ജ്ഞാനസ്നാനം (കഥകൾ),
സജിനി എസ്,
ഫ്ലമിംഗോബുക്സ്,
വില: 250 രൂപ
വായന തികച്ചും മരിച്ചു പോയേക്കുമെന്ന് തോന്നുന്ന അവസ്ഥകളിലൊക്കെ അതിനെ തിരിച്ചു പിടിക്കേണ്ടതിൻ്റെ ആവശ്യകത ഉണ്ട്. അത്തരം അവസ്ഥകളെ വീണ്ടും നിർജ്ജീവമാക്കുന്ന വായനകൾ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതൊരു പൂർണ്ണ മരണമായി മാറിപ്പോയേക്കാം. അടുത്ത കാലത്തായി കഥകളിലും കവിതകളിലും അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ വായനയെ ആസ്വദിപ്പിക്കുന്നതിനൊപ്പം കൂടുതൽ വായനാനുഭവങ്ങൾ തേടാൻ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യും.
വളരെ മുമ്പ് വായിച്ച എഴുത്തുകാരിയാണ് സജിനി. എസ്. യേശു മഴ പുതയ്ക്കുന്നു എന്ന കഥ സമാഹാരം വായിച്ചതിലൂടെ പരിചയമായ ഒരു പേരാണ് സജിനി എസ് എന്നത്. ആ പുസ്തകം നല്കിയ വായനാനന്ദം ആണ് പുതിയ പുസ്തകമായ ജ്ഞാനസ്നാനം വായിക്കാൻ തിരഞ്ഞെടുക്കുവാൻ പ്രേരണയായത്. ഒരാളെ തുടർച്ചയായി വായിക്കുന്ന പതിവ് കുറവാണ്. കാരണം ആദ്യ വായന നല്കുന്ന ആവേശത്തെ അനുസരിച്ചാകുമല്ലോ തുടർവായനകൾ ചെയ്യുക. എന്നാൽ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്തുകാരെ തിരഞ്ഞുപിടിച്ചു തന്നെ വായിക്കുകയും ചെയ്യും. 20 കഥകൾ ആണ് ജ്ഞാനസ്നാനം എന്ന ഈ പുസ്തകത്തിലുള്ളത്. ഇരുപതിൽ ചിലവ ആദ്യപുസ്തകത്തിൽ വായിച്ചവയാണ് എന്ന പോരായ്മ എടുത്തു പറയേണ്ടതുണ്ട്. ശേഷമുള്ള കഥകൾ ഒക്കെത്തന്നെയും കഥാകാരിയുടെ വൈഭവം പ്രകടമാക്കുന്ന നല്ല എഴുത്തുകൾ തന്നെയാണ്. ചിലർ തങ്ങളുടെ കഥകളിൽ,കവിതകളിൽ ഒക്കെ തുടർച്ചയായി പ്രയോഗിക്കുന്ന ചില പദങ്ങൾ, ബിംബങ്ങൾ ഉണ്ടാകും. അവയുടെ അതിപ്രസരം എടുത്തറിയിക്കുന്ന ഒന്നാണ് ചിലപ്പോൾ. സജിനിയുടെ കഥകളിലും അത്തരം ചില ബിംബങ്ങളും വാക്കുകളും അമിതമായി കടന്നു വരുന്നുണ്ട് . നഗ്നത, മുലക്കണ്ണ്, അതുപോലെ ശരീര വില്പനക്കാരായ സ്ത്രീകൾ ഇവ സജിനി കഥകളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങൾ ആണോ എന്ന് സംശയിച്ചു പോകുന്നു. ഇവ അരോചകമെന്നോ മറ്റോ ഒരു കാഴ്ചപ്പാടിലല്ല ഇത് സൂചിപ്പിക്കുന്നത്. കഥകൾക്കുള്ളിൽ ഇവ അനവസരത്തിൽ കുത്തിക്കയറ്റുന്നു എന്നുമല്ല. ഇവയെ മിക്കയിടങ്ങളിലും കാണാനാകുന്നു എന്നു സൂചിപ്പിച്ചു എന്നേയുള്ളു.
സ്ത്രീ മനസ്സുകളുടെ വിഭിന്നവും വിസ്താരവുമായ ചിന്താ പ്രളയങ്ങളെ ആവാഹിക്കാനും ആവിഷ്കരിക്കാനും സജിനിയുടെ കഥകൾക്ക് കഴിയുന്നുണ്ട്. ഉറൂബിൻ്റെ പ്രശസ്ത കഥാപാത്രമായ ഉമ്മാച്ചുവിനെപ്പോലെ കുട്ടിയമ്മയെ സൃഷ്ടിക്കാൻ സജിനിക്ക് കഴിയുന്നുണ്ട്. അതുപോലെ മാധവിക്കുട്ടിയുടെ സ്വതന്ത്ര ചിന്താഗതിയെ ഓർമ്മിപ്പിക്കുന്ന കഥാതന്തുക്കളെയും കണ്ടുമുട്ടാൻ കിട്ടുന്നുണ്ട് . അനുകരണങ്ങൾ ഇല്ലാതെ സ്വതന്ത്രമായ നിലനില്പ് പ്രകടമാക്കുന്ന , നിലപാടുകൾ ഉള്ള കഥാപാത്രങ്ങളാണ് സജിനിയുടെ കഥകൾ പേറുന്നത്. നല്ല ഊർജ്ജമുള്ള ഭാഷയും, മനോഹരമായ ആവിഷ്കാരതന്ത്രങ്ങളും സജിനിയെന്ന കഥാകാരിയുടെ വളർച്ചയെ സഹായിക്കും എന്നു പ്രത്യാശിക്കുന്നു. ഗഹനമായ വായന ആഗ്രഹിക്കുന്നവർക്ക് കഥയുടെ ലോകത്തിൽ ഇഷ്ടമാകുന്ന ഒരു എഴുത്തുകാരിയായ് സജിനി. എസി നെ പരിഗണിക്കുന്നതിൽ സന്തോഷമാണ് . കൂടുതൽ തിളക്കമാർന്ന എഴുത്തുകളുമായ് നാളെകൾ സമ്പുഷ്ടമാക്കാൻ കഴിയട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല
No comments:
Post a Comment