Thursday, June 18, 2015

പ്രയാണം ....... പ്രിയ ഉണ്ണികൃഷ്ണന്‍

                        മുഖപുസ്തകത്തില്‍ കണ്ടു പരിചയിച്ച ഒരാള്‍ എന്ന നിലയ്ക്ക്  പ്രിയ ഉണ്ണികൃഷ്ണന്‍ വളരെ നല്ലൊരു എഴുത്തുകാരി എന്നത് സംശയമില്ലാത്ത കാര്യം തന്നെയാണ് . അധിക എഴുത്തുകള്‍ ഇല്ലാതെ തന്നെ ചെറിയ വലിയ വരികളില്‍ വല്ലപ്പോഴും മാത്രം പൂക്കുന്ന ആ സസ്യം പൂക്കുമ്പോള്‍ ഒക്കെ മനോഹരമായ സുഗന്ധം പരത്തുന്ന പുഷ്പങ്ങള്‍ സമ്മാനിക്കാറുണ്ട് . "പ്രയാണം " എന്ന കവിത സമാഹാരത്തില്‍ ഇത്തരത്തില്‍ ഇരുപത്തിയൊന്നു കവിതകള്‍ / പുഷ്പങ്ങള്‍ ഉണ്ട് നമ്മെ ആനന്ദിപ്പിക്കാന്‍ .

                    വളരെ മനോഹരമായി പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്ന ദുര്‍ഗ്രാഹ്യത ഇല്ലാത്ത വരികളുടെ ഉടമയാണ് പ്രിയ . പറയാനുള്ളത് പറയുമ്പോള്‍ വാക്കുകളുടെ കാഠിന്യം അല്ല അതിന്റെ മുനയാണ് പ്രധാനം എന്ന് കരുതുന്ന ഒരു എഴുത്തുകാരി ആയി പ്രിയയെ കാണാം . സ്ത്രീത്വത്തിന്റെ അടിച്ചമര്‍ത്തലുകളെ ചെറുത്തു തോല്‍പ്പിക്കാനുള്ള സന്ദേശവും ഉള്‍ക്കരുത്തോടെ അവയെ പറയാനുള്ള ആര്‍ജ്ജവവും പ്രിയ കൈകൊള്ളുകയും പ്രസരിപ്പിക്കുകയും ചെയ്യുന്നു . എഴുത്തുകാരിയുടെ സാമൂഹിക ധര്‍മ്മം എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ചിന്തകള്‍ ആണ് അവ .
 
                ആദ്യകവിതയിലെ ആദ്യ വാക്കുകള്‍ തന്നെ വായനക്കാരനെ മുന്നോട്ടു വായിക്കാന്‍ കണ്ണെടുക്കാതെ പിന്തുടരാന്‍ പ്രേരിപ്പിക്കും എന്നതാണ് പ്രിയയുടെ വിജയം .
മൌനത്തിന്റെ വാത്മീകമുടയുമ്പോള്‍ 
ചടുലമാകുന്ന വാചാലതയില്‍ 
വാക്കുകള്‍ മടുപ്പുണര്‍ത്തിയാല്‍ 
കാത്തിരിപ്പിനെന്തര്‍ത്ഥം ?
..........................................അറിയാത്ത അര്‍ത്ഥങ്ങള്‍ 

വളരെ ചിന്തോദ്ധീപകമായ ഇത്തരം കൊച്ചു ചോദ്യങ്ങളിലൂടെ പ്രിയ വരച്ചിടുന്ന ആകാശത്തിനു മഴവില്ലിന്റെ നിറമാണ് വായനക്കാരന്  ലഭ്യമാകുന്നത് .
           
               പുരാണങ്ങള്‍ എന്നും എഴുത്തുകാരുടെ അക്ഷയഖനിയാണ് . ഇവിടെ പ്രിയയും ആ ആഴിയില്‍ നിന്നും മുത്തുകള്‍ പെറുക്കി എടുക്കുന്നുണ്ട് അതും വളരെ ശ്രദ്ധിച്ചു തന്നെ . ദ്രൌപതിയും ഊര്‍മ്മിളയും പ്രിയയുടെ വരികളിലൂടെ പങ്കു വയ്ക്കുന്ന അനപത്യദുഃഖം കാലങ്ങളായി നാം കണ്ടും വായിച്ചും അറിയുന്ന അതെ സാന്ദ്രതയോടെ തന്നെ ഇന്നും അനുഭവപ്പെടുന്നു . എഴുത്തിന്റെ മനോഹരമായ കയ്യടക്കം , ഭാഷയുടെ പ്രയോഗങ്ങള്‍ എല്ലാം തന്നെ പ്രിയയുടെ രചനയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന കാഴ്ചകള്‍ ഉടനീളം വായിക്കാം .

                    പ്രണയവും പുരാണവും മാത്രമല്ല ആനുകാലിക സാമൂഹിക രാക്ഷ്ട്രീയ വിഷയങ്ങളും തനിക്കു വഴങ്ങുന്നതാണ് എന്നൊരു താക്കീതാണ് "പേള്‍ ഹാര്‍ബ"റിലൂടെ പ്രിയ തരുന്നത് . വളരെ ആഴത്തില്‍ പഠിച്ച ശേഷമാണ് അതിനു കാവ്യാവിഷ്കാരം നല്‍കിയതെന്ന് വായന പറഞ്ഞു തരുന്നുണ്ട് .

                 കൂട്ടത്തില്‍ ഏറ്റവും മനോഹരവും കൌതുകകരവുമായ ഒരു വായന തന്ന കവിത "ചതുരംഗം" ആയിരുന്നു . അത് വായിച്ചു തീരുമ്പോള്‍ ആണ് ഒരു വിഷയത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കാനും കഴിയും എന്നും , പ്രണയവും രതിയും എഴുതാന്‍ ഭാഷ പഠിക്കേണ്ടി ഇരിക്കുന്നു ഇനിയും സമകാലികരായ എഴുത്തുകാര്‍ എന്നും മനസിലാക്കുക . കറുപ്പും വെളുപ്പുമാര്‍ന്ന കരുക്കളുടെ ചലനങ്ങളിലൂടെ മുന്നോട്ടു നയിക്കുന്ന ആ കവിത വളരെ മനോഹരമായിരുന്നു. ഒരു പക്ഷേ ഈ പുസ്തകത്തിന്‌ പേര് കൊടുത്തപ്പോള്‍ പോലും ഈ പേര് ആയിരുന്നു ഇതിനു അനുയോജ്യം എന്ന് തോന്നിച്ചു വായനയില്‍ .
       
            ഭാവിയുടെ വാഗ്ദാനം ആയ ഈ എഴുത്തുകാരിയുടെ കൂടുതല്‍ കവിതാസമാഹാരങ്ങള്‍ വായിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു . പ്രിയ കഥകളും ലേഖനങ്ങളും എഴുതുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് തോന്നുന്നത് അതിലും നന്ന് കവിതകള്‍ തന്നെയാണ് അതിനാല്‍ പ്രിയ കവിതകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നൊരു അഭിപ്രായവും ഉണ്ട് . എന്തായാലും വായനക്കാര്‍ വായിക്കുക , വിലയിരുത്തുക . തീര്‍ച്ചയായും നല്ല വിരുന്നു തന്നെയാകും അത് ...................................ബി ജി എന്‍ വര്‍ക്കല

No comments:

Post a Comment