Monday, February 15, 2016

അന്ധർ നയിക്കുന്ന ലോകം .


ചിറകുകൾ ഇല്ലാത്ത പക്ഷീ ,
നിനക്കിന്നീ
അതിരുകളില്ലാത്തൊരാകാശം
എന്തിനായ് .


കരളുരുകി നീ കേഴുകിൽ പോലുമേ
കഴിയുകില്ലെന്നറിയുക പാറിപ്പറക്കുവാൻ .

ഇവിടെയാകാശവും ഭൂമിയും
അതിരുകൾ തിരിച്ചിരിക്കുന്നു.

ഇവിടെ കടലിന്റെ ആഴങ്ങൾ
അളന്നെടുക്കുന്നു നങ്കൂരമാഴുന്നു.
ചിതലരിക്കും തത്വങ്ങൾ തിന്നും
കണ്ണുപൊട്ടുന്ന സത്യങ്ങൾ കണ്ടുമേ
ഹൃദയമുരുകി കേഴുകിൽ പോലുമാ
നീലവാനം നിനക്കന്യമാകുന്നു.

കനവുകൾ കണ്ടു നീയുറങ്ങാൻ
മോഹിച്ച
ഹരിതവനങ്ങൾക്ക് മേലടയിരിക്കുന്നു
ദുരയുടെ മഴുക്കൈയ്യേന്തിയ
നിഷാദ ലോകത്തിന്നാസുര ചിന്തകൾ .
ഇനി നീ മറന്നീടുക
പറന്നേറാൻ കൊതിച്ച മേഘങ്ങളെ .

ഇനി നീ മറക്കുക
നിറയെ കാണാൻ കൊതിച്ചൊരീ കടലിനെ.
കുഴിക്കുക മണ്ണിൻ മാറിലിത്തിരി
സ്വന്തമല്ലാത്ത മണ്ണാ കരങ്ങളാൽ .

കണ്ടിടാതാരും കേട്ടിടാതെ
ഉള്ളിലുയിരിനെ അടക്കം ചെയ്യുക .
നൃത്തമാടും ലോകമാ നെടുവീർപ്പിൻ
മേലേയേറി പ്രചണ്ഡതാളത്താലേ.
............................. ബിജു ജി നാഥ്

2 comments: