ഭ്രാന്തന്‍(കുറിപ്പുകള്‍ )
ഖലീല്‍ ജിബ്രാന്‍
പരിഭാഷ :ഡോ . വി സി ഹാരിസ്
ഡി സി ബുക്സ്
ഇ കോപ്പി
“കവിയെന്നാല്‍,കപടമായ ലോകത്തില്‍ ഭ്രാന്തനായിരിക്കുകയെന്നാണര്‍ത്ഥമെന്ന്” ഈ കൃതി വിളംബരം ചെയ്യുന്നു എന്നാണ് വിവര്‍ത്തകന്‍ തന്റെ ആമുഖക്കുറിപ്പില്‍ പുസ്തകത്തിന്റെ പരിചയപ്പെടുത്തല്‍ നല്‍കുന്നത്. "ഭ്രാന്തന്‍" എന്ന ഈ പുസ്തകത്തില്‍ ആത്മീയതയുടെയും കാല്‍പനികതയുടെയും നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിക്കുന്ന വ്യഥിതഹൃദയനായ ഒരു മനുഷ്യന്റെ ആത്മ ഭാഷണങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും . നിസംഗമായ ഒരു അവസ്ഥയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുന്ന ഒരുവന്റെ വിലാപങ്ങളെ കവിതയെന്ന് വിളിക്കുക കേവലമായ ഒരു ക്രൂരതയാണ് . ചോരവാര്‍ന്ന് കിടക്കുന്ന കിളിയെ നോക്കി 'മാ നിഷാദ' എന്നു ആദികവി പറയുന്നതുപോലെ വായനക്കാരുടെ കഷ്ടം വയ്ക്കലുകള്‍ക്ക് നേരെ അരുതെന്ന് പറയേണ്ടതുണ്ട് . ഒരു മനുഷ്യന്റെ ആത്മവിലാപങ്ങള്‍ക്ക് അയാളുടെ ജീവനോളം കാതലുണ്ടാകുമെന്നറിയുക . ജിബ്രാന്‍ ഇങ്ങനെ പറയുന്നു “എന്റെ ഭ്രാന്തില്‍ ഞാന്‍ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടെത്തി ; ഏകാന്തതയുടെ സ്വാതന്ത്ര്യവും മനസ്സിലാക്കപ്പെടുന്നതില്‍ നിന്നുള്ള സുരക്ഷിതത്വവും - കാരണം , നമ്മെ മനസ്സിലാക്കുന്നവര്‍ നമ്മിലെ എന്തോ ഒന്നിനെ അടിമപ്പെടുത്തുകയും ചെയ്യുന്നു”. വിശുദ്ധമായ ഒരു അവസ്ഥയാണത് .സ്വയം ഭ്രാന്ത് അടയാളപ്പെടുത്തുകയും ലോകത്തോട് വിളംബരംചെയ്യുകയും ചെയ്യുക എന്നത് ഭ്രാന്തന്‍ ലോകത്തില്‍ ഭ്രാന്തില്ലാത്ത ഒരേ ഒരു മനുഷ്യനെ അടയാളപ്പെടുത്തുന്നതുപോലെ ശുദ്ധമാണ് . ദൈവത്തെ തിരഞ്ഞു പോയ അനവധി മനുഷ്യരുണ്ട് . ജീവിത കാലം മുഴുവന്‍ തിരഞ്ഞു നടക്കുന്നവര്‍ . തത്വമസി എന്ന അറിയിപ്പില്‍ തിരികെ നടക്കുന്നവരുണ്ടതില്‍ . ബോധി വൃക്ഷച്ചുവട്ടില്‍ ധ്യാനം പൂകിയിരിക്കാന്‍ വിധിക്കപ്പെടുന്നവരും . ജിബ്രാന്‍ പറയുന്നു “എന്റെ ദൈവമേ, എന്റെ ലക്ഷ്യവും സാക്ഷാത്കാരവുമായ ദൈവമേ, ഞാന്‍ അങ്ങയെ ഇന്നലെയും, അങ്ങ് എന്റെ നാളെയുമാകുന്നു . ഞാന്‍ അങ്ങയുടെ ഭൂമിയിലെ വേരും അങ്ങ് എന്റെ ആകാശത്തിലെ പുഷ്പവുമാകുന്നു; നാമൊന്നിച്ചു സൂര്യമുഖത്തിന് മുന്നില്‍ വളരുന്നുവല്ലോ”. ദൈവവുമായി നേരിട്ടു ബന്ധം വയ്ക്കുന്ന പ്രവാചകതലത്തിലേക്ക് വളരുന്ന കവിയുടെ മനോഭാവങ്ങള്‍ വളരെ നല്ലൊരു തലം വായനക്കാരന് പകരുന്നു എന്നതില്‍ സംശയമില്ല . സിമിറ്റിക് മതങ്ങളുടെ നാള്‍വഴികളില്‍ പ്രവാചകര്‍ അനവധിയുണ്ട് . അവരിലൂടെ ഉയിര്‍കൊണ്ട മതങ്ങളും നമുക്ക് പരിചിതങ്ങള്‍ ആണ് .പക്ഷേ അവിടെയൊക്കെ പ്രവാചകര്‍ ജനങ്ങളെ ഭരിക്കാനും കീഴടക്കാനും വര്‍ഗ്ഗീയവല്‍ക്കരിക്കാനുമുള്ള ടൂളായാണ് മതം ഉപയോഗിക്കുന്നത് എന്നു കാണാം . പക്ഷേ ഇവിടെ ജിബ്രാനിലെ പ്രവാചകന്‍ മനുഷ്യരെ സ്നേഹിക്കുകയും പ്രകൃതിയും മനുഷ്യരും ബന്ധങ്ങളും തമ്മിളുള്ള നനുത്ത നൂലിഴകള്‍ കൊണ്ട് മനോഹരമായ ഒരു കയര്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് . ആരാധനയുടെ അമിതഭാരമല്ല ചിന്തയുടെ അധികഭാരമാണ് ഇവിടെ പ്രവാചകന്‍ നല്‍കുന്നതെന്ന് മാത്രം . “എന്റെ സുഹൃത്തെ , നീ എന്റെ സുഹൃത്തല്ല; പക്ഷേ, ഞാന്‍ നിന്നെയെങ്ങനെയിതു ധരിപ്പിക്കും ? എന്റെ വഴി നിന്റെ വഴിയല്ല . എങ്കിലും നാമൊന്നിച്ച് , കൈകോര്‍ത്ത് നടക്കുന്നു” എന്ന ദിശാബോധം കൈമുതലായുള്ള പുതിയ പ്രവാചകനായി ജിബ്രാന്‍ വായനക്കാരിലേക്ക് പടര്‍ന്ന് കയറുന്നു . നോക്കുകുത്തി, നിദ്രാടകര്‍, ബുദ്ധിശാലിയായ നായ, രണ്ടു സന്യാസികള്‍ തുടങ്ങി ഇതിലെ മുഴുവന്‍ ചിന്തകളും മനുഷ്യനിലെ ഉറങ്ങിക്കിടക്കുന്ന അല്ലെങ്കില്‍ ഗോപ്യമായി സൂക്ഷിയ്ക്കുന്ന മനോ വിചാരങ്ങളുടെ പച്ചയായ തുറന്നു പറച്ചിലുകള്‍ ആണ് . കാലികമായ ഒരുകാഴ്ചയായി വായിക്കാവുന്ന ഒന്നാണ് യുദ്ധം എന്ന ചിന്തയില്‍ പങ്ക് വയ്ക്കുന്നത് . രാത്രിയില്‍ പലിശക്കാരന്റെ വീടെന്ന് കരുതി നെയ്ത്തുക്കാരന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ തസ്കരന്റെ ഒരു കണ്ണു സൂചിയില്‍ കൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ രാജസദസ്സില്‍ നീതിതേടി എത്തുന്നു . അയാള്‍ക്ക് വേണ്ടത് നെയ്ത്തുകാരന്റെ ഒരു കണ്ണായിരുന്നു . നെയ്ത്തുകാരനെ രാജാവു വിളിപ്പിച്ചു എങ്കിലും നെയ്ത്തുകാരന്‍ പറയുകയുണ്ടായി എന്റെ തൊഴിലിന് എനിക്കു രണ്ടു കണ്ണും ആവശ്യമുണ്ട് പക്ഷേ അയാളുടെ അയല്‍ക്കാരനായ ചെരുപ്പുകുത്തിക്ക് ഒരു കണ്ണിന്റെ ആവശ്യമേ ഉള്ളൂ . അനന്തരം രാജാവു ചെരുപ്പുകുത്തിയുടെ ഒരു കണ്ണു ചൂഴ്ന്നെടുക്കുകയും അങ്ങനെ നീതി നിര്‍വ്വഹിക്കപ്പെടുകയും ചെയ്തു . ഈ ചിന്തയിലെ നവരസങ്ങളെ ആനുകാലിക ഭരണാധികാരികളുടെയും നീതി നിര്‍വ്വാഹകരുടെയും പ്രവര്‍ത്തികളുമായി കൂട്ടി വായിക്കുകയാണെങ്കില്‍ നിഷേധിക്കാനാകാത്ത ഇത്തരം എത്രയോ നീതിനിര്‍വ്വഹണങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ട് എന്നു മനസ്സിലാക്കാന്‍ കഴിയും. നിലവിലെ ആചാരങ്ങൾക്കും മറ്റും എതിരായി തുറന്ന ഒരു യുദ്ധം പോലെയാണ് മറുഭാഷ എന്ന കുറിപ്പ് നിലനില്‍ക്കുന്നത് . ജനിച്ചു വീണ കുഞ്ഞിന്റെ ഭാഷയും മുതിര്‍ന്ന മനുഷ്യന്റെ ഭാഷയും തമ്മിലുള്ള അന്തരവും രണ്ടു കാലങ്ങളിലെ ചിന്തകളുടെ വ്യതിയാനവും വളരെ ലളിതമായി പറയുന്നതില്‍ . മനുഷ്യരുടെ മനസ്സിലേക്ക് ജിബ്രാന്‍ കോറിയിടുന്ന ചിന്താ ശകലങ്ങള്‍ പലപ്പോഴും സൂഫിസത്തിന്റെ മധുരകരമായ തലം നിലനിര്‍ത്തുന്നതാണ് . ചിലപ്പോഴൊക്കെ അവ വായിക്കുമ്പോള്‍ നിത്യ ചൈതന്യ യതിയെ വായിക്കുന്ന സൌന്ദര്യവും തോന്നലും സൃഷ്ടിക്കുന്നു.. യതിയുടെ കാലം ജിബ്രാന് ശേഷമാണെങ്കിലും വായനയില്‍ യതിക്ക് ശേഷമാണല്ലോ ജിബ്രാനെ ഞാൻ വായിച്ചത് അതിനാലാണ് അങ്ങനെ ഒരു താരതമ്യം ചെയ്യാന്‍ മനസ്സ് പ്രേരിപ്പിച്ചത് . അധികം പറഞ്ഞു കാടുകയറുന്നതില്‍ കാര്യമില്ലെന്ന് കരുതുന്നു . കാരണം ഇതിലെ ഓരോ ചിന്തകളും വായിക്കപ്പെടേണ്ടവ തന്നെയാണ് . അവയെ ഓരോ വ്യക്തിക്കും സ്വന്തമായ ചിന്തയുടെ ഒരാകാശത്തെ വിതാനിക്കാന്‍ കഴിയും എന്നതിനാല്‍മാത്രമാണ്. രണ്ടു കൂടുകള്‍ എന്ന ഈ ചിന്ത മാത്രം പങ്കുവച്ചുകൊണ്ടു ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു..
രണ്ടു കൂടുകള്‍
എന്റെ പിതാവിന്റെ ഉദ്യാനത്തില്‍ രണ്ടു കൂടുകളുണ്ട് . ഒരു കൂട്ടില്‍ പിതാവിന്റെ അടിമകള്‍ നൈനവായിലെ മരുഭൂമിയിൽ നിന്നു പിടിച്ചുകൊണ്ടു വന്ന സിംഹം.രണ്ടാമത്തെ കൂട്ടില്‍ പാട്ടറിയാത്ത കുരുവി.
എല്ലാ ദിവസവും പ്രഭാതം പൊട്ടിവിടരവേ കുരുവി സിംഹത്തെ വിളിച്ച് പറയുന്നു: “നിനക്കു സുപ്രഭാതം ആശംസിക്കുന്നു , കൂട്ടുതടവുകാരാ, സഹോദരാ!”
വായനയില്‍ വസന്തം സൃഷ്ടിക്കുന്ന ജിബ്രാന്റെ ഈ കുറിപ്പുകള്‍ സാഹിത്യപ്രേമികള്‍ക്ക് നല്ലൊരു വിരുന്നായിരിക്കും എന്ന ആശംസകളോടെ ബിജു ജി നാഥ് വര്‍ക്കല
No comments:
Post a Comment