ന സംഗതിയാണ് നഗരവത്കരണവും വികസനവും മൂലം അന്യം നിന്നുപോയ നാടന്‍ ദൈവങ്ങളുടെ അവസ്ഥ. തെരുവ്  വിളക്കുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ യക്ഷികളെപ്പോലെ ലോക്കല്‍ ദൈവങ്ങളും ഇന്ന് ബുദ്ധിമുട്ടിലാണ്എന്ന കൌതുകകരമായ ചിന്തയ്ക്ക് ഇക്കഥ വഴി വയ്ക്കുന്നു . പ്രഭാതത്തിന്റെ മണം എന്ന കഥയിലൂടെ വിവേക് ചന്ദ്രന്‍ വായനക്കാരെ ഭ്രമാത്മകരമായ ഒരു ലോകത്തിലേക്ക് വഴി നടത്തിക്കുന്നു.ഒരു മാന്ത്രികന്റെ കഥ പറഞ്ഞുകൊണ്ടു വായനക്കാരിലും ആ മാസ്മരികതയുടെജാലം അനുഭവവേദ്യമാക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നത് നല്ല വയനാനുഭവം ആയിരുന്നു നല്കിയത് .

ഒരു നല്ല എഴുത്തുകാരന്‍ ഒരു നല്ല വായനക്കാരനും ആയിരിയ്ക്കും. സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്റെ തിരഞ്ഞെടുപ്പുകള്‍ എല്ലാം വളരെ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ല എങ്കിലും വിഷയ സമീപനത്തില്‍ കാണിച്ച മിടുക്ക് വ്യെക്തമാണ്. എല്ലാത്തരം വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കാനുള്ള കഴിവ് കഥകളുടെ തിരഞ്ഞെടുപ്പില്‍ പ്രകടമാണ്. വായനയുടെ ലോകത്ത് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കട്ടെ എന്നും തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമാകാതെ ലിംഗഭേദം നോക്കാതെ രചനകളുടെ മൂല്യം മാനദണ്ഡമാകട്ടെ എന്നും ആശിക്കുന്നു. ആശംസകളോടെ *ബി.ജി.എന്‍ വര്‍ക്കല*

ശിൽപവൃക്ഷം ...........,രാജേഷ് ബി.സി

ശിൽപ വൃക്ഷം (കവിതകൾ),
രാജേഷ് ബി.സി., 
കറൻ്റ് ബുക്സ്, 
വില 75 രൂപ


കവിതകൾ ആത്മാവിൻ്റെ തേങ്ങലുകളാണ്. കാലാനുവർത്തികളായ കവിതകൾ പലതും പേറുന്നത് അജ്ഞാത ദുഃഖങ്ങളുടെ മാറാപ്പുകളാണ്. പ്രണയം, വിരഹം, രതി, ജീവിതം .... അതിൻ്റെ ഭാണ്ഡം നിറയെ വ്യഥകളും സന്തോഷങ്ങളും ആണ്. കണ്ണീരുണങ്ങാത്ത ഈ ജീവിതമുഹൂർത്തങ്ങളെ എത്ര ഹൃദയവേദനയോടെയാകും ഓരോ കവികളും എഴുതിയിട്ടുണ്ടാവുക.  രാഷ്ട്രം ,മതം, ഭക്തി, പ്രണയം, പ്രകൃതി തുടങ്ങിയ എന്തിലും ഏതിലും കവിതകൾ ഇടം കണ്ടെത്തുന്നുണ്ട്. അവയെ അവതരിപ്പിച്ചു കടന്നു പോകുന്ന കവികളെ കാലം മറന്നു പോയേക്കാം. പക്ഷേ അവർ കോറിയിട്ടു പോയ വരികൾ പിന്നെയും പിന്നെയും ആവർത്തിച്ചു ജനിക്കുകയാണ് ഭാഷാന്തരങ്ങളിലും ദേശാന്തരങ്ങളിലും. 
ശിൽപ വൃക്ഷം എന്ന ഈ കവിത പുസ്തകം 41 കവിതകളുടെ ഒരു സമാഹാരമാണ്. വായനക്കാരനാണ് കവിയാണ് എഴുത്തുകാരനാണ് എന്നൊക്കെയുള്ള ലേബലുകൾ പലപ്പോഴായി പേറേണ്ടി വന്നതിനാൽ യാത്രയിലെവിടേയോ വച്ച് ആരോ സമ്മാനിച്ച പുസ്തകമാണിത്. വായിച്ചു നോക്കൂ എന്നും പറയുകയുണ്ടായി. കുറേക്കാലമായി ഈ പുസ്തകം കൈകളിലെത്തിയിട്ട്. ഇന്നാണ് മുടങ്ങിപ്പോയ വായനയെ തിരികെപ്പിടിക്കുന്ന സാഹസത്തിനിടയിൽ വീണ്ടും ഈ പുസ്തകം കണ്ണിൽത്തടഞ്ഞത്. ആമുഖത്തിലൂടെ ഇതിൻ്റെ രചയിതാവായ കവി ഒരു ഡോക്ടറാണെന്ന് മനസ്സിലായി. രോഗികൾക്കും മരുന്നിനുമിടയിൽ അകം നിറയെ കവിതകളുമായി ഒരു മനുഷ്യനെ മനസ്സിൽ സങ്കല്പിച്ചു നോക്കി. വായന തുടങ്ങുമ്പോൾ ഡോക്ടർ എന്ന വിലാസം ഇറങ്ങിപ്പോകുകയും കവി എന്ന ലേബൽ മുഴച്ചു നില്ക്കുകയുമാണുണ്ടായത്. 
ഈ പുസ്തകത്തിലെ കവിതകൾ എല്ലാം ഗദ്യപാറ്റേൺ പേറുന്ന ചെറു കവിതകളാണ് . എന്നാൽ ,നല്ലൊരു സംഗീതജ്ഞന് ഇവയെ ഈണത്തിൽ ചൊല്ലാൻ ബുദ്ധിമുട്ടും ഉണ്ടാകില്ല. പ്രണയം, ജീവിതം, രാഷ്ട്രീയം തുടങ്ങിയ പരമ്പരാഗത കാവ്യ വഴികളിലൂടെ ഒക്കെയും ഈ പുസ്തകം സഞ്ചരിക്കുന്നുണ്ട്. എന്നാൽ എല്ലാത്തിനുമുപരിയായ് കാണാനാകുക എല്ലാ കവിതകളിലും ഉറയുന്ന മൗനത്തിൻ്റെ വിഭിന്ന ഭാഷകളാണ്. പലപ്പോഴും ശ്വാസം മുട്ടിപ്പിടയുന്ന ആത്മാക്കളുടെ ചിറകടി ശബ്ദം കവിതകൾ മുഴക്കുന്നത് ശ്രവിക്കുവാനാകും. ജീവിതങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന കാഴ്ചകൾ കാണാനാകും. വീടു വിട്ടിറങ്ങിപ്പോകുന്നവൾ വീടു പൂട്ടാതെയാണ് പോകുന്നത്. അവളുടെ മണം വീട്ടിൽ ഉള്ളതിനാൽ വീട് കൂടെ പോകുന്നുമില്ല. നാട്ടുകാർക്ക് രതി ദാഹത്തിൻ്റെ നീല പാനീയം മോന്തി കൊതിതീരാത്ത ചർച്ചകൾ നടക്കുമ്പോൾ കിണറ്റിൻകരയിലെ നിശാഗന്ധിയുടെ ഗന്ധത്തിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന ജനിതകം എന്ന കവിത പുസ്തകമടച്ചു വച്ചിട്ടും മനസ്സിൽ തങ്ങി നില്ക്കുന്നു. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും കമ്യൂണിസത്തെയും മാന്യമായ രീതിയിൽ കവിതകളിൽ വലിച്ചു കീറി ഒട്ടിക്കാൻ കവി ശ്രദ്ധിച്ചിട്ടുണ്ട്. 
ജീവിതത്തിൻ്റെ വിഭിന്നതലങ്ങളുടെ കാഴ്ച ഫലം തരുന്ന കവിതകൾ എളുപ്പം വഴക്കിത്തരുന്നവയല്ല. അതിനാൽത്തന്നെ കവിതകളെ സമീപിക്കുമ്പോൾ വായനക്കാരൻ അല്പം ക്ഷമയോടെയാകുന്നത് നല്ലതായിരിക്കും. ആശംസകളോടെ ബി.ജി.എൻ. വർക്കല

ഈശോവാസ്യോപനിഷത്ത് , കഠോപനിഷത്ത്

 

ഈശോവാസ്യോപനിഷത്ത്(ആത്മീയം)

പരിഭാഷ: പി.കെ.നാരായണപിള്ള

ശ്രീരാമവിലാസം പ്രസിദ്ധീകരണശാല

വില 5 രൂപ

കഠോപനിഷത്ത് (ആത്മീയം)

പരിഭാഷ : ലക്ഷ്മി നാരായണ്‍

ലക്ഷ്മി നാരായണ്‍ ഗ്രന്ഥശാല

വില 20 രൂപ

“യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " – ഈശോവാസ്യോപനിഷത്ത്

          മനുഷ്യന്‍ സാംസ്കാരികമായി വികസിക്കുന്നതിന് മുന്നേതന്നെ അവനില്‍ ഉരുത്തിരിഞ്ഞ ഒന്നാണ് ഭക്തിയും ആത്മീയതയും. ദൈവീകമായ കാഴ്ചപ്പാടുകളെ അവനിലെ ഭയത്തിന്റെ നിറം കൊടുത്ത് വളര്‍ത്തിയെടുത്ത ഒരു വലിയ യാഥാര്‍ഥ്യമാണ് അത് . സിന്ധൂനദിയുടെ തീരത്ത് വളര്‍ന്ന് വന്ന സംസ്കാരത്തിന്റെ അവാന്തരമായ ഒരു കാഴ്ചയാണത്. വേദങ്ങള്‍ ഒരു സംസ്കാരത്തിന്റെ ഭാഗമായി നിലവില്‍ വരികയും വേദാന്തവും ബ്രാഹ്മണ്യവും സമൂഹ വ്യേവസ്ഥിതിയില്‍ പിടിമുറുക്കുകയും ചെയ്തു തുടങ്ങിയ കാലത്ത് , അതിലേക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സമ്പ്രദായവും പഠനക്രമവും നിലവില്‍ വരികയുണ്ടായി. വേദങ്ങള്‍ പഠിക്കുക എന്നത് കൊണ്ട് പൂര്‍ണ്ണമാകുന്നില്ല ഒരുവനിലെ അദ്ധ്യയനം അതിനു ഉപവിഭാഗമായി ഉപനിഷത്തുകളും സംസ്കൃതികളും പഠിക്കേണ്ടതുണ്ട് . പ്രധാനമായും നാലു വേദങ്ങളും നൂറിലേറെ ഉപനിഷത്തുകളും മറ്റുമായി ചേര്‍ന്ന് ആ വിദ്യാഭ്യാസം വികസിച്ചുകിടക്കുന്നു. അളവറ്റ തര്‍ക്കശാസ്ത്രങ്ങളും രാജനീതികളും ഒക്കെ ചേര്‍ന്ന് പൌരോഹത്യം ഒരു ജന സമൂഹത്തെ എങ്ങനെ തങ്ങളുടെ അധീനതയില്‍ നിലനിര്‍ത്താം എന്നതിനെ ശാസ്ത്രീയമായി അഭ്യസിക്കുകയും പിന്തുടരുകയും ചെയ്ത ഈ സംസ്കൃതിയെ ആധുനിക കാലത്ത് സനാതന ധര്മ്മം എന്നും ഹൈന്ദവ ധര്മ്മം എന്നുമൊക്കെ ഉദാരവത്കരിക്കുകയും അതിനെ ജനകീയമായി ഒരു ഐക രൂപ്യത്തില്‍ വരുത്തി നിര്‍മ്മലീകരിക്കല്‍ പ്രക്രിയ ചെയ്യുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നടുക്കിരുന്നുകൊണ്ടു വേദങ്ങളും ഉപനിഷത്തുകളും ഒക്കെ ആത്മീയത , മതം , ഭക്തി എന്നിവയെ മാറ്റിവച്ചുകൊണ്ടു പഠിക്കാന്‍ ശ്രമിക്കുന്നത് തികച്ചും ഉചിതമായിരിക്കും എന്നു കരുതുന്നു. കാവ്യശീലകള്‍ കൊണ്ട് സാഹിത്യത്തെ പരിഭോഷിപ്പിക്കുകയും ഒപ്പം സാമൂഹ്യ പരിഷ്കരണത്തില്‍ ശ്രദ്ധാലുവാകുകയും ചെയ്ത നാരായണ ഗുരുവും മറ്റും ഈ തരത്തിലുള്ള ഒരു വായനയാകാം നടത്തിയിട്ടുണ്ടാവുക എന്നു തോന്നിയിട്ടുണ്ട്.

          ഈ ഉപനിഷത്ത് കൈകാര്യം ചെയ്യുന്നത് വേദാന്തം ആണ്. ഒരാള്‍ കര്മ്മം കൊണ്ട് വിദ്യ കൊണ്ടും പൂര്‍ണ്ണത നേടുന്നു എന്ന തത്വത്തില്‍ നിന്നുകൊണ്ട് രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും നടപടികളും സൂചിപ്പിക്കുകയാണ് അല്ലെങ്കില്‍ പഠിപ്പിക്കുകയാണ് ഈ ഉപനിഷത്തിലൂടെ. ലോക സമസ്താ സുഖിനോ ഭവന്തു: എന്ന മുറിച്ച് മാറ്റി പ്രചരിപ്പിക്കുന്ന വാക്കിന്റെ വിശാലാര്‍ഥം ആണ് ഇതില്‍ പറയുന്ന മുഖ്യ കാര്യം. “യസ്മിൻ സർവാണിഭൂതാനി ആത്മൈവാ ഭൂദ്വിജാനത: തത്ര കോ മോഹ: ക: ശോക ഏകത്വമനുപശ്യത: " അതായത് ഏത് കാലത്ത് , അല്ലെങ്കിൽ ഏതൊരാത്മാവിൽ പരമാർത്ഥാത്മ ദർശനത്താൽ എല്ലാ ഭൂതങ്ങളും ആത്മാവ് തന്നെയായി തീർന്നിരിക്കുന്നുവോ അക്കാലത്തിൽ അല്ലെങ്കിൽ ആ ആത്മാവിൽ മോഹം ഏത്? ശോകമേത് ? എന്നതാണു ഇതില്‍ എടുത്തു പറയേണ്ടുന്ന ഒരാശയമായി കാണാവുന്നത് . ഒരാള്‍ തനിക്കും പ്രകൃതിക്കും സകല ചരാചരങ്ങള്ക്കും ആത്മാവുണ്ട് എന്നും (ആത്മാവെന്നാല്‍ മനസ്സല്ല) അത് മനസ്സിലാക്കുന്നതോടെ എല്ലാ കാമമോഹങ്ങളില്‍ നിന്നും പൂര്‍ണ്ണനായി ഈ ആത്മാക്കളുടെ പൂര്‍ണ്ണത എന്നത് പരമാത്മാവ് അഥവാ ഈ കാര്യകാരണങ്ങളുടെ കര്‍ത്താവ് എന്നതില്‍ ലയിക്കുക എന്നുമാണ് പറയുന്നതു .

“എസ്തു സർവാണി ഭൂതാന്യാത്മന്യേവാനു പശ്യതി സർവ്വ ഭൂതേഷു ചാ ത്മാനം തതോ ന വിജ്ജുഗുപ്സതേഅഥവാ ഏത് മോക്ഷേഛുവായ സന്യാസി അവ്യക്തം മുതൽ സ്ഥാവരങ്ങൾ വരെയുള്ള എല്ലാത്തിനെയും തന്നിൽതന്നെ കാണുകയും - അതായത് ആത്മാവല്ലാത്തതായി യാതൊന്നിനെയും കാണാതിരിക്കുകയും അതുപോലെ സർവ്വഭൂതങ്ങൾക്കും ആത്മാവായിത്തന്നെ കാണുകയും ചെയ്യുന്നുവോ അവൻ ആ വിധത്തിലുള്ള  കാഴ്ച നിമിത്തം യാതൊന്നിനെയും നിന്ദിക്കുകയില്ല.  ഇതിന് പകരം കര്‍മ്മങ്ങള്‍ (വേദ ക്രിയകളും അത് വഴി ധന സമ്പാദനം കുടുംബം തുടങ്ങിയ വ്യേവഹാരങ്ങളില്‍ കടന്നുപോകുന്നവര്‍ വീണ്ടും വീണ്ടും ഇരുണ്ട യോനികളില്‍ പിറന്നു ഒടുവില്‍ മുകളില്‍ പറയുന്ന ദര്‍ശനത്തില്‍ എത്തുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നുള്ളൂ എന്ന് ഈശോവാസ്യോഉപനിഷത്തില്‍ പ്രതിപാദിക്കുന്നു. ചുരുക്കത്തില്‍ ഇതിന്റെ സത്തയെ “വിദ്യയാ ദേവലോക: കർമണാ പിതൃ ലോക:” എന്ന് ഉപസംഹരിക്കാം. വിദ്യ കൊണ്ട് ആത്മാവിനെ അറിയുന്നതു കൊണ്ട് ദേവലോകത്തില്‍ നിത്യവാസിയാകാം കര്മ്മലോകത്തില്‍ വിഹരിക്കുന്നവര്‍ പിതൃ ലോകത്തില്‍ എത്തുകയും വീണ്ടും വീണ്ടും ജന്മമെടുക്കുകയും ചെയ്യും എന്ന് സാരം .

