Tuesday, April 28, 2015

തൊട്ടാവാടിപ്പൂവുകള്‍


സംശയക്കണ്ണാല്‍ നീയളന്നിട്ടൊരു
സങ്കടക്കടലില്‍ തിരകളടങ്ങുമ്പോള്‍,
തീരത്തിന്‍ മാറില്‍ നീ വരച്ചിടും നഖ
ചിത്രങ്ങള്‍ മായ്ക്കുവാന്‍ കാലത്തിന്നാകുമോ?

വര്‍ണ്ണങ്ങള്‍ മങ്ങിയ ജീവിത പുസ്തക-
ത്താളുകള്‍ ഒന്നൊന്നായി കീറിത്തുടങ്ങുമ്പോള്‍.
ഓര്‍മ്മതന്‍ താളിലിന്നും മറക്കാതെ കരുതുന്നുവോ 
പോയ കാലത്തിന്‍ മുനയുള്ള വാക്കുകള്‍ !

എന്നും വിടരാന്‍ കൊതിച്ചൊരു പനിനീര്‍
പുഷ്പം മിഴിപൊത്തി നോക്കുന്നു വാടിയില്‍.
എങ്കിലും എന്നുടെ പവിഴമല്ലിതന്‍ മിഴി
തോരുന്ന നാളത്  കൊതിക്കുന്നു ഞാനിന്നേവം.

നിന്നിലേക്കെത്തുമെന്‍ ജീവന്റെ സ്പന്ദനം
നിന്നിലലിയാന്‍ കൊതിക്കുന്നതെന്നുമേ.
എങ്കിലും നിന്നുടെ സുസ്മേരവദനത്തില്‍
കാര്‍കൊണ്ട വാനം സ്മരിക്കത് ദുഷ്ക്കരം പ്രിയേ !
-----------------------------ബിജു ജി നാഥ്
 

മരിച്ചു ജീവിക്കുന്നവര്‍


നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും
ദീര്‍ഘ നിശ്വാസ പരലുകള്‍ തെറിക്കും,
തമസ്സിന്റെ കരിമ്പടം മാറ്റി നോക്കുകില്‍
കാണാം നിനക്കെന്റെ എല്ലിച്ച ദേഹം !

മൂക്ക് ചുളിക്കാതെ കടന്നു വരാന്‍,
അറയ്ക്കാതെന്നെ ചുംബിച്ചിടാന്‍
കഴിയുമോ നിനക്കൊരിക്കലെങ്കിലും.
രൂക്ഷ ഗന്ധം നിറയും മുറിയിതില്‍
ഡെറ്റോളോ മൂത്രമോ മലഗന്ധമോ
വേര്‍തിരിച്ചറിയാത്ത ഗന്ധങ്ങളെത്രയോ !

ഒന്നനക്കാന്‍  കഴിയും തെല്ലെങ്കില്‍
മേശമേലിരിക്കും കത്തിയെന്‍
ചങ്കിലാഴ്ത്തി മോക്ഷം നേടാന്‍
ആഗ്രഹിച്ചെത്ര രാവും പകലും കടന്നു പോയ്‌ .

പൊട്ടിയടര്‍ന്നു തുടങ്ങിയോരെന്‍
പൃഷ്ടഭാഗത്തു വേദനകടലുകള്‍ തിരതല്ലേ
പുഞ്ചിരിക്കുവാന്‍ പറയല്ലേ, നിന്മുഖം
കാണുമ്പോള്‍ പിണങ്ങരുതതോര്‍ത്തു നീ .

ഭാരമായി തുടങ്ങിയ ജന്മമെന്‍-
സേവനത്തില്‍ മുഴുകുവോര്‍ക്കെങ്കിലും,
ഉള്ളില്‍ ഉണരും വെറുപ്പുമായ്‌ നിത്യവും
വന്നു പോകുന്നുണ്ട് സഹതാപ ചിരിയുമായ് .

കാതില്‍ വീണു പുളയും ചിലപ്പോഴെന്‍
സ്നേഹലോലരാം ബന്ധു ജനങ്ങള്‍ തന്‍
ആര്‍ത്തിരമ്പുന്ന ഗതികേടിന്‍ സ്വരങ്ങളും
പ്രാകിയാര്‍ക്കും വചസ്സുകള്‍ ചുറ്റിലും .

എങ്കിലും പേറുന്നു ഞാനെന്റെയീ ദേഹം
കേവലം ദയാഹര്‍ജ്ജി തേടും മര്‍ത്യ-
ജന്മങ്ങള്‍ക്കിടയില്‍ മരിക്കാതെ മരിച്ചിന്നും.
വന്നിടുക കാണുക പിന്നെ വ്യര്‍ത്ഥം കേഴുക
ദൈവത്തിന്‍ സ്നേഹവും വരദാനങ്ങളും നീളെ നീളെ .
-------------------------------------ബിജു ജി നാഥ്

Monday, April 27, 2015

സെലീനയുടെ ഡയറി

ഏഴരയുടെ ബീന
പാലത്തിനു ചോട്ടില്‍ എത്തുമ്പോള്‍
സെലീനയുടെ മരണത്തോടെ
ദിവസം ആരംഭിക്കുന്നു .

തിടുക്കത്തില്‍
കുമാരേട്ടന്റെ ഡബിള്‍ ബെല്ലില്‍
കുരുങ്ങി
ഒഴിഞ്ഞൊരു സീറ്റിലേക്ക്
അലച്ചു വീഴുന്നു.

അലസന്‍ കാറ്റിന്റെ
വികൃതിയില്‍ നിന്ന്
മുടിയെ വലിച്ചെടുത്തു
കവലയിലേക്കൊരു തവളച്ചാട്ടം ചാടുന്നു .

ധൃതി പിടിച്ചു തുറക്കുന്ന
ഷട്ടറിന്നുള്ളിലേക്ക്
പറന്നു കയറുന്ന പാദങ്ങള്‍ .
അടുക്കിയതും
അടുക്കാത്തതുമായ
പോയവൈകുന്നേരത്തെ
അടുക്കി പാതിയാകുമ്പോള്‍
സന്ദര്‍ശകര്‍ വന്നു തുടങ്ങുന്നു .

തിരക്കിനിടയില്‍
പിടിച്ചു നിര്‍ത്തിയ മൂത്രവുമായി
ആളൊഴിഞ്ഞ നേരത്തോടുന്നകത്തേക്ക്
തിരികെ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു
തിരക്കിനിടയിലേക്കൂളിയിടുന്നു
പിന്നെയും.

നാലുമണിയുടെ ചായയും കടിയും
കുടിച്ചും കടിച്ചും, ഈച്ച വീണു
തണുത്തും
നേരം തല്ലിയലച്ചു പോകുന്നു.

അവസാനയാത്രയുടെ
ആലസ്യത്തില്‍
വിയര്‍പ്പും മദ്യവും മണക്കുന്ന
തിരക്കില്‍ ശ്വാസം പിടിച്ചൊരു
ട്രപ്പീസ് കളിയിലൂടെ
ഏഴരയുടെ ബീന
പാലത്തിനു ചോട്ടില്‍ എത്തുമ്പോള്‍
ചൂട്ടുകറ്റയുമായമ്മ
ദിവസത്തിന്റെ അവസാനം കുറിക്കുന്നു.
സെലീന വീണ്ടും ജനിക്കുന്നു .
------------ബിജു ജി നാഥ്

സന്ദേഹം

ചുറ്റും കട്ട പിടിച്ച
മൗനത്തിൻ്റെ നേർത്ത
സ്തരം മുറിച്ചു കൊണ്ടാകണം,
സ്നേഹത്തിൻ്റെ പച്ച ഞരമ്പുകളിൽ
ജീവിതം തളിരിട്ടു തുടങ്ങിയത്.
അകലങ്ങളിൽ അരൂപികൾക്ക്
വിശുദ്ധ വസ്ത്രങ്ങളുടെ തൊങ്ങലുകൾ
തുന്നിച്ചേർക്കുന്ന നീലാകാശം
കടന്നു വരുന്നുണ്ടൊരു പിശറൻ കാറ്റ്.
മുടിയഴിച്ചിട്ട പകൽ കിനാവുകൾക്കു മേൽ,
മറവി തുന്നി പിടിപ്പിക്കുന്ന നനഞ്ഞ പീലികൾ!
കണ്ണാരം പൊത്തി കളിയ്ക്കൂന്ന മൂവന്തികൾ!
നമ്മൾ, പ്രണയ പുഷ്പങ്ങളെ തിരഞ്ഞുമലയിറങ്ങണമിനിയെന്നോ?
.------------------------------------------ബിജു ജി നാഥ്

