വായന ഒരു ലഹരിയാകുന്നത് വായിക്കുന്നത് മനസ്സിനെ കീഴ്പ്പെടുത്തുമ്പോള് ആണ് . എന്റെ മുന്നിലേക്ക് വരുന്ന ഓരോ വായനകളെയും ഞാന്‍ സമീപിക്കുന്നത് ഒരു തരം ആനന്ദത്തോടെയാണ് . എന്ത് കൊണ്ടാണ് വായന ഒരു ഹരമാകുന്നത് എന്നടിവര ഇടുന്ന വായനകള്‍ ഒരുപാടൊന്നും ഇല്ല എങ്കിലും വായനകളുടെ സമുദ്രത്തില്‍ മുങ്ങിയും പൊങ്ങിയും ഒഴുകുമ്പോള്‍ അവ വന്നു കയറുക പതിവാണ് .
ഇന്നെന്റെ വായനയില്‍ കടന്നു കയറിയ ചോണനുറുമ്പ് ആണ് "ഓര്‍മ്മകളുടെ ജാലകം " എന്ന ഫേബിയന്‍ ബുക്സിന്റെ ബ്രാന്‍ഡില്‍ ഇറങ്ങിയ കഥാ സമാഹാരം . അനില്‍കുമാര്‍ സി പി എന്ന എഴുത്തുകാരനെ പരിചയപ്പെടുത്താന്‍ മറ്റൊന്നും ആവശ്യമില്ലാതെ വായിക്കാന്‍ ലഭിച്ചൊരു കഥാപ്രപഞ്ചം. പ്രവാസിയായ ശ്രീ അനില്‍കുമാര്‍ എനിക്ക് പരിചിതനല്ല . പക്ഷേ ഈ പുസ്തകത്തിലെ പതിനെട്ടു കഥകളിലൂടെ അദ്ദേഹം എനിക്ക് പരിചിതനാകുന്നു . എഴുത്തില്‍ എഴുത്തുകാരനെ വായിക്കരുതെന്ന ആപ്തവാക്യം ഞാന്‍ തെറ്റിക്കുന്നില്ല . വായനയാണല്ലോ പ്രധാനം .
ഓരോ പ്രവാസിയുടെയും മനസ്സിലെ ദാഹവും , മോഹവും , സ്വപ്നവും നാടും , നാട്ടിന്റെ ഭംഗിയും ബന്ധങ്ങളും ഒക്കെയാണല്ലോ . വേനല്‍ച്ചൂടിലും , കൊടും തണുപ്പിലും , കോരിച്ചൊരിയുന്ന മഴയിലും അവന് തേടുക നാടിന്റെ ആ പച്ചപ്പുകളും , ബന്ധങ്ങളുടെ ഊഷ്മളമായ പുതപ്പും ആകുന്നത് അവന്റെ മനസ്സിങ്ങും ശരീരമങ്ങും ആകുന്നതിനാലാണ് . ഈ പതിനെട്ടു കഥകളിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് അനുഭവവേദ്യമാകുന്ന ചില വിഷയങ്ങള്‍ , നാം നഷ്ടമാക്കിയ, നഷ്ടമാകുന്ന മൂല്യങ്ങളുടെ കണക്കുകള്‍ ആണ് . നമ്മെ ചിന്തിപ്പിക്കുക ബന്ധങ്ങളുടെ ഊഷ്മളത മാത്രമല്ല ഓര്‍മ്മകളുടെ വേദന കൂടിയാണ് .
അവധികിട്ടുന്ന അവസരത്തില്‍ തന്നെ നാട്ടിലേക്ക് കുതിക്കാന്‍ വെമ്പുന്ന പ്രവാസിയുടെ മനസ്സിനെ തുറന്നു കാട്ടുന്ന രചനകള്‍ ഉണ്ടിതില്‍ . നാട്ടിലെ നന്മകളിലേക്ക് കണ്ണ് തുറക്കുന്ന വര്‍ണ്ണനകള്‍ ഉണ്ട് . സമകാലിക ജീവിതത്തിലെ യുവത്വത്തിന്റെ അവസ്ഥ ഉണ്ട് . നമുക്ക് നഷ്ടമാകുന്ന പ്രകൃതി ഭംഗികള്‍ , നമ്മുടെ കലാലയത്തിന്റെ , കൌമാരത്തിന്റെ , പ്രണയത്തിന്റെ , സൌഹൃദത്തിന്റെ ഒക്കെ വര്ണ്ണത്തുടുപ്പുകള് ഉണ്ട് .
പ്രണയത്തിന്റെ സൗന്ദര്യം വളരെ മനോഹരമായി ഈ എഴുത്തുകാരന് കൈകാര്യം ചെയ്യുന്നുണ്ട് . അത് പോലെ കയ്യടക്കത്തോടെ പ്രണയ നിമിഷങ്ങളെ പറഞ്ഞു പോകാന്‍ ഉള്ള കഴിവും എടുത്തു പറയേണ്ടത് തന്നെ . മറ്റൊന്ന് സൌഹൃദത്തിന്റെയായാലും പ്രണയത്തിതിന്റെയായാലും രതിയുടെയായാലും ബന്ധളുടെ ആഴങ്ങളെയായാലും ഒരിടത്ത് പോലും വിപരീതമായ ഒരു ഊര്‍ജ്ജം നമുക്കൊരു കഥയിലും ഈ എഴുത്തുകാരന് പങ്കു വച്ച് തരുന്നില്ല്ല എന്നതാണ് . വളരെ ശുഭാപ്തി വിശ്വാസം തുടിക്കുന്ന , ആത്മവിശ്വാസം തുടിക്കുന്ന വരികളും വാചകങ്ങളും സ്വന്തമായുള്ള ഓരോ കഥാപാത്രങ്ങളും തന്റെ തന്റെ ആകാശത്തില്‍ മിഴിവോടെ നില്ക്കുന്ന താരകങ്ങള്‍ ആണ് .
തീര്‍ച്ചയായും നല്ല ഭാവി വാഗ്ദാനം ചെയ്യുന്ന , നമുക്ക് നല്ലൊരു എഴുത്തുകാരനെ സമ്മാനിക്കുന്ന രീതിയില്‍ വായന അനുഭവം ആകുന്നു . നിങ്ങളുടെ വായനയില്‍ ഉള്‍പ്പെടുത്തുന്നതിനു ഒരു നല്ല പുസ്തകം ആയിരിക്കും "ഓര്‍മ്മകളുടെ ജാലകം " . അതോടെ നിങ്ങള്‍ ഈ എഴുത്തുകാരനെ സ്നേഹിച്ചു തുടങ്ങും ഉറപ്പു ...............ബി ജി എന്‍ വര്‍ക്കല
ഓർമ്മകളുടെ ജാലകം ...
ReplyDeleteഓർമ്മകളുടെ ജാലകം ...
ReplyDeleteആശംസകള്‍
ReplyDelete