പെണ്ണ്
..............................
അമ്മ വീടിന്‍ വിളക്കെന്ന് ചൊല്ലുന്നു
കത്തിയണയും ദീപമോ സ്ത്രീജന്‍മം !
അവള്‍ മകള്‍, അവള്‍ ഭാര്യ, അവളമ്മ...
എവിടെയുണ്ടവള്‍ക്കായ് തനിവിലാസം.(2)
പെണ്ണെന്ന ജീവിതം മറ്റുള്ളവര്‍ക്കായ്
എന്നും ജീവിച്ച് തീര്‍ക്കേണ്ടതൊന്നെന്നോ !
പെണ്ണായ്പ്പിറന്നാല്‍ മണ്ണായ്ത്തീരുവോളം
കണ്ണീര് കൂടെപ്പിറപ്പെന്നോ വാസ്തവം?
പെറ്റുവീഴുമ്പോഴേ ചുമക്കുന്നു ശാപം.
ആര്‍ത്തവം വന്നാല്‍ തീരുന്നു സ്വാതന്ത്ര്യം
കെട്ടിച്ചുവിട്ടാല്‍ ഭാരമൊഴിഞ്ഞത്രേ
പെറ്റുകഴിഞ്ഞാലോ കടമകള്‍ കൂടുന്നു .
ഓജസ്സും തേജസ്സും ഉള്ളകാലത്തിങ്കല്‍
വേണമവളെ ഇണയ്ക്കും തുണയ്ക്കുമായ്.
വീണുപോകില്‍, വിരൂപയാണെങ്കില്‍
അംഗഭംഗം വന്നീടുകില്‍ തൃണമാകുന്നു.
ഒറ്റയ്ക്ക് നടക്കുവാന്‍, കാഴ്ചകള്‍ കാണാന്‍
ഇഷ്ടമുള്ളൊരു ചലച്ചിത്രം കാണുവാന്‍
ഇത്തിരി ചാന്ദ്രവെളിച്ചം നുകരുവാന്‍
ഇല്ലവള്‍ക്കിവിടെ സ്വാതന്ത്ര്യമെന്നഹോ !
ചുമക്കുന്നുടലിന്റെ ഭാരം കാലമേതിലും
ചെറുത്തുനില്‍പ്പിന്റെ സമരമായ് ജീവിതം.
ഒന്നു കുതറിയാല്‍ കേള്‍ക്കുന്നു പഴി
പെണ്ണ്‍ വീടിന്‍ വിളക്കാകണം എന്നുമേ...
എത്ര കാലം ജീവിച്ചുവെന്നുണ്ടായ്കിലും
എത്ര മഹത്തുക്കളെ നല്‍കിയെന്നാകിലും
കാലമവരെ അറിയുന്നതെന്നുമേ താത-
നാമം കൊണ്ടല്ലാതെ കാണുമോ ന്യൂനം.
ഭരിക്കുവാന്‍ നയിക്കുവാന്‍ നിയന്ത്രിക്കുവാന്‍
സഹിക്കുവാന്‍ പൊറുക്കുവാന്‍ ശിക്ഷിക്കുവാനും
കഴിവില്‍ തെല്ലുമവളില്ല പിന്നിലെങ്കിലും കേള്‍പ്പൂ
അബലയാണ് ചപലയാണ് പെണ്ണവള്‍ ഭൂവില്‍.
സമത്വമാണ് വേണ്ടതീ മണ്ണിലും വിണ്ണിലും
മറക്കുവാതിരിക്കത് മനുഷ്യരെ നിങ്ങള്‍.
ജനിച്ചുവെന്നാകില്‍ മരിച്ചിടും വരെയും
മനുഷ്യരെല്ലാവരും ഒന്നായിരിക്കട്ടെ . (2)
@ബിജു ജി നാഥ് വര്‍ക്കല
https://youtu.be/PrfbszYx6ts
No comments:
Post a Comment