ഊർധ്വ മൂലോ വാക് ശാഖ ഏഷോ ശ്വത്ഥ:  സനാതന: - (കഠോപനിഷത്ത് ) അതായത്  സംസാരമായിടും വൃക്ഷമായതിൻ വേര് മുകളിലേക്കായിടുന്നതിൻ  ശാഖ; വാക്ക് കീഴ് തൂങ്ങിടുന്നരയാലതായിടുന്നൂ സനാതനം എന്ന് സനാതനത്തെ വിവക്ഷിക്കുന്നു. ആധുനിക ലോകത്ത് അതിനു പുതിയ അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നു. കഠോപനിഷത്ത് പ്രതിപാദിക്കുന്ന വിഷയം മരണം എന്ന സത്യത്തിന്റെ അര്ത്ഥം തിരയുന്ന നചികേതസ്സിന്റെ ചോദ്യങ്ങളും യമന്റെ ഉത്തരങ്ങളും ആണ്. പിതാവ് ആര്‍ക്കും വേണ്ടാത്ത മൃതപ്രായരായ കന്നുകാലികളെ ദാനം ചെയ്യുന്നത് കണ്ടു എന്നെ ആര്‍ക്കാകും അങ്ങ് ദാനം ചെയ്യുക എന്ന ചോദ്യവും തുടര്‍ന്നു നിന്നെ മരണദേവന് ദാനം കൊടുക്കുന്നു എന്ന് പറയുന്നതും തുടര്‍ന്നുള്ള സംഭാക്ഷണങ്ങളും ആണ് ഇതിവൃത്തം . മരണം , ജീവിതം , ആത്മാവു , പ്രകൃതി , ദാനം തുടങ്ങിയ കുറച്ചു കാര്യങ്ങളെ പ്രതിപാദിക്കുന്ന ഒന്നാണ് കഠോപനിഷത്ത്.

          നമ്മള്‍ കടന്നു വന്നതും കളഞ്ഞതുമായ കാര്യങ്ങളെ ഒന്നോര്‍മ്മിക്കാനും അതെന്തിനായി നാം കളഞ്ഞു എന്നതിനെ തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇത്തരം വായനകള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം ബി.ജി. എന്‍ വര്‍ക്കല

പെണ്ണാളി .......... പി.വിശ്വനാഥൻ

പെണ്ണാളി (കവിതകൾ)
പി.വിശ്വനാഥൻ
പ്രിൻ്റ് ബുക്സ്
വില: 180 രൂപ
'


കവിതാലോകമെന്നത് ഭാവനയും അതിഭാവുകത്വവും നിറഞ്ഞ ഒരു വലിയ ലോകം തന്നെയാണ് എന്ന് മനസ്സിലാക്കുന്ന രീതിയിലാണ് എപ്പോഴും കവികൾ, കവിതകൾ എഴുതുന്നത് കാണാൻ കഴിയുന്നത്. കവിതകൾ സംവദിക്കുന്നത് മനുഷ്യൻറെ ഹൃദയത്തോടാണ്. അത് ഉണ്ടാകുന്നത് മനസ്സിൻ്റെ ഉള്ളിൽ നിന്നും ആണ് എന്നൊക്കെ നമുക്കറിയാം. എങ്കിൽപ്പോലും ഈ കവിതകൾ എപ്പോഴും നമ്മൾ വായനക്കാർ ആസ്വദിക്കുന്നത് ആ കവിതകൾ നമ്മോട് നമുക്ക് മനസ്സിലാകുന്ന രീതിയിൽ നമുക്കുകൂടി ബോധ്യമാകുന്ന രീതിയിൽ എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു. പക്ഷേ പലപ്പോഴും ഇവിടെ സംഭവിക്കുന്നത്, കവിത ചിലരുടെ ഭ്രാന്തമായ സന്ദേഹങ്ങളോ അവരുടെ ആശങ്കകളോ അവരുടെ ആത്മഭാഷണങ്ങളോ ഒക്കെ ആകുമ്പോൾ അത് ആരോടാണ് പറയുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയായി മുന്നിൽ നിൽക്കും എന്നതാണ്. എഴുത്തുകാരനെ വായിക്കരുത് എഴുത്ത് മാത്രം വായിക്കണം എന്ന് പറയുന്നത് അവിടെ ഒരു വസ്തുതയായി മുന്നോട്ടു വരും. കാരണം ചില എഴുത്തുകൾ വായിക്കുമ്പോൾ അത് ആരോടോ പറയുന്ന ഒന്നായിട്ട് മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളൂ. ഈ പറയുന്ന ആളും അത് വായിക്കുന്ന ആളും മാത്രം മനസ്സിലാക്കുന്ന നിഗൂഢമായ പലതും ആ കവിതകളിൽ ഒളിഞ്ഞിരിക്കും. അങ്ങനെ വരുന്ന കവിതകൾ പൊതുജനങ്ങൾ വായിക്കുമ്പോൾ, ആസ്വാദകർ വായിക്കുമ്പോൾ അവർ അവിടെ മൗനം പാലിക്കുകയാണ് പതിവ്. കാരണം എനിക്കൊന്നും മനസ്സിലായില്ല എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ഞാനൊരു മണ്ടൻ ആയിപ്പോയല്ലോ എന്ന് അവർ ചിന്തിക്കുമല്ലോ എന്ന ഭയത്താൽ ബലേ ഭേഷ് എന്ന് പറഞ്ഞ് അവർ അതിനെ തഴുകി തലോടി കടന്നു പോവുകയും ചെയ്യും. ഇത്തരം കവിതകളെ പുസ്തകങ്ങൾ ആക്കുമ്പോൾ സംഭവിക്കുന്നത് ഈ ഒരു സംഗതി തന്നെയാണ്. സോഷ്യൽ മീഡിയകളിൽ അത്തരം കവിതകൾ പങ്കു വയ്ക്കുമ്പോൾ അവ വായിക്കുന്നവരും അത് എഴുതുന്നവരും ആ നിമിഷത്തിൽത്തന്നെ അത് മറന്നു പോവുകയും പിറ്റേദിവസം അത് ഒരു ഓർമ്മ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്. ഒരാഴ്ച കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് അവർക്ക് കൂടി അത് അറിയുക വളരെ ബുദ്ധിമുട്ടായിരിക്കും .എന്നാൽ അത് പുസ്തകം ആകുമ്പോൾ അവിടെ ആ പുസ്തകം വാങ്ങുന്ന ആൾക്കാർ കവിത പുസ്തകം തിരഞ്ഞെടുക്കുകയാണെങ്കിൽ അതിനർത്ഥം അവർ കവിതയെ സ്നേഹിക്കുന്നവരാണ് എന്നാണ്. അങ്ങനെ വരുമ്പോൾ അവർ അതിൽ കവിതയാകും തിരയുക. പക്ഷേ അവർക്ക് ലഭിക്കുക ഇങ്ങനെയുള്ള ആത്മഭാഷങ്ങൾ ആയിരിക്കും. ആരോടോ പറഞ്ഞ കാര്യങ്ങൾ അവർ വായിക്കേണ്ട ഗതികേട് ഉണ്ടാകും . ഇവിടെ ഈ കവിയുടെ ഈ കവിത പുസ്തകത്തിൽ 51 കവിതകളാണ് ഉള്ളത്. ഈ 51 കവിതകൾ വായിച്ചു കഴിയുമ്പോൾ അതിനകത്തു നിന്നും വായനക്കാരന് ലഭിക്കുക രണ്ടോ മൂന്നോ കവിതകൾ മാത്രമാണ് എന്ന് വരുകിൽ ആ കവിത പുസ്തകം അതിൻറെ നിലവാരം എത്ര ഉയരത്തിൽ ആകാം അല്ലെങ്കിൽ എത്ര കണ്ടത് വായനക്കാരോട് സംവദിച്ചിരിക്കുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടിവരും.  കവിതകൾ ,കുറുങ്കവിതകൾ, ഹൈക്കു കവിതകൾ ഒക്കെ ചേർന്ന് ഈ 51 കവിതകളിൽ ഭൂരിഭാഗം കവിതകളും മഴയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മഴയെ കേന്ദ്രമാക്കിയോ  കഥാപാത്രമാക്കിയോ ഉള്ള കവിതകളാണ് പിന്നെ  കുറച്ചു കവിതകൾ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ് അങ്ങനെ മഴ പ്രകൃതി പിന്നെ ഒരു അല്പം രാഷ്ട്രീയം ഇവ കൂടിക്കലർന്ന ഒരു കവിത പുസ്തകം ആണ് ഇത് എന്ന് പറയാം. ഒരു കവിത "നീ വന്നപ്പോൾ" എന്ന കവിത അത് ഈ കവിയുടെ കാവ്യ രൂപത്തിലുള്ള അറിവ് അല്ലെങ്കിൽ അതിനോടുള്ള അദ്ദേഹത്തിൻറെ പ്രതിപത്തി എത്രയാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വളരെ നല്ല കവിതയായിട്ട് അനുഭവപ്പെട്ടിരുന്നു. മഴ, ഓലമേഞ്ഞ ഒരു വീടിൻറെ, ചോർച്ചയുള്ള ഒരു വീടിൻറെ ഉള്ളിൽ ജീവിക്കുന്ന ഒരു മനുഷ്യൻറെ ചിന്തകളിലും മറ്റും എന്ത് ഭാവമാണ് ഉണ്ടാക്കുക എന്നുള്ളതിന് വളരെ വ്യക്തമായി വരഞ്ഞു വച്ചിരിക്കുന്ന ഒരു കവിതയായിരുന്നു അത്. ഇതുപോലെ തന്നെ വളരെ നല്ല ഒരു ചിന്ത കാണാൻ കഴിഞ്ഞു വൈകുന്നേരം നമ്മളൊക്കെ കിളികളുടെ ചിലപ്പു കേട്ടിട്ടുണ്ടാകും. പക്ഷേ നാം അവരെ കുറ്റം പറഞ്ഞ്, അവരെ പുലഭ്യം പറഞ്ഞു നമ്മൾ നമ്മുടെ ദേഷ്യമകറ്റാറുണ്ട്. ഇവിടെ കവി അവരെ അവരുടെ ശബ്ദത്തെ കാണുന്നത് പകൽ മൊത്തം അവർ നായാടി കിട്ടിയ അല്ലെങ്കിൽ ചികഞ്ഞു കിട്ടിയ ഭക്ഷണങ്ങളുടെ, ആ യാത്രയുടെ, അവർക്ക് നേരിട്ട് വിജയ പരാജയങ്ങളുടെ ഒക്കെ കഥകൾ പരസ്പരം പങ്കുവയ്ക്കുന്നതാണ് എന്നാണ് കവി കാണുന്നത്. എത്ര നല്ലൊരു ചിന്തയാണത് ! വളരെ നല്ല ചിന്ത തന്നെയാണ്. വളരെ കുറച്ചു മാത്രം കവിതകളാണ് ഇത്തരം ചിന്തകൾ നൽകുന്ന  കവിതകളായ് ഈ കവി നമുക്ക് തരുന്നത്. ബാക്കിയുള്ള കവിതകളിൽ ഈ പറഞ്ഞപോലെ ആത്മഭാഷങ്ങൾ കൂടുതൽ നിൽക്കുന്നത് കൊണ്ട് തന്നെ അവ ദുർഗ്രാഹ്യമായ ഒരു മൗനം വായനക്കാരനിൽ നിന്ന് സമ്പാദിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇത്തരം പോരായ്മകൾ... ഇതിനെ പോരായ്മകൾ എന്ന് പറയാനും കഴിയില്ല . കാരണം കവിത എന്നത് ഒരു സാമൂഹിക പരിഷ്കരണം എന്ന സംഗതി മാത്രമല്ല. അത് ഞാൻ എന്റെ പ്രണയിനിയോടോ, എൻറെ മനസ്സിനോടോ, എൻറെ സമൂഹത്തോടോ, ഈ പ്രകൃതിയോടോ ദൈവത്തോട് തന്നെ വേണമെങ്കിലും എനിക്കത് പറയാം അത് പ്രകടിപ്പിക്കാം പറ്റുന്ന ഒന്നായിരിക്കും. അതിന് ഉപയോഗിക്കുന്ന ഭാഷ അതിലുപയോഗിക്കുന്ന മാധ്യമം കവിതയാകാം. അത് ശ്രവിക്കുന്ന ആൾക്കാർ ഒരു പക്ഷേ അത് മനസ്സിലാക്കിയേക്കാം അല്ലെങ്കിൽ മനസ്സിലാക്കാതെ പോയേക്കാം. എന്തുതന്നെയായാലും കവിതയുടെ ഫോർമാറ്റിനകത്ത് കുറച്ച് ചിന്തയും കുറച്ച് യാഥാർത്ഥ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് കുറച്ചു കവിതകൾ നമുക്ക് ഈ പുസ്തകത്തിൽ വായിക്കാൻ കഴിയും എന്നതിനപ്പുറം ഈ പുസ്തകം വളരെ വലിയ ഒരു കാവ്യ ആസ്വാദന സംഗതി വായനക്കാരൻ നൽകുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ആശംസകളോടെ ബി.ജി.എൻ.വർക്കല

Saturday, October 18, 2025

അതിജീവിത.................................ഡോ. സജിത ജാസ്മിന്‍

അതിജീവിത(ഖണ്ഡകാവ്യം )

ഡോ. സജിത ജാസ്മിന്‍

സ്വദേശാഭിമാനി ബുക്സ്

വില : 100 രൂപ



            മലയാള സാഹിത്യത്തില്‍ കാവ്യശാഖയുടെ വളര്‍ച്ച ഉണ്ടാകുന്നത് കവിത്രയങ്ങളുടെ അവസാനങ്ങളിലാണെന്ന് കരുതുന്നു. സംസ്കൃതഭാഷയുടെ വിളയാട്ടം ആയിരുന്ന പദ്യ-ഗദ്യ ശാഖകള്‍ ക്രമേണ ഭാഷയുടെ അവാന്തരങ്ങളിലൂടെ മുന്നോട്ട് സഞ്ചരിക്കാന്‍ വൃഥാ ശ്രമിക്കുകയാണുണ്ടായതെങ്കിലും ഭാഷയുടെ വളര്‍ച്ചയേക്കാള്‍, സാഹിത്യത്തിന്റെ വളര്‍ച്ച സംഭവിക്കുകയായിരുന്നുണ്ടായത്. ആംഗലേയ സാഹിത്യത്തിനെ മലയാള ഭാഷയിലേക്ക് വായനയ്ക്കായെടുത്ത് തുടങ്ങിയപ്പോള്‍ കാവ്യരീതികള്‍ക്കും തനതായ ഒരു മാറ്റം സംഭവിച്ചു തുടങ്ങി. അതുവരെ ദൈവശ്ലോകങ്ങളും ഇതിഹാസങ്ങളുടെ ഉപകഥകളുമായി തിങ്ങി ഞെരുങ്ങി ക്കിടന്ന പദ്യലോകം പതിയെ ജീവിതത്തിന്റ്റെ മധുരങ്ങളായ പാതകളെ സമീപിച്ചു തുടങ്ങുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് മഹാകാവ്യങ്ങളില്‍ നിന്നു പടിയിറങ്ങിയ കവിതാലോകം ഖണ്ഡകാവ്യങ്ങളില്‍ നിലയുറപ്പിച്ചതും അതൊരു പ്രത്യേക സൗന്ദര്യമായി മാറിയ അനുഭവം ഉണ്ടായതും. കുമാരനാശാനും ചങ്ങമ്പുഴയും ഒക്കെ തുറന്നിട്ട ഖണ്ഡകാവ്യരചനകള്‍ കവിതസാഹിത്യശാഖയ്ക്ക് പുത്തന്‍ ഉണര്വ്വുകള്‍ നല്‍കിത്തുടങ്ങി. ജീവിതം ദൈവങ്ങളില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന ഒരു അനുഭവമാണ് അത് .



            ആധുനിക കവിതകള്‍ വെറും പതം പറച്ചിലുകള്‍ മാത്രമാണിന്ന്. വിഷയ ദാരിദ്ര്യത്തില്‍ ഊന്നിയുള്ള മുടന്തി നടത്തമല്ല മറിച്ച് കവിത എഴുതാനുള്ള കഴിവില്ലായ്മയെ മറച്ചു പിടിക്കാനുള്ള തത്രപ്പാടുകള്‍ ആണവ. വൃത്തവും അലങ്കാരവും തുടങ്ങി ഒരു കവിത കവിതയാകാനുള്ള ഒന്നും തന്നെ അറിയാതെ എന്നാല്‍ കവിത നിറഞ്ഞു തുളുമ്പി ഒഴുക്കിത്തൂകുന്ന കവികളെ ആണ് ഇന്ന് പൊതുവേ കാണാന്‍ കഴിയുക. ഇതിന് കാരണം ഭാഷയോടുള്ള അനീതികാണിക്കല്‍ മനപ്പൂര്‍വം ചെയ്യുന്നതിനാലാണ്. ഇന്നത്തെ തലമുറ കവിത എന്നാല്‍ ഈണത്തില്‍ ചൊല്ലുന്നത് എന്നല്ല എളുപ്പത്തില്‍ പറയുന്ന ഒന്നാണെന്ന് കരുതിപ്പോയിരിക്കുന്നു. പല കവിത ആലാപന സദസ്സുകളിലും മറ്റും കവികള്‍ വന്നു സ്വന്തം കവിത വായിക്കുന്നത് കേള്‍ക്കാന്‍ കഴിയാറുണ്ട്. അവ ചൊല്ലുക എന്നല്ല പാടുക എന്നാണ് പലപ്പോഴും അവര്‍ തന്നെ പറയുക. എന്നാല്‍ പാടുകയും അല്ല പറയുകയാണ് ചെയ്യുന്നതെന്ന് അവര്‍ അറിയുന്നുമില്ല. കഥ പറയുന്ന ലാഘവത്വത്തോടെ കവിത പറയുക എന്നതാണു അവരുടെ ഭാഗത്ത് നിന്നും പറയുകയാണെങ്കില്‍ കവിതാ രീതി. കുറച്ചു മധുരമായി, ഭാവം വരുത്തി, വികാരപരമായി പറഞ്ഞു പോയാല്‍ മതിയാകും ഏതൊരു ഗദ്യവും. ഇടയില്‍ അല്പം കാവ്യ രീതിയില്‍ നീട്ടലും കുറുക്കലും കൂടിയായാല്‍ അതിമനോഹരം. ഇവയ്ക്ക് തുടക്കമിടുന്നത്, കവിതകള്‍ കാസറ്റ് കവിതകള്‍ ആയ കാലം മുതല്‍ ആണ്.



            കവിതയ്ക്കൊരു നിയമം ഉണ്ടായിരുന്ന കാലത്ത് കവിത എഴുതാന്‍ കഴിയാതിരുന്നവര്‍ക്കതിന് ഒരു കാരണവും ഉണ്ടായിരുന്നു. അന്ന്, അവരിലേക്ക് വിദ്യ എത്തിയിരുന്നില്ല. വാഗ്ഭാഷ അല്ലാതെ ലിഖിത ഭാഷയും അതിന്റെ നിയമങ്ങളും ഒന്നും എത്താതെ പോയ ഒരു കാലത്ത് എല്ലാവരും കവികള്‍ അല്ലായിരുന്നു. പക്ഷേ ഇന്ന് എല്ലാവർക്കും ഭാഷ അറിയാം പക്ഷേ പറയാനെ അറിയൂ എന്നു മാത്രം. അതിലെ നിയമങ്ങളോ ചട്ടങ്ങളോ ഒന്നും തന്നെ സ്കൂളില്‍ പോലും പഠിച്ചതു മറന്നു പോയി എന്നതിനപ്പുറം പ്രയോഗിക്കാന്‍ അറിയാത്തതിനാല്‍ അവരുടെ കവിതകള്‍ പറച്ചില്‍ കവിതകള്‍ ആയി പോകുകയും അതിനെ അവര്‍ ആധുനിക കവിത എന്നും അത്യന്താധുനിക കവിത എന്നും പേരിട്ടു വിളിക്കുകയും ചെയ്യുന്നു. ആലോചിക്കുക... എന്തുകൊണ്ടാകും പഴയകാല കവിതകള്‍ ഇന്നും നമ്മള്‍ ഓര്‍ത്ത് വയ്ക്കുന്നതും പുതിയകാല കവിതകള്‍ വായിച്ച ഉടന്‍ മറന്നു പോകുന്നതും എന്നത്.



            ഇത്തരം ഒരവസ്ഥയില്‍ നിന്നുകൊണ്ടു കവിതയെ സ്നേഹിക്കുന്നവര്‍ കവിതകള്‍ തേടിപ്പിടിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും നീലക്കുറിഞ്ഞി പൂക്കുന്നതുപോലെ ചില കവിതകള്‍ വന്നു വീഴുക സ്വാഭാവികമായും വലിയ സന്തോഷം നല്‍കുന്ന ഒന്നാകും. മുന്‍പ് ഒരിക്കല്‍ വായിച്ചു എഴുതിയ ഡോ.ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ അത്തരമൊരു സന്തോഷം നല്കിയിരുന്നത് എഴുതുകയുണ്ടായിരുന്നു. ഇടയ്ക്കു ഖണ്ഡകാവ്യങ്ങള്‍ പലതും പഴയത് വായിക്കാന്‍ കഴിഞ്ഞുവെങ്കിലും ഡോക്ടര്‍ സജിത ജാസ്മിന്‍ എഴുതിയ അതിജീവിത വായിക്കുന്നത് വരെ പുതിയകാല കവികളുടെ ഇടയില്‍ നിന്നും ഖണ്ഡകാവ്യ ശൈലിയില്‍ ഒരു കവിത വായിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. ഡോ.സജിത ജാസ്മിന്‍ ഗള്‍ഫ് മേഖലയില്‍ ആരോഗ്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും ഒരു ഭാഷ അധ്യാപികയോ ബിരുദധാരിയോ അല്ല എന്ന നിലയിലും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു സംഗതിയാണ് ചെയ്തിരിക്കുന്നത് എന്നു പറയാതെ വയ്യ. വളരെ നല്ല വായനാശീലം ഉള്ള ഒരു വ്യക്തി ആകണം ഈ കവി എന്നു ദ്യോതിപ്പിക്കുന്ന രീതിയില്‍ ഭാഷയുടെ പ്രയോഗങ്ങളെയും ഘടനകളെയും സജിത ഈ കവിതയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ അതികഠിനമായ ഒരു അവസ്ഥയെ അവള്‍ എങ്ങനെ തരണം ചെയ്തു എന്നുമാത്രം പ്രതിപാദിക്കുന്ന ഈ കാവ്യമാലയില്‍ അഞ്ച് ഭാഗങ്ങള്‍ ആണ് ഉള്ളത്. ആദ്യം അവളുടെ ജീവിത്തിന്റെ ദുര്യോഗത്തിന് തുടക്കം കുറിക്കുന്ന ഘട്ടത്തെ വിവരിക്കുന്നു. രണ്ടില്‍ പുതിയ ജീവിതത്തിന്റെ കാഴ്ചയും താളപ്പിഴകളും വിവരിക്കുന്നു. മൂന്നില്‍ അവള്‍ നേരിടുന്ന ഭീകരമായ അപകടവും അതില്‍ നിന്നുള്ള അവളുടെ രക്ഷപ്പെടലും വിവരിക്കുന്നു. നാലില്‍ അവള്‍ എത്തിച്ചേരുന്ന അഭയസ്ഥാനവും അഞ്ചില്‍ അവളുടെ തിരികെ വരവും വിവരിക്കുന്നു.



            ഒരു സാമൂഹ്യ ഉത്തരവാദിത്വമെന്ന കവിയുടെ ഭാരം കവിതയില്‍ പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഉപമകളായും ഉപദേശങ്ങള്‍ ആയും കവി എടുത്തു പറയുകയും അവയെ സന്ദര്‍ഭത്തോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നുണ്ട്.



സ്വന്തം വീട് ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പമായ്

സ്വയം പരിത്യജിച്ചു ത്യാഗിയായ പെണ്ണിനെ

സ്വന്തം പ്രാണാനോളം സ്വന്തം മകള്‍ക്കൊപ്പം

സ്നേഹിക്കാനാവാത്തതിനെ പരാജയം



കപട സ്നേഹത്താല്‍ ചതിക്കരുതാരെയും

കപട വാക്കാല്‍ മോഹിപ്പിക്കരുതാരെയും

കപട മുഖം കണ്ടാല്‍ ഗ്രഹിച്ചിടുവാന്‍

കഴിയുന്നവരായി വളര്‍ന്നിടേണം



പൂര്‍ണ്ണമായും തള്ളണ്ട വേണ്ടത്  നല്കി

പുരുഷന്‍ മാതാപിതാക്കളെയുപേക്ഷിച്ച്

പൂര്‍ണമായി പറ്റിച്ചേരണം താന്‍ നാരിയോട്

പണിതിടാം നാകം എന്നാല്‍ ഈ ഭൂമിയില്‍



തുടങ്ങിയ ചില ചിന്തകളും ഉപദേശങ്ങളും കാഴ്ചപ്പാടുകളും ഉദാഹരണമായി പറയാന്‍ കഴിയും.


ഈ കാവ്യത്തിന്റെ കാലം ദേശം എന്നിവ എന്തുകൊണ്ടോ ആധുനിക സാംസ്കാരിക പുരോഗമന കാലത്തിന്റെ ഒരു വേദി ആയി കാണാന്‍ കഴിയുന്നില്ല. ഇതൊരു ഗ്രാമത്തിന്റെ കഥയായി പഴയകാലത്തിന്റെ കാഴ്ചയായി മാത്രമാണു കാണാന്‍ കഴിയുന്നത്. ആധുനികമായ കാഴ്ചപ്പാടുകളോ വീക്ഷണങ്ങളോ കവിതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല എന്നൊരു നിരാശ വായനയില്‍ ഉണ്ടായി. ഉത്തമ കുലനാരിയുടെ ജീവിതവും ദര്‍ശനങ്ങളും ഗ്രാമീണ ജീവിതത്തില്‍ എങ്ങനെയായിരുന്നോ കണ്ടു വന്നിരുന്നത് അതിനെ അതുപോലെ ചിത്രീകരിക്കുകയായിരുന്നു എന്നു കാണാം. ഈ പുസ്തകം തയ്യാര്‍ ചെയ്യുമ്പോള്‍ ഇതിലൊരു ദീര്‍ഘവീക്ഷണം കൂടി കവിയില്‍ ഉണ്ടായിരുന്നതായി കരുതാന്‍ തക്കവണം ഭാഷകളെ അര്‍ത്ഥം നല്കി പുതിയകാല വായനക്കാരിലെ അറിവിനെ വികസിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം എന്ന നിലയ്ക്ക് അവസാന പേജുകളില്‍ ഓരോ അധ്യായത്തെ ആയി തിരിച്ചു വാക്പരിചയം നടത്തിയത് ഒരു വിധത്തില്‍ ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും കവിതാസ്വാദകരായ ആധുനിക മലയാളികള്‍ക്കും സഹായകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. പൊതുവേ വിദേശങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് ഇത് വളരെ സഹായകമായ ഒരു സംഗതിയാണ്.



            പുസ്തകത്തിലെ നന്മകള്‍ പോലെ തന്നെ അതിന്റെ പോരായ്മകളും നമുക്ക് പറയാതിരിക്കാന്‍ കഴിയില്ലല്ലോ. കവിതയുടെ ശൈലിയും രീതികളും അനുവര്‍ത്തിക്കാനും അവയെ ഉപയോഗപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ക്കിടയില്‍ പലയിടങ്ങളിലും ആശയക്കുഴപ്പം , അര്‍ത്ഥശങ്കകള്‍ എന്നിവയ്ക്കുള്ള ഒരുപാട് സാധ്യതകള്‍ കാണാം. ഫസ്റ്റ് പേര്‍സന്‍ സെക്കന്‍റ് പേര്‍സന്‍ വിദൂഷകന്‍ എന്നിവരുടെ റോളുകള്‍ പലപ്പോഴും കൂട്ടിക്കുഴക്കപ്പെടുന്നതിനാല്‍ ഇവിടെ ആരാണ് സംസാരിക്കുന്നതു എന്നതില്‍ ആശയക്കുഴപ്പം വായനക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ട്. അതുപോലെ വാക്കുകള്‍ അളന്നുമുറിച്ച് അടുക്കിവയ്ക്കുന്ന ഒരു പ്രതീതി വായനയിലുടനീളം കാണാം. കവിതയുടെ കനിവും മധുരവും നുകരുന്നതില്‍ അതൊരു ദുസ്വാദായി തോന്നാം. പാരായണക്ഷമത ഉള്ള വരികള്‍ തന്നെയാണുള്ളത്. പാതി ചെത്തിമിനുക്കിയ ഒരു വജ്രമായി ഈ കവിയെ അടയാളപ്പെടുത്തുന്നു. പില്‍ക്കാലത്ത് ഒരുപക്ഷേ കാവ്യശാഖയില്‍ ഒരുപാട് നല്ല മികവും ഗുണവും ഉള്ള കവിതകള്‍ സമ്മാനിക്കാന്‍ കഴിയുന്ന നല്ലൊരു തിളങ്ങുന്ന വജ്രമായി മാറും എന്ന ശുഭപ്രതീക്ഷ വായന നല്കുന്നുണ്ട്. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല .

Monday, October 6, 2025

ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങൾ

ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ 

ഇരുളിലിരുന്നൊരു കുഞ്ഞ്, ഭൂപടം വരയ്ക്കുന്നു. 
ഭൂപടത്തിന്റെ അതിരുകളില്‍ ഒക്കെയും 
നിരാശയുടെ തൊങ്ങലുകള്‍ കൊണ്ടലങ്കരിക്കുന്നു. 
കുഞ്ഞിന്നറിയില്ലല്ലോ അത് പിറന്ന യോനിയെന്തെന്ന് ....

മിഴികളില്‍ കൗതുകം നിറച്ചാ കുഞ്ഞ് നോക്കുന്നു .
വിഭജിക്കപ്പെട്ട ലോകങ്ങളില്‍ ഒക്കെയും പല മനുഷ്യര്‍
തിന്നുകൊഴുത്ത ചിലര്‍ കൂടുതല്‍ കൊഴുപ്പിനായും, 
കൊന്നുകൊതി പൂണ്ട ചിലര്‍ വിനോദത്തിനായും ,

വേട്ടയാടാന്‍ വെറി പൂണ്ടവര്‍ ആയുധമെടുക്കുന്നു.
വേട്ടമൃഗങ്ങളെ കൂടുതുറന്നു വിട്ടവര്‍ പിന്നാലെ പായുന്നു.
ലക്ഷ്യം തെറ്റുന്ന ആയുധമുനകളില്‍ പിടയുന്ന ചോരയില്‍ 
കുഞ്ഞു മുഖങ്ങള്‍ മാത്രം കണ്ടു ലോകം പകയ്ക്കുന്നു . 

ചോര കൊണ്ട് ചരിത്രമെഴുതാന്‍ തയ്യാറെടുത്തവര്‍ക്ക് 
കുഞ്ഞുചോര കണ്ടാല്‍ അറയ്ക്കില്ലെന്ന് കുഞ്ഞിനറിയില്ലല്ലോ. 
വിത്തുകാളകള്‍ ഇരകളാക്കാന്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതും, 
വെറിപിടിച്ച കണ്ണുകളുമായി തെരുവിലലയുന്നതും.

സ്വാതന്ത്ര്യം എന്നാല്‍ എന്തെന്ന് കുഞ്ഞ് തിരയുന്നു.
നൈജീരിയന്‍ കാടുകളില്‍ കുഞ്ഞു ജനനേന്ദ്രിയം തകരുന്നു.
സുഡാനിയന്‍ മരുഭൂമികളിലാ ആമാശയം ഉണങ്ങിവരളുന്നു. 
'നനവേ'മലകളില്‍ പിഞ്ചുടലുകള്‍ മണ്ണ് തിന്നുന്നു . 

കണ്ണുനീര്‍ പൊടിയാതിരിക്കാന്‍ പഠിച്ച കുഞ്ഞുങ്ങള്‍ക്ക് 
സ്വാതന്ത്ര്യം എന്ന വാക്കുച്ഛരിക്കാന്‍ അറിയില്ലല്ലോ.
അപ്പന്‍മാര്‍ കൊലക്കു കൊടുക്കുന്ന ഗാസാമുനമ്പുകളില്‍ 
കുട്ടികള്‍ പക്ഷേ സന്തുഷ്ടരാണ് രക്തസാക്ഷികളാണ് .

കുഞ്ഞുങ്ങള്‍ക്ക് മതമില്ലെന്ന് കുഞ്ഞുങ്ങള്‍ക്ക് മാത്രമറിയാം. 
ലോകം കുഞ്ഞുങ്ങളില്‍ വായിക്കപ്പെടുന്നതും മതം,
എഴുതപ്പെടുന്നതും അണിയിക്കപ്പെടുന്നതും മതം.
മരണം കൊണ്ടുപോലും അടയാളപ്പെടുന്നതും മതം!

കുഞ്ഞുങ്ങളെ വച്ച് വിലപേശുന്നവര്‍ക്ക് മഹത്വം.
കുഞ്ഞുങ്ങളെ കൊലക്കു കൊടുക്കുന്നവര്‍ക്ക് മഹത്വം.
കുഞ്ഞുങ്ങളെ കൊടുക്കുന്നവനും എടുക്കുന്നവനും മഹത്വം. 
ഭൂപടം വരയ്ക്കുന്ന കുഞ്ഞുങ്ങള്‍ മാത്രം  ഇരുളില്‍ ഉഴറുന്നു. 
@ബി.ജി.എന്‍ വര്‍ക്കല

* നനവേ : ഇറാക്കിലെ യസീദി ഗോത്രങ്ങൾ പാർക്കുന്ന ഇടം

Saturday, August 23, 2025

മഴപെയ്തു തോരുകയാണ്

 

മഴപെയ്തു തോരുകയാണ്

 

മഴ പെയ്തു തോരുകയാണ്

മനസ്സിന്റെ, മൃദുലമാം താഴ്വരയാകെ.

ഒരു കുട ചൂടി നാമൊരുമിച്ചീ

ഇടവഴി താണ്ടാന്‍ കൊതിച്ചിടുന്നു.

ഈ വഴിത്താരയിലാകേ

ഉരുളൻ കല്ലുകൾ മാത്രമേയുള്ളൂ.

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

കനവിൽ നാം കണ്ട ദിനങ്ങൾ

ഒരിക്കലും തളിരിടാചെടികളാണെന്നോ.  

തളം കെട്ടി നിൽക്കുമീ മഴവെള്ളമാകെ

പുളകങ്ങള്‍ പൂക്കുന്ന തിരകള്‍.

കളിവഞ്ചി ഒന്നതിലേറാം

തുഴഞ്ഞതില്‍ ആഴങ്ങള്‍ തേടിയകന്നിടാം.  

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

പ്രിയമോടെ നിന്നുടെ മടിയില്‍

കിടന്നു ഞാന്‍ മഴവില്ല് കാണുകയാണ്.

മാനം കറുത്തിരുണ്ടിട്ടും

മനസ്സിന്റെ മാനം തെളിഞ്ഞുനില്ക്കുന്നു.

പീലി വിടര്‍ത്തും മയിലിന്‍

നൃത്തതാളത്തില്‍ നാമലിയുകയാണ്.

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ.

 

കാത് തുളയ്ക്കുന്ന ശബ്ദം

നിദ്രയെ ഭ്രാന്തമായി തല്ലിക്കൊഴിക്കെ.

നീയില്ല

കുടയില്ല

കളിവഞ്ചിയുമില്ല

മഴവില്ലും

മയിലുമില്ലല്ലോ

അപ്പൊഴും

മഴപെയ്തു തോരുകയാണ്

മനസ്സിന്റെ മൃദുലമാം താഴ്വരയാകെ

@ബി.ജി.എന്‍ വര്‍ക്കല  

Sunday, August 17, 2025

അവിടെയും ഇവിടെയും

അവിടെയും ഇവിടെയും
.......................................

ഇവിടെ ഞാൻ ചൂടിൻ്റെ
മറുകര താണ്ടുമ്പോൾ
അവിടെ നീ മഴ നനയുന്നു.
ഇവിടെൻ്റെ താപം വിറങ്ങലിക്കുമ്പോൾ
അവിടെ നീ കുളിരു ചൂടുന്നു.
പ്രണയമേ...
ജീവിത പന്ഥാവിൽ നാമിത്ര
അകലയായ് പോയതെന്തിങ്ങനെ.
മരുഭൂമി തന്നിലെ ഉഷ്ണപ്രവാഹങ്ങൾ
മനസ്സിൽ വരൾച്ച പാകുമ്പോൾ
പ്രിയതേ നിന്നുടെ ചെറുചിരി പോലും
പേമാരിയാകുന്നുവെന്നിൽ.
ഹൃദയം നിറയെ നിന്നോർമ്മകൾ നല്കുന്ന
ഹരിതകമ്പളത്താൽ മൂടവേ
അറിയാതെ പാദങ്ങൾ മുന്നോട്ടായുന്ന പോൽ
അരികെ വന്നൊന്നു നിന്നീടുവാൻ.
ഈ ഉഷ്ണതാപത്തിൻ പൊള്ളുന്ന വിരലുകൾ
എന്നെത്തലോടുന്ന നേരം
ഓർമ്മയിൽ നിന്നുടെ തണുവിരൽത്തുമ്പിൻ
സ്പർശമറിയുന്നു കുളിരുന്നു.
വേനലാണിവിടെയീ തീരമൊന്നാകെയും
നീ മഴയിൽ നനയുന്ന നേരം.
മഴയെയും തണുവിനെയും നീ തെറിപറഞ്ഞീടുന്നു
ഞാനിവിടെയീ തീക്കാറ്റിനെ ചുംബിക്കവേ.
നമ്മളെന്നെത്ര കാലമാണിങ്ങനെ
രണ്ടായി പിളർന്നു ജീവിക്കുക.!
നമ്മളൊന്നായ് കാണാൻ കൊതിച്ചൊരു കനവ്
മരൂരുഹം പോലൊന്നാകുമ്പോൾ,
നീ മഴയെ പുണരുക.
ഞാനുഷ്ണം ചൂടിയുറങ്ങിടട്ടെ..
@ ബി.ജി.എൻ. വർക്കല

Monday, June 16, 2025

പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല

പ്രണയമുണ്ടെങ്കില്‍ പിന്നൊന്നുമില്ല 
--------------------------------------------
ഗഗന നീലിമ മിഴികളില്‍ എഴുതിയ 
പ്രിയ സഖീ നീ വരുമോ ?
പ്രിയ സഖീ നീ വരുമോ ?
അഴിഞ്ഞ വാര്‍മുടി ഒതുക്കിയകറ്റി നീ 
ഒരു മൃദുസ്മേരം തരുമോ 
ഒരു മൃദുസ്മേരം തരുമോ (ഗഗന നീലിമ )

ഇരുള് മായും മുന്നേ പ്രിയ നീ 
കടന്നുപോകുകയരുതേ.
കൊടിയ താപത്താല്‍ ഉഴറുമെന്‍ മനം 
കൊതിച്ചിടുന്നു നിന്നെ
മതിച്ചിടുന്നു നിന്നെ . (ഗഗന നീലിമ ) 

പകലുമുഴുവന്‍ അലയുന്ന ഞാനൊരു 
തണല് തേടും ജന്മം.
ഇരവില്‍ നീയെന്നും വിരുന്ന് വരുന്നൊരു
നിഴലു പോലെന്‍ മുന്നില്‍ 
കനവ് പോലെന്‍ മുന്നില്‍ . (ഗഗന നീലിമ)

പടഹ ധ്വനിയാണ് ഉലകിലെവിടെയും 
തരിയുമില്ലൊരു കനിവ് .
മതങ്ങള്‍ തമ്മിലും മദങ്ങള്‍ തമ്മിലും 
കലഹമാണീ പാരില്‍ 
കരയുകയാണീ ഭൂമി . (ഗഗന നീലിമ)

ജീവനെടുക്കാന്‍ മടിയില്ല മനുഷ്യര്‍ക്ക് 
അറിവ് കൂടിയ കാലത്തും! 
ഹയനകള്‍ പോലും ഭയന്നുപോകുന്ന 
ക്രൂരതയാണിന്നിവിടെ 
പ്രാകൃതരാണീ മനുഷ്യര്‍. (ഗഗന നീലിമ)

അരികില്‍ നീയുണ്ട് പകലു പോലെങ്കില്‍ 
അറിയുകില്ല ഞാനൊന്നും. 
വിരല്‍ പിടിച്ചെന്‍റെ കൂടെ നീ ചരിക്കുകില്‍ 
കാണുകില്ല ഞാനൊന്നും. 
നോക്കുകില്ല ഞാനൊന്നും. (ഗഗന നീലിമ )

പ്രണയമേ, നീയെത്ര കൌതുകമാര്‍ന്നൊരു 
പ്രേഹേളിക തീര്‍ക്കുന്നു മണ്ണില്‍. 
തകര്‍ന്നുപോകുമീ ഉലകിലെല്ലാമെങ്കിലും
രമിച്ചിടുന്നു നാം നിന്നില്‍. 
മരിച്ചിടുന്നൂ നാം നിന്നില്‍.  (ഗഗന നീലിമ) 
@ബി.ജി. എന്‍. വര്‍ക്കല

Sunday, June 1, 2025

ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.

*ഇനി നമുക്ക് പ്രണയത്തെക്കുറിച്ചു പറയാം.*

നോക്കൂ മിഴിയിണപ്പൂക്കളെ നിങ്ങളീ-
ഇടവപ്പാതി തൻ നീർമണിച്ചോർച്ചയെ.
കേൾക്കൂ കാതുകൾ മെല്ലെ വിടർത്തിയീ
മണ്ണിൽ പതിക്കും ജലതാള മേളങ്ങൾ .

കാലം പലതു കടന്നു പോയെങ്കിലും
അണയാതെ ഉള്ളിൽ ജ്വലിക്കുമീ പ്രണയം.
അരുമയായിന്നൊരാൾ വിരൽ തൊട്ടുണർത്തുന്നു,
അറിയാതെ ഞാനും മിഴിയുയർത്തീടുന്നു.

വിടരും പൂക്കൾ തൻ സൗരഭമാലെ
ഭ്രമരങ്ങൾ ചുറ്റും പറന്നുയർന്നീടുമ്പോൾ,
വിരുന്നൂട്ടുവാനതിൽ ഒന്നിനെ മാത്രം
തിരഞ്ഞെടുക്കുന്നൊരു പൂവിനെപ്പോലെ.

പ്രണയാർദ്രമായ നിൻ മിഴികളെൻ നേർക്കായ്
അതിദ്രുതം ചിമ്മിത്തുറക്കുന്ന നേരം
ആരോ ഉപേക്ഷിച്ച മഞ്ചാടി മണികളെ
നിൻ വിരൽത്തുമ്പു തലോടുന്നുവല്ലോ.

വിടർന്ന നിൻ മാറിട മുകുളങ്ങൾ ത്രസിച്ചിട്ടെൻ
അധര പാനം കൊതിച്ചുണർന്നങ്ങു നിൽക്കേ
വരികെൻ്റെ ചാരത്തണയുക നീ പ്രിയേ
ഈ മേഘപായയിൽ പറന്നുയരാമിനി.

പ്രണയം മനോഹര നിറമാർന്ന ചിന്ത.
പ്രണയം അതിമധുരമാകുന്ന പാനീയം.
പ്രണയം അതിസാന്ദ്രമാകുന്ന സംഗീതം.
പ്രണയമില്ലാലോകം വിരസം വികൃതം.
*@ ബി.ജി.എൻ വർക്കല*

Thursday, May 29, 2025

കുന്താപുരത്തെ കടൽ........ഡോ. വള്ളിക്കാവ് മോഹൻദാസ്,

 
കുന്താപുരത്തെ കടൽ(കഥകൾ),
ഡോ. വള്ളിക്കാവ് മോഹൻദാസ്,
സാഹിത്യപ്രവർത്തകസഹകരണ സൊസൈറ്റി,
വില :120 രൂപ.


ലളിതമായ കഥകൾ വായിക്കാൻ കഴിയുന്നത് ഒരു സുഖാനുഭൂതിയാണ്. നമ്മുടെ സമയം ലാഭിക്കുക മാത്രമല്ല ചെയ്യുന്നത് ഒപ്പം തന്നെ വളരെ രസാവഹമായ ജീവിതാനുഭവങ്ങളെ നമുക്കവ സമ്മാനിക്കുക കൂടിച്ചെയ്യും. അതിനാലാകണം കഥകൾ പലപ്പോഴും ചെറിയതാണെങ്കിൽ വായനക്കാർ കൂടുന്നതിൻ്റെ ഒരു കാരണവും. ഡോ. വള്ളിക്കാവ് മോഹൻദാസിൻ്റെ പത്തുകഥകളാണ് കുന്താപുരത്തെ കടൽ എന്ന ഈ ചെറിയ പുസ്തകത്തിലുള്ളത്. വളരെ ലളിതമായി എന്നാൽ മനോഹരമായി പറഞ്ഞു പോകുന്ന കഥകൾ. ഭാഷയുടെ ലാളിത്യം മാത്രമല്ല കഥയെ മികച്ച താക്കുന്നത് അവയുടെ വ്യവഹാര തലങ്ങളുമാണ്. ജീവിതത്തിലെ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുള്ള കുറേ മനുഷ്യരെ ഒരു പുസ്തകത്തിൽ ഒതുക്കി എഴുത്തുകാരൻ വച്ചുനീട്ടുകയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ നിറഞ്ഞു നില്ക്കുന്ന ഈ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മധ്യവയസ്കർക്കു വരെ മാത്രമാകും പരിചിതരെന്നു കരുതാം. എന്നാൽ അവയിപ്പോൾ പുതു തലമുറയും പരിചയപ്പെടും. അത്രമേൽ ഹൃദ്യമായി അവയെ കഥകളിലേക്ക് പറിച്ചു നടപ്പെട്ടിരിക്കുന്നു.

