Thursday, November 7, 2019

തിരികെ വരാത്തൊരു യാത്രക്കാരന്‍


നിലാവുമ്മ വച്ച മുറ്റവും കടന്നു
ഒന്നുതിരിഞ്ഞു നോക്കാതെ പോകുന്ന യാത്രക്കാരനോട്
ഉമ്മറവാതിലിനു പറയാനാവുന്നില്ല
മറന്നുവച്ച മെതിയടി തിരികെ വിളിക്കുന്നുവെന്നു.

യാത്രക്കാരന്‍ ആദ്യമായാണല്ലോ  
രാത്രിയുടെ മാറിലേക്കിങ്ങനെ ഇറങ്ങിപ്പോകുന്നത്.
തിരികെ വരാമെന്നൊരു ഉറപ്പുമായി
ഇതാ ഇവിടെവരെയെന്നു അയാള്‍ പറഞ്ഞിട്ടുണ്ടാകുമോ;

മെതിയടിക്കതറിയില്ല. പരുക്കന്‍ തറയില്‍
ഒരിക്കലും തന്നെക്കൂടാതെ ഒരടി വച്ചിട്ടില്ലാത്തൊരാള്‍
മറവിയിലേക്ക് തന്നെ ഇങ്ങനെ ഉപേക്ഷിച്ചു
വേദന നല്‍കുന്ന ചരല്‍ക്കല്ലുകളിലൂടെ നടന്നുപോകുമെന്നു .

യാത്രക്കാരന്റെ ഓരോ കാല്‍വെപ്പും
അകന്നുപോകുമ്പോള്‍ പൊടിയുന്ന ഹൃദയവുമായി
ഇരുള്‍ നിഴലില്‍ മുഖം പൊത്തിക്കരയുന്ന
മെതിയടിയെ നോക്കവേ ഉമ്മറവാതില്‍ നിലവിളിക്കുന്നു .

കാറ്റ് കൈകളിലേന്തി പായുന്നിരുളില്‍
മുറിഞ്ഞുപോകുമാ നിലവിളിയെങ്കിലും
നിലാവ് തഴുകിയാശ്വസിപ്പിക്കുന്നുണ്ടാ
തേങ്ങലുകളെയെങ്കിലും അവരറിയുന്നുണ്ടാകുമോ
തിരികെ വരാത്തൊരാ യാത്രക്കാരനെ?
............ബിജു.ജി.നാഥ് വര്‍ക്കല 



No comments:

Post a Comment