Saturday, April 7, 2018

ഖസാക്കിന്റെ ഇതിഹാസം .....ഒ.വി.വിജയൻ

ഖസാക്കിന്റെ ഇതിഹാസം (നോവൽ)
ഒ.വി.വിജയൻ
ഡി.സി.ബുക്സ്
വില: 25 രൂപ

ഒരു ഭൂപടത്തിനെ അടയാളപ്പെടുത്തുവാൻ അതിന്റെ നിലപാടുതറകളിലൂടെ സഞ്ചരിച്ചുതന്നെയാകണം. അപ്പോഴാണത് അടയാളമാകുന്നതും പിന്നാലെ വരുന്നവർക്ക് അവ സ്പർശിച്ചറിയാൻ കഴിയുന്നതും. നോവൽ രചനകളുടെ സൗന്ദര്യമെന്നത് അ തടയാളപ്പെടുത്തുന്ന ഭൂമികയെ വായനക്കാരന് മനസ്സിൽ കാണാനും കൂടെ സഞ്ചരിക്കാനും കഴിയുകയെന്നതാണല്ലോ. വായിച്ചു മറന്നു പോകുന്ന ജീവിതങ്ങളാണ് പലപ്പോഴും നോവലുകൾ കാഴ്ചവയ്ക്കുന്നത്. സേതുവിന്റെ പാണ്ഡവപുരം നല്കുന്ന കാഴ്ച പോലെ വളരെ അപൂർവ്വമാണ് സ്ഥലങ്ങളും കാഴ്ചകളും മനസ്സിൽ കുരുങ്ങിക്കിടക്കുക എന്നത്.
ഖസാക്കും ചിതലിയും പാലക്കാടൻ ചൂരും ചൂടും വായനയിൽ പടർത്തുന്ന മണ്ണു മണക്കുന്ന ഒരു നോവൽ ! ഖസാക്കിന്റെ ഇതിഹാസം അങ്ങനെ പറയാനാണ് പ്രേരിപ്പിക്കുന്നത്. എന്താണ് ഈ നോവലിന്റെ ഇതിവൃത്തം എന്നു പരിശോധിക്കാം. ഒ.വി.വിജയൻ എന്താണ് ഈ നോവലിൽ കുഴിച്ചിട്ടിരുന്നത് എന്ന ചിന്തയാണ് നോവലിലുടനീളം ആഴത്തിൽ ഇറങ്ങി നോക്കാൻ പ്രേരിപ്പിച്ചത്.
      കൂമൻകാവിൽ വണ്ടിയിറങ്ങുന്ന രവിയിൽ തുടങ്ങുന്നു ഖസാക്കിന്റെ ഇതിഹാസം . രവി എന്ന മനുഷ്യൻ ഖസാക്കിൽ വരുന്നത് അവിടെ ആരംഭിക്കാൻ പോകുന്ന ഏകാധ്യാപക വിദ്യാലയത്തിലെ മാഷായാണ്. വരവിനു തന്നെ ഒരു പ്രത്യേകതയുള്ളത് അയാൾ വരുന്നത് ഒരാശ്രമത്തിൽ നിന്നാണ്. ധരിച്ചിരിക്കുന്ന കാവി വസ്ത്രം ആ ആശ്രമത്തിലെ ഒരു സന്യാസിനിയുടെയും. ആ നാട്ടിലെ മദ്രസ്സയും എഴുത്തുപള്ളിക്കൂടവും ഒരു പോലെ എതിർത്തു നിന്നിട്ടും രവി മാഷിന്റെ സ്കൂളിലേക്ക് പത്തു നാല്പതു കുട്ടികൾ വന്നു ചേർന്നു. ആ സ്കൂളും അവിടെ പഠിക്കാൻ വരുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും ആ നാട്ടിലെ അന്തേവാസികളും ഒക്കെ ചേർന്നു ഒരു ചലച്ചിത്രത്തിലെന്ന പോലെ മുന്നിൽ നില്ക്കുന്നു പിന്നീടങ്ങോട്ട്. അള്ളാപ്പിച്ചി മൊല്ലാക്ക , മാധവൻ നായർ ,നൈസാമലി, കുഞ്ഞാമിന ,മൈമൂന , കിളി തുടങ്ങി ഓരോരുത്തരിലൂടെയും ഖസാക്കിനെ തുറന്നു തരുന്നു വായനക്കാരന്. അമ്മ മരിച്ച ശേഷം അച്ഛനു കൂട്ടായി വന്ന ചിറ്റമ്മയുടെ ശരീരശാസ്ത്രം പഠിച്ച രവി കുറ്റബോധം വേട്ടയാടിത്തുടങ്ങിയപ്പോഴാണ്  നാടു വിട്ടു പോകുന്നത്. തുടർന്നു ഒരാശ്രമത്തിലെത്തിയെങ്കിലും നിവേദിത എന്ന സന്യാസിനിയുമായ് അടുപ്പം വയ്ക്കുകയും ഒരുനാൾ അവിടെ നിന്നും അയാൾ ഖസാക്കിലേക്ക് ഒളിച്ചോടുകയുമാണ്. ഖസാക്കിലും അയാൾ ഒരു മാഷ് എന്നതിലുപരി സ്ത്രീ വിഷയങ്ങളിലും വാറ്റുചാരായത്തിലുമാണ്  കൂടുതൽ ശ്രദ്ധ നല്കുന്നത്. മറ്റു സ്ത്രീകളിൽ ശരീര ദാഹം ഒടുക്കുമ്പോഴും ഇളം മാംസത്തോടുള്ള അയാളുടെ ആഗ്രഹമാണ് മൈമൂനയുമായുള്ള ബന്ധത്തിലും ഒടുവിൽ കുഞ്ഞാമിനയിലും അയാൾ തീർക്കുന്നത് . പത്മ എന്ന അയാളുടെ പ്രണയിനി അയാളെ തേടി കണ്ടെത്തിക്കഴിയുമ്പോൾ അവിടെ നിന്നും അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതും ആ കുഞ്ഞു പൂവ് കൂടി വാസനിച്ച ശേഷം. പക്ഷേ അയാളുടെ യാത്ര കൂമൻ കാവിൽ ബസ് കാത്തിരിക്കുമ്പോൾ ഒരു പാമ്പിൻ വിഷപ്പല്ലിൽ കുരുങ്ങി എന്നെന്നേക്കുമായുള്ള ഒരു ഒളിച്ചോട്ടമായി മാറുന്നിടത്ത് നോവൽ അവസാനിക്കുന്നു.
      പ്രമേയപരമായി വളരെ വ്യത്യസ്ഥതയുള്ള ഒരു നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഭാഷയും പ്രതലവും കൃത്രിമത്വമില്ലാതെ ഇതിൽ സന്നിവേശിക്കുന്നു. മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു വായന തന്നെയാണ് ഇത് നല്കുന്നത്. അത് പക്ഷേ രവി എന്ന വീരനായകന്റെയല്ല മറിച്ചു ഒരധ്യാപകൻ എങ്ങനെയാകരുത്  എന്ന ചൂണ്ടുപലകയായി കാണാവുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ പച്ചയായി ആവിഷ്കരിച്ച നോവൽ എന്ന രീതിയിലാണ് എന്നു മാത്രം.
ആശംസകളോടെ ബി.ജി.എൻ വർക്കല

1 comment:

  1. പുസ്തകപരിചയം നന്നായി
    ആശംസകള്‍

    ReplyDelete