ചുമ്മാട് ചുമക്കുന്നവർ (കഥകൾ),
സുരേഷ് ഡി.എസ്. കാപ്പിൽ,
പേപ്പർ പബ്ലിക്ക,
വില: 100 രൂപ
കഥ പറയാനറിയാത്ത മനുഷ്യരുണ്ടോ!
കഥകൾ നിറഞ്ഞ പ്രപഞ്ചത്തിലാണ് നമ്മൾ ജീവിക്കുന്നത്. ശരിക്കുള്ള കഥകൾ ആരോ ഒക്കെ പറഞ്ഞു കഴിഞ്ഞിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. പക്ഷേ, കഥയെഴുതാനും പറയാനും ഉള്ള കഴിവ് ജീനിൽ പതിഞ്ഞു കിടക്കുന്നതിനാൽ ഓരോ കഴിവുറ്റ കഥാകാരനും അക്കഥകൾ വീണ്ടും വീണ്ടും പറയുന്നുവെങ്കിലും വായനക്കാരനും കേഴ്വിക്കാരനും അതൊരിക്കലും തിരിച്ചറിയുന്നില്ല ഇത് ഞാൻ കേട്ടതും വായിച്ചതുമാണ് എന്ന്. എന്നാൽ ചിലർ പറയുമ്പോൾ / എഴുതുമ്പോൾ ഈ കഴിവ് ഇല്ലാതെ പോകുമ്പോൾ വായനക്കാരൻ വിളിച്ചു പറയുന്നു ഇക്കഥ കേട്ടതാണെന്ന്,. അനുകരണമാണ് എന്ന്. ഇതിനു കാരണം കഥയില്ലായ്മയല്ല മറിച്ച് കഥയുണ്ടാക്കുന്ന പാചക വിദ്യ ആ എഴുത്തുകാരന് വശമില്ല എന്നതാണ്. സോഷ്യൽ മീഡിയ ഇന്നിത്തരം കഥയില്ലായ്മകളും കവിതയില്ലായ്മകളും നിരന്തരം ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ട് വരി എഴുതിയാൽ പിന്നെ അത്യുത്തമ വാഴ്‌ത്തലുകൾ ചൊരിഞ്ഞു തുള്ളുന്ന വായനക്കാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയും സ്വയം ഒരു സാഹിത്യകാരനായി തോന്നിപ്പിച്ച് എന്നാപ്പിന്നെ മലയാള സാഹിത്യത്തിൽ ഞാനെൻ്റെ കൈയ്യൊപ്പുകൾ ചാർത്തിയേ അടങ്ങൂ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഫലമോ.... വായനക്കാരനെ തെറ്റിദ്ധരിപ്പിച്ച് നല്ല സാഹിത്യം വായിക്കാനുള്ള അവസരത്തെയും സമയത്തെയും അപഹരിച്ച് സാഹിത്യത്തേയും വായനയോടുള്ള കമ്പത്തേയും നശിപ്പിക്കുന്നു ഇക്കൂട്ടർ.
സുരേഷ് ഡി. എസ് കാപ്പിൽ ഒരു കഥാകാരനാണ് എന്നു കരുതാനാണ് ഇഷ്ടം."ചുമ്മാട് ചുമക്കുന്നവർ" എന്ന ഈ കഥ സമാഹാരം വായിക്കാനെടുക്കുമ്പോൾ മനസ്സിൽ ആ ഒരാഗ്രഹം ആണു നിറഞ്ഞു നിന്നതും . വായിച്ചു തുടങ്ങുമ്പോൾ അതു നഷ്ടപ്പെട്ടു പോകുകയും കഥാകാരനെ മനസ്സിൽ വെറുക്കുകയും ചെയ്തു. തുടർന്നു വായിക്കേണ്ടതുണ്ടോ എന്ന ചിന്തയുണ്ടായി. പക്ഷേ ഒടുവിലെത്തിയപ്പോൾ കുറച്ചു കഥകൾ വായിക്കാനായി. അതിനാൽ മാത്രം കഥാകാരനോടു തോന്നിയ ഈർഷ്യ മറഞ്ഞു പോയി. അനുഭവക്കുറിപ്പുകൾ, ആത്മഗതങ്ങൾ, ചെറുചിന്തകൾ എന്നിവയെ കഥകൾ എന്നു പറഞ്ഞു തരാൻ ആരാണ് പ്രസാധകരോട് പറഞ്ഞു കൊടുത്തതെന്നറിയില്ല. ഭാഗ്യവശാൽ മാത്രം കഥകളും ഇതിൽ ഉൾപ്പെടുത്തിയെന്നതിനാൽ പേരുദോഷം സംഭവിച്ചില്ല. വർണ്ണക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്ന എന്തും വായനക്കാർ സ്വീകരിക്കണം എന്ന ധാരണ പ്രസാധകരും, അവതാരികയെഴുതുന്നവരും മാറ്റേണ്ടതിൻ്റെ ആവശ്യകത ഓർക്കേണ്ട ഒന്നാണ്. ഈ പുസ്തകത്തിൽ കഥകൾ ഉണ്ട്. പക്ഷേ കുറവാണ്. കഥകൾ തികയാഞ്ഞിട്ട് കുത്തിനിറച്ച മറ്റു കുറിപ്പുകൾ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ,ഒപ്പം ഈ എഴുത്തുകാരനെ ശരിക്കും ഉപയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നല്ല ഒരു വിരുന്ന് വായനക്കാരന് ലഭിച്ചേനെ. സസ്നേഹം ബി.ജി.എൻ വർക്കല
No comments:
Post a Comment