Saturday, June 20, 2015

ലജ്ജ .............തസ്ലീമ നസ്രീന്‍

               ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു വായനയായിരുന്നു തസ്ലീമ നസ്രീന്റെ "ലജ്ജ" . കേട്ടു കേള്‍വിയിലും വായനകളിലും നിറഞ്ഞു നിന്ന തസ്ലീമയുടെ പരദേശ വാസങ്ങള്‍ , ജീവനും കയ്യില്‍പ്പിടിച്ചു രാജ്യങ്ങള്‍ താണ്ടുന്ന നിസ്സഹായത ഒക്കെ ഈ നോവലിന്റെ പിന്നിലെ വിഷയങ്ങള്‍ ആണെന്ന വായനായറിവ്  ആ പുസ്തകം വായിക്കണം എന്ന ആഗ്രഹത്തെ വല്ലാതെ ജ്വലിപ്പിച്ചിരുന്നു . യാദൃശ്ചികമായി അത് കൈ വന്നപ്പോള്‍ പിന്നെ വായിക്കാം എന്ന് കരുതി രണ്ടു തവണ മാറ്റി വയ്ക്കുകയും ചെയ്തു എങ്കിലും ഒടുവില്‍ അതിനെ ഞാന്‍ കയ്യിലെടുത്തു .

              ശ്രീ. കെ പി ബാലചന്ദ്രന്‍ വിവര്‍ത്തനം ചെയ്തു ഗ്രീന്‍ ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം വായിക്കുമ്പോള്‍ പക്ഷേ എനിക്ക് ഫീല്‍ ആയതു മറ്റൊന്നാണ് . മതത്തിന്റെ തീവ്രമുഖം എല്ലാ കാലത്തും സിമിറ്റിക് മതലോകത്ത് ശക്തമായിരുന്നു . ഒരുകാലത്തും സഹിഷ്ണുതയുടെ മുഖം അവര്‍ കാണിച്ചിരുന്നില്ല . വെട്ടി പിടിയ്ക്കാനുള്ള സാമ്രാജ്യ മോഹം മുതല്‍ ഒരു ചെറിയ തീപ്പൊരി കൊണ്ട് പോലും പൊട്ടിത്തെറിക്കുന്ന അറിവില്ലായ്മയുടെ ഒരു പരിശ്ചേദം ആയി അവ എന്നും ചരിത്രത്തില്‍ നില്‍ക്കുന്നു . പരിഷ്കൃത ലോകത്ത് മാത്രം ഇവയ്ക്കു വേരുകള്‍ അധികമില്ല എങ്കിലും മതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ ഇടങ്ങളില്‍ എല്ലാം തന്നെ അവയുടെ പ്രഭാവം വളരെ പ്രകടമായി തന്നെ നിലനില്‍ക്കുന്നുണ്ട് .

           ഇത്തരം ഒരു അവസ്ഥ അല്ലെങ്കില്‍ വസ്തുത മനസ്സില്‍ അടിയുറപ്പിക്കുന്ന വായനയാണ് "ലജ്ജ" നമുക്ക് നല്‍കുക. എന്താണ് ലജ്ജയുടെ ഉള്ളടക്കം എന്ന് പരിശോധിക്കുന്നത് ഈ വാദത്തിനു ബലം നല്‍കും എന്ന് കരുതുന്നു . ബാബറി മസ്ജിദ് തകര്‍ത്തത് ലോകമാകെയുള്ള മുസ്ലീം മത വിശ്വാസികളുടെ മനസ്സില്‍ ഇന്ത്യയോടു ഉണ്ടാക്കി എടുത്ത വിദ്വേഷം , അത് ബംഗ്ലാദേശില്‍ എങ്ങനെ ആയിരുന്നു എന്നൊരു വിവരണക്കുറിപ്പ്‌ ആണ് ലജ്ജ എന്ന് പറയാം . അതുവരെ സൗഹൃദത്തോടെ കഴിഞ്ഞവര്‍ എന്ന് പറയാന്‍ കഴിയില്ല എങ്കിലും 'മോങ്ങാനിരുന്ന നായുടെ മേലൊരു തേങ്ങാ വീണെന്ന് 'പറയുന്ന അവസ്ഥ ആയിരുന്നു ബാബറി പ്രശ്നം അവിടെ ഉണ്ടാക്കിയത് എന്ന് കാണാം .

               ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു അവരെ മര്‍ദ്ദിക്കുകയും , കൊല്ലുകയും അവരുടെ മുതലുകള്‍ കൊള്ളയടിക്കുകയും , സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു കൊണ്ടും , ക്ഷേത്രങ്ങള്‍ തകര്‍ത്തും വിഗ്രഹങ്ങളില്‍ മൂത്രമൊഴിച്ചും , കടകള്‍ തിരഞ്ഞു പിടിച്ചു കൊള്ളയടിച്ചും കത്തിച്ചും മുസ്ലീം നാമധാരികളായ ചെറുപ്പക്കാരും മതത്തിന്റെ മേധാവികളും അഴിഞ്ഞാടുന്ന രംഗം ആണ് ലജ്ജയില്‍ ഉടനീളം കാണുന്നത് . സര്‍ക്കാര്‍ നിഷ്ക്രിയരായി മൗനം പാലിക്കുകയും അന്നുവരെ ഒന്നിച്ചിരുന്ന കുടുംബങ്ങളും സൗഹൃദങ്ങളും പരസ്പരം കണ്ടാല്‍ അറിയാത്തവര്‍ ആകുകയും ചെയ്യുന്ന കാഴ്ച. എന്താണ് ഇതിനു പിന്നിലെ ചേതോ വികാരം എന്നതിനപ്പുറം ഈ പ്രവര്‍ത്തി കൊണ്ട് എന്താണ് നേട്ടം എന്നത് ഒരു നിമിഷം അവര്‍ ആലോചിച്ചിട്ടുണ്ടോ ? ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ അത് ഒരു സമൂഹത്തിന്റെ കുറ്റം ആകുന്നതെങ്ങനെ എന്ന് മനസ്സിലാകുക അവന്റെ മതചിന്തയിലെ കാഴ്ചകള്‍ ആകും . ഒരു പള്ളി പൊളിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ പൊളിക്കുമ്പോള്‍ ആരെയാണ് തെറ്റുകാര്‍ ആക്കാന്‍ കഴിയുക എന്ന് പൊളിക്കുന്നവരോ പൊളിക്കാന്‍ ആഹ്വാനം ചെയ്യുന്നവരോ മനസ്സിലാക്കുന്നില്ല എന്നതല്ലേ വാസ്തവം . ആരാധനാലയങ്ങള്‍ അല്ല ആതുരാലയങ്ങളും , വിദ്യാലയങ്ങളും ആണ് നമുക്ക് വേണ്ടത് . വിവരവും വിദ്യാഭ്യാസവും ആരോഗ്യവും നേടാന്‍ സമൂഹത്തിനു സാധിക്കുക അങ്ങനെ ആണ് .

             ഇവിടെ എന്താണ് മതം നേടുന്നത് . ഇന്ത്യയില്‍ നടക്കുന്ന വിവരങ്ങളെ സ്ഥാപിതമായ വാര്‍ത്താവഴികള്‍ മറ്റു രാജ്യങ്ങളില്‍ എത്തിക്കുമ്പോള്‍ അവ കറുപ്പ് കാക്ക ആയി മാറുന്നതായി കാണാം . ഒരു കാലത്ത് ഒന്നിച്ചു കിടന്ന രാജ്യങ്ങള്‍ പിന്നെ ഭിന്നിച്ചു നിന്നപ്പോള്‍ സ്വരാജ്യ സ്നേഹം ഉള്ള ജനങ്ങള്‍ അതാതു പ്രദേശത്ത് തങ്ങിയത് സ്വാഭാവികം ആണ് പക്ഷേ ഇന്ത്യ എന്നൊരു രാജ്യത്തിന്റെ മതേതരത്വ മുഖം മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയാതെ പോയത് , അനുവര്‍ത്തിക്കാന്‍ കഴിയാതെ പോയത് മതത്തിന്റെ തീവ്ര സ്വഭാവവും , വിദ്യാഭ്യാസത്തിന്റെ കുറവും കൊണ്ട് തന്നെയാണ് . ഇന്ത്യ ഇന്ന് മതേതരത്വത്തില്‍ നിന്നും വളരെ പിന്നോക്കം പോകുകയും ഇവിടെയും മത ചിന്തകളുടെ സ്പര്‍ദ്ധകള്‍ പടര്‍ന്നു തുടങ്ങുകയും ചെയ്തതില്‍ മതത്തിന്റെ പങ്കു വളരെ വലുതാണ്‌ . അയല്‍രാജ്യങ്ങളില്‍ നിന്നും കടന്നു വന്ന ഈ ചിന്തകള്‍ ഇന്ത്യയുടെ മാറിലും അന്യന്റെ കണ്ണുകളില്‍ കൂടി കാണാന്‍ പ്രേരിപ്പിക്കുകയും ഇവിടെയും മതങ്ങളുടെ ഇടയിലെ കുത്തിത്തിരിപ്പുകള്‍ പ്രത്യക്ഷമാകാനും തുടങ്ങുന്നത് ഒരു ആഗോള ഗൂഡാലോചനയുടെ ഭാഗമായി മാത്രമാണ് . ലോകത്ത് ഒന്നാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന ഒരു മതവും ആ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മറ്റൊരു മതവും തമ്മിലുള്ള കുടിപ്പകകള്‍ ലോകമാകമാനം സമാധാനത്തിനു ഭംഗം വരുത്തിക്കൊണ്ടിരിക്കുന്നു .

