Thursday, June 18, 2015

മഞ്ഞ് പൂത്ത വെയില്‍ മരം ......................ശിവനന്ദ

            ശിവ നന്ദ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന, അവതാരികയും ആസ്വാദനവും എഴുതിയ പ്രിയര്‍ക്ക് പോലും അജ്ഞാതമായ എഴുത്തുകാരിയുടെ മനോഹരമായ പതിനേഴു കഥകളുടെ കൂടാണ് "മഞ്ഞ് പൂത്ത വെയില്‍ മരം ".

           വായനയുടെ സൗന്ദര്യം എന്ന് മാത്രം ഇതിനെ വിശേഷിപ്പിക്കുക എഴുത്തുകാരിയോടു  കാട്ടുന്ന അനാദരവ് ആകാം . കാരണം അനുവാചക ഹൃദയത്തിലേക്ക് 'തന്നെ' എറിഞ്ഞു കൊടുക്കുന്ന അക്ഷര മായാജാലത്തില്‍ എവിടെയാണ് ശിവ നന്ദ ഇല്ലാത്തത് എന്ന് തിരയുന്നതല്ലേ എളുപ്പം എന്നാണു വായന എന്നെ ചിന്തിപ്പിച്ചത് . ജീവിതത്തിന്റെ മദ്ധ്യാഹ്നം കടന്നു കഴിഞ്ഞ , ഇരുത്തം വന്ന ഒരെഴുത്തുകാരിയെ ഇതില്‍ ദര്‍ശിക്കാന്‍ കഴിയും . പക്വതയോടെ ജീവിതത്തെ , ബന്ധങ്ങളെ നോക്കി കാണുന്ന ഒരു വ്യക്തി ഇതിലെ ഓരോ കഥയിലും ഉണ്ട് . ആശങ്കകള്‍ കൊണ്ട് ജീവിതത്തെ നോക്കി കാണുന്ന ഒരു മനസ്സും .

           അമ്മയുടെ നിശാവസ്ത്രം ധരിച്ചു നിന്ന മകളെ മദ്യപിച്ചു വന്ന ഒരു രാവില്‍ അറിയാതെ പുണരുകയും മകള്‍ ആണെന്ന് കണ്ടു മാപ്പ് പറയുകയും ചെയ്യുന്ന അച്ഛന്റെ നിസ്സഹായത പക്ഷേ സമൂഹത്തിനു മുന്നില്‍ പീഡനത്തിന്റെ പിത്രുമുഖം ആയി വായിക്കപ്പെടുന്ന തെറ്റുകളെ ചൂണ്ടി കാണിക്കുന്ന 'ദൈവത്തിന്റെ താഴ് വരയും' , പ്രണയത്തിന്റെ നഷ്ടത്തില്‍ നിന്നും മനസ്സിന്റെ ഇരുളിലേക്ക് വീണുപോയ ബാസുരിയുടെ ആകുലതകളും , ചേച്ചിയുടെ ഭര്‍ത്താവിന്റെ ഓരോ ആക്രമണങ്ങള്‍ക്ക് ശേഷവും തുളസീദളം കൊണ്ട് സ്നാനം ചെയ്തു ചന്ദനം പൂശി തന്റെ പ്രിയ കണ്ണനെ കാത്തിരിക്കുന്ന ആ മാനസികാവസ്ഥയും വളരെ വേദനാജനകം ആയി അനുഭവവേദ്യമാക്കുന്ന "മഴവില്ലണിഞ്ഞ ബാസുരിയും" എടുത്തു പറയാവുന്ന രചനകള്‍ തന്നെയാണ് . അവളുടെ മനസ്സ് ആഗ്രഹിക്കുന്നത് ഓരോ ദിനത്തിലും ഉള്ള ആ ആക്രമണം ആണ് കാരണം അതിനു ശേഷം മാത്രമേ അവളുടെ കണ്ണന്‍ അവളെ കാണാന്‍ വരികയുള്ളൂ എന്ന തിരിച്ചറിവ് . മനുഷ്യ മനസ്സിന്റെ കാണാക്കയങ്ങളില്‍ നമ്മെ എത്തിനോക്കാന്‍ പ്രേരിപ്പിക്കും . "മഴവില്ലണിഞ്ഞ ബാസുരി" അത് കൊണ്ട് തന്നെ ഒരു സൈക്കോ വായന തരുന്നു എന്ന് കരുതാം .,

