Wednesday, June 17, 2015

ആരാച്ചാര്‍ .... കെ ആര്‍ മീര

                      വായനയുടെ അപാരമായ കടല്‍ത്തീരത്ത് ദാഹത്തോടെ വന്നിരിക്കുന്ന വായനക്കാരന് ഒരു കൊച്ചു കുട്ടിയുടെ ആര്‍ത്തിയും , ആവേശവും എപ്പോഴും ഉണ്ടാകും എന്നത് എന്നെ സംബന്ധിച്ച് സത്യമാണ് . ഇന്നെന്റെ വായന പൂര്‍ത്തിയാക്കിയത് വളരെ പ്രശസ്തമായ കെ ആര്‍ മീരയുടെ "ആരാച്ചാര്‍" എന്ന കൃതിയിലൂടെയാണ് . സമകാലീന സാഹിത്യ രംഗത്ത്‌ ഒരു സ്ഫോടനം പോലെ അലയുയര്‍ത്തിയ മീരയുടെ പ്രഭാവം എന്ത് കൊണ്ടെന്ന അന്വേഷണത്തിന് ഉള്ള ഉത്തരം ആയിട്ടാണ് ഞാന്‍ ഈ വായനയെ കാണുന്നത് . ആഖ്യാന രീതികളുടെ പല കോണുകള്‍ നാം മനസ്സിലാക്കിയിട്ടുണ്ട് . അവയിലൊക്കെ അന്തര്‍ലീനമായ സൗന്ദര്യം അതിന്റെ ആഖ്യായന ശൈലി ഒന്ന് മാത്രമാണ് . പറയുന്നതില്‍ അല്ല അത് പറഞ്ഞു ഫലിപ്പിക്കുന്നതില്‍ ആണ് എഴുത്തുകാരന്റെ / കാരിയുടെ കഴിവ് ഉറങ്ങിക്കിടക്കുന്നത് .
               
                   മീരയുടെ ആരാച്ചാര്‍ എന്ത് കൊണ്ട് വായനയുടെ കുന്നുകളെ കീഴടക്കുന്നു എന്ന് ചോദിക്കുന്നവരോട് പറയേണ്ടത് അത് വായിച്ചു തന്നെ അറിയുകയും അനുഭവിക്കുകയും വേണം എന്നാണു . എന്താണ് ആരാച്ചാര്‍ പറയുന്ന കഥ എന്ന് ചുരുക്കത്തില്‍ ചോദിച്ചാല്‍ പറയാന്‍ കഴിയുക അതൊരു പ്രണയ കഥയാണ് എന്ന് മാത്രമാകും . ആണോ എന്നൊരു മറു ചോദ്യത്തില്‍ നിന്നും അസംഖ്യം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത വായനക്കാരനില്‍ മീര ഇട്ടു കൊടുക്കുന്നിടത്താണ് ആരാച്ചാര്‍ പ്രസക്തമാകുന്നതും .
           
