Friday, November 24, 2023

ഗ്രീഷ്മതാപം

ഗ്രീഷ്മതാപം
..........................
നിൻ്റെ മുലക്കണ്ണിലേക്ക്
ഞാനെൻ്റെ വെയിൽപ്പല്ലുകളാഴ്ത്തുന്നു.
അധികഗ്രീഷ്മ താപത്താൽ 
നിൻ്റെ മുലകൾ വിങ്ങിപ്പൊട്ടുന്നു.
നീ , മഴയായും പേമാരിയായും 
എന്നിലേക്ക് പെയ്തിറങ്ങുന്നു.
ചുട്ടുപഴുത്ത ലോഹത്തിൽ
ജലത്തുള്ളികളെന്ന പോലെ 
നീ പൊള്ളിയടരുന്നു.
ഞാൻ മരുഭൂമിയിലേക്ക് പലായനം ചെയ്യുന്നു.
നിൻ്റെ മുലക്കണ്ണുകൾ വിണ്ടു കീറുന്നു.
ഗ്രീഷ്മമേ ഗ്രീഷ്മമേ എന്ന്
നീ വിലപിക്കുന്നു.
ഉരുകാത്ത ലോഹം പോലെ 
ഹിമകണങ്ങളിൽ പുതഞ്ഞ ഞാൻ
നിൻ്റെ ആലിംഗനം കൊതിക്കുന്നു.
നിസംഗമായി കാലം മാത്രം
പതിവുപോലെ മുന്നിലേക്കോടുന്നു.
@ ബി.ജി.എൻ വർക്കല

Wednesday, November 22, 2023

ഐകമത്യം മഹാബലം

ഐകമത്യം മഹാബലം 

പതിതരല്ല നാമെന്നു പറയുവാൻ 
അരുത് താമസമിനിയും സഹജരെ. 
ജനിച്ചതേത് യോനിയെന്നല്ല നാം 
ജീവിക്കുന്നതേത് ലോകത്തെന്നറിയുക. 

നൂറ്റാണ്ടുകളുടെ ശാപം പേറി 
യാത്ര ചെയ്യുന്നവർ നാം 
അടച്ചു പൂട്ടി അലമാരയിൽ വയ്ക്കാൻ 
അലങ്കാര വസ്തുക്കളല്ലന്നു പറയാൻ .

ഇല്ല നമുക്കിടയിലൊരു നൂലിട 
വർഗ്ഗവിവേചനമെന്നുറക്കെയോതുവാൻ 
പോരുക നാമൊന്നിച്ചിന്നീ പാരിലൊരു 
പുതിയ പ്രഭാതം വിടർത്തുക. 

"ജാതിഭേദം മതദ്വേഷം 
ഏതുമില്ലാതെ സർവ്വരും 
സോദരത്യേന വാഴുന്ന മാതൃകാ " 
ലോകമുണ്ടാകുവാൻ. 

കോർക്കുക കരങ്ങൾ നാം 
നേരിടുക ഫാസിസ മുന്നേറ്റങ്ങളെ 
പോരുക മാനവാ ഒന്നുചേരാം 
ജീവിതം അടിമത്തമല്ലെന്നോതുവാൻ. 

ഇല്ല വിവേചനം നമ്മിലെങ്കിൽ 
വന്നു ചേര്‍ന്നെന്‍ കൈ കോർക്കുക. 
വരിക നമുക്കിനി മുന്നേറാം 
ഒരുമിച്ചൊന്നായൊരേ മനസ്സായി.
 ബി.ജി.എൻ വർക്കല

Tuesday, November 14, 2023

ജാനകിക്കാട് ..........ബൃന്ദ

ജാനകിക്കാട് ( കഥകൾ)
ബൃന്ദ
പേപ്പർ പബ്ലിക്ക
വില. ₹ 110.00


കഥകളിലെ പെൺ സാന്നിധ്യത്തിന് എത്ര പഴക്കമുണ്ടാകും എന്നൊക്കെ ചിന്തിക്കുന്നത് ലിംഗ വ്യത്യസ്ഥതയെ പരാമർശിച്ചുകൊണ്ടുള്ള ഒരു തരം അശുദ്ധ ചിന്തയാണ് എന്നു കരുതുന്നത് ഇക്കാലത്തിൻ്റെ നവ കാഴ്ചപ്പാടുകളുടെ സാധാരണ പ്രതികരണമാണ്. എങ്കിൽക്കൂടിയും പെണ്ണെഴുത്ത് എന്ന പദത്തിലൂടെ വേർതിരിച്ചു നിർത്തപ്പെടുന്ന സാഹിത്യം നമുക്കാർക്കും അപരിചിതമായിരിക്കുകയുമില്ല. സ്വന്തം പേരോ അടയാളങ്ങളോ ഉപയോഗിക്കാനാവാതെ, അടക്കിപ്പിടിച്ച നൊമ്പരങ്ങളെയും പ്രതിഷേധങ്ങളെയും സാഹിത്യപരമായി ഉപയോഗിച്ചവർ നിരവധിയാണ്. പിടിക്കപ്പെട്ടവരും, ജീവനൊടുക്കിയവരും, എഴുത്തുപേക്ഷിച്ചവരും ഒക്കെയായത് സമൂഹത്തിൽ നിലനില്ക്കുന്നുണ്ടായിരുന്നു. ഇന്നതിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് പക്ഷേ. നവ സാഹിത്യ മണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എഴുതാൻ ,പറയാൻ കഴിയുന്ന മനുഷ്യരുണ്ടായിരിക്കുന്നു. അവരിൽ ആണും പെണ്ണും ഉഭയലിംഗരും ഒക്കെ പെടുന്നുണ്ട്. മാധവിക്കുട്ടിയുടെ പ്രസക്തി ഇന്ന് കാലഹരണപ്പെടുന്നത് വ്യക്തമാണ്. പെൺജാതിയിലെ തുറന്നെഴുത്തുകൾ എന്ന് കേട്ടാലുടൻ മലയാളിമനസ്സിലാദ്യമെത്തിയിരുന്ന പേര് മാധവിക്കുട്ടിയായിരുന്നു എന്നത് ഒരു വിപ്ലവത്തിൻ്റെ ബലിഷ്ഠമായ വീര്യം നിറയ്ക്കുന്ന ഒന്നാണ്. എന്നാൽ, ആ വീര്യം തലമുറകളിലേക്ക് എത്ര വേഗമാണ് പടർന്നു പന്തലിച്ചു വടവൃക്ഷമായി മാറിയിരിക്കുന്നത് എന്ന കാഴ്ച എത്ര സന്തോഷസൂചകമാണ്. ഇന്നത്തെ എഴുത്തുകാരിക്ക് പ്രണയം, രതി, ആർത്തവം തുടങ്ങിയ പദങ്ങൾ, വികാരങ്ങൾ ഒക്കെ വ്യക്തമായും പ്രകടമാക്കാൻ ഭയമേതുമില്ല. ഇത് ഇന്നത്തെ തലമുറയ്ക്ക് വലിയ അതിശയം ആകില്ലയെങ്കിലും പഴയ കാലം ഇതിനെ ഭക്ത്യാദരപൂർവ്വം മാത്രമേ നോക്കിക്കാണുകയുള്ളു എന്നത് സത്യമാണ്. 

ബൃന്ദ എന്ന എഴുത്തുകാരിയെക്കുറിച്ച് കേട്ടിട്ടില്ല. എൻ്റെ കൈയ്യിലേക്ക് വന്നു ചേർന്ന ഒരു പുസ്തകം മാത്രമാണ് ജാനകിക്കാട്. എന്നാൽ , ജാനകിക്കാടിനെ പൂർണ്ണമായും വായിച്ചു കഴിയുമ്പോൾ ബൃന്ദ എനിക്ക് പരിചിതയായി മാറുകയാണ്. വരികളിലും ആശയങ്ങളിലും ഭാഷയിലും മനോഹരങ്ങളായ കൈയ്യൊപ്പു പതിപ്പിച്ച ഈ എഴുത്തുകാരിയെ വായിക്കാനും അറിയുവാനും വൈകിപ്പോയതെന്തേ എന്നാണ് മനസ്സിൽ. വ്യക്തിപരമായി അറിയുക എന്നല്ല ഞാനർത്ഥമാക്കുന്നത്. ഒരാളെ വായിക്കുമ്പോൾ ആ വ്യക്തിയെ നമ്മൾ അറിയുക സ്വാഭാവികമാണ്. അത്തരം അറിവുകൾ അവരെ പിന്നെയും വായിക്കാൻ പ്രേരിപ്പിക്കും. ഇവിടെ ജാനകിക്കാടിലൂടെ ബൃന്ദയെ കൂടുതൽ വായിക്കാൻ തോന്നിപ്പിക്കുന്നതു അതുകൊണ്ട് മാത്രമാണ്. പെണ്ണുടലിനെ ഓരോ രോമകൂപങ്ങളായി വർണ്ണിച്ചും ഭോഗിച്ചും രതിമൂർച്ഛയടയ്ക്കുന്ന എഴുത്തുകാർ സാഹിത്യത്തിൽ കുറവല്ല. പക്ഷേ , ഒരു പെണ്ണെഴുതുമ്പോൾ അതും ആണുടലിൻ്റെ സൗന്ദര്യ ലൈംഗിക ആനന്ദങ്ങളെ പകർന്നെടുക്കുമ്പോൾ തീർച്ചയായും അതിൽ വ്യത്യാസം ഉണ്ടാകാതെ തരമില്ല. ബൃന്ദ വ്യത്യസ്തയാകുന്നത് അവിടെയാണ്. മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളെയും തനത് രുചിയോടെ , വരച്ചിടാൻ കഴിയുന്ന എഴുത്തുകാർ വളരെ കുറവാണല്ലോ. ബൃന്ദ ആ ന്യൂനപക്ഷത്തിലൊരാൾ ആണ്. ജീവിതത്തിലെ കാഴ്ചകളും അനുഭവങ്ങളും കേഴ്‌വികളും എഴുത്തിന് പാത്രമാകുമ്പോൾ , ബൃന്ദയെന്ന എഴുത്തുകാരിയിൽ ഒരു കഥാകാരി ജനിക്കുകയാണ്. കഥ വായിക്കുക എന്നതിനപ്പുറം കഥ പറയുന്നതു കേട്ടിരിക്കുന്ന ഒരു പ്രതീതി ഉളവാക്കാൻ ബൃന്ദയിലെ എഴുത്തുകാരിക്ക് നിഷ്പ്രയാസം സാധ്യമാകുന്നതായാണ് വായന അനുഭവപ്പെടുത്തുന്നത്. ഈ പുസ്തകത്തിലെ 10 കഥകളും  വായനക്കാരിൽ പത്തനുഭവങ്ങളായി മാറ്റിയെടുക്കാൻ ബൃന്ദയിലെ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. നല്ല വായനകൾ നല്കുന്ന ഇത്തരം എഴുത്തുകാർ ഇനിയും കൂടുതൽ ഉണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എൻ വർക്കല

Monday, November 13, 2023

മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍.............അനില്‍കുമാര്‍ സി.പി

മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍ (കുറിപ്പുകള്‍)
അനില്‍കുമാര്‍ സി.പി
മാക്സ് ബുക്സ് 
വില : 180 രൂപ 

ഓര്‍മ്മകള്‍ ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ ആണ് . വരും കാലം കണ്ട്, കേട്ട്‌ അത്ഭുതപ്പെടുന്ന പഴമയാണ് ഓര്‍മ്മകള്‍ . അതിനാല്‍ത്തന്നെ ഓര്‍മ്മകളെ കോര്‍ത്ത് വയ്ക്കുന്നത് എപ്പോഴും നല്ല കാര്യമാണ് . നമുക്കിന്ന് അറിയാവുന്ന പല പഴയ കാര്യങ്ങളും ഇത്തരം ഓര്‍മ്മകളുടെ കുറിച്ച് വയ്ക്കലുകളുടെ ബാക്കിപത്രങ്ങള്‍ ആണല്ലോ . പ്ലേഗ് , വസൂരി , ലോക മഹാ യുദ്ധങ്ങള്‍, അറിയപ്പെടാതെ പോയ മനുഷ്യര്‍ , സംഭവങ്ങള്‍ , എന്നിങ്ങനെ അതിന്റെ വ്യാപ്തി പടര്‍ന്ന് പടര്‍ന്ന് പോകുന്നു . ആദിമ മനുഷ്യന്‍ മുപ്പത്തയ്യായിരം വർഷം മുമ്പ് ഗുഹകളില്‍ കോറിയിട്ട ചിത്രങ്ങളില്‍ നിന്നും ദൈവമില്ലായ്മയുടെ എത്ര നൂറ്റാണ്ടുകള്‍ മനുഷ്യര്‍ പിന്നിട്ടുപോയി എന്നത് മനസ്സിലാക്കാന്‍ കഴിയുന്നതുപോലും ഇത്തരം ഓര്‍മ്മകളുടെ അടയാളങ്ങളില്‍ ചേര്‍ത്തു വെയ്ക്കാന്‍ കഴിയുന്ന ഒന്നാണ് . പല മിത്തുകളും മിത്തുകള്‍ ആണെന്ന് ഇന്ന് വ്യക്തമാകുന്നത് ഇത്തരം കുറിപ്പുകള്‍ പോലും ഇല്ലാതെ പോകുന്നതുകൊണ്ടാണല്ലോ . അടുത്തിടെ ഒരു ഒരു എഫ് ബി പോസ്റ്റില്‍ ഒരാള്‍ ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും മറ്റും പുരാണ ഇതിഹാസങ്ങളെ അടിസ്ഥാനപ്പെടുത്തി പോസ്റ്റിട്ടപ്പോള്‍ അതില്‍ ഒരു മറുചോദ്യം ചോദിച്ചതിന്നു കിട്ടിയ ലൈക്കുകള്‍ പോസ്റ്റിന് കിട്ടിയതിലും കൂടുതലായിരുന്നത് ഇത്തരം അടയാളപ്പെടുത്തലുകളുടെ ബലവും ബലഹീനതയും ഉറപ്പിക്കാന്‍ ഉതകുന്നവയാണ് . ഇത്തരം പുരാണ യുദ്ധങ്ങളും മറ്റും യാഥാര്‍ത്ഥ്യമാണ് എങ്കില്‍ , ഇപ്പറയുന്ന അളവറ്റ സ്വര്‍ണ്ണം രത്നം വെള്ളി തുടങ്ങിയ ലോഹങ്ങളുടെ ആഭരണങ്ങളോ , കിരീടങ്ങളോ ആയുധങ്ങളോ രഥങ്ങളോ എന്തിന് കുബേരാദികളുടെ നിക്ഷേപങ്ങളോ എന്തുകൊണ്ടാണ് പുരാവസ്തു ഗവേഷകര്‍ക്ക് കിട്ടാതെ പോകുന്നത് എന്നൊരു ചോദ്യമായിരുന്നു അത് . വിഷയം കാടുകയറി പോകുന്നു എന്നതിനാല്‍ തിരികെ വരാം . ഓരോ നൂറ്റാണ്ടിലും ഒരു മഹാദുരന്തം സംഭവിക്കുന്നുണ്ട് മനുഷ്യ സമൂഹത്തില്‍ എന്നൊരു പറച്ചില്‍ കേള്‍ക്കാന്‍ രണ്ടവസരങ്ങള്‍ ആണ് കേരളത്തിലെ ഈ തലമുറയ്ക്ക് ലഭിച്ചതു . ഒന്നു കേരളത്തെ ആകെ ഉലച്ച പ്രളയം തന്നെയാണ് . രണ്ടാമത്തത് ലോകം മുഴുവന്‍ ഭയം കൊണ്ട് വിറങ്ങലിച്ച കോവിഡ് 19ഉം . ഒന്നാമത്തേത് കൊണ്ട് മലയാളികള്‍ എന്തെങ്കിലും പാഠം പഠിച്ചു എന്നു വിഡ്ഢികള്‍ പോലും കരുതുന്നുണ്ടാവില്ല . കാരണം എഴുന്നേറ്റ് നില്ക്കാന്‍ കഴിയും എന്നായപ്പോള്‍ ഓരോരുത്തരും സ്വമതവും സ്വരാഷ്ട്രീയവും പുറത്തെടുത്ത് വീണ്ടും എന്നതിനാല്‍ത്തന്നെ അത് പറയാതെ വയ്യ . എന്നാല്‍ കോവിഡ് പക്ഷേ രണ്ടു കൊല്ലത്തിലധികം ലോക ജനതയെ പ്രതിസന്ധിയിലാക്കി . അതിന്റെ അനുരണനങ്ങള്‍ ഇപ്പൊഴും തുടരുകയും ചെയ്യുന്നു . ബന്ധങ്ങളുടെ പൊള്ളത്തരങ്ങളും ആഴവും ഒക്കെ വെളിപ്പെട്ട ഒരു അവസരമാണ് ഇതെന്ന് പറയാം . ഇവിടെയും മതവും രാഷ്ട്രീയവും വീണ്ടും പഴയത്തിലും ശക്തിയായി പിടിമുറുക്കുന്നുവെങ്കിലും മനുഷ്യര്‍ക്കിടയില്‍ , ബന്ധങ്ങള്‍ക്കിടയില്‍ ഒക്കെ ഒരു തീക്ഷ്ണ സൗന്ദര്യം വന്നിട്ടുണ്ട് എന്നത് വ്യക്തമാണ് . സോഷ്യല്‍ മീഡിയ സജീവമായതോടെ ഇന്‍സ്റ്റന്‍റ് പ്രതികരണങ്ങളും ലേഖനങ്ങളും കഥ കവിതകളും സന്ദര്‍ഭോചിതമായി സംഭവിക്കാന്‍ തുടങ്ങിയതായി നമുക്കറിയാം . എഴുത്തുകാര്‍ക്കിടയില്‍ ചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകള്‍ സംഭവിക്കുന്നത് വളരെ വിരളമായിക്കൊണ്ടിരിക്കുകയുമാണ് . "കോളറക്കാലത്തെ പ്രണയം" എന്ന നോവല്‍ പോലെ വളരെ കുറച്ചു സാഹിത്യ സൃഷ്ടികളെ ഇന്നും നമുക്ക് ലഭ്യമാകുന്നുള്ളൂ. ഉള്ളവയാകട്ടെ കാമ്പില്ലാത്ത വെറും കുത്തിക്കുറിപ്പുകള്‍ ആയി മാറുകയും ചെയ്യുന്നു . 
ഇത്തരം ഒരു ചുറ്റുപാടിലാണ് സി പി അനില്‍കുമാര്‍ എന്ന എഴുത്തുകാരന്‍ തന്റെ  എഫ് ബി യില്‍ കോവിഡ് കാലത്തെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നൊരു പംക്തി ചെയ്യുകയും അതിനെ പുസ്തകരൂപത്തില്‍ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നത് . "ഓര്‍മ്മകളുടെ ജാലകം ", "പുരുഷാരവം" , "അബ്സല്യൂട്ട് മാജിക് " എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ഈ പുസ്തകം മാക്സ് കോട്ടയം ആണ് പുറത്തിറക്കിയിരിക്കുന്നത് . ദുബായ് നഗരത്തിലിരുന്നുകൊണ്ടു തന്റെ തൊഴിലിടത്തും പരിസരങ്ങളിലും കോവിഡ് കാലത്തുണ്ടായ , കേട്ടതും കണ്ടതുമായ സംഭവങ്ങളും അനുഭവങ്ങളും മുൻനിര്‍ത്തിയുള്ള ചിന്തകളെ ആദ്ദേഹം കുറിച്ചിടുകയുണ്ടായി . നാട്ടിലെയും യു എ ഇയിലെയും അനുഭവങ്ങളെ കോര്‍ത്തിണക്കി സി പി അനില്‍ കുമാര്‍ കുറിച്ചിട്ട ആ ചിന്തകളുടെ സമാഹാരമാണ് "മണല്‍ നഗരത്തിലെ ഉപ്പളങ്ങള്‍" എന്ന ഈ പുസ്തകം . പ്രിയപ്പെട്ടവര്‍ക്കിടയിലും നാട്ടിലും തൊഴില്‍ പരിസരങ്ങളിലും കോവിഡ് സമ്മാനിച്ച ദുരന്തങ്ങളും വേദനകളും തിരിച്ചറിവുകളും വളരെ ലഘുവായ രീതിയില്‍ ലളിതമായി കുറിച്ചിടുന്ന 32 അദ്ധ്യായങ്ങള്‍ ആണ് ഇതില്‍ . അവയില്‍ തന്റെ ആകുലതകളും കാഴ്ചപ്പാടുകളും ഒക്കെ ഹൃദയഹാരിയായി പറഞ്ഞു പോകുന്നുണ്ട് . ഒരു നല്ല എഴുത്തുകാരന്‍ ആയ സി പി അനില്‍കുമാറിന്റെ കഥകള്‍ ഒക്കെയും വളരെ ആസ്വാദ്യകരമായ അനുഭവങ്ങള്‍ ആണ് വായനയില്‍ സമ്മാനിച്ചിട്ടുള്ളത് . അതിനാല്‍ത്തന്നെ നല്ലൊരു തഴക്കം വന്ന എഴുത്തുകാരനായ സി പി യുടെ വരികള്‍ വായിക്കുക എന്നത് വളരെയേറെ പ്രതീക്ഷകളോടെ ആകുക സ്വാഭാവികമാണ് . ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വന്ന സമ്മിശ്രമായ വികാരങ്ങളെ ഒതുക്കിനിര്‍ത്തി ഇതിലെ പോസിറ്റീവ് ആയ ഘടകത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ , കാലം നാളെ കോവിഡിനെ ഒരു സ്വപ്നമായി മറന്നുകളയുമ്പോള്‍ , വായനക്കാര്‍ക്ക് കിട്ടുന്ന ഓര്‍മ്മകള്‍ ഇത്തരം കുറിപ്പുകള്‍ കൊണ്ട് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന ആഹ്ലാദം പങ്ക് വയ്ക്കാം . കാരണം , കോവിഡ് കാലത്തെ, മലയാളികള്‍ രണ്ടായി തരം തിരിക്കുന്നു . ഒന്നു പ്രവാസത്തില്‍ നിന്നും കിട്ടിയ ദുരന്തം രണ്ടു സ്വയം വരൂത്തി വച്ച ദുരന്തം . ഏറ്റവും ഇഷ്ടവും ആശ്വാസവും ആയിരുന്ന പ്രവാസികള്‍ ഒന്നടങ്കം ശത്രുക്കള്‍ ആയി കണക്കാക്കിയ മലയാളികളുടെ ക്രൂര മുഖം കോവിഡ് നല്കിയ ഒരു വേദനക്കാഴ്ച ആണ് . അതുപോലെ അഹംഭാവവും അമിതവിശ്വാസവും മൂലം കൈപ്പിടിയില്‍ ഒതുക്കാവുന്ന ഒന്നിനെ വിലക്ഷണമായി കൈകാര്യം ചെയ്ത രീതിമൂലം ദുരന്തത്തെ ഭീകരമാക്കിയ കാഴ്ചയും . ഈ പാഠം മനസ്സിലാക്കാനും വിലയിരുത്തി ഭാവിയെ പരുവപ്പെടുത്താനും ഇത്തരം പുസ്തകങ്ങള്‍ തീര്‍ച്ചയായും സഹായിക്കും എന്നു കരുതാം .നല്ലൊരു എഴുത്തുകാരന്‍ ആയ സി.പി.ക്ക് ഈ കുറിപ്പുകളെ ഒരു നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ഒരു വിഷമവും ഉള്ളതായി തോന്നുന്നില്ല. അപക്വമായ ചില ചിന്തകളും നിഗമനങ്ങളും ഒഴിവാക്കിക്കൊണ്ട് ഈ കുറിപ്പുകളിലെ സംഭവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു നോവല്‍ ആയി ഇത് പ്രസിദ്ധപ്പെടുത്തിയെങ്കില്‍ അതില്‍ കുറച്ചേറേ കാര്യങ്ങള്‍ കൂടി പറഞ്ഞുകൊണ്ടു നൂറ്റാണ്ടിന്റെ ദുരന്തമായ കോവിഡിനെ ഏവര്‍ക്കും ഭാവികാലത്ത് പരിചയപ്പെടുത്തുന്ന ഒരു നല്ലൊരു വായന ലഭ്യമായേനെ . ഇങ്ങനെയൊക്കെയല്ലേ ചരിത്രങ്ങള്‍ അടയാളപ്പെടുത്തപ്പെടുക . എന്നിരിക്കിലും തന്റെ ഈ ഉദ്യമത്തിന്റെ നന്‍മവശം ഉള്‍ക്കൊണ്ടുകൊണ്ട് ഇതേറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു . സസ്നേഹം ബിജു ജി നാഥ് വര്‍ക്കല
Published in Emalayalee.com Nov 2023
https://mag.emalayalee.com/magazine/nov2023/#page=4

Sunday, November 12, 2023

മരത്തിനാകാശം പോലെ......... സ്മിത.സി

മരത്തിനാകാശം പോലെ.(കവിതകൾ), 
സ്മിത.സി., 
ലോഗാേസ്, 
വില: ₹ 190


പ്രണയകവിതകൾ തുളുമ്പും വാക്കുകൾ, നുരയും വീഞ്ഞ് ചഷകം പോലെ ലഹരിദായകമാകണം എന്നതാണ് വായനയുടെ കാതലായ കാഴ്ചപ്പാട്. പക്ഷേ അത് എല്ലാ കവിതകൾക്കും ബാധകമായി വരില്ലല്ലോ. പ്രണയകവിതകൾക്ക് പതം പറച്ചിലുകളുടെ പ്രളയവും, രതി പരാഗണത്തിൻ്റെ മസൃണതകളാലും വിരഹത്തിൻ്റെ അന്ധകാരത്താലും മൂടിക്കെട്ടിയ ആകാശം പോലെ സമ്മിശ്രവികാരം ജനിപ്പിക്കാനേ കഴിയൂ എന്നതാണവസ്ഥ. സോളമൻ്റെ ഉത്തമഗീതങ്ങളുടെയും ഷെല്ലിയുടെയും നെരൂദയുടെയും വിരഹാർദ്രമൗന സങ്കീർത്തനങ്ങളും ഇക്കാവമ്മയുടെ ഭക്തി സാന്ദ്ര വന്യ രതിയുടെയും ഒക്കെ കടമ്പകൾ കടന്ന് എ ഐ ആപ്പുകൾ നല്കുന്ന ഇൻസ്റ്റൻന്റ് കവിതകളുടെ ജീവനില്ലായ്മയിലേക്ക് സഞ്ചരിക്കുമ്പോൾ ,എന്താണ് കവിത? എന്താകണം കവിത എന്നത് ചർച്ച ചെയ്യാൻ പോലും ഭയക്കുന്ന സോഷ്യൽ മീഡിയ സാംസ്കാരിക നായക ലോകത്തിൽ കവിതയെന്താണെന്ന്  കവിതയിലൂടെ പോലും പറയാനാകാത്ത അവസ്ഥയാണ് ഇന്നിൻ്റെ.

ഇന്ന് കവിതകൾ എഴുതുന്ന എല്ലാവരും ആഗ്രഹിക്കുന്നത് സ്വന്തം രചനകൾ ഒരു പുസ്തകമായി കാണണം എന്നു മാത്രമാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ മലയാളം പാഠപുസ്തകം ഒന്നു വെറുതെ മറിച്ചു നോക്കി. പത്തു മുപ്പത്തഞ്ചു വർഷം മുമ്പ് പഠിച്ചവയിൽ നിന്നും മാറാത്ത പാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നുമല്ല. ഇവിടെ കവിതകൾ ഉണ്ടാകുന്നില്ല. രചനകൾ കാക്കത്തൊള്ളായിരം സംഭവിക്കുന്നുണ്ട് പക്ഷേ അവയൊന്നും തന്നെ അക്കാഡമിക് മികവ് പുലർത്താത്തതിനാൽ ഇടം പിടിക്കുന്നില്ല. ഇവയെ എന്തുകൊണ്ടാകും ആരും ചർച്ച ചെയ്യാൻ മുതിരാത്തത്? 

സ്മിത സി യുടെ, മരത്തിനാകാശം പോലെ എന്ന കവിത സമാഹാരം വായനക്കെടുക്കുമ്പോൾ മനസ്സിൽ വളരെയധികം പ്രതീക്ഷകൾ ഒന്നും തന്നെയില്ലായിരുന്നു. കാരണം മുൻ വിധികളുമായി സമീപിക്കുന്ന വായനകൾ മിക്കവാറും കനത്ത ആഘാതങ്ങൾ തരുന്നവയെന്നതാണ് അനുഭവം. ഈ കവിത സമാഹാരത്തിൽ നിറയെ പ്രണയകവിതകൾ ആണെന്ന് ഒറ്റവാക്കിൽ പറയാം. പ്രണയത്തിൻ്റെ കടും വർണ്ണങ്ങളും, വിഷാദം, നിരാശ തുടങ്ങിയ വിവിധ ഭാവങ്ങളും കൂടിക്കലർന്ന കവിതകൾ. ഒന്നോ രണ്ടോ കവിതകൾ പ്രണയത്തിന് പുറത്തുള്ള ലോകം വരയ്ക്കുന്നവയാണ് എന്നത് പറയാതെ വയ്യ. പക്ഷേ ഭൂരിഭാഗം കവിതകളും കുറുങ്കവിതകളോ, ചിന്താശകലങ്ങളോ ആണെന്നത് യാഥാർത്യം . എൺപതോളം കവിതകളാൽ നിറഞ്ഞ ഈ പുസ്തകത്തിൽ പ്രണയവും, വിഷാദവും, പെൺ മനസ്സിൻ്റെ ഏകാന്തതയും, മാതൃത്വവും, പ്രകൃതിയും, പ്രപഞ്ചവും വായിക്കാനാകുന്ന ഘടകങ്ങളാണ്. മികച്ച കവിതകൾ എന്ന് പറയാനാവില്ലയെങ്കിലും ചില കവിതകളിലും കുറുങ്കവിതകളിലും ശക്തമായ ചില ബിംബങ്ങളും, ചിന്തകളും, നിലപാടുകളും സ്മിത വരച്ചിടുന്നുണ്ട്. എഴുതാനായി എഴുതിയവ ആയല്ല കവിതകൾ സ്മിതയിൽ സംഭവിച്ചിരിക്കുന്നത്. ഒരു ആശയം, ഒരു ചിന്ത തുടങ്ങിയ ചിലവയെ പറഞ്ഞു വയ്ക്കാൻ കവിതയെന്ന സങ്കേതത്തെ ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കുന്ന ഒരെഴുത്തുകാരിയായി സ്മിത.സിയെ വായിക്കാൻ കഴിയുന്നു. നല്ല ഭാഷാപ്രയോഗങ്ങളും ആശയങ്ങളും കൈമുതലായുള്ള ,വായനയുള്ള ഒരാൾ എന്ന തോന്നൽ പുസ്തകം നല്കുന്നുണ്ട്. ഇത് ,ഭാവിയിലെ നല്ലൊരു കവിയുടെ വളർച്ചയുടെ പടവുകൾ ആയി കരുതുന്നു. സ്മിത ആമുഖത്തിൽ പറയും പോലെ "എന്നിലേക്കുള്ള ഒറ്റമുറി വീടായി " കവിത മാറാതിരിക്കുകയാണെങ്കിൽ കൂടുതൽ വായനകൾ സ്മിതക്ക് സമ്മാനിക്കാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശയുണ്ട്. ആശംസകളോടെ ബി.ജി.എൻ വർക്കല

ജ്ഞാനസ്നാനം .............സജിനി എസ്,

ജ്ഞാനസ്നാനം (കഥകൾ), 
സജിനി എസ്, 
ഫ്ലമിംഗോബുക്സ്, 
വില: 250 രൂപ 


വായന തികച്ചും മരിച്ചു പോയേക്കുമെന്ന് തോന്നുന്ന അവസ്ഥകളിലൊക്കെ അതിനെ തിരിച്ചു പിടിക്കേണ്ടതിൻ്റെ ആവശ്യകത ഉണ്ട്. അത്തരം അവസ്ഥകളെ വീണ്ടും നിർജ്ജീവമാക്കുന്ന വായനകൾ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതൊരു പൂർണ്ണ മരണമായി മാറിപ്പോയേക്കാം. അടുത്ത കാലത്തായി കഥകളിലും കവിതകളിലും അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ വായനയെ ആസ്വദിപ്പിക്കുന്നതിനൊപ്പം കൂടുതൽ വായനാനുഭവങ്ങൾ തേടാൻ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യും. 

വളരെ മുമ്പ് വായിച്ച എഴുത്തുകാരിയാണ് സജിനി. എസ്. യേശു മഴ പുതയ്ക്കുന്നു എന്ന കഥ സമാഹാരം വായിച്ചതിലൂടെ പരിചയമായ ഒരു പേരാണ് സജിനി എസ് എന്നത്. ആ പുസ്തകം നല്കിയ വായനാനന്ദം ആണ് പുതിയ പുസ്തകമായ ജ്ഞാനസ്നാനം വായിക്കാൻ തിരഞ്ഞെടുക്കുവാൻ പ്രേരണയായത്. ഒരാളെ തുടർച്ചയായി വായിക്കുന്ന പതിവ് കുറവാണ്. കാരണം ആദ്യ വായന നല്കുന്ന ആവേശത്തെ അനുസരിച്ചാകുമല്ലോ തുടർവായനകൾ ചെയ്യുക. എന്നാൽ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരെ തിരഞ്ഞുപിടിച്ചു തന്നെ വായിക്കുകയും ചെയ്യും. 20 കഥകൾ ആണ് ജ്ഞാനസ്നാനം എന്ന ഈ പുസ്തകത്തിലുള്ളത്. ഇരുപതിൽ ചിലവ ആദ്യപുസ്തകത്തിൽ വായിച്ചവയാണ് എന്ന പോരായ്മ എടുത്തു പറയേണ്ടതുണ്ട്. ശേഷമുള്ള കഥകൾ ഒക്കെത്തന്നെയും കഥാകാരിയുടെ വൈഭവം പ്രകടമാക്കുന്ന നല്ല എഴുത്തുകൾ തന്നെയാണ്. ചിലർ തങ്ങളുടെ കഥകളിൽ,കവിതകളിൽ ഒക്കെ തുടർച്ചയായി പ്രയോഗിക്കുന്ന ചില പദങ്ങൾ, ബിംബങ്ങൾ ഉണ്ടാകും. അവയുടെ അതിപ്രസരം എടുത്തറിയിക്കുന്ന ഒന്നാണ് ചിലപ്പോൾ. സജിനിയുടെ കഥകളിലും അത്തരം ചില ബിംബങ്ങളും വാക്കുകളും അമിതമായി കടന്നു വരുന്നുണ്ട് . നഗ്നത, മുലക്കണ്ണ്, അതുപോലെ ശരീര വില്പനക്കാരായ സ്ത്രീകൾ ഇവ സജിനി കഥകളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങൾ ആണോ എന്ന് സംശയിച്ചു പോകുന്നു. ഇവ അരോചകമെന്നോ മറ്റോ ഒരു കാഴ്ചപ്പാടിലല്ല ഇത് സൂചിപ്പിക്കുന്നത്. കഥകൾക്കുള്ളിൽ ഇവ അനവസരത്തിൽ കുത്തിക്കയറ്റുന്നു എന്നുമല്ല. ഇവയെ മിക്കയിടങ്ങളിലും കാണാനാകുന്നു എന്നു സൂചിപ്പിച്ചു എന്നേയുള്ളു. 

സ്ത്രീ മനസ്സുകളുടെ വിഭിന്നവും വിസ്താരവുമായ ചിന്താ പ്രളയങ്ങളെ ആവാഹിക്കാനും ആവിഷ്കരിക്കാനും സജിനിയുടെ കഥകൾക്ക് കഴിയുന്നുണ്ട്. ഉറൂബിൻ്റെ പ്രശസ്ത കഥാപാത്രമായ ഉമ്മാച്ചുവിനെപ്പോലെ കുട്ടിയമ്മയെ സൃഷ്ടിക്കാൻ സജിനിക്ക് കഴിയുന്നുണ്ട്. അതുപോലെ മാധവിക്കുട്ടിയുടെ സ്വതന്ത്ര ചിന്താഗതിയെ ഓർമ്മിപ്പിക്കുന്ന കഥാതന്തുക്കളെയും കണ്ടുമുട്ടാൻ കിട്ടുന്നുണ്ട് . അനുകരണങ്ങൾ ഇല്ലാതെ  സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു. ഗഹനമായ വായന ആഗ്രഹിക്കുന്നവർക്ക് കഥയുടെ ലോകത്തിൽ ഇഷ്ടമാകുന്ന ഒരു എഴുത്തുകാരിയായ് സജിനി. എസി നെ പരിഗണിക്കുന്നതിൽ സന്തോഷമാണ് . കൂടുതൽ തിളക്കമാർന്ന എഴുത്തുകളുമായ് നാളെകൾ സമ്പുഷ്ടമാക്കാൻ കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല

Tuesday, October 31, 2023

ടെസ്........,തോമസ് ഹാർഡി

ടെസ് (നോവൽ),
തോമസ് ഹാർഡി, 
വിവർത്തനം: ടാറ്റാപുരം സുകുമാരൻ, 
ഡി സി ബുക്സ്.
വില : free E copy in DC App.


പൂർണ്ണജീവിതത്തെ അടയാളപ്പെടുത്തുന്ന സാഹിത്യ ശാഖയാണ് നോവൽസാഹിത്യം . ഒരു സംഭവത്തെയോ ,ജീവിതത്തെയോ, ഒരു ജനതയുടെ സംസ്കാരത്തെയോ ഒക്കെ അടയാളപ്പെടുത്താനും അതിനെ വിശദമാക്കാനും കഴിയുന്ന ഒരു സംരംഭമായി നോവലിനെ വിലയിരുത്താം. ചിലപ്പോൾ ഒക്കെ ക്രിത്രിമമായ അടയാളപ്പെടുത്തലുകൾ കൊണ്ട് ഭാവനയെ യാഥാർത്ഥ്യവുമായി കൂട്ടിയിണക്കി ശരിയോ തെറ്റോ എന്ന പകപ്പിൽ എത്തിക്കാനും മികച്ച എഴുത്തുകാർക്ക് സാധിക്കാറുണ്ട്. കഥ പറയുന്നതിലല്ല അതിനെ കഥയായി തോന്നിപ്പിക്കാതിരിക്കലാണ് കഴിവ്. അതിൽ വിജയിക്കുന്നവരെ ചരിത്രം ഓർമ്മിക്കും . 

