ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് ചിലത് പറയാനുണ്ടാകും.
.............................
ഒരേ സ്റ്റേഷനിൽ നിന്നും വണ്ടി കയറിയ രണ്ടുപേർ...
അവർ പോലുമറിയാതെ
അവരുടെ യാത്രയെ പാടെ താറുമാറാക്കിക്കൊണ്ട്
മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നു.
യാത്രയുടെ ഗതിയറിയാതെ അവരാകട്ടെ
പരസ്പരം പരിചയപ്പെടുകയായിരുന്നു.
കാണേണ്ട സ്റ്റോപ്പുകൾ ഒന്നുംതന്നെ
അവർക്കു കാണാനാകാതായപ്പോഴാണ്
അവരുടെ വണ്ടി മാറിയതവർ അറിയുന്നത്.
ഈ വഴികളിലൂടെ "എന്നെ നടത്തിക്കുന്നവൻ
എന്നെയറിയുന്നവനാണ് " എന്നവൾ ഘോഷിക്കുന്നു.
യാത്ര മലഞ്ചെരുവുകൾ പിന്നിട്ട്
അരുവികൾ തരണം ചെയ്ത്
പുതിയ ഭൂമികകൾ കണ്ടെത്തുന്നു.
വിശപ്പിന്റെ നീരാളിക്കൈകൾ പിടിമുറുക്കിയ
ഉദരങ്ങളെ സമാശ്വസിപ്പിക്കുമ്പോഴാണ്
ഒന്നിച്ചൊരുറക്കം കണ്ണുകളിൽ കൂടുകൂട്ടിത്തുടങ്ങിയത്.
പുലരിയുടെ വരവിൽ
അടിവയറ്റിലവന്റെ ചുണ്ടുകൾ പതിയുമ്പോഴാണ്
യാത്രയുടെ ഓർമ്മയിലവൾ പുളഞ്ഞു പോയത്.
"എന്നെയറിയുന്നവൻ നടത്തുന്ന വഴികളിൽ" കൂടി
അവന്റെ ഉപ്പുമണക്കുന്ന തൂവാലയുമായവൾ മറഞ്ഞു.
ഋതുക്കളുടെ ചാമരത്തിനും പോലും
ഉറക്കം തിരിച്ചുനല്കാനാവാത്ത വേപഥുവിൽ
പുളഞ്ഞലയുന്ന അവൻ
ഒറ്റക്കൊരു യാത്രയിലാണിപ്പോൾ.
ലഹരിയുടെ സുവർണ്ണലായനിയിൽ
ജീവിതത്തെ മുക്കിപ്പിടിച്ചുകൊണ്ട്
ഒറ്റക്കൊരു യാത്ര.....
.... ബിജു. ജി. നാഥ് വർക്കല
No comments:
Post a Comment