Thursday, April 23, 2015

ഒരു ദൈവം ജനിക്കുമ്പോള്‍


മൗനമായി ജീവിത പെരുവഴിയില്‍
ലാളനം തേടിയ പടുബാല്യമൊന്നുണ്ട്
പതിനാലിന്‍ നിറവില്‍ അവതാരമായി
പതിവായി മാളോരെ വിഡ്ഢിയാക്കി .

വിഭൂതിയും രത്നവും ഫലമൂല്യങ്ങളും
പിന്നെ മധുരവചനങ്ങളും മറയാക്കി
പലകോടി ജനതതന്‍ വിശ്വാസ രോഗ
വ്യവസായ മൂല്യമറിഞ്ഞൊരുവന്‍

രത്നസിംഹാസനമൊന്നില്‍ വിരാജിച്ചു
കോടികള്‍ കൊയ്യുന്ന സാമ്രാജ്യപതിയായ്
കാലം കടന്നുപോയി കരള്‍ കവര്‍ന്നെടുത്തു
രോഗവും അവതാരമെന്നറിയാതെ.

അവതാരങ്ങള്‍ മരിക്കുന്നില്ല ദേഹം
വെടിയുന്നൊരു ജാലം മാത്രമെന്നുറപ്പിച്ചു
ഒരുപാടു ചരിത്രമുറങ്ങും നഗരത്തില്‍
ഉയരുന്നു മറ്റൊരു ദേവാലയം കൂടി .

പത്മനാഭനും നാരായണനും കൂട്ടിനു
പട്ടുമെത്ത ഒരുക്കി വരുന്നുണ്ട്
കച്ചവടത്തിന്റെ കാപട്യമൊളിപ്പിച്ച
ആര്‍ഷഭാരത സംസ്കൃതി വീണ്ടുമേ .
-------------------------ബിജു ജി നാഥ്

Wednesday, April 22, 2015

സഹയാത്രികര്‍

ഒരു കുഞ്ഞു തൂവലിന്‍ തലോടല്‍ പോല്‍
നിന്റെ നിറുകയില്‍ ഞാനൊന്നു തൊട്ടിടാം
പ്രിയതേ തുളുംബാതിരിക്കുവാന്‍ നിന്നുടെ
സ്വപ്നം മയങ്ങുമീ താരക മിഴികള്‍ രണ്ടും .

അശക്തര്‍ നാം ജീവിത നാടകശാലയില്‍
വേഷം മാറി വിശ്രമിക്കുവാന്‍ തെല്ലുമേ
അദൃശ്യം ഉള്ളില്‍ തിളയ്ക്കും ലാവതന്‍ തപം
മറയ്ക്കുവാന്‍ വൃഥാ നാം ശ്രമിക്കുന്നു നിത്യവും.

വാക്കുകള്‍ കൊണ്ട് തീര്‍ക്കും മായാജാല
ലോകത്തില്‍ നാം രമിക്കുന്നു നിരാശ്രയര്‍.
ദീര്‍ഘ നിശ്വാസതന്മാത്രകള്‍ കൊണ്ട്
മൗനത്തിന്‍ കോട്ടകള്‍ തകര്‍ക്കും രാവുകള്‍!

കണ്ടുമുട്ടുന്നു നാം ഏതോ ദശാസന്ധിതന്‍
കന്മദം ഉരുകും തീക്ഷ്ണവേനലിന്‍ പകലില്‍
ഒട്ടു നിന്നു നാം പരസ്പരം കൈകോര്‍ത്തിന്നു
യാത്ര ചെയ്തീടാം നിന്‍ മനം വിടര്‍ന്നീടുകില്‍ .
-----------------------------------ബിജു ജി നാഥ്

Monday, April 20, 2015

വാനരന്‍

എങ്കിലും മനമാഗ്രഹിപ്പത് വാനരനെ പോല്‍
ചഞ്ചലം നിന്നുടെ ചുറ്റുമല്ലോ ചെറു -
ചുംബനങ്ങള്‍ കൊണ്ട് മൂടുവാന്‍
ഉടലിന്റെ സ്നിഗ്ധമധുരമാം നിമ്നോതങ്ങളില്‍
---------------------------------ബിജു ജി നാഥ്

Saturday, April 18, 2015

ഭിക്ഷാം ദേഹി

വാക്കിന്‍ ചില്ലകള്‍ പൊഴിക്കും മധുര-
മതോര്‍മ്മ ദിനങ്ങള്‍ പോല്‍ മറയുന്നു.
ഇന്നീ മൗനത്താല്‍ തകരുമെന്‍
ഹൃദയതാളം നിന്‍ ശ്രുതി മാത്രം തേടുന്നു.
പൊട്ടിച്ചിതറിയ ചില്ലുകള്‍ കൊണ്ടെന്‍
ചിത്തം മുറിവേല്‍ക്കുമ്പോള്‍
വേദന ഇല്ലാതൊഴുകം നിണമതില്‍, നിന്‍
പ്രണയത്തിന്‍ ചൂട് പകര്‍ന്നീടുമോ ...!
--------------------------ബിജു ജി നാഥ്

Friday, April 17, 2015

പ്രതീക്ഷകള്‍

നിര്‍ലജ്ജം നിര്‍ഭയം 
നിരുപമ സൗന്ദര്യ വ്രീളാവിവശം
മമ പ്രാണസഖി തന്നധരദളങ്ങളില്‍
അനുരാഗം വിരിയിക്കും 
അനുപമനിമിഷങ്ങളെ !
മോഹിപ്പൂ നിങ്ങളെ ഞാന്‍
ഇനിയും വിരിയാത്ത സൂനങ്ങളില്‍
മധു തിരയും വണ്ടിനെ പോല്‍ .
-------------------ബിജു ജി നാഥ്

Thursday, April 16, 2015

പാപ പുണ്യം

കോപമിയന്നൊരു ദേവിതന്‍
കണ്ണിലെ തീയൊന്നണയ്ക്കുവാന്‍
കവിടി നിരത്തി പൂണൂല്‍ തടവി
കുരുതിയും കലശവും വിധിയുമായി .

നിണമണിഞ്ഞാകല്ലില്‍ ചുവട്ടില്‍
പിടഞ്ഞു തീരുന്നൊരു പൂവന്‍!
രുധിരപാനത്താല്‍ ശക്തിയേറ്റി  
ദേവിയമരുന്നു മോക്ഷപ്രദായിനി .

ദര്‍ശന പുണ്യം തേടി വന്നാലവള്‍
ലക്ഷണമൊത്തൊരു കന്യയന്ന്‍
മാസമുറയുടെ വാലായ്മകാലത്തില്‍
ആശ്വാസം തേടിയാ നടയില്‍ നിന്നു.

ചോര കണ്ടില്ലെങ്കിലും ദേവി തന്‍
ഉള്‍ക്കണ്ണില്‍ പാഡ് തെളിഞ്ഞു.
ശക്തി നശിച്ചു ചൈതന്യം പോയിട്ട്
ദേവി കരയുന്നു ദീനയായ് പാവം .
------------------------ബിജു ജി നാഥ്

നിസ്സഹായര്‍

പറന്നകലാന്‍ കൊതിക്കും കിളിയുടെ
ഹൃദയം പിടയ്ക്കും മര്‍മ്മരം കേള്‍ക്കവേ
വേവോടെ അരുതെന്നു ചൊല്ലാന്‍ കഴിയാതെ
നീര്‍മിഴി താഴ്ത്തുന്നിതിലച്ചാര്‍ത്തുകള്‍ .!
---------------------------ബിജു ജി നാഥ്

Wednesday, April 15, 2015

കണികാണുമ്പോള്‍


പുലരിയെന്‍ ജാലകവാതില്ക്കലൊരുക്കുമീ
കണി , ഇതിനുണ്ടൊരു ചന്ദന ഗന്ധം!
ഇതില്‍ നിന്റെ വിരലുകള്‍ തഴുകിതാലോലിച്ച
കരുണയും സ്നേഹവും ഇട കലര്‍ന്നൊഴുകുന്നു .
നറുമണം പകരുമീ പ്രിയമെന്നും നിലനില്‍ക്കാന്‍
നീള്‍മിഴികള്‍ നേരുമീ ദിനമെന്നുമുണ്ടെങ്കില്‍
അത് മതി നിസംശയം പറയുന്നു ഞാനേവം
പുലരികള്‍ കൊതിച്ചു ഞാനുണരുമെന്നും ...
----------------------------ബിജു ജി നാഥ്

Tuesday, April 14, 2015

വിചിത്രം


            കരുണയില്ലാത്തൊരീ ലോകം മുന്നിലായ്
            കനലുകള്‍ പാകിയ പാത വിരിയ്ക്കുമ്പോള്‍
            കരയുവാനിറ്റു കണ്ണീര്‍ പോലുമില്ലാതെന്‍
            കണ്ണിന്‍ കടലോ വറ്റി വരണ്ടു പോയ്‌
             -------------------------- ബിജു ജി നാഥ്

Sunday, April 12, 2015

വെറുതെ ചിലനേരങ്ങളില്‍ ....


നിനക്കായ് പെയ്ത മഴയിലൊന്നും
നനയാതിങ്ങനെ ഞാന്‍ ...
നിനക്കായ് വീശിയ മാരുതനിലൊരിക്കലും
പുതയാതിങ്ങനെ ഇനിയെത്രനാള്‍ !

കുടയായി ചൂടിയ ഓര്‍മ്മകള്‍
താളിന്‍ കീഴിലായമരുമ്പോള്‍
വാക്കുകള്‍ മൂകം വിതുമ്പും രാവിന്‍
നോവ്‌ കടമെടുത്തു ഞാന്‍ നല്‍കാം
മഴനീര്‍ത്തുള്ളികള്‍ മിഴികളാല്‍ .

എന്നിലേക്കൊഴുകുന്ന നിന്റെ ചിന്തകളില്‍
വെള്ളാരം കല്ലിന്റെ മാര്‍ദ്ദവം നഷ്ടമാകുമ്പോള്‍
ഇരുളിന്റെ തിളക്കം നഷ്ടപ്പെട്ട
നക്ഷത്രങ്ങളെ കിനാവ്‌ കാണുന്നു നമ്മള്‍ !
-------------------------ബിജു ജി നാഥ്

Saturday, April 11, 2015

ചെണ്ടയും മാരാരും

തല്ലു മുഴുവന്‍ കൊള്ളുമ്പോഴും
പുഞ്ചിരിയില്‍ നീ പൊഴിയ്ക്കുന്നു
കര്‍ണ്ണാനന്ദകരമീ സംഗീതം!
നീയെന്നോട്‌ ക്ഷമിക്കുകെന്നു ഞാന്‍ 
ചൊല്ലുന്നില്ലൊരിക്കലുമെന്നാലഹോ ...
---------------------ബിജു ജി നാഥ് 

Friday, April 10, 2015

അനാഥര്‍

നമ്മുടെ ആകാശത്തിനു കാലുകള്‍ നഷ്ടമാകുന്നു
നാം വേരോടെ പിഴുതെറിയപ്പെടുന്നു ആഴങ്ങളില്‍
ഒഴുക്കില്‍ പെട്ട രണ്ടിലകളായി ജീവിതനദിയില്‍
നമ്മള്‍ ഒന്നിച്ചും വേര്‍പെട്ടും താഴേക്കൊഴുകുന്നിന്നു.
------------------------------------ബിജു ജി നാഥ്

Wednesday, April 8, 2015

മാനം പെയ്യുന്നു മനംപോലെ !


ആലസ്യത്തിന്‍ കമ്പനങ്ങളില്‍ വീണു
മണ്ണിന്‍ ആലിലവയര്‍ തുടിയ്ക്കുമ്പോള്‍
പുതുമഴയുടെ വിരല്‍ത്തുംബുകള്‍ നീട്ടിയാ
വാനം ചിരിക്കുന്നു വിയര്‍പ്പിന്‍ മുത്താല്‍.

ശലഭങ്ങള്‍ ചിറകുവിടര്‍ത്തി നില്‍ക്കും
ശൈത്യത്തിന്‍ താഴ്വരകളില്‍ വീണിട്ടോ
നനവാര്‍ന്ന  ദളങ്ങള്‍ വിടര്‍ന്നു തുടങ്ങുന്നു
പരാഗണത്തിന്‍ രേണുക്കള്‍ പൊടിയുന്നു.

ശീതക്കാറ്റില്‍ ഉടല്‍ വിറച്ചു ചൂളുന്നു ചുറ്റിലും
താരും തളിരും മെയ് ചൂടുന്നോരിളംമൊട്ടുകള്‍
കണ്‍ തുറക്കുന്നു വെളിച്ചത്തിന്‍ വര്‍ണ്ണത്താല്‍
പുതിയൊരു ലോകത്തില്‍ പ്രണയാര്‍ദ്രലോലം.
----------------------------------ബിജു ജി നാഥ്

ആര് നീ

പെയ്തൊഴിയും സന്ധ്യകള്‍ക്ക് മേല്‍
ഞാനെന്‍ കനവുകളില്‍ മയങ്ങി കിടക്കവേ,
എന്നെയുണര്‍ത്തും നീയെനിക്കാരോമലേ?
പുലരിതന്‍ ചാരുത നല്‍കും വര്‍ണ്ണ രാജിയോ ?
പറയാതെ പൊഴിയും മഴനൂല് പോല്‍
എന്നകതാരില്‍ കുളിരോലും അനുഭൂതി
തന്‍ മാലേയമാകുന്നുവോ നീയിന്നു ....
-------------------------ബിജു ജി നാഥ്

Tuesday, April 7, 2015

പുലരി

ആദ്യരാവു കഴിഞ്ഞിറങ്ങുന്നൊരു
നവോഢ തന്നാനനം പോലങ്ങു
ചക്രവാളത്തില്‍ മിഴിയുയര്‍ത്തുന്നു
നമ്രമുഖിയാം പുലരി മെല്ലെയായ് .

ചിറകു വിടര്‍ത്തി അലസം നിദ്രതന്‍
അരികുകള്‍ കുടഞ്ഞൊരു കുഞ്ഞിക്കിളി
തിരയുകയായി ചുറ്റിലും ഇണയുടെ കള-
കൂജനം കേട്ടൊന്നു പുളകിതയാകുവാന്‍.

പൂമുറ്റത്ത് കൊഴിഞ്ഞു കിടക്കുന്നോരീ
മയില്‍പ്പീലി ഓര്‍മ്മ തെറ്റുകള്‍ പോലെ
മനസ്സ് പായുന്നു പഴയകാലത്തിന്‍ പാഠ-
പുസ്തകങ്ങളെത്ര പേറ്റുനോവറിഞ്ഞിരുന്നു.

കുളിര് പുതപ്പിച്ചു കടന്നു പോകും ചെറു
കാറ്റ് നല്‍കുന്നൊരു സ്നേഹചുംബനം
അറിയാതെ പൂത്തു വിടരുന്നു മനം
പ്രിയയവള്‍ തന്‍ ഓര്‍മ്മപ്പൂവനങ്ങളില്‍ .
----------------------------ബിജു ജി നാഥ്

Sunday, April 5, 2015

കവിത്വം കവനം

കാവ്യ നഭസ്സില്‍ വിസ്ഫോടനം തന്നു
കൊണ്ടീ യുലകില്‍ വിടരുന്നു വിപ്ലവം
വീണടിഞ്ഞ ഇലകളില്‍ നിന്നുമേ
ബോഗൈന്‍ വില്ലപ്പൂവുകള്‍ പറക്കുന്നു .