            കാത്തിരുന്ന പോലെ ഇന്ത്യ ഈ കേവലതകളില്‍ വീണു തന്റെ മതേതര സ്വഭാവം നശിപ്പിച്ചു കൊണ്ട് സംഘ പരിവാര്‍ സ്വരാജ്യ സ്നേഹത്തിന്റെ മുഖം മൂടി അണിയുന്ന കാഴ്ച നാം കണ്ടു കൊണ്ടിരിക്കുന്നതും ഈ ഒരു സത്യത്തെ ഓര്‍ത്ത്‌ കൊണ്ടാകുന്നത് കാര്യങ്ങളെ വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കും . പള്ളികള്‍ പൊളിച്ചും , കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്തും , പാസ്റ്റര്‍ മാരെ ച്ചുട്ടുകൊന്നും , തൊഗാഡിയമാരും ശശികലാദി കളും കൊരുത്തു വിടുന്ന വാക്ശരങ്ങള്‍ കൊണ്ടും ഈ സ്പര്‍ദ്ധ വളരെ വേഗം പടര്‍ന്നു പിടിക്കുന്നുണ്ട് . ബംഗ്ലാദേശ് പോലൊരു രാജ്യത്ത് രണ്ടാം പൌരന്മാരായത് കൊണ്ട് ഹിന്ദുക്കള്‍ പ്രതികരിക്കാതെ രക്ഷപ്പെട്ടു ഓടുകയോ , വിധേയരായി മതം മാറുകയോ , മരിക്കുകയോ ചെയ്തു എന്ന തസ്ലീമയുടെ വിലയിരുത്തല്‍ പക്ഷേ ഇന്ത്യ പോലൊരു രാജ്യത്ത് ഒരിക്കലും പ്രായോഗികമല്ല എന്നതാണ് ഈ വിഷയത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഭയാനകത . ഇവിടെ ഒളിച്ചോടല്‍ അല്ല സംഭവിക്കുക സഹനവും മറിച്ചു ഒരു സാമുദായിക ലഹളയാകും . നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ വിദേശ കൈ കടത്തലുകള്‍ കൂടി ആകുമ്പോള്‍ ഇന്ത്യ യുടെ മാറില്‍ തീരുന്ന ഏറ്റവും വലിയൊരു ദുരന്തമാകും അത് .

            വിവരവും വിവേകവും ഉള്ള ജനങ്ങള്‍ എന്ന് പേര് കേട്ട കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പോലും ഇന്ന് മാറി വരുന്ന ഖേദകരമായ കാഴ്ചയില്‍ നിന്ന് കൊണ്ട് ലജ്ജ വായിക്കേണ്ടിയിരിക്കുന്നു . മനസ്സിലാക്കേണ്ടിയിരിക്കുന്നു . നമുക്ക് വേണ്ടത് മതം അല്ല മനുഷ്യ സ്നേഹമാണ് . മതം ഒരിക്കലും ഒരു കാലഘട്ടത്തിലും ഒരു ജനതയിലും പുരോഗതിയോ , വളര്‍ച്ചയോ തന്നിട്ടില്ല . പെരുപ്പിച്ചു കാണിക്കുന്ന ഒന്നും തന്നെ മതത്തിന്റെ സംഭാവനകളും അല്ല . അതിനാല്‍ സമൂഹം മതത്തെ മറക്കുകയും മനുഷ്യനെ ഓര്‍ക്കുകയും സ്നേഹിക്കുകയും ചെയ്യാന്‍ തുടങ്ങുവാന്‍ ഈ വായന നന്നായിരിക്കും എന്ന് കരുതുന്നു . അല്ലാതെ ഇവ വായന നിരോധിച്ചു കൊണ്ട് സത്യങ്ങളെ മൂടി കെട്ടി വയ്ക്കുക അല്ല വേണ്ടത് . നിര്‍ഭാഗ്യകരമായ പലതും സംഭവിച്ചു കഴിഞ്ഞു . ഒഴിവാക്കാന്‍ കഴിയാവുന്ന പലതും . ഇനി അവ ഉണ്ടാകാതെ നോക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . ലജ്ജ ഒരുത്തമ നോവല്‍ ആണെന്ന് എനിക്ക് അഭിപ്രായമില്ല . പക്ഷേ കലാപഭൂമിയില്‍ നിന്നും ഒരു മതാന്ധത അല്ലാത്ത എഴുത്തുകാരിയുടെ നിഷ്പക്ഷ നിലപാടുകളുടെ ക്രോഡീകരണം എന്ന് പറയാം . പതിമൂന്നു ദിവസം നീണ്ടു നിന്ന സംഭവങ്ങളില്‍ , കാലാകാലമായി ദേശീയത മനസ്സില്‍ സൂക്ഷിച്ച, മത വിശ്വാസം പ്രധാനമായ ഒരു ചര്യയോ ആചാരമോ ആയി കാണാതെ ജീവിച്ച ഒരു ചെറുപ്പക്കാരന്‍ ഒടുവില്‍ തന്റെ കുടുംബവും ഈ വര്‍ഗ്ഗീയതയ്ക്ക് ഇരയാകുകയും ചെയ്തു കഴിയുമ്പോള്‍ എല്ലാ വിശ്വാസങ്ങളെയും വലിച്ചെറിഞ്ഞു (തന്റെ തന്നെ കമ്മ്യൂണിസ്റ്റ് ഇടതു പക്ഷ ചിന്തകളെ ചുട്ടു കളയുന്നുണ്ട് ആ ആശയങ്ങളുടെ പുസ്തകങ്ങളെ കത്തിച്ചു കൊണ്ട് ) ഒരു മതവിശ്വാസിയാകുകയും ഒരു അന്യജാതി പെണ്‍കുട്ടിയെ (വേശ്യാ വൃത്തി ചെയ്യുന്നവള്‍ ആണെങ്കില്‍ കൂടിയും ) കൂട്ടിക്കൊണ്ടു വന്നു തന്റെ മനസ്സിലെ എല്ലാ ദേഷ്യവും ക്രൂരതയും അവളില്‍ ഏല്‍പ്പിക്കുകയും ഒടുവില്‍ ജനിച്ചു വളര്‍ന്ന , സ്നേഹിച്ച നാട് വിട്ടു ഇന്ത്യയിലേക്ക് പോകാന്‍ ഉറപ്പിക്കുകയും ചെയ്യുന്നിടത്ത് ലജ്ജ അവസാനിക്കുകയും മതം , വര്‍ഗ്ഗീയത എങ്ങനെ ആണ് ഒരു മനുഷ്യനിലെ ദേശീയത നശിപ്പിക്കുകയും അവിടെ ജാതി മത വര്‍ഗ്ഗീയ വിദ്വേഷങ്ങള്‍ നടുകയും ചെയ്യുന്നത് എന്ന് കാണിച്ചു തരികയും ചെയ്യുകയാണ് .
             
                 വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണ് . വായന കണ്ണുകള്‍ തുറപ്പിക്കുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി വായന സമര്‍പ്പിക്കുന്നു . ഓര്‍ക്കുക മതം ഒരിക്കലും ഒന്നും തരുന്നില്ല അതിരുകളും അരുതുകളും അല്ലാതെ . .....................ബി ജി എന്‍ വര്‍ക്കല 

4 comments:

  1. മതം തരുന്നത് ഭ്രാന്ത് മാത്രമാണ്. ഏറ്റക്കുറച്ചിലോടെയാണെന്ന് മാത്രം

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നന്നായി , വായിക്കണം

    ReplyDelete
  4. പുസ്തക പരിചയം നന്നായി
    "ലജ്ജ" വായിച്ചിട്ടുണ്ട്
    ആശംസകള്‍

    ReplyDelete