എന്റെ നാവെവിടെ?
...........................
വീരാൻ കുട്ടി കവിത ചൊല്ലുകയായിരുന്നു.
നാവടക്കാൻ പഠിച്ച കവിത
വായിലൊരു മാംസക്കഷണം
തുപ്പാനും ഇറക്കാനുമാകാത്ത അവസ്ഥയെന്ന്.
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ
കോടി കോടി നാവുകളെ മാംസക്കഷണമാക്കിക്കൊണ്ട്
നീതിയുടെ ദേവത പുഞ്ചിരിക്കുന്നു.
വരിയുടക്കപ്പെട്ടവൻ എന്ന വാക്കിൽ
ഒരു ജനതയുടെ മൗനം ഉറയുന്നു.
മിത്തുകൾക്ക് അടിസ്ഥാനശിലയിട്ടു കൊണ്ട്
വിശ്വാസത്തിന്റെ കൊട്ടാരങ്ങൾ ഉയരട്ടെ.
ഇനി നമുക്ക് വേണ്ടത് നിശബ്ദതയാണോ?
മരിക്കും എന്ന ഭീതി കൊണ്ടും
തുറങ്കിലടക്കപ്പെടും എന്ന ശങ്ക കൊണ്ടും
ഈ നാം നിശബ്ദരാകണമത്രെ.
ഭരണകൂടങ്ങളുടെ ട്രയൽ റണ്ണുകൾക്ക്
അറിഞ്ഞും അറിയാതെയും ഇരകളാകുന്നവർ
അവരെ നമുക്കിനി
നമ്മുടെ പേര് ചൊല്ലി വിളിക്കാം.
..... ബിജു.ജി.നാഥ് വർക്കല
സത്യത്തിൽ പ്രതികരിക്കാൻ പേടിയായി തുടങ്ങി ചേട്ടാ. ഇപ്പോഴും ബ്ലോഗെഴുത്ത് തുടരുന്നതിൽ സന്തോഷം
ReplyDeleteസ്നേഹത്തോടെ പ്രവാഹിനി