Friday, November 22, 2019

ഇന്ത്യയോ അതെന്താണ് ?

ഇന്ത്യയിലെ മനുഷ്യര്‍ !

ഇന്ത്യയില്‍ ഇന്ന് മനുഷ്യരുണ്ടോ ?
ഇന്ത്യയെന്നിന്നൊരു രാജ്യമുണ്ടോ ?
ഇന്ത്യയാണെന്റെ ജന്മരാജ്യമെന്ന്
ഇന്ത്യയിലിന്നാരേലും ചൊല്‍വതുണ്ടോ?

വെട്ടിമുറിച്ചു ഭരിച്ചു പണ്ട്
വെട്ടിപ്പിടിച്ചു വൈദേശികരും
വെട്ടിമുറിച്ചിരു ദേശമാക്കീ
വെട്ടിപ്പുകാര്‍ ഭരണമേറ്റെടുത്തു.

ജാതി പറഞ്ഞു ഭരിച്ചവരും
ജാതി പറഞ്ഞു നേടിയോരും
ജാതി പറയാന്‍ മടിച്ചവരും
ജാതിയില്‍ ജാതികള്‍ കണ്ടവരും

ഉണ്ടായിരുന്നില്ല മനുഷ്യരിവിടെ
ഉണ്ടായിരുന്നില്ല സാഹോദര്യവും
ഉണ്ടായിരുന്നില്ല സഹിഷ്ണുതയും.
ഉണ്ടായിരുന്നില്ല സമത്വവുമേ.

നിങ്ങൾ പറയുന്നു സാഹോദര്യം
നിങ്ങൾ പറയുന്നു സമത്വമെന്നും
നിങ്ങൾ പറയുന്നു മതേതരത്വം
നിങ്ങൾ പറയുന്നു ദേശീയത.

ഇല്ല മനുഷ്യർക്കിതൊന്നുമിവിടെ
ഇല്ല ശാന്തിയോടൊരു ജീവിതവും.
ഇല്ല മറ്റൊരു രാജ്യം എന്തിന് തേടണം.
ഇല്ല ഞങ്ങളല്ല പോകേണ്ടവർ.

വേണ്ട നമുക്കൊരു ധർമ്മരാജ്യം
വേണ്ട നമുക്കൊരു ക്ഷേത്ര രാജ്യം
വേണ്ട നമുക്കൊരു ഗോരാജ്യവും
വേണ്ട നമുക്കിടയിൽ മാത്സര്യവും.

തെരുവ് കരയുന്നു അന്നത്തിനായ്
തെരുവ് കരയുന്നു ആലയത്തിനും
തെരുവ് കത്തുന്നു മതാന്ധതയാൽ
തെരുവ് നനയുന്നു ചോരവീണും .

ദേശീയത എന്നാൽ രാമരാജ്യമെന്നും
ദേശീയത എന്നാൽ കാശ്മീരെന്നും
ദേശീയത എന്നാൽ ഗോ സ്നേഹമെന്നും
ദേശീയതക്ക് പുതു നിർവ്വചനങ്ങൾ.

ഇന്ത്യയെ സ്നേഹിക്കുന്ന മാനുഷരും
ഇന്ത്യയെ അറിയുന്ന വാസക്കാരും
ഇന്ത്യ തൻ ചരിത്രം പഠിച്ചവരും കേൾപ്പൂ
ഇന്ത്യ എന്നൊരു രാജ്യം ഇന്നതുണ്ടോ?
...... ബിജു. ജി. നാഥ് വർക്കല

No comments:

Post a Comment