Friday, June 20, 2014

ആല്‍ക്കെമിസ്റ്റ് .. ഒരു വായനയുടെ ബാക്കി പത്രം

വായന ദിനത്തില്‍ വായിക്കാന്‍ വേണ്ടി കരുതി വച്ച പുസ്തകം പോലെ ആണ് ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷം ഇന്ന്  ആല്‍ക്കെമിസ്റ്റ് വായിക്കാന്‍ കഴിഞ്ഞത് .
വിശ്വാസത്തിനും സങ്കല്‍പ്പത്തിനും ഇടയില്‍ മതിഭ്രമം ബാധിച്ച മനുഷ്യന്റെ കേവല ജീവിതത്തിന്റെ കാഴ്ച എന്നതിനുപരി കുറെ കാര്യങ്ങള്‍ ഈ വായന തന്നു എന്ന് പറയാം . നീ തേടുന്നതെന്തോ അത് നിന്നിലുണ്ട് എന്നെപ്പോഴും ഓര്‍മ്മിപ്പിക്കുന്ന കാഴ്ചപ്പാട് പരക്കെ പറയുമ്പോഴും ബാല്യം കൗമാരം യൗവ്വനം മുതലായവ കടന്നു വാര്‍ദ്ധക്യത്തില്‍ എത്തി ചേരുന്ന ജീവിതത്തെ ആണ് ഞാന്‍ വായിച്ചെടുത്തത് .
കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തിലെ മായാ സ്വപ്നമായിരുന്നു നിധി അഥവാ സുഖ സൗകര്യങ്ങള്‍ നിറഞ്ഞ ജീവിതമെന്ന് തുടങ്ങുന്ന വായന ആ കഷ്ടപ്പാടില്‍ നിന്നും സുഖദമായ ജീവിതത്തിലേക്ക് നടന്നു കയറാന്‍ ഉള്ള പ്രതിബന്ധങ്ങളെ ആണ് പിന്നെ കാണിച്ചു തരുന്നത് . ഇടയില്‍ ബാല്യം കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും കടന്നു പോകുന്നതും ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടി പോലെ അതിജീവനത്തിന്റെ യാത്രകളും വിയര്‍പ്പൊഴുക്കലും വായനയില്‍ കടന്നു പോകുന്നു . പ്രണയത്തിന്റെയും യുദ്ധത്തിന്റെയും സങ്കീര്‍ണ്ണതകളും , ഭൌതിക ജീവിതത്തിന്റെ തത്രപ്പാടും എല്ലാം സ്ഫടികപാത്രങ്ങളും പച്ചപ്പുകളുടെ മരുക്കാഴ്ചയിലും മറ്റുമായി തെളിഞ്ഞു വരുന്നുണ്ട് . ഒടുവില്‍ പരാജയപ്പെട്ട , എല്ലാ ആശകളും നിഷ്പഹലം എന്ന് തിരിച്ചറിയുന്ന മനുഷ്യന്‍ തന്റെ ആശ്വാസം അല്ലെങ്കില്‍ ലക്‌ഷ്യം തന്റെ മൂലസ്ഥാനം തന്നെ എന്ന് തിരിച്ചറിയുകയും അവിടെ തന്റെ അന്വേഷണങ്ങള്‍ പൂര്‍ണ്ണമാകുകയും ചെയ്യുന്നതു വായനയില്‍ അനുഭവിച്ചു അറിയാന്‍ കഴിയുന്നു .
ആത്മീയതയുടെ ഒരു തലം കൂടി നിലനിര്‍ത്തി പോരുന്ന വായനാനുഭവം ഒടുവില്‍ മരണമെന്ന നിതാന്ത സത്യത്തിലേക്ക് ഒടുവില്‍ പൂര്‍ണ്ണ മനസ്സോടെ നടന്നു കയറുന്ന മനുഷ്യനില്‍ എത്തിച്ചു വിരാമമിടുന്നു . മുന്‍പ് പലപ്പോഴും മുന്നില്‍ നിന്ന് കൊതിപ്പിച്ചപ്പോഴും അവയില്‍ വീഴാതെ തിരിച്ചു പോകാന്‍ മനസ്സ് ശ്രമിച്ചിരുന്നത് വളരെ മനോഹരമായി പറഞ്ഞു പോകുന്നുണ്ട് ഇടയില്‍ എന്നതിനാല്‍ തന്നെ അവസാനത്തില്‍ എത്തുമ്പോള്‍ ഉള്ള ആ ആത്മ സമര്‍പ്പണം വളരെ മനോഹരവും ഹൃദ്യവും ആയി അനുഭവപ്പെട്ടു .
നല്ല ഒരു വായന .

2 comments:

  1. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു നോവല്‍ ആണ് ആല്‍കെമിസ്റ്റ്. നമ്മുടെ ബ്ലോഗ് സുഹൃത്തുക്കളില്‍ 50% പേര്‍ ഇതൊരു നല്ല നോവലല്ല എന്ന് വാദിക്കുന്നവരും ആണ്.

    ReplyDelete
    Replies
    1. വായനയില്‍ നല്ല നിലവാരം പുലര്‍ത്തി . ആത്മീയതയും ഭൌതികതയും ഇഴപിരിച്ചു വച്ച് മിസ്ടിക് രീതിയില്‍ ഒരു എഴുത്ത് .

      Delete