               പരമ്പരാഗതമായി നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആരാച്ചാരുടെ പണി ചെയ്യുന്ന ഒരു കുടുംബത്തിലെ അവസാന ആരാച്ചാര്‍ ആയ സ്ത്രീയും , സമകാലീന മീഡിയാധര്‍മ്മങ്ങളില്‍ നിന്നും കൊത്തി എടുത്ത സഞ്ജീവ് കുമാര്‍ മിത്രയും തമ്മിലുള്ള പ്രണയം അതാണ്‌ ആരാച്ചാരുടെ പ്രമേയം . പക്ഷേ ഇവിടെ എടുത്തു പറയാവുന്ന കാര്യം ഇവരുടെ പ്രണയത്തിനു ചുറ്റും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പരശതം കഥകള്‍ അവയാണ് ഈ വായനയെ നിലനിര്‍ത്തുന്നത് എന്നതാണ് . തന്റെ സ്ത്രീത്വത്തിനു ഏറ്റ അപമാനത്തെ , അതും താന്‍ മനസ്സ് കൊണ്ട് പ്രണയിച്ചു തുടങ്ങിയ സഞ്ജീവ് കുമാര്‍ മിത്ര തന്റെ ഇടത്തെ മുലയില്‍ പിടിച്ചു ഞെരിച്ചു കൊണ്ട് "ഒരിക്കലെങ്കിലും എനിക്ക് നിന്നെ അനുഭവിക്കണം " എന്നൊരൊറ്റ വാചകത്തിലൂടെ കൊന്നു കളയുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ അവസാനം വരെ നിലനിര്‍ത്തുന്ന ആ മാനസികപിരിമുറുക്കത്തെ ഓരോ വായനക്കാരനും ചേതനാ ഗൃദ്ധാ മല്ലിക്കിനോപ്പം മനസ്സിലേറ്റുന്നു എന്നത് എഴുത്തിന്റെ ഭംഗി ഒന്ന് കൊണ്ട് മാത്രമല്ല , അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ തീ സ്വയം അനുഭവവേദ്യം ആകുന്നതു കൊണ്ട് കൂടിയാകണം .

             കല്‍ക്കട്ടയെ മാത്രമല്ല ഇന്ത്യയെ മൊത്തം ഈ നോവലില്‍ വരച്ചു കാട്ടുന്നു എഴുത്തുകാരി . ക്രിസ്തുവിനും നാനൂറു വര്ഷം മുന്‍പ് തുടങ്ങുന്ന ചരിത്രത്തെ വര്‍ത്തമാന കാലത്തില്‍ വരെ എത്തി നില്‍ക്കുന്ന കണ്ണികള്‍ കൊണ്ട് ഓരോ അവസരങ്ങളിലും വരയ്ക്കപ്പെടുന്നു . ചരിത്രത്തിന്റെ കൂടെയോ , ചരിത്രത്തില്‍ തന്നെയോ സഞ്ചരിക്കുന്ന ആ അനുഭവങ്ങളുടെ കഥാപ്രപഞ്ചത്തില്‍ നമുക്ക്  ഉള്‍പ്പുളകത്തോടെ നീന്തി തുടിക്കാന്‍ കഴിയുന്നുണ്ട് . നാം പഠിച്ചതും അറിഞ്ഞതുമായ ചരിത്ര സംഭവങ്ങളെ ഒരു ചലച്ചിത്രത്തിലെന്ന പോലെ അവതരിപ്പിക്കുന്ന കഥ പറച്ചില്‍ ചേതനയും പിതാവ് ഫണിദാദയും നടത്തുമ്പോള്‍ നമ്മള്‍ അതിന്റെ ഒരു ഭാഗമാകുന്ന പോലെ അനുഭവപ്പെടുന്നു. ചതിയും , പകയും , രതിയും , പ്രണയവും , ആത്മീയതയും എന്ന് വേണ്ട ജീവിതത്തിന്റെ നാനാ വിഭാഗവും ഈ കൃതിയില്‍ അനാവൃതമാകുന്നു ഗ്രദ്ധാ മല്ലിക്കുകളുടെ കുടുംബ കഥകളിലൂടെ .

                 കേരളത്തിന്റെ വേരുകള്‍ ഉള്ള സഞ്ജീവ് കുമാര്‍ മിത്ര , ഇവിടെ ഒരു പുരുഷന്റെ ഇരുണ്ട വശങ്ങളില്‍ എല്ലാം സഞ്ചരിക്കുന്ന ഒരു നായകനായി അതെ സമയം ചേതനയുടെ കണ്ണില്‍ വില്ലനായും നില്‍ക്കുന്ന അവസ്ഥകള്‍ പലപ്പോഴും അയാളോടുള്ള അരിശമായി , സഹതാപമായി , വിദ്വേഷവും പുശ്ചമായിട്ടൊക്കെ വായനക്കാരന്‍ അനുഭവിക്കുന്നുണ്ട് . ചിലപ്പോള്‍ അയാള്‍ പ്രണയം പൂത്ത മരമാണ് , ചിലപ്പോള്‍ മുള്ളുകള്‍ നിറഞ്ഞ വിഷമരവും മറ്റു ചിലപ്പോള്‍ ഇലകള്‍ നഷ്ടമായ ഉണക്കമരമായും ഇതിലെങ്ങും കാണാം . പ്രണയത്തിന്റെ ഒടുവില്‍ മരണം എന്നത് ഒട്ടുമിക്ക പ്രണയ കഥകളിലും കാനുന്നതാണെങ്കിലും വ്യത്യസ്തമായ ചില ആവിഷ്കാരങ്ങളില്‍ മരണം പലപ്പോഴും ഒരാശ്വാസമോ അനിവാര്യതയോ ആകുന്നുണ്ട് . ഇവിടെ ആ ഒരു അനുഭവം നമ്മെ പരിചയിപ്പിക്കാന്‍  മീരയ്ക്ക് കഴിയുന്നുണ്ട് .

             വായന ചിലപ്പോള്‍ ശ്വാസം മുട്ടിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുക പതിവാണ് . അതനുഭവിക്കുന്നവര്‍ക്ക് ആ വായന, വായനയില്‍ നിന്നും മാറി യാഥാര്‍ത്ഥ്യം ആയി അനുഭവപ്പെടുന്നത് കൊണ്ടാകാം ഒരുപക്ഷെ അങ്ങനെ ഒരു തോന്നിപ്പിക്കുക . അത് ശരി വയ്ക്കും മീരയുടെ ആഖ്യായന ശൈലി . വായനയിലൂടെയല്ല മറിച്ചു കഥാ സാഗരത്തിലൂടെ കടന്നു പോയ ഉല്ലാസം ഒടുവില്‍ ആരാച്ചാര്‍ ആയി ചേതന യതീന്ദ്ര നാഥ് ബാനര്‍ജിയെ തൂക്കി കൊല്ലാന്‍ പോകുന്ന അവസരത്തില്‍ മുറിയുന്നതും ഉദ്യോഗത്താല്‍ വായനക്കാരന്റെ നാഡീ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതും മരണത്തിന്റെ തണുത്ത കാറ്റ് അവനെ പൊതിയുന്നതും അനുഭവവേദ്യം ആക്കുന്നു . മരണം ഒരു ശാന്തമായ , സൗമ്യമായ അവസ്ഥയിലേക്ക് കൊണ്ട് വരുന്ന പ്രതീതി വരുത്താന്‍ ചേതനയിലൂടെ മീര ശ്രമിക്കുന്നുണ്ട് എങ്കിലും പിടയ്ക്കുന്ന ഹൃദയത്തോടെ മാത്രമേ ആ തൂക്കി കൊല നമുക്ക് വായിച്ചു പോകാന്‍ കഴിയുന്നുള്ളൂ . അത് പോലെ തന്നെയാണ് നഷ്ടമായ പ്രണയത്തിന്റെ , വിശ്വാസ വഞ്ചനയുടെ , കൌശലത്തിന്റെ മൂര്‍ത്തീഭാവമായ സന്ജീവനെ  ലോകത്തിനു മുന്നില്‍ ഒരു കുടുക്കില്‍ കുരുക്കിയിട്ടു ചേതന നടന്നു പോകുമ്പോഴും അവള്‍ക്കൊപ്പം സന്ജീവനെ തിരിഞ്ഞൊന്നു നോക്കാതെ നടക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതും .

         പൗരുഷത്തിന്റെ പരാജയത്തെ അല്ലെങ്കില്‍ എങ്ങനെ ഒരു പുരുഷന്റെ അഹങ്കാരത്തെ പത്തിയൊടിക്കാം എന്ന് ചേതന തെളിയിക്കുന്നുണ്ട് . സന്ജീവന്റെ വീട്ടില്‍ അവന്റെ മുറിയില്‍ അവനു വശം വദയാകാന്‍ തയ്യാറായി അവള്‍ നിന്ന് കൊടുത്തിട്ടും അയാള്‍ക്കവളെ ഒന്ന് തൊട്ടു പോലും നോക്കാന്‍ കഴിയാത്ത വണ്ണം അയാളെ പരവശനാക്കുന്നു ചേതനയുടെ ഓരോ വാക്കുകളും . അയാളുടെ ജന്മത്തെ, അസ്തിത്വത്തെ വീണ്ടും വീണ്ടും വാക്കുകളാല്‍ തല്ലി തല്ലി അവള്‍ ആനന്ദം കൊള്ളുമ്പോള്‍ വേട്ടയാടപ്പെട്ട മൃഗത്തെ പോലെ അയാള്‍ കിതയ്ക്കുകയും രക്ഷപ്പെടാന്‍ ഉള്ള വെപ്രാളം കാണിക്കുകയും ചെയ്യുന്നുണ്ട് . "എനിക്ക് നിന്നെ ഒരിക്കലെങ്കിലും പ്രാപിക്കണം " എന്ന വാക്കവള്‍ പിന്നെയും ഓര്‍മ്മിപ്പിക്കുമ്പോള്‍ ചത്ത ശവത്തിന്റെ മുഖം പോലെ അയാള്‍ വിളറി വെളുത്തിരുന്നു . ഇത് തന്നെയാണ് ബാറ്റന്‍ കൊണ്ട് തന്റെ മാറിനെ കുത്തി നോവിച്ച ജയില്‍ മേധാവിയോടും മറ്റൊരു വിധത്തില്‍ അവള്‍ തീര്‍ക്കുന്നത് . അവിടെ പുഞ്ചിരിയും സ്ഥൈര്യവും കൂട്ടിനു നിന്നു . മറ്റൊരിടത്ത് പിറകില്‍ നിന്നും തന്റെ മാറിടങ്ങളെ കശക്കിയ പുരുഷനെ കഴുത്തില്‍ തന്റെ ഷാള്‍ കൊണ്ട് നിമിഷങ്ങള്‍ക്കകം കുടുക്കിട്ടു ശ്വാസം മുട്ടിച്ചു ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തില്‍ നിര്‍ത്തിയ ചേതന പ്രതികരണ ശേഷി നഷ്ടപെട്ട ഇന്നിന്റെ സ്ത്രീകള്‍ക്കൊരു പ്രചോദനം തന്നെയായി നിലകൊള്ളുന്നു .

                മരണത്തെ , ജീവിതത്തെ , ബന്ധങ്ങളെ ഒക്കെ വളരെ ഭംഗിയായി കൈകാര്യം ചെയ്ത ആരാച്ചാര്‍ എന്ന ഈ കൃതി ആഖ്യായന ശൈലിയും , പ്രമേയത്തിലെ പുതുമയും കൊണ്ട് വളരെ വളരെ മുന്നിലാണ് . ബംഗാളി ഭാഷയില്‍ നിന്നൊരു പരിഭാഷ കൃതി വായിക്കുന്ന പോലൊരു അനുഭൂതിക്കൊപ്പം തന്നെ ആനുകാലിക സംഭവങ്ങളെയും ചരിത്രത്തെയും ഒരേ നൂലില്‍ കെട്ടി ഭംഗിയുള്ള ഒരു മാല്യം നിര്‍മ്മിച്ചിരിക്കുകയും ചെയ്യുന്നു എഴുത്തുകാരി . അടുത്ത കാലത്ത് വായിക്കാന്‍ കഴിഞ്ഞ നല്ലൊരു പുസ്തകം . തീര്‍ച്ചയായും വായനയില്‍ നൂറു ശതമാനം സംതൃപ്തി തരുന്നൊരു വായന . ........................................ബി ജി എന്‍ വര്‍ക്കല

1 comment:

  1. കുറെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തല്ലോ. പോസ്റ്റുകളെല്ലാം കണ്ടു!

    ReplyDelete