മാന്തളിർഗന്ധം എന്ന കഥയാണാദ്യം. നാട്ടിലെ, മെച്ചപ്പെട്ട ഒരു റൗഡിയും പണിക്കാരനും ആയിരുന്ന ഒരാൾ ഇഎംഎസിന്റെ പ്രസംഗം കേട്ടതോടെ മനുഷ്യനായി മാറിയ കഥയാണിത്. കുത്തും കോമയും ഇടങ്ങളിൽ വേണ്ടതുപോലെ ഉപയോഗിക്കാതിരുന്നത് മൂലം തമാശകൾ വായനയിൽ കല്ലുകടിയായെങ്കിലും തുടക്കം നല്ലതായിരുന്നു. മണ്ണും പ്രകൃതിയും മനുഷ്യനും ഒരു സ്വാഭാവിക ചോദന പോലെ കടന്നുവരുന്ന കാഴ്ച ഒടുവിൽ എത്തുമ്പോൾ വിപ്ലവം, ഇടതുപക്ഷം എന്നീ കാഴ്ചകളിലേക്ക് ചിന്തകളിലേക്കും പരിവർത്തനം ചെയ്യുന്നു കഥയിൽ. പാലമൂടുകാവിലെ അന്തേവാസികൾ ആയിരുന്നു അടുത്ത കഥ. ബ്രാഹ്മണ്യം തല ഉയർത്തി നിന്ന നാട്ടിൻപുറത്തിന്റെ അപചയ കാഴ്ചകളിലേക്കാണ് മുഴുത്ത മുലകളും കറുത്ത ദേഹവും 10 മക്കളുമായി അവൾ വന്നത്. ഒടുവിൽ പുറമ്പോക്കിൽ നിന്നും അവൾ ജനങ്ങളുടെ സ്വീകാര്യതയിലേക്ക് നടന്നു കയറുമ്പോൾ മകൾ നമ്പൂതിരിയെ കെട്ടി പുരോഗമന വിപ്ലവം പൂർണമാക്കിയ ഒരു കഥയായിരുന്നു അത്.
അടുത്ത കഥ ആനിമേഷൻ ചെയർ എന്നതായിരുന്നു. യാന്ത്രിക ലോകത്തിൻറെ ശുദ്ധ ജീവിതം വെളിപ്പെടുത്തുന്ന ഒരു കഥ. കലാകാരന്മാരുടെ ദാമ്പത്യജീവിതം എന്നും പരാജയങ്ങളുടെ ശവപ്പറമ്പ് ആയിരിക്കും എന്ന പൊതുബോധത്തിന് ശരിവെക്കുന്ന രണ്ടുപേരുടെ കഥയാണിത്. വിഭിന്ന വഴികളിൽ സഞ്ചരിച്ച ഒരു ഭർത്താവും ഭാര്യയും മകനും  തലമുറകളുടെ കാഴ്ചപ്പാടുകൾ കുടുംബ ബന്ധങ്ങളിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നത്  ഈ കഥയിൽ അവതരിപ്പിക്കുന്നു. ശീലാവതിയുടെ അപൂർവ്വ രഹസ്യങ്ങൾ ആണ് അടുത്ത കഥ. പഴയകാല നാട്ടിൻപുറ ജീവിതങ്ങളുടെ കാഴ്ചകളെ എഴുത്തുകാരൻ പുനഃസൃഷ്ടിക്കുന്ന ലളിത കാഴ്ചകളാണ് ഈ കഥയിലെ മർമ്മം. തൂങ്ങിയാടുന്ന മുലകളുമായി വീട്ടുപണിക്കു വന്നിരുന്ന സമൂഹ കണ്ണുകളിലെ താഴ്ന്ന ജാതിക്കാരായ ചില മനുഷ്യരുടെ കഥയാണിത്. ആധുനിക കാലത്തിന് നഷ്ടവും കൗതുകവുമായ കാഴ്ച. അവർ വളർത്തിയ കുട്ടികൾ. അവർ പഠിപ്പിച്ച പാഠങ്ങൾ, പറഞ്ഞ കഥകൾ അവരുടെ മാർച്ചൂടിൽ വളർന്ന കുഞ്ഞുങ്ങൾ ഇന്നു വലുതായിരിക്കുന്നു. അവരുടെ മക്കളുടെ മക്കൾക്ക് ഇന്ന് കഥയറിയില്ല ജീവിതവും. സുറുമയെഴുതിയ നാത്തൂൻ എന്ന കഥ ഗ്രാമീണ ജീവിതത്തിലെ മറ്റൊരു കാഴ്ചയാണ്. ട്രാൻസ് ജീവിതം നയിക്കുന്ന ഒരു മനുഷ്യൻ്റെ കഥ മനുഷ്യത്വപരമായ ഒരു നല്ല പ്ലോട്ട് തന്നതോടെ ആ കഥ പാടെ മാറി. പതിവു ശീലുകളിൽ നിന്നും മാറി വളരെ മികച്ച ഒരു വായന തന്നു. കിളിമരം എന്ന കഥയും നല്ല കഥയായിരുന്നു. ഒറ്റപ്പെട്ട മനുഷ്യ ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങളെ പറയാതെ കാട്ടിത്തന്ന ഒരു കഥ. വെള്ളിക്കോളാമ്പി എന്ന കഥയിലെ പശ്ചാത്തലം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ രാത്രി മേളകളെ ഓർമ്മിപ്പിച്ചു. നർമ്മം കൂട്ടിക്കലർത്തിയ ഒന്നാണെങ്കിലും ഉദരനിമിത്തം ബഹുകൃതവേഷം എന്ന തത്വത്തിലൂന്നി കഥയെ വഴി നടത്തുന്നത് കാണാനാവുന്നുണ്ടായിരുന്നു.  ടൈറ്റിൽ കഥയായ കുന്താപുരത്തെ കടൽ കേരളം വിട്ട് കർണാടകത്തിൽ വച്ചാണ് സംഭവിച്ചിരിക്കുന്നത്. സംഗീതം ഇതിവൃത്തമായ ഇക്കഥയിൽ ശുദ്ധസംഗീതവും ആധുനിക സംഗീതവും തമ്മിലുള്ള അമേയമായ ആലിംഗനം കാണാം. നന്നായി വിഷയം പഠിച്ചെഴുതിയ ഒരു കഥ ആയിരുന്നു. നല്ല വായന സുഖം നല്കി. സൈക്കിൾ എന്ന കഥ പതിവുപോലെ ഗ്രാമ പശ്ചാത്തലം തന്നെ. പഴയ ഓർമ്മകളിലെ സൈക്കിൾ യജ്ഞക്കാരുടെ ജീവിതത്തിൽ നിന്നും ഒരേട്. സാധാരണ കേൾക്കുന്ന ക്ലീഷേകൾക്കപ്പുറം വ്യത്യസ്ഥതയുള്ള ജീവിതകഥ. ദയാസഞ്ചാരമെന്ന അവസാന കഥ ഒരു രാത്രികാലട്രെയിൻ യാത്രയുടെ ഭംഗിയും ഭയവും ഗന്ധവും വ്യക്തമായി അനുഭവപ്പെടുത്തിയ കഥയായിരുന്നു. ചില മനുഷ്യർ നാം കരുതുന്നത് പോലെ വെറും ചീഞ്ഞ മനുഷ്യരല്ല എന്ന ചൂണ്ടിക്കാട്ടൽ കൂടിയായിരുന്നു ആ കഥയുടെ സാരം.
ഇടതുപക്ഷ ചിന്താഗതിയുമായി അടുത്തു നില്ക്കുന്ന ഒരാൾ എന്ന കാഴ്ച നല്കിയ ആദ്യ രണ്ടു കഥകൾക്കു ശേഷം കഥാകാരൻ തൻ്റെ യാത്ര നഗരത്തിലേക്കും പൊടുന്നനെ ഗ്രാമീണാന്തരീക്ഷത്തിലേക്കും മാറ്റിയപ്പോൾ വ്യത്യസ്തമായ രുചി ഭേദങ്ങൾ അനുഭവിച്ചറിയാൻ കഴിഞ്ഞു എന്നതാണീ പുസ്തകം നല്കിയ വായനാനുഭവം. കൂടുതൽ വായനകൾ അർഹിക്കുന്ന ഒരെഴുത്തുകാരൻ്റെ കൈയ്യൊപ്പുപതിഞ്ഞു കിടക്കുന്ന ഈ പുസ്തകം കുറേയേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. സസ്നേഹം ബി.ജി.എൻ വർക്കല

Monday, May 19, 2025

നശാ........ നിഷ നാരായണൻ

നശാ (കവിതകള്‍ )
നിഷാ നാരായണന്‍ 
പുസ്തക പ്രസാധക സംഘം 
വില :100 രൂപ


കവിയവൾ - സ്നേഹമുള്ളവൾ, ഞങ്ങളെ
എഴുതിക്കൊണ്ടേയിരിക്കുന്നു.
കവിയവൾ - ഭാഷയുള്ളവൾ,
അവരെഴുതിക്കൊണ്ടേയിരിക്കുന്നു." (അവൾ )

കവിതകളുടെ വായന എന്നത് ഒരു അനുഭൂതിയാകുന്നത് വ്യത്യസ്ഥത സ്പര്‍ശിക്കുമ്പോഴാണ് . കവിതകളുടെ രൂപഭാവങ്ങളെ , പരമ്പരാഗതകളെ ഒക്കെ കീഴ്മേല്‍ മറിക്കുന്ന പരീക്ഷണങ്ങളുടെ കാലമാണിത് . അതിനാല്‍ത്തന്നെ കവിതകളെ സമീപിക്കുന്നവര്‍ അല്പം ശ്രദ്ധ വായനയില്‍ കൊടുത്തില്ലെങ്കില്‍ കവിത അവരെ ബലാല്‍ഭോഗം ചെയ്യുകയും മോഹാലസ്യത്തില്‍ അകപ്പെടുത്തുകയും ചെയ്യും. വികാരങ്ങളെ ജനിപ്പിക്കുക , അനുഭവിപ്പിക്കുക , ആനന്ദിപ്പിക്കുക ഇവയൊക്കെ കവിതകളുടെ സ്ഥായിയായ ധര്‍മ്മമായി കാണണം. അതിനാലാണ് കവിതകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ആസ്വാദകര്‍ കവിയെ പ്രണയിക്കുകയോ കവിയുടെ ആരാധകര്‍ ആയി മാറുകയോ ഒക്കെ ചെയ്യുന്നത് . നിര്‍ഭാഗ്യവശാല്‍ അത്തരം കവികള്‍ ഇന്ന് വളരെ ദുര്‍ലഭമാണ്. നമുക്കിപ്പോഴും പാശ്ചാത്യരെ നോക്കി ഇരിക്കാനാണ് ആ കാര്യത്തില്‍ താത്പര്യവും അനുഭവവും. ഷെല്ലി കീത്ത് , ഇബ്സന്‍ , നെരൂദ , സില്‍വിയ പ്ലാത് ,റൂമീ തുടങ്ങിയ കുറച്ചു ഐക്കണുകള്‍ അല്ലാതെ നമുക്ക് എന്താണ് കൂട്ട് . മലയാളത്തില്‍ മാധവിക്കുട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇത്തരം പ്രണയവും ആരാധനയും ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ ആണെന്നത് മറച്ചു വയ്ക്കുന്നില്ല. ഓണ്‍ലൈന്‍ കവികളിലേക്ക് വരികയാണെങ്കില്‍ അഥവാ സോഷ്യല്‍മീഡിയ കവികളിലേക്ക് വരികയാണെങ്കില്‍ ഇവിടെ കാട്ടിക്കൂട്ടലുകളുടെ അയ്യരുകളിയാണെന്ന്  മാത്രം പറയാം. മുലയെന്നോ യോനിയെന്നോ ലിംഗമെന്നോ എഴുതുന്നവളും രതിയെ പറയുന്നവളും, അതുപോലെ രാഷ്ട്രീയമെഴുതുന്നവനും സ്ത്രീ വര്‍ണ്ണനയോ രതിയോ പ്രണയമോ എഴുതുന്നവനും  മഹാകവികള്‍ എന്നു പറയുന്ന ഒരു സമൂഹമാണത്. നിമിഷ കവിതകള്‍ ആണ് ഇന്ന് സംഭവിക്കുന്നത് . ഒന്നു വായിച്ചു ഒന്നു കേട്ടു ഒന്നു ആസ്വദിച്ച് മറന്നു പോകാന്‍ വിധിക്കപ്പെട്ട കവിതകള്‍ . വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണു ഇതില്‍ നിന്നും രക്ഷപ്പെട്ടു പോകുക . അവരുടെ വരികള്‍ ചിലപ്പോള്‍ ചിലരെങ്കിലും ഓര്‍മ്മയില്‍ കരുതിവയ്ക്കുകയോ കുറിച്ചു വയ്ക്കുകയോ ചെയ്യാന്‍ തക്കവണ്ണം കാമ്പുള്ള , രസാവഹമായ സ്മരണകള്‍ ആകുന്നതിനാലാണത്. 
കൂട്ടത്തില്‍ ഭേദപ്പെട്ടവയെ വായിക്കുക എന്നത് മാത്രമാണു കരണീയമായുള്ളത് . അതിനാല്‍ത്തന്നെ വ്യത്യസ്ഥമായ വായനകളെ ഓര്‍ത്തു വയ്ക്കേണ്ടതുണ്ട് . ഇത്രയും പറഞ്ഞത് നിഷാ നാരായണന്റെ നശാ എന്ന കവിത പുസ്തകത്തെ വായിച്ചത് അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. സോഷ്യല്‍ മീഡിയകളില്‍ എഴുതുന്ന കവികളില്‍ അകത്തും പുറത്തും അറിയപ്പെടുന്ന ചുരുക്കം എഴുത്തുകാരില്‍ ഒരാള്‍ ആണ് നിഷാ നാരായണന്‍. അധ്യാപികയായ ഈ കവി , പൊതുവേദികളില്‍ ഒക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടു അധികകാലമാകുന്നില്ല . പ്രസാധകര്‍ ഇല്ലാതെ സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിച്ചുകൊണ്ടു ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരാള്‍ കൂടിയാണ് നിഷാ നാരായണന്‍. നശാ എന്ന കവിത പുസ്തകത്തിലെ 21 കവിതകളെ സമീപിക്കുമ്പോള്‍ , നിഷാ നാരായണന്‍ എന്ന കവിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നതാണ്. കാരണം നിഷയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഇത് ഒരു മലയാളം കവിതയാണോ കവി മലയാളി തന്നെയാണോ ഇതൊരു ആംഗലേയ കവിതകളുടെ മൊഴിമാറ്റങ്ങള്‍ ആണോ എന്നൊക്കെ സംശയം തോന്നിപ്പിക്കുന്ന വിധത്തില്‍ കവിതയുടെ രൂപ ഭാവങ്ങളെ കാല ദേശങ്ങളെ ഭിന്നിപ്പിച്ചു കൊരുത്ത് വച്ചിരിക്കുന്നന്തായി കാണാം. 
സാധാരണ നാം കാണുന്ന കവിതകളും, എഴുത്തുകാരും തങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഉപമാലങ്കാരങ്ങളില്‍ വിരാജിക്കുക എന്നതാണല്ലോ. നിഷ ഇവിടെ തന്റെ പാദങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ആഗോളതലത്തില്‍ ഒരു വിശാല കാഴ്ചപ്പാടും ചിന്തയും ആലേഖന രീതിയും നിഷ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് പരന്ന വായനയുടെയും കാവ്യാഖ്യാന ശൈലി കരഗതമാക്കിയ അറിവിന്റെയും ഒരു തെളിവായി കാണാം. ചിലപ്പോഴൊക്കെ മാധവിക്കുട്ടിയെയും , ചുള്ളിക്കാടിനെയും അനുസ്മരിപ്പിക്കുന്ന രചനാ വൈശിഷ്ട്യത്തോടെ നിഷ കവിതകള്‍ എഴുതുമ്പോൾ അത് വായനയെ ഒരു മിസ്റ്റിക് കാഴ്ചപ്പാടില്‍ ജ്വലിപ്പിക്കുന്നതായി കാണാന്‍ കഴിയും.  ചിലപ്പോള്‍ ചുള്ളിക്കാടിന്റെ ഭൂതം ബാധിച്ചുവോ നിഷയെ എന്നു തോന്നിപ്പിക്കാതെയിരിക്കുന്നില്ല. പ്രണയമായാലും ജീവിതമായാലും രാഷ്ട്രീയമായാലും അതിനെ അവതരിപ്പിക്കുന്ന രീതിയാണ് ഓരോ എഴുത്തുകാരെയും വേറിട്ട ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. നിഷയുടെ കവിതകളുടെ വായനകള്‍ ഒരിയ്ക്കലും ഒറ്റ വായനയില്‍ നിന്നും ഉള്‍ക്കൊണ്ട് പോകാന്‍ കഴിയുന്നവ ആണെന്ന് കരുതുന്നില്ല. അതിനെ സമീപിക്കുമ്പോഴൊക്കെ ആദ്യവായനയില്‍ നിന്നും അകന്നു പോകുന്ന പുതിയ ചിന്തകളെ സൃഷ്ടിക്കാറുണ്ട് എന്നു കാണാം. ഇത് കവിതയിലെ മാജിക്കല്‍ റിയലിസം എന്ന സംഗതിയോട് ചേര്‍ത്തു വായിക്കാന്‍ ആണ് ഇഷ്ടം. ആ ഒരു കയ്യടക്കവും മാന്ത്രികതയും നിഷ തന്റെ കവിതകള്‍ക്കുളില്‍ സന്നിവേശിപ്പിച്ചു കാണുന്നു. 
ഇരുത്തം വന്ന ചുരുക്കം കവികളേ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയൂ. അവരിലെ ലിംഗ വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടു ഒരു ക്രോഡീകരണം എന്തായാലും നടത്താന്‍ ഉദ്ദേശിക്കുന്നില്ല . കാരണം കാലകാലങ്ങളായി പറഞ്ഞുവരുന്ന ഒരു സംഗതിയാണ് എഴുത്തിലെ ലിംഗ വിഭജനവും അതിലെ അസമത്വവും. ഇവയൊക്കെ പഴയ കാര്യങ്ങള്‍ ആയതിനാല്‍ ഇന്നത് ഒരു ചര്‍ച്ചാ വിഷയമായി കാണുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കരസ്ഥമാക്കിയ ഇടങ്ങള്‍ , കഴിവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ ലിംഗ വിഭജന ചര്‍ച്ചകള്‍ വെറും വാചോടോപങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ആ ഭാഗത്തേക്ക് പോകുന്നില്ല. മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന ചുരുക്കം പുതുകാല എഴുത്തുകാര്‍ വളര്‍ന്ന് വരുന്നുണ്ട്. അവരെ അംഗീകരിക്കാന്‍ വായനക്കാര്‍ തയ്യാറായാല്‍ മതിയാകും. കോക്കസുകളില്‍ കുരുങ്ങിക്കിടന്ന് തുറന്നെഴുതുന്നവനും തുറന്നെഴുതുന്നവളും ആണ് കവി എന്നു വായ്പ്പാട്ട് പാടാതെ എഴുതുന്നതിലെ തുറന്നെഴുത്തുകള്‍ ആ വരികളെ എങ്ങനെ നിങ്ങൾക്ക് അനുഭവവേദ്യമാക്കുന്നു ,നിങ്ങളില്‍ വികാരങ്ങള്‍ ജനിപ്പിക്കുന്നു. എങ്ങനെ അവ സ്വീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കി , മാറ്റങ്ങളെ മനസ്സിലാക്കി അവയെ അംഗീകരിക്കുകയാണ് വേണ്ടത്. എഴുത്താളിയെ നോക്കാതെ എഴുത്തിനെ നോക്കി എന്നാണോ ആസ്വാദകര്‍ രചനകളെ വിലയിരുത്തുക അന്നേ ഈ പറയുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളൂ . അതിലേക്കു വായനക്കാരും വികാസം പ്രാപിക്കേണ്ടതുണ്ട് എന്നു മാത്രം, 
നിഷയുടെ കവിതകള്‍ നല്ല വായനാസുഖം നല്കി എന്ന സന്തോഷം പങ്കിടുന്നു. 
" പാൽക്കടൽത്തിര തള്ളിയേറി-
വരുന്ന പോലെ പദങ്ങളെൻ
നാവിലിങ്ങനെ നൃത്തമാണൊരു
ഭോഷ്ക് ചൊല്ലുകയല്ല ഞാൻ ." എന്ന വരികൾ അന്വർത്ഥമാക്കാൻ നിഷക്ക് കഴിയട്ടെ. 
കൂടുതല്‍ കൂടുതൽ കവിതകള്‍ കാവ്യാസ്വദകർക്ക് സമ്മാനിക്കാൻ  നിഷയ്ക്ക് കഴിയുമെന്ന വിശാസത്തോടെ പ്രതീക്ഷയോടെ ആശംസകള്‍ . ബി.ജി.എന്‍ വര്‍ക്കല

