പൊരിയും വേനലിന്‍ മദ്ധ്യേ ഗമിക്കീടുകില്‍
കരള്‍ പകുത്തെടുത്തു കഴുകന്നു നല്‍കുന്ന
കപടലോകത്തിന്‍ നിറുകയിലെത്തുവാന്‍
ശുഭയാത്ര നേരുന്ന നേരത്തും പ്രിയേ ഞാന്‍
അഴലിന്റെ പേമാരി ഉള്ളില്‍ കരുതട്ടെ .
ഇത് ലോകത്തിന്‍ നന്മയ്ക്ക് വേണ്ടിയോ
ഇരുളിന്‍ മഴക്കാറ് പെയ്യുവാന്‍ മാത്രമോ
അറിയില്ലെനിക്കെങ്കിലും കൊതിക്കുന്നു
ഇനി നമ്മള്‍ പങ്കിട്ടെടുക്കണമീ രാവുകള്‍ .
സ്വപ്‌നങ്ങള്‍ കണ്ടൊരു രാവുകളെന്നോ
കണ്ടു മറന്നൊരു ലോകമായ് മറയവേ
പൊട്ടിയടര്‍ന്ന വളത്തുണ്ടുകള്‍ കൊണ്ട്
നീ കോറിയിടുന്നുണ്ടുണങ്ങാത്ത ചാലുകള്‍ .
പുകമണം മാറാത്തടുക്കളയിരുളിലായ്
കവിളുകള്‍ പൊള്ളിച്ചടര്‍ന്നൊരു നീരില്‍
കുതിരുമീ കറികളില്‍ മധുരം പകര്‍ന്നൊരു
മൃദുമന്ദഹാസത്താല്‍ ഊട്ടിയുറക്കുന്നുണ്ട് .
എങ്കിലും നിന്നുടെ മിഴികളിലൊരിക്കലും
കണ്ടിരുന്നില്ലൊരു മഴക്കാറുപോലുമീ
വെയിലേറ്റുപുകയുന്ന പകലുകളൊന്നും
കിന്നാരം ചൊല്ലി നിന്നെ പുണരുമ്പോള്‍.
അരികത്തുമകലത്തും നമ്മള്‍ കുറിച്ചിട്ട
വരകള്‍ പൊള്ളിച്ച കടലാസ് പോലെ
വിറപൂണ്ട ഹൃത്തടം വിങ്ങുന്നു രാവില്‍
അലിവോടെയുടലിലോരംഗുലീ ലാളനം.
കൊതിയോടെയകതാരില്‍ കരുതുന്നു
നനവാര്‍ന്ന മിഴികള്‍ ചേര്‍ത്തടയ്ക്കുമ്പോള്‍
ശുഭനിദ്ര നേരുന്നു സഖേ നിനക്കെന്നു
മുദ്രവയ്ക്കുമധരങ്ങളാല്‍ ശ്രവിക്കുവാന്‍ .
--------------------ബി ജി എന്‍
No comments:
Post a Comment