Friday, November 8, 2019

രക്തം ചുരമിറങ്ങി വരുന്നു........പോളി വർഗ്ഗീസ്

രക്തം ചുരമിറങ്ങി വരുന്നു.
(കവിതാ സമാഹാരം)
പോളി വർഗ്ഗീസ്
ഗ്രീൻ പെപ്പർ പബ്ലിക്ക
വില: ₹ 120.


കവിതയുടെ ആഗോളത അതിന്റെ ആസ്വാദനത്തെ പാടെ മാറ്റിയെഴുതുന്ന ഒന്നാണ്. ജീവിതത്തെ കവിതയിലേക്ക് പരാവർത്തനം ചെയ്യുക എന്നത് ബൗദ്ധികമായ ഒരു വ്യായാമമാണ്. എന്നാൽ കവിതയിലേക്ക് ലോകത്തെ കുത്തി നിറയ്ക്കുക എന്നത് വളരെ വിഷമമേറിയ ഒരു വസ്തുത തന്നെയാണ്. ആധുനിക കവിതാ സമ്പ്രദായങ്ങളിൽ ജീവിതത്തെ നിറച്ചുവയ്ക്കുന്നവർ പലപ്പോഴും ക്ലീഷേകൾ ഉപയോഗിച്ചു വെറുതെ വരികളുടെ കസർത്തുകൾ കാട്ടുന്നവരാണ് എന്ന് തോന്നിയിട്ടുണ്ട്. 

കറുത്തവനും വെളുത്തവനും വേറിട്ട വേദനകൾ ചാലിച്ചു നല്കുന്ന അക്ഷരോത്പാദകർക്ക് എന്നും പ്രിയം വായനക്കാരെ വികാരപരമായ ലയങ്ങളിൽ തളച്ചിട്ടു കൊണ്ട് കാവ്യനർത്തനം എന്ന മഹത് കൃത്യം നടത്തുക എന്നതാണ് . ആത്മാവിൽ സ്ഫോടനം സൃഷ്ടിക്കുന്ന എഴുത്തുകൾ കവിതയിൽ സംഭവിക്കുന്നത് വിരളമാണ്. അത് സംഭവിക്കുമ്പോഴാകട്ടെ കവിതാസ്വാദകർക്ക് അനന്യമായ ഒരു വികാരമൂർച്ഛ സംഭവിക്കുന്നത് കാണാം.

സച്ചിദാനന്ദന്റെ കവിതകൾ ഇത്തരം വിസ്ഫോടനങ്ങളുടെ കാഴ്ചകളാണ്. അതുപോലെ സിരകളെ മരവിപ്പിക്കാൻ കഴിയുന്ന മറ്റൊരു കവി അധികമൊന്നും അറിയാത്ത സോഷ്യൽ മീഡിയയിലെ എഴുത്തുകാരനാണ് സുധീർ  എന്ന മനുഷ്യൻ. ബുദ്ധിപരമായ വിശപ്പിന് വേണ്ട വിഭവങ്ങൾ നമുക്ക് അധികം ലഭിക്കാറില്ല എന്ന വാസ്തവം കൂടിയാണത്. ബുദ്ധിജീവി നാട്യങ്ങൾ കൊണ്ട് സർക്കസ് കാട്ടുന്നവർക്കിടയിൽ ശരിക്കുള്ള കവിതകളും കവികളും മുങ്ങിപ്പോകുന്നു.

"വാതിലിനിരുപുറവും വല്ലാത്ത നിശബ്ദതയാണ്.
ഒന്ന്, മരണത്തോടുള്ള ശത്രുതയും,
മറ്റൊന്നു ജീവിതത്തോടുള്ള ആസക്തിയും'' ഐ സി യു വിന്റെ അടഞ്ഞ വാതിലിനെ നോക്കി ഇങ്ങനെയെഴുതുന്ന പോളി വർഗ്ഗീസ് എന്ന കവിയുടെ 30 കവിതകളുടെ സമാഹാരം. അതാണ് "രക്തം ചുരമിറങ്ങി വരുന്നു". മരണത്തിന്റെ നിശബ്ദമായ തണുപ്പും നിർജ്ജീവതയും ഉറഞ്ഞുകിടക്കുന്ന പോളിയുടെ കവിതകൾക്ക് നിയതമായ ഒരു ഭൂമിക നമുക്ക് വരച്ചു ചേർക്കാനാവില്ല ഒരിക്കലും. ഒരു കവിയുടെ ലോകം ഒരു ചെറു ചിമിഴല്ല എന്ന ഓർമ്മപ്പെടുത്തലാണ് പോളിയുടെ കവിതകൾ. ഇന്ത്യ എന്നൊരു ചെറിയ ഭൂപ്രദേശത്തെ മാത്രം വരച്ചുകാട്ടുന്നതിൽ ഒതുങ്ങുന്നതല്ല ആ വരികൾ. ചുരമിറങ്ങി വരുന്ന ഒറ്റയാനെപ്പോലെ കവി ദേശാന്തര ഗമനം നടത്തുന്നു ഈ കവിതകളിലൂടെ. ചിലപ്പോൾ മെഡിറ്ററേനിയൻ മണലാരണ്യത്തിലൂടെ മറ്റു ചിലപ്പോൾ യൂറോപ്പിന്റെ ശിശിരകാലത്തിലൂടെ. ആ വരികൾ യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു . ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തണമെങ്കിൽ അതിന്റെ നാഡീഞരമ്പുകളിലൂടെ സഞ്ചരിക്കണം എന്ന കാഴ്ചപ്പാടിനെ കവി അന്വർത്ഥമാക്കുന്നു. വിശപ്പിന്റെ, ദാരിദ്രത്തിന്റെ, രോഗത്തിന്റെ, കാമത്തിന്റെ ഗലികളിലൂടെ കവി വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. പലപ്പോഴും ജീവിതം പരുക്കനും സാധാരണക്കാരന് ലജ്ജാകരവുമാകുമ്പോഴും പച്ചയായ ജീവിതമെന്നത് ഇതൊക്കെയാണെന്ന് പോളി വർഗ്ഗീസ് അടിവരയിട്ട് പറയുന്നു. 
"ആർട്ടിക്കയിൽ നിന്നും അന്റാർട്ടിക്കയിലേക്കും,
ആരവല്ലികളിൽ നിന്നും ഹിമവാനിലേക്കും
ആഫ്രിക്കയിൽ നിന്ന്
സൈന്ധവ പീഡന ഭൂമികളിലേയ്ക്കും " പോളി വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. ഈ യാത്രകൾ നമുക്ക് പകർന്നു തരുന്ന സാർവലൗകികമായ ഉൾക്കാഴ്ചയാണ് മനുഷ്യത്വം എന്നതിന്റെ നിർവ്വചനം.
" വാക്കിൽ വിതയ്ക്കുന്ന വിത്തെന്ന പോലെ
വാദ്യം വാദകനെ മിന്നലായി എരിയ്ക്കാം'' എന്നൊരുൾവിളി എപ്പോഴും ഒരു കവിക്ക് അനിവാര്യമെന്ന അറിവ് പകരുന്ന ഈ കവിതകളിൽ ഓരോന്നായി പരിചയപ്പെടുത്തുക എന്നത് ദുഷ്കരമായ ഒരു സംഗതിയാണ്. കാരണം ഓരോ വായനയും ഓരോ ലോകമാണ് എന്നതിനാൽ ഓരോ വായനക്കാർക്കും സ്വതന്ത്രമായ ആസ്വാദനതലം നല്കുക എന്നത് എഴുത്തുകാരന്റെ ധർമ്മം കൂടിയാകുന്നു.

വളരെ മികച്ച രൂപകല്പന . വളരെ നല്ല എഡിറ്റിംഗ്, മനോഹരവും സുതാര്യവുമായ സച്ചിദാനന്ദൻ., കെ.ജി.എസ്, സാവിത്രി രാജീവൻ എന്നിവരുടെ കുറിപ്പുകൾ എന്നിവ ഈ കവിതാ സമാഹാരത്തെ മനോഹരമാക്കുന്നു. വായനയിൽ സൂക്ഷിക്കാനും , പഠനത്തിനും നല്ലൊരു മുതൽക്കൂട്ടാണ് ഈ പുസ്തകം എന്ന സന്തോഷം പങ്കുവയ്ക്കുന്നു. ആശംസകളോടെ ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment