Tuesday, November 14, 2023

ജാനകിക്കാട് ..........ബൃന്ദ

ജാനകിക്കാട് ( കഥകൾ)
ബൃന്ദ
പേപ്പർ പബ്ലിക്ക
വില. ₹ 110.00


കഥകളിലെ പെൺ സാന്നിധ്യത്തിന് എത്ര പഴക്കമുണ്ടാകും എന്നൊക്കെ ചിന്തിക്കുന്നത് ലിംഗ വ്യത്യസ്ഥതയെ പരാമർശിച്ചുകൊണ്ടുള്ള ഒരു തരം അശുദ്ധ ചിന്തയാണ് എന്നു കരുതുന്നത് ഇക്കാലത്തിൻ്റെ നവ കാഴ്ചപ്പാടുകളുടെ സാധാരണ പ്രതികരണമാണ്. എങ്കിൽക്കൂടിയും പെണ്ണെഴുത്ത് എന്ന പദത്തിലൂടെ വേർതിരിച്ചു നിർത്തപ്പെടുന്ന സാഹിത്യം നമുക്കാർക്കും അപരിചിതമായിരിക്കുകയുമില്ല. സ്വന്തം പേരോ അടയാളങ്ങളോ ഉപയോഗിക്കാനാവാതെ, അടക്കിപ്പിടിച്ച നൊമ്പരങ്ങളെയും പ്രതിഷേധങ്ങളെയും സാഹിത്യപരമായി ഉപയോഗിച്ചവർ നിരവധിയാണ്. പിടിക്കപ്പെട്ടവരും, ജീവനൊടുക്കിയവരും, എഴുത്തുപേക്ഷിച്ചവരും ഒക്കെയായത് സമൂഹത്തിൽ നിലനില്ക്കുന്നുണ്ടായിരുന്നു. ഇന്നതിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് പക്ഷേ. നവ സാഹിത്യ മണ്ഡലത്തിൽ ലിംഗഭേദമില്ലാതെ എഴുതാൻ ,പറയാൻ കഴിയുന്ന മനുഷ്യരുണ്ടായിരിക്കുന്നു. അവരിൽ ആണും പെണ്ണും ഉഭയലിംഗരും ഒക്കെ പെടുന്നുണ്ട്. മാധവിക്കുട്ടിയുടെ പ്രസക്തി ഇന്ന് കാലഹരണപ്പെടുന്നത് വ്യക്തമാണ്. പെൺജാതിയിലെ തുറന്നെഴുത്തുകൾ എന്ന് കേട്ടാലുടൻ മലയാളിമനസ്സിലാദ്യമെത്തിയിരുന്ന പേര് മാധവിക്കുട്ടിയായിരുന്നു എന്നത് ഒരു വിപ്ലവത്തിൻ്റെ ബലിഷ്ഠമായ വീര്യം നിറയ്ക്കുന്ന ഒന്നാണ്. എന്നാൽ, ആ വീര്യം തലമുറകളിലേക്ക് എത്ര വേഗമാണ് പടർന്നു പന്തലിച്ചു വടവൃക്ഷമായി മാറിയിരിക്കുന്നത് എന്ന കാഴ്ച എത്ര സന്തോഷസൂചകമാണ്. ഇന്നത്തെ എഴുത്തുകാരിക്ക് പ്രണയം, രതി, ആർത്തവം തുടങ്ങിയ പദങ്ങൾ, വികാരങ്ങൾ ഒക്കെ വ്യക്തമായും പ്രകടമാക്കാൻ ഭയമേതുമില്ല. ഇത് ഇന്നത്തെ തലമുറയ്ക്ക് വലിയ അതിശയം ആകില്ലയെങ്കിലും പഴയ കാലം ഇതിനെ ഭക്ത്യാദരപൂർവ്വം മാത്രമേ നോക്കിക്കാണുകയുള്ളു എന്നത് സത്യമാണ്. 

ബൃന്ദ എന്ന എഴുത്തുകാരിയെക്കുറിച്ച് കേട്ടിട്ടില്ല. എൻ്റെ കൈയ്യിലേക്ക് വന്നു ചേർന്ന ഒരു പുസ്തകം മാത്രമാണ് ജാനകിക്കാട്. എന്നാൽ , ജാനകിക്കാടിനെ പൂർണ്ണമായും വായിച്ചു കഴിയുമ്പോൾ ബൃന്ദ എനിക്ക് പരിചിതയായി മാറുകയാണ്. വരികളിലും ആശയങ്ങളിലും ഭാഷയിലും മനോഹരങ്ങളായ കൈയ്യൊപ്പു പതിപ്പിച്ച ഈ എഴുത്തുകാരിയെ വായിക്കാനും അറിയുവാനും വൈകിപ്പോയതെന്തേ എന്നാണ് മനസ്സിൽ. വ്യക്തിപരമായി അറിയുക എന്നല്ല ഞാനർത്ഥമാക്കുന്നത്. ഒരാളെ വായിക്കുമ്പോൾ ആ വ്യക്തിയെ നമ്മൾ അറിയുക സ്വാഭാവികമാണ്. അത്തരം അറിവുകൾ അവരെ പിന്നെയും വായിക്കാൻ പ്രേരിപ്പിക്കും. ഇവിടെ ജാനകിക്കാടിലൂടെ ബൃന്ദയെ കൂടുതൽ വായിക്കാൻ തോന്നിപ്പിക്കുന്നതു അതുകൊണ്ട് മാത്രമാണ്. പെണ്ണുടലിനെ ഓരോ രോമകൂപങ്ങളായി വർണ്ണിച്ചും ഭോഗിച്ചും രതിമൂർച്ഛയടയ്ക്കുന്ന എഴുത്തുകാർ സാഹിത്യത്തിൽ കുറവല്ല. പക്ഷേ , ഒരു പെണ്ണെഴുതുമ്പോൾ അതും ആണുടലിൻ്റെ സൗന്ദര്യ ലൈംഗിക ആനന്ദങ്ങളെ പകർന്നെടുക്കുമ്പോൾ തീർച്ചയായും അതിൽ വ്യത്യാസം ഉണ്ടാകാതെ തരമില്ല. ബൃന്ദ വ്യത്യസ്തയാകുന്നത് അവിടെയാണ്. മാനുഷിക വികാരങ്ങളുടെ എല്ലാ തലങ്ങളെയും തനത് രുചിയോടെ , വരച്ചിടാൻ കഴിയുന്ന എഴുത്തുകാർ വളരെ കുറവാണല്ലോ. ബൃന്ദ ആ ന്യൂനപക്ഷത്തിലൊരാൾ ആണ്. ജീവിതത്തിലെ കാഴ്ചകളും അനുഭവങ്ങളും കേഴ്‌വികളും എഴുത്തിന് പാത്രമാകുമ്പോൾ , ബൃന്ദയെന്ന എഴുത്തുകാരിയിൽ ഒരു കഥാകാരി ജനിക്കുകയാണ്. കഥ വായിക്കുക എന്നതിനപ്പുറം കഥ പറയുന്നതു കേട്ടിരിക്കുന്ന ഒരു പ്രതീതി ഉളവാക്കാൻ ബൃന്ദയിലെ എഴുത്തുകാരിക്ക് നിഷ്പ്രയാസം സാധ്യമാകുന്നതായാണ് വായന അനുഭവപ്പെടുത്തുന്നത്. ഈ പുസ്തകത്തിലെ 10 കഥകളും  വായനക്കാരിൽ പത്തനുഭവങ്ങളായി മാറ്റിയെടുക്കാൻ ബൃന്ദയിലെ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. നല്ല വായനകൾ നല്കുന്ന ഇത്തരം എഴുത്തുകാർ ഇനിയും കൂടുതൽ ഉണ്ടാകട്ടെ എന്ന ശുഭപ്രതീക്ഷയോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment