ഉറവ
.......
നിന്റെയിഷ്ടങ്ങൾ എല്ലാം സമ്മതിച്ചാലും എന്റെയിഷ്ടങ്ങൾക്ക് നേരെ മുഖം തിരിക്കുന്നതിനെയാണോ പ്രണയം എന്നു വിളിക്കുന്നതെന്നവൻ. അനന്തരം അവർ അന്യരായി.
എത്ര വേനലുകൾ
എത്രയെത്ര മഞ്ഞു കാലങ്ങൾ
കടന്നു പോകും മഴ മേഘങ്ങൾ
മറഞ്ഞു പോയ വസന്തങ്ങൾ
കാറ്റിന്റെ ലീലാ വിലാസങ്ങൾ
ഒന്നിനും നിന്നെയളക്കാനായില്ലയെന്നോ
കാലം കടന്നു പോകുന്ന വേഗത നമുക്കറിയില്ല. ഓരോ ഋതു വിലും നാമോരോ ഇതളുകൾ ആകും.
എവിടെയോ മറഞ്ഞിരുന്നു നിന്നെ ഞാൻ പ്രണയിക്കും.
ഒരു പാട് പ്രണയം ഉള്ളവനെ പ്രണയിക്കാനാകില്ല എന്ന് നീ പറയും.
നിന്റെ വേരുകൾക്കിടയിൽ
ഞാനെന്റെ ഹൃദയം വലിച്ചെറിയും.
എന്റെ ഹൃദയരക്തം നീയറിയാതെ കുടിക്കും
അനന്തരം നീയെന്നെ തള്ളിപ്പറയും
നിന്റെ വേനലുകൾക്ക് കുടയാകാനോ
നിന്റെ ശിശിരങ്ങൾക്കു പുതപ്പാകുവാനോ
എന്റെ ശാഖകൾക്കന്നു കഴിയില്ല.
ഉരുകി വീണ ഫോസിലുകളിൽ
കാലത്തിന്റെ കാർബൺ ഡേറ്റകൾ
പ്രണയത്തിന്റെ തരികൾ കണ്ടെടുക്കും
അന്നു മണ്ണിനോട് ചേർന്ന തന്മാത്രകൾക്ക്
ശബ്ദമുണ്ടാകും
കോടി കോടി തന്മാത്രകളായി നമ്മൾ അപ്പോൾ മണ്ണിനോട് കഥ പറയുന്നുണ്ടാകും.
നീ എനിക്കാരുമല്ലന്നും
നിന്നെ എനിക്കിഷ്ടമല്ലന്നും
നമ്മൾ അപരിചിതരും
തെറ്റായി വായിക്കപ്പെട്ടവർ എന്നും പറയും.
നിന്റെ ഓരോ ചിത്രങ്ങളുമെടുത്ത്
ചില്ലിട്ടു വച്ച ഹൃദയത്തിൽ നിന്നും
അപ്പോൾ
അപ്പോൾ മാത്രം ഒരരുവി പിറക്കും.
അതിന് ചോരയുടെ നിറം കണ്ട്
നീ അന്നും ചിരിക്കണം....
.... ബിജു ജി നാഥ് വർക്കല
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Sunday, November 3, 2019
ഉറവ
Subscribe to:
Post Comments (Atom)
No comments:
Post a Comment