എടാറ
കവിതാ സമാഹാരം
സൈഫുദ്ദീൻ തൈക്കണ്ടി
സീഫോർ ബുക്സ്
വില: 10.00 Dhs
എഴുത്ത് മനുഷ്യന്റെ വേദനകൾക്കും, ഏകാന്തതയ്ക്കും, വിരസതയ്ക്കും അതുപോലെ മനസികോല്ലാസത്തിനും ആശ്വാസമേകുന്നതിന് വേണ്ടി അവൻ തന്നെ കണ്ടെത്തിയ ഒരു സങ്കേതമാണ്. പരിണാമത്തിലെ മനുഷ്യ മസ്തിഷ്ക വികാസത്തിന്റെ കാലത്തോളം പൗരാണികതയുള്ള ഒന്നാണ് സാഹിത്യം. അതിനവൻ ഇമേജുകളുണ്ടാക്കുകയും അവയിൽ നിന്നും ഭാഷകൾ ഉണ്ടാകുകയും സാഹിത്യത്തിന്റെ നവനവങ്ങളായ അവസ്ഥാന്തരങ്ങൾ സംഭവിക്കുകയും ചെയ്തു. അധ്വാനത്തിന്റെ ആയാസം അകറ്റാനും ഏകാന്തതയുടെ ശ്വാസംമുട്ടൽ ഒഴിവാക്കാനും സാഹിത്യരചന സഹായിച്ചതുകൊണ്ടു ആസ്വാദകരുടെ അന്തർദാഹം എക്കാലവും തണുത്തുതന്നെ കിടന്നു.
കാലത്തിന്റെ മാറ്റത്തൊപ്പം മനുഷ്യനും മാറി. ചിന്തകളിലെ വൈവിധ്യം രചനകളുടെ സങ്കേതങ്ങളെ മാറ്റിമറിച്ചു. കവിത, ചിട്ടവട്ടങ്ങളും ചട്ടക്കൂടുകളൂം ഭേദിച്ചു. പുതിയ കാലത്തിന്റെ കാമ്പസുകളിൽ കവിതയെ നോക്കി നിന്നവർ പലപ്പോഴും കഴിഞ്ഞ, മുടി മുറിച്ച തലമുറകളുടെ സഞ്ചയത്തിൽ നിന്നും ഇതിലേതാണ് ആൺ വർഗ്ഗം, പെൺ വർഗ്ഗം എന്നറിയാതെ നിന്നവരുടെ അതേ അവസ്ഥയിലായി. എഴുത്തുകാർ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കൊടി പിടിച്ചു കൊണ്ട് കവിതയിൽ കാളിയമർദ്ദനം തുടങ്ങി.
ശ്രീ. സൈഫുദ്ദീൻ തൈക്കണ്ടിയുടെ 36 കവിതകൾ അടങ്ങിയ സമാഹാരമാണ് "എടാറ". ആധുനിക മലയാളിക്ക് ഒരു പക്ഷേ അപരിചിതമായ ഭാഷകളിൽ ഒന്നാണിത്. അടുക്കളയ്ക്കും ഹാളിനുമിടയിലെ ഇരുണ്ട പാതയാണത്. എടയറയെന്നും ഇടനാഴിയെന്നും ഒക്കെ അറിയപ്പെട്ടിരുന്ന ഒരിടം. ഈ പേര് എന്തുകൊണ്ടാകും സൈഫുദ്ദീൻ തിരഞ്ഞെടുത്തത് എന്ന സംശയം പുസ്തകം വായിക്കാൻ എടുക്കും വരെ മനസ്സിലുണ്ടായിരുന്നു. എന്നാൽ വായിച്ചു മടക്കുമ്പോൾ ഈ കവിതകൾക്ക് ആ പേര് എന്തുകൊണ്ട് ലഭിച്ചു എന്നത് വ്യക്തമായിക്കഴിഞ്ഞിരുന്നു.
അടിച്ചമർത്തപ്പെട്ട നിലവിളികളായി നൂറ്റാണ്ടുകൾ കടന്നു വരുന്ന, മനുഷ്യജീവികളിലെ സമരെങ്കിലും കായിക ശേഷിയാൽ മികച്ചവർ ചവിട്ടിപ്പിടിക്കുന്ന ദുർബ്ബലരായി തരംതാഴ്ത്തുന്ന സ്ത്രീകൾ .! അവരുടെ ലോകം എന്നും അടുക്കളയിലും ഇടനാഴികളിലും മാത്രമായിരുന്നു. അവർക്കൊക്കെയും ഭാര്യ, അമ്മ എന്നീ വിവിധങ്ങളായ രൂപങ്ങളായിരുന്നു. സൈഫിന്റെ കവിതകളിൽ ഭൂരിഭാഗത്തും അവർ മാത്രമാണെന്ന് കാണാം. . അത് ഒരു പക്ഷേ പ്രവാസിയായ ഒരാളിന്റെ ഭാര്യയാകാം , വിധവയാകാം, അമ്മയാകാം. ആ ഭാവങ്ങൾ ഒക്കെ ഉൾക്കൊള്ളുന്ന ഒരു പുരുഷൻ. അവൻ പലപ്പോഴും കുഞ്ഞുകുട്ടിയാണ് . ചിലപ്പോഴൊക്കെ മുതിർന്നതറിയാത്ത കുഞ്ഞാണ് .മറ്റു ചിലപ്പോൾ ഭർത്താവാണ്. പ്രവാസത്തിലിരിക്കുന്ന പ്രത്യേകിച്ചും ഏകാന്തതയിൽ ഇരിക്കുന്ന ഒരാൾക്ക് ഓർമ്മിക്കാനും പങ്കുവയ്ക്കാനും ഉണ്ടാകുക അമ്മയുടെയും ഭാര്യയുടെയും കുട്ടികളുടെയും ഓർമ്മകൾ നല്കുന്ന സമ്മിശ്രതയാണ്. ഇവിടെ കവി പെൺകുട്ടികളെ അഗാധമായി സ്നേഹിക്കുന്ന ഒരാളാണ്. അവരെയോർത്തു വ്യാകുലപ്പെടുന്ന ഒരാളാണ്. അമ്മയെ അകമഴിഞ്ഞു മനസ്സിലാക്കുകയും വേദനിക്കുകയും ചെയ്യുന്ന മകനാണ്. ഭാര്യയുടെ വിരഹത്തെ, ഉൾച്ചൂടിനെ ആഴത്തിലറിയുന്ന ഭർത്താവാണ്. പ്രണയം അതിന്റെ പരകോടിയിൽ അവൾക്കു മാത്രം പകുത്തു നൽകാൻ കൊതിക്കുന്ന പ്രണയത്തിന്റെ രാജാവാണ്. ഒപ്പം പ്രവാസം കൈമാറപ്പെടുന്ന ഒരു പദവിയാണ് എന്നു തിരിച്ചറിയപ്പെടുന്ന ഒരാളും.
പ്രണയം, രതി, ഏകാന്തത, വാത്സല്യം, സഹാനുഭൂതി, വേദന, എന്നിവ മാത്രം പറഞ്ഞു പോകുന്ന ഒരാൾ അല്ല താൻ എന്ന സ്വയം ബോധത്തിൽ നിന്നാണ് സമകാലിക രാഷ്ട്രീയ ബോധത്തോടും വർഗ്ഗീയ ചിന്തകളോടും തനിക്കുള്ള വിയോജിപ്പ് കവി രേഖപ്പെടുത്തുന്നത്. തന്റെ രാഷ്ട്രീയ പ്രതിഷേധം ഭരണാധികാരിയുടെ ഏകാധിപത്യത്തിനു നേരെയുള്ള തുറന്ന ആക്രമണം ആകുമ്പോൾ തന്നെ, സുന്നത്ത് ചെയ്യപ്പെട്ടവൻ സമൂഹത്തിൽ പേറുന്ന അസമത്വവും അസഹിഷ്ണുതയും കവി പറഞ്ഞു പോകുന്നുണ്ട്. കുടുംബം,ജീവിതം ഓർമ്മകൾ പ്രണയം ഇവയുടെ തിരത്തള്ളലുകൾക്കടക്കാനാവാത്ത ഒന്നായത് കുതറി പുറത്തുചാടുന്നുണ്ട്.
പ്രവാസത്തിലിരുന്നു എഴുതുന്നവന്റെ കവിതകൾ എന്ന ചിന്തയ്ക്കപ്പുറം ഈ കവിതകളിലെ സ്ത്രീകളോടുള്ള പരിഗണനയും തിരിച്ചറിവും അംഗീകരിക്കലും വായനക്കാർ തിരിച്ചറിയുന്നുണ്ട്. ഈ കവിതകൾ എല്ലാം തന്നെ ആശയപരമായ മുകളിൽ പറയപ്പെടുന്ന തലങ്ങളിൽ വായിച്ചെടുക്കപ്പെടുമ്പോഴും മുഴച്ചു നില്ക്കുന്ന ചില ഘടകങ്ങളെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്. ഒരു രചനയെ വിലയിരുത്താൻ ഉതകുന്ന പ്രധാന വസ്തുത അക്ഷരത്തെറ്റുകൾ ഇല്ലാതെ, വാക്കുകളെയും വരികളെയും അവ ആവശ്യപ്പെടുന്ന ഇടങ്ങളിൽ വേർതിരിക്കാനുതകുന്ന ചിഹ്നങ്ങൾ ഉപയോഗിച്ചു ഭംഗിയാക്കപ്പെടുമ്പോഴാണ്. എന്തുകൊണ്ടാണെന്നറിയില്ല ഇന്നത്തെ എഴുത്തുകാരിൽ കൂടുതലും ഈ വിഷയങ്ങളിൽ അറിവില്ലാത്തവരോ , അവയെ ബോധപൂർവ്വം അവഗണിക്കുന്നവരോ ആണ്. തിരുത്തലുകൾ ഇഷ്ടപ്പെടാത്ത ഇവർ തങ്ങളെ സ്വയം ബുദ്ധിജീവി തലത്തിലേക്ക് സ്ഥാപിക്കുന്നതിനാൽ തന്നെ അതൊരു ട്രെൻഡായി ചിലരെങ്കിലും ധരിച്ചുവച്ചിരിക്കുന്നു. എഴുത്തുകാരന്റെ ഈ ദുഃസ്വഭാവത്തെ പക്ഷേ എന്തുകൊണ്ടാണ് പ്രസാധകർ അനുവദിച്ചു കൊടുക്കുന്നത് എന്നത് മനസ്സിലാകുന്നില്ല . മനസ്സിലാക്കാൻ കഴിയുന്നത് ഇന്ന് കൂണുകൾ പോലെ മുളച്ചുപൊന്തുന്ന പ്രസാധകർ കച്ചവടം മാത്രം മുന്നിൽ കണ്ടുകൊണ്ട് ഏറ്റവും അധികം പുസ്തകങ്ങൾ ഇറക്കുന്നതല്ലാതെ സ്വന്തമായി ഒരു എഡിറ്റർ അവർക്കില്ല എന്നതാണ്. ഫലമോ എത്ര നല്ല കൃതിയും വായനക്കാർ വെറുപ്പോടെ മാറ്റി വയ്ക്കുകയോ, വേദനയോടെ വായിച്ചു പരിതപിക്കുകയോ ചെയ്യും. ഈ പുസ്തകത്തിനും ഒരു എഡിറ്റർ ഇല്ലായ്മ മുഴച്ചു നിന്നു വായനയിൽ.
കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന കവിതകളുമായി വിരഹത്തിന്റെയും ഗൃഹാതുരതയുടെയും പിടിയിൽ നിന്നും വേർപെട്ട ഒരു കവിയെ കാലം കാത്തിരിക്കുന്നു. ശുഭപ്രതീക്ഷകളോടെ ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment