Thursday, November 28, 2019

പറയാതെയറിയില്ലന്ന് പറയുന്നവർ

പറയാതെയറിയില്ലന്ന് പറയുന്നവർ
........................................................
നിന്റെ ഓർമ്മകളിൽ നനഞ്ഞു ഞാനൊറ്റയ്ക്കിരിക്കുന്നു. 
നിന്റെ മുലക്കണ്ണിൽ നിന്നിനിയുമടരാൻ കൂട്ടാക്കാതെൻ 
അധരങ്ങൾ മന്ത്രിക്കുന്നു.
തിരികെത്തരുമോ നിന്നെയെനിക്കൊരിക്കൽ കൂടി !
എന്റെ നെറുകയിൽ, നിന്റെ വിരലുകൾ ഓടുന്ന
ആ നിലാ രാത്രികൾ...
നിന്റെ ചുണ്ടുകൾ കാതോരം ഉരുമുന്ന
ആ ശരത്കാലങ്ങൾ....
നിന്റെ വിയർപ്പിൻ ഗന്ധത്തിൽ
മയങ്ങിയുണരും വാസന്തങ്ങൾ.
നീ കോറിയ നഖചിത്രങ്ങളിൽ 
നീറ്റൽ പടർത്തും വർഷങ്ങൾ!
നിരാസത്തിന്റെ വല്മീകം നിന്നെ പൊതിയുകയും
ശിലാചിത്രം പോലെ നീ ഇരുളുകയും ചെയ്യുന്നു.
ആഴമുള്ളൊരു ജലാശയത്തിലേക്ക്
ഒരു മുഴക്കത്തോടെ ഞാനെറിയപ്പെടുന്നു.
ശ്വാസനാളികൾ പൊട്ടിപ്പിളരുന്നു.
ജലകുമിളകൾ ശിരസ്സിൽ വിസ്ഫോടനമാകുന്നു.
നിന്റെ ഓർമ്മകൾ , 
നൂറായിരം ചില്ലുകഷണങ്ങളായി
ഹൃദയം തുളഞ്ഞു പോകുന്നു.
ഇരുളു മാത്രം ബാക്കിയാകുന്നു.
പിടയുന്ന ഹൃദയപാളിയിൽ അപ്പോഴും
നിന്റെ മിഴികൾ തിളങ്ങുന്നു.
.... ബിജു. ജി. നാഥ് വർക്കല

No comments:

Post a Comment