Friday, May 16, 2025

നിൻ്റെ അതിരുകൾ

നിൻ്റെ അതിരുകൾ.
................
നോക്കൂ 
എത്ര പെട്ടെന്നാണ് നീ 
നിൻറെ ആകാശത്തിന് അതിരുകൾ വരച്ചത്.
പക്ഷികൾക്കും മേഘങ്ങൾക്കും
കാറ്റിനു പോലും 
ഇനി അതിനപ്പുറം കടക്കുക വയ്യ തന്നെ.
നിൻറെ സ്വപ്നങ്ങളുടെ ലോകം.
അതിനെ, നീയൊരു ലക്ഷ്മണ രേഖ 
വരച്ചത് പോലെയാണ് .
ഒരുപക്ഷേ,
 നീ നിൻറെ ലോകം 
നിന്നിലേക്ക് ചുരുക്കുന്നത്  കൊണ്ടാകാം.
 എങ്കിലും,
 പാറിപ്പറന്നു നടക്കാൻ 
വാനോളം ഉയർന്ന്,
പ്രപഞ്ചത്തോളം പരന്ന്
ഉല്ലസിക്കാൻ 
നമ്മൾ ആഗ്രഹിച്ചിരുന്നതല്ലേ?
എന്നിട്ടൊടുവിൽ 
യാത്രയുടെ പാതി വെച്ച് നീ
എന്തിനിങ്ങനെ ഒരു ലക്ഷ്മണ രേഖ വരയ്ക്കുന്നു ?
നിനക്ക് ഞാൻ അന്യനായ് തുടങ്ങിയത് കൊണ്ടാണോ
അതോ,
 എന്നെ നിനക്ക് മടുത്തു തുടങ്ങിയതോ....
പ്രതീക്ഷകളുടെ എല്ലാ കോണുകളിലും 
ചേരാതെ പോകുന്ന ഒരു സമവാക്യമായി
 മാറിയതുകൊണ്ടാകണം..
എങ്കിലും,
നിന്റെ ലക്ഷ്മണരേഖ എനിക്ക് ഇഷ്ടമായി. 
സഞ്ചാരയോഗ്യമായ പാതകളിലെല്ലാം 
ഞാൻ എൻറെ യാത്രയെ
മുന്നോട്ടു മാത്രമേ നടത്തുന്നുള്ളൂ.
പിന്നോട്ട് നടക്കാൻ 
എനിക്കും കഴിയുന്നില്ലല്ലോ...
@ ബി.ജി.എൻ വർക്കല

Saturday, April 19, 2025

മനോഹരമായ ഒരു സ്വപ്നമായിരുന്നത്

 

മനോഹരമായ ഒരു സ്വപ്നമായിരുന്നത് .

  ************************************

രാത്രി തന്‍ ചാരുത മിഴികളില്‍ നിറയിച്ച്

ഇരുളെന്നെ ചൂഴ്ന്നു കവര്‍ന്നെടുത്തീടവേ,

മിഴികളില്‍ തൂങ്ങുന്ന നിദ്ര തന്‍ ഭാരത്താല്‍

മറുവഴിയില്ലാതെന്‍ തലയിണ ഞെരിയുന്നു.

 

ഇരുളിന്റെ ആഴത്തില്‍ ഞാനാണ്ടു പോകവേ

ഒരു പൂനിലാവെന്നെ തഴുകിത്തുടങ്ങുന്നു .

എവിടെനിന്നറിയില്ല സംഗീതം പൊഴിയുന്നു.

ഉടലാകെ പൂത്തൊരു വസന്തം വിടരുന്നു .

 

സ്വപ്നത്തില്‍ നിന്നോ ജാഗരത്തില്‍ നിന്നോ

ഒരു മിന്നല്‍ വെളിച്ചത്തില്‍ ഇരുളകന്നകലുന്നു.

എന്റെ ശയനഗൃഹ ജാലകവാതില്‍ കടന്നതാ

വരുന്നുണ്ടൊരു നിഴല്‍ ആരിവള്‍ മോഹിനി.!

 

തൂവെണ്‍മ തോല്‍ക്കുമാ ഉടയാട കാറ്റിന്റെ,

തഴുകലില്‍ ചുറ്റുമായ് പാറിക്കളിക്കുന്നു.

പരിമളം പൊഴിയുന്ന ഊദിന്റെ ഗന്ധത്തില്‍

മുറിയൊരു ഭ്രമലോക പ്രപഞ്ചമായ് തീരുന്നു .

 

മഴനീര്‍ത്തുള്ളികള്‍ വീഴുമ്പോള്‍ കൂമ്പുന്ന

ഇല പോലവളുടെ മിഴികള്‍ അടയുന്നു.

ഒരു മഞ്ഞുതുള്ളി സ്പര്‍ശനമേറ്റെന്ന പോലുണരുന്നു

മുന്തിരിച്ചോപ്പെഴും കുചകുംഭമകുടങ്ങള്‍ .

 

ഒരു നെടുവീര്‍പ്പിന്റെ ശീല്‍ക്കാര ധ്വനിയില്‍

ഉണര്‍ന്നെണീല്‍ക്കുന്നു നിശബ്ദത ചുറ്റിനും.

അറിയാതെ ശയ്യയില്‍ നിന്നുമുയരുന്നു ഞാന്‍

ലോഹത്തെ പുണരുവാന്‍ കാന്തമതെന്ന പോല്‍.

 

വെറും നിലത്തേക്കായ് ഉരുണ്ടു വീഴും നോവില്‍

ഉണര്‍ന്നെണീക്കുന്ന ഞാന്‍ വെളിച്ചം തെളിക്കുമ്പോള്‍.

അതികാലമായെന്ന കുക്കുടമൊഴിയാലെന്നിലെ 

അതിമോഹമെല്ലാം പറിച്ചെറിഞ്ഞല്ലോ ഹാ! കഷ്ടം.

 

@ബി.ജി.എന്‍ വര്‍ക്കല


Friday, April 11, 2025

എപ്പോഴുമെന്നത് പോലെ

എപ്പോഴുമെന്നത് പോലെ 
.............................................
കൂടെ നടക്കുന്ന വേളകളിലൊന്നിലും 
കൂട്ടേ, നീ പറഞ്ഞില്ല ഞാന്‍ ഭ്രാന്തനാണെന്ന്.
കൂട്ടായി നടക്കുമ്പോള്‍ തോന്നാത്തതൊന്നാണോ 
കൂട്ട് വെട്ടുമ്പോള്‍ ഭ്രാന്തായി തോന്നുക! 

കെട്ടിപ്പിടിച്ചിട്ടുണ്ടെത്രയോ വേളയില്‍. 
കെട്ടഴിച്ചിട്ടിട്ടുണ്ട് കഞ്ചുകം ലാസ്യമായ് 
കാട്ടാത്തതൊന്നുമില്ല കാണാത്തതുമെങ്കിലും 
പിരിയുമ്പോള്‍ മാത്രം ഞാന്‍ കാമഭ്രാന്തന്‍ . 

നിന്റെ വിരല്ത്തുമ്പിലൂടെത്രയോ വേളകള്‍ 
ഞാന്‍ രുചിച്ചിട്ടുണ്ട് നിന്‍ മധുവെങ്കിലും, 
നിന്റെ മടിത്തട്ടില്‍ കണ്ണടച്ചുറങ്ങുമ്പോള്‍ 
നീ തന്ന സ്തന്യത്തോളം മാധുര്യമെന്തു വേറെ!

എങ്കിലുമെപ്പോഴും എന്നുടെ ജീവനില്‍ 
ബാക്കി വയ്ക്കുന്നൊരു പേരത് മാത്രം നിത്യം. 
വൃത്തികേടിന്‍ രൂപം, ഭ്രാന്തനെന്നും പിന്നെ 
വട്ടനും വഷളനും മാല്യങ്ങള്‍ എന്തൊക്കെയോ.  

ഏറെപ്പറഞ്ഞു ഞാന്‍ കാടുകയറാനില്ല 
ഏറെപ്പറഞ്ഞു ഞാന്‍ ഉളുപൊള്ളാനുമില്ല .
എപ്പോഴുമെന്നപോല്‍ ഞാന്‍ മൗനിയാകുന്നു. 
എന്റെ വാത്മീകത്തില്‍ ധ്യാനത്തിലുറയുന്നു . 
@ബി.ജി.എന്‍ വര്‍ക്കല

Thursday, April 10, 2025

മനോരാജ്യം

മനോരാജ്യം 

എന്റെ മനോരാജ്യങ്ങളില്‍ പെട്ടവ.....
ചിലപ്പോഴൊക്കെ എനിക്കതിയായ സ്നേഹം വരും .
നിന്നെ കെട്ടിപ്പിടിക്കാനും 
കവിളില്‍ മുത്തം തരാനും തോന്നുന്നത്ര സ്നേഹം .
നിന്റെ മുടിയില്‍ പിടിച്ചു വലിക്കാനും 
മൂക്കിൻതുമ്പില്‍ നുള്ളാനും 
ഗോഷ്ടി കാട്ടി ശുണ്ഠി പിടിപ്പിക്കാനും 
തോന്നുന്നത്ര സ്നേഹം. 

ചിലപ്പോള്‍ എനിക്കു പ്രണയം വരും .
നിന്റെ മുടിയിഴകളെ തഴുകാനും 
നിന്റെ ചുണ്ടില്‍ ഉമ്മകള്‍ നല്കാനും 
തോന്നുന്നത്ര പ്രണയം. 
നിന്റെ മുലകള്‍ക്കിടയില്‍ മുഖം ഒളിപ്പിക്കാനും 
നിന്റെ വയറില്‍ കവിൾ ചേര്‍ത്തു കിടക്കാനും 
നിന്നെ ഇക്കിളിയിടാനും തോന്നുന്നത്ര പ്രണയം .

ചിലപ്പോള്‍ എനിക്കു സങ്കടം വരും .
നിന്റെ വിരലുകള്‍ എന്റെ മുടിയില്‍ ഓടിക്കാനും 
നിന്റെ ചുണ്ടുകള്‍ എന്റെ നെറ്റിയില്‍ പതിയാനും 
തോന്നുന്നത്ര സങ്കടം. 
നിന്റെ ഗാഢമായ ആലിംഗനത്തില്‍ അമരാനും 
നിന്റെ പാട്ടുകേള്‍ക്കാനും 
തോന്നുന്നത്ര സങ്കടം .

എന്റെ വികാരങ്ങളില്‍ അഗ്നിയായും 
ജലമായും 
വായുവായും 
എന്നെ പൊതിയുന്ന സുഗന്ധമായും 
നിന്നെയെന്നും ഞാന്‍ കനവ് കാണുന്നു .
@ബിജു .ജി.നാഥ് വർക്കല

Monday, April 7, 2025

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
കുസൃതിക്കണ്ണുകളിൽ ഒളിപ്പിച്ച തിളക്കത്തിൽ 
നുണക്കുഴിക്കവിളുകളിൽ പതിഞ്ഞ ചുവപ്പിൽ
നേർത്ത പുഞ്ചിരി വിരിഞ്ഞ അധരത്തിലുമുണ്ടത്.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
മുടിയിഴ തഴുകി വന്ന ഈറൻ കാറ്റിലും 
ദ്രുതഗതിയിൽ പുറന്തള്ളപ്പെട്ട നിശ്വാസത്തിലും 
നിന്നെ മണത്ത വിയർപ്പിലുമത് ഉറഞ്ഞിരുന്നു.

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
പറയാതെ നീ പറഞ്ഞ വാക്കുകളിൽ
 ചിതറിത്തെറിക്കുന്ന ഒളികൺനോട്ടങ്ങളിൽ 
പറയാൻ കൊതിച്ച വാക്കുകളിൽ അതുണ്ടായിരുന്നു .

നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു .
എഴുതാതെ പോയ വരികൾക്കിടയിലും
കൃഷ്ണമണിയിൽ പതിഞ്ഞ കരിനീലയിലും
ഉയർന്നു താഴ്ന്ന മാറിടങ്ങളിലും അത് കല്ലിച്ചു കിടന്നു.

ഓർമ്മകളുടെ പുഴയോരത്തിരുന്നിന്ന് 
ഇവിടെ ഒറ്റയ്ക്കീ നിലാവ് കാണുമ്പോൾ സത്യമായും,
വേദനിപ്പിക്കുന്ന അനുഭൂതി പോലെ തോന്നുന്നു.
അതേ, നീ പറഞ്ഞതൊക്കെയും പ്രണയമായിരുന്നു.
@ ബി.ജി.എൻ വർക്കല

Friday, February 21, 2025

ശവമഞ്ചം


ശവമഞ്ചം 
..................
എന്റെയെന്നുള്ളതൊന്നുമില്ലാത്ത ലോകത്തില്‍
എൻ്റെയെന്നോർത്ത് ഞാനെന്തു തിരയുന്നിഹ!
കണ്ണുകള്‍ എന്നെ വഞ്ചിക്കുന്നതല്ലെങ്കില്‍ ഈ-
കാഴ്ചകള്‍ എങ്ങനെ എന്നിലേക്കെത്തുന്നു? .

ഞാനലഞ്ഞ വഴികളില്‍ എങ്ങുമേ കണ്ടതില്ല
എന്നെ പ്രതീക്ഷിച്ചൊരു ജീവനുമിതുവരെ.
ഞാന്‍ തിരഞ്ഞൊരു കൂട്ടിലും കണ്ടീല
‘എന്റെ’ എന്നൊരു പേരും വിലാസവും.

ഞാനണിഞ്ഞൊരുരുടയാടകള്‍ കാണ്‍കിലെന്നില്‍   
പാകമല്ല, ചേരും നിറവുമാര്‍ന്നിരുന്നില്ല.
ഞാന്‍ കഴിച്ചൊരന്നത്തിലെങ്ങുമേ കുറിച്ചിരുന്നി- 
ല്ലെൻ്റെ നാമമോ, എനിക്കുള്ളതാണെന്നോ.

എന്റെ കാഴ്ചകള്‍ വെറും മായികം വര്‍ണാഭം.
എന്റെ യാത്രകള്‍ കേവലം വ്യര്‍ത്ഥവും.
എന്തിനായി പിന്നെയും ഈ തമോഭൂമിയില്‍
എന്നെ ഞാനിങ്ങനെ ചുമക്കുന്നു കേവലം.
@ബിജു ജി. നാഥ് വര്‍ക്കല

Monday, February 17, 2025

അവര്‍ അപരിചിതരായിരുന്നു.

അവര്‍ അപരിചിതരായിരുന്നു. 

മുറിഞ്ഞു പോകുന്ന വാക്കില്‍ നിന്നും 
അടര്‍ന്നു വീഴുന്ന അക്ഷരങ്ങള്‍ കൊണ്ട് 
കവിത രചിക്കുന്നവന്‍ കവിയെന്നു 
വായനയുടെ വേരുകള്‍ പറയുമ്പോള്‍ 
കിനിയുന്ന ചോര നല്‍കുമാ ഇനിപ്പിന്‍ 
രസച്ചരട് മുറിയാതെ സൂക്ഷിക്കുവാന്‍ 
മാര്‍ദ്ദവാഹിനികളില്‍ പ്രഹരിക്കുന്നുണ്ട് 
മൃതിയുടെ ചെന്തീനിറം പൂണ്ട മിഴികള്‍. 

