Sunday, June 15, 2014

അശാന്തിയുടെ വേരുകള്‍


കനലുകള്‍ പിടയുന്ന മനസ്സില്‍ എവിടെയോ
ഹിമബിന്ദു പോലൊരു മുഖമൊളിഞ്ഞിരിപ്പുണ്ട് .
ചാന്ദ്ര രാവുകളിലെന്നും തണുപ്പ് പുതച്ചു ഞാന്‍
താഴ്വരകളില്‍ മിന്നാമിന്നി പോല്‍ തിരഞ്ഞിരുന്നു .

പറയാതെ പറയുന്ന പകലുകളില്‍ എന്നുമാ
പൊരിവെയില്‍ കൊണ്ട് പുളയുന്ന ജീവനില്‍
വസന്തമൊഴിഞ്ഞ മലര്‍വാടികളിലോ, ജലം
മരവിച്ചു കിടക്കുന്ന കതിരില്ലാ പാടങ്ങളിലോ ?

അറിയില്ല കരിമ്പനക്കൂട്ടം പുളയ്ക്കുന്ന രാത്രികള്‍
പതിവായി നിന്നെ പകുത്തു തരുന്നുണ്ടെങ്കിലും
പടര്‍ന്നു കയറാന്‍ മനം കൊതിക്കും മരമൊരു
വനമായി വന്നെന്‍ പടിവാതില്‍ മറയുന്നുവോ.

മൈലാഞ്ചി വിരലുകളാല്‍ കവിള്‍ തലോടിയും
ഒരു കുഞ്ഞുപൈതലെ പോല്‍ വാരിയെടുത്തും
ചുണ്ടുകളിലമൃതം തിരുകിയും സ്നേഹിക്കും നിന്‍
കരുണാര്‍ദ്രനേത്രങ്ങള്‍ കണ്ടു ഞാനുറങ്ങട്ടെ !
-------------------------ബി ജി എന്‍

No comments:

Post a Comment