ലിംഗ വിശപ്പില്‍ കതിനകള്‍ വിരിയിച്ചു
കവിയൊന്നു നിവര്‍ന്നു നിന്ന് മണ്ണില്‍
കണ്ണടച്ച് പുലയാട്ടു ചൊല്ലിയാര്‍ക്കുന്നു
പുരുഷാരങ്ങള്‍ തന്‍ പല്ലവകേന്ദ്രങ്ങള്‍.


കാലമാം പൊയ്കയില്‍ ആമ്പലുകള്‍ വി
ടര്‍ന്നായിരം പൂര്‍ണ്ണ ചന്ദ്രനുദിക്കും മുന്നേ
കാണായി താരകമൊന്നുദിച്ചു കിഴക്കിന്‍
കാനായി ദേശത്തു നിന്നുമോ ഓര്‍മ്മയില്ല.

യോനി വിശപ്പില്‍ പടര്‍ന്ന വാക്കുകള്‍
പൊട്ടിയൊലിച്ചൊരു ഹസ്തമൈഥുനത്തില്‍
സദാചാരപൊതുവഴിയില്‍ നഗ്നതയുടെ
ദേവ പാദം തേടുന്നു വിരലുകള്‍ യാന്ത്രികം .

കുമ്പസാരക്കൂട്ടില്‍ നിന്നവള്‍ ഹോമിക്കുന്നു
കുന്തിരിക്കഗന്ധത്തില്‍ കന്യകാത്വം പ്രിയന്.
ആലസ്യത്തില്‍ നിന്നവള്‍ കുറിയ്ക്കയായ് -
രതി മൂര്‍ച്ചതന്‍ വ്രീളാവിവശത ഏവം

എന്റെ ചോരയില്‍ നിനക്ക് ഞാന്‍ നേരുന്നു
ദേവാ ദിവ്യ ബലിയിത് സ്വീകരിക്ക നീയിന്നു .
ആര്‍ത്തു വിളിക്കുന്നതേ പുരുഷാരമിന്നൊരേ
ശബ്ദമിട്ടു,ഇവള്‍ കവിതയുടെ വരദാനമിന്നിന്റെ .
-----------------------------------ബിജു ജി നാഥ്

Saturday, April 4, 2015

സന്ദേഹം


താരക മിഴികളില്‍ നാണം വിതച്ചു,
ശാരദ രാവിന്‍ നീലവിരി പുതയ്ക്കുന്നു
വാരിധി തന്നിലെ ജലതരംഗങ്ങള്‍
മാരുതി തന്‍ കരതലം തഴുകുമ്പോള്‍!

അണിയുന്നു മൌനത്തിന്‍  മാലേയം
പൊതിയുന്നു ശോകത്തിന്‍ നീഹാരം
വിടരുന്നു  ചിന്തകള്‍ തന്‍ കല്‍ഹാരം
പതയുന്നു മിഴികള്‍ കവിയും കല്ലോലം!

പൂവുകള്‍ സുഗന്ധമാം സ്മേരത്താലും ,
പുള്ളുകള്‍ ഹൃദയംഗ ഗാനം മൂളിയും
ഭൂമിതന്‍ അംഗങ്ങള്‍ പുളകിതമാക്കിലും 
മമ മാനസമെന്തഹോ വിടരാതിങ്ങനെ !
---------------------------ബിജു ജി നാഥ്

Wednesday, April 1, 2015

ലഹരി



ചുവപ്പ് കണ്ടാണ്‌ ചുണ്ടുകള്‍ ദാഹിച്ചത്
ഇപ്പോള്‍ ചുവപ്പ് മാറുന്നുമില്ല ദാഹവും .
വീഞ്ഞിന്‍ ലഹരി പോല്‍ മദിപ്പിക്കുന്ന
നിന്റെ ഉമിനീരില്‍ വീണെന്റെ ചിന്തകളില്‍
നൂറു മിന്നാമിന്നികള്‍ കണ്ണ് തുറക്കുന്നു.
ഞാന്‍ ഒരു മേഘത്തുണ്ടായി മാറുന്നു!
നിന്നെയും കൊണ്ട് ഉയര്‍ന്നു തുടങ്ങുന്നു
അജ്ഞാതമാമേതോ സ്വപ്നത്തിന്റെ ചിറകില്‍ .
----------------------------ബിജു ജി നാഥ്