ഒരുകാലമുണ്ടായിരുന്നിരിക്കാം അവന്‍ 
തന്നരുമയാം പ്രേയസി അരികിലുള്ള, 
ഒരു കാലമുണ്ടായിരുന്നിരിക്കാം അവന്‍ 
പ്രണയത്താല്‍ പൂത്തു വിടര്‍ന്നിരിക്കാം. 
ഗുല്‍മോഹറുകള്‍ തണല്‍ വിരിക്കും 
പാതയോരങ്ങളില്‍ അവരൊന്നിച്ചു  നടന്നിരിക്കാം. 
സായന്തനത്തിന്റെ ശോണിമ നല്‍കുന്ന 
കടലോരത്തലസം സല്ലപിച്ചിരുന്നിരിക്കാം. 

ഒരിടനാഴിതന്നിരുവശങ്ങളില്‍ ഗൂഢ- 
മറിയാത്ത പോല്‍ നോക്കി നിന്നിരിക്കാം. 
കാവല്‍പ്പുരകളില്‍, അപരിചിത വേഷങ്ങളില്‍  
പുഞ്ചിരികള്‍ കൈമാറിയിരിക്കാം. 
ഒരേ വണ്ടിയില്‍, തുടിക്കും ഹൃദയമോടെ 
ഒളിച്ചേകണ്ടേ നോട്ടത്തില്‍ സഞ്ചരിച്ചിരിക്കാം. 
@ബിജു ജി നാഥ്

Sunday, February 2, 2025

കനല്‍പ്പെണ്ണ്.....................സരസ്വതി . എസ്

കനല്‍പ്പെണ്ണ് (കവിതകള്‍)
സരസ്വതി . എസ് 
ചിന്ത പബ്ലിക്കേഷന്‍സ് 
വില : 160 രൂപ 


“എന്നിട്ടുമെന്തെന്‍റെ ജീവിതാന്ത്യത്തിലെന്‍
പൊള്ളുന്ന നെറ്റിയിൽ ഉമ്മ വയ്ക്കാൻ വന്നു. 
കാവ്യലോകത്തിന്‍ കെടാവിളക്കിലായൊ-
രുതുള്ളി നെയ് ഞാനുമർപ്പിച്ചു കൊള്ളട്ടെ” (മൊഴിയാഴി)
 

ഇന്ന് ഞാൻ വായിക്കാൻ എടുത്തത് ശ്രീമതി സരസ്വതി എസ് എഴുതിയ കവിത പുസ്തകമാണ്. “കനൽപ്പെണ്ണ്” എന്നാണ് ഈ പുസ്തകത്തിൻറെ പേര്. ഇത് പബ്ലിഷ് ചെയ്തത് ചിന്ത പബ്ലിക്കേഷൻസ് ആണ്. 
മൊത്തം 56 കവിതകളാണ് ഈ പുസ്തകത്തില്‍ നമുക്ക് വായിക്കാൻ കഴിയുക. ഈ 56 കവിതകൾ രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഉള്ള കാഴ്ചപ്പാടുകൾ, പ്രണയം ജീവിതം എന്നിവയുടെ അടയാളപ്പെടുത്തലുകൾ, കവിതയിലേക്കുള്ള കടന്നുവരവിന്, കവിത എങ്ങനെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നുവെന്നത്, കവിത എങ്ങനെ തന്നെ സ്വാധീനിക്കുന്നു എന്നുള്ള കണ്ടെത്തലുകള്‍, ഒരു സ്ത്രീ എന്താണെന്നുള്ള കാഴ്ചപ്പാടുകളും,സ്ത്രീയുടെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുടങ്ങിയവയുടെയൊക്കെ സമ്മിശ്ര കാഴ്ചകള്‍ ആണ് .

ഓരോന്നായി എടുത്തു നോക്കുകയാണെങ്കില്‍, രാഷ്ട്രീയപരമായ കാഴ്ചകൾ എന്ന് പറയുമ്പോൾ പ്രധാനമായും ഇടതുപക്ഷ രാഷ്ട്രീയ സ്വഭാവവും കാഴ്ചപ്പാടുകളും നിറഞ്ഞ വരികളും സൂചനകളും മറ്റും അടങ്ങിയതാണ് രാഷ്ട്രീയ കവിതകള്‍ എന്നു പരാമര്‍ശിച്ചവ. അതിൽ വിപ്ലവകാവ്യങ്ങൾ പോലെ വായിച്ചുപോകാവുന്നതുമുണ്ട്. അഭിമന്യുവിനെ പോലെയുള്ള രക്തസാക്ഷികളെക്കുറിച്ച് ഓർമിക്കുന്നുണ്ട്. വിപ്ലവം ഒടുവിൽ ഇന്നത്തെ നിലയിൽ എത്തി നിൽക്കുമ്പോൾ ഇനി എന്ത് എന്നുള്ള തോന്നലുകൾ ഉണ്ട്. ഇങ്ങനെ കുറേ കാര്യങ്ങളാണ് രാഷ്ട്രീയപരമായ കവിതകളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. സാമൂഹ്യപരമായ കവിതകൾ എന്ന് പറയുമ്പോൾ ‘കൂനന്‍പറമ്പിലെ ഉറുമ്പുകൾ’എന്ന കവിതയില്‍  ജനാധിപത്യത്തിൻറെ നാലാം തൂണുകളെ പരിഹസിക്കുന്നതുപോലെ  പല എഴുത്തുകളും ഇതിനകത്ത് നമുക്ക് കാണാൻ കഴിയും. ചെറുതും വലുതുമായ പല എഴുത്തുകൾ. അതിൽ നിന്നും മുന്നോട്ടു നടക്കുമ്പോൾ നമുക്ക് കവിതകളില്‍ കാണാവുന്ന മറ്റൊന്ന് സ്ത്രീകളുടെ ജീവിതം അടയാളപ്പെടുത്തലാണ്. അത് ‘നഗരത്തിലെ അമ്മയെ’ ആയ്ക്കോട്ടെ ‘അടുക്കളയിലെ പെണ്ണി'നെ ആയ്ക്കോട്ടെ, അവയെ അടയാളപ്പെടുത്തുമ്പോൾ അവയുടെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് അവയെ മനസ്സിലാക്കുകയും അവ അടയാളപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണവയിലൊക്കെയും നമുക്ക് കാണാൻ കഴിയുന്നത്. മറ്റൊരു വിധം കവിതകൾ എന്ന് പറയുന്നത് പ്രധാനമായും പ്രണയത്തെയാണ് അടയാളപ്പെടുത്തുന്നത്. പ്രണയം എന്ന് പറയുമ്പോൾ ഈ പ്രണയം പലപ്പോഴും പങ്കുവയ്ക്കാനുള്ളതോ അല്ലെങ്കിൽ വിതരണത്തിനുള്ളതോ ആയ ഒരു തലത്തിൽ ആണല്ലോ എഴുത്തുകളില്‍ കാണാറുള്ളത് . എന്നാല്‍ ഇവിടെ അങ്ങനെയല്ല മറിച്ച് പ്രണയത്തിൻറെ അന്തഃസത്തയെ ഉൾക്കൊണ്ടുകൊണ്ട് വൈകി വരുന്ന പ്രണയത്തെയും പ്രണയത്തെ സ്വീകരിക്കാൻ കഴിയാതെ നിൽക്കുന്ന ചിന്താഗതികളെയും, പ്രണയം എന്നാൽ ആ പ്രണയത്തിൻറെ വഴികാട്ടിയായി മുന്നിൽ നടക്കാനുള്ള തണലായി മുന്നേ നടക്കാനുള്ള ത്വരകളും, അതുപോലെ യാഥാസ്ഥിക കാഴ്ചപ്പാടുകളില്‍ ജീവിക്കുന്ന കീഴ്പ്പെട്ടു നില്ക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ ചിന്തകളും ഒക്കെയാണ് ഈ പ്രണയ കവിതകളിൽ വരുന്നത് എന്നു വായിക്കാം. ഇനി മറ്റൊരുതരം കവിതകൾ എന്ന് പറഞ്ഞവ എന്തുകൊണ്ട് അല്ലെങ്കില്‍ എങ്ങനെയാണ് കവിതകള്‍ തന്നെ സ്വാധീനിക്കുന്നതെന്നും തന്റെ ആത്മാവിനെ ഈ കവിതയിലേക്ക് എങ്ങനെയാണ് സന്നിവേശിപ്പിക്കുന്നത് എന്നും കവിതയിലൂടെ എന്താണ് തനിക്ക് പറയാനും അറിക്കുവാനും ഉള്ളതെന്ന് പറയാന്‍ ശ്രമിക്കുന്ന കുറെ കവിതകളാണ് . ഇവയൊക്കെ ചേർന്ന 56 കവിതകളാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്. 

ഈ കവിതകളെല്ലാം തന്നെ വളരെ മഹത്തരമാണെന്നും എല്ലാം പാരായണക്ഷമതയോടുകൂടി വായിക്കാൻ കഴിയുന്നവയാണെന്നോ എല്ലാം കാമ്പും കാതലും ഉള്ളവ ആണെന്നോ ഉള്ള അഭിപ്രായം എനിക്കില്ല. എങ്കിൽക്കൂടിയും ചില കവിതകൾ ഒക്കെ വളരെ മനോഹരമാണ്. അത് നമ്മെ ചിന്തിപ്പിക്കുന്ന തലത്തില്‍ ഉപയോഗിക്കാൻ കവിക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ മറ്റുള്ള കവിതകൾക്കൊപ്പം വച്ചുനോക്കുമ്പോൾ എല്ലാം ഈ പറഞ്ഞ തലത്തില്‍ എത്തിയിട്ടില്ല എന്നുള്ളതുകൊണ്ട് മാത്രം ഈ പുസ്തകം ഉത്തമമായ ഒരു വളരെ മനോഹരമായ ഒരു സംഗതിയായി എടുത്തു പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. തെറ്റുകള്‍ ഇല്ലാത്ത ഒന്നുംതന്നെ ഇല്ലല്ലോ അതുകൊണ്ട് കവിതകൾ സംവദിക്കുന്നത് ഹൃദയത്തോടു കൂടിയായതിനാല്‍ കവിതകൾ എഴുതുന്ന മനസ്സും എഴുതുന്ന ആൾ പറയാന്‍ ശ്രമിക്കുന്ന സന്ദേശങ്ങളും വായനക്കാരിലേക്ക് എങ്ങനെ എത്തിക്കാന്‍ കഴിയുന്നു, എത്രത്തോളം  നിഗൂഢതകളില്ലാതെ അവയെ വായനക്കാരന് ഗ്രാഹ്യമാക്കാന്‍ കഴിയുന്നു എന്നുള്ളവ അനുസരിച്ചിരിക്കും ഓരോ കവിതയും വായനക്കാർ സ്വീകരിക്കുക.  എന്തുകൊണ്ടാണ് പഴയ കാല കവിതകളും പുതിയകാല കവിതകളും തമ്മിൽ ഒരു അന്തരം നിലനില്‍ക്കുന്നു? പുതിയ കവിതകൾ എന്തുകൊണ്ടാണ് വായനക്കാരൻ ഒരു വട്ടം വായിച്ചു മറന്നു പോകുന്നതെന്നത് ചിന്തിക്കുകയാണെങ്കില്‍ ആ ഉത്തരത്തിലടങ്ങിയിരിക്കുന്ന ഒരു സംഗതിയാണ് ഞാനീ പറഞ്ഞ വായനക്കാരനോട് എഴുത്തുകാരനും പറയാനുള്ളത് എന്താണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാതെ പോകുന്നത് എന്ന സംഗതി.  ഇവിടെ സരസ്വതിയുടെ ചില  കവിതകളിലും ഇത്തരം പോരായ്മകള്‍ കാണാൻ കഴിയുന്നുണ്ട്. എങ്കിൽക്കൂടിയും കുറെയൊക്കെ കവിതകൾ നമ്മളെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ് എന്നത് എടുത്തു പറയാം. കവിതകളുടെ മൊത്തത്തിലുള്ള ഒരു അഭിപ്രായം പറഞ്ഞു നോക്കുകയാണെങ്കില്‍ ഒരു മോശമില്ലാത്ത വായന നമുക്ക് സമ്മാനിക്കുന്ന പുസ്തകമാണ് ഇത് എന്ന് പറയാം.

“മഴനീര്‍ക്കിളികളെ! നിങ്ങളെ 
മൗനത്തിന്‍ നൊമ്പരക്കൂട്ടിലടക്കാം 
മതിയെ മയക്കും കഥകൾ ചൊല്ലി 
മതിയാവോളം തളച്ചിടാമല്ലോ”
ഇത് മൊഴിയുറുമി എന്ന കവിതയിലെ നാലു വരികളാണ്. 

മറ്റൊന്ന് 

“എന്നിലെന്നൊക്കെ മൗനങ്ങൾ പൂക്കുന്നോ 
വാക്കിനാലെന്‍റെ കണ്ഠവും തേങ്ങുന്നോ
അന്നുമാത്രമെന്‍ വിരൽത്തുമ്പിലെത്തി 
പൊൻ നിലാവിന്‍റെ വരികളാകുന്നു നീ.” 
കാവ്യം എന്ന കവിതയിലെ ചില വരികൾ 

“അറിവ് നല്ലൊരുറവയായി 
ആഴ്ന്നിറങ്ങണമിവരിലും 
അതിന് നമ്മിൽ സന്മനസ്സും 
അലിവുമൊന്നായി ചേരണം” 
അകംപൊരുള്‍ എന്ന കവിതയിലെ ചില വരികള്‍ . 

ഇങ്ങനെ മൊത്തം കവിതകൾ നോക്കുമ്പോള്‍ അതിനകത്ത് ചില കവിതകളിൽ നിന്നും ചില വരികൾ മാത്രം നമ്മെ ആകർഷിക്കുകയും മറ്റുള്ളത് അതിനു മുമ്പും പിമ്പുമുള്ള വരികളൊക്കെയും നഷ്ടമാകുകയോ ആശയഭ്രംശം സംഭവിക്കുകയോ ഒക്കെ ചെയ്യുന്ന ചില സംഗതികൾ കവിതകളിൽ നമുക്ക് ദര്‍ശിക്കാന്‍ കഴിയും എന്ന ആധുനിക കവിതകളിലെ പ്രശ്നം ഇവിടെ സരസ്വതിയുടെ കവിതകളിലും നമുക്ക് കാണാൻ കഴിയും. മൊത്തത്തിൽ ഒരു ഭേദപ്പെട്ട വായനാ സന്തോഷം നൽകിയ ഈ പുസ്തകത്തിനു എല്ലാ ആശംസകളും നേരുന്നു. കൂടുതല്‍ കവിതകള്‍ ഈ തൂലികയില്‍ നിന്നും പിറക്കട്ടെ എന്നും , മലയാള കവിതാ സാഹിത്യ മേഖലയില്‍ അറിയപ്പെടുന്ന ഒരാള്‍ ആകാന്‍ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നു. സർക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച, സംസ്കൃത ഭാഷയില്‍ പ്രാവീണ്യമുള്ള കവയിത്രിക്ക് മലയാളകവിതയില്‍ ഒരുപാട് സമ്മാനിക്കാന്‍ കഴിയുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല. ഇത് സരസ്വതിയുടെ രണ്ടാമത്തെ കവിത പുസ്തകം ആണ്. എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മേന്മയും വര്‍ദ്ധിക്കും എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എന്‍ വര്‍ക്കല

Saturday, January 25, 2025

അമ്ലം................ സിതാര

 

അമ്ലം (കഥകള്‍)

സിതാര

ഡിസി ബുക്സ്

വില 199 രൂപ

 

 

11 കഥകൾ അടങ്ങിയ സമാഹാരമാണ് അമ്ലം എന്ന ഈ പുസ്തകം. സിതാര. എസ്, മലയാള സാഹിത്യത്തിൽ വളരെ നല്ലൊരു സ്ഥാനം അർഹിക്കുന്ന എഴുത്തുകാരി ആയിട്ടാണ് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകുന്നത് . ജീവിതത്തിൻറെ എല്ലാ മേഖലകളിലും പരാജയപ്പെട്ടു പോകുന്ന അതല്ലങ്കിൽ എങ്ങും എത്തപ്പെടാൻ കഴിയാതെ പോകുന്ന മനുഷ്യരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ വികാരവിചാരങ്ങളെ വളരെ ആഴത്തിൽ സമീപിക്കാനും അവയെ അടയാളപ്പെടുത്താനും ഈ എഴുത്തുകാരിയുടെ രചനകൾ സഹായിക്കുന്നുവെന്ന് തോന്നിപ്പോകുന്ന വായനകൾ ആണ് കഥകൾ ഒക്കെയും പങ്കു വെക്കുന്നത്. പ്രതികരിക്കാൻ ആകാതെ പോകുന്ന നിസ്സഹായമായ അവസ്ഥകളെയും നിരാലംബം  എന്ന് കരുതുന്ന പല ഘടകങ്ങളെയും എങ്ങനെ അഭിമുഖീകരിക്കപ്പെടുന്നു എന്ന വസ്തുതയെ എഴുത്തുകാരി ഇവിടെ പറയാൻ ശ്രമിക്കുന്നുണ്ട് തൻറെ കഥാപാത്രങ്ങളിലൂടെ.