            "കനല്‍പ്പൂക്കളില്‍" മരണത്തിനും ജീവിതത്തിനും ഇടയിലെ ചില നിമിഷങ്ങളെ വളരെ മനോഹരമായി പറയുന്നതിനു ഒപ്പം തന്നെ മീരയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരം പ്രിയരിലൂടെ സംഭവിക്കുന്നതിനെയും അമ്മയെ തിരിച്ചറിയാതെ പോകുന്ന മക്കളുടെ ദയനീയതയും വരച്ചു കാണിക്കുന്നു . ഈ സമാഹാരത്തില്‍ ആകമാനം വാര്‍ദ്ധക്യത്തിന്റെ ആകുലതകളെ ആണ് ചിത്രീകരിക്കുന്നത് . സായാഹ്നങ്ങളെ നോക്കുമ്പോള്‍ ഓരോ മനസ്സിലും ഉണ്ടാകുന്ന വ്യാകുലത നമ്മെ ഓര്‍മ്മിപ്പിക്കുന്ന അത്തരം ഒരുപാട് സന്ദര്‍ഭങ്ങള്‍ ഇവകളിലോരുപാടിടത്ത് പതിഞ്ഞു  കിടക്കുന്നത് സൂക്ഷ്മ വായന നല്‍കുന്നുണ്ട് . അത് പോലെ മാതൃത്വം , സ്ത്രീയുടെ അസ്ഥിത്വം ഇവയെയൊക്കെ വളരെ ഉന്നതിയോടെയും വളരെ ബഹുമാനത്തോടെയും കണ്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്ന രചനകള്‍ നമുക്കിതില്‍ കണ്ടെത്താന്‍ കഴിയും . തമിഴ് പെണ്ണിന്റെ ജീവിതത്തിലും , മറ്റും അതിനെ നന്നായി പറഞ്ഞു വയ്ക്കുന്നുണ്ട്‌ .

        പ്രണയത്തെ വളരെ പാകതയോടെ നോക്കി കാണുന്ന ഈ സമാഹാരത്തില്‍ പ്രണയം എന്നത് നിര്‍വ്വചിക്കാന്‍ ആകാത്ത ഒരു തലത്തിലേക്ക് ശിവനന്ദ കൈ പിടിച്ചു നടത്തുന്ന അവസ്ഥ ദര്‍ശിക്കുന്നുണ്ട് . സൈബറിലെ പരിചയം പ്രണയമായി ഒടുവില്‍ പാര്‍ക്കില്‍ നേരില്‍ കാണുന്നിടത്തും , ദീര്‍ഘമായ പരിചയം ഒടുവില്‍ പ്രണയത്തില്‍ മുങ്ങി ഒരു നോക്ക് കാണുവാന്‍ ഉള്ള അദമ്യമായ ആഗ്രഹമായി തീരുകയും നേരില്‍ കാണാന്‍ എത്തുമ്പോള്‍ ചുമരില്‍ ചിത്രമായി ഇരിക്കുന്ന കാഴ്ചയും ഒക്കെ പ്രണയത്തിന്റെ പല കാലങ്ങളെയും അവസ്ഥയും കാട്ടിത്തരുന്ന രചനകള്‍ ആണ് .

        ദാമ്പത്യത്തിലെ അടിമത്വവും , സഹനവും , പൊരുത്തക്കേടുകളെ സമരസപ്പെടുത്താന്‍ ഉള്ള വ്യഗ്രതകളും ഒക്കെ തന്നെ സ്ത്രീയുടെ സ്ഥായിയായ ഭാവത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ അതിനുള്ളില്‍ തന്നെ രക്ഷ നേടാന്‍ ഉള്ള വൃഥാ ശ്രമത്തിന്റെ ബഹീര്‍സ്ഫുരണമായി കാണേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങളും ഇതില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് .

       നല്ല കാമ്പുള്ള രചനകളിലൂടെ ഒളിച്ചിരുന്ന് കൊണ്ടാണെങ്കിലും വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ കഴിയുന്ന ഈ എഴുത്തുകാരിയുടെ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കപ്പെടട്ടെ എന്ന് ആശിക്കുന്നു . തീര്‍ച്ചയായും നിങ്ങള്‍ക്കൊരു നല്ല വായനാനുഭവം ആകും ഇത് .............ബി ജി എന്‍ വര്‍ക്കല 

7 comments:

 1. നമസ്ക്കാരം ബിജു.. ഞാന്‍ ശിവനന്ദ. ആദ്യമായാണ്‌ താങ്കളെ കാണുന്നത്. സുഹൃത്തിന്റെ അഡ്മിന്‍ , ഹരി ആണ് ലിങ്ക് തന്നത്. നന്ദി സുഹൃത്തേ...നന്ദി...സന്തോഷം കണ്ടതില്‍..

  ReplyDelete
  Replies
  1. സന്തോഷം ശിവനന്ദ . താങ്കളെ കേള്‍ക്കാന്‍ , വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം . നന്ദി

   Delete
  2. https://www.facebook.com/561906533954050/photos/a.660198557458180.1073741829.561906533954050/670389886439047/?type=3&theater
   ഇതെന്റെ എഫ് ബി പേജ് ഇവിടെയും ഞാന്‍ ഇതിട്ടിട്ടുണ്ട് . സമയം പോലെ ഒന്ന് നോക്കുമല്ലോ
   സസ്നേഹം ബി ജി എന്‍ വര്‍ക്കല

   Delete
 2. തീര്‍ച്ചയായും നോക്കും ബിജു.. ബിജുവിന്റെ ബ്ലോഗ്സും സമയം പോലെ വായിയ്ക്കണം എന്ന് കരുതുന്നു...

  ReplyDelete
 3. Vayanayude Vishalatha...!
  .
  manoharam, Ashamsakal...!!!

  ReplyDelete