പതിനെട്ടാം നൂറ്റാണ്ടിൽ തോമസ് ഹാർഡി എഴുതിയ നോവലാണ് Tes of the D'ubervilly. അന്നത്തെക്കാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു നോവലാണിത്. കത്തോലിക്ക സഭയുടെ മത ചിന്തകളുടെ കറുത്ത കാലഘട്ടമായിരുന്ന ഒരു സമയം കൂടിയാണല്ലോ ആ കാലം. സമൂഹ ജീവിതവും മതവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളും കുതറിമാറലുകളും ഒക്കെ മനസ്സിലാക്കാൻ കഴിയുന്ന വായനയാണ് ഈ നോവൽ തരുന്നത്. ഒരു കാലത്ത് സദാചാര ജീവിത മൂല്യങ്ങളായി ഇംഗ്ലണ്ടും മറ്റും അനുവർത്തിച്ചിരുന്ന ഏകദേശം എല്ലാം തന്നെയും ഇന്നത്തെ സമൂഹത്തിൽ ചിരിയുണർത്തുന്നതോ അത്ഭുതം ഉളവാക്കുന്നതോ ആയ കാഴ്ചകളാേ ചിന്തകളോ ആണെന്നത് ചിന്തിപ്പിക്കുന്ന വിഷയമാണ്. മതം പഠിപ്പിച്ച കുറേയേറെ തിന്മകൾ ഇന്ന് മതവിശ്വാസികൾക്ക് തിന്മയല്ലാതായിരിക്കുകയാണ്. ടെസ് എന്ന നായിക കൗമാരകാലത്ത് തന്നെ ലൈംഗികാക്രമണം നേരിടേണ്ടി വന്ന , തുടർന്നു ഗർഭധാരിയാകുന്നതും കുഞ്ഞ് പിന്നീട് മരിക്കുന്നതുമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. പാപിണിയായ ഒരുവളായി മറ്റൊരു ദിക്കിൽപ്പോയി രഹസ്യമായി ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നു അവൾക്ക്. അവിടെ അവളെ കാത്തിരുന്നത് ഏഞ്ചൽ എന്ന ഉൽപ്പതിഷ്ണുവായ ചെറുപ്പക്കാരൻ്റെ പ്രണയമാണ്. അവളുടെ പാപങ്ങൾ അറിയാതെ, അവൾക്കത് തുറന്നു പറയാൻ കഴിയാതെ, അവർ വിവാഹിതരാകുകയാണ്. വിവാഹ രാത്രിയിൽ അവർ തങ്ങളുടെ പൂർവ്വകാല പാപങ്ങൾ ഏറ്റുപറയുന്ന അവസരം ഉണ്ട്. ഒരിക്കൽ ഒരു സ്ത്രീയുടെ കൂടെ രണ്ടു ദിവസം താമസിക്കേണ്ടി വന്നപ്പോൾ ശാരീരിക ബന്ധം ഉണ്ടാകുകയുണ്ടായി പക്ഷേ അതിനെക്കുറിച്ച് പശ്ചാത്തപിച്ചതിനാൽ ഇനി യ ത് പ്രശ്നമില്ല എന്ന കാഴ്ചപ്പാട് ഏഞ്ചൽ മുന്നോട്ട് വയ്ക്കുന്നു. എന്നാൽ ടെസ് , മറ്റൊരു പുരുഷനാൽ ബലാത്കാരമായി ഉപദ്രവിക്കുകയും ഗർഭം സംഭവിക്കുകയും ചെയ്ത പാപം പൊറുക്കപ്പെടാത്തതുമായി മാറുന്ന കാഴ്ചയാണ് സംഭവിക്കുന്നത്. ഇതേത്തുടർന്ന് അവർ പിരിയുന്നതും ,പഴയ പീഡകൻ അലക്ക് മാനസാന്തരപ്പെട്ട് സുവിശേഷ പ്രാസംഗികനായും പിന്നെ ടെസിൻ്റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു കയറുകയും ചെയ്യുന്നു. ഇതേ സമയം തന്നെ ഏഞ്ചലും തിരികെ എത്തുകയും കുറ്റബോധം മൂലം അലക്കിനെ കൊന്നിട്ട് ടെസ് ഏഞ്ചലിനൊപ്പം പോകുകയും ചെയ്യുന്നു. ടെസിൻ്റെ മരണത്തോടെ നോവൽ അവസാനിക്കുന്നു.  പടിഞ്ഞാറൻ സംസ്ക്കാരത്തിൽ പരപുരുഷ ബന്ധവും, വിവാഹവും ,ഗർഭവുമൊക്കെ പുനർ നിർവ്വചിക്കപ്പെട്ട ഈ കാലത്തിൽ ഇരുന്നു കൊണ്ട് ഈ നോവൽ വായിക്കുമ്പോൾ ചരിത്രത്തിൽ സമൂഹവും മതവും എങ്ങനെ പിടിമുറുക്കുന്നു എന്നും കുതറി മാറുന്നു എന്നുമൊക്കെ മനസ്സിലാക്കാൻ സഹായകമാകുന്നു. 

ടാറ്റാ പുരം സുകുമാരൻ , ടെസ് എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നോവൽ ഒരു നല്ല വായനാനുഭവം നല്കി. ഡി.സിയുടെ ഓൺലൈൻ ആപ്പിൽ സൗജന്യ വായന തരമാക്കിയ ഈ നോവൽ തീർച്ചയായും വായിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. പാളിച്ചകൾ വലുതായി സംഭവിക്കാത്ത ഒരു വിവർത്തനമായിരുന്നു അത്. സസ്നേഹം ബി.ജി.എൻ വർക്കല

Monday, October 16, 2023

ചുമ്മാട് ചുമക്കുന്നവർ ......... സുരേഷ് ഡി.എസ്. കാപ്പിൽ,

ചുമ്മാട് ചുമക്കുന്നവർ (കഥകൾ),
സുരേഷ് ഡി.എസ്. കാപ്പിൽ, 
പേപ്പർ പബ്ലിക്ക, 
വില: 100 രൂപ


കഥ പറയാനറിയാത്ത മനുഷ്യരുണ്ടോ! 
കഥകൾ നിറഞ്ഞ പ്രപഞ്ചത്തിലാണ് നമ്മൾ ജീവിക്കുന്നത്. ശരിക്കുള്ള കഥകൾ ആരോ ഒക്കെ പറഞ്ഞു കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. പക്ഷേ, കഥയെഴുതാനും പറയാനും ഉള്ള കഴിവ് ജീനിൽ പതിഞ്ഞു കിടക്കുന്നതിനാൽ ഓരോ കഴിവുറ്റ കഥാകാരനും അക്കഥകൾ വീണ്ടും വീണ്ടും പറയുന്നുവെങ്കിലും വായനക്കാരനും കേഴ്വിക്കാരനും അതൊരിക്കലും തിരിച്ചറിയുന്നില്ല ഇത് ഞാൻ കേട്ടതും വായിച്ചതുമാണ് എന്ന്. എന്നാൽ ചിലർ പറയുമ്പോൾ / എഴുതുമ്പോൾ ഈ കഴിവ് ഇല്ലാതെ പോകുമ്പോൾ വായനക്കാരൻ വിളിച്ചു പറയുന്നു ഇക്കഥ കേട്ടതാണെന്ന്,. അനുകരണമാണ് എന്ന്. ഇതിനു കാരണം കഥയില്ലായ്മയല്ല മറിച്ച് കഥയുണ്ടാക്കുന്ന പാചക വിദ്യ ആ എഴുത്തുകാരന് വശമില്ല എന്നതാണ്. സോഷ്യൽ മീഡിയ ഇന്നിത്തരം കഥയില്ലായ്മകളും കവിതയില്ലായ്മകളും നിരന്തരം ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ട് വരി എഴുതിയാൽ പിന്നെ അത്യുത്തമ വാഴ്‌ത്തലുകൾ ചൊരിഞ്ഞു തുള്ളുന്ന വായനക്കാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയും സ്വയം ഒരു സാഹിത്യകാരനായി തോന്നിപ്പിച്ച് എന്നാപ്പിന്നെ മലയാള സാഹിത്യത്തിൽ ഞാനെൻ്റെ കൈയ്യൊപ്പുകൾ ചാർത്തിയേ അടങ്ങൂ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഫലമോ.... വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച് നല്ല സാഹിത്യം വായിക്കാനുള്ള അവസരത്തെയും സമയത്തെയും അപഹരിച്ച് സാഹിത്യത്തേയും വായനയോടുള്ള കമ്പത്തേയും നശിപ്പിക്കുന്നു ഇക്കൂട്ടർ. 

സുരേഷ് ഡി. എസ് കാപ്പിൽ ഒരു കഥാകാരനാണ് എന്നു കരുതാനാണ് ഇഷ്ടം."ചുമ്മാട് ചുമക്കുന്നവർ" എന്ന ഈ കഥ സമാഹാരം വായിക്കാനെടുക്കുമ്പോൾ മനസ്സിൽ ആ ഒരാഗ്രഹം ആണു നിറഞ്ഞു നിന്നതും . വായിച്ചു തുടങ്ങുമ്പോൾ അതു നഷ്ടപ്പെട്ടു പോകുകയും കഥാകാരനെ മനസ്സിൽ വെറുക്കുകയും ചെയ്തു. തുടർന്നു വായിക്കേണ്ടതുണ്ടോ എന്ന ചിന്തയുണ്ടായി. പക്ഷേ ഒടുവിലെത്തിയപ്പോൾ കുറച്ചു കഥകൾ വായിക്കാനായി. അതിനാൽ മാത്രം കഥാകാരനോടു തോന്നിയ ഈർഷ്യ മറഞ്ഞു പോയി. അനുഭവക്കുറിപ്പുകൾ, ആത്മഗതങ്ങൾ, ചെറുചിന്തകൾ എന്നിവയെ കഥകൾ എന്നു പറഞ്ഞു തരാൻ ആരാണ് പ്രസാധകരോട് പറഞ്ഞു കൊടുത്തതെന്നറിയില്ല. ഭാഗ്യവശാൽ മാത്രം കഥകളും ഇതിൽ ഉൾപ്പെടുത്തിയെന്നതിനാൽ പേരുദോഷം സംഭവിച്ചില്ല. വർണ്ണക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്ന എന്തും വായനക്കാർ സ്വീകരിക്കണം എന്ന ധാരണ പ്രസാധകരും, അവതാരികയെഴുതുന്നവരും മാറ്റേണ്ടതിൻ്റെ ആവശ്യകത ഓർക്കേണ്ട ഒന്നാണ്. ഈ പുസ്തകത്തിൽ കഥകൾ ഉണ്ട്. പക്ഷേ കുറവാണ്. കഥകൾ തികയാഞ്ഞിട്ട് കുത്തിനിറച്ച മറ്റു കുറിപ്പുകൾ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ,ഒപ്പം ഈ എഴുത്തുകാരനെ ശരിക്കും ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നല്ല ഒരു വിരുന്ന് വായനക്കാരന് ലഭിച്ചേനെ. സസ്നേഹം ബി.ജി.എൻ വർക്കല

Monday, September 4, 2023

വെളിപാടുകൾ

വെളിപാടുകൾ

മേഘമാലകൾ എത്ര മറച്ചീടിലും 
വാനിലമ്പിളി തിളങ്ങി നിന്നീടുന്നു.

തിരമാലകൾ എത്ര ശ്രമിക്കിലും
വെൺശംഖ് സൂര്യദർശനം നേടിടും.

മൂടിവച്ചീടുകെത്ര നാൾകളെങ്കിലും
സത്യമൊരുനാൾ പുറത്തു വരില്ലയോ.

പ്രണയമെത്ര നിഗൂഢമെങ്കിലും പ്രിയേ
നയനമതിനാവില്ല മറയ്ക്കുവാൻ.

വെറുപ്പുകൊണ്ടു നിറഞ്ഞ ഹൃത്തിനെ
മറയ്ക്കുവാൻ വാക്കു തോറ്റു പോയിടും.

മറച്ചു വയ്ക്കുവാൻ എന്തു ശ്രമിച്ചാലും
തുറന്നു കാട്ടുമതത്രേ പ്രപഞ്ചനീതി.
@ബി.ജി.എൻ വർക്കല

Saturday, September 2, 2023

ആര്യന്മാരുടെ കുടിയേറ്റം കേരളത്തിൽ. ഭാഗം ഒന്ന്. ...... കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്

ആര്യന്മാരുടെ കുടിയേറ്റം കേരളത്തില്‍ -1 (ചരിത്രം)
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 
പഞ്ചാംഗം ബുക്ക് ഡിപ്പോ 
വില : ₹ 2.25


ചരിത്രത്തിന്റെ രേഖപ്പെടുത്തലുകള്‍ക്ക് ആധികാരികത വരുന്നത് അതിനോടു അനുബന്ധിച്ചുള്ള വിവരങ്ങളുടെ വാസ്തവികതയും വിശ്വാസ്യതയും ശാസ്ത്രീയമായ തെളിവുകളും മൂലമാണ്. അനുമാനങ്ങളിലൂടെ സൃഷ്ടിക്കുന്ന ചരിത്രങ്ങള്‍ ഒന്നും തന്നെ ചരിത്രമായി കരുതാന്‍ കഴിയുകയില്ല. അത് മനുഷ്യരുടെ ഭാവനകളില്‍ നിന്നും ഉരുത്തിരിയുന്ന കേവലവര്‍ത്തമാനങ്ങള്‍ മാത്രമാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരാള്‍ അനുഭവം പറയുകയാണെങ്കില്‍ അതിനെ എങ്ങനെ സ്വീകരിക്കുക? അല്ലെങ്കില്‍ മരിച്ചവരുമായി സംസാരിച്ചു, അദൃശ്യനായ ഒരാളോട് സംസാരിച്ചു തുടങ്ങിയ മനുഷ്യ സഹജമായ ഭാവനകളെ ഒരിയ്ക്കലും ചരിത്രമായി പില്‍ക്കാലത്ത് കൊണ്ടുവരാനോ സ്ഥാപിക്കാനോ കഴിയില്ല. മിത്തുകള്‍ ആയ പലതും ഇങ്ങനെ ഉള്ള അശാസ്ത്രീയത മാത്രം കൈമുതലായുള്ള വിശ്വാസങ്ങള്‍ ആണെന്നതും അതിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സ്പര്‍ദ്ധകള്‍ ഉണ്ടാകുന്നു എന്നതും കേവലം ജുഗുപ്ത്സാവഹമായ കാര്യങ്ങള്‍ ആണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യരുടെ ചിന്താഗതികള്‍, വിദ്യാഭ്യാസം കൊണ്ടോ അറിവു കൊണ്ടോ അനുഭവം കൊണ്ടോ മാറ്റാന്‍ കഴിയുന്നില്ല എന്നുള്ള സംഗതി നിഷേധിക്കാന്‍ കഴിയാത്ത ഒരു വാസ്തവം ആണ്. കുറ്റബോധം അഥവാ പാപബോധം ജനിതകവശാല്‍ ചിന്തകളില്‍ എപ്പോഴും മനുഷ്യനെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഈ പാപബോധത്തില്‍ നിന്നാണല്ലോ മനുഷ്യര്‍ മതങ്ങള്‍ക്കും ദൈവങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും വിത്തിട്ടതും വളമിട്ടതും മരമാക്കിയതും. 
നരവംശ ശാസ്ത്രം ഇന്ന് എത്തിനില്‍ക്കുന്ന വികാസ പരിണാമങ്ങളില്‍ നിന്നുകൊണ്ടു നോക്കിയാല്‍ മനുഷ്യന്റെ ഉത്പത്തിയും പരിണാമവും വികാസവും കുടിയേറ്റങ്ങളും വളരെ വിശാലവും വ്യക്തവുമായി അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം. പല സിദ്ധാന്തങ്ങളും തിരുത്തപ്പെടുന്നുണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നുമുണ്ട് . പക്ഷേ അവയൊന്നും ഒരിയ്ക്കലും പരിണാമത്തെ നിരുത്സാഹപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല. 1960 കളില്‍ എഴുതിയ പുസ്തകമാണ് ആര്യന്മാരുടെ കുടിയേറ്റം കേരളത്തില്‍. ഈ പുസ്തകത്തില്‍ കേരളം രൂപീകരിക്കപ്പെട്ടതും, ഇവിടെ ജനവാസം വികാസം പ്രാപിച്ചതും എങ്ങനെ എന്നതിനെക്കുറിച്ചുള്ള അനുമാനങ്ങള്‍ ആണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ പുസ്തകം പ്രതിപാതിക്കുന്നതനുസരിച്ചു കേരളം എന്നത് കടല്‍, കരയായ ഒരു പ്രദേശം ആണെന്നതും ഈ കരയിലേക്ക് ഉത്തരേന്ത്യയില്‍ നിന്നും ഭാഗ്യപരീക്ഷണത്തിലൂടെ കടല്‍യാത്ര നടത്തി കടന്നുവന്ന ബ്രാഹ്മണരുടെ കുടിയേറ്റം സംഭവിച്ചതും അതിനെത്തുടര്‍ന്നു വനഭൂമിയായിരുന്ന കേരളം ഒരു മനുഷ്യാവാസ കേന്ദ്രമായി വികാസം പ്രാപിക്കുകയുണ്ടായി എന്നുമാണ്. വാസ്കോഡ ഗാമയെപ്പോലെ ഒക്കെ സാഹസികമായി പുതിയ ആവാസ വ്യവസ്ഥ കണ്ടു പിടിച്ച്, രൂപീകരിച്ച് അതിലേക്കു ബ്രാഹ്മണരെ കുടിയേറ്റിയ ആളിനെ പരശുരാമന്‍ എന്നു വിളിക്കുന്നു. ആദ്യകാല സമൂഹം കടലോരത്തിലാണ് വളര്‍ന്നത് എന്നും പിന്നീട് അവ വികാസം പ്രാപിക്കുകയും ചെയ്യുകയുണ്ടായി എന്നു സൂചിപ്പിക്കുന്നു. ബ്രാഹ്മണര്‍ തങ്ങളുടെ ആവശ്യാര്‍ത്ഥം കൂടെ കൊണ്ട് വന്ന ഭൃത്യന്മാരായ നാഗന്‍മാരാണ് പില്‍ക്കാലത്ത് നായര്‍ സമൂഹമായത് എന്നും അതേപോലെ സിലോണില്‍ നിന്നും വന്നെത്തിയ ഈഴവരും ഇവിടെ പ്രമുഖരായിരുന്നു എന്നും പുസ്തകം അടയാളപ്പെടുത്തുന്നു. ഇവിടെ ഉണ്ടായിരുന്ന ആദിവാസികള്‍ ആണ് മറ്റൊരു ജനവിഭാഗം. വന്നവരോടു ഒട്ടും ഇണങ്ങാതെ നിന്ന അവരില്‍ കുറച്ചു പേരൊക്കെ പതിയെ ഇണങ്ങി വരികയോ മെരുക്കി എടുക്കുകയോ ചെയ്തു എന്നും അവരാണ് പില്‍ക്കാലത്തെ ശൂദ്രരെന്നും പുസ്തകം പറയുന്നു. രസാവഹമായ ഒരു നിഗമനം ഇതില്‍ കാണാന്‍ കഴിഞ്ഞത് , ജാതി ഉണ്ടായതും ജാതികളിലെ നിയമങ്ങള്‍ ഉണ്ടായതും തൊഴില്‍ വിഭാഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്നും അതല്ലാതെ ബ്രാഹ്മണര്‍ ഉണ്ടാക്കിയതല്ല എന്നുമാണ്. ബ്രാഹ്മണര്‍ ജാതി തിരിച്ചിട്ടില്ല എന്നും ഓരോ തൊഴില്‍ ചെയ്തവര്‍ ആ തൊഴില്‍ ചെയ്യുന്നവരുടെ കൂട്ടം ആയി തിരിഞ്ഞെന്നും അവര്‍ സ്വയം ഓരോ ജാതികള്‍ ആയി മാറുകയും അവരുടെ നിയമങ്ങള്‍ അവര്‍ ഉണ്ടാക്കുകയും ചെയ്യുകയും ഇവ കാലക്രമേണ മനുവിന്റെ പുസ്തകം അടക്കമുള്ളവയില്‍ ചേര്‍ക്കപ്പെടുക ആണുണ്ടായത് എന്നുമാണ്. അതുപോലെ മറ്റൊരു നിഗമനം ഒരു സര്‍വ്വേയുടെ ലിസ്റ്റ് കൊടുത്തിട്ടു സാഹിത്യകാരന്മാരുടെ ശതമാനം കണക്ക് കൂട്ടുകയും ജനസംഖ്യാനുപാതാതില്‍ മുന്നില്‍ ഉള്ള ഈഴവര്‍ അടക്കമുള്ളവരില്‍ 2 ശതമാനം മാത്രവും എന്നാല്‍ ചെറിയ ജനസംഖ്യാനുപാതം ആണെങ്കിലും ആര്യന്മാരുമായി ബാന്ധവമുള്ള ജനവിഭാഗങ്ങളില്‍ നായര്‍, അമ്പലവാസികള്‍ , ക്ഷത്രിയര്‍ എന്നിവര്‍ക്ക് അറുപത് ശതമാനം വരെ സാഹിത്യകാരന്മാര്‍ ഉണ്ട് ഇത് ആര്യ സങ്കലനത്തിന്റെ ഗുണം ആണു എന്നു സമര്‍ത്ഥിക്കുന്നതാണ്. . ബ്രാഹ്മണ മേധാവിത്വത്തിനെ ലഘൂകരിക്കുകയും അതില്‍ ഭയപ്പെടത്തക്കതായ ഒന്നുമില്ല എന്നും വിശദീകരിക്കാന്‍ ഉള്ള തീവ്രമായ ഒരു ശ്രമത്തിനപ്പുറം പുസ്തകം പങ്കുവയ്ക്കുന്ന വിഷയങ്ങളില്‍ സത്യങ്ങളെക്കാള്‍ കഥകള്‍ , അനുമാനങ്ങള്‍ മാത്രമാണു കൂടുതല്‍ എന്നു മനസ്സിലാക്കുന്നു .ചരിത്രത്തെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു  ഇത് വായിക്കാന്‍ സമയം കളയുന്നത് കൊണ്ട് ഒന്നും ലഭിക്കാന്‍ കഴിയില്ല എന്നതാണു ഈ വായന നല്കിയ തിരിച്ചറിവു . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

Sunday, August 20, 2023

അമ്മയ്ക്ക് ......... എം ടി വാസുദേവന്‍ നായര്‍

അമ്മയ്ക്ക് (ഓര്‍മ്മകള്‍ )
എം ടി വാസുദേവന്‍ നായര്‍ 
കറന്‍റ് ബുക്സ് 
വില : 70 രൂപ 


മലയാളത്തിന് ഒട്ടേറെ മറക്കാനാവാത്ത കഥാപാത്രങ്ങളെ സംഭാവന ചെയ്ത മികച്ച ഒരെഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍ . അദ്ദേഹത്തിന്റെ നോവലുകളും കഥകളും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നവയാണ് . അന്യം നിന്നുപോയ നായര്‍ തറവാടുകള്‍ ,  ക്ഷയിച്ചു പോയ തറവാടുകളുടെ ഉള്ളില്‍ ചിതലരിച്ച് പോയ ജീവിതങ്ങള്‍, മാനുഷിക വികാരങ്ങളുടെ തുറന്ന പുസ്തകങ്ങള്‍ ഒക്കെയായി ഓരോ കഥയും നോവലുകളും മലയാളി വായനക്കാരെ ആകര്‍ഷിച്ചവയാണ്. താന്‍ ജനിച്ചു വളര്‍ന്ന കാലത്തിലും ചുറ്റുപാടിലും കണ്ട, കേട്ട അനുഭവിച്ച കാര്യങ്ങളെ മനോഹരമായ ഭാഷയുടെ കൈത്തഴക്കം കൊണ്ട് വായനക്കാരില്‍ എത്തിക്കാന്‍ കഴിഞ്ഞ പ്രതിഭ തന്നെയാണ് എം ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ എഴുത്തുകാരന്‍. ഇന്ന് മലയാളത്തില്‍ ജീവിച്ചിരിക്കുന്ന എഴുത്തുകാരില്‍ ബഹുമാന്യമായ ഒരു സ്ഥാനം അദ്ദേഹത്തിന് കരഗതമായത് എഴുത്തില്‍ അദ്ദേഹം നല്കിയ സംഭവനകള്‍ കൊണ്ടുതന്നെയാണല്ലോ . തറവാടിത്വം ഒരു ഭാരമായി ചുമന്നു നടക്കേണ്ടി വന്ന നായര്‍ സമുദായത്തിന്റെ പതനവും കിതപ്പും കുതിപ്പും ഒക്കെ മനസ്സിലാക്കാന്‍ ഭാവികാലത്തെ സഹായിക്കുന്ന എഴുത്തുകള്‍ ആണ് അദ്ദേഹത്തിന്റെ . ഒരുകാലത്ത് സമൂഹത്തില്‍ നിലനിന്ന മതമൈത്രിയും മണ്ണിനോടും മനുഷ്യരോടും ഉള്ള പരസ്പര ബഹുമാനവും സ്നേഹസമ്പര്‍ക്കങ്ങളും പച്ച മനുഷ്യരായി നിന്ന ജീവിതങ്ങളും ഒക്കെ എം ടിയുടെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ആയി വായിക്കാന്‍ കഴിയും. മലബാറിന്റെ സംസ്കാരം എഴുത്തിന്റെ ലോകത്ത് നല്കിയ സംഭാവനകള്‍ അനവധിയാണ് . ഒരു പക്ഷേ മലയാളത്തില്‍ ആദ്യമായിട്ടാകാം രണ്ടു പ്രഗല്‍ഭര്‍ ചേര്‍ന്ന് ഒരു നോവല്‍ എഴുതുന്നതു . അതിനും എം ടി ഒരു ഭാഗമായിരുന്നു എന്നത് കൌതുകകരമായ ഒരു കാഴ്ചയാണ് . ഇത്തരത്തില്‍ പ്രഗല്ഭരായ മിക്ക എഴുത്തുകാരെയും പുസ്തക പ്രസാധകര്‍  നല്ല രീതിയില്‍ വിറ്റ്  കാശാക്കാറുണ്ട് . എഴുത്തിലൂടെ അവര്‍ ഉയര്‍ത്തിക്കൊണ്ട് വന്നവരും സ്വയം ഉയര്‍ന്നു വന്നവരുമായ മിക്കവരുടെയും പേരില്‍ ഒന്നുകില്‍ അവര്‍ മരണപ്പെടുമ്പോ അല്ലെങ്കില്‍ അവര്‍ ഒരു പ്രശസ്തമായ അംഗീകാരം ലഭിക്കുന്ന അവസരത്തില്‍ ഇപ്പറയുന്ന പുസ്തകകച്ചവടക്കാര്‍ പുറത്തിറക്കുന്ന ചില ബ്രാന്‍ഡ് ടൈറ്റിലുകള്‍ ഉണ്ട് . ആ വ്യക്തി ഇഷ്ടപ്പെട്ട കഥകള്‍ , ആ വ്യക്തി വായിച്ച കഥകള്‍ , ആ വ്യക്തിയുടെ തിരഞ്ഞെടുത്ത കഥകള്‍ , ആ വ്യക്തി ഉറങ്ങാന്‍ തലയിണയായി വയ്ച്ച പുസ്തകങ്ങള്‍ ആ വ്യക്തിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ , ആ വ്യക്തി കുളിക്കാന്‍ പോയപ്പോഴൊക്കെ സംഭവിച്ചവ ഇങ്ങനെ ഇങ്ങനെ അത് നീണ്ടു പോകും . മലയാളത്തിലെ മിക്ക പ്രമുഖരുടെയും ഇത്തരം ഓര്‍മ്മകള്‍ ഇറങ്ങാറുണ്ട് . ഇതിലെ തമാശ ഇത്തരം പുസ്തകങ്ങള്‍ ഒരാള്‍ അല്ല ഇറക്കുക പലരായിട്ടു ഒരേ കാര്യം പല ടൈറ്റിലുകളില്‍ ഇറക്കും . വായനക്കാര്‍ ഒരേ കാര്യം പല പുസ്തകത്തില്‍ വായിക്കും .കറന്‍റ് ബുക്സ് ഇറക്കിയ എം.ടി.യുടെ, “അമ്മയ്ക്ക്” എന്ന ഈ പുസ്തകം വായിക്കുമ്പോള്‍ മനസ്സിലാകുന്ന കാര്യം ഇതാണ് . എം.ടി.യുടെ തന്നെ പല പല കഥകളിലും കുറിപ്പുകളിലും പറഞ്ഞിട്ടുള്ള ഓര്‍മ്മകള്‍ . പഠിക്കാന്‍ പോയ കാലം , എഴുതിത്തുടങ്ങിയ അനുഭവങ്ങള്‍ ,സിലോണില്‍ ജോലി ചെയ്യുന്ന അച്ഛന്‍ അവധിക്കു വരുമ്പോള്‍ കൂടെവന്ന പെങ്ങള്‍ തുടങ്ങിയ ബാല്യകാലത്തെയും കൌമാരകാലത്തെയും ഓര്‍മ്മകള്‍ . ഇവയൊക്കെ ആവര്‍ത്തനങ്ങള്‍ ആയി തോന്നിയത് എവിടെയോ ഒക്കെ ഇവ വായിച്ചിട്ടുണ്ടല്ലോ എന്നുള്ളതുകൊണ്ടാണ് .അടുത്ത വരി , പേജില്‍ പറയാന്‍ പോകുന്നത് ഇതാണ് എന്ന ബോധത്തോടെ വായിക്കുന്ന അവസ്ഥയായിരുന്നു ഇതിന്റെ വായനയില്‍ ഉടനീളം. പ്രസാധകര്‍ ശ്രദ്ധിക്കേണ്ട കാര്യം വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കരുത് എന്നുള്ളതാണ് . പുതുതായി എന്താണ് തരാന്‍ കഴിയുക എന്നു നോക്കുക. അതിനു നല്ല വായനാബോധമുള്ള എഡിറ്റര്‍മാരെ നിയമിക്കുന്നതുകൊണ്ടു ശരിയാക്കാന്‍ കഴിയും എന്നു കരുതുന്നു . എം.ടി.യെ നന്നായി അറിയാന്‍ കഴിയുന്ന ഒരു പുസ്തകം ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അവയൊക്കെ ആവര്‍ത്തനവിരസത നല്കിയ വായന ആയെന്നതിനാല്‍ മാത്രമാണു ഇങ്ങനെ ഒന്നു പറയേണ്ടി വരുന്നതെന്നു മാത്രം. എം.ടി.യുടെ നോവലുകള്‍, കഥകള്‍ മാത്രം വായിച്ചിട്ടുള്ള, എം.ടി. ആരെന്നും എന്തെന്നും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം കുറേയൊക്കെ സഹായകമാകും. ആശംസകളോടെ ബി,ജി,എന്‍ വര്‍ക്കല

മാനാഞ്ചിറ .........രേഖ കെ.

മാനാഞ്ചിറ (കഥകൾ)
രേഖ കെ.
കറൻറ് ബുക്സ്
വില : AED 10.00



കഥകൾ മനസ്സിനെ കുളിരണിയിക്കുന്ന മാസ്മരത അനുഭവിച്ചറിയാൻ കഴിയുന്നത് ശരിക്കുള്ള കഥകൾ വായിക്കാൻ ലഭിക്കുമ്പോൾ മാത്രമാണ്. തികച്ചും യാദൃശ്ചികമായാണ് മാനാഞ്ചിറ എന്ന കഥ സമാഹാരം ഒരു ബുക്ക് സ്റ്റാളിൽ കാണാനിടയായത്. രേഖ കെ എന്ന എഴുത്തുകാരിയെ അറിയില്ല. കൗതുകത്തോടെയാണ് പുസ്തകം വാങ്ങിയത്. വായിച്ചു കഴിഞ്ഞപ്പോഴാകട്ടെ അത്യധികമായ സന്തോഷം അനുഭവിച്ചു. എഴുത്തിനെ പരാമർശിക്കുമ്പോൾ ലിംഗഭേദം പാടില്ല എന്ന അഭിപ്രായക്കാരനാണ് ഞാനെങ്കിലും ഈ കഥകൾ വായിച്ചപ്പോൾ എടുത്തു പറയേണ്ട ചിലതുണ്ടെന്ന് തോന്നി. കൊണ്ടാടപ്പെടുന്ന ഏതൊരു സമകാലീന കഥാകാരന്മാർക്കും മേലെ പ്രതിഷ്ഠിക്കാൻ തക്കവണ്ണം ക്രാഫ്റ്റും കഴിവുള്ള ഒരു കഥാകാരിയാണ് രേഖ. ആർജ്ജവമുള്ള സ്ത്രീകളുടെ നെഞ്ചുറപ്പും കാഴ്ചപ്പാടും ഈ എഴുത്തുകാരിയുടെ കഥാപാത്രങ്ങൾ കാഴ്ചവയ്ക്കുന്നു. ബലഹീനതയുടെ സ്ത്രീ പാത്രവത്കരണങ്ങൾ രേഖയുടെ നായികമാരിൽ കാണാനാവില്ല തന്നെ. തുറന്നു പറയുന്ന സ്വത്വബോധം ഓരോ കഥാപാത്രങ്ങളെയും വേറിട്ട അനുഭവങ്ങൾ ആക്കുന്നു. പച്ചയായ മാനസികാവിഷ്കാരങ്ങൾ വായനക്കാരെ അമ്പരപ്പിച്ചേക്കാം. എങ്കിലും അത് ഒരു പോർമുഖം തുറക്കലാണ്. വായനയെ വഴി നടത്തുന്ന മാസ്മരികതയാണത്.  ഒൻപത് കഥകൾ അടങ്ങിയ ഈ പുസ്തകം ഒറ്റ വായനകൊണ്ട് നിങ്ങളെ തൃപ്തരാക്കും എന്നു കരുതുന്നില്ല. തുടർന്നു വായിക്കാനും തിരികെ നടക്കാനുമീ കഥകൾ ശ്രമിപ്പിക്കും. വെറും വായനയിൽപ്പാേലും വായനയെ ഉത്സാഹഭരിതമാക്കുന്ന കാഴ്ചയും കാഴ്ചപ്പാടും കഥാകാരിയെ വ്യത്യസ്ഥയാക്കുന്നു. 'രുചി'യെന്ന കഥയിൽ തുടങ്ങി വായനയുടെ രുചിയേറുന്ന കാഴ്ച ആരംഭിക്കുന്നു. ഒരു വഴിയോര ലൈംഗിക തൊഴിലാളിയുടെ ഒരു രാത്രി പറയുന്ന ഈ കഥയിലെ പരിസര വിവരണങ്ങൾ മാത്രം മതി കഥാകാരിയുടെ കഴിവ് മനസ്സിലാക്കാൻ. ഏകാന്തതയെക്കുറിച്ച് ഒരു കഥ കൂടി, മാനാഞ്ചിറ, ശുഭ്രം, അവാമി ലീഗ്, ഉറങ്ങാത്തവർ, കുളം, ഗോപകുമാരൻ അമ്പഴങ്ങാക്കരിയും ശുകസ പ്തതിയിലെ കഥകളും, ടാറ്റുവും വായിച്ചു കഴിയുമ്പോൾ സത്യത്തിൽ നല്ല കുറേക്കഥകൾ കുറച്ചു കാലങ്ങൾക്ക് ശേഷം വായിക്കാനായി എന്ന സംതൃപ്തി നല്കി. 
കഥാകാരി ഒരു കഥയിൽ പറയുന്നുണ്ട് " മെയ് മാസമാകുമ്പോൾ മണ്ണിനകത്ത് അതുവരെ ഒളിച്ചിരുന്ന ഒരു ചെടി പെട്ടെന്ന് പുറത്തു ചാടി കുട പോലെ ഒരു പൂവുമായി വിരിഞ്ഞു നില്ക്കുന്നത് കണ്ടിട്ടില്ലേ? അതുപോലാകണം കഥ ഉള്ളിൽ നിന്നും പൊട്ടിപ്പുറപ്പടേണ്ടത്. " സത്യത്തിൽ ഒരു കുടപ്പൂവല്ല ഒരു വസന്തം തന്നെ കഥാകാരി തീർത്തിരിക്കുന്നു. പുസ്തകത്തിൻ്റെ അടിക്കുറിപ്പ് പറയുന്നത് പോലെ മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ഭാഷയും സൗന്ദര്യവും അനുഭവിപ്പിക്കുന്ന ഈ കഥകളിൽ ജീവിതത്തിൻ്റെ സങ്കീർണ്ണതകൾ ഇഴപിരിയുന്ന സൂഷ്മതലങ്ങളുടെ ആകാശം തെളിയുന്നു. വായിക്കാനും വായിക്കപ്പെടാനും പ്രേരിപ്പിക്കുന്ന കഥകൾ. കുറേയേറെ പുരസ്കാരങ്ങളും ഒൻപത് കൃതികളും ഈ എഴുത്തുകാരിയുടെ സ്വന്തമെന്ന് പുസ്തകത്തിൽ നിന്നറിയുന്നു. മലയാള മനോരമയുടെ സീനിയർ സബ് എഡിറ്റർ ആയതിനാലാകാം എഴുത്തിലെ അക്ഷരസ്ഫുടതയും മനോഹാരിതയും വായനയെ ആകർഷിപ്പിച്ചത്. ആശംസകളോടെ ബി.ജി.എൻ വർക്കല

Monday, July 31, 2023

മയിലുകള്‍ ശബ്ദിക്കുമ്പോള്‍



മയിലുകള്‍ ശബ്ദിക്കുമ്പോള്‍


അലക്സിന്റെ സന്ദേശം വാട്സപ്പി‌ല്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മയിലിന്റെ കരച്ചില്‍ അതില്‍ കേട്ടു. ഉള്ളിലേക്ക് ഒരു തണുപ്പ് അരിച്ച് കയറുന്നത് പോലെ, ഒരു തളര്‍ച്ചയില്‍ പൊടുന്നനെ വീണുപോയത് പോലെ. മറക്കാന്‍ ശ്രമിക്കുന്നതെന്തൊ അവ ശരങ്ങള്‍ പോലെ ശരീരത്തില്‍ പതിക്കുന്ന വേദന ... ഹോ ! അതൊരു വല്ലാത്ത അവസ്ഥയാണ് . ചില ശബ്ദങ്ങള്‍ , ചില നിറങ്ങള്‍ , ചില കാഴ്ചകള്‍ , മണങ്ങള്‍ നമ്മെ നാം മറക്കാന്‍ ശ്രമിക്കുന്ന ഇരുണ്ടതോ വെളിച്ചം നിറഞ്ഞതോ ആയ ഗുഹകളിലേക്ക് കൈപിടിച്ചു നടത്തും എന്നു തോന്നുന്നു . 

 

പഴയ ഓര്‍മ്മകളെ പൊടിതട്ടി എടുക്കാന്‍ പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയില്‍ ഉരുത്തിരിഞ്ഞ ഒന്നാണല്ലോ കൂട്ടായ്മകള്‍. സ്കൂള്‍ തലത്തിലെ കൂട്ടുകാരുടെ ഓര്‍മ്മകള്‍ പോലും പൊടിഞ്ഞു തുടങ്ങുമ്പോഴാണ് എല്ലാവരെയും കുറിച്ച് ഒന്നറിയാനും പറ്റിയാല്‍ ഒന്നു കൂടിച്ചേരാനും ഒരാഗ്രഹം മനസ്സില്‍ ഉരുത്തിരിഞ്ഞത് . വിരസമായ പകലുകളില്‍, അധികമൊന്നും ചെയ്യാനില്ലാതെ വീടിനുള്ളില്‍ ഇരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ലല്ലോ. കഴിയുന്നിടത്തോളം മുഖപുസ്തകവും, പരിചയക്കാരെയും ഒക്കെ തിരഞ്ഞുപിടിച്ചും അന്വേഷിച്ചും ഒടുവില്‍ പത്താം തരക്കാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്നുപറയാം. എല്ലാവർക്കും വലിയ കൗതുകമായിരുന്നു അതിനാല്‍ത്തന്നെ പെട്ടെന്നു എല്ലാര്‍ക്കും ഒരു ഊര്‍ജ്ജം കൈവന്നപോലെ. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഒരാളില്‍ നിന്നും മറ്റൊരാള്‍ അങ്ങനെ ഒട്ടുമിക്കവരെയും ഗ്രൂപ്പില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഏറ്റവും സന്തോഷം തന്ന സംഗതി, എൻ്റെ നാട്ടുകാരനും കളിക്കൂട്ടുകാരനും ആയിരുന്ന വര്‍ക്കിയെ വീണ്ടും തിരികെ കിട്ടി എന്നതായിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ ഒരു കമ്പനിയില്‍ ജോലിയിലാണ് അവനെന്ന് പറഞ്ഞു. ഗ്രൂപ്പില്‍ നിന്നും അവനെ പ്രൈവറ്റ് മെസേജ് നല്കി പഴയ പരിചയത്തിന്റെയും സൗഹൃദത്തിന്റെയും വര്‍ണ്ണനൂലുകള്‍ ഇഴ അടര്‍ത്തിയെടുത്ത് ആസ്വദിക്കുമ്പോള്‍ ആ കാലത്തിലേക്ക് അറിയാതെ നാം കടന്നുപോകുകയായിരുന്നു. 

 

വര്‍ക്കിയും ഞാനും അയല്‍ക്കാരായതിനാലും ഒരേ പ്രായം ആയതിനാലും സ്കൂളില്‍ പോക്കും, മരംകേറി നടക്കലും ഒക്കെ ഒന്നിച്ചായിരുന്നു. തോട്ടുവക്കിലൂടെ മാനത്തുകണ്ണികളെ എണ്ണിയും, പുളവനെ കല്ലെറിഞ്ഞും, തവളക്കുഞ്ഞുങ്ങളെ പേടിപ്പിച്ചും, കൊറ്റികളെ പറത്തിവിട്ടുമൊക്കെ ആനന്ദിച്ചു നടന്ന കാലം.!

"വയസ്സറിയിച്ചിട്ടുമുണ്ടായില്ല കുരുത്തക്കേടുകളുടെ കുറവെന്ന്" ഉമ്മ വഴക്കു പറയുമായിരുന്നെങ്കിലും പറഞ്ഞും വായിച്ചും കേള്‍ക്കുന്ന നിബന്ധനകളും വിലക്കുകളും വളരെ കുറവായിരുന്നു വീട്ടില്‍. ആരും അന്നൊന്നും അതത്ര വലിയ കാര്യമായി കരുതിയിരുന്നില്ല വീട്ടില്‍ എന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ബാല്യം ഒരു മനോഹരമായ ലോകവും അനുഭവവുമായിരുന്നു. സ്കൂളില്‍ പോകുന്ന വഴിക്കുള്ള കുരുത്തക്കേടുകള്‍ എല്ലാം വര്‍ക്കിയുടെ നേതൃത്വത്തിലായിരുന്നു. പോണപോക്കിലുള്ള പറമ്പുകളിലെ മാങ്ങ, പേരയ്ക്ക, നെല്ലിക്ക, ചാമ്പയ്ക്ക ഒക്കെയും ശേഖരിച്ചുള്ള യാത്രകള്‍ എത്ര രസാവഹമായിരുന്നു. ഇന്നാ പറമ്പുകളില്‍ മരുന്നിന് പോലും ഒരു പേരമരമോ നെല്ലിമരമോ ഒന്നും തന്നെ കാണാന്‍ ഇല്ല.

 

തുടര്‍ന്നുള്ള ദിവസങ്ങള്‍ വളരെ തിരക്കായിരുന്നു. മറ്റൊരു ജോലിക്കും സമയമില്ലാത്തപോലെ വര്‍ക്കിയോട് സംസാരിക്കുക, ഓര്‍മ്മകള്‍ പുതുക്കുക തുടങ്ങി ഒരുത്സവം തന്നെ. അവനോടു സംസാരിക്കുമ്പോള്‍ മിക്കവാറും, അല്ലെങ്കില്‍ അവന്‍ ആഡിയോ മെസ്സേജ് ഇടുമ്പോള്‍ മിക്കവാറും പരിസരത്ത് നിന്നും മയിലിന്റെ ശബ്ദം കേൾക്കാം. ആദ്യം അതെന്തെന്നറിയില്ലാരുന്നു. അവനാണ് പറഞ്ഞത് അത് മയിലാണ്. അവിടെ മയിലുകള്‍ സാധാരണമായി എപ്പോഴും പരിസരങ്ങളിൽ ഉണ്ടാകുമെന്നു. ഗ്രൂപ്പ് സജീവമായിരുന്നു എങ്കിലും അതിലും കൂടുതല്‍, അവിടത്തേക്കാള്‍ കൂടുതല്‍ സംസാരം നടന്നിരുന്നത് ഞാനും വര്‍ക്കിയും തമ്മിലായിരുന്നു. അത്തരം സംസാരങ്ങള്‍ക്കിടയിലാണ് വര്‍ക്കി ഒരു രഹസ്യം വെളിപ്പെടുത്തുന്നത്. അത്രയേറെ കൂട്ടായിരുന്നിട്ടും എന്നോടുപോലും പറയാതെ അവന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു പ്രണയത്തിന്റെ കാര്യം. നിത്യയായിരുന്നത്. നിത്യ ക്ളാസ്സില്‍ അധികം ആരോടും സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു. കൂട്ടുകൂടാന്‍ പ്രയാസം തോന്നിച്ച ഒരാള്‍. അവള്‍ എപ്പോഴും ഒരകലം എല്ലാവരില്‍ നിന്നും പാലിച്ചിരുന്നതുപോലെ തോന്നിയിരുന്നു. പക്ഷേ വര്‍ക്കിക്ക് നിത്യയോട് പ്രണയം ഉണ്ടായിരുന്നു എന്നത് ഞാനറിഞ്ഞതെയില്ല. ഞാനെന്നല്ല ആരും. കാരണം അതവന്റെ മാത്രം ഉള്ളിലായിരുന്നല്ലോ. ഗ്രൂപ്പില്‍ നിത്യ വന്നപ്പോഴാണ് വര്‍ക്കി ആ രഹസ്യം എന്നോടു പറയുന്നതു. അവള്‍ ഇപ്പോള്‍ ദുബായിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവും കുട്ടികളും അവിടെത്തന്നെയാണ്. വര്‍ക്കിക്കും ഇപ്പോള്‍ കുടുംബവും കുട്ടികളുമായി കഴിഞ്ഞിരിക്കുന്നു. എങ്കിലും അവന് അവളെ കണ്ടപ്പോള്‍ പഴയ ഓർമ്മ വരികയും എന്തോ ഒരു നോവവനെ പൊതിയുകയും ചെയ്തത് അവന്‍ വെളിപ്പെടുത്തി. പക്ഷേ അവര്‍ തമ്മില്‍ ഗ്രൂപ്പില്‍ പ്രത്യേകിച്ചു സംസാരം ഒന്നും ഉണ്ടായിരുന്നില്ല. പ്രകടമായ ഒരു പ്രത്യേകത, നിത്യ എല്ലാരോടും വളരെ സൗഹാര്‍ദ്ദപരമായി സംസാരിക്കുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്ന കാഴ്ചയായിരുന്നു. ക്രമേണ എന്നോടുള്ള വര്‍ക്കിയുടെ സംസാരം കുറഞ്ഞു തുടങ്ങി. ജോലിത്തിരക്ക്, കുടുംബ കാര്യങ്ങള്‍ എന്നിങ്ങനെ ഓരോ ഒഴിവുകഴിവുകള്‍ അവന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെ പറഞ്ഞു തുടങ്ങി. എനിക്കത് വല്ലാത്ത നിരാശ തന്നു. എന്റെ മനസ്സിലെ പഴയ വര്‍ക്കിക്ക് ഇങ്ങനെ എന്നെ ഒഴിവാക്കാന്‍ കഴിയില്ല. എന്തിന് ഇക്കഴിഞ്ഞ കുറച്ചു നാളുകള്‍ അവന്‍ ആ പഴയ വര്‍ക്കി തന്നെയായിരുന്നല്ലോ. 

 

ഒടുവില്‍ ഒരു കൂടിക്കാഴ്ച എല്ലാവരും കൂടി പ്ലാന്‍ ചെയ്തു. നാട്ടിലെ പഴയ, അതേ വിദ്യാലയത്തില്‍ ഒരു ഞായറാഴ്ച കൂടിച്ചേരാന്‍ എല്ലാരും കൂടി തീരുമാനമായി. വിദേശത്തും അകലെയും ഒക്കെയുള്ള എല്ലാവരുടെയും സൗകര്യവും അവധിയും ഒക്കെ ഒന്നിച്ചുവന്ന ഒരു ഞായറാഴ്ച. അത്ഭുതം പോലെയായിരുന്നു ഓരോരുത്തരുടെയും ദർശനം. മുഖത്തിന് വലിയ വ്യത്യാസമൊന്നും കാലം വരുത്തിയിരുന്നില്ല ആര്‍ക്കും. ശരീരം പക്ഷേ പലരും പല വിധത്തിലായിക്കഴിഞ്ഞിരുന്നു. ചിലര്‍ നിത്യരോഗികളും. തുടക്കത്തില്‍ മസില്‍ പിടിത്തവും ഗൗരവവും ഒക്കെ ആയിരുന്നെങ്കിലും കുറച്ചു കഴിഞ്ഞതോടെ എല്ലാവരും പഴയ സ്കൂള്‍ കുട്ടികള്‍ ആയി. എനിക്കേറ്റവും വേദന തോന്നിയത് വര്‍ക്കി വരാതിരുന്നതിലാണ്. നിത്യയും മറ്റ് ചിലരും വന്നിരുന്നില്ല എങ്കിലും വര്‍ക്കിയുടെ അഭാവം എന്നെ വല്ലാതെ സങ്കടത്തില്‍ ആഴ്ത്തി. ഒഴിച്ച്കൂടാനാവാത്ത എന്തോ പ്രശ്നം കമ്പനിയില്‍ ഉണ്ടായതാണ് കാരണം എന്നവന്‍ എന്നോടു പറയുകയുണ്ടായി. അധികം നില്‍ക്കാതെ ഞാനും ഒഴിവുകഴിവുകള്‍ പറഞ്ഞു മടങ്ങിപ്പോയതും അതിനാല്‍ മാത്രമാണു. 

 

ആര്യയുടെ അടുത്തു കൂടുതല്‍ ഇടപഴകാന്‍ കഴിഞ്ഞു . അവള്‍ ആയിരുന്നു എന്റെ ബഞ്ചിൽ എനിക്കടുത്ത് ഇരുന്നിരുന്നവള്‍. അവളുടെ ഭര്‍ത്താവ് ദുബായില്‍ ആണ്. ഇടക്കിടക്ക് അവളും കുട്ടികളും അങ്ങ് പോകാറുണ്ട്. അവള്‍ നിത്യയെ കണ്ടിട്ടുണ്ട് ദുബായിലെന്ന് പറഞ്ഞു. ഒപ്പം രഹസ്യമായി ചില കാര്യങ്ങളും. നിത്യയുടെ കുടുംബ ജീവിതം അത്ര ഭദ്രമല്ല എന്നും അവൾക്ക് പുരുഷ സുഹൃത്തുക്കള്‍ ധാരാളം ഉണ്ട് എന്നും മറ്റും. സ്ത്രീ സഹജമായ ഒരു ചിന്തയും സദാചാര വിഷയവും ആയതിനാല്‍ ഞാനതിനോട് വലിയ താത്പര്യം കാണിച്ചില്ല . എന്നെ ബാധിക്കുന്ന വിഷയവുമല്ലല്ലോ അത്. 

 

നീണ്ട ഒരു ഇടവേള വന്നു അപ്പോഴേക്കും എനിക്കും വര്‍ക്കിക്കും ഇടയില്‍ . ഒരു ശുഭദിനം, ഒരു ആഘോഷ ദിനാശംസകൾ ഇവകളില്‍ ഒതുങ്ങുന്ന വാചകങ്ങള്‍ ആയി അവ കുറഞ്ഞു. കാണാതിരുന്നപ്പോള്‍ മറവിയില്‍ ആണ്ടു പോയ ഒരു ബാല്യകാല നഷ്ടമായിരുന്നു വര്‍ക്കി. പക്ഷേ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആ നഷ്ടം നികന്നതായും വര്‍ക്കി പഴയ വര്‍ക്കിയായി കൂടെ ഉണ്ടാകും എന്നും സന്തോഷിച്ചുപോയതായിരുന്നു. ഭര്‍ത്താവും കുട്ടികളും ഒട്ടൊരു അസൂയയോടെയായിരുന്നല്ലോ വര്‍ക്കിയോടുള്ള എന്റെ സൗഹൃദം കണ്ടിരുന്നത്. അതിനാല്‍ത്തന്നെ അവന്റെ അഭാവം എന്നില്‍ വരുത്തിയ സങ്കടം അവര്‍ക്ക് ഊഹിക്കാനാവുമായിരുന്നു. അദ്ദേഹം പലപ്പോഴും എന്നെ ആശ്വസിപ്പിക്കാന്‍ വൃഥാ ശ്രമിക്കുകയും ചെയ്തിരുന്നു.

 

ആകസ്മികമായാണ് എനിക്കു വര്‍ക്കിയുടെ കാള്‍ വന്നത്. ഞാന്‍ ആദ്യം എന്തുപറയണം എന്നറിയാതെ പതറിപ്പോയി. സങ്കടവും ദേഷ്യവും ഒക്കെ ഇരച്ചു കയറിവന്നു. ആ ദേഷ്യത്തിനവനെ എന്തൊക്കെയോ വഴക്കുകള്‍ പറഞ്ഞു. കുട്ടിക്കാലത്തെ ഞങ്ങളാകുകയായിരുന്നു അപ്പോള്‍ നാം. എല്ലാം ക്ഷമയോടെ കേട്ടശേഷം അവന്‍ പറഞ്ഞു

"നീ വിഷമിക്കണ്ടടീ.. ഞാന്‍ നിന്നെ കാണാന്‍ വരുന്നു. ഞാന്‍ നാട്ടില്‍ ഉണ്ട്".

അത് കേട്ടപ്പോള്‍ എനിക്കു വലിയ സന്തോഷമായി.

"വേഗം വായോ"

എന്നു ഞാന്‍ പരിസരം മറന്നു വിളിച്ച്പറഞ്ഞു. അന്ന് വൈകുന്നേരം എനിക്കു ആദ്യമായി നിത്യയുടെ മെസ്സേജ് വന്നു. അവള്‍ എന്നെ കാണാന്‍ വരുന്നു. എന്നായിരുന്നു സന്ദേശം. ആദ്യം ഞാന്‍ ഒന്നമ്പരന്നു. കാരണം അവള്‍ നാട്ടില്‍ എത്തിയത് ഞാനറിഞ്ഞില്ല. അതുമല്ല അവള്‍ എന്നെ കാണാന്‍ വരുമെന്നതും. കൂടുതല്‍ ചിന്തിച്ചപ്പോള്‍ എനിക്കെന്തോ അതില്‍ ഒരു പ്ലാനിംഗ് ഉള്ളത്പോലെ. വര്‍ക്കിയും അവളും നാട്ടില്‍ എത്തിയിരിക്കുന്നു. അതിനര്‍ത്ഥം അവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം? എയ് അങ്ങനെ ഒന്നും കാണില്ല. ഉണ്ടെങ്കില്‍ അവന്‍ എന്നോടു അത് പറയുമായിരുന്നല്ലോ. 

 

അടുത്ത ബുധനാഴ്ച പത്തുമണിയോടടുപ്പിച്ചു എന്നെ ഞെട്ടിച്ചുകൊണ്ടു വര്‍ക്കി എന്റെ പൂമുഖ വാതിലില്‍ എത്തി. മണിയടിക്കുന്ന ശബ്ദം കേട്ട് ആരാന്നു അറിയാന്‍ ചെന്നു നോക്കുമ്പോള്‍ കണ്ടത് വര്‍ക്കിയും അവന്റെ പിന്നില്‍ ഒട്ടൊരു സങ്കോചത്തോടെ നില്‍ക്കുന്ന നിത്യയെയുമായിരുന്നു. ഉള്ളം കാലില്‍ നിന്നോരു വിറയല്‍ ശരീരമാകെ കടന്നു പോയത് പോലെ അനുഭവപ്പെട്ടു. സംയമനത്തോടെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു. ഒരു ചമ്മല്‍ വര്‍ക്കിയുടെ മുഖത്ത് കാണാമായിരുന്നു. സോഫയില്‍ ഇരുന്നു കുറച്ചുനേരം എന്തു സംസാരിക്കണം എന്നറിയാത്ത ഒരു പകപ്പ് മൂന്നുപേരിലും ഉണ്ടായിരുന്നു. പക്ഷേ വര്‍ക്കിതന്നെ അന്തരീക്ഷം തണുപ്പിച്ച്. “നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ലേ എനിക്കു നിത്യയോടുണ്ടായിരുന്നു പ്രണയത്തെക്കുറിച്ച്. അത് ഞാന്‍ അവളോടു പറഞ്ഞു. അവൾക്കും എന്നോടു അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നവള്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ആകെ ത്രില്ലായത്. നേരത്തെ ഇവളത് ഒരു സൂചന തന്നിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടുപേരും രണ്ടിടങ്ങളില്‍ രണ്ടു ലോകത്താകില്ലായിരുന്നല്ലോ.”

അതങ്ങനെയല്ല... നിത്യയുടെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി... സാഹചര്യങ്ങള്‍ അങ്ങനെയായിരുന്നു. എന്റെ മാനസികാവസ്ഥ അന്നത് പറയാന്‍ കഴിയുന്ന വിധമല്ലായിരുന്നു.”

എന്തായാലും ഇപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ. പക്ഷേ നിങ്ങളുടെ ഈ പ്രണയം, രണ്ടുപേരുടെയും കുടുംബം എങ്ങനെ സ്വീകരിക്കും? നിങ്ങള്‍ക്കിത് ഇനിയൊരിക്കലും പരസ്യമാക്കാന്‍ കഴിയില്ലല്ലോ”

എന്റെ ആശങ്കകള്‍ ഞാന്‍ പങ്കുവച്ച്. അതിനെ ശരിവച്ചുകൊണ്ടു നിത്യയും സംസാരിച്ച്. വര്‍ക്കിക്കതിനെ എതിര്‍ത്തുകൊണ്ടൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല. അല്പം സമാധാനത്തോടെ അടുത്തിരുന്നു സംസാരിക്കാനും കാണാനും വേണ്ടിയാണ് അവര്‍ ഒന്നിച്ച് എന്നെ കാണാന്‍ പ്ലാനിട്ടത് എന്നു വര്‍ക്കി പറയുമ്പോഴാണ് അവര്‍ തമ്മിലുള്ള പ്ലാന്‍ ആയിരുന്നു ഈ യാത്ര എന്നത് എനിക്കു മനസ്സിലാകുന്നത്. യാദൃശ്ചികത അല്ല അതിനുപിന്നില്‍ എന്നത് എനിക്കല്‍പ്പം ഈര്‍ഷ്യ നല്‍കിയെങ്കിലും വര്‍ക്കിയുടെ സന്തോഷത്തിന് ഞാന്‍ പ്രാധാന്യം നല്കി. അവര്‍ സംസാരിച്ചിരിക്കട്ടെ എന്നു കരുതി ഞാന്‍ അടുക്കളയിലേക്ക് കടന്നു. ഭക്ഷണവും മറ്റും തയ്യാറാക്കി വരുമ്പോള്‍ രണ്ടുപേരും സോഫയില്‍ അടുത്തടുത്തിരുന്നു എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുകയായിരുന്നു. വര്‍ക്കിയുടെ വലതുകൈ നിത്യയുടെ കൈയ്യുമായി കോര്‍ത്ത് അവളുടെ മടിയില്‍ വച്ചിരിക്കുകയായിരുന്നു. എന്നെ കണ്ടതും വര്‍ക്കി പെട്ടെന്നു കൈ വലിച്ചെടുത്ത്. ഞാന്‍ അത് കാണാത്തപോലെ അടുത്തു ചെന്നിട്ട് ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. 

 

ഭക്ഷണമൊക്കെ കഴിഞ്ഞു ഒന്നു വിശ്രമിക്കാം എന്നു കരുതിയപ്പോഴാണ് സ്കൂളില്‍ നിന്നും കാള്‍ വന്നത് മകളുടെ കാര്യത്തിന്. എനിക്കു പെട്ടെന്നു അങ്ങോട്ട് പോകേണ്ടതുണ്ട് . 

നിങ്ങളിരിക്ക് പോകരുതേ . ഞാന്‍ അരമണിക്കൂറിനുള്ളില്‍ വരാം എന്നും പറഞ്ഞു ഞാന്‍ വേഗം ആക്ടീവയുമെടുത്ത് സ്കൂളിലേക്ക് പോയി. മോള്‍ക്ക് ഒരു തല കറക്കം പോലെ വന്നതായിരുന്നു കാരണം. ഡോക്ടറുടെ അടുത്തു അവര്‍ കൊണ്ട് പോയിരുന്നു. കുഴപ്പമൊന്നുമില്ല അനീമിയാക്കാണത്രെ. അയണ്‍ ടോണിക്ക് ഡോക്ടര്‍ എഴുതി. എന്തായാലും അവളെ കൂടെക്കൂട്ടി തിരിച്ചു വീട്ടിലേക്ക് വന്നു. 

തിരികെ വരുമ്പോള്‍ അവര്‍ രണ്ടുപേരും സോഫയില്‍ ഉണ്ടായിരുന്നു. രണ്ടുപേരിലും ഒരു പരുങ്ങല്‍, ഒരു മാറ്റം തോന്നിയെങ്കിലും അത് കാര്യമായെടുക്കാന്‍ തോന്നിയ അവസ്ഥയായിരുന്നില്ല. അധികം വൈകാതെ, ചായ കുടിക്കാന്‍ നില്‍ക്കാതെ അവര്‍ തിരികെ പോയി. 

 

മകള്‍ക്ക് ബോണ്‍വിറ്റ കലക്കിക്കൊടുത്ത ശേഷം ബഡ്റൂമില്‍ ചെല്ലുമ്പോള്‍ ഒരു പ്രത്യേക ഗന്ധം അവിടെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. നിത്യയുടെ പെര്‍ഫ്യൂം ഗന്ധം. ഞാന്‍ വിരിച്ചിട്ടിരുന്ന ബഡ് ഷീറ്റ് ചുളുങ്ങി കാണപ്പെട്ടപ്പോള്‍ എനിക്കു പെട്ടെന്നു സംശയം വന്നത് ഞാന്‍ വിഴുങ്ങി.

 

രാത്രി വര്‍ക്കിയുടെ മെസ്സേജ് വന്നു. പഴയപോലെ വളരെ ഫ്രീയായി അവന്‍ സംസാരിച്ചപ്പോള്‍ എനിക്കു എന്റെ വര്‍ക്കിയെ തിരികെ കിട്ടി എന്നു ഞാന്‍ കരുതി. അവന്‍ ഇടക്ക്, 'ഒരു കാര്യം പറഞ്ഞാല്‍ നീ ദേഷ്യപ്പെടരുത്' എന്നു മെസ്സേജ് ഇട്ടപ്പോള്‍ 'ഇല്ല പറയൂ' എന്നു ഞാന്‍ മറുപടി കൊടുത്തു . 'അവര്‍ എന്റെ കിടക്ക ഉപയോഗിച്ചു. സാഹചര്യം അങ്ങനെ ചെയ്യാന്‍ ഇടവരുത്തി. എന്നോടു ക്ഷമിക്കണം' എന്നവന്‍ കുറിച്ചു. കുറച്ചുനേരം എനിക്കു ഒന്നും മറുപടി പറയാന്‍ ഇല്ലാത്ത പോലെ ഞാന്‍ മിണ്ടാതെ ഇരുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ അവരുടെ പ്രണയത്തിനു ഇങ്ങനെയൊക്കെയേ ഒന്നിക്കുവാന്‍ കഴിയൂ എന്നത് ഒരു സത്യമാണല്ലോ അതിനാല്‍ ഇത് പൊറുക്കപ്പെടാന്‍ കഴിയാത്ത ഒരു തെറ്റായി തോന്നുന്നില്ല എന്നു ഞാന്‍ സമാധാനിച്ചു. 

 

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ പോയി എന്നു പറഞ്ഞു. പിന്നെപ്പിന്നെ വീണ്ടും അവൻ്റെ  മെസ്സെജുകള്‍ കുറയാന്‍ തുടങ്ങി. ഞാന്‍ ഇത്തവണ കര്‍ശനമായി തന്നെ അവനോടു ചോദിച്ചു.

"നീ എന്തുകൊണ്ടാണ് എനിക്കു മെസ്സേജ് അയക്കാത്തത് ? നിനക്കു സമയം ഇല്ല എന്ന കള്ളം പറയരുതു. എന്തായാലും അത് തുറന്നുപറയാന്‍ നിനക്കു സ്വാതന്ത്ര്യം ഉണ്ടല്ലോ എന്നോടു."

അപ്പോഴാണ് അവന്‍ അത് പറയുന്നതു. നിത്യയുമായി സംസാരിച്ചിരിക്കുന്നതിനാല്‍ ആണ് അവന് എന്നോടു മിണ്ടാന്‍ സമയം കിട്ടാത്തത്. മാത്രവുമല്ല നിത്യ, എനിക്കോ മറ്റ് സുഹൃത്തുക്കള്‍ക്കോ മെസ്സേജ് ചെയ്യാനോ കൂട്ടുകൂടാനോ പാടില്ല അവളുടെ മാത്രം ആയിരിക്കണം എന്നു നിര്‍ബന്ധം പിടിച്ചിരിക്കുന്നതിനാല്‍ ആണ് എന്നുകൂടി പറഞ്ഞപ്പോള്‍ എനിക്കവനോടു അനിഷ്ടം തോന്നി. അതോടെ അധികം മെസ്സെജുകള്‍ ഞാന്‍ അവന് അയക്കാതെ ആയി. എന്റെ മാനസിക പിരിമുറുക്കം ഞാന്‍ സ്വയം അടക്കുകയും അത് പുറമെ ഭാവിക്കാതെയും ഇരിക്കാന്‍ ശ്രമിച്ചു. 

 

ഒരുദിവസം ആര്യ വീണ്ടും മെസ്സേജ് ഇട്ടു. അവള്‍ ദുബായില്‍ ഉണ്ട് എന്നും. നിത്യയുടെ ലീലകള്‍ അറിഞ്ഞത് പങ്ക് വയ്ക്കുകയും ചെയ്തു. പബ്ബിലും മറ്റും പോകുകയും പുരുഷന്മാരുമായി കറങ്ങാന്‍ പോകുകയും ചെയ്യുന്നത് അവള്‍ പറഞ്ഞപ്പോള്‍ എനിക്കു പെട്ടെന്നു വര്‍ക്കിയോട് ഇവ പങ്ക് വയ്ക്കണം എന്നു തോന്നി. അവന്‍ മറ്റാരോടും മിണ്ടാന്‍ പാടില്ല എന്നു വാശിപിടിക്കുന്നവള്‍ അതൊക്കെ ചെയ്യുന്നത് അനീതിയായി എനിക്കു തോന്നി. പക്ഷേ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വര്‍ക്കി എല്ലാം വായിച്ചശേഷം എന്നെ കഠിനമായി ശകാരിക്കുകയും വഴക്കു കൂടി പിണങ്ങുകയും ആണ് ചെയ്തത്. അവന്‍ എന്നോടു മിണ്ടാത്തത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഞാന്‍ കളവ് പറയുന്നതാണെന്നും എനിക്കസൂയ ആണെന്നും എന്തോ ഒക്കെ അവന്‍ എഴുതി വിട്ടു. എനിക്കത് കഠിനമായ വിഷമമുണ്ടാക്കി. ഞാന്‍ വര്‍ക്കിയോട് ഇനി മിണ്ടില്ല എന്നു തന്നെ തീരുമാനിച്ചു. അടഞ്ഞ അദ്ധ്യായമായി ആ കളിക്കൂട്ടുകാരനെ ഞാന്‍ കരുതി. 

 

കുറച്ചു മാസങ്ങള്‍ക്ക് ശേഷം വര്‍ക്കിയുടെ ഒരു സന്ദേശം വഴിതെറ്റിയിട്ടെന്നപോലെ എനിക്കു വന്നു. ഞാനത് കണ്ടിട്ടും മിണ്ടാതെ ഇരുന്നു. അവന്‍ പിറ്റേന്ന് എന്നെ വിളിച്ച്. ഞാന്‍ പറഞ്ഞതും അറിഞ്ഞതും ഒക്കെ ശരിയാണ് എന്നും അവള്‍ ഇപ്പോള്‍ അവനോടു മിണ്ടാറില്ല എന്നും വര്‍ക്കി വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു. അവള്‍ ശാരീരിക ആവശ്യത്തിന് വേണ്ടി മാത്രമാണു എന്നെ ബന്ധപ്പെട്ടതെന്നും ആവശ്യം കഴിഞ്ഞതോടെ അവൾക്ക് ഞാന്‍ മടുത്തു എന്നും അവന്‍ പറഞ്ഞു. രണ്ടുപേരും രണ്ടു സ്ഥലത്തായതിനാല്‍ ഒന്നിച്ച് കൂടുക സാധ്യമല്ല എന്നതൊരു വലിയ കാര്യമായിരുന്നു അവര്‍ക്കിടയിലെ ബന്ധത്തില്‍. എന്തായാലും എന്നോടു ഒരു കുന്നു മാപ്പുകൾ ചോദിച്ചുകൊണ്ടു വര്‍ക്കി കാത്തു നിന്നു.

 

ഒരു സൗഹൃദത്തെ , പ്രണയത്തിന്റെ ക്ഷണികമായ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കാനോ അവഗണിക്കാനോ കഴിയുക എന്നത് ശരിയായ, ആത്മാര്‍ഥമായ ഒന്നായി എനിക്കു തോന്നിയില്ല. അതിനാല്‍ തന്നെ വര്‍ക്കിയുടെ പിന്നീടുള്ള മെസ്സേജുകള്‍ക്ക് ഞാന്‍ കാര്യമാത്ര പ്രസക്തമായ മറുപടികള്‍ നല്കാതായി. ക്രമേണ വര്‍ക്കിക്ക് അത് മനസ്സിലായിട്ടാകാം അവന്റെ സന്ദേശങ്ങള്‍ എനിക്കും വരാതായി. ഇപ്പോള്‍ ഇതാ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ ശബ്ദ സന്ദേശത്തില്‍ അതേ മയിലുകളുടെ ശബ്ദം! ഒരു ശബ്ദത്തിന് മറവിയിലെ ഒരു വലിയ സന്തോഷത്തെ, കുഴിച്ചുമൂടിയ  ഒരു സൗഹൃദത്തിൻ്റെ മരിച്ചുപോയ ഓര്‍മ്മയെ തിരികെ കൊണ്ട് വരാന്‍ കഴിഞ്ഞിരിക്കുന്നു. എനിക്കു വര്‍ക്കിയെ ഒന്നു വിളിക്കണം എന്നു തോന്നിപ്പോകുന്നു. ഞാന്‍ എന്റെ മൊബൈല്‍ എടുത്തു.

@ബിജു ജി. നാഥ്

 ഷാർജ ഇന്ത്യൻ അസോസിയേഷൻ 2023 ഓണം സുവനീറിൽ പ്രസിദ്ധീകരിച്ചു.


ഒരു കഥ പറയട്ടെയിനീ ഞാന്‍

ഒരു കഥ പറയട്ടെയിനീ ഞാന്‍ . ഒരിടത്തൊരിടത്ത് ഒരുനാള്‍ ഒരു മനുഷ്യനുണ്ടായിരുന്നു . അയാള്‍ ഏകാന്തനും നിരാശനും ജീവിതത്തോട് എല്ലാ ഇഷ്ടങ്ങളും നഷ്ടമായിത്തുടങ്ങിയവനും ആയിരുന്നു . അയാളുടെ ജീവിത യാത്രയില്‍ അനവധി പൂന്തോട്ടങ്ങളും പൂച്ചെടികളും കണ്ടിരുന്നു . അയാളുടെ മിഴികളില്‍ സന്തോഷം നിറച്ചുകൊണ്ടു ഒരുപാട് പൂക്കള്‍ !!! പൂക്കള്‍ സുഗന്ധവാഹികളും ഹൃദയഹാരികളും ആണെന്നാണ് അയാള് വിശ്വസിച്ചിരുന്നത് . പൂക്കള്‍ ചെടിയില്‍ വച്ച് ത്തന്നെയാണ് ആസ്വദിക്കപ്പെടെണ്ടത് എന്നയാള്‍ വിശ്വസിച്ചിരുന്നു . ചില പൂവുകള്‍ ശലഭങ്ങളെ ആഗ്രഹിച്ചിരുന്നു. ചിലവയ്ക്ക് വണ്ടിനെയായിരുന്നു ഇഷ്ടം. പൂവുകള്‍ പലപ്പോഴും അയാളിലെ ശലഭത്തെയോ വണ്ടിനെയോ മാത്രം സ്നേഹിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിരുന്നു . അതുകൊണ്ടു തന്നെ പൂവുകള്‍ അയാളില്‍ നിന്നും അകലത്തിലേക്ക് തങ്ങളുടെ മിഴികള്‍ വലിച്ചെടുക്കുകയോ തലകുനിച്ചു അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നു . കാടും മലകളും താഴ്വരകളും ഏകാന്തതയും ആഗ്രഹിച്ചിരുന്ന അയാള്‍ ഒരു സഞ്ചാരിയായിരുന്നു. അങ്ങനെയിരിക്കെ യാദൃശ്ചികമായി അയാള്‍ക്ക് ഒരു മണിവീണ കിട്ടി . ഏകാന്തതയുടെ ഒരു താഴ്വരയില്‍ അലസം യാത്രചെയ്യവേ , സ്വച്ഛന്ദം ഒഴുകുകയായിരുന്ന ആ കാട്ടാറിന്റെ കരയില്‍ ആരോ ഉപേക്ഷിച്ച ഒരു മണിവീണ . തന്ത്രികള്‍ പൊട്ടി , അരികുകള്‍ പൊളിഞ്ഞു നനഞ്ഞു പോയ ഒരു സംഗീതോപകരണം . അയാള്‍ അതിനെ അത്രയേറെ സ്നേഹത്തോടെ തന്റെ കൈകളില്‍ എടുത്തു . അതിന്റെ കവിളുകളില്‍ പുരണ്ടിരുന്ന കണ്ണീര്‍ച്ചാലിന്റെ ചെളികള്‍ മെല്ലെ തുടച്ച് ആ കവിളുകളില്‍ തന്റെ ചൂണ്ടമര്‍ത്തിയതും മണിവീണയുടെ നിശ്വാസവായുവിന്റെ പൊള്ളിക്കുന്ന ചൂട് അയാള്‍ക്കനുഭവപ്പെട്ടു. ആ കാട്ടാറിന്റെ കരയില്‍ ഒരു വെള്ളാരം പാറയില്‍ അയാള്‍ ആ മണിവീണയുമായി ഇരുപ്പുറപ്പിച്ചു. മുഴുവന്‍ പരിക്കുകള്‍ പറ്റിയ ആ സംഗീതസാഗരത്തെ അയാള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നപോലെ തുടച്ചു തഴുകി മിനുക്കിയെടുത്ത് . അതിന്റെ ഉടലഴകുകളുടെ വക്കുകള്‍ വളരെ സമയമെടുത്തയാള്‍ ഒതുക്കിയെടുത്ത് . പൊട്ടിപ്പോയ തന്തികള്‍ കെട്ടിയെടുക്കുന്നതായിരുന്നു അയാള്‍ അനുഭവിച്ച ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി . ഒരറ്റം യോജിപ്പിക്കുമ്പോള്‍ പിണങ്ങിയെന്നപോലെ മററ്റം ഇളകി വരുന്നുണ്ടായിരുന്നു . ഒരു ചിലന്തി ഒരുപാട് വട്ടം പരിശ്രമിച്ചിട്ടായാലും വല കെട്ടിപൂര്‍ത്തിയാക്കും പോലെ ഒടുവില്‍ അയാള്‍ ആ തന്തികള്‍ എല്ലാം മുറുക്കിക്കെട്ടുക തന്നെ ചെയ്തു. ഒട്ടൊരാഹ്ലാദത്തോടെ അയാളാ തന്ത്രികള്‍ ഒന്നു മീട്ടി നോക്കി . ചിരപുരാതനമായ ഏതോ ഗുഹാമുഖത്ത് നിന്നെന്ന പോലെ തികച്ചും അപരിചിതവും വിഷാദാര്‍ദ്രവുമായ സ്വരത്തില്‍ ആ മണിവീണ ശബ്ദിക്കാന്‍ തുടങ്ങി . അയാള്‍ വീണ്ടും അഴിച്ചും കെട്ടിയും ആ തന്ത്രികളെ മനോഹരവും മൃദുലവുമായ സുന്ദരിയായി ഒരുക്കിയെടുത്ത് . ഒടുവില്‍ അയാള്‍ ആ മണിവീണയുടെ ശിരസ്സിലെ തിരുമുറിവില്‍ ഒരു ചൂടുചുംബനം നല്‍കിയതും വീണയുടെ മാറിടം ഉയര്‍ന്നു താഴാണ്‍ തുടങ്ങി . അയാള്‍ വളരെ മൃദുവായി അതിന്റെ തന്ത്രികളില്‍ വിരലോടിച്ചു തുടങ്ങി . അത്ഭുതമെന്ന പോലെ അതിമനോഹരമായ രാഗങ്ങളില്‍ ആ മണിവീണ പാടുവാന്‍ തുടങ്ങി . അയാളുടെ വിരലുകള്‍ തഴുകിതലോടിയിറങ്ങിയ ഉടലിലൂടെ ഒരു ചെറിയ വിറയലോടെ , നമ്രമുഖിയായി , നേര്‍ത്ത സ്വരത്തില്‍ ആ മണിവീണ പാടാന്‍ തുടങ്ങുകയായി . കാട്ടാര്‍ ഒഴുക്ക് മറന്നു ആ സംഗീതത്തില്‍ ലയിച്ചു നിന്നു . കാറ്റിന്റെ കൈകള്‍ അയാളെ പൊതിഞ്ഞു പിടിച്ച്. ആകാശം നനുത്ത മഴനൂലുകള്‍ കൊണ്ട് അവരെ പുതച്ച്തുടങ്ങി . ....

Tuesday, July 18, 2023

കള്ളിമുള്‍ച്ചെടി

 

കവിത :കള്ളിമുള്‍ച്ചെടി

രചന : ബിജു ജി നാഥ് വര്‍ക്കല

 

കള്ളിമുള്‍ച്ചെടിയുടെ കണ്ണുനീര്‍ കണ്ടു നീ

തെല്ലും അകലരുതേ...തെല്ലും അകലരുതേ!

ലോകത്തിന്‍ ദൃഷ്ടിയില്‍ മുള്‍മുനമൂലമെന്നും  

അവഗണിച്ചവള്‍, തന്‍ മിഴിയൊഴുകുമ്പോള്‍         (കള്ളിമുള്‍...)

 

ഏറെ പ്രിയമോടെ നിന്നാടയില്‍ നാണത്താല്‍

കൈനഖം കോര്‍ത്തെന്നാല്‍ ഓര്‍ക്കുക നീ.

അത്രമേല്‍ നിന്നെയൊരു മിത്രമായ് കണ്ടാകാം

ഹൃത്തടം കാട്ടുവാന്‍ ശ്രമിക്കയാ പാവം.               (കള്ളിമുള്‍....)

 

കെട്ടിഞാത്തുന്നു ദൃഷ്ടിദോഷമകറ്റുവാന്‍

ഉമ്മറക്കോലായില്‍ കോലമായ് എന്നും

ഇഷ്ടമില്ലാത്തൊരു കാഴ്ചയായി ജീവിതം

പരിഭവമില്ലാതെ ജീവിക്കുന്നേകാന്തം.               (കള്ളിമുള്‍....)

 

തന്നിലേ യൌവ്വനസത്തയെ മോഹിച്ച്

വന്നടുക്കുന്ന സൃഗാലരെ അകറ്റുവാന്‍

തന്വിയവള്‍ അണിയും കവചം കണ്ടു നീ

കോപതാപം കൊണ്ടകലരുതേ കഷ്ടം!            (കള്ളിമുള്‍ ...)

Saturday, June 10, 2023

പെണ്ണ്

പെണ്ണ് 
..............................

അമ്മ വീടിന്‍ വിളക്കെന്ന് ചൊല്ലുന്നു 
കത്തിയണയും ദീപമോ സ്ത്രീജന്‍മം !
അവള്‍ മകള്‍, അവള്‍ ഭാര്യ, അവളമ്മ... 
എവിടെയുണ്ടവള്‍ക്കായ് തനിവിലാസം.(2) 

പെണ്ണെന്ന ജീവിതം മറ്റുള്ളവര്‍ക്കായ് 
എന്നും ജീവിച്ച് തീര്‍ക്കേണ്ടതൊന്നെന്നോ ! 
പെണ്ണായ്പ്പിറന്നാല്‍ മണ്ണായ്ത്തീരുവോളം 
കണ്ണീര് കൂടെപ്പിറപ്പെന്നോ വാസ്തവം?

പെറ്റുവീഴുമ്പോഴേ ചുമക്കുന്നു ശാപം. 
ആര്‍ത്തവം വന്നാല്‍ തീരുന്നു സ്വാതന്ത്ര്യം 
കെട്ടിച്ചുവിട്ടാല്‍ ഭാരമൊഴിഞ്ഞത്രേ 
പെറ്റുകഴിഞ്ഞാലോ കടമകള്‍ കൂടുന്നു .  

ഓജസ്സും തേജസ്സും ഉള്ളകാലത്തിങ്കല്‍
വേണമവളെ ഇണയ്ക്കും തുണയ്ക്കുമായ്.
വീണുപോകില്‍, വിരൂപയാണെങ്കില്‍ 
അംഗഭംഗം വന്നീടുകില്‍ തൃണമാകുന്നു.

ഒറ്റയ്ക്ക് നടക്കുവാന്‍, കാഴ്ചകള്‍ കാണാന്‍ 
ഇഷ്ടമുള്ളൊരു ചലച്ചിത്രം കാണുവാന്‍ 
ഇത്തിരി ചാന്ദ്രവെളിച്ചം നുകരുവാന്‍ 
ഇല്ലവള്‍ക്കിവിടെ  സ്വാതന്ത്ര്യമെന്നഹോ ! 

ചുമക്കുന്നുടലിന്റെ ഭാരം കാലമേതിലും 
ചെറുത്തുനില്‍പ്പിന്റെ സമരമായ് ജീവിതം.
ഒന്നു കുതറിയാല്‍ കേള്‍ക്കുന്നു പഴി 
പെണ്ണ്‍ വീടിന്‍ വിളക്കാകണം എന്നുമേ...

എത്ര കാലം ജീവിച്ചുവെന്നുണ്ടായ്കിലും
എത്ര മഹത്തുക്കളെ നല്‍കിയെന്നാകിലും 
കാലമവരെ അറിയുന്നതെന്നുമേ താത-
നാമം കൊണ്ടല്ലാതെ കാണുമോ ന്യൂനം.

ഭരിക്കുവാന്‍ നയിക്കുവാന്‍ നിയന്ത്രിക്കുവാന്‍ 
സഹിക്കുവാന്‍ പൊറുക്കുവാന്‍ ശിക്ഷിക്കുവാനും 
കഴിവില്‍ തെല്ലുമവളില്ല പിന്നിലെങ്കിലും കേള്‍പ്പൂ  
അബലയാണ് ചപലയാണ് പെണ്ണവള്‍ ഭൂവില്‍. 

സമത്വമാണ് വേണ്ടതീ മണ്ണിലും വിണ്ണിലും 
മറക്കുവാതിരിക്കത് മനുഷ്യരെ നിങ്ങള്‍. 
ജനിച്ചുവെന്നാകില്‍ മരിച്ചിടും വരെയും 
മനുഷ്യരെല്ലാവരും ഒന്നായിരിക്കട്ടെ . (2)
@ബിജു ജി നാഥ് വര്‍ക്കല
https://youtu.be/PrfbszYx6ts

ഭ്രാന്തന്‍................ഖലീല്‍ ജിബ്രാന്‍

ഭ്രാന്തന്‍(കുറിപ്പുകള്‍ )
ഖലീല്‍ ജിബ്രാന്‍ 
പരിഭാഷ :ഡോ . വി സി ഹാരിസ് 
ഡി സി ബുക്സ് 
ഇ കോപ്പി 

 
“കവിയെന്നാല്‍,കപടമായ ലോകത്തില്‍ ഭ്രാന്തനായിരിക്കുകയെന്നാണര്‍ത്ഥമെന്ന്” ഈ കൃതി വിളംബരം ചെയ്യുന്നു എന്നാണ് വിവര്‍ത്തകന്‍ തന്റെ ആമുഖക്കുറിപ്പില്‍ പുസ്തകത്തിന്റെ പരിചയപ്പെടുത്തല്‍ നല്‍കുന്നത്. "ഭ്രാന്തന്‍" എന്ന ഈ പുസ്തകത്തില്‍ ആത്മീയതയുടെയും കാല്‍പനികതയുടെയും നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിക്കുന്ന വ്യഥിതഹൃദയനായ ഒരു മനുഷ്യന്റെ ആത്മ ഭാഷണങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും . നിസംഗമായ ഒരു അവസ്ഥയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്ന ഒരുവന്റെ വിലാപങ്ങളെ കവിതയെന്ന് വിളിക്കുക കേവലമായ ഒരു ക്രൂരതയാണ് . ചോരവാര്‍ന്ന് കിടക്കുന്ന കിളിയെ നോക്കി 'മാ നിഷാദ' എന്നു ആദികവി പറയുന്നതുപോലെ വായനക്കാരുടെ കഷ്ടം വയ്ക്കലുകള്‍ക്ക് നേരെ അരുതെന്ന് പറയേണ്ടതുണ്ട് . ഒരു മനുഷ്യന്റെ ആത്മവിലാപങ്ങള്‍ക്ക് അയാളുടെ ജീവനോളം കാതലുണ്ടാകുമെന്നറിയുക . ജിബ്രാന്‍ ഇങ്ങനെ പറയുന്നു “എന്റെ ഭ്രാന്തില്‍ ഞാന്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടെത്തി ; ഏകാന്തതയുടെ സ്വാതന്ത്ര്യവും മനസ്സിലാക്കപ്പെടുന്നതില്‍ നിന്നുള്ള സുരക്ഷിതത്വവും - കാരണം , നമ്മെ മനസ്സിലാക്കുന്നവര്‍ നമ്മിലെ എന്തോ ഒന്നിനെ അടിമപ്പെടുത്തുകയും ചെയ്യുന്നു”. വിശുദ്ധമായ ഒരു അവസ്ഥയാണത് .സ്വയം ഭ്രാന്ത് അടയാളപ്പെടുത്തുകയും ലോകത്തോട് വിളംബരംചെയ്യുകയും ചെയ്യുക എന്നത് ഭ്രാന്തന്‍ ലോകത്തില്‍ ഭ്രാന്തില്ലാത്ത ഒരേ ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നതുപോലെ ശുദ്ധമാണ് . ദൈവത്തെ തിരഞ്ഞു പോയ അനവധി മനുഷ്യരുണ്ട് . ജീവിത കാലം മുഴുവന്‍ തിരഞ്ഞു നടക്കുന്നവര്‍ . തത്വമസി എന്ന അറിയിപ്പില്‍ തിരികെ നടക്കുന്നവരുണ്ടതില്‍ . ബോധി വൃക്ഷച്ചുവട്ടില്‍ ധ്യാനം പൂകിയിരിക്കാന്‍ വിധിക്കപ്പെടുന്നവരും . ജിബ്രാന്‍ പറയുന്നു “എന്റെ ദൈവമേ, എന്റെ ലക്ഷ്യവും സാക്ഷാത്കാരവുമായ ദൈവമേ, ഞാന്‍ അങ്ങയെ ഇന്നലെയും, അങ്ങ് എന്റെ നാളെയുമാകുന്നു . ഞാന്‍ അങ്ങയുടെ ഭൂമിയിലെ വേരും അങ്ങ് എന്റെ ആകാശത്തിലെ പുഷ്പവുമാകുന്നു; നാമൊന്നിച്ചു സൂര്യമുഖത്തിന് മുന്നില്‍ വളരുന്നുവല്ലോ”. ദൈവവുമായി നേരിട്ടു ബന്ധം വയ്ക്കുന്ന പ്രവാചകതലത്തിലേക്ക് വളരുന്ന കവിയുടെ മനോഭാവങ്ങള്‍ വളരെ നല്ലൊരു തലം വായനക്കാരന് പകരുന്നു എന്നതില്‍ സംശയമില്ല . സിമിറ്റിക് മതങ്ങളുടെ നാള്‍വഴികളില്‍ പ്രവാചകര്‍ അനവധിയുണ്ട് . അവരിലൂടെ ഉയിര്‍കൊണ്ട മതങ്ങളും നമുക്ക് പരിചിതങ്ങള്‍ ആണ് .പക്ഷേ അവിടെയൊക്കെ പ്രവാചകര്‍ ജനങ്ങളെ ഭരിക്കാനും കീഴടക്കാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ടൂളായാണ് മതം ഉപയോഗിക്കുന്നത് എന്നു കാണാം . പക്ഷേ ഇവിടെ ജിബ്രാനിലെ പ്രവാചകന്‍ മനുഷ്യരെ സ്നേഹിക്കുകയും പ്രകൃതിയും മനുഷ്യരും ബന്ധങ്ങളും തമ്മിളുള്ള നനുത്ത നൂലിഴകള്‍ കൊണ്ട് മനോഹരമായ ഒരു കയര്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് . ആരാധനയുടെ അമിതഭാരമല്ല ചിന്തയുടെ അധികഭാരമാണ് ഇവിടെ പ്രവാചകന്‍ നല്‍കുന്നതെന്ന് മാത്രം . “എന്റെ സുഹൃത്തെ , നീ എന്റെ സുഹൃത്തല്ല; പക്ഷേ, ഞാന്‍ നിന്നെയെങ്ങനെയിതു ധരിപ്പിക്കും ? എന്റെ വഴി നിന്റെ വഴിയല്ല . എങ്കിലും നാമൊന്നിച്ച് , കൈകോര്‍ത്ത് നടക്കുന്നു” എന്ന ദിശാബോധം കൈമുതലായുള്ള പുതിയ പ്രവാചകനായി ജിബ്രാന്‍ വായനക്കാരിലേക്ക് പടര്‍ന്ന് കയറുന്നു . നോക്കുകുത്തി, നിദ്രാടകര്‍, ബുദ്ധിശാലിയായ നായ, രണ്ടു സന്യാസികള്‍ തുടങ്ങി ഇതിലെ മുഴുവന്‍ ചിന്തകളും മനുഷ്യനിലെ ഉറങ്ങിക്കിടക്കുന്ന അല്ലെങ്കില്‍ ഗോപ്യമായി സൂക്ഷിയ്ക്കുന്ന മനോ വിചാരങ്ങളുടെ പച്ചയായ തുറന്നു പറച്ചിലുകള്‍ ആണ് .  കാലികമായ ഒരുകാഴ്ചയായി വായിക്കാവുന്ന ഒന്നാണ് യുദ്ധം എന്ന ചിന്തയില്‍ പങ്ക് വയ്ക്കുന്നത് . രാത്രിയില്‍ പലിശക്കാരന്റെ വീടെന്ന് കരുതി നെയ്ത്തുക്കാരന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ തസ്കരന്റെ ഒരു കണ്ണു സൂചിയില്‍ കൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ രാജസദസ്സില്‍ നീതിതേടി എത്തുന്നു . അയാള്‍ക്ക് വേണ്ടത് നെയ്ത്തുകാരന്റെ ഒരു കണ്ണായിരുന്നു . നെയ്ത്തുകാരനെ രാജാവു വിളിപ്പിച്ചു എങ്കിലും നെയ്ത്തുകാരന്‍ പറയുകയുണ്ടായി എന്റെ തൊഴിലിന് എനിക്കു രണ്ടു കണ്ണും ആവശ്യമുണ്ട് പക്ഷേ അയാളുടെ അയല്‍ക്കാരനായ ചെരുപ്പുകുത്തിക്ക് ഒരു കണ്ണിന്റെ ആവശ്യമേ ഉള്ളൂ . അനന്തരം രാജാവു ചെരുപ്പുകുത്തിയുടെ ഒരു കണ്ണു ചൂഴ്ന്നെടുക്കുകയും അങ്ങനെ നീതി നിര്‍വ്വഹിക്കപ്പെടുകയും ചെയ്തു . ഈ ചിന്തയിലെ നവരസങ്ങളെ ആനുകാലിക ഭരണാധികാരികളുടെയും നീതി നിര്‍വ്വാഹകരുടെയും പ്രവര്‍ത്തികളുമായി കൂട്ടി വായിക്കുകയാണെങ്കില്‍ നിഷേധിക്കാനാകാത്ത ഇത്തരം എത്രയോ നീതിനിര്‍വ്വഹണങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ കഴിയും. നിലവിലെ ആചാരങ്ങൾക്കും മറ്റും എതിരായി തുറന്ന ഒരു യുദ്ധം പോലെയാണ് മറുഭാഷ എന്ന കുറിപ്പ് നിലനില്‍ക്കുന്നത് . ജനിച്ചു വീണ കുഞ്ഞിന്റെ ഭാഷയും മുതിര്‍ന്ന മനുഷ്യന്റെ ഭാഷയും തമ്മിലുള്ള അന്തരവും രണ്ടു കാലങ്ങളിലെ ചിന്തകളുടെ വ്യതിയാനവും വളരെ ലളിതമായി പറയുന്നതില്‍ . മനുഷ്യരുടെ മനസ്സിലേക്ക് ജിബ്രാന്‍ കോറിയിടുന്ന ചിന്താ ശകലങ്ങള്‍ പലപ്പോഴും സൂഫിസത്തിന്റെ മധുരകരമായ തലം നിലനിര്‍ത്തുന്നതാണ് . ചിലപ്പോഴൊക്കെ അവ വായിക്കുമ്പോള്‍ നിത്യ ചൈതന്യ യതിയെ വായിക്കുന്ന സൌന്ദര്യവും തോന്നലും സൃഷ്ടിക്കുന്നു.. യതിയുടെ കാലം ജിബ്രാന് ശേഷമാണെങ്കിലും വായനയില്‍ യതിക്ക് ശേഷമാണല്ലോ ജിബ്രാനെ ഞാൻ വായിച്ചത് അതിനാലാണ് അങ്ങനെ ഒരു താരതമ്യം ചെയ്യാന്‍ മനസ്സ് പ്രേരിപ്പിച്ചത് . അധികം പറഞ്ഞു കാടുകയറുന്നതില്‍ കാര്യമില്ലെന്ന് കരുതുന്നു . കാരണം ഇതിലെ ഓരോ ചിന്തകളും വായിക്കപ്പെടേണ്ടവ തന്നെയാണ് . അവയെ ഓരോ വ്യക്തിക്കും സ്വന്തമായ ചിന്തയുടെ ഒരാകാശത്തെ  വിതാനിക്കാന്‍ കഴിയും എന്നതിനാല്‍മാത്രമാണ്. രണ്ടു കൂടുകള്‍ എന്ന ഈ ചിന്ത മാത്രം പങ്കുവച്ചുകൊണ്ടു ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു..
രണ്ടു കൂടുകള്‍
എന്റെ പിതാവിന്റെ ഉദ്യാനത്തില്‍ രണ്ടു കൂടുകളുണ്ട് . ഒരു കൂട്ടില്‍ പിതാവിന്റെ അടിമകള്‍ നൈനവായിലെ മരുഭൂമിയിൽ നിന്നു പിടിച്ചുകൊണ്ടു വന്ന സിംഹം.രണ്ടാമത്തെ കൂട്ടില്‍ പാട്ടറിയാത്ത കുരുവി.
എല്ലാ ദിവസവും പ്രഭാതം പൊട്ടിവിടരവേ കുരുവി സിംഹത്തെ വിളിച്ച് പറയുന്നു: “നിനക്കു സുപ്രഭാതം ആശംസിക്കുന്നു , കൂട്ടുതടവുകാരാ, സഹോദരാ!”
വായനയില്‍ വസന്തം സൃഷ്ടിക്കുന്ന ജിബ്രാന്റെ ഈ കുറിപ്പുകള്‍ സാഹിത്യപ്രേമികള്‍ക്ക് നല്ലൊരു വിരുന്നായിരിക്കും എന്ന ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല

Monday, May 22, 2023

നീ എൻ്റെ ലഹരി

നീ എൻ്റെ ലഹരി

ഒരു നിലാപ്പക്ഷിയായ്
ഞാൻ നിൻ്റെ ശയ്യയിൽ
ഒഴുകിയെത്തുന്നുണ്ട് നിത്യം.
ഒരു മയിൽപ്പീലിയായ്
ഞാൻ നിൻ്റെ മേനിയെ
തഴുകിയകലുന്നുണ്ട് നിത്യം.
അരുതുകൾ കൊണ്ട് നീ
വേലി കെട്ടുമ്പോഴും 
അകലുവാനാകുന്നതില്ല.
അടരുവാനാകാതെ 
നിൻ മാറിലായെൻ്റെ
വിറപൂണ്ട ചുണ്ടമർത്തുന്നു.
ഒരു മറവിപോലെ നിൻ
മാറിൽ പതിഞ്ഞൊരാ
മറുക് ഞാൻ പരതിനോക്കുന്നു.
ഒരു വിറയലോടെ നിൻ
നാഭിച്ചുഴിയുടെ
ആഴമളന്നു വലയുന്നു.
ഇരുളു മാറുന്നൊരാ
ശപ്തനിമിഷത്തിൽ
പാഞ്ഞകലുന്നുണ്ട് നിത്യം.
പകലിനെ പ്രാകി ഞാൻ
പറഞ്ഞകറ്റുന്നുണ്ട് 
രാവു വരുവാനായ് നിത്യം.
അതു വരെ നീ തന്ന 
ലഹരിയിൽ മുങ്ങി ഞാൻ
ഒഴുകി നടക്കുന്നു നിത്യം.
@ബിജു ജി.നാഥ് വർക്കല

Tuesday, May 16, 2023

പൊയ്മുഖങ്ങൾ

പൊയ്മുഖങ്ങൾ
.................................
justice for .........
എങ്ങനെ !!!
ജീവൻ തിരികെ നല്കുമാേ
ജീവിതം തിരികെ നല്കുമോ
നഷ്ടങ്ങൾ തിരികെപ്പിടിക്കുമോ
തെറ്റുകൾ തിരുത്തുമോ
ഇവയൊക്കെ നിങ്ങൾക്ക് എങ്ങനെ സാധിക്കും? 
ഇനിയൊരു ...... ഉണ്ടാകാതെയിരിക്കാൻ 
എന്ന് നിങ്ങൾ പറയുമായിരിക്കും.
എത്ര ജിഷമാർ
എത്ര വാളയാറുകൾ
എത്ര സൂര്യനെല്ലികൾ
എത്ര
എത്ര 
എത്ര...... അതിജീവിതകൾ
നിങ്ങളാർക്കാണ് നീതി വാങ്ങിക്കൊടുത്തത്?
നിങ്ങളുടെ പൊയ്മുഖം അഴിച്ചു മാറ്റുക
കഴിവില്ലായ്മ സമ്മതിക്കുക.
അതല്ലായെങ്കിൽ 
നിങ്ങൾ പറയൂ
ഒരു പുതിയ അതിജീവിതയുണ്ടാകാതിരിക്കാൻ
നിങ്ങൾ നിങ്ങളുടെ വീട്ടിൽ 
എന്താണ് തുടങ്ങി വച്ചത്?
മതം ഉപേക്ഷിച്ചോ
ജാതി ഉപേക്ഷിച്ചോ
ലിംഗ വ്യത്യാസം ഉപേക്ഷിച്ചോ
വർഗ്ഗ വർണ്ണ ചിന്തകൾ ??? 
മനുഷ്യനാകാൻ പഠിപ്പിച്ചോ മക്കളെ?
വിഷമിക്കണ്ട
നിങ്ങൾക്കെളുപ്പം ഇത് തന്നാ.
വേഗം തുടങ്ങിക്കോളൂ ഹാഷ് ടാഗ്
justice for .......
@ബിജു ജി.നാഥ് വർക്കല

കളളിമുള്ളിന്റെ ഒച്ച ..........രാജേഷ് ചിത്തിര

കളളിമുള്ളിന്റെ ഒച്ച (കവിതകള്‍)
രാജേഷ് ചിത്തിര 
ലോഗോസ് ബുക്സ് 
വില : ₹180 

"എന്താണ് നിങ്ങൾക്ക് കവിത" എന്നൊരു ചോദ്യത്തോടെയാണ് രാജേഷ് ചിത്തിരയുടെ പുതിയ പുസ്തകമായ കളിമുള്ളിന്റെ ഒച്ച ആരംഭിക്കുന്നത് . അദ്ദേഹത്തിന്റെ മുന്‍ കവിത സമാഹാരം ( ഉന്മത്തതയുടെ ക്രാഷ് ലാൻറിംഗ്) വായിച്ചിട്ടുള്ളതും ഇവിടെ എഴുതിയിട്ടുള്ളതുമാണ് എന്നതിനാലും കവിതകളില്‍ ശ്രീ രാജേഷ് ചിത്തിര കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരീക്ഷണങ്ങള്‍ പലയിടങ്ങളിലുമായി ശ്രദ്ധയില്‍ പ്പെട്ടുപോകുന്നതുമായിട്ടുള്ളതും എന്താകും ഈ പുതിയ പുസ്തകത്തിന് പറയാനുള്ളത് എന്നു വായിക്കേണ്ടത് ഒരു കൗതുകമായി കൂടെ നിന്നു. കവിത എന്താണ് എന്ന ചോദ്യത്തിന്റെ സാംഗത്യം എന്താകാമെന്നാണ് ആദ്യം മനസ്സില്‍ ഉരുത്തിരിഞ്ഞ ചോദ്യം . എ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരി ആണ് ആദ്യം ഓര്‍മ്മയില്‍ വന്നത് ഈ ചോദ്യത്തിന് ഉത്തരം തേടുന്ന വേളയില്‍ . പ്രസ്തുത പുസ്തകത്തില്‍ തുടക്കത്തില്‍ തന്നെ പറയുന്നതു സാഹിത്യത്തിന്റെ തുടക്ക കാലത്തെ കവിതാ രചനകളെയും സാഹിത്യ സംരംഭങ്ങളെയും ഒരു ചട്ടക്കൂട്ടില്‍ കൊണ്ടുവരാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് .അതില്‍ പദ്യമെന്നും ഗദ്യമെന്നും രണ്ടു സാഹിത്യ ശാഖകള്‍ വേര്‍തിരിക്കുന്നതെന്ത് എന്നും പദ്യത്തിന് വൃത്തം എത്ര ആവശ്യകതയെന്നുമൊക്കെ വിശദമാക്കുന്നുണ്ട് . ആധുനിക കാലത്തും കവിതകള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്ക് രണ്ടു തരം കവികളെ കാണാന്‍ കഴിയും. ഒന്ന്‍ ഭാഷാപഠനം കഴിഞ്ഞവരുടെ കവിതകള്‍ മറ്റൊന്ന് ഭാഷയുടെ ആഴവും പരപ്പും ഒന്നും അല്ല ഉള്ളിലെ വികാരങ്ങളുടെ പ്രകടമാകുന്ന ഭാഷയാണ് ശൈലിയാണ് കവിതയെന്ന് കരുതുന്നവരുടെ കവിതയും . ഇവിടെ ഒരു പ്രധാന പ്രശ്നം സാഹിത്യത്തില്‍ അംഗീകാരങ്ങളും മറ്റും നല്‍കുന്ന അവസ്ഥയില്‍ ഇവയൊരു ഘടകമാകുന്നതായി കാണാം എന്നുള്ളതാണ് . ഭാഷാപഠനം ചെയ്തവരുടെ, കാവ്യനിയമങ്ങളുടെ ഉള്ളില്‍ നില്‍ക്കുന്ന കവിതകളെ ആണ് ഇത്തരം അവസ്ഥകളില്‍ കൂടുതലും പരിഗണിച്ചു വരുന്നതായി കാണുന്നത് . ഞങ്ങളും കവികള്‍ അല്ലേ എന്ന്‍ ആദ്യം നിലവിളികള്‍ നിരന്തരം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ കൂട്ടര്‍ പതിയെ തങ്ങളുടെ നിലപാടുകളെ സാധൂകരിക്കുന്ന രീതിയിലേക്ക് ഒരു കൂട്ടം ആസ്വാദകവലയത്തെ കൊണ്ടുവരികയും കവിതയിലെ വിപ്ലവം എന്നതിനെ വിശേഷിപ്പിക്കുകയും ചെയ്തു. എ ആര്‍ രാജരാജവര്‍മ്മ തന്റെ സാഹിത്യ സാഹ്യം എന്ന കൃതിയില്‍ ഇതിനെ പരാമര്‍ശിക്കുന്നുണ്ട് .”ഗദ്യം കവീനാം നികഷം വദന്തി”(ഗദ്യമെഴുതി ഫലിപ്പിക്കുന്നതിലാണ് കവിയുടെ സാമര്‍ഥ്യം തെളിയുന്നത്) എന്നുതുടങ്ങി വളരെ വിശദമായി ഗദ്യവും പദ്യവും  കവിതയും അവയുടെ രചനാരീതികളും വായിക്കാന്‍ കഴിയുന്നുണ്ടതില്‍ . നമ്മുടെ പുതിയ കാലത്തിനു കവിതകള്‍ ആയാലും കഥകള്‍ ആയാലും ക്യാപ്സൂള്‍ പരുവമാണ് ഇഷ്ടം എന്നു കാണാം . പെട്ടെന്നു വായിക്കണം ബാലേഭേഷ് എന്നു പറയണം മുന്നോട്ട് പോകണം. അർത്ഥം , കവിത്വം , ആശയം , ശൈലി ഇവയൊന്നും അധികമാരും ചികഞ്ഞു പോകാറില്ല . പോകുന്നവര്‍ ചിലപ്പോള്‍ തര്‍ക്ക വിതര്‍ക്കത്തിനോ ആസ്വാദന വിമര്‍ശന ചിന്തകള്‍ക്കൊ മുതിര്‍ന്നെന്നും വരും . ഇവിടെ കവി ചോദിച്ച സംശയം ഓരോ കവിതാസ്വാദകരെയും ചിന്തിപ്പിക്കേണ്ടതാണ് . നമുക്ക് പഥ്യം ഈണവും താളവും ഉള്ള കവിതകള്‍ ചൊല്ലുന്നതാണോ ചൊല്‍ക്കവിതകള്‍ ആയി ബാലെ സംഭാഷണ ശൈലിയില്‍ പറഞ്ഞു പോകുന്നതാണോ (തമിഴ് സിനിമകളിലെ നെടുനീളന്‍ സംഭാഷണങ്ങള്‍ ഒഴുക്കോടെ പറയുന്നതു കേട്ടിരിക്കാന്‍ തോന്നുന്ന ഒരു സുഖം പോലെ ) കേള്‍ക്കാനും വായിക്കാനും ഇഷ്ടം എന്നത് വായനക്കാരെ ആശ്രയിച്ചിരിക്കുന്നു . ഒരു കവിതയെ ഗദ്യമായും പദ്യമായും എഴുതാന്‍ കഴിയും . ഭാഷയുടെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടു കവിത രചിക്കാം അതുപോലെ ഒരു നിയമവും പാലിക്കാതെയും കവിത രചിക്കാം . ഇവ രണ്ടും നമുക്ക് സോഷ്യല്‍ മീഡിയയില്‍ ലഭ്യവുമാണ് . ഉദാഹരണം പറയുകയാണെങ്കില്‍ ഡോക്ടര്‍ ദീപ സ്വരന്‍ എഴുതുന്ന കവിതകള്‍ മിക്കവയും പദ്യനിയമങ്ങള്‍ പാലിക്കുന്ന ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നവയാണെന്ന് കണ്ടിട്ടുണ്ട് . അവര്‍ ഭാഷാധ്യാപിക ആണെന്ന് തോന്നുന്നില്ല . എന്നാല്‍ സുധീര്‍ രാജ് എഴുതുന്ന കവിതകള്‍ ഗദ്യ കവിതകള്‍ ആണ് പക്ഷേ അവയ്ക്കൊരു വന്യമായ ഈണവും ഉണ്ട് . ഇവ രണ്ടും ഉദാഹരണങ്ങള്‍ ആയി പറയുന്നതാണ് ഇവയാണ് കവിതകള്‍ എന്നൊരു പ്രസ്താവന അല്ല ഉദ്ദേശം . 
കളിമുള്ളിന്റെ ഒച്ച എന്ന കവിത സമാഹാരം കുറച്ചു ഗദ്യകവിതകളുടെ ഒരു ശേഖരം ആണ് .വിഷാദവും ഏകാന്തതയും അപാരമായ പരിക്കുകള്‍ ഏല്‍പ്പിച്ച ഒരു കവി ഹൃദയത്തിന്റെ ഗീതകങ്ങള്‍ ആണ് ഈ കവിതകള്‍ എന്നു തോന്നല്‍ ജനിപ്പിക്കുന്ന കവിതകള്‍ വായനയില്‍ അതിജാഗ്രത ആവശ്യപ്പെടുന്നുണ്ട് പതിവുപോലെ. ഒരിക്കല്‍ ബുദ്ധനോട് ഒരമ്മ ചോദിച്ചു മരിച്ചുപോയ എന്റെ കുഞ്ഞിനെ ജീവിപ്പിച്ചു തരാമോ എന്നു . ബുദ്ധന്‍ മറുപടി കൊടുത്തത് ആരും മരിച്ചിട്ടില്ലാത്ത ഒരു വീട്ടില്‍ നിന്നും അല്പം കടുക് വാങ്ങി വരിക എന്നായിരുന്നു .ആരെങ്കിലും ഒരാള്‍ മരിക്കാത്ത ഒരു വീടുപോലും ആ അമ്മയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല . രാജേഷ് ചിത്തിരയുടെ , ഈ പുസ്തകത്തിലെ കടുകിന്റെ ജന്‍മത്തെക്കുറിച്ചുള്ള കവിത വായിക്കുമ്പോള്‍ മനസ്സില്‍ ഈ കഥയാണ് ഓർമ്മ വന്നത് . മരണം , ഏകാന്തത , അപരവത്കരണം തുടങ്ങിയ പല ഭാവങ്ങളിലൂടെയാണ് രാജേഷിന്റെ കവിതകള്‍ സഞ്ചരിക്കുന്നതെന്ന് കാണാം . നഗരം , രാജ്യം , രാഷ്ട്രീയം ഇവയുടെ ജനിതക ഘടനകളില്‍ കൂടി കവി സഞ്ചരിക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ ഈ കവിത സമാഹാരം വായനക്കാര്‍ക്ക് നല്കുന്നു . പ്രണയത്തിന്റെ ഗൂഢതന്ത്രം മനസ്സിലാക്കിയ കാമുകന്റെ മനസ്സിലൂടെ പ്രകൃതിയുടെ നഗ്നതയിലേക്ക് നടന്നു പോകുന്ന കവി തന്നിലേ വികാരവിചാരങ്ങളെ അതിരുകള്‍ ഇല്ലാത്ത ദേശങ്ങളുടെ വാനവീചികളില്‍ അലയാന്‍ വിടുന്നു . തികച്ചും വിരസതയുണ്ടാക്കുന്ന വായനകളെപ്പോലും ചില ഗിമ്മിക്കുകളില്‍ കൂടി തിരിച്ചു പിടിക്കാന്‍ കവി ശ്രമിക്കുന്നതായി കാണാം. പരീക്ഷണങ്ങള്‍ കൊണ്ട് നിറഞ്ഞ കവിതകളുടെ ലോകം എന്നുകൂടി തോന്നുന്നുണ്ട് ഈ പുസ്തകം . തീര്‍ച്ചയായും എന്താണ് കവിത എന്നത് കവിയുടെ അന്വേഷണം മാത്രമല്ല വായനക്കാരന്റെ കൌതുകം കൂടിയാണ് എന്ന സന്ദേശം നല്കുന്നു കളിമുള്ളിന്റെ ഒച്ച . ആധുനിക കവിതകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഈ കവിതകളെ ആയതിന്നാല്‍ത്തന്നെ വായനക്കാരുടെ ചിന്തകള്‍ക്ക് മേയാന്‍ വിടുന്നതാണ് ബുദ്ധി എന്നു കരുതുന്നു. പൊതുവായ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ വെമ്പുന്ന ഒരു കവിയുടെ കുതിപ്പും കിതപ്പുമാണ് ഈ പുസ്തകത്തിലെ കവിതകള്‍ . ബൗദ്ധിക വായനയായാലും കേവല വായനയായാലും രാജേഷ് ചിത്തിരയെ വായിച്ചു പോകുക എന്നത് ഒരാവശ്യമാകുന്നുണ്ട് എന്നോര്‍മ്മിപ്പിക്കുന്നു ഈ പുസ്തകവും . ആശംസകളോടെ ബിജു.ജി.നാഥ് വര്‍ക്കല