 

ആദ്യത്തെ കഥയായ “മറ”, ഭർത്താവ് മരണപ്പെട്ടാൽ നാലുമാസവും പത്ത് ദിവസവും ഒരു മുറിയിൽ ഒറ്റയ്ക്ക് യാതൊരു ആഡംബരങ്ങളും ഇല്ലാതെ ഭാര്യ ഇരിക്കണമെന്ന് ഇസ്ലാം മതവിശ്വാസത്തിന് പിടിയിൽ പെട്ടുപോയ ഹമീദയുടെ ഇരുട്ടിലേക്ക് കടന്നുവരുന്ന പ്രിയപ്പെട്ട കൂട്ടുകാരനും ഭാര്യയും ഒച്ചപ്പാടുകളുടെയും അതിശയോക്തികളുടെയും നടുക്ക് കൂടി അവർക്കൊപ്പം അൽപനേരം കാറ്റുകൊള്ളാൻ പുറത്തിറങ്ങുന്ന കാഴ്ചയെ വളരെ മനോഹരമായി പറയുന്നു ഈ കഥയിൽ. മനസ്സിലാക്കലുകളുടെ രസതന്ത്രം, സ്നേഹത്തെയും വിശ്വാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള വർണ്ണ മനോഹരമായ കാഴ്ച നൽകുന്ന ഒരു കഥയായിരുന്നു ഇത് .

“അവളും ഞാനും” ,സ്ത്രീകളെ പ്രണയ ഭാവം നടിച്ചു കിടക്കയിലേക്ക് എത്തിക്കുന്ന ഒരുവന്റ്റെയും അവന്റെ പെണ്ണുങ്ങളുടെയും കതയായിരുന്നു . ഭാര്യയും രണ്ട് കാമുകിമാരും ഒരു ത്രികോണം തീർക്കുമ്പോൾ ഈ മൂന്നുപേർക്കും അവരുടേതായ ന്യായങ്ങളും ചിന്തകളും വിഷമതകളും തിരിച്ചറിവുള്ള ഉണ്ടാകുന്ന കാഴ്ചയും അവയുടെ പരിണിത ഫലങ്ങളും അവതരിപ്പിക്കുന്ന ഒരു കഥയാണിത്. ആദ്യഭാര്യയുടെ കുറ്റം പറഞ്ഞു രണ്ടാമത്തവളിലെത്തുന്ന അയാൾ ആ രണ്ടാമത്തവാളുടെ കുറ്റവും ആയാണ് മൂന്നിലേക്ക് വരുന്നത്. ഇത് അയാളുടെ ഒരു തുടർച്ചയാണ്. ഒടുവിൽ മൂന്നാമത്തെ അവൾ തനിക്കു മറ്റൊരാളെ ഇഷ്ടമാണെന്ന് വെറുതെയെങ്കിലും പറയുമ്പോൾ അയാളിലെ വന്യമായ പൊസസീവ്നെസ് ഉണരുകയും അയാൾ അവളെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു . അവൾ അത്ര ദുർബല അല്ലാത്തതിനാൽ തൻറെ യാത്രയിലേക്ക് അയാളെയും കൂട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നതും ഇരുകൂട്ടരും രക്ഷപ്പെടുന്നതും പിന്നീട് ആശുപത്രിയിൽ അവർ നാല് പേരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചിന്തകളും വിഷയങ്ങൾ ആക്കിയ ഈ കഥ വളരെ നല്ലൊരു വായന അനുഭവം തന്നെയാണ് നൽകിയത്.

 

അടുത്ത കഥ “വേട്ട” എന്ന തലക്കെട്ടിൽ ആയിരുന്നു. കുറച്ചു കാലങ്ങൾക്കുള്ളിൽ മാത്രം കേരളത്തിൽ അടക്കമുള്ള ഇന്ത്യൻ നഗരങ്ങൾ പരിചയിച്ച ഒന്നാണ് ജിഗോള എന്ന സംസ്കാരം പുരുഷവേശ്യ എന്നാണ് ഇതിനെ പറയപ്പെടുന്നത്. വേട്ടയിൽ ഇത്തരം ഒരു പ്ലോട്ട്  ആണ് കൈകാര്യം ചെയ്തത് എങ്കിലും നായികയുടെ യജമാനന ഭാവങ്ങളും വേട്ടമൃഗത്തെ പോലുള്ള ഇരയെ തേടലും ആഗ്രഹങ്ങളും ഒക്കെ ഒറ്റ നൊടിയിൽ അവസാനത്തിൽ തകർന്നു വീണതും അവൾ വെറും ഒരു സാധാരണ സ്ത്രീയായി വേട്ടക്കാരനില്‍ന്നും ഇരയിലേക്ക് മാറപ്പെടുന്നതുമാണ് കഥ പങ്കുവയ്ക്കുന്നത്.  എന്നാൽ അത് ഒരു നല്ല കാഴ്ചപ്പാടായി തോന്നിയില്ല എന്നതും കഥ നല്ലൊരു വായന പങ്കുവയ്ക്കുമ്പോഴും സ്ത്രീയുടെ കാഴ്ചപ്പാടുകൾ എപ്പോഴും അടിയറവില്‍ പൂര്‍ണ്ണമാകുന്നു എന്നു കരുതിപ്പിക്കുന്നതായിണ് ഇവിടെയും അവതരിപ്പിക്കപ്പെടുന്നത് എന്നത് വളരെ നിരാശാജനകമായ കാര്യമാണ്

 

അടുത്ത കഥ “വാക്കുകളുടെ ആകാശം”, ഞണ്ടുകൾ വിഴുങ്ങിത്തുടങ്ങിയ മാറിലെ പാല്‍ ഞരമ്പുകളില്‍ നിന്നും വർദ്ധിതമായ ഒരു പ്രവാഹം ഉണ്ടാവുകയും അത്, നിസ്സഹായതയും രോഗാതുരതയെയും  മുതലെടുത്തുകൊണ്ട് വികലമായ ആ ശരീരത്തിൽ കാമത്തിന്റെ  വിഷജ്വരം പകരാന്‍ ശ്രമിക്കുന്ന ഒരുവന്റെ മുഖത്തേക്ക് മാതൃത്വത്തിന്ടെ പാൽത്തുള്ളികൾ തെറുപ്പിക്കുക വഴി അതൊരു വല്ലാത്ത പ്രതികാരം തന്നെയാണ് ഒരു പ്രതിരോധം തന്നെയാണ് അവള്‍ നടത്തുന്നത് . അവൻറെ ഇടറിയ പാദങ്ങളും ഭയപ്പാടും നിറഞ്ഞ മുഖം നോക്കി ഞാൻ ജീവിക്കും എന്ന് പറയുന്ന ഒറ്റമുലച്ചി ആകുന്നു അവൾ. എന്തൊരു തീഷ്ണമായ ഭാവമാണവള്‍ക്ക്!  സോഫിയെ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ വളരെ നന്നായി പറയാൻ കഴിഞ്ഞ ഒരു കഥയായിരുന്നു ഇത്

 

അടുത്ത കഥ “ഇരുൾ” എന്നതായിരുന്നു. സദ്ഗുണ സമ്പന്നയായ നായികമാരെ മാത്രം വാർത്തെടുക്കുന്ന കഥാകാരുടെ ലോകത്ത്, പ്രതിനായക സ്വഭാവമുള്ള നായകനോ നായികയോ വേറിട്ടുനിൽക്കുന്ന ഒരു കാഴ്ച ആയിരിക്കും. ഇങ്ങനെ ഒരു രണ്ടാനമ്മ അവരുടെ കണ്ണുകളിലൂടെ അവതരിപ്പിച്ചത് കഥാരംഭം മുതൽ അവസാനം വരെയും തിളക്കമാര്‍ന്നു നിൽക്കുന്നു.  ഒരേസമയം നായികയും ഇല്ലാതെയും ഒക്കെയായി ചടുലമായ ഭാവമാറ്റങ്ങൾ ഓടിനടക്കുന്ന കഥാപാത്രസൃഷ്ടിയുടെ പ്ലോട്ട് നല്ലതായിരുന്നു വ്യത്യസ്തമായ ശൈലി.  

 

അടുത്ത കഥ “റാണി”, ഒരിക്കൽ ജീവിതസമരത്തിൽ അശ്ലീല സിനിമകളിലൂടെ അഭിനയിച്ചു പോയാൽ പിന്നെ ജീവിതത്തിൻറെ പുഴുക്കുത്തുകൾ അടർന്നുവീണവസാന ശ്വാസം നിലയ്ക്കും വരെയും അതേ അഴുക്കുചാലില്‍ നീന്തി  മരുപ്പച്ചകൾ തേടുന്ന ജീവിതത്തെ ജീവിക്കേണ്ടി വരുന്നവരുടെ കഥയാണിത്. ഇത്തരം വീഡിയോകളില്‍ കൂടെ ശയിക്കുന്ന പുരുഷൻറെ മുഖം ആരും അറിയില്ല ഓർക്കുകയും ഇല്ല പക്ഷേ സ്ത്രീയെ എല്ലാവരും അറിയും ഏത് പാതിരാവിലും ഏത് ആൾക്കൂട്ടത്തിലും അവളുടെ ഓരോ അവയവ പ്രത്യേകതയും അവർ തിരിച്ചറിയും എന്ന സമൂഹത്തിൻറെ അധോമുഖത്തെ ഇക്കഥ വലിച്ചുകീറി കാട്ടുന്നു. ജീവിതത്തിന്റെ പെരുവഴിയില്‍ ഏത് നായ്ക്കള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടിച്ചു കീറാവുന്ന ജീവിതങ്ങളുടെ നിസ്സഹായതയും നെടുവീര്‍പ്പുമാണ് ഈ കഥയില്‍ വായിക്കപ്പെടുന്നത്.  

 

ലോകത്തിൻറെ ക്രൌര്യതകൾ അറിയാത്ത ചിത്രശലഭങ്ങളുടെ വർണ്ണച്ചിറകുകളില്‍  പോറലുകൾ വീഴ്ത്തുന്ന നഖ മുനകൾ എത്ര ക്രൂരമായ മനസ്സുള്ളവരുടേതാകും എന്നോര്‍മ്മിപ്പിക്കുന്ന കഥയാണ് “കവചം”.  ഒന്നും അറിയാത്ത ഒരു എട്ടു വയസ്സുകാരിയുടെ സ്വാതന്ത്ര്യങ്ങളെ, സഞ്ചാര പാതയിൽ എവിടെയൊക്കെയോ ചോണനുറുമ്പുകൾ ഊഴം പാര്‍ത്തിരിപ്പുണ്ടെന്ന് തിരിച്ചറിയാതേ പോകുന്ന ജന്മങ്ങള്‍. ഓരോ മാതൃത്വത്തെയും വേദനിപ്പിക്കുന്നതാണ് ആ ചിന്ത പോലും.  അതിനാലാണ് ഹാജിറയിലെ അമ്മ അത്രയും കഠിനമായി ശലഭച്ചിറകുകൾ കുത്തിക്കീറാന്‍ കാരണമാകുന്നത്.  നല്ല വായന അനുഭവവും വ്യത്യസ്തമായ പ്ലോട്ടും ആയിരുന്നു ഈ കഥയും.  

 

“വേതാളം”, രണ്ട് വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്ന അമ്മയും മകളും. അവരുടെ ജീവിതത്തിന്ടെ നീറുന്ന കഥയാണ് വേതാളം. വായനയിലെമ്പാടും ഒരു കനത്ത ഗദ്ഗദം തൊണ്ടക്കുഴിയിൽ തടയുന്ന അനുഭവമായിരുന്നു ഈ കഥ വായിക്കുമ്പോൾ.  

“കിണരിനരികിലെ വെളുത്ത ചെമ്പകം”.  ഇതും വളരെ വ്യത്യസ്തമായ കഥയായി വായിച്ചെടുത്തു.  പ്രണയം, നിരാശ, ദുഃഖം ഒടുവില്‍ പ്രതികാരം വളരെ തന്മയത്വത്തോടെ പറഞ്ഞുപോകുന്നു മാനുഷികാവസ്ഥകളിലെ വ്യത്യസ്ത വികാരവിചാരങ്ങളുടെ  പ്രസരണം ഈ കഥ അനുഭവിച്ചു.  ഭ്രമകല്പനകള്‍ അടങ്ങിയ മനസ്സിൻറെ വ്യവഹാരങ്ങളെ വായിച്ചെടുക്കാൻ ഒപ്പംതന്നെ അതീവ തീവ്രതയോടുകൂടിയ മനുഷ്യന്‍റെ  സ്വാര്‍ഥതാൽപര്യങ്ങളെയും ക്രൂരതയെയും ഇതിനകത്ത് വെളിവാക്കുന്നത് കാണാൻ കഴിഞ്ഞു.

 

“അമ്ലം” എന്ന കഥയിൽ വെറുപ്പിന്റെ അമ്ലത്വം വീണു പൊളിപ്പൊളിഞ്ഞുപോയ അനേകം സ്ത്രീകളുടെ കണ്ണിൻറെ ശക്തിയുന്ടായിരുന്നു അവളുടെ ചവിട്ടിലും തുപ്പലും. അവളിലെ പ്രായോഗികമതിയുടെ മനക്കരുത്തും കൈക്കരുത്തും പുതിയ തലമുറക്ക് വാഗ്ദാനവും പ്രതീക്ഷയും ആയിരുന്നുവെങ്കിൽ എന്നീകഥ വായിക്കുമ്പോൾ തോന്നിപ്പോയി.

 

“ഒന്നാമത്തെ സ്ത്രീ” എന്ന കഥയിൽ ഓരോ പുരുഷന്‍റെയും ജീവിതത്തിൽ ഒരു ഒന്നാമത്തെ സ്ത്രീ ഉണ്ടായിരിക്കുമെന്ന എഴുത്തുകാരിയുടെ പ്രസ്താവനയെ പിന്തുടർന്നു പോകുന്ന ഒരു സ്ഥിരീകരണം ആണ് ഈ കഥ പ്രതിനിധാനം ചെയ്യുന്ന വിഷയം. ജീവിതത്തിലെ ഏതു ഘട്ടങ്ങളിലും അവൾക്കു വേണ്ടി അവൻ ഉറപ്പോടെ നിൽക്കുമെന്ന് ഓരോ സ്ത്രീയുടെയും ജീവിതത്തിൽ ഇത് പോലെ ഒരു പുരുഷൻ ഉണ്ടാവുക എന്നുള്ളത് പ്രാധാന്യമുള്ളതാണെന്ന് അത് അവരെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നും ഈ കഥ പറയുന്നതായി അനുഭവപ്പെട്ടു.

 

സിതാരയുടെ കഥകൾ മനുഷ്യ മനസ്സിൻറെ പ്രത്യേകിച്ചും സ്ത്രീ മനസ്സിൻറെ ഭൂഖണ്ഡങ്ങളെ തുറന്നുകാട്ടുന്നതാണ് .സമരവീര്യവും ഇച്ഛാശക്തിയുമുള്ള സ്ത്രീയുടെ മനോവിചാരങ്ങൾക്ക് സ്ത്രീകളുടെ മനോവിചാരങ്ങള്‍ക്ക് ശക്തമായ ഭാഷ നൽകുകയാണ് ഈ കഥകളൊക്കെ. ആത്മധ്യാനം പോലെ നിഗൂഡമായി പുഞ്ചിരിയോടെ പ്രസരിപ്പിക്കുന്ന ആ രശ്മികളുടെ ഇളക്കം തട്ടി അഹന്തയുടെ കണ്ണുകൾ മഞ്ഞളിച്ചു പോകുന്ന ഒരു ലോകമാണ് ഓരോ കഥകൾക്കും മുന്നോട്ടുവയ്ക്കാൻ ഉള്ളത് . എല്ലാ കഥകളും വായിച്ചുകഴിയുമ്പോൾ ഇനിയും വൈകിയതെന്തേ എഴുത്തുകാരിയെ വായിക്കാൻ എന്ന് തോന്നിപ്പോയി . കഥ ആസ്വാദകരെ കഥയുടെ വ്യത്യസ്തതകളെ ആസ്വദിക്കുന്നവരെ ആഗ്രഹിക്കുന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന കഥകളാണ് ഈ എഴുത്തുകാരി സമ്മാനിക്കുന്നത് ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല